ആമുഖം ( Introduction )

പണത്തിന്റെ കണ്ടുപിടുത്തം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി കരുതപ്പെടുന്നു . ആധുനിക സമ്പദ് യവസ്ഥയുടെ പേരു തന്നെ പണ സമ്പദ് വ്യവസ്ഥ എന്നാണ് . പണമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവില്ല . എന്നാൽ പണമേയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനമാണ് . പ്രാചീന കാലത്ത് സാമ്പത്തിക ജീവിതം അതിലളിതമായിരുന്നു . മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമായിരുന്നു ; കുടുംബവും സമൂഹവും സ്വയം പര്യാപ്തം . അപ്പോൾ കൈമാറ്റത്തിന്റെ ആവശ്യം വരുന്നില്ല . കാലക്രമത്തിൽ മനുഷ്യന്റെ ആവശ്യങ്ങൾ പെരുകി . ഒരാൾക്കാവശ്യമുള്ളതെല്ലാം ഉല്പാദിപ്പിക്കുക അസാധ്യമായിത്തീർന്നു . ഇത് വൈദഗ്ധ്യ വൽക്കരണത്തിനിടയാക്കി . തൽഫലമായി വിനിമയം ആവിർഭവിച്ചു . മനുഷ്യൻ സാധനത്തിനു പകരം സാധനം കൈമാറാൻ തുടങ്ങി . ഇത് ബാർട്ടർ സമ്പ്രദായം എന്നറിയപ്പെടുന്നു .

ബാർട്ടർ സമ്പ്രദായം ( Barter System )

സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയെ ബാർട്ടർ സമ്പ്രദായം എന്നു പറയുന്നു . ഉദാഹരണമായി , ഒരു ചാക്ക് നെല്ല് കൊടുത്ത് ഒരു പശുവിനെ വാങ്ങുക , അല്ലെങ്കിൽ നെല്ല് കൊടുത്ത് പച്ചക്കറികളും മറ്റു ഭക്ഷ്യധാന്യങ്ങളും വാങ്ങുക . ഇത്തരത്തിൽ സാധന കൈമാറ്റം നിലനിന്നിരുന്ന സമ്പദ് വ്യവസ്ഥയെ C - C (Commodities exchanged for Commodities ) സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നു .

ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മകൾ ( Difficulties of Barter System )

( 1 ) ഇരുവരുടെയും ആവശ്യങ്ങൾ പൊരുത്തപ്പെടാതെ വരുക ( Absence of double coincidence of wants ) :

സാധന കൈമാറ്റ രീതി സുഗമമായി നടക്കണമെങ്കിൽ വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും ആവശ്യങ്ങൾ പൊരുത്തപ്പെടണം . ഉദാഹരണമായി , ഒരാൾക്ക് വിൽക്കാൻ തുണിയുണ്ടായിരിക്കുകയും അരി വാങ്ങേണ്ടതുണ്ടെന്നു വരികയും ചെയ്താൽ അരി വില്ക്കാനും തുണി വാങ്ങാനും താത്പര്യമുള്ള ഒരാളെ കണ്ടത്തണം . എന്നാൽ അപരന് അരി വിൽക്കാനുണ്ടാകുകയും പച്ചക്കറി വാങ്ങേണ്ട ആവശ്യമുണ്ടാകുകയും ചെയ്താൽ ഇരട്ട പൊരുത്തം പ്രശ്നമാകുന്നു .

( 2 ) ഒരു പൊതു അളവിന്റെ അഭാവം ( Absence of common measure of value ) :

ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങളുടെ മൂല്യം അളക്കാനുള്ള ഒരു പൊതു മാനദണ്ഡം ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം . ഓരോ സാധനങ്ങളും കൈമാറ്റം ചെയ്യുന്നത് വ്യത്യസ്ത അളവുതോതിലാണ് .

( 3 ) മൂല്യശേഖരത്തിന്റെ അഭാവം ( Lack of store of value ) :

ബാർട്ടർ സമ്പ്രദായത്തിൽ ഒരാളുടെ സ്വത്ത് അഥവാ ധനം സംഭരിച്ചുവെക്കുന്നത് സാധനങ്ങളുടെ രൂപത്തിലാണ് . മിക്ക സാധനങ്ങളും ഈടുള്ളവയല്ലാത്തതുകൊണ്ട് അവ ദീർഘകാലം ശേഖരിച്ച് വെക്കാൻ കഴിയുകയില്ല . മാത്രമല്ല ഇവ സൂക്ഷിച്ച് വെക്കാൻ ഒരുപാട് സ്ഥലസൗകര്യം ആവശ്യമാണ് . ഇതാണ് ബാർട്ടർ സമ്പ്രദായത്തിന്റെ മറ്റൊരു ന്യൂനത .

( 4 ) മാറ്റിവയ്ക്കപ്പെട്ട് കൊടുക്കലുകൾക്ക് ഒരു മാനദണ്ഡമില്ല ( Lack of standard of deferred payment ) :

വായ്പ വാങ്ങുന്നതിനും തിരിച്ചു നല്കുന്നതിനും ഒരു അടിസ്ഥാനമില്ല . എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് . ഉദാഹരണമായി ഒരു പശുവിനെ കടം വാങ്ങിയാൽ അത് തിരിച്ചുകൊടുക്കുമ്പോൾ അതിന്റെ മൂല്യത്തിൽ മാറ്റമുണ്ടാകുന്നു . ചിലപ്പോൾ മൂല്യശോഷണമോ മൂല്യവർധനവോ സംഭവിക്കാം .

( 5 ) വിഭജന പ്രശ്നം ( Problem of divisibility ):

ചില സാധനങ്ങൾ വിഭജിക്കാൻ പറ്റില്ല എന്നതാണ് ബാർട്ടർ സമ്പ്രദായത്തിന്റെ മറ്റൊരു പ്രശ്നം . ഉദാഹരണമായി , ഒരു പശുവിന് ഒരു ചാക്ക് നെല്ലാണ് വിനിമയ നിരക്ക് എന്ന് കരുതുക . അപ്പോൾ അര ചാക്ക് നെല്ലാണ് ആവശ്യമെങ്കിൽ പശുവിനെ മുറിക്കുക സാധ്യമായ കാര്യമല്ല .

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന തിനുവേണ്ടി മനുഷ്യൻ പുതിയ മാർഗം തേടി . അത് പണത്തിന്റെ ഉത്ഭവത്തിന് കാരണമായി .

പണം എന്നാൽ എന്ത് ? ( What is Money ? )

പണത്തിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ നിരവധി നിർവചനങ്ങൾ നല്കിയിട്ടുണ്ട് . പണത്തിന്റെ നിയമപരമായ നിർവചന പ്രകാരം പൊതു സ്വീകാര്യതയുള്ള എന്തിനെയും പണമായി കരുതാം . പണത്തിന്റെ ധർമാത്മകമായ നിർവചന പ്രകാരം വാക്കറിന്റെ അഭിപ്രായത്തിൽ " പണം എന്താണോ ചെയ്യുന്നത് അതാണ് പണം " . “ ഒരു വിനിമയ മാധ്യമം , മൂല്യമാപനം , മൂല്യശേഖരം , വിളംബിത കെടുതികൾ മാനദണ്ഡം എന്ന നിലയിൽ പൊതുവേ സ്വീകരിക്കുന്ന എന്തിനെയും പണം " എന്ന് നിർവചിക്കാം .

പണത്തിന്റെ ധർമ്മങ്ങൾ ( Functions of Money )

പണം പ്രയോജനകരമായ പല ധർമ്മങ്ങളും നിർവഹിക്കുന്നുണ്ട് . ഈ ധർമ്മങ്ങളെ പൊതുവെ മൂന്നായി തരംതിരിക്കാം . അവ

I. പ്രാഥമിക ധർമ്മങ്ങൾ ( Primary Functions ):

  • 1. വിനിമയ മാധ്യമം ( A medium of exchange )
  • 2. മൂല്യമാപനം ( A measure of value )

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

  • 3.മൂല്യശേഖരം ( A store of value )
  • 4.മാറ്റിവയ്ക്കപ്പെട്ട അടവുകൾക്ക് ഒരു സ്റ്റാൻഡേർഡ് ( A standard of deferred payments )
  • 5. മൂല്യത്തിന്റെ മാറ്റം ( A transfer of value )

III. യാദൃശ്ചിക ധർമ്മങ്ങൾ ( Contingent Functions ) :

  • 6. വായ്പയ്ക്കുള്ള അടിസ്ഥാനം ( Basis of credit )
  • 7. ദ്രവത്വം ( Liquidity )
  • 8. ദേശീയ വരുമാനത്തിന്റെ വിതരണം ( Distribution of national income )
  • 9. സോൾവൻസിയുടെ ജാമ്യക്കാരൻ ( Guarantor of solvency )

I. പ്രാഥമിക ധർമ്മങ്ങൾ ( Primary Functions ):

  • 1. വിനിമയ മാധ്യമം Medium exchange ) : ബാർട്ടർ സംവിധാനത്തിൽ , ഏതെങ്കിലുമൊരു ചരക്കിനു പകരം മറ്റൊരു ചരക്ക് നൽകുകയാണ് ചെയ്യുന്നത് . ആധുനികകാലത്ത് , സാധനങ്ങളും സേവനങ്ങളും പണം കൊടുത്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു . അങ്ങനെ പണം കൈമാറ്റത്തിനുള്ള മാധ്യമമായിത്തീരുന്നു .
  • 2. മൂല്യമാപനം ( A measure of value ) : സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം അളക്കാൻ പണം ഉപയോഗിക്കുന്നു . സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം പണത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കുന്നതാണ് വില . ഓറഞ്ചിന് കിലോ ഗ്രാമിന് 50 രൂപയാണ് വില എന്നു നാം പറയുമ്പോൾ നാം ഓറഞ്ചിന്റെ മൂല്യത്തെ പണത്തിന്റെ ഭാഷയിൽ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ പണം ഒരു ഗണിത മാത്ര ( unit of account ) യാകുന്നു .

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

  • 3. മൂല്യശേഖരം ( A store of value ) : സമ്പത്ത് പണത്തിന്റെ രൂപത്തിൽ ശേഖരിക്കാം . അങ്ങനെ പണം ഒരു ആസ്തിയാകുന്നു ; അല്ലെങ്കിൽ മൂല്യത്തിന്റെ ഒരു സംഭരണിയാകുന്നു . ജനങ്ങൾ കൈവശം വയ്ക്കുന്ന കറൻസിയും ബാങ്കുകളിലെ ഡിമാൻഡ് ഡെപ്പോസിറ്റും മൂല്യസംഭരണികൾക്കുള്ള ഉദാഹരണങ്ങളാണ് .
  • 4. മാറ്റിവയ്ക്കപ്പെട്ട അടവുകൾക്ക് ഒരു സ്റ്റാൻഡേർഡ് ( A standard of deferred payments ) : കുറച്ചുകാലത്തിനുശേഷമുള്ള അടവാണ് മാറ്റിവയ്ക്കപ്പെട്ട അടവ് . മറ്റൊരുതരത്തിൽ പറഞ്ഞാൽ , ഭാവിയിലെ അടവുകളാണ് മാറ്റിവയ്ക്കപ്പെട്ട അടവുകൾ . ഭാവിയിലെ അടവ് ഉൾപ്പെട്ട കരാറിൽ , കണക്കിന്റെ യൂണിറ്റ് പണമാണ് .
  • 5. മൂല്യത്തിന്റെ മാറ്റം ( A transfer of value ) : സാധനങ്ങൾ , സ്വത്ത് തുടങ്ങിയവ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ , ആ സാധനത്തിന്റെ മൂല്യം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് മാറുന്നു . അതുപോലെ ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിലേക്കുള്ള മാറ്റത്തിന് പണം സൗകര്യപ്പെടുത്തുന്നു . അങ്ങനെ മൂല്യമാറ്റത്തിന് പണം സഹായിക്കുന്നു .

III. യാദൃശ്ചിക ധർമ്മങ്ങൾ ( Contingent Functions ) :

  • 6. വായ്പയ്ക്കുള്ള അടിസ്ഥാനം ( Basis of credit ) : ആധുനിക സമ്പദ് വ്യവസ്ഥയും ബിസിനസ്സും വായ്പാധിഷ്ഠിതമാണ് . വായ്പയ്ക്കുള്ള അടിസ്ഥാനം പണമാണ് .
  • 7. ദ്രവത്വം ( Liquidity ) : ദ്രവത്വം അഥവാ ലിക്വിഡിറ്റി എന്നതിന് ഏതു സമയത്തും എടുത്തുപയോഗിക്കാവുന്ന ക്രയശേഷി എന്നാണർത്ഥം . എല്ലാ ആസ്തികളും ലിക്വിഡല്ല , പെട്ടെന്നെടുത്തു ഉപയോഗിക്കാവുന്നതല്ല ; എല്ലാതരം കൈമാറ്റങ്ങളിലും സ്വീകരിക്കാവുന്നതല്ല . എല്ലാ ആസ്തികളിലും വച്ച് ഏറ്റവും ലിക്വിഡ് ആയത് പണമാണ് . ( എളുപ്പം പണമാക്കി മാറ്റാവുന്നവയാണ് ലിക്വിഡ് ആയിട്ടുള്ളത് .)
  • 8. ദേശീയ വരുമാനത്തിന്റെ വിതരണം ( Dis tribution of national income ) : വരുമാനത്തിനുള്ള വിവിധ ഘടകങ്ങളുടെ സംഭാവന പണത്തിന്റെ ഭാഷയിലാണ് പറയുക . ഘടകപ്രതിഫലങ്ങളും പണത്തിന്റെ ഭാഷയിൽ പറയുന്നു . അങ്ങനെ ദേശീയവരുമാനത്തിന്റെ വിതരണത്തിന് പണം സൗകര്യപ്പെടുത്തുന്നു .
  • 9. സോൾവൻസിയുടെ ജാമ്യക്കാരൻ ( Guarantor of solvency ) : കടം വീട്ടാനുള്ള ഒരാളുടെ ശേഷിക്കാണ് സോൾവൻസി എന്നു പറയുന്നത് . കടം വീട്ടുന്നതിൽ ഒരാൾ പരാജയപ്പെട്ടാൽ അയാൾ പാപ്പരാകുന്നു . പണം സോൾവൻസിക്ക് ഉറപ്പുനൽകുന്നു .

ഇത് ഡിജിറ്റലൈസേഷന്റെ യുഗമാണ് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുകൊണ്ടിരിക്കുന്നു . ലോകം പണരഹിതമായ ഒരു സംവിധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . ഇടപാടുകൾ ഡിജിറ്റൽ വിവരങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു . ഇവിടെ , കറൻസി നോട്ടുകളിലൂടെയും നാണയങ്ങളിലൂടെയുമുള്ള ഇടപാടുകൾക്ക് പകരം , ഡിജിറ്റൽ വിവരങ്ങൾ ഇടപാടുകൾക്കായി ഉപയോഗിക്കുന്നു . ഇതാണ് പണത്തിന്റെ ഇലക്ട്രോണിക് പ്രാതിനിധ്യം .

ഇന്ത്യയിൽ ഇടപാടുകളുടെ ഡിജിറ്റലൈസേഷൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു . ജാം ത്രിത്വം ( JAM Trinity ) - ജൻധൻ അക്കൗണ്ടുകൾ , ആധാർ , മൊബൈൽ - സാമ്പത്തിക ഉൾപ്പെടുത്തൽ ( സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കൽ ) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ് . ഇ - വാലറ്റ് , നാഷണൽ ഫൈനാൻഷ്യൽ സ്വിച്ച് ( NFS ) മുതലായവ പണരഹിതസ്ഥിതി കൈവരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട് . മൊബൈൽ ഫോണുകളുടെയും സ്മാർട്ട് ഫോണുകളുടെയും വ്യാപനം സാമ്പത്തിക ഉൾപ്പെടുത്തലിൽ ( financial inclusion ) വളരെ സഹായകരമായിട്ടുണ്ട് . ഇന്ത്യയിൽ 2020 മെയ് വരെ 36 കോടി ജൻധൻ അക്കൗണ്ടുകളുണ്ട് . കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ , പാവപ്പെട്ടവരെ സഹായിക്കാനായി സർക്കാർ ഈ അക്കൗണ്ടുകളിലേക്ക് പണം കൈമാറി .

സെൻട്രൽ ബാങ്ക് ( Central Bank )

ഓരോ രാജ്യത്തിനും ഒരു കേന്ദ്ര ബാങ്ക് ഉണ്ട് . ഒരു രാജ്യത്തിന്റെ മോണിറ്ററി സിസ്റ്റത്തിന്റെ ഏറ്റവും ഉയർന്ന അതോറിറ്റിയാണ് സെൻട്രൽ കേന്ദ്ര ബാങ്ക് . ഒരു രാജ്യത്തിന്റെ മോണിറ്ററി സംവിധാനത്തിന്റെ പരമോന്നത ( apex ) സ്ഥാപനമാണ് സെൻട്രൽ ബാങ്ക് . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് . 1935 ലാണ് RBI നിലവിൽ വന്നത് .

ധർമ്മങ്ങൾ ( Functions )

എല്ലാ രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകൾക്ക് പൊതുവായ ചില ധർമങ്ങളുണ്ട് . അവ -

( 1 ) നോട്ട് ഇറക്കൽ ( Issue of Currency ) :

കേന്ദ്ര ബാങ്കാണ് കറൻസി അതോറിറ്റി കറൻസി നോട്ട് അച്ചടിക്കുന്നതിനും ഇറക്കുന്നതിനുമുള്ള അധികാരം കേന്ദ്ര ബാങ്കിൽ നിക്ഷിപ്തമാണ് . ഇന്ത്യയിൽ ഒരു രൂപ നോട്ട് ഒഴികെയുള്ള മുഴുവൻ കറൻസിയും അച്ചടിക്കുന്നത് RBI ആണ് . 1 രൂപ നോട്ടും കോയിനുകളും അടിച്ചിറക്കാനുള്ള ഉത്തര വാദിത്തം ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഫിനാൻസ് ഡിപ്പാർട്ടുമെന്റിനാണ് .

( 2 ) ബാങ്കുകളുടെ ബാങ്ക് ( Bankers' Bank ) :

സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളുടെ ബാങ്കായി പ്രവർത്തിക്കുന്നു . വാണിജ്യ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് കേന്ദ്ര ബാങ്കാണ് . അത്യാവശ്യ ഘട്ടങ്ങളിൽ വാണിജ്യ ബാങ്കുകളെ സഹായിക്കുന്നത് കേന്ദ്ര ബാങ്കാണ് . ഈ കാരണങ്ങൾ കൊണ്ട് കേന്ദ്ര ബാങ്കിനെ ബാങ്കുകളുടെ ബാങ്ക് എന്ന് വിളിക്കുന്നു .

( 3 ) ഗവൺമെന്റിന്റെ ബാങ്കർ ( Banker to the Government ) :

ഗവൺമെന്റിന്റെ ബാങ്കർ സെൻട്രൽ ബാങ്കാണ് . ഗവൺമെന്റിന്റെ എല്ലാ ബാങ്കിങ് ബിസിനസ്സും സെൻട്രൽ ബാങ്കാണ് നിർവ്വഹിക്കുന്നത് . ഗവൺമെന്റിനു വേണ്ടി പണം സ്വീകരിക്കുന്നതും പണം നല്കുന്നതും സെൻട്രൽ ബാങ്കാണ് . ഗവൺമെന്റിന്റെ ഏജന്റായും പണസംബന്ധമായ കാര്യങ്ങളിൽ ഗവൺമെന്റിനെ ഉപദേശിക്കുന്നതും സെൻട്രൽ ബാങ്കാണ് .

( 4 ) പണപ്രദാനത്തിന്റെ നിയന്ത്രകൻ ( Controller of Money Supply ) :

കേന്ദ്ര ബാങ്കിന്റെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മമാണ് പണപ്രദാനത്തിന്റെ നിയന്ത്രകൻ എന്നത് . സമ്പദ് വ്യവസ്ഥയിലെ പണപ്രദാനത്തിന്റെയും വായ്പയുടെയും മൊത്തം വലിപ്പം നിയന്ത്രിക്കുന്നത് കേന്ദ്ര ബാങ്കാണ് . ബാങ്ക് റേറ്റ് , കരുതൽ ധനാനുപാതം തുടങ്ങിയവയിൽ മാറ്റം വരുത്തിക്കൊണ്ട് പണത്തിന്റെ പ്രദാനം നിയന്ത്രിച്ച് സാമ്പത്തിക സ്ഥിരത കൈവരുത്തുന്നു .

( 5 ) വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ ( Custodian of Foreign Exchange ) :

രാജ്യത്തിന്റെ വിദേശ നാണയത്തിന്റെ കരുതൽ ശേഖരത്തിന്റെ സൂക്ഷിപ്പുകാരൻ സെൻട്രൽ ബാങ്കാണ് . കൂടാതെ രാജ്യത്തിന്റെ സ്വർണത്തിന്റെ കരുതൽ ശേഖരവും സെൻട്രൽ ബാങ്കാണ് സൂക്ഷിക്കുന്നത് .

( 6 ) അവസാനത്തെ ആശ്രയമെന്ന നിലക്ക് വായ്പ നല്കുന്നവൻ ( Lender of the Last Resort ) :

വാണിജ്യ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ റിസർവ് ബാങ്ക് ( RBI ) നിർണ്ണായകമായ ഒരു പങ്കുവഹിക്കുന്നു . വാണിജ്യ ബാങ്കുകൾ അവസാനത്തെ ആശ്രയമെന്ന നിലക്ക് സഹായത്തിനായി റിസർവ് ബാങ്കിനെ സമീപിക്കുന്നു . സാമ്പത്തിക പ്രതിസന്ധികളിൽ വാണിജ്യ ബാങ്കുകൾക്ക് സാമ്പത്തിക സഹായം നല്കുന്നതിനാൽ റിസർവ് ബാങ്കിനെ അവസാനത്തെ ആശ്രയമെന്ന നിലക്ക് വായ്പ നല്കുന്നവൻ എന്നു പറയുന്നു .

( 7 ) ദേശീയ തലത്തിൽ ഇടപാട് തീർക്കുന്നവൻ ( National Clearing House ) :

വാണിജ്യ ബാങ്കുകൾ പരസ്പരം നടത്തുന്ന അവകാശ വാദങ്ങൾ തീർക്കുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള ക്ലിയറിങ് ഹൗസായി സെൻട്രൽ ബാങ്ക് പ്രവർത്തിക്കുന്നു . വാണിജ്യ ബാങ്കുകളുടെ ക്യാഷ് റിസർവ് സെൻട്രൽ ബാങ്കിന്റെ അധീനത്തിലാകയാൽ സെൻട്രൽ ബാങ്ക് മുഖേനയുള്ള സെറ്റിൽമെന്റും ക്ലിയറിങ്ങും എളുപ്പമാണ് .

( 8 ) റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ( Publication of Report ) :

സെൻട്രൽ ബാങ്കിന്റെ മറ്റൊരു പ്രധാന ധർമം ബാങ്കിങ് , കറൻസി , ഫിനാൻസ് , സ്ഥൂല സമ്പദ് വ്യവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണമാണ് . ധനപരവും സാമ്പത്തികവുമായ പ്രധാന സൂചകങ്ങളുടെ റിപ്പോർട്ടുകൾ ഇന്ത്യയിൽ റിസർവ് ബാങ്ക് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കുന്നുണ്ട് .

വാണിജ്യ ബാങ്കുകൾ ( Commercial Banks )

സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക , ബാങ്കിംഗ് സംവിധാനത്തിൽ വാണിജ്യ ബാങ്കുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട് . അവ പ്രധാനമായും നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ നൽകുകയും ചെയ്യുന്നു . നിക്ഷേപ നിരക്കും വായ്പാനിരക്കും തമ്മിലുള്ള വ്യത്യാസമാണ് സ്‌പ്രെഡ്ഡ് . ഇതാണ് ബാങ്കുകളുടെ ലാഭത്തിന്റെ പ്രധാന ഉറവിടം .

ധർമ്മങ്ങൾ ( Functions )

വാണിജ്യ ബാങ്കുകളുടെ ധർമങ്ങളെ താഴെ കൊടുത്തിരിക്കുന്നതുപോലെ വിവരിക്കാം .

I. പ്രാഥമിക ധർമങ്ങൾ ( Primary Functions ) :

( 1 )നിക്ഷേപം സ്വീകരിക്കൽ ( Accepting deposits ) :

വാണിജ്യ ബാങ്കുകളുടെ പരമ്പരാഗതവും ഏറ്റവും പ്രധാനവുമായ ധർമം നിക്ഷേപം സ്വീകരിക്കലാണ് . വാണിജ്യ ബാങ്കുകൾ സാധാരണയായി പൊതുജനങ്ങളിൽ നിന്ന് മൂന്നു തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നു . അവ

  • a ) സമ്പാദ്യനിക്ഷേപങ്ങൾ
  • b ) കറന്റ് നിക്ഷേപം
  • c ) ടൈം ഡെപ്പോസിറ്റ്

( 2) വായ്പ നൽകൽ ( Giving credit ) :

വാണിജ്യ ബാങ്കുകൾ പണം ആവശ്യമുള്ളവർക്ക് , ജാമ്യത്തിന്മേൽ , വായ്പകൾ നൽകുന്നു . ക്യാഷ് ക്രഡിറ്റ് , കോൾ ലോൺ , ഓവർ ഡ്രാഫ്റ്റ് എന്നീ രൂപങ്ങളിലാണ് വായ്പ നൽകുക . ഭൗതിക ആസ്തികളുടെ ജാമ്യത്തിന്മേൽ പണമായി വായ്പ നൽകുന്നതാണ് ക്യാഷ് ക്രഡിറ്റ് . ആവശ്യപ്പെടുമ്പോൾ തിരിച്ചടയ്ക്കേണ്ട വായ്പകളാണ് കോൾ ലോൺ . ഇടപാടുകാർക്ക് അനുവദിക്കുന്ന ഒരു സൗകര്യമാണ് ഓവർ ഡ്രാഫ്റ്റ് . ഇടപാടുകാരുടെ അക്കൗണ്ടിൽ അവശേഷിക്കുന്ന ബാലൻസിനേക്കാൾ വലിയൊരു തുക വാങ്ങാൻ ഇടപാടു കാർക്ക് ഇത് സൗകര്യമുണ്ടാക്കുന്നു .

( 3 ) ബിൽ ഓഫ് എക്സ്ചേഞ്ച് കിഴിച്ചുകൊടുക്കൽ ( Discounting bills of exchange ) :

ബിൽ ഓഫ് എക്സ്ചേഞ്ച് കൈവശമുള്ള ഒരാൾക്ക് പണം ആവശ്യമാണെങ്കിൽ , അയാൾക്ക് അതുകൊണ്ട് ഒരു വാണിജ്യ ബാങ്കിനെ സമീപിക്കാം . ബാങ്ക് ബിൽ ഓഫ് എക്സ് ഡിസ്കൗണ്ട് ചെയ്ത് പണം നൽകും .

( 4 ) വായ്പ സൃഷ്ടിക്കൽ ( Credit creation ) :

ബാങ്കുകൾക്ക് വായ്പയുണ്ടാക്കാം . ഒരാൾ ഒരു ബാങ്കിൽ ചെന്ന് ചോദിക്കുന്നു . ബാങ്ക് തക്കതായ ജാമ്യത്തിന്മേൽ വായ്പ അനുവദിക്കുന്നു . എന്നാൽ വായ്പത്തുക വായ്പ വാങ്ങിയ ആൾക്ക് നേരിട്ട് പണമായി നൽകില്ല . അതിനുപകരം അത് ബാങ്കിൽ തന്നെ , വായ്പ വാങ്ങിയ ആളുടെ പേരിൽ നിക്ഷേപിക്കുന്നു . അങ്ങനെ ഓരോ വായ്പയും ഓരോ നിക്ഷേപങ്ങളുമുണ്ടാക്കുന്നു .

( 5 ) നിക്ഷേപം ( Investment ) :

വായ്പകൾ നൽകിക്കഴിഞ്ഞാൽ ബാങ്കിൽ മിച്ചധനമുണ്ടാകും . ഈ മിച്ചധനം നിക്ഷേപിക്കുന്നു . ബാങ്കുകൾ അവരുടെ ഫണ്ടിന്റെ ഒരു ഭാഗം അംഗീകൃത സെക്യൂരിറ്റികളിൽ നിക്ഷേപിക്കണമെന്ന് നിയമമുണ്ട് അതിനാൽ നിക്ഷേപിക്കൽ വാണിജ്യ ബാങ്കുകളുടെ ഒരു പ്രധാന ധർമമായിത്തീരുന്നു . ബാങ്കുകൾ സാധാരണയായി ഗവണ്മെന്റ് സെക്യൂരിറ്റികളിലും മറ്റ് അംഗീകൃത സെക്യൂരിറ്റികളിലുമാണ് തങ്ങളുടെ ഫണ്ട് നിക്ഷേപിക്കാറുള്ളത് .

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

ബാങ്കുകളുടെ ദ്വിതീയ ധർമങ്ങളെ ഏജൻസി ധർമങ്ങളെന്നും പലവക ധർമങ്ങളെന്നും രണ്ടായി തരം തിരിക്കാം .

( a )ഏജൻസി ധർമ്മങ്ങൾ ( Agency functions ) :

ഇടപാടുകാരുടെ ഏജന്റ് എന്ന നിലയ്ക്ക് ബാങ്ക് നിർവഹിക്കുന്ന ധർമങ്ങളാണിവ . ഈ ധർമങ്ങളുടെ നിർവഹണത്തിന് ബാങ്ക് ഒരു കമ്മീഷൻ വസൂലാക്കും .

  • i. ധനമാറ്റം ( Transfer of funds ) ഡ്രാഫ്റ്റ് , മെയിൽ ട്രാൻസ്ഫർ , ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ വഴി ബാങ്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ധനം മാറ്റുന്നു .
  • ii. ധനം പിരിച്ചെടുക്കൽ ( Collection of money ) ബാങ്കുകൾ ഇടപാടുകാർക്കു വേണ്ടി ചെക്ക് , ഡ്രാഫ്റ്റ് തുടങ്ങിയ കരു വഴി ധനം പിരിച്ചെടുക്കുന്നു .
  • iii. ഓഹരികൾക്കുള്ള ഡിവിഡന്റ് കടപ്പത്രങ്ങൾക്കുള്ള പലിശ എന്നിവ പിരിച്ചെടുക്കുന്നു .
  • iv. ബില്ലുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയവ . ഓഹരികൾ , കടപ്പത്രങ്ങൾ എന്നിവ പോലുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ വാങ്ങലും വിൽക്കലും നടത്തുന്നു .
  • v. മരണപത്ര വ്യവസ്ഥകൾ നടപ്പാക്കുന്നു .

( b )പലവക ധർമങ്ങൾ ( Miscellaneous Functions ) :

  • i. ധനമാറ്റം ( Transfer of funds ) ഡ്രാഫ്റ്റ് , മെയിൽ ട്രാൻസ്ഫർ , ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ വഴി ബാങ്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ധനം മാറ്റുന്നു .
  • ii. ധനം പിരിച്ചെടുക്കൽ ( Collection of money ) ബാങ്കുകൾ ഇടപാടുകാർക്കു വേണ്ടി ചെക്ക് , ഡ്രാഫ്റ്റ് തുടങ്ങിയ കരു വഴി ധനം പിരിച്ചെടുക്കുന്നു .
  • iii. ഓഹരികൾക്കുള്ള ഡിവിഡന്റ് കടപ്പത്രങ്ങൾക്കുള്ള പലിശ എന്നിവ പിരിച്ചെടുക്കുന്നു .
  • iv. ബില്ലുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയവ . ഓഹരികൾ , കടപ്പത്രങ്ങൾ എന്നിവ പോലുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ വാങ്ങലും വിൽക്കലും നടത്തുന്നു .
  • v. മരണപത്ര വ്യവസ്ഥകൾ നടപ്പാക്കുന്നു .
  • ( i )വിദേശ നാണയം വാങ്ങലും വിൽക്കലും .
  • ( ii )ട്രാവലേഴ്സ് ചെക്ക് , ഗിഫ്റ്റ് ചെക്ക് തുടങ്ങിയവ പുറപ്പെടുവിക്കൽ .
  • ( iii )അമൂല്യവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കൽ .
  • ( iv )ലെറ്റേഴ്സ് ഓഫ് ക്രഡിറ്റ് പുറപ്പെടുവിക്കൽ .
  • ( v )ATM കാർഡ് , ക്രെഡിറ്റ് കാർഡ് , ഡെബ്റ്റ് കാർഡ് , എന്നിവ നൽകൽ .
  • ( vi )പബ്ലിക് ഇഷ്യൂ നടത്തുമ്പോൾ ഓഹരി പോലെയുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ അണ്ടർറൈറ്റിങ് ( പബ്ലിക് ഇഷ്യുവിൽ വിൽക്കപ്പെടാതിരിക്കുന്ന സെക്യൂരിറ്റികളുടെ ഒരു ഭാഗം വാങ്ങാൻ ഏൽക്കുന്നതിനാണ് അണ്ടർ റൈറ്റിങ് എന്നു പറയുന്നത് ) .
  • ( vii )ടെലി ബാങ്കിങ് .
  • ( viii ) ഇന്റർനെറ്റ് ബാങ്കിങ് .

III വികസനാത്മക ധർമങ്ങൾ ( Development Functions ):

  • ( i )ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ .
  • ( ii )തൊഴിൽരഹിതർക്ക് തൊഴിൽ കണ്ടെത്താൻ വായ്പ .
  • ( iii )ഗ്രാമീണ വികസനത്തിന് വായ്പ .

വാണിജ്യ ബാങ്കുകൾ നിർവഹിക്കുന്ന ഈ സേവനങ്ങളിൽനിന്ന് , ആധുനിക സമ്പദ് വ്യവസ്ഥകളിൽ ബാങ്കുകൾ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് വ്യക്തമാകും .

ബാങ്കിങ്ങ് സമ്പ്രദായം വഴിയുള്ള പണം സൃഷ്ടിക്കൽ ( Money Creation by the Banking System )

വിശദീകരിച്ചതുപോലെ ബാങ്കിംഗ് ഇടപാടുകളുടെ പ്രത്യേകമായ സവിശേഷത കാരണമാണ് ബാങ്കുകൾക്ക് വായ്പ സൃഷ്ടിക്കാൻ കഴിയുന്നത് . അതായത് എല്ലാ നിക്ഷേപകരും ഒരേ സമയം ബാങ്കിൽ വന്ന് അവരുടെ നിക്ഷേപം ആവശ്യപ്പെടുന്നില്ല . സൃഷ്ടിക്കൽ പ്രക്രിയയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ അക്കൗണ്ടിങ്ങിന്റെയും ബാലൻസ് ഷീറ്റിന്റെയും അടിസ്ഥാന കാര്യങ്ങൾ നമുക്ക് ഹ്രസ്വമായി പഠിക്കാം .

ഏതൊരു ബിസിനസ്സിന്റെയും ആസ്തികളുടെയും ബാധ്യതകളുടെയും റെക്കോർഡാണ് ബാലൻസ് ഷീറ്റ് . ആസ്തികൾ ബാലൻസ് ഷീറ്റിന്റെ ഇടതുവശത്തും ബാധ്യതകൾ വലതുവശത്തും രേഖപ്പെടുത്തുന്നു . ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സമ്പ്രദായമാണിത് . അക്കൗണ്ടിങ്ങ് നിയമങ്ങൾ അനുസരിച്ച് ബാലൻസ് ഷീറ്റിന്റെ ഇരുവശങ്ങളും സന്തുലിതമായിരിക്കണം . അതായത് , ആസ്തികളും ബാധ്യതകളും സന്തുലിതമായിരിക്കണം . അങ്ങനെ ആസ്തികൾ എല്ലായ്പ്പോഴും ബാധ്യതകൾക്ക് തുല്യമായിരിക്കുന്നു .

ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള എന്തും മറ്റുള്ള സ്ഥാപനത്തിന് നൽകേണ്ടതായിട്ടുള്ള എന്തും അതിന്റെ ആസ്തികളാണ് . നമുക്ക് ഒരു ബാങ്കിന്റെ ബാലൻസ് ഷീറ്റ് പരിഗണിക്കാം . ഒരു ബാങ്കിന്റെ കെട്ടിടങ്ങളും മറ്റ് സ്ഥിര സ്വത്തുക്കളും അതിന്റെ ആസ്തികളാണ് . ബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് അത് നൽകിയ വായ്പകളാണ് . ഒരു ബാങ്ക് ഒരു ഉപഭോക്താവിന് 1,000 രൂപ വായ്പ നൽകിയിട്ടുണ്ടെങ്കിൽ , ഈ തുക ബാങ്കിന്റെ ആസ്തിയാണ് . കാരണം ഈ പണം വായ്പയെടുത്തയാൾ തിരികെ ബാങ്കിന് നൽകണം . ബാങ്കിന്റെ മറ്റൊരു ആസ്തി യാണ് അതിന്റെ കരുതൽ ധനം . വാണിജ്യബാങ്കുകൾ അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പണമായി സൂക്ഷിക്കുകയും ( ക്യാഷ് റിസർവ് റേഷ്യോ - CRR ) മറ്റൊരു ഭാഗം ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയും ( സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ - SLR ) ചെയ്യണമെന്ന് സെൻട്രൽ ബാങ്കിംഗ് ചട്ടങ്ങൾ അനുശാസിക്കുന്നു . CRR - ഉം SLR - ഉം വാണിജ്യ ബാങ്കുകളുടെ കരുതൽധനമാണ് .

അതുകൊണ്ട് ,

ആസ്തികൾ = കരുതൽ ധനം + വായ്പകൾ

ഒരു സ്ഥാപനം മറ്റുള്ളവർക്ക് നൽകേണ്ടതായിട്ടുള്ള എന്തും അതിന്റെ ബാധ്യതയാണ് . ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം പ്രധാന ബാധ്യത അത് നിക്ഷേപകർക്ക് നൽകാനുള്ള നിക്ഷേപമാണ് .

അതുകൊണ്ട് ,

ബാധ്യതകൾ = നിക്ഷേപങ്ങൾ

നേരത്തെ വിശദീകരിച്ചതു പോലെ , അക്കൗണ്ടിങ്ങ് നിയമങ്ങൾ അനുസരിച്ച് ആസ്തികളും ബാധ്യതകളും സന്തുലിതമായിരിക്കണം . എന്നാൽ ആസ്തികൾ ബാധ്യതകളേക്കാൾ കൂടുതലോ കുറവോ ആകാം . ആസ്തികൾ ബാധ്യതകളേക്കാൾ കൂടുതലാണെങ്കിൽ അത് അറ്റ മൂല്യമായി ( net worth ) കണക്കാക്കപ്പെടുന്നു .

അതുകൊണ്ട് ,

അറ്റമൂല്യം = ആസ്തികൾ - ബാധ്യതകൾ

ഒരു സാങ്കല്പിക ബാങ്കിന്റെ ബാലൻസ് ഷീറ്റ് ( Balance Sheet of a Fictional Bank )

100 രൂപ നിക്ഷേപമുള്ള ഒരു സാങ്കല്പികബാങ്കിനെ നമുക്ക് പരിഗണിക്കാം . 'A' ബാങ്കിൽ നിക്ഷേപിച്ച പണമാണ് ഈ നിക്ഷേപം . ബാങ്ക് ഈ 100 രൂപ റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിച്ചുവെന്ന് നാം സങ്കൽപ്പിക്കുകയാണെങ്കിൽ , ബാങ്കിന്റെ ബാലൻസ് ഷീറ്റ് ചുവടെ കാണിച്ചിരിക്കുന്നതുപോലെയായിരിക്കും .

പട്ടിക 9.1 ഒരു സാങ്കല്പിക ബാങ്കിന്റെ ബാലൻസ് ഷീറ്റ്
ആസ്തികൾ ബാധ്യതകൾ
റിസർവ്

( കരുതൽ ധനം )

100 നിക്ഷേപങ്ങൾ 100
അറ്റമൂല്യം 0
ആകെ 100 ആകെ 100

പണം ഒന്നും തന്നെ പ്രചാരത്തിലില്ലെന്ന് കരു തിയാൽ ഇവിടെ മൊത്തം പണപ്രദാനം 100 രൂപയാണ് . നമുക്ക് ഇതൊരു സമവാക്യത്തിന്റെ രൂപത്തിൽ എഴുതാം .

M1 = കറൻസി + നിക്ഷേപങ്ങൾ = 0 + 100 = 100

വായ്പ സൃഷ്ടിക്കുന്നതിനുള്ള പരിധിയും പണ ഗുണകവും . ( Limits to Credit Creation and Money Multiplier )

തത്വത്തിൽ എല്ലാ വായ്പകളും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അവ വീണ്ടും കൂടുതൽ വായ്പകൾ നൽകാനായി ഉപയോഗിക്കുന്നുവെന്നും നാം കരുതുകയാണെങ്കിൽ ബാങ്കുകൾക്ക് പരിധിയില്ലാതെ വായ്പ സൃഷ്ടിക്കാൻ കഴിയും . എന്നാൽ പ്രായോഗികമായി , വായ്പ സൃഷ്ടിക്കുന്നതിന് വ്യക്തമായ പരിധികളുണ്ട് . ബാങ്കുകൾക്ക് അനന്തമായ വായ്പ സൃഷ്ടിക്കാൻ കഴിയില്ല . കാരണം , അവർക്ക് ലഭിക്കുന്ന എല്ലാ നിക്ഷേപങ്ങളും വായ്പയായി നൽകാൻ കഴിയില്ല . നിക്ഷേപത്തിന്റെ ഒരു ഭാഗം അവർ പണമായി സൂക്ഷിക്കണം . ഇതിനെ ക്യാഷ് റിസർവ് റേഷ്യോ എന്നു പറയുന്നു .

കരുതൽ ധനാനുപാതം ( CRR ) :

ക്യാഷ് റിസർവ് റേഷ്യോ ( കരുതൽ ധനാനുപാതം ) = ഒരു ബാങ്ക് കരുതൽ ധനമായി കൈവശം സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ശതമാനം .

വാണിജ്യ ബാങ്കുകൾ അവയുടെ ഡിമാൻഡ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം RBI കരുതൽധനമായി സൂക്ഷിക്കുന്ന പണമാണ് CRR.

ഈ CRR നിശ്ചയിക്കുന്നത് സെൻട്രൽ ബാങ്കാണ് . CRR റിക്വയേർഡ് റിസർവ് റേഷ്യോ ( Required Reserve Ratio ) എന്നും അറിയപ്പെടുന്നു .

നിയമാനുസൃത ദ്രവത്വ അനുപാതം ( SLR ) :

നിക്ഷേപകരിൽനിന്നുള്ള പണത്തിന്റെ ആവശ്യം ബാങ്കുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട് . ദ്രവത്വത്തിന്റെ ഈ മാനേജ്മെന്റ് ബാങ്കിങ്ങിൽ വളരെ പ്രധാനമാണ് . ദ്രവത്വം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപത്തിന്റെ ഒരു ശതമാനം ദ്രവ ആസ്തികളിൽ നിക്ഷേപിക്കാൻ ബാങ്കുകൾ നിയമം മൂലം നിർബന്ധിതമാവുന്നു . ഇതാണ് നിയമാനുസൃത ദ്രവത്വ അനുപാതം - സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ( SLR ) .

സാങ്കല്പിക ബാങ്കിന്റെ ഉദാഹരണവുമായി നമുക്ക് തുടരാം . A യുടെ 100 രൂപ നിക്ഷേപത്തോടെയാണ് ബാങ്ക് ആരംഭിക്കുന്നതെന്ന് കരുതുക . CRR 20 ശതമാണ് . ഇതിനർത്ഥം വായ്പ നൽകാൻ നമ്മുടെ ബാങ്കിന് 80 രൂപയുണ്ട് . അത് ബാങ്ക് B യ്ക്ക് വായ്പ നൽകുന്നു . അടുത്ത റൗണ്ടിൽ ഇത് ബാങ്കിന്റെ ബാലൻസ് ഷീറ്റിലെ ബാധ്യതകളായി ദൃശ്യമാകുന്നു . അങ്ങനെ മൊത്തം നിക്ഷേപം 180 രൂപയായി . CRR പ്രകാരം ബാങ്ക് ഈ 180 രൂപയുടെ 20 ശതമാനം പണമായി സൂക്ഷിക്കണം . അങ്ങനെ ബാങ്ക് 36 രൂപ കരുതൽ ധനമായി സൂക്ഷിക്കുന്നു . വീണ്ടും ബാങ്ക് 64 രൂപ ( 100 - 36 = 64 ) വായ്പ നൽകുന്നു . പിന്നീട് അത് ബാലൻസ് ഷീറ്റിലെ നിക്ഷേപമായി മാറുന്നു . സൃഷ്ടിച്ചുകൊണ്ട് ഈ പ്രക്രിയ സ്വയം ആവർത്തിക്കുന്നു . ആവശ്യമായ എല്ലാ കരുതൽ ശേഖരവും 100 രൂപയിൽ എത്തുമ്പോൾ മാത്രമേ ഇത് അവസാനിക്കുകയുള്ളൂ . നിക്ഷേപം 500 രൂപയാകുമ്പോൾ ഈ നിലയിലെത്തും ( 500 രൂപ നിക്ഷേപത്തിൽ കരുതൽധനം 100 രൂപയിലെത്തും ) .

പണഗുണകം ( Money Multiplier ) :

ബാങ്കിങ്ങ് സംവിധാനത്തിൽ പണം പെരുകുന്ന പ്രക്രിയയെ പണഗുണകം ( Money Multiplier ) എന്നു വിളിക്കുന്നു . ഇത് താഴെപ്പറയുന്ന പട്ടികയിൽ കാണിച്ചിരിക്കുന്നു .

പട്ടിക 9.2 പണ ഗുണക പ്രക്രിയ ( Process of Money Multiplier )
കോളം 1 കോളം 2 കോളം 3 കോളം 4
റൗണ്ട് ബാങ്ക്

നിക്ഷേപം

ആവശ്യമുള്ള

കരുതൽ

ധനം

ബാങ്ക്

നൽകിയ

വായ്പ

1 100 20 80
2 180 36 64
Last 500 100 400

പട്ടികയിൽ , ആദ്യത്തെ കോളം ഓരോ റൗണ്ടും രണ്ടാമത്തെ കോളം ഓരോ റൗണ്ടിന്റെയും തുടക്കത്തിൽ ബാങ്കിലുള്ള നിക്ഷേപവും കാണിക്കുന്നു . മൂന്നാമത്തെ കോളം കരുതൽ ധനത്തെ കാണിക്കുന്നു . ഓരോ റൗണ്ടിലും ബാങ്ക് നൽകിയ വായ്പ നാലാമത്തെ കോളത്തിൽ കാണിച്ചിരിക്കുന്നു .

പട്ടിക 9.3 ബാങ്കിന്റെ ബാലൻസ് ഷീറ്റ്
ആസ്തികൾ ബാധ്യതകൾ
കരുതൽ ധനം 100 നിക്ഷേപങ്ങൾ

(100 + 400)

ആകെ
500
വായ്പകൾ 400
ആകെ 100 500

പണപ്രദാനത്തിന്റെ പുതിയ സമവാക്യം :

M1 = കറൻസി + നിക്ഷേപം

= 0 + 500 = 500

കരുതൽധനത്തിന്റെ ആവശ്യകത പണഗുണകത്തിന്റെ പരിധി നിശ്ചയിക്കുന്നുവെന്ന് ഈ ഉദാഹരണത്തിൽനിന്ന് വ്യക്തമാണ് . CRR 20 ശതമാനം ആയിരിക്കുമ്പോൾ ബാങ്കിന് 400 രൂപയ്ക്ക് മുകളിൽ വായ്പ നൽകാൻ കഴിയില്ല . ഇതിൽനിന്ന് പണഗുണകത്തിനുള്ള സമവാക്യം നമുക്ക് ലഭിക്കുന്നു .

പണഗുണകം = \( \mathbf{\frac{1}{CRR}} \)

നമ്മുടെ ഉദാഹരണത്തിൽ , പണഗുണകം ,

= \( \mathbf{\frac{1}{20\%}} \)

= \( \mathbf{\frac{1}{0.2}} \)

= 5

ഇതിനർത്ഥം 100 രൂപയുടെ കരുതൽധനം 500 രൂപയുടെ നിക്ഷേപം സൃഷ്ടിക്കുന്നു .

ഹൈ പവേഡ് മണി ( High Powered Money - H )

ഒരു രാജ്യത്തിന്റെ കേന്ദ്ര ധനകാര്യ സ്ഥാപനത്തിന്റെ ബാധ്യതകൾക്കാണ് ഹൈ പവേഡ് മണി എന്നു പറയുന്നത് . ഹൈ പവേഡ് മണിയെ ധനപരമായ അടിത്തറ അല്ലെങ്കിൽ പണ സംബന്ധമായ അടിത്തറ എന്നും പറയുന്നു . ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റി ആ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയ പണമാണ് ഹൈ പവേഡ് മണി .

ഒരു സമ്പദ് വ്യവസ്ഥയിലെ ( 1 ) കറൻസി ( പൊതു ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നോട്ടുകൾ , നാണയങ്ങൾ , വാണിജ്യ ബാങ്കുകളുടെ വോൾട്ട് ക്യാഷ് ) , ( 2 ) വാണിജ്യ ബാങ്കുകളുടെയും ഗവൺമെന്റിന്റെയും RBI യുടെ കൈവശമുള്ള നിക്ഷേപങ്ങൾ എന്നിവ ചേർന്നതാണ് ഹൈ പവേഡ് മണി. ഹൈ പവേഡ് മണി എന്നാൽ കറൻസിയും റിസർവും കൂടിയതാണ് .

H = CU + R

ഇവിടെ ,

H = ഹൈ പവേഡ് മണി

CU = കറൻസി

R = റിസർവ് മണി

പണപ്രദാനം നിയന്ത്രിക്കുന്നതിനുള്ള നയഉപകരണങ്ങൾ ( Policy Tools to Control Money Supply )

സമ്പദ് വ്യവസ്ഥയിലെ പണപ്രദാനത്തെ നിയന്ത്രിക്കുക എന്ന ഏറ്റവും പ്രധാന ജോലി റിസർവ് ബാങ്കിനുണ്ട് . സാമ്പത്തികവും ധനപരവുമായ സാഹചര്യങ്ങൾ മാറുമ്പോൾ RBI-യ്ക്ക് പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് . പണച്ചുരുക്കത്തിലും സാമ്പത്തിക മാന്ദ്യത്തിലും പണപ്രദാനം വർദ്ധിപ്പിക്കണം . പണപ്പെരുപ്പത്തിലും സാമ്പത്തികാഭിവൃദ്ധിയിലും പണപ്രദാനം ചുരുക്കേണ്ടതാണ് .

പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പരിമാണാത്മകവും ഗുണാത്മകവുമായ ഉപകരണങ്ങൾ RBI ഉപയോഗിക്കുന്നു . പരിമാണ നിയന്ത്രണങ്ങളിൽ , CRR , SLR പോളിസി നിരക്കുകളായ റിപ്പോ , റിവേഴ്സ് റിപ്പോ എന്നിവയും പരസ്യവിപണി പ്രവർത്തനങ്ങളുമാണ് പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉപയോഗിക്കുന്നത് . ഗുണാത്മക നിയന്ത്രണത്തിൽ RBI കേന്ദ്ര ബാങ്ക് എന്ന നിലയിലുള്ള അതിന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് വായ്പകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വാണിജ്യബാങ്കുകളെ പ്രേരിപ്പിക്കുകയും അതുവഴി പണപ്രദാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു . ഇതിനെ ധാർമിക പ്രേരണ ( Moral Suasion ) എന്നു വിളിക്കുന്നു . അതായത് , RBI അതിന്റെ ധാർമ്മികാധികാരം ഉപയോഗിച്ചുകൊണ്ട് ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നു .

1. കരുതൽ അനുപാതം ( Reserve Ratios ) :

പണത്തിന്റെ പ്രദാനം നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു ഉപകരണമാണ് കരുതൽ അനുപാതം . CRR , SLR എന്നിവയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി പണപ്രദാനം നിയന്ത്രിക്കാൻ കഴിയുന്നു . നാണ്യപ്പെരുപ്പകാലത്ത് SLR എന്നിവ വർധിപ്പിച്ച് വായ്പയുടെ ലഭ്യത കുറച്ച് പണപ്രദാനം കുറയ്ക്കുന്നു . നേരെ മറിച്ച് പണച്ചുരുക്ക കാലത്ത് CRR , SLR എന്നിവയുടെ നിരക്ക് കുറച്ച് പണപ്രദാനം വർധിപ്പിക്കുന്നു .

2. പരസ്യവിപണി പ്രവർത്തനങ്ങൾ ( Open Market Operations - OMO ) :

RBI സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏർപ്പാടിനാണ് പരസ്യവിപണി പ്രവർത്തനങ്ങൾ ( OMOs ) എന്നു പറയുന്നത് . ഇടപാടുകൾ നടത്തപ്പെടുന്ന സെക്യൂരിറ്റികൾ മുഖ്യമായും ഗവൺമെന്റ് ബോണ്ടുകളാണ് . RBI ഗവൺമെന്റിൽ നിന്നും സെക്യൂരിറ്റികൾ വാങ്ങുമ്പോൾ അത് ഗവൺമെന്റിന് പണം നൽകുകയും അങ്ങനെ പണ പ്രദാനം വർധിക്കുകയും ചെയ്യുന്നു . നേരെമറിച്ച് , RBI വാണിജ്യബാങ്കുകളെപ്പോലുള്ള സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ ഇത്തരം സ്ഥാപനങ്ങളിൽനിന്നും തിരിച്ച് RBI ലേക്ക് പണം ഒഴുകുന്നു . ഇത് പണപ്രദാനം കുറയ്ക്കുന്നു .

രണ്ടു തരത്തിലുള്ള പരസ്യവിപണി പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രാധാന്യമുള്ളതാണ് . നേരിട്ടുള്ള ഇടപാടുകളും റിപ്പോ ഇടപാടുകളും . നേരിട്ടുള്ള ഇടപാടുകൾ സ്ഥിര ഇടപാടുകളാണ് ; അവ തിരിച്ചുപിടിക്കാൻ കഴിയില്ല . ഉദാഹരണമായി , RBI സെക്യൂരിറ്റികൾ വാങ്ങുമ്പോൾ അത് പണ പ്രദാനം വർധിപ്പിക്കുന്ന ഒരു സ്ഥിര ഇടപാടായിരിക്കും . RBI ൽ നിന്നും വാണിജ്യബാങ്കുകളിലേക്കും സാമ്പത്തിക വ്യവസ്ഥയിലേക്കും പണം ഒഴുകുന്നതുകൊണ്ട് പണപ്രദാനം വർധിക്കുന്നു . അതുപോലെ , നേരിട്ടുള്ള ഇടപാടുകളിലൂടെ RBI സെക്യൂരിറ്റികൾ വിൽക്കുമ്പോൾ അത് പണപ്രദാനം കുറയ്ക്കുന്ന ഒരു സ്ഥിര ഇടപാടായിരിക്കും . എന്നാൽ റിപ്പോ ഇടപാടുകൾ വ്യത്യസ്തമാണ് . റിപ്പോ ഇടപാടുകളിൽ സെക്യൂരിറ്റികൾ വിൽക്കുന്നത് പിന്നീട് തിരിച്ചു വാങ്ങാമെന്ന ഉടമ്പടിയിലും സെക്യൂരിറ്റികൾ വാങ്ങുന്നത് പിന്നീട് തിരിച്ചു വിൽക്കാമെന്ന ഉടമ്പടിയിലുമാണ് . പിന്നീടുള്ള ഒരു തീയതിയിൽ ഒരു നിശ്ചിത വിലയിൽ തിരിച്ചുവാങ്ങാമെന്ന ഉടമ്പടിയിൽ സെൻട്രൽ ബാങ്ക് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ അതിനെ തിരിച്ചുവാങ്ങൽ കരാർ ( Repurchase Agreement ) അല്ലെങ്കിൽ റിപ്പോ എന്നുപറയുന്നു .

3. റീപ്പോ റേറ്റും റിവേഴ്‌സ് റിപ്പോ റേറ്റും ( Repo Rate and Reverse Repo Rate ) :

നേരത്തെ ഇന്ത്യയിൽ പോളിസി നിരക്ക് ബാങ്ക് നിരക്ക് എന്നാണ് അറിയപ്പെട്ടിരുന്നത് . ഇപ്പോൾ പോളിസി നിരക്കുകൾ റിപ്പോ നിരക്കും , റിവേഴ്സ് റിപ്പോ നിരക്കുമാണ് . RBI വാണിജ്യബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക് . വാണിജ്യബാങ്കുകൾ അവരുടെ അധികമുള്ള പണം RBI ൽ കരുതൽ ധനമായി സൂക്ഷിക്കുന്നതിനുള്ള നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക് . സാമ്പത്തികാഭിവൃദ്ധിയിലും പണപ്പെരുപ്പത്തിലും സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നു . സമ്പദ് വ്യവസ്ഥയിലെ പണപ്രദാനവും വായ്പയും കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . നേരെമറിച്ച് , സാമ്പത്തിക മാന്ദ്യത്തിലും പണച്ചുരുക്കത്തിലും പണപ്രദാനവും വായ്പയും വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നു .

RBI പണപ്രദാനത്തെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് താഴെ ചുരുക്കി വിവരിക്കുന്നു :

പട്ടിക 9.4 പണ ഗുണക പ്രക്രിയ ( Process of Money Multiplier )
ഉപാധികൾ പണപ്പെരുപ്പം പണച്ചുരുക്കം
റിപ്പോ റേറ്റ് വർധിപ്പിക്കുന്നു കുറയ്ക്കുന്നു
CRR വർധിപ്പിക്കുന്നു കുറയ്ക്കുന്നു
SLR വർധിപ്പിക്കുന്നു കുറയ്ക്കുന്നു
പരസ്യവിപണി പ്രവർത്തനം സെക്യൂരിറ്റികൾ വിൽക്കുന്നു സെക്യൂരിറ്റികൾ വാങ്ങുന്നു

പണത്തിന്റെ ചോദനവും പ്രദാനവും : ഒരു വിശദമായ alog ( Demand and Supply of Money : A Detailed Discussion )

ചുരുങ്ങിയ സമയത്തിനുള്ളിൽ പണമാക്കി മാറ്റാനുള്ള ഒരു ആസ്തിയുടെ കഴിവാണ് ദ്രവത്വം ( liquidity ) . ഭൂമി ഒരു നല്ല ആസ്തിയാണ് . എന്നാൽ അതിന് ദ്രവത്വം കുറവാണ് . പണമാണ് ഏറ്റവും ദ്രവത്വമുള്ള ആസ്തി . അതുകൊണ്ട് ദ്രവരൂപത്തിലുള്ള പണം കൈവശം വെയ്ക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു . ഇതിന് ദ്രവത്വാഭിലാഷം ( liquidity preference ) എന്നു പറയുന്നു . എന്നാൽ പണം കൈവശം വെയ്ക്കുന്നതിന് ഒരു ചെലവുണ്ട് . നമ്മൾ പണം കൈവശം വയ്ക്കുമ്പോൾ , ആ പണം ഒരു ബാങ്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ നമുക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിഫലം ( പലിശ ) നാം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് . അതു കൊണ്ട് , പണം കൈവശം വെയ്ക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം ( അവസരാത്മക ചെലവ് ) നാം പരിഗണിക്കേണ്ടതുണ്ട് . അതിനാൽ , എന്തുകൊണ്ടാണ് ആളുകൾ പണം കൈവശം വയ്ക്കുന്നത് ? എന്തെല്ലാ മാണ് പ്രേരകങ്ങൾ ? എന്ന ചോദ്യം പ്രസക്തമാണ് .

ജോൺ മൊർഡ് കെയിൻസിന്റെ അഭിപ്രായത്തിൽ കൈമാറ്റ പ്രേരകം , മുൻകരുതൽ പ്രേരകം , ഊഹക്കച്ചവട പ്രേരകം എന്നിവയ്ക്കാവശ്യമായ ആകെ പണമാണ് പണത്തിന്റെ ചോദനം .

പണം കൈവശം സൂക്ഷിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ പൊതുവെ രണ്ട് പ്രേരകങ്ങളായി തരം തിരിച്ചിരിക്കുന്നു .

  • ( 1 ) കൈമാറ്റ പ്രേരകം
  • ( 2 ) ഊഹക്കച്ചവട പ്രേരകം

( 1 ) കൈമാറ്റ പ്രേരകം ( Transaction Motive ) :

ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പണം കയ്യിൽ കരുതേണ്ടിവരുന്നു . ഇങ്ങനെ പണം കയ്യിൽ കരുതുന്നത് അവരുടെ ദൈനംദിന ഇടപാടുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് . ദൈനംദിന ഇടപാടുകൾ നടത്തുന്നതിനുവേണ്ടി ജനങ്ങൾ പണം കൈവശം വയ്ക്കുന്നതിനെയാണ് കൈമാറ്റ പ്രേരകം അഥവാ കൈമാറ്റ ചോദനം എന്നു പറയുന്നത് . അതായത് , നിത്യേന സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനു വേണ്ടി ജനങ്ങൾ പണം കൈവശം സൂക്ഷിക്കുന്നതിനെയാണ് പണത്തിന്റെ കൈമാറ്റ ചോദനം എന്നു പറയുന്നത് .

ദൈനംദിന ചെലവുകൾക്കായി നാം എത മാത്രം പണം കയ്യിൽ കരുതണം ? ഇത് കൈമാറ്റത്തിന്റെ മൂല്യത്തെ അല്ലെങ്കിൽ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു . ഇടപാടുകളുടെ വലിപ്പം കൂടുംതോറും പണത്തിന്റെ കൈമാറ്റ ചോദനവും കൂടും . എന്നിരുന്നാലും ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു സമ്പദ് വ്യവസ്ഥയുടെ പണത്തിന്റെ കൈമാറ്റ ചോദനം ആ സമ്പദ് വ്യവസ്ഥയുടെ ഇടപാടുകളുടെ മൊത്തം മൂല്യത്തിന്റെ ഒരു ഭാഗമാണ് . പണത്തിന്റെ കൈമാറ്റ ചോദനത്തെ സമവാക്യരൂപത്തിൽ എഴുതാം :

MTd = kT

ഇവിടെ , MTd പണത്തിന്റെ കൈമാറ്റ ചോദനം

T = കൈമാറ്റത്തിന്റെ / ഇടപാടുകളുടെ മൊത്തം മൂല്യം അഥവാ വലിപ്പം

k = ഒരു അധിഭിന്നം

k എന്നത് കൈമാറ്റ ചോദനവും കൈമാറ്റ ത്തിന്റെ മൊത്ത മൂല്യവും തമ്മിലുള്ള അനുപാതമാണ് \(\Bigl(\mathbf{k\,=\frac{M_{T}^{d}}{T}}\Bigr)\) .

മറ്റൊരുവിധത്തിൽ പറഞ്ഞാൽ , k എന്നത് പണത്തിന്റെ പര്യയന പ്രവേഗത്തിന്റെ അഥവാ പ്രചാര വേഗത്തിന്റെ വ്യുൽക്രമമാണ് . ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു നിശ്ചിത അളവ് പണം കൈമറിയുന്ന എണ്ണത്തെയാണ് പണത്തിന്റെ പര്യയന പ്രവേഗം ( velocity of circulation ) എന്നു പറയുന്നത് .

v = \( \mathbf{\frac{1}{k}} \) എന്നത് പ്രവേഗത്തിന്റെ വ്യുൽക്രമമായതുകൊണ്ട് ,

MTd = kT

∴ \( \mathbf{\frac{1}{k}} \)MTd = T

vMTd = T (v = \( \mathbf{\frac{1}{k}} \) ആയതുകൊണ്ട് )

MTd = \( \mathbf{\frac{T}{v}} \)

ഇവിടെ , T യും v യും പ്രവാഹ ചരങ്ങളാണ് . MTd എന്നത് ഒരു ശേഖര ചരമാണ് . vMTd പണ കൈമാറ്റത്തിന്റെ മൊത്തം മൂല്യമാണ് . മാത്രമല്ല ഈ സമവാക്യം പണത്തിന്റെ കൈമാറ്റ ചോദനം ഇടപാടുകളുടെ മൂല്യത്തോട് പോസിറ്റീവായും പ്രവേഗത്തോട് ( velocity ) നെഗറ്റീവായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്നു .

ഒരു വർഷത്തെ പണത്തിന്റെ മൊത്തം കൈമാറ്റ ചോദനവും GDP യും തമ്മിലുള്ള ബന്ധം പഠിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നതാണ് . എല്ലാ അന്തരാള സാധന സേവനങ്ങളുടെയും കൈമാറ്റവും ഉൾപ്പെടുന്നതുകൊണ്ട് നാമമാത്ര GDP യെക്കാളും കൂടുതലായിരിക്കും ഒരു സമ്പദ് വ്യവസ്ഥയിലെ ഒരു വർഷത്തെ മൊത്തം കൈമാറ്റത്തിന്റെ വലിപ്പം . എന്നിരുന്നാലും , കൈമാറ്റ മൂല്യവും നാമമാത്ര GDP യും തമ്മിൽ ഒരു പോസിറ്റീവ് ബന്ധം നിലനില്ക്കുന്നു . GDP യിൽ വർധനവുണ്ടാകുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആകെ കൈമാറ്റ് മൂല്യം വർധിക്കുക എന്നാണ് . അങ്ങനെയെങ്കിൽ GDP വർധിക്കുന്നതിനനുസരിച്ച് പണത്തിന്റെ കൈമാറ്റ ചോദനവും വർധിക്കുന്നു . ആയതിനാൽ പണകൈമാറ്റ ചോദന സമവാക്യത്തെ താഴെ കൊടുത്തിരിക്കുന്നതുപോലെ മാറ്റി എഴുതാം .

MTd = kPY

ഇവിടെ , P പൊതുവില നിലവാരം

Y = യഥാർത്ഥ GDP

ഈ സമവാക്യം സൂചിപ്പിക്കുന്നത് ഒരു സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ കൈമാറ്റ ചോദനം യഥാർത്ഥ വരുമാനത്തോടും വില നിലവാരത്തോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് .

ഒരു സമ്പദ് വ്യവസ്ഥയിൽ ഒരു വർഷം 500 കൊണ്ട് 2,000 യുടെ ഇടപാടുകൾ നടത്തിയെന്ന് കരുതുക . ഇവിടെ പണത്തിന്റെ കൈമാറ്റ ചോദനം ,MTd = 500 യും കൈമാറ്റ മൂല്യം , T = 2,000 യുമാണ് . k എന്നത് കൈമാറ്റ ചോദനവും കൈമാറ്റ മൂല്യവും തമ്മിലുള്ള അനുപാതമായതുകൊണ്ട് ,

\(\mathbf{k\,=\frac{M_{T}^{d}}{T}}\)

= \( \mathbf{\frac{500}{2000}} \)

= \( \mathbf{\frac{1}{4}} \)

പണത്തിന്റെ പ്രവേഗം , k യുടെ വ്യുൽക്രമമായതുകൊണ്ട് v = \( \mathbf{\frac{1}{k}} \) = \( \mathbf{\frac{1}{\frac{1}{4}}} \) = 4 . വെലോസിറ്റി 4 എന്നതുകൊണ്ടർത്ഥമാക്കുന്നത് 500 കൊണ്ട് 4 പ്രാവശ്യം ഇടപാടുകൾ നടത്തിയെന്നാണ് . പ്രവേഗവും പണകൈമാറ്റ ചോദനവും അറിയാമെങ്കിൽ കൈമാറ്റ മൂല്യം എത്രയെന്ന് നമുക്ക് കണ്ടുപിടിക്കാവുന്നതാണ് . അതായത് , T = vMTd = 4 × 500 = 2,000 . ഇത് സൂചിപ്പിക്കുന്നത് ഒരു വർഷം 2,000 രൂപയുടെ സാധന - സേവന കൈമാറ്റം നടന്നുവെന്നാണ് .

( 2 ) ഊഹക്കച്ചവട പ്രേരകം ( Speculative Motive :

ഭൂമി , സ്വർണം , ഷെയറുകൾ , കടപ്പത്രങ്ങൾ , ബോണ്ടുകൾ തുടങ്ങിയ ആസ്തികളുടെ രൂപത്തിൽ ജനങ്ങൾ തങ്ങളുടെ സ്വത്ത് കൈവശം വയ്ക്കുന്നു ; ഭാവിയിൽ ഇത്തരം ആസ്തികളുടെ വില ഉയരുമെന്ന് അവർ പ്രതീക്ഷിക്കുന്നു . ആസ്തികളുടെ വില കുറയുമ്പോൾ അവ വാങ്ങുന്നതിനുവേണ്ടി ജനങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കകയും വില കൂടുമ്പോൾ ലാഭം നേടുന്നതിനുവേണ്ടി അവ വിൽക്കുകയും ചെയ്യുന്നു . ഇതിനെയാണ് ഊഹക്കച്ചവടം എന്നു പറയുന്നത് . ഊഹക്കച്ചവടം ചെയ്യുന്നതിന് പണം കൈവശം വെക്കുന്നതിനുള്ള ജനങ്ങളുടെ സ്ഥാപനങ്ങളുടെ അഭിലാഷത്തെയാണ് പണത്തിന്റെ ഊഹക്കച്ചവട ചോദനം എന്നു പറയുന്നത് .

എളുപ്പത്തിനുവേണ്ടി ഭൂമി , സ്വർണം , ചരക്കുകൾ , ഷെയറുകൾ , കടപ്പത്രങ്ങൾ തുടങ്ങിയ ധനാസ്തികളെയെല്ലാം ഒരുമിച്ച് “ ബോണ്ടുകൾ " എന്ന ഒറ്റ ഗണത്തിൽ പെടുത്താം . ഒരു പ്രത്യേക കാലയളവിൽ തിരിച്ച് ലഭിക്കാവുന്ന ഭാവിയിൽ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകുന്ന പേപ്പറുകളാണ് ബോണ്ടുകൾ . പൊതുജനങ്ങളിൽനിന്ന് പണം കടം വാങ്ങുന്നതിനായി ഗവൺമെന്റോ സ്ഥാപനങ്ങളോ ഇറക്കുന്ന ഇത്തരം പേപ്പറുകൾ കമ്പോളത്തിൽ വ്യാപാരം ചെയ്യാവുന്നതാണ് .

ബോണ്ടിന്റെ പ്രസന്റ് വാല്യു ( ഇപ്പോഴത്തെ മൂല്യം ) ( Present Value of Bond )

നിലവിലെ പലിശനിരക്കിൽ ബോണ്ടിൽ നിന്നു ലഭിക്കുന്ന അതേ വരുമാനം ലഭിക്കാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട തുകയെ ബോണ്ടിന്റെ പ്രസന്റ് വാല്യു ( ഇപ്പോഴത്തെ മൂല്യം ) എന്നു പറയുന്നു . ഒരു ബോണ്ടിന്റെ ആകർഷണീയത അതിന്റെ വില്പന വിലയേയും പ്രസന്റ് വാല്യുവിനേയും ആശ്രയിച്ചിരിക്കുന്നു . ഒരു ബോണ്ടിന്റെ പ്രസന്റ് വാല്യു താഴെ കൊടുക്കുന്ന രീതിയിൽ കണക്കാക്കുന്നു .

PV = \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)}} \) + \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^2}} \) +...+ \( \mathbf{\frac{x+y}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^n}} \)

ഇവിടെ ,

x = കൂപ്പൺ നിരക്ക് പ്രകാരം ബോണ്ടിൽ നിന്നുള്ള വാർഷിക വരുമാനം

y = ബോണ്ടിന്റെ മുഖവില

r = വിപണിയിലെ പലിശനിരക്ക്

n = ബോണ്ടിന്റെ കാലാവധി

ഉദാഹരണമായി , ഒരു സ്ഥാപനം 10 % പലിശ നിരക്കും രണ്ടുവർഷത്തെ കാലാവധിയുള്ളതുമായ 100 രൂപ മുഖവിലയുള്ള ഒരു ബോണ്ട് പുറത്തിറക്കുന്നുവെന്ന് വിചാരിക്കുക . സേവിങ്സ് ബാങ്ക് അക്കൗണ്ടിനു ബാധകമായ പലിശ നിരക്ക് 5 % ആണെന്ന് കരുതുക . നിക്ഷേപ തീരുമാനം എടുക്കുന്നതിനായി ആളുകൾ ബോണ്ടിൽ നിന്നുള്ള വരുമാനവും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നുള്ള പലിശയും താരതമ്യം ചെയ്യുന്നു . ഒരു വർഷം കഴിയുമ്പോൾ 10 രൂപയാകുവാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ നിക്ഷേപിക്കണമെന്നാണ് ഇവിടെ പ്രസ ക്തമായ ചോദ്യം .

ഇത് താഴെ പറയുന്ന രീതിയിൽ കണ്ടുപിടിക്കാം :

ഈ തുക x ആണെന്ന് കരുതുക .

അപ്പോൾ X\( {\Bigl({1\,+\frac{5}{100}}\Bigr)} \) = 10

അല്ലെങ്കിൽ X = \( {\frac{10}{\Bigl({1\,+\frac{5}{100}}\Bigr)}} \) = 9.52

വിപണിനിരക്കായ 5 % പ്രകാരം ഡിസ്കൗണ്ട് ചെയ്യുമ്പോഴുള്ള 10 രൂപയുടെ പ്രസന്റ് വാല്യു ആണ് 9.52 രൂപ .

രണ്ടുവർഷം കഴിയുമ്പോൾ 110 രൂപ ആകുവാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട തുക ആണെന്ന് കരുതുക . അങ്ങനെയെങ്കിൽ ബോണ്ടിൽ നിന്നുള്ള പ്രത്യായങ്ങളുടെ പ്രസന്റ് വാല്യു താഴെ പറയുന്ന രീതിയിൽ കാണാം :

PV = X + Y = \( {\frac{10}{\Bigl({1\,+\frac{5}{100}}\Bigr)}} \) + \( {\frac{10+100}{\Bigl({1\,+\frac{5}{100}}\Bigr)^2}} \)

= \( {\frac{10}{1.05}} \) + \( {\frac{110}{(1.05)^2}} \)

= \( {\frac{10}{1.05}} \) + \( {\frac{110}{1.1025}} \)

= 9.52 + 99.77 = 109.29

ഇതിനർത്ഥം നിങ്ങൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 109.29 രൂപ നിക്ഷേപിച്ചാൽ , അത് ബോണ്ടിൽ നിന്ന് ലഭിക്കുന്ന അതേ വരുമാനം ലഭ്യമാക്കും . അഥവാ ബോണ്ടിന്റെ പ്രസന്റ് വാല്യു 109.29 രൂപയാണെന്നർത്ഥം . എന്നാൽ , ബോണ്ടിന്റെ മുഖവില 100 രൂപ മാത്രമാണ് . അതുകൊണ്ട് ബോണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിനേക്കാൾ കൂടുതൽ ആകർഷകമാകയാൽ ആളുകൾ ബോണ്ട് വാങ്ങാൻ താല്പര്യപ്പെടുന്നു . ബോണ്ടിനുള്ള വർധിച്ച ആവശ്യം ബോണ്ടിന്റെ വില ഉയർത്തുന്നു . ബോണ്ടിന്റെ വില അതിന്റെ പ്രസന്റ് വാല്യൂവിന് ഒപ്പമെത്തുന്നതുവരെ ഉയരുന്നു . വില പ്രസന്റ് വാല്യൂവിനേക്കാൾ അധിക മാവുമ്പോൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ അപേക്ഷിച്ച് ബോണ്ട് ആകർഷകമല്ലാതാവുന്നു . ആളുകൾ ബോണ്ട് വില്ക്കാൻ തുടങ്ങുകയും ബോണ്ടിന്റെ വില അതിന്റെ പ്രസന്റ് വാല്യൂവിന് ഒപ്പമെത്തുന്നതുവരെ താഴുകയും ചെയ്യുന്നു . അതിനാൽ മത്സരാധിഷ്ഠിതമായ വിപണിയിൽ ഒരു ബോണ്ടിന്റെ വില സന്തുലിതാവസ്ഥയിൽ അതിന്റെ പ്രസന്റ് വാല്യൂവിന് തുല്യമായിരിക്കും .

ഉദാഹരണം : ഒരു കമ്പനി 10 % പലിശനിരക്കും മൂന്നു വർഷം കാലാവധിയുമുള്ള 100 രൂപ മുഖവിലയുള്ള ബോണ്ട് പുറത്തിറക്കുന്നു . വിപണിയിലെ പലിശ നിരക്ക് 6 % ആണ് . ബോണ്ടിന്റെ പ്രസന്റ് വാല്യു കണ്ടുപിടിക്കുക .

ഉത്തരം : പ്രസന്റ് വാല്യു

PV = \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)}} \) + \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^2}} \) + \( \mathbf{\frac{x+y}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^n}} \)

ഇവിടെ ,

x = \( 100\,×{\frac{10}{100}} \)= 10

y = 100

r = 6%

n = 3

അതിനാൽ,

PV = \( {\frac{10}{\Bigl({1\,+\frac{6}{100}}\Bigr)}} \) + \( {\frac{10}{\Bigl({1\,+\frac{6}{100}}\Bigr)^2}} \) + \( {\frac{10+100}{\Bigl({1\,+\frac{6}{100}}\Bigr)^3}} \)

= 9.4339 + 8.8999 + 92.3593

= 110.69

പലിശനിരക്കും പണത്തിന്റെ ഊഹാധിഷ്ഠിത ചോദനവും തമ്മിലുള്ള വിപരീത ബന്ധം ( Inverse Relation Between Speculative Demand for Money and Rate of Interest )

ഭാവിയിലെ കമ്പോള പലിശനിരക്കിലെ മാറ്റത്തെക്കുറിച്ച് വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലാണ് പ്രതീക്ഷിക്കുന്നത് . പലിശനിരക്ക് കൂടുതലാണെങ്കിൽ ഭാവിയിൽ അത് കുറയുമെന്നും തന്മൂലം ബോണ്ടിന്റെ വില ഉയരുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു . അതുകൊണ്ട് ആളുകൾ ഭാവിയിൽ മൂലധന ലാഭം നേടുന്നതിനുവേണ്ടി പണം മുഴുവനും ബോണ്ടിൽ നിക്ഷേപിക്കുന്നു . അങ്ങനെ ഉയർന്ന പലിശനിരക്കിൽ പണത്തിന്റെ ഊഹക്കച്ചവട ചോദനം വളരെ കുറഞ്ഞിരിക്കുന്നു . പലിശനിരക്ക് താഴ്ന്നിരിക്കുമ്പോൾ ഭാവിയിൽ അത് ഉയരുമെന്നും വീണ്ടും ബോണ്ടു വില കുറയുമെന്നും പ്രതീക്ഷിക്കുന്നു . അതു കൊണ്ട് , അവർ മൂലധന നഷ്ടം ഒഴിവാക്കാനായി അവരുടെ കൈവശമുള്ള ബോണ്ടുകൾ പണമാക്കി മാറ്റുന്നു . ഇത് പണത്തിന്റെ ഊഹക്കച്ചവട ചോദനം വർധിക്കുന്നതിന് കാരണമാകുന്നു . അതിനാൽ പണത്തിന്റെ ഊഹക്കച്ചവട ചോദനവും പലിശനിരക്കും വിപരീതതലത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പണത്തിന്റെ ഊഹക്കച്ചവട ചോദനത്തെ ഗണിതരൂപത്തിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ പ്രസ്താവിക്കാം.

Msd = \( {\frac{r_{max}\,-\,r}{r\,-\,r_{min}}} \)

ഇവിടെ ,

Msd = പണത്തിന്റെ ഊഹക്കച്ചവട ചോദനം , r = കമ്പോള പലിശ നിരക്ക് , rmax = r ന്റെ ഏറ്റവും ഉയർന്ന പരിധി , rmin = r ന്റെ ഏറ്റവും താഴ്ന്ന പരിധി. rmax , rmin എന്നിവ പോസിറ്റീവ് സ്ഥിരകങ്ങളാണ് . ഈ സമവാക്യത്തിൽ r, rmax ൽ നിന്ന് rmin ലേക്ക് കുറയുമ്പോൾ Msd യുടെ മൂല്യം പൂജ്യത്തിൽ നിന്ന് ∞ യിലേക്ക് ഉയരുന്നുവെന്ന് വ്യക്തമാണ് .

ലിക്വിഡിറ്റി ട്രാപ് / ദ്രവത്വകെണി ( Liquidity Trap )

പലിശനിരക്ക് ഏറ്റവും താഴ്ന്ന വിതാനത്തിലെത്തുമ്പോൾ പണത്തിന്റെ ഊഹക്കച്ചവടം ചോദനം പരിപൂർണ ഇലാസ്തികതയിലാകുന്ന സാഹചര്യത്തെയാണ് ലിക്വിഡിറ്റി ട്രാപ് എന്നുവിളിക്കുന്നത് .

Liquidity- Preference

Diagram 9.1 പണത്തിന്റെ ഊഹക്കച്ചവടം ചോദനം

ഡയഗ്രം 9.1 ൽ LP വക്രമാണ് പണത്തിന്റെ ഊഹക്കച്ചവട ചോദന വക്രം. ഊഹക്കച്ചവട ചോദന വക്രം വിപരീതാവസ്ഥയിലുള്ള ചെരിവോടുകൂടിയ താണ് . r = rmax ആകുമ്പോൾ പണത്തിന്റെ ഊഹകച്ചവട ചോദനം പൂജ്യമാകുന്നു . കാരണം എല്ലാവരും പണം ബോണ്ടുകളാക്കി മാറ്റുന്നു . ഭാവിയിൽ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുക വഴി മൂലധന നേട്ടം ഉണ്ടാകുമെന്ന് കരുതുകയും ചെയ്യുന്നു . r = rmin ആകുമ്പോൾ സമ്പദ് വ്യവസ്ഥ ദ്രവത്വകെണിയിൽ എത്തുന്നു . എല്ലാവരും പലിശനിരക്കിലുള്ള ഉയർച്ചയെയും ബോണ്ട് വിലയിലുള്ള താഴ്ചയെയും കുറിച്ച് ഉറപ്പുള്ള പ്രതീക്ഷ നിലനിർത്തുന്നു. ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ ഊഹക്കച്ചവട ചോദനം പൂർണ ഇലാസ്തിക ചോദനമാകുന്നു ( e = ∞ ) . ഭാവിയിൽ പലിശനിരക്ക് ഉയരുമെന്ന് കരുതി എല്ലാവരും അവരുടെ പണം കൈവശം വയ്ക്കുന്നു.

പണത്തിന്റെ മൊത്തം ചോദനം ( Total Demand for Money )

ഒരു സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ മൊത്തം ചോദനം Md എന്നത് കൈമാറ്റ ചോദനവും ( MTd ) ഊഹക്കച്ചവട ചോദനവും ( Msd ) ചേർന്നതാണ് . കൈമാറ്റ ചോദനം യഥാർത്ഥ GDP യോടും വിലനിലവാരത്തോടും നേരിട്ടുള്ള അനുപാതത്തിലും ഊഹക്കച്ചവട ചോദനം കമ്പോള പലിശനിരക്കിനോട് വിപരീതരീതിയിലും ബന്ധപ്പെട്ടിരിക്കുന്നു . സമ്പദ് വ്യവസ്ഥയിലെ മൊത്തം ചോദനത്തെ താഴെ കൊടുത്ത സമവാക്യത്തിലൂടെ സ്വാംശീകരിക്കാവുന്നതാണ്:

Md = MTd + Msd

Md = KPY = \( \mathbf{{\frac{r_{max}\,-\,r}{r\,-\,r_{min}}}} \)

പണത്തിന്റെ പ്രദാനം വിവിധ അളവുകൾ ( Supply of Money : Various Measures )

പണത്തിന്റെ ഏറ്റവും ദൃശ്യമായ രൂപങ്ങൾ പ്രചാരത്തിലുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് . ഇന്ത്യയിൽ കറൻസി നോട്ടുകൾ ഇറക്കുന്നത് നമ്മുടെ സെൻട്രൽ ബാങ്കായ RBI യും നാണയങ്ങൾ ഇറക്കുന്നത് ഗവൺമെന്റുമാണ് . ഇടപാടുകളിൽ ചെക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നു . ഇപ്പോൾ നെറ്റ് ബാങ്കിങ്ങും ഇലക്ട്രോണിക് സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചെക്ക് , ഇ - പെയ്മെന്റ് മുതലായവ സേവിങ്ങ്സ് അക്കൗണ്ടിലെയോ കറന്റ് അക്കൗണ്ടിലെയോ ബാലൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതു കൊണ്ട് , സേവിങ്ങ്സ് അക്കൗണ്ടിലെയും കറന്റ് അക്കൗണ്ടിലേയും നിക്ഷേപങ്ങളേയും പണമായി കണക്കാക്കുന്നു.

നിങ്ങൾ 2000 രൂപയുടെ കറൻസി നോട്ടുമായി ഒരു സൂപ്പർമാർക്കറ്റിലേക്ക് പോയാൽ , ആ നോട്ടു കൊണ്ട് നിരവധി സാധനങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും. എന്നാൽ ആ പേപ്പർ നോട്ടിന് തനതായ വിലയില്ല. ആദ്യകാലങ്ങളിൽ സ്വർണ്ണം , വെള്ളി , ചെമ്പ് തുടങ്ങിയ വിലപിടിച്ച ലോഹങ്ങളിൽ നിർമ്മിച്ച നാണയങ്ങൾ നമുക്കുണ്ടായിരുന്നു. ഈ ലോഹങ്ങൾ വില പിടിച്ചതായിരുന്നതിനാൽ അവ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തി . എന്തു കൊണ്ടാണ് ജനങ്ങൾ യാതൊരു സന്ദേഹവുമില്ലാതെ കറൻസി നോട്ടുകൾ സ്വീകരിക്കുന്നത് ? ലളിതമായ ഉത്തരം ഇഷ്യു ചെയ്യുന്ന അതോറിറ്റി അവയ്ക്ക് ഉറപ്പുനൽകുന്നു എന്നതാണ് . ഇന്ത്യയിൽ ഓരോ കറൻസി നോട്ടിലും അതിൽ അച്ചടിച്ചിരിക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യം അതിന്റെ കൈവശക്കാരന് നൽകാനുള്ള റിസർവ് ബാങ്ക് ഗവർണറുടെ എഴുതപ്പെട്ട വാഗ്ദാനമുണ്ട് . അതു കൊണ്ട് കറൻസി നോട്ടുകൾക്ക് സ്വർണ്ണം , വെള്ളി എന്നിവയെപ്പോലെ സഹജമായ മൂല്യമില്ലെങ്കിലും ഇടപാടുകളിൽ അവ വ്യാപകമായി സ്വീകരിച്ചുവരുന്നു . എന്തു കൊണ്ടെന്നാൽ അവ ലീഗൽ ടെണ്ടറാണ്. ആർക്കും അവയെ നിരാകരിക്കാൻ കഴിയില്ല. ലീഗൽ ടെൻഡർ മണിയെ ഫിയറ്റ് മണി എന്നു പറയുന്നു . ചെക്കുകൾ ഇടപാടുകളിൽ നിരസിക്കാമെന്നതുകൊണ്ട് അവ ലീഗൽ ടെൻഡർ അല്ല.

ഫിയറ്റ് മണി ( Fiat Money ) എന്നത് ലീഗൽ ടെൻഡർ എന്ന നിലയിൽ ഗവൺമെന്റ് പ്രഖ്യാപിക്കുന്ന കറൻസിയാണ് . റിസർവ് ബാങ്ക് ( issuing authority ) നൽകുന്ന ഗ്യാരണ്ടിയിൽ നിന്ന് സംജാതമാകുന്നതാണ് ഫിയറ്റ് മണിയുടെ മൂല്യം. മുൻകാലങ്ങളിൽ ഒട്ടുമിക്ക കറൻസികളും സ്വർണം , വെള്ളി മുതലായ ഭൗതിക വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു . എന്നാൽ ഫിയറ്റ് മണി പൂർണമായും സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്.

നൈസർഗികമൂല്യം ( Intrinsic Value ) എന്നത് വിപണിവില പരിഗണിക്കാതെ നിർണയിക്കപ്പെടുന്ന കമ്പനി , സ്റ്റോക്ക് , കറൻസി , ഉല്പന്നം എന്നിവയുടെ യഥാർത്ഥ മൂല്യമാകുന്നു . എന്നാൽ , സ്വർണം , വെള്ളി എന്നീ നാണയങ്ങൾക്കുള്ളതുപോലെ കറൻസി നോട്ടുകൾക്കും നാണയങ്ങൾക്കും നൈസർഗിക മൂല്യം ഉണ്ടായിരിക്കുകയില്ല.

ലീഗൽ ടെൻഡർ ( Legal Tender ) എന്നത് ധനപരമായ ബാധ്യതകൾ നിറവേറ്റുവാനുള്ള നിയമ വ്യവസ്ഥയാൽ അംഗീകരിക്കപ്പെട്ട അടവുകളുടെ നിയമപരമായ മാധ്യമമാണ്. നാണയങ്ങളും ബാങ്ക് നോട്ടുകളും ലീഗൽ ടെൻഡറാണ് ; ചെക്കുകളും മറ്റു അടവുകളും സാധാരണയായി ലീഗൽ ടെൻഡർ അല്ല.

നിയമപരമായ നിർവചനങ്ങൾ : സങ്കുചിതവും വിശാലവുമായ പണം ( Legal Definitions : Narrow and Broad Money )

1977 ഏപ്രിൽ മുതൽ ഭാരതീയ റിസർവ് ബാങ്ക് പണപ്രദാനത്തിന്റെ വ്യത്യസ്തങ്ങളായ നാലുതരം അളവുകൾ പ്രസിദ്ധീകരിച്ചുവരുന്നു . ഈ അളവുകൾ M1, M2, M3, M4 എന്നീ സംജ്ഞകളാൽ അറിയപ്പെടുന്നു . ഇവ താഴെ കൊടുത്തിരിക്കുന്നതുപോലെ നിർവചിച്ചിരിക്കുന്നു.

M1 = CU + DD

M2 = M1 + പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കുകളിലെ സേവിങ്സ് ഡെപ്പോസിറ്റുകൾ

M3 = M1 + വാണിജ്യ ബാങ്കുകളുടെ അറ്റ ടൈം ഡെപ്പോസിറ്റുകൾ

M4 = M3 + മൊത്തം പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ( ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകൾ ഒഴികെ )

ഇവിടെ , CU പൊതുജനങ്ങളുടെ കൈവശമുള്ള കറൻസിയാണ് . DD വാണിജ്യ ബാങ്കുകളുടെ കൈവശമുള്ള പൊതു ജനങ്ങളുടെ ഡിമാൻഡ് ഡെപ്പോസിറ്റുകളാണ്. ഇവയിൽ , M1, M2 എന്നിവ സങ്കുചിത പണവും ( Narrow money ) , M3, M4 എന്നിവ വിശാല പണവുമാണ് ( Broad money ). പണപ്രദാനത്തിന്റെ ഈ നാല് അളവുകളിൽ ഏറ്റവും ദ്രവത്വമുള്ളത് M1 നും ദ്രവത്വം ഏറ്റവും കുറവുള്ളത് M4 നുമാണ് . RBI പണപ്രദാനത്തെക്കുറിച്ച് പറയു മ്പോൾ അവരുദ്ദേശിക്കുന്നത് M3 യാണ് . ഇതിനെ മൊത്തം പണവിഭവം എന്നു പറയുന്നു.

നോട്ടുനിരോധനം ( Demonetisation )

2016 നവംബർ 8 - ന് പ്രധാനമന്ത്രി 500 രൂപയുടേയും 1,000 രൂപയുടേയും കറൻസി നോട്ടുകളുടെ നിരോധനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തി. അന്ന് അർധരാത്രി മുതൽ ഈ കറൻസി നോട്ടുകൾ ലീഗൽ ടെൻഡർ അല്ലാതായി. ഈ ആകസ്മിക നീക്കത്തിന് ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടായിരുന്നു . കള്ളപ്പണം പിടിച്ചെടുക്കു കള്ളനോട്ട് ഇല്ലാതാക്കുക , കള്ളനോട്ടും കണക്കിൽ പെടാത്ത പണവും വഴി ധനസഹായം ലഭിച്ചിരുന്ന തീവ്രവാദത്തെ നേരിടുക എന്നിവയായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 2016 ഡിസംബർ 31 വരെ തങ്ങളുടെ കൈവശമുള്ള 500 , 1,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ പൊതുജനങ്ങൾക്ക് സമയം നൽകിയിരുന്നു . കൂടാതെ 4,000 രൂപവരെയുള്ള പഴയ കറൻസികൾ പുതിയ കറൻസിയാക്കാൻ പൊതുജനങ്ങളെ അനുവദിച്ചിരുന്നു. ഡിസംബർ 12 വരെ നിരോധിച്ച നോട്ടുകൾ പെട്രോൾ പമ്പുകളിലും ആശുപത്രികളിലും നികുതികളും ബില്ലുകളും അടയ്ക്കുന്നതിനും സ്വീകരിച്ചിരുന്നു . നിരോധിച്ച നോട്ടുകൾക്കു പകരം 500 രൂപ യുടേയും 2000 രൂപയുടേയും പുതിയ കറൻസി നോട്ടുകൾ കൊണ്ടുവന്നു.

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയിൽ വലിയ പ്രശ്നങ്ങളും ജനങ്ങൾക്ക് താൽക്കാലികമായ ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു . പണം ലഭിക്കുന്നതിനായി മണിക്കൂറുകളോളം എ.ടി.എമ്മുകളുടെ മുൻപിൽ ജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നു . അപര്യാപ്തമായ പണലഭ്യത സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കുകയും അത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു . ഈ ഹ്രസ്വകാല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തീർച്ചയായും വലുതായിരുന്നു . എന്നാൽ നോട്ടുനിരോധനത്തിന്റെ ദീർഘകാല നേട്ടങ്ങൾ ക്രിയാത്മകമായിരിക്കുമെന്നും മറ്റൊരു കാഴ്ചപാടുണ്ട് . ഉയർന്ന നികുതി GDP അനുപാതത്തിൽ പ്രതിഫലിക്കുന്നതുപോലെ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ പുരോഗതിയുണ്ടായി. കൂടുതൽ ആളുകൾ നികുതിയടക്കാൻ തുടങ്ങി . ഏറ്റവും പ്രധാനമായി , ബാങ്കുകളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങളുണ്ടാകുകയും അതുവഴി ബാങ്കിംഗ് സംവിധാനത്തിൽ ലഭ്യമായിരുന്ന മൊത്തം ഫണ്ടുകൾ വർധിക്കുകയും ചെയ്തു. ഇത് കൂടുതൽ പണം നൽകാൻ ബാങ്കുകളെ പ്രാപ്തമാക്കി. ഉയർന്ന വായ്പയുടെ ലഭ്യത വ്യവസായത്തിനും തൊഴിലിനും വളർച്ചയ്ക്കും ഗുണകരമാണ് . നോട്ടുനിരോധനത്തിന്റെ മറ്റൊരു അനുകൂലഫലം അത് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ ത്വരിതപ്പെടുത്തി എന്നതാണ് . ഡിജിറ്റൽ ഇടപാടുകൾ വ്യക്തവും സുതാര്യവുമാണ്.

നോട്ടുനിരോധനത്തിന്റെ ആത്യന്തികപ്രഭാവം നിർണയിക്കാൻ സമയമെടുക്കും. ഡിജിറ്റൽ ഇടപാടുകളും നികുതി നിയമങ്ങളുടെ പാലനവും വർധിക്കുകയാണെങ്കിൽ അതൊരു നേട്ടമാകും. നോട്ടുനിരോധനം കൊണ്ട് അഴിമതി ഇല്ലാതാക്കാം എന്നത് അപ്രായോഗികമായ ആശയമാണ്. അഴിമതി എന്നത് സങ്കീർണവും ബഹുവിധ മാനങ്ങളുള്ള ഒരു പ്രശ്നമാണ്.