അദ്ധ്യായം 8:-
അടിസ്ഥാനസൗകര്യങ്ങൾ.
ആമുഖം ഒരു കെട്ടിടം നിര്‍മ്മിക്കണമെങ്കില്‍, അതിന് ഭദ്രമായ ഒരടിത്തറ വേണം. തറയ്ക്കു മുകളിലുള്ള നിര്‍മ്മിതിയാണ് കെട്ടിടം; അടിയിലുള്ള നിര്‍മ്മിതിയാണ് തറ. അതുപോലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍, അതിന് ചില അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായിരിക്കുന്ന ഈ അടിത്തറയക്ക് അഥവാ സൗകര്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എന്നു പറയുന്നു.
എന്താണ് അടിസ്ഥാന സൗകര്യങ്ങള്‍ ? (What is infrastructure ?) സമ്പദ്‌വ്യവസ്ഥയിലെ കാര്‍ഷിക -വ്യാവസായിക-സേവനമേഖലകളിലെല്ലാം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ മിക്കവയ്ക്കും വെള്ളം, വൈദ്യുതി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഈ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് റെയില്‍വേ, റോഡ്, അണക്കെട്ട്, വൈദ്യുതോല്പാദനക്കേന്ദ്രം, തുറമുഖങ്ങള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയ സ്ഥിരം സ്ഥാപനങ്ങളാണ്. സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ വൈദഗ്ദ്ധ്യമുള്ള മനുഷ്യ പ്രയത്നം പ്രദാനം ചെയ്യുന്നു; ആസ്പത്രികൾ പോലെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യപരിപാലനം നടത്തുന്നു. ഇത്തരത്തില്‍ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്കെല്ലാം കൂടി പറയുന്ന പേരാണ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നത്.
ലളിതമായൊരു ഉദാഹരണമെടുക്കാം. ഒരു കര്‍ഷകന്‍ തന്റെ വയലില്‍ നെല്‍കൃഷി നടത്തുന്നു. അയാള്‍ ഉപയോഗിക്കുന്ന വിത്ത് ഒരു കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചതാണ്. വയലിലേക്കാവശ്യമായ വളം എത്തിച്ചത് ഒരു ട്രക്കിലാണ്. ജലസേചനത്തിനായി അയാള്‍ ഉപയോഗിക്കൂന്ന പമ്പ സെറ്റ് പ്രവര്‍ത്തിക്കുന്നത്, അണക്കെട്ടിനോടനുബന്ധിച്ചുള്ള ജനറേറ്റര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ടാണ്. ഉപഗ്രഹം വഴി ടെലിവിഷന്‍ നല്‍കുന്ന കാലാവസ്ഥാ വിവരങ്ങളെ ആശ്രയിച്ചാണ് അയാള്‍ കൃഷി നടത്തുന്നത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പണം അയാള്‍ ബാങ്കില്‍നിന്ന് വായ്പയായി വാങ്ങുന്നു. കൊയ്ത്തു കഴിഞ്ഞാല്‍ നെല്ല് മാര്‍ക്കറ്റിലെത്തിക്കുകയും അവിടെ അത് വിറ്റഴിക്കുകയും ചെയ്യുന്നു. ലഘുവായ ഈ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ എത്രയെത്ര സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത് ! സര്‍വ്വകലാശാല, റോഡ്, വൈദ്യുതി, അണക്കെട്ട്, ജനറേറ്റര്‍, വാര്‍ത്താവിനിമയോപഗ്രഹം, ബാങ്ക്, തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. ഈ സൗകര്യങ്ങളെല്ലാം പ്രദാനം ചെയ്യുന്ന സ്ഥാപനപരമായ സംവിധാനമാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ അടിസ്ഥാന സൗകര്യങ്ങള്‍. വ്യാവസായിക-സേവനമേഖലകളിലേക്കു തിരിഞ്ഞാല്‍, അവിടെ കാര്‍ഷിക രംഗത്താവശ്യമായതിനേക്കാള്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്.സാമ്പത്തിക- സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ (Economic and Social Infrastructure) അടിസ്ഥാന സൗകര്യങ്ങളെ രണ്ടായി തരം തിരിക്കാം –
- സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍
- സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍
Table 8.1 | |||
സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ | സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ | ഗതാഗതം: റോഡ്, റെയില്‍വെ, തുറമുഖം, വിമാനത്താവളം ഡാമുകൾ വൈദ്യുതി: പവര്‍സ്റ്റേഷനുകള്‍ എണ്ണ പ്രക്യതിവാതകക്കുഴലുകള്‍ വാര്‍ത്താവിനിമയം ബാങ്കുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതര ധനകാര്യസ്ഥാപനങ്ങള്‍ |
വിദ്യാഭ്യാസം: സ്കൂളുകള്‍, കോളേജുകള്‍ ആരോഗ്യം: ആശുപത്രികള്‍, ശുചിത്വ സംവിധാനങ്ങള്‍, കുടിവെള്ള പദ്ധതികള്‍ പാര്‍പ്പിടം |
---|
അടിസ്ഥാനസൗകര്യങ്ങളുടെ പ്രസക്തി (Relevance of Infrastructure) സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും മര്‍മ്മപ്രധാനമായൊരു പങ്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ വഹിക്കുന്നത്. വികസിതരാജ്യങ്ങള്‍ക്ക് അത്യന്തം വികസിതമായ സാമ്പത്തിക- സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളുണ്ട്. വികസിത അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കില്‍, മൂലധനം ആ വഴിക്കൊഴുകും. ഇക്കാലത്ത് വികസ്വര രാജ്യങ്ങള്‍ മൂലധനത്തെ ആകര്‍ഷിക്കാനായി പരസ്പരം മത്സരിക്കുകയാണ്. അതുപോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും മൂലധനത്തെ ആകര്‍ഷിക്കാനായി മത്സരിക്കൂന്നു. കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മൂലധനത്തെ ആകര്‍ഷിച്ചെടുക്കുന്നു.
സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അടിസ്ഥാനസാകര്യങ്ങള്‍ നാനാതരത്തില്‍സംഭാവന നല്‍കുന്നു. അതില്‍ പ്രധാനമായവ-- അടിസ്ഥാനസൗകര്യങ്ങള്‍ നിക്ഷേപത്തെ ആകര്‍ഷിക്കുന്നു; അങ്ങനെ വളര്‍ച്ചയ്ക്ക് സൗകര്യപ്പെടുത്തുന്നു.
- അടിസ്ഥാനസൗകര്യങ്ങള്‍ ഉല്പാദനക്ഷമത കൂട്ടുന്നു.
- അടിസ്ഥാനസൗകര്യങ്ങള്‍ ജനങ്ങളുടെ ജീവിത ഗുണമേന്മ വര്‍ധിപ്പിക്കുന്നു.
- സാമുഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ രോഗാതുരത കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി (State of Infrastructure in India) റെയില്‍വേ, റോഡ്, വ്യോമയാനം, വൈദ്യുതോല്പാദനം, കമ്യൂണിക്കേഷന്‍, തുറമുഖം തുടങിയ രംഗങ്ങളില്‍ ഇന്ത്യ പുരോഗതി നേടിയിട്ടുണ്ട്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പാര്‍പ്പിടം തുടങ്ങിയ സാമുഹ്യ അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യ കുറെയേറെ പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട രണ്ടു പോരായ്മകളുണ്ട്.
- ഇന്ത്യയെപോലെ അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാനസൗകര്യ വികസനം തീര്‍ത്തും അപര്യാപ്തമാണ്.
- ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശമാണ്.
- ഗ്രാമീണ വസതികളില്‍ 56 ശതമാനത്തിനു മാത്രമേ വൈദ്യുതി കണക്ഷനുള്ളൂ.
- ഗ്രാമീണ വസതികളില്‍ 43 ശതമാനവും മണ്ണെണ്ണയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
- ഗ്രാമീണ വസതികളില്‍ 90 ശതമാനത്തിലും ഇപ്പോഴും ജൈവ ഇന്ധനമാണ് ഉപയോഗിക്കുന്നത് (വിറക്, ഉണക്കിയ ചാണകം മുതലായവ).
- ഗ്രാമീണ വസതികളില്‍ 76 ശതമാനവും കൂടി വെള്ളത്തിന് ആശ്രയിക്കുന്നത് കിണര്‍, കുളം, തടാകം, പുഴ, തോട് തുടങ്ങിയവയെയാണ്.
- കുഴല്‍ വെള്ളം ലഭിക്കുന്നത് 24 ശതമാനത്തിനു മാത്രമാണ്.
- ഗ്രാമപ്രദേശങ്ങളിലെ ശുചീകരണ സൗകര്യവും വളരെ അപര്യാപ്തമാണ്. ഇത് കേവലം 20 ശതമാനം മാത്രമാണ്.
അടിസ്ഥാന സൗകര്യവികസനത്തിനായി ഇന്ത്യ എത്ര കുറച്ചാണ് ചെലവാക്കുന്നതെന്നും ചില മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസനം എത്രത്തോളം അപര്യാപ്തമാണെന്നും താഴെ ചേര്‍ക്കുന്ന പട്ടികയില്‍നിന്നു മനസ്സിലാക്കാം.
Table 8.2 അടിസ്ഥാന സൗകര്യവികസനം: ചില സൂചകങ്ങള്‍ | ||||||
---|---|---|---|---|---|---|
രാജ്യം | അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം GDP യുടെ % 2013 |
ശുദ്ധമായ കുടിനീരിന്റെ ലഭ്യത (%) 2012 |
മെച്ചപ്പെട്ട ശുചീകരണ സൗകര്യം (%) 2012 |
മൊബൈൽ ഉപയോഗിക്കുന്നവർ (1000 ന് ) 2013 |
വൈദ്യുതി ഉല്പാദനം (1000 KW) 2011 |
|
ചൈന | 49 | 92 | 65 | 89 | 4715 | |
ഇന്ത്യ | 30 | 84 | 35 | 71 | 1052 | |
കൊറിയ | 29 | 98 | 100 | 111 | 520 | |
പാക്കിസ്ഥാന്‍ | 14 | 91 | 47 | 70 | 95 | |
ഇന്‍ഡോനേഷ്യ | 34 | 84 | 59 | 122 | 182 |
ഊര്‍ജം (Energy) ഏതൊരു സാമ്പത്തിക പ്രവര്‍ത്തനത്തിനും ഊര്‍ജം വേണം. പണ്ടുകാലത്ത് സമൂഹത്തിനാവശ്യമായ ഈര്‍ജത്തിലധികവും മനുഷ്യപ്രയത്നത്തിലൂടെയും കന്നുകാലി ഈര്‍ജത്തിലൂടെയുമാണ് കൈവന്നിരുന്നത്. കാളകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, കുത്തകള്‍ തുടങ്ങിയ മൃഗങ്ങളെ ഉപയോഗിച്ച് വന്‍തോതില്‍ ഊര്‍ജോല്‍പാദനം നടത്തിയിരുന്നു. പിന്നീട് സൂര്യപ്രകാശം, കാറ്റ്, വെള്ളച്ചാട്ടം തുടങ്ങിയവയില്‍ നിന്ന് മനുഷ്യന്‍ ഊര്‍ജോല്‍പാദനം ആരംഭിച്ചു. ആധുനിക ലോകത്തിലെ പ്രധാന ഊര്‍ജ ഉറവിടങ്ങള്‍ കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി എന്നിവയാണ്.
ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍ ( Sources of Energy ) ഊര്‍ജത്തിന്റെ ഉറവിടങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം-
- വാണിജ്യ ഊര്‍ജം (Commercial Sources)
- വാണിജ്യേതര ഊര്‍ജം (Non-Commercial Sources)
വാണിജ്യ ഈര്‍ജം എന്നു പറഞ്ഞാല്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഊര്‍ജം എന്നര്‍ത്ഥം. കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം, വൈദ്യുതി എന്നിവയാണ് ഇവയില്‍ പ്രധാനം.
വിറക്, ചവറ്, ഉണങ്ങിയ ചാണകം എന്നിവ വാണിജ്യേതര ഈര്‍ജങ്ങളാണ്. പാചകവൃത്തി പോലുള്ള വീട്ടാവശ്യങ്ങള്‍ക്കാണ് വാണിജ്യേതര ഈര്‍ജം പ്രധാനമായും ഉപയോഗിക്കുന്നത്. വാണിജ്യ ഊര്‍ജത്തിനും വാണിജ്യേതര ഊര്‍ജത്തിനും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം വാണിജ്യ ഈര്‍ജം ക്ഷയിക്കുന്നതും വാണിജ്യേതര ഈര്‍ജം അക്ഷയവുമാണെന്നതാണ്. ആദ്യത്തേത് പുതുക്കാനാകാത്തതാണെങ്കില്‍ രണ്ടാമത്തേത് പുതുക്കാവുന്നതാണ്.പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ (Non – Conventional Energy Sources) ഊര്‍ജത്തെ പരമ്പരാഗതമെന്നും (Conventional) പാരമ്പര്യേതരമെന്നും (Non – Conventional) രണ്ടായി തരംതിരിക്കാം. കല്‍ക്കരി, പെട്രോളിയം, വൈദ്യുതി എന്നിവ പരമ്പരാഗത ഊര്‍ജങ്ങളാണ്. ഇവ ഏറെക്കുറെ പുതുക്കാനാകാത്തതും (Non – Renewable) മലിനീകരണമുണ്ടാക്കുന്നതുമാണ്. പാരമ്പര്യേതര ഊര്‍ജത്തെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്നങ്ങളില്ല. സൂര്യന്‍, കാറ്റ്, വേലിയേറ്റം, തിരമാല, ജൈവപിണ്ഡങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ഉല്പാദിപ്പിക്കുന്നതാണ് പാരമ്പര്യേതര ഊര്‍ജം. ഇവയെല്ലാം പുതുക്കാവുന്നതും (Renewable) കാര്യമായ മലിനീകരണമുണ്ടാക്കാത്തതുമാണ്. നിര്‍ഭാഗ്യവശാല്‍, വന്‍തോതില്‍, കുറഞ്ഞ ചെലവില്‍, പാരമ്പര്യേതര ഈര്‍ജം ഉല്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കപ്പട്ടിട്ടില്ല.
വാണിജ്യോർജത്തിന്റെ ഉപയോഗരീതി (Consumption Pattern of Commercial Energy) ഇന്ത്യയില്‍ ഇന്നത്തെ ഊര്‍ജ്ജ ഉപയോഗരീതി താഴെ പറയും പ്രകാരമാണ്-
വാണിജ്യ ഈര്‍ജം – | 74 ശതമാനം |
---|---|
വാണിജ്യേതര ഈര്‍ജം – | 35 ശതമാനം |
വാണിജ്യോര്‍ജത്തില്‍-
കല്‍ക്കരിയില്‍നിന്ന് – | 54 ശതമാനം |
---|---|
പെട്രോളിയത്തില്‍നിന്ന് – | 32 ശതമാനം |
പ്രകൃതിവാതകത്തില്‍നിന്ന് – | 10 ശതമാനം |
ജലവൈദ്യുതി – | 3 ശതമാനം |
വിവിധ മേഖലകളുടെ വാണിജ്യോര്‍ജ ഉപഭോഗത്തിന്റെ പങ്ക് (Trends in Sectoral Share of Commercial Energy Consumption) കൃഷിക്കും വ്യവസായങ്ങള്‍ക്കും സേവന വിഭാഗങ്ങള്‍ക്കും ഈര്‍ജം വേണം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഈര്‍ജം ആവശ്യമാണ്. ഈ വിവിധ വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഊര്‍ജത്തിന്റെ തോത് താഴെ ചേര്‍ക്കുന്നു –
Table 8.3 വാണിജ്യോര്‍ജജ്ജ ഉപഭോഗത്തിന്റെ വിവിധ മേഖലകളുടെ പങ്ക് (ശതമാനത്തില്‍) | |||||
മേഖല | 1953-54 | 1970-71 | 1990-91 | 2012-13 | |
ഗാര്‍ഹികം | 10 | 12 | 12 | 22 | |
കൃഷി | 01 | 03 | 08 | 18 | |
വ്യവസായം | 40 | 50 | 45 | 45 | |
ഗതാഗതം | 44 | 22 | 28 | 2 | |
മറ്റുള്ളവ | 05 | 07 | 13 | 13 | |
ആകെ | 100 | 100 | 100 | 100 |
വൈദ്യുതി (Power / Electricity)
ഇന്ത്യയിലെ വൈദ്യുതോല്പാദനം (Power Generation in India) ഇന്ത്യയുടെ വൈദ്യുതോല്പാദനത്തിന്റെ ഉറവിടങ്ങള്‍ താഴെ പറയുന്ന തരത്തിലാണ്.
Table 8.4 | |
---|---|
ഊര്‍ജ്ജ ഉറവിടം | ശതമാനം |
താപവൈദ്യുതി | 70 |
ജലം - കാറ്റ് | 16 |
അണുവൈദ്യൂതി | 2 |
മറ്റുള്ളവ | 12 |
വൈദ്യുതിമേഖലയിലെ വെല്ലുവിളികള്‍ (Challenges in Power Sector) ഇന്ത്യയിലെ വൈദ്യുതിമേഖല ഇന്നു പല വെല്ലുവിളികളേയും നേരിടുന്നുണ്ട്. അവയില്‍ പ്രധാനം
- ഇപ്പോള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. കൊല്ലത്തില്‍ എട്ടുശതമാനത്തിലേറെയാണ് വളര്‍ച്ചാനിരക്ക്. ഈ ഉയര്‍ന്ന വളര്‍ച്ചാനിരക്കിനാവശ്യമായത്ര വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കുന്നില്ല.
- വൈദ്യുതോല്പാദനത്തിനുള്ള നമ്മുടെ സ്ഥാപിതശേഷി വളരെ കുറവാണ്; അതിനും പുറമെ, സ്ഥാപിതശേഷി മുഴുവനും ഉപയോഗപ്പെടുത്താന്‍ കഴിയുന്നുമില്ല.
- സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ തീരെ കാര്യക്ഷമതയില്ലാത്ത സ്ഥാപനങ്ങളാണ്. അവയുടെ സഞ്ചിത നഷ്ടം 50,000 കോടി രൂപയിലേറെ വരും.
- ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് വിതരണകേന്ദ്രദങ്ങളിലേക്ക് വൈദ്യുതി അയക്കുമ്പോള്‍ ഒരുപാട് വൈദ്യുതി നഷ്ടപ്പെടുന്നു; അതിന് ട്രാൻസ്മിഷൻ നഷ്ടം എന്ന് പറയും. വൈദ്യുതി വിതരണം ചെയ്യുമ്പോഴും കുറെ നഷ്ടപ്പെടുന്നു; അതാണ് ഡിസ്ട്രിബ്യൂഷന്‍ നഷ്ടം. ഉപയോക്താക്കള്‍ക്കുള്ള സബ്സിഡിയിനത്തിലും ഭീമമായ നഷ്ടം സംഭവിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ വൈദ്യുതി മോഷണം വ്യാപകവുമാണ്.
- വൈദ്യുതിയുടെ ലഭ്യത സുസ്ഥിരമല്ല. ഇടയ്ക്കിടെ വൈദ്യുതവിതരണം സ്തംഭിക്കും - പവര്‍കട്ട്.
- താപവൈദ്യുതോല്പാദനക്രേന്ദ്രങ്ങള്‍ക്ക് ആവശ്യത്തിന് വേണ്ടത്ര കല്‍ക്കരി കിട്ടുന്നില്ല. അണുവൈദ്യുതികേന്ദ്രങ്ങള്‍ക്ക് ആവശ്യമായ യുറേനിയത്തിനും ക്ഷാമമുണ്ട്.
- വൈദ്യുതോല്പാദനത്തിനുള്ള പൊതുമേഖലാ നിക്ഷേപം വര്‍ദ്ധിപ്പിക്കുക.
- PPP പ്രോത്സാഹിപ്പിക്കുക (പൊതു-സ്വകാര്യ പങ്കാളിത്തം).
- ജലവൈദ്യുതി, കാറ്റില്‍നിന്നുള്ള വൈദ്യുതി തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജ്ജങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക.
- CFL ലാമ്പുകളുടെ ഉപയോഗം പോലെ ഊര്‍ജ്ജലാഭമുണ്ടാക്കുന്ന തന്ത്രങ്ങള്‍ അവലംബിക്കുക.
- അന്താരാഷ്ട്ര സഹകരണത്തോടെ അണുവൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക.
ഉര്‍ജ്ജം ലാഭിക്കല്‍
ഊര്‍ജ്ജകാര്യക്ഷമതാ ബ്യൂറോയുടെ നിഗമനത്തില്‍, CFL ബള്‍ബുകള്‍. സാധാരണ ബള്‍ബുകളേക്കാള്‍ 80 ശതമാനത്തോളം ഊര്‍ജ്ജം കുറവുമാത്രമാണ് ഉപയോഗിക്കുന്നത്. CFL ബള്‍ബുകളുടെ ഉല്പാദകരായ ഇന്‍ഡോ-ഏഷ്യന്‍ എന്ന സ്ഥാപനം പറയുന്നത് 100 വാട്ടിന്റെ (Walts) സാധാരണ ബള്‍ബുകള്‍ക്കുപകരം 20 വാട്ടിന്റെ CFL ബള്‍ബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി ഉല്പാദനത്തില്‍ 80 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ്. ഇത് ഏകദേശം 400 കോടിയുടെ മിച്ചമുണ്ടാക്കിത്തരുമെന്നും അവര്‍ പറയുന്നു.
ആരോഗ്യം (Health) ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം. മനുഷ്യവിഭവമാണ് ഏറ്റവും ഉല്പാദനക്ഷമമായ വിഭവം. സാമ്പത്തിക വിദഗ്ദ്ധന്മാര്‍ ഒരു ജനതയുടെ ആരോഗ്യ സ്ഥിതിയെ വിലയിരുത്തുന്നത് താഴെ പറയുന്ന സൂചകങ്ങള്‍ നോക്കിയാണ്-
- ശിശുമരണനിരക്ക്.
- പ്രസവാനന്തര മരണനിരക്ക്.
- ആയൂര്‍ദൈര്‍ഘ്യം.
- പോഷകസ്ഥിതി.
- രോഗാതുരത.
- ആരോഗ്യ അടിസ്ഥാന സൌകര്യങ്ങള്‍.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ (Health Infrastructure) ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അതി പ്രധാനമാണ്. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നതില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു
- 1) ആസ്പത്രികൾ
- 2) ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ പ്രൊഫഷനലുകള്‍
- 3) കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍
- 4) ചികിത്സോപകരണങ്ങള്‍
- 5) വേണ്ടത്ര ഔഷധങ്ങള്‍
ഇന്ത്യയിലെ ആരോഗ്യ സംവിധാനം (Health System in India) ആരോഗ്യ പരിപാലനത്തിനുള്ള ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മൂന്നു തലങ്ങളിലായി പടര്‍ന്നു കിടക്കുന്നു. അവ.
- പ്രൈമറി ആരോഗ്യരക്ഷ
- സെക്കന്‍ഡറി ആരോഗ്യരക്ഷ
- ടെര്‍ഷ്യറി ആരോഗ്യരക്ഷ
1) പ്രൈമറി ആരോഗ്യരക്ഷ പ്രൈമറി ആരോഗ്യരക്ഷയില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
- ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം.
- രോഗങ്ങള്‍ തിരിച്ചറിയാനും തടയാനും നിയന്ത്രിക്കാനുള്ള പഠനം.
- പോഷകാഹാരം, ശുദ്ധജലം, ശുചീകരണം എന്നിവ സംബന്ധിച്ച ഉദ്ബോധനം.
- കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യപരിപാലനം.
- പകര്‍ച്ചവ്യാധികള്‍ക്കെതിരായ കുത്തിവയ്പുകള്‍.
- അവശ്യ ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍.
- ഏതാണ്ട് 5000 പേര്‍ക്ക് ഒന്ന് എന്ന തോതില്‍ സബ്സെന്ററുകള്‍.
- ബ്ലോക്ക് തലത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍.
- ജില്ലാതലത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.
2) സെക്കന്‍ഡറി ആരോഗ്യരക്ഷ സെക്കന്‍ഡറി ആരോഗ്യരക്ഷയ്ക്കുള്ള സ്ഥാപനങ്ങളില്‍ എക്സറേ, സ്‌കാനിങ്, ഇ.സി.ജി., സര്‍ജറി തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ടാക്കണം. ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട പട്ടണങ്ങളിലുമാണ് സെക്കന്‍ഡറി ആരോഗ്യരക്ഷയ്ക്ക് സൗകര്യം ലഭിക്കുക.
3) ടെര്‍ഷ്യറി ആരോഗ്യരക്ഷ ടെര്‍ഷ്യറി ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ എന്നു പറയുന്നത് ആരോഗ്യരക്ഷാ സംവിധാനത്തിന്റെ മേല്‍ത്തട്ടാണ്. മെഡിക്കല്‍ വിദ്യാഭ്യാസവും ഗവേഷണവും നടക്കുന്ന കേന്ദ്രങ്ങളാണിവ. ചികിത്സാ സൗകര്യങ്ങളോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും സൗകര്യമുണ്ടായിരിക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. (AIMS), നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (NIMHANS) തുടങ്ങിയവ ഉദാഹരണം. മേത്തരം ചികിത്സാസൗകര്യങ്ങളോടുകൂടിയ ആധുനിക ആസ്പത്രികളും ഈ ഗണത്തില്‍പെടും.
ഹെല്‍ത്ത് സബ്സെന്ററുകള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ സ്ഥാപിതമായതോടെ ജനങ്ങള്‍ക്ക് ആരോഗ്യസംരക്ഷണത്തിനുള്ള സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചിടുണ്ട്. 2000-ഠാമാണ്ടിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1,40,000 സബ്സെന്റ്റുകളും 24,000 പ്രൈമറി ഹെല്‍ത്ത് സെന്ററുകളും 3000 കമ്യൂണിിറ്റി ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. ആസ്പത്രികള്‍, ഡിസ്പെന്‍സറികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയ്ക്ക് ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവ വേണം. ഡോക്ടര്‍മാരെ സഹായിക്കുന്ന നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബറട്ടറി ടെക്നീഷ്യന്മാര്‍ തുടങ്ങിയവരെയാണ് പാരമെഡിക്കല്‍ സ്റ്റാഫ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിലെ ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനമുണ്ടായിട്ടുണ്ട്. താഴെ ചേര്‍ക്കുന്ന പട്ടിക ഇത് വ്യക്തമാക്കും.Table 8.5 ഇന്ത്യയിലെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ | |||
---|---|---|---|
ഇനം | 1951 | 2000 | 2013 - 14 |
ആസ്പത്രികള്‍ | 2694 | 15888 | 19817 |
കട്ടില്‍ (ആസ്പത്രി + ഡിസ്പെന്‍സറി) | 11700 | 719861 | 628708 |
ഡിസ്പെന്‍സറികള്‍ | 6600 | 23065 | 24392 |
കമ്യൂണിറ്റി ആരോഗ്യകേന്ദ്രം | -- | 3043 | 24448 |
പ്രൈമറി ഹെല്‍ത്ത് സെന്റര്‍ | 725 | 22842 | 151684 |
സബ്സെന്റര്‍ | -- | 137311 | 5187 |
ആരോഗ്യ അടിസ്ഥാന സൗകര്യവും സ്വകാര്യമേഖലയും (Private Sector Health Infrastructure) പൊതുമേഖലയിലെ ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ വികസിച്ചുവെങ്കിലും, ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിലെ ആരോഗ്യരക്ഷയ്ക്ക് അത് തീര്‍ത്തും അപര്യാപ്തമാണ്. ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് സെന്ററുകളും, പലതിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങളും, തൃപ്തികരമല്ലതാനും. തന്മൂലം സ്വകാര്യമേഖലയിലെ ആരോഗ്യപരിപാലന സംവിധാനം കണ്ണഞ്ചിക്കൂന്ന വളര്‍ച്ച നേടിയിട്ടുണ്ട്. താഴെ ചേര്‍ക്കുന്ന വസ്തുതകള്‍ അത് തെളിയിക്കും-
- ഇന്ത്യയിലെ ആസ്പത്രികളില്‍ 70 ശതമാനത്തിലേറെ സ്വകാര്യമേഖലയിലാണ്.
- ആസ്പത്രികളില്‍ ലഭ്യമായ കട്ടിലുകളില്‍ 40 ശതമാനവും സ്വകാര്യമേഖലയിലാണ്.
- ഡിസ്പെന്‍സറികളില്‍ 60 ശതമാനത്തിലേറെ സ്വകാര്യമേഖലയിലാണ്.
- രാജ്യത്ത് ചികിത്സാസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തിയിട്ടുണ്ട്. ഒരു വ്യക്തി ഒറ്റയ്ക്കു നടത്തുന്ന തരം സ്ഥാപനങ്ങളാണ് ഇവയില്‍ മിക്കവയും. 2001-02ല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ 13 ലക്ഷത്തില്‍പരമുണ്ടായിരുന്നു.
- അടുത്തകാലത്ത് സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ മുളച്ചു പൊന്തിയിട്ടുണ്ട്.
- ഇന്ത്യയിലെ ഔഷധനിര്‍മ്മാണവ്യവസായം ഏറെക്കുറെ പൂര്‍ണമായും സ്വകാര്യമേഖലയിലാണ്.
മെഡിക്കല്‍ ടുറിസം: ഇന്ത്യയിലെ സാധ്യതകള്‍ (Medical Tourism: Prospects for India)
ആരോഗ്യ മേഖലയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഒരു വിഭാഗമാണ് മെഡിക്കല്‍ ടൂറിസം. ചികിത്സയ്ക്കായി ആളുകള്‍ ഇന്ത്യയിലെത്തുന്നതിനെയാണ് മെഡിക്കല്‍ ടുറിസം എന്നു പറയുന്നത്. പണ്ട് ഇന്ത്യക്കാര്‍ ചികിത്സയ്ക്കായി വിദേശത്തു പോകുകയാണ് പതിവ്. ഇന്നാകട്ടെ, വിദേശികള്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നു. എന്താണിതിനു കാരണം?- ചികിത്സയ്ക്കാവശ്യമായ, അത്യന്തം പൂരോഗമിച്ച മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലിന്ന് ലഭ്യമാണ്. സ്‌കാനിങ്, സര്‍ജറി തുടങ്ങിയവയ്ക്കാവശ്യമായ അത്യാധുനികമായ, അത്യപൂര്‍വ്വമായ ഉപകരണങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്.
- അതിസമര്‍ത്ഥരായ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഇന്ത്യയിലിന്ന് ധാരാളമുണ്ട്.
- ഡിസ്പെന്‍സറികളില്‍ 60 ശതമാനത്തിലേറെ സ്വകാര്യമേഖലയിലാണ്.
- ഇന്ത്യയിലെ ഔഷധ നിര്‍മ്മാണവ്യവസായം അത്യധികം പുരോഗമിച്ചതാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന ഔഷധങ്ങളാകട്ടെ, ലോകത്തില്‍ വച്ചേറ്റവും വില കുറഞ്ഞവയുമാണ്. വികസിതരാജ്യങ്ങളിലേതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ചികിത്സാചെലവ് വളരെ താഴ്ന്നതാണ്.
ഭാരതീയ ചികിത്സാസംവിധാനങ്ങള്‍ (Indian Systems of medicine - ISM) അലോപ്പതീ ഒരു പാശ്ചാത്യ ചികിത്സാരീതിയാണ്. ഇന്ത്യയ്ക്ക് പ്രസിദ്ധമായൊരു ചികിത്സാരീതി സ്വന്തമായുണ്ട്. ഭാരതീയ ചികിത്സാസംവിധാനം ആറു രീതികള്‍ ഉള്‍പ്പെട്ടതാണ്.
ഭാരതീയ ചികിത്സാ സംവിധാനങ്ങള്‍
- ആയുര്‍വേദം.
- യുനാനി.
- പ്രകൃതിചികിത്സ.
- യോഗ.
- സിദ്ധ.
- ഹോമിയോപതി.
ആരോഗ്യവും അടിസ്ഥാന സൗകര്യങ്ങളും: ഒരു വിമർശനാത്മക വിലയിരുത്തൽ (Health and health Infrastructure : A Critical Appraisal) ഒരു ജനതയുടെ ആരോഗ്യസ്ഥിതി നിര്‍ണയിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ ഉപയോഗിക്കുന്ന സൂചകങ്ങളെക്കുറിച്ച് നാം മുമ്പ് ചര്‍ച്ച ചെയ്യുകയുണ്ടായി. ആരോഗ്യസൂചകങ്ങളുടെ കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങളെക്കാള്‍ എത്രയോ മുന്നിലാണ്. വികസ്വരരാജ്യങ്ങള്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുണ്ട്. മറ്റു ചില രാജ്യങ്ങളുടേതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ആരോഗ്യപദവിയില്‍ ഇന്ത്യയുടെ സ്ഥിതി എന്താണെന്ന് താഴെ ചേര്‍ക്കുന്ന പട്ടിക വ്യക്തമാക്കും.
Table 8.6 ആരോഗ്യസൂചകങ്ങള്‍ - ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും | ||||
---|---|---|---|---|
സൂചകങ്ങള്‍ | ഇന്ത്യ | ചീന | അമേരിക്ക | ശ്രീലങ്ക |
ശിശുമരണനിരക്ക് (ജീവനോടെ ജനിച്ച 1000 പേരില്‍) | 44 | 12 | 6 | 8 |
വിദഗ്ദ്ധ മേല്‍നോട്ടത്തിലുള്ള പ്രസവം | 67 | 96 | 99 | 99 |
ഡിപകര്‍ച്ചവ്യാധികള്‍ക്കെതിരെ സമ്പൂര്‍ണ്ണ കുത്തിവെപ്പ് | 72 | 99 | 99 | 99 |
ആരോഗ്യരക്ഷാചെലവ് (GDP യുടെ ശതമാനം) | 3.9 | 5.1 | 17.7 | 3.3 |
ആരോഗ്യരക്ഷയ്ക്കുള്ള സര്‍ക്കാര്‍ ചെലവ് (സര്‍ക്കാരിന്റെ ആകെ ചെലവിന്റെ ശതമാനം) |
8.2 | 12.5 | 20.3 | 6.5 |
ധനിക - ദരിദ്ര വ്യത്യാസവും നഗര - ഗ്രാമ വ്യത്യാസവും (Rich - Poor and Urban - Rural Divide) ധനികരും ദരിദ്രരും തമ്മിലും നാഗരികരും ഗ്രാമീണരും തമ്മിലുമുള്ള വലിയ അസമത്വമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷത. ' ആരോഗ്യ രക്ഷാകാര്യത്തിലും ഈ അസമത്വം കാണാം, ചില വസ്തുതകള്‍ ഇതാ-
- ഇന്ത്യക്കാരില്‍ 70 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ആസ്പത്രികളില്‍ 20 ശതമാനമേ ഗ്രാമങ്ങളിലുള്ളൂ.
- 20 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന ഗ്രാമങ്ങളിലുള്ളത് ഡിസ്പെന്‍സറികളില്‍ 50 ശതമാനം മാത്രമാണ്.
- കിടത്തി ചികിത്സിക്കാനുള്ള കട്ടിലുകളില്‍ 11 ശതമാനം മാത്രം ഗ്രാമങ്ങളിലുളളപ്പോള്‍ 89 ശതമാനവും നഗരപ്രദേശങ്ങളിലാണ്.
- ഗ്രാമപ്രദേശങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്റ്‌റുകളില്‍ (PHCs) എക്സറേ, രക്തപരിശോധന തുടങ്ങിയവയ്ക്കൊന്നും സൗകര്യമില്ല.
- ഗ്രാമീണ ആരോഗ്യരക്ഷാപരിപാടിയില്‍ സ്പെഷലിസ്റ്റുകളുടെ സേവനം ലഭ്യമല്ല.
- ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരെപ്പോലെയുള്ള മെഡിക്കല്‍ സേവകര്‍ക്ക് വലിയ ക്ഷാമമാണ്. ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറല്ല.
- കുറഞ്ഞ വരുമാനം മാത്രമുള്ള ഗ്രാമീണര്‍ക്ക് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചികിത്സയ്ക്കായി ചെലവാക്കേണ്ടിവരുന്നു. ഇതവരുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യം (Women's Health) മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും ജനങ്ങളില്‍ പകുതി സ്ത്രീകളാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കര്‍ഹമായത് കിട്ടുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴില്‍ എന്നീ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ക്കെതിരായ വിവേചനം പ്രകടമാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.
- സാക്ഷരതയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണ്.
- സംഘടിതമേഖലയില്‍ സ്ത്രീകള്‍ കുറവാണ്.
- രോഗാതൂരത പുരുഷമ്മാര്‍ക്കുള്ളതിലേറെ സ്ത്രീകള്‍ക്കാണ്.
- പോഷകാഹാരരാഹിത്യം കൂടുതല്‍ സ്ത്രീകളിലാണ്.
- 15 വയസ്സിനും 49 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകളില്‍ 50 ശതമാനവും രക്തക്കുറവും വിളര്‍ച്ചയും അനുഭവിക്കുന്നവരാണ്.
- പുത്രന്മാര്‍ക്കു വേണ്ടിയുള്ള ആഗ്രഹം മൂലം പെണ്‍ ഭ്രൂണഹത്യ പോലുള്ള പല ദുരാചാരങ്ങളും നടക്കുന്നു.
സമാപനം (Conclusion) സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമായ ഒരു ഉപാധിയാണ് അടിസ്ഥാന സൗകര്യവികസനം. അടിസ്ഥാന സൌകര്യങ്ങള്‍ വികസിതമായാല്‍, അത് മൂലധന നിക്ഷേപത്തെ ആകര്‍ഷിച്ചുവരുത്തും; ഉല്പാദനക്ഷമത കൂട്ടും; ജനജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കും. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാമ്പത്തിക - സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ മികച്ച പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട ചില പോരായ്മകള്‍ അവശേഷിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം,ഗ്രാമ-നഗര വ്യത്യാസം തുടങ്ങിയവയാണ് പ്രധാനം. ഈ പോരായ്മകള്‍ നികത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കൂടാതെ, ഇന്ത്യയില്‍ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റോഡ്, വൈദ്യുതി തുടങ്ങിയ ഇന്നു ലഭ്യമായ സാമ്പത്തിക അടിസ്ഥാന സൌകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. ഗവണ്‍മെന്റ് മാത്രം വിചാരിച്ചാല്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാനാവില്ല. ഈ രംഗത്ത് പൊതു - സ്വകാര്യമേഖലാ പങ്കാളിത്തത്തിന് (PPP) ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയും.
സംഗ്രഹം
- സാമ്പത്തിക പ്രവര്‍ത്തനങ്ങക്ക് ആധാരമായ ഭാതിക സൗകര്യങ്ങളുടെയും സാമൂഹ്യസേവനങ്ങളുടെയും സമാഹാരത്തിനു പറയുന്ന പേരാണ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നത്.
- അടിസ്ഥാന സൗകര്യങ്ങളില്‍ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളും സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടും.
- സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അടിസ്ഥാന സൗകര്യവികസനം അനിവാര്യമാണ്. അടിസ്ഥാന സൗകര്യങ്ങളുണ്ടായാല്‍ അത് മൂലധനനിക്ഷേപത്തെ ആകര്‍ഷിക്കും; ഉല്പാദനക്ഷമത കൂട്ടും; ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കും.
- ഇന്ത്യയിലെ അടിസ്ഥാന സൌകര്യങ്ങള്‍ കുറെയേറെ വികസിച്ചിട്ടുണ്ട്; എന്നാല്‍ അത് ആവശ്യത്തിന് മതിയാകുന്നത്രയില്ല.
- സാമ്പത്തിക വളര്‍ച്ചയ്ക്ക് വൈദ്യുതിയുടെ ലഭ്യത നിര്‍ണ്ണായകമാണ്. എന്നാല്‍ ഇന്ത്യയിലെ വൈദ്യുതി മേഖല പല വെല്ലുവിളികളേയും നേരിട്ടുകൊണ്ടിരിക്കുകയാണ്.
- ആരോഗ്യരക്ഷാരംഗം ഇന്ത്യയില്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആരോഗ്യരക്ഷയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിതമായിട്ടുണ്ട്. എന്നാല്‍ ആരോഗ്യരക്ഷാകാര്യത്തില്‍ ഗ്രാമ-നഗരപ്രദേശങ്ങള്‍ക്കിടയിലുള്ള അസമത്വവും ദരിദ്ര-ധനിക ജനവിഭാഗങ്ങള്‍ക്കിടയിലുള്ള അസമത്വവും രൂക്ഷമാണ്.
- ആരോഗ്യരക്ഷാ കാര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം രൂക്ഷമാണ്.
- അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ പൊതു -സ്വകാര്യപങ്കാളിത്തത്തിന് വലിയൊരു പങ്കുവഹിക്കാനുണ്ട്.