Chapter 5:-
Market Equilibrium.
ആമുഖം ( Introduction ) ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥയിൽ ചോദനവും പ്രദാനവും ചേർന്നാണ് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്നത്. ചോദനവും പ്രദാനവും ചേർന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്ന പ്രക്രിയയെ വില സംവിധാനം (Price mechanism) എന്നു പറയുന്നു. ചോദനവും പ്രദാനവും ചേർന്ന് എങ്ങനെ വില നിർണയിക്കുന്നുവെന്ന് ചർച്ചചെയ്യാം.
സന്തുലിതാവസ്ഥ, അധിക ചോദനം, അധിക പ്രദാനം (Equilibrium, Excess Demand, Excess Supply) സന്തുലിതാവസ്ഥ എന്നു പറഞ്ഞാൽ ബാലൻസ് (balance) അഥവാ സമം തുല്യം എന്നാണർത്ഥം. അതായത്, അങ്ങോട്ടുമിങ്ങോട്ടും ചായാത്ത അവസ്ഥ. എല്ലാ ഉപഭോക്താക്കളുടെയും ഉല്പാദകരുടെയും ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നതും കമ്പോളം ക്ലിയർ ചെയ്യപ്പെടുന്നതുമായ അവസ്ഥയെ സന്തുലിതാവസ്ഥ എന്ന് നിർവചിക്കാം. സന്തുലിതാവസ്ഥയിൽ കമ്പോളത്തിലെ എല്ലാ ഉപാദകരും വില്ക്കാൻ ആഗ്രഹിക്കുന്ന ഉല്പന്നത്തിന്റെ അളവും എല്ലാ ഉപഭോക്താക്കളും വാങ്ങാൻ ആഗ്രഹിക്കുന്ന ഉല്പന്നത്തിന്റെ അളവും തുല്യമായിരിക്കും. അതായത്, സന്തുലിതാവസ്ഥയിൽ കമ്പോള പ്രദാനവും ചോദനവും തുല്യമായിരിക്കും എന്നർത്ഥം. ചോദനവും പ്രദാനവും തുല്യമാകുമ്പോഴുള്ള വില സന്തുലിത വില എന്നറിയപ്പെടുന്നു. സന്തുലിത വിലയിൽ ചോദനവും പ്രദാനവും തുല്യമായിരിക്കും. വില ഏറ്റവും ഉയർന്നിരിക്കുമ്പോൾ ഉപഭോതാക്കൾ സാധനം വാങ്ങുന്നതിന് തയ്യാറാവുന്നില്ല. വില വളരെ താഴ്ന്നിരിക്കുമ്പോഴാകട്ടെ വില്ക്കുന്നതിന് വിക്രേതാക്കളും തയ്യാറായിരിക്കുകയില്ല. അപ്പോൾ വില കുറയ്ക്കാൻ വില്പനക്കാരും ഉയർന്ന വില നൽകാൻ വാങ്ങുന്നവരും നിർബന്ധിതരാകുന്നു. ഇങ്ങനെ ചോദനവും പ്രദാനവും ചേർന്ന് ഉപഭോക്താക്കൾ വാങ്ങാനും വില്പനക്കാർ വില്ക്കാനും തയ്യാറാകുന്ന സന്തുലിത വില നിർണയിക്കുന്നു.
സന്തുലിത വിലയിൽ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന സാധനത്തിന്റെ അളവിനെ സന്തുലിത അളവ് (equilibrium quantity) എന്നു പറയുന്നു. ചോദനവും പ്രദാനവും വിലയുടെ ധർമങ്ങളാണെന്ന് നമുക്കറിയാം. qd (P*) കമ്പോള ചോദനവും qs (P*) കമ്പോള പ്രദാനവുമായാൽ കമ്പോള സന്തുലിതാവസ്ഥ qd (P*) = qs (P*). P* , q* എന്നത് യഥാക്രമം സന്തുലിത വിലയും സന്തുലിത അളവുമാണ്.
സന്തുലിതാവസ്ഥ ഇല്ലാത്ത പെരുമാറ്റം (Out of Equilibrium Behaviour)
സമ്പൂർണ കിടമത്സരമുള്ള വിപണിയിൽ അസന്തുലിതാവസ്ഥ സംഭവിക്കുമ്പോൾ ഒരു അദൃശ്യകരം ഇടപെടുമെന്ന് ആഡം സ്മിത്ത് (1723-1790) അഭിപ്രായപ്പെടുന്നു. ചോദനം കൂടുതലുള്ള അവസ്ഥയിൽ ഈ അദൃശ്യകരം വില കൂട്ടുന്നു. അതുപോലെ പ്രദാനം കൂടുതലുള്ള അവസ്ഥയിൽ അദൃശ്യകരം വില കുറയ്ക്കുന്നു. ഈ പ്രക്രിയ വഴി കമ്പോളത്തിൽ സന്തുലിതാവസ്ഥ സംഭവിക്കുന്നു.
Table 5.1 | |||
---|---|---|---|
വില | ചോദനം | പ്രദാനം | അവസ്ഥ |
10 | 800 | 400 | 400 – അധിക ചോദനം (D > S) |
20 | 600 | 600 | സന്തുലിതാവസ്ഥ (D = S) |
30 | 500 | 700 | 200 – അധിക പ്രദാനം (S > D) |
Table 5.2 | |||
---|---|---|---|
വില | ചോദനം | പ്രദാനം | അവസ്ഥ |
10 | 500 | 100 | 400 – അധിക ചോദനം (D > S) |
20 | 400 | 200 | 200 – അധിക ചോദനം (D > S) |
30 | 300 | 300 | സന്തുലിതാവസ്ഥ (D = S) |
40 | 200 | 400 | 200 – അധിക പ്രദാനം (S > D) |
50 | 100 | 500 | 400 – അധിക പ്രദാനം (S > D) |
Table 5.3 | ||
---|---|---|
വില | ചോദനം | പ്രദാനം |
10 | 1000 | 300 |
20 | 900 | 400 |
30 | 700 | 500 |
40 | 650 | 650 |
50 | 600 | 800 |
60 | 400 | 1000 |
- (1) വിവിധ വിലകളിൽ അധിക ചോദനവും അധിക പ്രദാനവും കാണുക.
- (2) സന്തുലിത വില എത്ര ?
- (3) സന്തുലിത അളവ് എത്ര?
- (1) 10, 20, 30 എന്നീ വിലകളിൽ അധിക ചോദനം യഥാക്രമം 700, 500, 200; 50, 60 എന്നീ വിലകളിൽ അധികം പ്രദാനം യഥാക്രമം 200, 600.
- (2) 40.
- (3) 650 kg.
കമ്പോള സന്തുലിതാവസ്ഥ ഉല്പാദക യൂണിറ്റുകളുടെ എണ്ണം സ്ഥിരമായിരിക്കുമ്പോൾ (Market Equilibrium: Fixed Number of Firms) സ്ഥാപനങ്ങളുടെ എണ്ണം സ്ഥിരമായിരുന്നാൽ ചോദന-പ്രദാന ശക്തികളുടെ ഫലമായി കമ്പോളം സന്തുലിതാവസ്ഥ പ്രാപിക്കുന്നു. വില വർധിക്കുമ്പോൾ ചോദനം കുറയുകയും വില കുറയുമ്പോൾ ചോദനം കൂടുകയും ചെയ്യുന്നു. അതുപോലെ വില വർധിക്കുമ്പോൾ പ്രദാനം വർധിക്കുകയും വില കുറയുമ്പോൾ പ്രദാനം കുറയുകയും ചെയ്യുന്നു. ഈ രണ്ട് വിപരീത ശക്തികൾ ചേർന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിർണയിക്കുന്നു. ഇത് ഒരു ഡയഗ്രത്തിന്റെ സഹായത്തോടെ വിശദമാക്കാം.
ഡയഗ്രം 5.3 ൽ ചോദനവും പ്രദാനവും x – അക്ഷത്തിലും വില y – അക്ഷത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. DD എന്നത് കമ്പോള ചോദന വക്രവും SS എന്നത് കമ്പോള പ്രദാന വക്രവുമാണ്.
- അധിക ചോദനം: സന്തുലിത വിലയേക്കാൾ കമ്പോള വില കുറവായിരുന്നാൽ ഉള്ള അവസ്ഥയാണ് അധിക ചോദനം (P1 < P*).
- അധിക പ്രദാനം: സന്തുലിത വിലയേക്കാൾ കമ്പോള വില ഉയർന്നിരുന്നാൽ ഉള്ള അവസ്ഥയാണ് അധിക പ്രദാനം (P2 > P*).
ചോദന പ്രദാന സമവാക്യം ഉപയോഗിച്ചുകൊണ്ട് സന്തുലിത വിലയും അളവും കാണുന്ന വിധം (Method of determination of equilibrium price and quantity using equation) ചോദന ധർമ്മവും പ്രദാന ധർമവും അറിയാമെങ്കിൽ സന്തുലിത വിലയും അളവും നിർണയിക്കാം. ഉദാഹരണം 5.3 കാണുക.
EXAMPLE 5.3: qd = 200 – P ചോദന ധർമവും qs = 120 + P പ്രദാന ധർമവുമായാൽ, സന്തുലിതാവസ്ഥയിൽതൊഴിൽവിപണിയിലെ വേതനനിർണയം ( Wage Determination in Labour Market )
പൂർണ മത്സരാധിഷ്ഠിത സാഹചര്യങ്ങളിൽ ചോദന പ്രദാന വിശകലനം ഉപയോഗിച്ചുകൊണ്ട് ഒരു ഉല്പന്നത്തിന്റെ വില എങ്ങനെ നിർണയിക്കുന്നുവെന്ന് കണ്ടുകഴിഞ്ഞു. അതേ ചോദന പ്രദാന വിശകലനം ഉപയോഗിച്ചുകൊണ്ട് , പൂർണ മത്സരാന്തരീക്ഷത്തിൽ വേതനനിർണയം നടത്തുന്നതെങ്ങനെ എന്നു നോക്കാം.
ചരക്കുകൾക്കുള്ള വിപണിക്കും തൊഴിൽ വിപണിക്കും തമ്മിൽ സുപ്രധാനമായൊരു വ്യത്യാസമുണ്ട്. ചരക്കുകളുടെ കാര്യത്തിൽ ചോദനം പ്രധാനമായും ഉപഭോക്താക്കളിൽ നിന്നാണുളവാകുന്നത്; പ്രദാനമാകട്ടെ പ്രധാനമായും സ്ഥാപനങ്ങളിൽനിന്നായിരിക്കും. എന്നാൽ തൊഴിലിന്റെ കാര്യത്തിൽ ചോദനം ഉത്ഭവിക്കുന്നത് സ്ഥാപനങ്ങളിൽനിന്നാണ്; പ്രദാനമുണ്ടാകുന്നത് കുടുംബങ്ങളിൽ നിന്നാണ്.ഒരു സ്ഥാപനം എത്രത്തോളം തൊഴിൽ ആവശ്യപ്പെടും ? ( How much labour will a firm demand ? ) പൂർണ മത്സരാന്തരീക്ഷത്തിലുള്ള ഒരു സ്ഥാപനം പരമാവധി ലാഭമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. അത്തരമൊരു സ്ഥാപനം വളരെയധികം തൊഴിലാളികളെ നിയമിക്കും ( ചോദന ). കൂടുതൽ തൊഴിലാളികളെ നിയമിക്കുമ്പോൾ , അവസാന യൂണിറ്റിന്റെ നിയമനത്തിനു വരുന്ന അധിക ചെലവ് അതു കൊണ്ടുണ്ടാകുന്ന അധിക ലാഭത്തിന് തുല്യമാകുന്നിടത്തോളമായിരിക്കും അത്. അധിക ചെലവ് എന്നു പറയുന്നത് വേതനമാണ് ( W ). അധിക ലാഭമെന്നു പറയുന്നത് പ്രയത്നത്തിന്റെ സീമാന്ത വരുമാനമാണ് ( MRPL ) സീമാന്ത വരുമാനത്തെ സീമാന്ത ഉല്പന്നം കൊണ്ട് ഗുണിച്ചാണ് MRPL കണക്കാക്കുന്നത്.
അതുകൊണ്ട് , W = MRPL ആകുന്നതുവരെ ഒരു സ്ഥാപനം തൊഴിലാളികളെ എടുക്കും. തൊഴിലാളികളെ സംബന്ധിച്ച ചോദന വക്രം കീഴോട്ട് ചായുന്ന ഒന്നായിരിക്കും. ഇതിനു കാരണം അപചയ പ്രത്യായ നിയമത്തിന്റെ പ്രവർത്തനഫലമായി തൊഴിലാളികളുടെ സീമാന്ത ഉല്പാദനക്ഷമത കുറയുന്നതാണ്. കുറഞ്ഞ വേതന നിരക്കിൽ മാത്രമേ കൂടുതൽ തൊഴിലിന് ചോദനമുണ്ടാകൂ.തൊഴിൽ പ്രദാനം എങ്ങനെയിരിക്കും ? ( What about the supply of labour ? ) തൊഴിൽ പ്രദാനമുണ്ടാകുന്നത് കുടുംബങ്ങളിൽ നിന്നാണ്. വേതന നിരക്കും തൊഴിൽ പ്രദാനവും തമ്മിലുള്ള ബന്ധം സങ്കീർണമാണ്. ഒരു തൊഴിലാളിയുടെ വ്യക്തിപരമായ വീക്ഷണഗതി വച്ചാണങ്കിൽ തൊഴിലിന്റെ പ്രദാന വക്രം പിന്നോക്കം ചായുന്നതായിരിക്കും. ഉയർന്ന വേതന നിരക്കുണ്ടാകുമ്പോൾ തൊഴിലാളികൾ പണിയെടുക്കുന്നതിനു പകരം വിശ്രമിക്കാനാണ് താല്പര്യം കാണിക്കുക എന്നതാണിതിനു കാരണം. അപ്പോൾ ഉയർന്ന വേതന നിരക്കിൽ തൊഴിൽ പ്രദാനം കുറഞ്ഞുവെന്നുവരും. പക്ഷേ ഇത് വ്യക്തിഗത പ്രദാനത്തിന് മാത്രമേ ബാധകമാകൂ; വിപണിയിലെ പ്രദാനത്തിനല്ല. വേതന നിരക്കു വർധിക്കുമ്പോൾ വിപണിയിലെ തൊഴിൽ പ്രദാനം വർധിക്കുകയാണ് ചെയ്യുക. വേതനം കൂടുമ്പോൾ കൂടുതൽ തൊഴിലാളികൾ ആകർഷിക്കപ്പെടുമെന്നതാണ് ഇതിനു കാരണം. അതുകൊണ്ട് തൊഴിലിന്റെ കമ്പോള പ്രദാന വക്രം വലതുഭാഗത്ത് മുകളിലേക്ക് ചരിഞ്ഞാണ് വരിക.
കീഴോട്ടു ചായുന്ന തൊഴിലിനുള്ള ചോദന വക്രവും മുകളിലേക്ക് ചാഞ്ഞുകയറുന്ന തൊഴിലിനുള്ള പ്രദാന വക്രവും പരസ്പരം ചോദിക്കുന്ന ബിന്ദുവിലാണ് സന്തുലിത വേതന നിരക്ക് നിർണയിക്കപ്പെടുന്നത്. താഴെ കാണുന്ന രേഖാചിത്രം ഇത് വ്യക്തമാക്കും.ചോദന-പ്രദാനങ്ങളിലെ മാറ്റങ്ങൾ (Shifts in Demand and Supply) വിലയൊഴികെ മറ്റ് ഘടകങ്ങളിൽ മാറ്റമില്ലാതിരിക്കുമ്പോൾ ചോദനവും പ്രദാനവും തുല്യമാകുന്ന അവസ്ഥയാണ് സന്തുലിത വിലയെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ചോദനത്തിലും പ്രദാനത്തിലുമുള്ള മാറ്റങ്ങൾ പുതിയ സന്തുലിത വിലയും സന്തുലിത അളവും സൃഷ്ടിക്കും. ചോദനത്തിലും പ്രദാനത്തിലുമുള്ള മാറ്റങ്ങൾ സന്തുലിത വിലയിലും അളവിലുമുണ്ടാക്കുന്ന മാറ്റങ്ങളെ താഴെ പറയുന്ന തലക്കെട്ടുകളിൽ വിവരിക്കാം:
- I ചോദനത്തിലെ മാറ്റം (പ്രദാനം സ്ഥിരമായിരിക്കുമ്പോൾ )
- II. പ്രദാനത്തിലെ മാറ്റം (ചോദനം സ്ഥിരമായിരിക്കുമ്പോൾ)
- III. ഒരേസമയം ചോദനത്തിലും പ്രദാനത്തിലുമുള്ളമാറ്റം
- (a) ഒരേസമയം ചോദനത്തിലും പ്രദാനത്തിലുമുള്ള വർധനവ്
- (b) ഒരേസമയം ചോദനത്തിലും പ്രദാനത്തിലുമുള്ള കുറവ്
I. ചോദനത്തിലെ മാറ്റം (Shifts in Demand) ചോദനം നിർണയിക്കുന്ന വിലയിതര ഘടകങ്ങളായ ഉപഭോക്താക്കളുടെ വരുമാനം, മറ്റ് വസ്തുക്കളുടെ വില, ഉപഭോക്താവിന്റെ അഭിരുചിയും താല്പര്യങ്ങളും തുടങ്ങിയവയിലുണ്ടാകുന്ന മാറ്റം മൂലം കമ്പോള ചോദന വക്രത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നു. വിലയിതര ഘടകങ്ങളിൽ അനുകൂലമായ മാറ്റം ഉണ്ടാകുമ്പോൾ കമ്പോള ചോദന വക്രം വലതുഭാഗത്തേക്ക് സ്ഥാനം മാറുന്നു. വിലയിതര ഘടകങ്ങളിൽ പ്രതികൂലമായ മാറ്റം ഉണ്ടാകുമ്പോൾ കമ്പോള ചോദന വക്രം ഇടതുഭാഗത്തേക്ക് സ്ഥാനം മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ കമ്പോള പ്രദാന വക്രത്തിന് മാറ്റമുണ്ടാകുന്നില്ല.
(a) പ്രദാന വക്രം സ്ഥാനമാറ്റമില്ലാതെ സ്ഥിരമായി നിൽക്കുകയും ചോദന വക്രം വലത്തേക്ക് സ്ഥാനം മാറുകയും ചെയ്താൽ: സാധാരണ വസ്തുക്കളുടെ കാര്യത്തിൽ ഉപഭോക്താവിന്റെ വരുമാനം കൂടുക, ഗുണനിലവാരം കുറഞ്ഞ വസ്തുക്കളുടെ കാര്യത്തിൽ ഉപഭോക്താവിന്റെ വരുമാനം കുറയുക , പ്രതിസ്ഥാപന വസ്തുക്കളുടെ വില കൂടുക , പൂരകവസ്തുക്കളുടെ വില കുറയുക , ഉപഭോക്താക്കളുടെ എണ്ണം വർധിക്കുക തുടങ്ങിയ അനുകൂല സാഹചര്യങ്ങളിൽ കമ്പോള ചോദന വക്രം വലതുഭാഗത്തേക്ക് സ്ഥാനം മാറുന്നു.
(b) പ്രദാന വക്രം സ്ഥാനമാറ്റമില്ലാതെ സ്ഥിരമായി നിൽക്കു കയും ചോദന വക്രം ഇടത്തേക്ക് സ്ഥാനം മാറുകയും ചെയ്താൽ: വിലയിതര ഘടകങ്ങളിൽ പ്രതികൂലമായ മാറ്റ മുണ്ടായാൽ കമ്പോള ചോദനം കുറയുകയും തൽഫലമായി ചോദന വക്രം ഇടതുഭാഗത്തേക്ക് മാറുകയും ചെയ്യുന്നു. സാധാരണ വസ്തുക്കളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ വരുമാനം കുറയുക , തരംതാണ വസ്തുക്കളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ വരുമാനം കൂടുക , പ്രതിസ്ഥാപന വസ്തുക്കളുടെ വില കുറയുക , കമ്പോളത്തിൽ ഉപഭോക്താക്കളുടെ എണ്ണം കുറയുക തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ കമ്പോള ചോദന വക്രം ഇടതുഭാഗത്തേക്ക് സ്ഥാനം മാറുന്നു.
II. പ്രദാനത്തിലെ മാറ്റം ( Shifts in Supply ) പ്രദാനത്തെ ബാധിക്കുന്ന വിലയിതര ഘടകങ്ങളായ നിവേശങ്ങളുടെ വില , സാങ്കേതികവിദ്യ , യൂണിറ്റ് ടാക്സ് തുടങ്ങിയവയിൽ മാറ്റം ഉണ്ടാകുമ്പോൾ കമ്പോള പ്രദാന വക്രത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നു. വിലയിതര ഘടകങ്ങളിൽ അനുകൂലമായ മാറ്റം ഉണ്ടാകുമ്പോൾ കമ്പോള പ്രദാന വക്രം വലതു ഭാഗത്തേക്ക് സ്ഥാനം മാറുന്നു. വിലയിതര ഘടകങ്ങളിൽ പ്രതികൂലമായ മാറ്റം ഉണ്ടാകുമ്പോൾ കമ്പോള പ്രദാന ഇടതുഭാഗത്തേക്ക് സ്ഥാനം മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചോദന വക്രത്തിൽ മാറ്റമുണ്ടാകുന്നില്ല.
(a) ചോദന വക്രം സ്ഥാനമാറ്റമില്ലാതെ സ്ഥിരമായി നിൽക്കുകയും പ്രദാന വക്രം വലത്തേക്ക് സ്ഥാനം മാറുകയും ചെയ്താൽ: ഉല്പാദക ഘടകങ്ങളുടെ വില കുറയുക , നികുതി നിരക്കുകൾ കുറയുക , സാങ്കേതിക പുരോഗതി ഉണ്ടാകുക , ഉല്പാദക സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പോള പ്രദാന വക്രം വലത്തേക്ക് സ്ഥാനം മാറുന്നു.
(b) ചോദന വക്രം സ്ഥാനമാറ്റമില്ലാതെ സ്ഥിരമായി നിൽക്കുകയും പ്രദാന വക്രം ഇടത്തേക്ക് സ്ഥാനം മാറുകയും ചെയ്താൽ : ഉല്പാദക ഘടകങ്ങളുടെ വില വർധിക്കുക , നികുതി നിരക്കുകൾ വർധിക്കുക , കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുക , ഉല്പാദക സ്ഥാപനങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പോള പ്രദാന വക്രം ഇടത്തേക്ക് സ്ഥാനം മാറുന്നു.
III. ഒരേസമയം ചോദനത്തിലും പ്രദാനത്തിലുമുള്ള മാറ്റം ( Simultaneous shift of demand and supply ) ചോദനത്തിലും പ്രദാനത്തിലും നാലു വിധത്തിൽ സ്ഥാനമാറ്റം സംഭവിക്കാം.
- ( 1 ) ചോദന പ്രദാന വക്രങ്ങൾ ഒരേ സമയം വലത്തേക്ക് സ്ഥാനം മാറുക.
- ( 2 ) ചോദന പ്രദാന വക്രങ്ങൾ ഒരേ സമയം ഇടത്തേക്ക് സ്ഥാനം മാറുക.
- ( 3 ) ചോദന വക്രം വലത്തേക്കും പ്രദാന വക്രം ഇടത്തേക്കും സ്ഥാനം മാറുക.
- ( 4 ) ചോദന വക്രം ഇടത്തേക്കും പ്രദാന വക്രം വലത്തേക്കും സ്ഥാനം മാറുക.
Table 5.4 | |||
---|---|---|---|
ചോദനത്തിലെ മാറ്റം | പ്രദാനത്തിലെ മാറ്റം | സന്തുലിത അളവ് | സന്തുലിത വില |
വലത്തേക്ക് | വലത്തേക്ക് | വർധിക്കുന്നു | വർധിക്കാം , കുറയാം , മാറ്റമില്ലാതിരിക്കാം |
ഇടത്തേക്ക് | ഇടത്തേക്ക് | കുറയുന്നു | വർധിക്കാം , കുറയാം , മാറ്റമില്ലാതിരിക്കാം |
വലത്തേക്ക് | ഇടത്തേക്ക് | വർധിക്കാം , കുറയാം , മാറ്റമില്ലാതിരിക്കാം | വർധിക്കുന്നു |
ഇടത്തേക്ക് | വലത്തേക്ക് | വർധിക്കാം , കുറയാം , മാറ്റമില്ലാതിരിക്കാം | കുറയുന്നു |
കമ്പോള സന്തുലിതാവസ്ഥ : സ്വതന്ത്രമായ പ്രവേശനവും വിട്ടുപോകലും ( Market equilibrium : Free entry and exit ) സ്ഥാപനങ്ങൾക്ക് കമ്പോളത്തിൽ പ്രവേശിക്കാനും വിട്ടുപോകാനും സ്വാതന്ത്ര്യമുള്ള സാഹചര്യത്തിൽ കമ്പോള സന്തുലിതാവസ്ഥ പ്രാപിക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇവിടെ പുതിയ ഉല്പാദക യൂണിറ്റുകൾക്ക് എപ്പോൾ വേണമെങ്കിലും വ്യവസായത്തിലേക്ക് ( industry ) പ്രവേശിക്കുവാനും നിലവിലുള്ള സ്ഥാപനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉല്പാദനം നിർത്തി വ്യവസായം വിട്ടു പോകുന്നതിനും പൂർണ സ്വാതന്ത്ര്യമുണ്ട്.
സന്തുലിതാവസ്ഥയിൽ അമിത ലാഭമോ നഷ്ടമോ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നില്ല എന്നതാണ് ആഗമന – നിർഗമന സ്വാതന്ത്ര്യം കൊണ്ട് സൂചിപ്പിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും സാധാരണ ലാഭം നേടുന്നു. വ്യവസായത്തിൽ അമിത ലാഭം ഉണ്ടെങ്കിൽ പുതിയ സ്ഥാപനങ്ങൾ ആ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നു. പുതിയ സ്ഥാപനത്തിന്റെ പ്രവേശനം പ്രദാനം വർധിപ്പിക്കുന്നു. തന്മൂലം പ്രദാന വക്രം വലത്തേക്ക് നീങ്ങുകയും വില കുറയുകയും ചെയ്യുന്നു. വില കുറയുമ്പോൾ അമിത ലാഭം ഇല്ലാതാകുന്നു. അതുപോലെ , നിലവിലുള്ള സ്ഥാപനങ്ങളിൽ നഷ്ടം വരുമ്പോൾ അവയിൽ ചിലത് ഉല്പാദനം നിർത്തി വ്യവസായം വിട്ടുപോകുന്നു. സ്ഥാപനങ്ങൾ വിട്ടു പോകുമ്പോൾ പ്രദാനം കുറയുകയും പ്രദാന വക്രം ഇടതുഭാഗത്തേക്ക് നീങ്ങുകയും ചെയ്യുന്നു. തന്മൂലം വില വർധിക്കുകയും സ്ഥാപനങ്ങൾ സാധാരണ ലാഭം നേടുകയും ചെയ്യുന്നു. സ്ഥാപനം സാധാരണ ലാഭം നേടുന്നത് വില ചെലവിന്റെ മിനിമത്തിന് തുല്യമാകുമ്പോഴാണ്. അതു കൊണ്ട് , പൂർണ പ്രവേശന നിഷ്ക്രമണ സ്വാതന്ത്ര്യമുള്ളപ്പോൾ സന്തുലിത വില AC യുടെ മിനിമം ബിന്ദുവിന് തുല്യമായിരിക്കും. അതായത് ,- ( 1 ) സന്തുലിത വില എത്ര ?
- ( 2 ) സന്തുലിത ചോദനം എത്ര ?
- ( 3 ) ഒരു സ്ഥാപനത്തിന്റെ പ്രദാനം എത്ര ?
- ( 4 ) കമ്പോളത്തിലെ സ്ഥാപനങ്ങളുടെ എണ്ണം എത്ര ?
- ( 5 ) മൊത്തം പ്രദാനം എത്ര ?
- ( 1 ) സന്തുലിത കമ്പോള വില 10
- ( 2 ) സന്തുലിത ചോദനം , qD = q0 = 100 – P = 100 – 10 = 90
- ( 3 ) qsf 20 + P = 20 + 10 = 10
- ( 4 ) കമ്പോളത്തിലെ സ്ഥാപനങ്ങളുടെ എണ്ണം , n0 = \(\mathbf{-\frac{q_{0}}{q_{f}}}\) = \(\mathbf{-\frac{90}{30}}\) = 3
- ( 5 ) മൊത്തം പ്രദാനം = qsf × n0 = 30 × 3 = 90
ചോദന വക്രത്തിന്റെ സ്ഥാനമാറ്റം ( Shifts in Demand Curve ) ആഗമന – നിർഗമന സ്വാതന്ത്ര്യമുള്ള കമ്പോളത്തിൽ ചോദന വക്രത്തിന് സ്ഥാനമാറ്റം ഉണ്ടായാൽ സന്തുലിത വില , അളവ് , സ്ഥാപനങ്ങളുടെ എണ്ണം എന്നിവയിലുള്ള മാറ്റം പരിശോധിക്കാം. ചില കാരണങ്ങളാൽ , ചോദനത്തിലെ വർധനവ് മൂലം ചോദന വക്രം 5.12 ൽ കാണുന്നതുപോലെ DD – ൽ നിന്ന് D1D1 ആയി സ്ഥാനം മാറിയിരിക്കുന്നു.
- ( 1 ) ചോദന വക്രം വലത്തേക്ക് സ്ഥാനം മാറുമ്പോൾ സന്തുലിത വില മാറ്റമില്ലാതെ സ്ഥിരമായി തുടരുകയും സന്തുലിത അളവും സന്തുലിത സ്ഥാപനങ്ങളുടെ എണ്ണവും വർധിക്കുകയും ചെയ്യുന്നു.
Diagram 5.12
- ( 2 ) ചോദന വക്രം ഇടത്തേക്ക് സ്ഥാനം മാറുമ്പോൾ സന്തുലിത വില മാറ്റമില്ലാതെ സ്ഥിരമായി തുടരുകയും സന്തുലിത അളവും സന്തുലിത സ്ഥാപനങ്ങളുടെ എണ്ണവും കുറയുകയും ചെയ്യുന്നു.
Diagram 5.13
പ്രായോഗികത ( Applications ) വിലനിർണയത്തിൽ ഗവൺമെന്റ് ഇടപെടുമ്പോൾ ചോദന പ്രദാന വിശകലനം കമ്പോളത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് നമുക്ക് പരിശോധിക്കാം. വില പരിധി , തറവില എന്നിവ ഗവൺമെന്റ് വിലനിർണയത്തിന് ഉദാഹരണങ്ങളാണ്. ഗവൺമെന്റ് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി ചില സാധനങ്ങൾക്ക് വില പരിധി നിശ്ചയിക്കുന്നു. അതുപോലെ ഉല്പാദകരെ സംരക്ഷിക്കുന്നതിന് വേണ്ടി ചില ഉല്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കുന്നു.
വില പരിധി ( Price Ceiling ) ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി സാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് നിശ്ചയിക്കുന്ന പരമാവധി വിലയാണ് വില പരിധി. ഇത് സാധാരണയായി അവശ്യ വസ്തുക്കളിലാണ് ചുമത്തപ്പെടുന്നത്. ഉദാഹരണമായി , ഇന്ത്യയിൽ ചില അവശ്യ ഔഷധങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും പഞ്ചസാരയുടെയും മണ്ണണ്ണയുടെയും വില ഗവൺമെന്റ് നിശ്ചയിക്കുന്നു. ഈ വില , വിപണി നിർണയ വിലയേക്കാൾ കുറവായിരിക്കും. വില പരിധി എപ്പോഴും ചോദന പ്രദാന ശക്തികൾ ചേർന്ന് നിർണയിക്കുന്ന കമ്പോള വിലയേക്കാൾ കുറവായിരിക്കും.
- ( 1 ) റേഷൻ കടകളിൽ നീണ്ട ക്യൂവിന് കാരണമാകുന്നു.
- ( 2 ) ഉപഭോക്താവിന് ആവശ്യമുള്ളതിൽ കുറവ് സാധനമാണ് റേഷൻ കടകളിലൂടെ ലഭിക്കുന്നത്. അധിക ചോദനം മൂലം ചില ഉപഭോക്താക്കൾ വില പരിധിയെക്കാൾ ഉയർന്ന വില നൽകാൻ തയ്യാറാകും. ഇത് കരിഞ്ചന്തയ്ക്ക് കാരണമാകുന്നു. ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിലും അത് അവശ്യ സാധനങ്ങളുടെ ക്ഷാമത്തിന് കാരണമാകുന്നു. അതുകൊണ്ട് അവശ്യസാധനങ്ങളുടെ ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനായി അവ റേഷൻ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. അപ്പോൾ വ്യക്തികൾക്ക് ഒരു നിശ്ചിത അളവിൽ കൂടുതൽ സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇത്തരം നിർദിഷ്ട അളവിലുള്ള സാധനങ്ങൾ റേഷൻ കടകളിലൂടെ ( ന്യായവില കടകൾ ) വിതരണം ചെയ്യുന്നു.
തറവില ( Floor Price ) ഉല്പാദകരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി സാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് ചുമത്തുന്ന / നിശ്ചയിക്കുന്ന മിനിമം വിലയാണ് തറവില അഥവാ താങ്ങുവില ( support price ). ചോദന പ്രദാന ശക്തികളുടെ ഫലമായി നിർണയിക്കപ്പെട്ട വില വളരെ താഴ്ന്നതാകുമ്പോൾ ഉല്പാദകർക്ക് നഷ്ടമുണ്ടാകുന്നു. അപ്പോൾ ഗവൺമെന്റ് കമ്പോളത്തിൽ ഇടപെടുകയും സാധനങ്ങൾക്ക് തറവില പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ , നെല്ല് , തേങ്ങ തുടങ്ങിയ കാർഷിക ഉല്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കുന്നതും തൊഴിലാളികൾക്ക് മിനിമം വേതനം പ്രഖ്യാപിക്കുന്നതും ഉദാഹരണങ്ങളാണ്.
Table 5.5 വില പരിധിയും തറവിലയും – ഒരു താരതമ്യ പഠനം | |
വില പരിധി | തറവില |
---|---|
1. ഗവണ്മെന്റ് നിശ്ചയിക്കുന്ന പരമാവധി വില | 1. ഗവണ്മെന്റ് നിശ്ചയിക്കുന്ന കുറഞ്ഞ വില |
2. ഗോതമ്പ് , അരി , മണ്ണെണ്ണ തുടങ്ങിയ അവശ്യ സാധനങ്ങളിന്മേൽ ഏർപ്പെടുത്തുന്നു | 2. നെല്ല് , നാളികേരം തുടങ്ങിയ കാർഷിക സാധന ങ്ങളിന്മേലും തൊഴിലാളികളുടെ മിനിമം കൂലിയിലും ഏർപ്പെടുത്തുന്നു |
3. ഇത് എല്ലായ്പ്പോഴും സന്തുലിത വിലയേക്കാൾ കുറവായിരിക്കും | 3. ഇത് സന്തുലിത വിലയേക്കാൾ കൂടുതലായിരിക്കും |
4. അധിക ചോദനം സൃഷ്ടിക്കുന്നു | 4. അധികം പ്രദാനം സൃഷ്ടിക്കുന്നു |
5. ന്യായവില ഷോപ്പുകൾ തുറക്കുന്നു | 5. മിച്ചം വരുന്ന സാധനങ്ങൾ സർക്കാർ സംഭരിക്കുന്നു |