Plus One Economics Chapter 7: Note in Malayalam
Plus One Economics Chapter 7: Note in Malayalam

Plus One Economics Chapter 7: Note in Malayalam

അദ്ധ്യായം 7:-

തൊഴില്‍: വളര്‍ച്ചയും അനൌപചാരികവല്‍കരണവും
മറ്റു പ്രശ്നങ്ങളും.

Plus One Economics Chapter 7

ആമുഖം

ആളുകള്‍ നാനാതരത്തിലുള്ള ജോലികള്‍ ചെയ്യുന്നത്‌ ഉപജീവനമാര്‍ഗം കണ്ടെത്താനും മനഃസംതൃപ്തിക്കുമാണ്‌. ആളുകള്‍ പണിയെടുക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവനകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ രാജ്യത്തിലെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചും മേന്മയെക്കുറിച്ചുമുള്ള വിവരങ്ങൾ അതില്‍നിന്നു ലഭിക്കുന്നു. മനുഷ്യവിഭവ പ്ലാനിങ്ങിന്‌ അത്‌ സഹായിക്കുന്നു. തൊഴില്‍ രംഗത്തെ ചുഷണം, ബാലവേല, സ്ത്രീകള്‍ക്കെതിരായ വിവേചനം തുടങ്ങിയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്കു പരിഹാരം കാണാനും അത്‌ സഹായിക്കുന്നു.

തൊഴിലാളികളും തൊഴിലും (Workers and Employment)

വരുമാനത്തിന്റെ ആകെ തുക” എന്നതാണ്‌ ദേശീയവരുമാനത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനം. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ജനങ്ങള്‍ക്കുണ്ടാകുന്ന മൊത്തം വരുമാനമാണ്‌ അത്‌. സാമ്പത്തിക പ്രവര്‍ത്തനം എന്നു പറയുന്നത്‌ “മൊത്തം ദേശീയോല്പാദന ” (GNP) ത്തിനു സംഭാവനയാകുന്ന പ്രവര്‍ത്തനങ്ങളാണ്‌. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാര്‍ തൊഴിലാളികളാണ്‌.

ജനങ്ങളുടെ വിദ്യാഭ്യാസയോഗ്യതയിലൂം സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികളിലൂം വലിയ ഏറ്റക്കുറച്ചില്‍ കാണാം. അതുമൂലം ഇന്ത്യയിലെ തൊഴില്‍ സ്ഥിതി വളരെ സങ്കീര്‍ണ്ണമാണ്.

ഇന്ത്യയിലെ തൊഴില്‍സ്ഥിതിയുടെ ചില പ്രധാന സവിശേഷതകള്‍

  • തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിതമേഖലയിലാണ്‌; അതായത്‌ സംഘടിത മേഖലയില്‍ ഏഴു ശതമാനം മാത്രമേയുള്ളൂ.
  • കര്‍ഷക തൊഴിലാളികളെപ്പോലെ തൊഴിലാളികളില്‍ വലിയൊരു ഭാഗത്തിന്‌ കൊല്ലത്തില്‍ അല്പകാലം മാത്രമേ തൊഴില്‍ ലഭിക്കൂ.
  • പണിക്കാരില്‍ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണ്‌. ഗ്രാമങ്ങളിലെ പണിക്കാരില്‍ മൂന്നിലൊന്നും നഗരങ്ങളിലെ പണിക്കാരില്‍ അഞ്ചിലൊന്നും സ്ത്രീകളാണ്‌.
  • അസംഘടിതമേഖലയിലുള്ള തൊഴിലാളികളില്‍ പലര്‍ക്കും മിനിമം വേതനം പോലും ലഭിക്കുന്നില്ല.
  • രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാലവേല നിലവിലുണ്ട്‌.
  • സര്‍ക്കാര്‍ ജീവനക്കാര്‍, നന്നായി പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിങ്ങനെ സംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക്‌ നല്ല ശമ്പളവും പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളും കിട്ടുന്നുണ്ട്‌. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ ഇത്തരം ആനുകുല്യങ്ങളൊന്നുമില്ല.
  • ഇന്ത്യയില്‍ പണിയെടുക്കാന്‍ കഴിവുളള നാല്പതു കോടി ജനങ്ങളുണ്ട്‌ (1999-2000 ലെ കണക്ക്‌). ഇതില്‍ 75 ശതമാനവും ഗ്രാമങ്ങളിലാണ്‌.

തൊഴിലില്‍ ജനപങ്കാളിത്തം (Participation of People in Employment)

ജനസംഖ്യയും തൊഴിലാളികളും തമ്മിലുള്ള അനുപാതത്തെ തൊഴിലില്‍ ജനപങ്കാളിത്തം എന്ന്‌ പറയുന്നു.

Worker Population Ratio

സാധന-സേവനങ്ങളുടെ ഉല്പാദനത്തിന്‌ സജീവമായി സംഭാവന ചെയ്യുന്ന ജനസംഖ്യാ അനുപാതം മനസ്സിലാക്കുന്നതിന്‌ ഈ അനുപാതം (ratio) സഹായിക്കുന്നു. ഉയര്‍ന്ന തൊഴിലാളി – ജനസംഖ്യാ അനുപാതം, ഉല്പാദന പ്രക്രിയയില്‍ തൊഴിലാളികളുടെ കൂടിയ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. കുറഞ്ഞ തൊഴിലാളി-ജന സംഖ്യാ അനുപാതം ഉല്പാദന പ്രക്രിയയില്‍ തൊഴിലാളികളുടെ കുറഞ്ഞ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.

Table 7.1 ഇന്ത്യയിലെ തൊഴിലാളി- ജനസംഖ്യ അനുപാതം (2009-2010)

ലിംഗഭേദം ഇന്ത്യയിലെ തൊഴിലാളി- ജനസംഖ്യ അനുപാതം
ആകെ ഗ്രാമീണം നാഗരികം
പുരുഷന്മാര്‍ 54.4 54.3 54.6
സ്ത്രീകള്‍ 21.9 24.8 14.7
ആകെ 38.6 39.9 35.5

ഈ പട്ടികയില്‍നിന്ന്‌ മനസ്സിലാകുന്നത്‌-

  • ജനങ്ങളില്‍ 39 ശതമാനത്തോളം തൊഴിലാളികളാണ്‌.
  • തൊഴിലാളി-ജനസംഖ്യാ അനുപാതം ഗ്രാമങ്ങളില്‍ 40 ശതമാനവും നഗരപ്രദേശങ്ങളില്‍ 35.5 ശതമാനവുമാണ്‌.
  • തൊഴിലാളികളില്‍ സ്ത്രീകളേക്കാളേറെ പുരുഷന്മാരാണ്‌.
  • തൊഴില്‍ രംഗത്തെ സ്ത്രീപങ്കാളിത്തം നഗര പ്രദേശങ്ങളില്‍ കുറവും (15 ശതമാനം) ഗ്രാമ പ്രദേശങ്ങളില്‍ വളരെ അധികവും (25 ശതമാനം) ആണ്‌.

എന്തുകൊണ്ടാണ്‌ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീ പങ്കാളിത്തം കുറവായിരിക്കുന്നത്‌?

തൊഴില്‍രംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്തം കുറയാന്‍ കാരണമായ പല ഘടകങ്ങളുണ്ട്‌. അവ-

  • സ്ത്രീകള്‍ക്കിടയില്‍ കുറച്ചു പേര്‍ക്കേ സാക്ഷരതയും വിദ്യാഭ്യാസയോഗ്യതകളുമുള്ളൂ.
  • പുരുഷന്മാരില്‍ പലരും ഭാര്യയെ വീട്ടമ്മയായി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളിൽത്തന്നെ പലരും അതാണാഗ്രഹിക്കുന്നത്‌.
  • ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ മിക്കതും നഗരപ്രദേശങ്ങളിലാണ്.
  • ഗ്രാമപ്രദേശങ്ങളില്‍ അവസരങ്ങള്‍ കുറവാണ്‌.
  • വരുമാനമുണ്ടാക്കുന്ന എന്തെങ്കിലും ജോലിയിലേര്‍പ്പെടാന്‍ ഗ്രാമീണ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു.

വീട്ടുജോലികള്‍ സ്ത്രീകളാണ്‌ ചെയ്യുന്നത്‌. പക്ഷെ ഇത്തരം ജോലികള്‍ക്ക്‌ വീട്ടമ്മമാര്‍ക്ക്‌ പ്രതിഫലം നല്‍കാത്തതിനാല്‍, ഇത്തരം ജോലികള്‍ തൊഴിലായി അംഗീകരിക്കപ്പെടുന്നില്ല. തന്മൂലം തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം കണക്കാക്കുന്നതില്‍ കുറവ്‌ (under estimation) വരുന്നു.

തൊഴിലാളികള്‍ – തരംതിരിവ്‌ (Classification of Workers)

  • സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (Self-Employed): ജീവിതവൃത്തിക്കായി സ്വന്തം സ്ഥാപനം നടത്തുന്നവരെയാണ്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ എന്നു വിളിക്കുന്നത്‌, ഉദാ: ഷോപ്പ്‌ ഉടമകള്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രോഫെഷനലുകൾ, ഹോട്ടല്‍ ഉടമകള്‍, കൊല്ലപണിക്കാര്‍ മുതലായവര്‍.
  • കൂലിപ്പണിക്കാര്‍ (Casual Wage Labourers): ദിവസവേതനത്തിനായി തൊഴില്‍ ചെയ്യുന്നവരെ കൂലിപ്പണിക്കാര്‍ എന്നു വിളിക്കുന്നു. ഇവര്‍ക്ക്‌ യാതൊരു തരത്തിലുമുള്ള അലവന്‍സുകളും ലഭിക്കുകയില്ല. കൃഷിത്തോട്ടങ്ങളിലും കമ്പനികളിലും നിര്‍മ്മാണ സ്ഥലത്തുമെല്ലാം ജോലിയെടുക്കുന്നവരാണിവര്‍.
  • സ്ഥിരം വേതനം വാങ്ങുന്ന ജീവനക്കാര്‍ (Regular Salaried Employees): സ്ഥിരം വേതനം വാങ്ങുന്ന സംഘടിതമേഖലയില്‍ (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍, സ്വകാര്യമേഖല കമ്പനികള്‍) ജോലിചെയ്യുന്ന ജീവനക്കാരാണ്‌ സ്ഥിരം വേതനം വാങ്ങുന്ന ജീവനക്കാര്‍.

തൊഴിലാളികള്‍ (നഗര – ഗ്രാമീണമെന്ന നിലയ്ക്ക്‌)

Distribution of Workers

ഇന്ത്യയിലെ തൊഴിലാളികളില്‍ ഏറ്റവും വലിയ വിഭാഗം സ്വയംതൊഴില്‍ കണ്ടെത്തിയവരാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ്‌ സ്വയം തൊഴില്‍ കണ്ടെത്തിയവരില്‍ കൂടുതലുള്ളത്‌. ഗ്രാമങ്ങളില്‍ കൃഷിയാണ്‌ പ്രധാനമെന്നതാണ്‌ ഇതിനുകാരണം. കൃത്യമായി ശമ്പളം വാങ്ങുന്നവര്‍ ഗ്രാമപ്രദേശങ്ങളില്‍ കുറവാണ്‌; ഇവരിലധികവും നഗരപ്രദേശങ്ങളിലാണ്‌. അതുപോലെതന്നെ കൂലിപ്പണിക്കാരും നഗര പ്രദേശങ്ങളിലുള്ളതിലധികം ഗ്രാമപ്രദേശങ്ങളിലാണ്‌.

തൊഴില്‍രംഗത്തെ ലിംഗഭേദം (Distribution of Employment by Gender)

തൊഴില്‍രംഗത്തെ ലിംഗഭേദം പ്രധാനമാണ്‌. താഴെ ചേര്‍ക്കുന്ന പട്ടിക കാണുക. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിലേക്ക്‌ ഇത്‌ വെളിച്ചം വീശും.

Table 7.2 ലിംഗഭേദമനുസരിച്ചുള്ള തൊഴില്‍വിതരണം
വിഭാഗം പുരുഷന്മാരായ തൊഴിലാളികള്‍ (ശതമാനം) സ്ത്രീകളായ തൊഴിലാളികള്‍ (ശതമാനം)
സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ 51 56
സ്ഥിരംശമ്പളക്കാര്‍ 20 13
കൂലിപ്പണിക്കാര്‍ 29 31

  • സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ക്കിടയിലും കൂലിപ്പണിക്കാര്‍ക്കിടയിലും പുരുഷന്മാരേക്കാളധികം സ്ത്രീകളാണ്‌.
  • പുരുഷന്മാരായ തൊഴിലാളികളില്‍ 20% പേര്‍ സ്ഥിരം ശമ്പളക്കാരാണെങ്കില്‍, സ്ത്രീകക്കിടയില്‍ 13% മാത്രമേ ശമ്പളക്കാരായുള്ളൂ.
  • ഇന്ത്യയില്‍ പുരുഷന്മാരാണ്‌ സാക്ഷരതയിലും വൈദഗ്ധ്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നത്‌.

സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകള്‍

സമ്പദ്‌വ്യവസ്ഥയിലെ മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ദേശീയ വരുമാന കണക്കെടുപ്പിനനുവേണ്ടി 8 പ്രധാന വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ആ 8 വിഭാഗങ്ങളെ മൂന്നു പ്രധാന മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മൂന്നു മേഖലകള്‍ താഴെ പറയുന്നവയാണ്‌.

  • പ്രാഥമിക മേഖല: കൃഷി, ഖനനവും, ക്വാറിയിങ്ങ്‌ എന്നിവ.
  • ദ്വിതീയ മേഖല: നിര്‍മ്മാണം, വൈദ്യുതി, വാതകം, ജലവിതരണം, മരാമത്തു തുടങ്ങിയവ.
  • തൃതീയ മേഖല: വ്യാപാരം, ഗതാഗതം, സംഭരണം, സേവനങ്ങള്‍ മുതലായവ.

തൊഴില്‍ – കമ്പനികളിലും ഫാക്ടറികളിലും ഓഫീസുകളിലും (Employment in Firms, Factories and Offices)

ഒരു സമ്പദ്‌വ്യവസ്ഥ വികസിതമാകുമ്പോള്‍ ജി.ഡി.പിയില്‍ കൃഷിക്കുള്ള പങ്ക്‌ കുറഞ്ഞുവരുന്നു. അതോടൊപ്പം വ്യവസായത്തിനും സേവനത്തിനുമുള്ള പങ്ക്‌ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക വികസനത്തിന്റെ ഉന്നതതലങ്ങളെ പ്രാപിക്കുമ്പോള്‍, ജി.ഡി.പിക്കുള്ള സേവനവിഭാഗത്തിന്റെ പങ്ക്‌; കൃഷിയേക്കാളും വ്യവസായത്തേക്കാളും വേഗത്തില്‍ വളരും. (ഇന്ത്യയുടെ ജി.ഡി.പിയില്‍ വിവിധ മേഖലകള്‍ക്കുള്ള പങ്കില്‍ സംഭവിക്കുന്ന മാറ്റം നാം ഒരു മുന്‍ അധ്യായത്തില്‍ കാണുകയുണ്ടായി.) കാര്‍ഷികമേഖലയില്‍നിന്നും സേവനമേഖലയിലേക്കുള്ള ഈ പരിവര്‍ത്തന പ്രകിയക്കിടയില്‍, സമ്പദ്‌വ്യവസ്ഥയിലെ തൊഴില്‍മേഖലകളിലും മാറ്റം വരും. തൊഴില്‍രംഗത്ത്‌ കൃഷിക്കുള്ള പങ്ക്‌, ക്ഷയിക്കുകയും വ്യവസായ-സേവന മേഖലകള്‍ക്കുള്ള പങ്ക്‌ വര്‍ദ്ധിക്കുകയും ചെയ്യും. ഇതിനോടൊപ്പം നഗരവല്‍ക്കരണം ഒരു പ്രധാന പ്രവണതയാകും. സാമ്പത്തികവികസനത്തിന്റെ അത്യുന്നതതലങ്ങളിലെത്തുമ്പോള്‍, വ്യവസായമേഖല നല്‍കുന്നതിനേക്കാളധികം പേര്‍ക്ക്‌ സേവനമേഖല തൊഴില്‍ നല്‍കും.

തൊഴിലാളികള്‍ വ്യവസായരംഗത്തിനനുസരിച്ച്‌ ഇന്ത്യയില്‍ തൊഴില്‍ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും, തൊഴില്‍രംഗത്തെ ഗ്രാമ – നഗര വ്യത്യാസങ്ങളും സ്ത്രീ – പുരുഷ വ്യത്യാസങ്ങളും താഴെച്ചേര്‍ക്കുന്ന പട്ടികയില്‍നിന്ന്‌ മനസ്സിലാക്കാം.

വ്യവസായരംഗത്തെ പണിക്കാരുടെ വിതരണം (2011 – 2012(ശതമാനകണക്കില്‍)

Table 7.3 വ്യവസായരംഗത്തെ പണിക്കാരുടെ വിതരണം (2011 – 2012)(ശതമാനകണക്കില്‍)

വ്യവസായമേഖല താമസസ്ഥലം ലിംഗവ്യത്യാസം ആകെ
ഗ്രാമം പട്ടണം പുരുഷന്‍ സ്ത്രീ
പ്രൈമറി മേഖല 66.6 9.0 43.6 62.8 48.9
സെക്കന്ററി മേഖല 16.0 31.0 25.9 20.0 24.3
സേവന മേഖല 17.4 60.0 30.5 17.2 26.8
ആകെ 100 100 100 100 100

തൊഴിലാളികളില്‍ ബഹുൂഭൂരിപക്ഷത്തിന്റെയും തൊഴിലിനുള്ള ഉറവിടം പ്രാഥമികമേഖലയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അതായത്‌ ഏതാണ്ട് 49%. തൊഴിലാളികളില്‍ ഏതാണ്ട്‌ 24% സെക്കന്ററി മേഖലയിലും 27% ത്തോളം സേവനമേഖലയിലും പണിയെടുക്കുന്നു. ഗ്രാമീണ മേഖലയില്‍ തൊഴിലാളികളില്‍ ഏതാണ്ട് 60% വും പ്രാഥമിക മേഖലയെയാണ്‌ ആശ്രയിക്കുന്നതെന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രാമങ്ങളില്‍ തൊഴിലാളികളില്‍ ഏതാണ്ട്‌ 16 ശതമാനമേ സെക്കന്ററി മേഖലയെ ആശ്രയിക്കുന്നുള്ളൂ, സേവനമേഖലയെ ആശ്രയിക്കുന്നവര്‍ ഏതാണ്ട് 18 ശതമാനമാണ്‌. നഗരപ്രദേശങ്ങളിലാകുട്ടെ, സ്ഥിതി നേരെ മറിച്ചാണ്‌.

നഗര പ്രദേശങ്ങളിലെ പണിക്കാരില്‍ ഏതാണ്ട്‌ 60 ശതമാനവും സേവനമേഖലയെയാണ്‌ ആശ്രയിക്കുന്നത്‌. സെക്കന്ററി മേഖലയെ ആശ്രയിക്കുന്നവര്‍ 31 ശതമാനമാണ്‌. നഗരപ്രദേശങ്ങളിലെ തൊഴിലാളികളില്‍ 9 ശതമാനം മാത്രമേ പ്രാഥമിക മേഖലയെ ആശ്രയിക്കുന്നുള്ളൂു.

നമുക്കിനി വിവിധ മേഖലകളിലെ പണിക്കാര്‍ക്കിടയിലുള്ള ലിംഗവ്യത്യാസം പരിശോധിക്കാം. സ്ത്രീകളായ പണിക്കാരില്‍ ഏതാണ്ട്‌ 63 ശതമാനവും പ്രൈമറി മേഖലയിലാണ്‌. എന്നാല്‍ പുരുഷന്മാരില്‍ 44 ശതമാനമേ പ്രൈമറി മേഖലയെ ആശ്രയിക്കുന്നുള്ളൂ. സെക്കന്ററി മേഖലയിലും സേവനമേഖലയിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണ്‌.

Table 7.4 പൊതുമേഖലയിലും സ്വകാര്യമേഖലയിലും മൊത്തത്തിലുള്ള തൊഴിൽ

മേഖല തൊഴില്‍ /ലക്ഷത്തില്‍ മാര്‍ച്ച്‌ 31ന്‌ മാറ്റം % മാറ്റം %
2009 2010 2011 2010/2009 2011/2010
പൊതു മേഖല 177.95 178.92 175.48 0.4 -1.8
സ്വകാര്യ മേഖല 103.77 108.46 114.52 4.5 5.6
ആകെ 281.72 287.08 289.99 1.9 1.0
സ്ത്രീകൾ 55.80 58.59 59.94
Source: Annual Employment Review, 2011 (Directorate General of Employment and Training)

തൊഴിലില്‍ പൊതുമേഖലയുടെ പങ്ക്‌ കുറഞ്ഞു വരുന്നതായും സ്വകാര്യമേഖലയുടേത്‌ കൂടുന്നതായും ഈ പട്ടികയില്‍നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

തൊഴിലിന്റെ വളര്‍ച്ചയും ഘടനയിലെ മാറ്റവും ( Growth and Changing Structure of Employment)

തൊഴില്‍ വളര്‍ച്ച

വികസനത്തിന്റെ പ്രധാനപ്പെട്ട രണ്ട്‌ സൂചകങ്ങള്‍ ജി.ഡി.പി. വളര്‍ച്ചാനിരക്കും തൊഴില്‍ വളര്‍ച്ചാനിരക്കുമാണ്‌. സമ്പദ്വ്യവസ്ഥ വികസിക്കണമെങ്കിൽ ജി.ഡി.പിയും തൊഴിലും വളരണം. ഈ മേഖലയിലെ ഇന്ത്യയുടെ അനുഭവമെന്താണെന്ന്‌ നമുക്ക്‌ നോക്കാം. താഴെ തരുന്ന ചാര്‍ട്ടില്‍ 1951 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്കും തൊഴില്‍ വളര്‍ച്ചാനിരക്കും കാണാം.

Growth of Employment and GDP-Chart-Malayalam

ഈ ചാര്‍ട്ടില്‍നിന്ന്‌ നമുക്ക്‌ എത്തിച്ചേരാവുന്ന നിഗമനങ്ങള്‍-

  1. 1979 വരെ ജി.ഡി.പി. വളര്‍ച്ചാനിരക്ക്‌ മന്ദമായിരുന്നു. അതിനുശേഷം വേഗത കൂടിയ വളര്‍ച്ചാ നിരക്ക്‌. 1990 – 91 കാലത്ത്‌ ഒന്ന്‌ ഇരുന്നുവെങ്കിലും പിന്നീടതിന്റെ വേഗം കൂടി.
  2. 1961 മുതല്‍ 1990 വരെ തൊഴില്‍ വളര്‍ച്ചാനിരക്ക്‌ ഏതാണ്ട്‌ 2 ശതമാന മെന്ന തോതില്‍ സുസ്ഥിരമായിരുന്നു.
  3. 1992 നുശേഷം ജി.ഡി.പി. വളര്‍ച്ചാനിരക്ക്‌ കുതിച്ചുകയറിയെങ്കിലൂം തൊഴില്‍ വളര്‍ച്ചാനിരക്ക്‌ ക്ഷയിക്കുകയാണുണ്ടായത്‌. കുറഞ്ഞ തൊഴില്‍ വളര്‍ച്ചാനിരക്കോടുകൂടിയ ഉയര്‍ന്ന ജി.ഡി.പി. വളര്‍ച്ചാനിരക്കിന്‌ “തൊഴില്‍രഹിത വളര്‍ച്ച” (Jobless Growth) എന്നു പറയുന്നു.

തൊഴിലിലെ ഘടനാപരമായ മാറ്റം

ഒരു സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോള്‍ ജി,ഡി.പിയിലും തൊഴില്‍ ദാനത്തിലും കൃഷിക്കുള്ള പങ്ക് കുറയുമെന്ന്‌ നാം ആദ്യം കണ്ടു. ഇതിന്റെ ഫലമായി വ്യവസായത്തിനും സേവനത്തിനുമുളള പങ്ക്‌ വര്‍ധിക്കും. ഇത്‌ ആഗോള വികസനാനുഭവമാണ്‌. അതിനാല്‍, വികസന വീക്ഷാഗതിവച്ചു നോക്കുമ്പോള്‍, തൊഴില്‍ ദാനത്തില്‍ വിവിധ മേഖലകള്‍ക്കുള്ള പങ്കില്‍ മാറ്റം വരുമെന്നത്‌ പ്രധാനമാണ്‌. അതുപോലെ തന്നെ പ്രധാനമാണ്‌ തൊഴിലുള്ളവരുടെ പദവിയും. തൊഴില്‍ ദാനത്തില്‍ വിവിധ മേഖലകള്‍ക്കുള്ള പങ്കിലും തൊഴിലുള്ളവരുടെ പദവിയിലും കാണുന്ന പ്രവണതകള്‍ നമുക്കു നോക്കാം.

Table 7.5 തൊഴിലിന്റെ രീതിയിലുള്ള പ്രവണതകള്‍ (മേഖലാതലത്തിലും പദവിതലത്തിലും) (1972 – 2012) (ശതമാന കണക്കില്‍ )
വിവരങ്ങൾ 1972-73 1983 1993-94 1999-2000 2011-12
മേഖലകള്‍
പ്രൈമറി 74.3 68.6 64 60.4 48.9
സെക്കന്ററി 10.9 11.5 16 15.8 24.3
സേവനങ്ങള്‍ 14.8 16.9 20 23.8 26.8
ആകെ 100 100 100 100 100
പദവി
സ്വയംതൊഴില്‍ 61.4 57.3 54.6 52.6 52.0
സ്ഥിരം ശമ്പളം 15.4 13.8 13.6 14.6 18.0
കൂലിപ്പണി 23.2 28.9 31.8 32.8 30.0
ആകെ 100 100 100 100 100

തൊഴില്‍രംഗത്തെ പ്രവണതകള്‍ സംബന്ധിച്ച്‌ താഴെ പറയുന്ന നിഗമനങ്ങളിലെത്താന്‍ കഴിയും-

  1. തൊഴില്‍ദാനരംഗത്ത്‌ പ്രൈമറിമേഖലയ്ക്കുള്ള പങ്ക്‌ കുറഞ്ഞുവരികയാണ്‌. 1972-73 ല്‍ പ്രൈമറി മേഖലയുടെ പങ്ക്‌ 74.3 ശതമാനമായിരുന്നത്‌ 2011-12 ആയപ്പോള്‍ 48.9 ശതമാനം മാത്രമായി കുറഞ്ഞു.
  2. സെക്കന്ററിമേഖലയുടേയും സേവനമേഖലയുടേയും പങ്ക്‌, വര്‍ധിച്ചു. 1972-73 ല്‍ തൊഴില്‍ ദാനത്തില്‍ സെക്കന്ററിമേഖലയ്ക്ക്‌ ഉണ്ടായിരുന്ന പങ്ക്‌, 10.9 ശതമാനമായിരുന്നത്‌ 2011-12 ല്‍ 24.3 ശതമാനമായി. അതുപോലെ സേവനമേഖലയൂടെ പങ്ക്‌, 14.8 ശതമാനത്തില്‍നിന്ന്‌ 20.8 ശതമാനമായും ഉയര്‍ന്നു.
  3. തൊഴില്‍ പദവിയെക്കുറിച്ചാണെങ്കില്‍, ഭൂരി പക്ഷവും ഇപ്പോഴും സ്വയംതൊഴില്‍ കണ്ടെത്തിയവരാണ്‌. സ്ഥിരംശമ്പളക്കാരുടെ ശതമാനം ഏതാണ്‌ 18 ആയി മാറ്റമില്ലാതെ തുടരുകയാണ്‌. എന്നാല്‍ കൂലിപ്പണിക്കാരുടെ തോത്‌ 1972-73ല്‍ 23.2 ശതമാനമായിരുന്നത്‌ 2011-12 ല്‍ 30 ശതമാനമായി വര്‍ദ്ധിച്ചു. തൊഴില്‍ദാനരംഗത്ത്‌ ഉണ്ടാകുന്ന ഈ പ്രവണതയ്ക്ക്‌ “പണിക്കാരുടെ കാഷ്വല്‍ വല്‍ക്കരണം” (Casualisation of Workforce) എന്നു പറയും.

ഇന്ത്യയിലെ പണിക്കാരുടെ അനൗപചാരിക വല്‍ക്കരണം (Informalisation of Workforce)

തൊഴില്‍ പലതരമുണ്ട്‌. ചിലര്‍ സ്വയംതൊഴില്‍ കണ്ടെത്തിയവരാണ്‌. കര്‍ഷകര്‍, തയ്യല്‍ക്കാര്‍, പീടികക്കാര്‍ തുടങ്ങിയവര്‍ ഉദാഹരണം. ചിലര്‍ സ്ഥിരമായി ശമ്പളം ലഭിക്കുന്നവരാണ്‌. ഗവര്‍മ്മേണ്ട്‌ ജീവനക്കാര്‍, വലിയ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദാഹരണം. എന്നാല്‍ വലിയൊരു ഭാഗം കൂലിപ്പണിക്കാരാണ്‌. കര്‍ഷകത്തൊഴിലാളികളും അന്നന്നു ജോലിചെയ്ത്‌ കൂലിവാങ്ങുന്നവരും ഉദാഹരണം. ഈ മൂന്നു വിഭാഗങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ വ്യത്യസ്തമാണ്‌. സ്ഥിരം ശമ്പളക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ സര്‍ക്കാര്‍ വകുപ്പുകളിലും വന്‍കിട കമ്പനികളിലും ജോലിയുള്ളവര്‍ക്ക്‌ ഉയര്‍ന്ന തോതില്‍ ശമ്പളം ലഭിക്കുന്നു, റിട്ടയര്‍ ചെയ്യുമ്പോള്‍ ഇവര്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കും. അവധി, പികിത്സാസൌകര്യം, പ്രസവാവധി തുടങ്ങിയ മറ്റ്‌ പല ആനുകൂല്യങ്ങളും ഇവര്‍ക്ക്‌ ലഭിക്കും.

സ്വയംതൊഴില്‍ കണ്ടെത്തിയ ചിലര്‍ക്കും ഉയര്‍ന്ന തോതില്‍ വരുമാനമുണ്ടാകും. ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റുമാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ബിസിനസ്സുകാര്‍, വന്‍കിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക്‌ കനത്ത വരുമാനമുണ്ടാകാറുണ്ട്‌. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും കുറഞ്ഞ വരുമാനക്കാരാണ്‌.

എന്നാല്‍ കൂലിക്കാരുടെ സ്ഥിതിയോ?

കര്‍ഷകത്തൊഴിലാളികള്‍ ദിവസവേതനക്കാര്‍, തുടങ്ങിയവര്‍ക്ക്‌ കുറഞ്ഞ വരുമാനമാണുള്ളത്‌. അവര്‍ക്ക്‌ പെന്‍ഷനില്ല, ശമ്പളത്തോടുകൂടിയ അവധിയില്ല, സ്ത്രീകള്‍ക്ക്‌ പ്രസവാവധിയില്ല. അവരുടെ സേവനവ്യവസ്ഥകള്‍ തൃപ്തികരവുമല്ല.

സ്ഥിരം ശമ്പളക്കാരായ ജീവനക്കാര്‍ ഔപചാരിക മേഖലയില്‍ (Formal Sector) പ്പെടുന്നു. കൂലിപ്പണിക്കാരും സ്വയം തൊഴില്‍ കണ്ടെത്തിയവരില്‍ ഭൂരിഭാഗവും അനൗപചാരിക മേഖലയില്‍ (Informal Sector) പ്പെടും. ഔപചാരിക മേഖലയ്ക്ക്‌ സംഘടിത മേഖല എന്നും അനൗപചാരിക മേഖലയ്ക്ക് അസംഘടിത മേഖല എന്നും പറയും. എല്ലാ ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും (സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാസ്ഥാപനങ്ങളും) പത്തിലധികം സ്ഥിരം ജീവനക്കാരുള്ള എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും ഔപചാരിക മേഖലയില്‍ അഥവാ സംഘടിതമേഖലയില്‍ (Organised Sector) വരുന്നു. മറ്റുള്ളവരെല്ലാം അനൗപചാരിക മേഖലയില്‍ അല്ലെങ്കില്‍ അസംഘടിത മേഖലയില്‍ (Unorganised Sector) പ്പെടും.

ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെടണമെങ്കില്‍ അസംഘടിതമേഖലയില്‍നിന്ന്‌ കൂടുതല്‍ തൊഴിലാളികള്‍ സംഘടിത മേഖലയില്‍ എത്തേണ്ടതുണ്ട്‌. ഇന്ത്യയില്‍ ഈ രംഗത്തുള്ള പുരോഗതി തൃപ്തികരമല്ല. അഞ്ചു ദശകങ്ങളിലെ പ്ലാനിങ്‌ കഴിഞ്ഞിട്ടും ഇന്ത്യയിലെ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയില്‍ തന്നെയാണ്‌. താഴെയുള്ള പട്ടിക നോക്കുക.

Table 7.6 ഔപചാരിക-അനൗപചാരിക മേഖലയിലുള്ള തൊഴിലാളികള്‍

(ദശലക്ഷക്കാണക്കില്‍ 1999 – 2000)

വിഭാഗം മേഖല
ഔപചാരികം അനൗപചാരികം
പുരുഷന്മാര്‍ 23.2 249.8
സ്ത്രീകള്‍ 4.8 118.2

കണക്കനുസരിച്ച്‌ 1999 – 2000 ല്‍ ഇന്ത്യയിലെ ആകെ പണിക്കാര്‍ 396 ദശലക്ഷമാണ്‌. അതില്‍ 28 ദശലക്ഷം ഔപചാരിക മേഖലയിലാണ്‌. ആകെ പണിക്കാരില്‍ 7 ശതമാനം മാത്രമാണിത്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 93 ശതമാനവും അനൗപചാരിക മേഖലയിലാണ്‌. തൃപ്തികരമായ ഒരു സ്ഥിതിവിശേഷമല്ല ഇത്‌. ഔപചാരികമേഖലയിലുള്ളവരില്‍ 17 ശതമാനം മാത്രമേ സ്ത്രീകളായുള്ളു എന്നതാണ്‌ പ്രധാനപ്പെട്ട മറ്റൊരു കാര്യം. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന്റെ വ്യക്തമായ സൂചകമാണിത്‌.

അനൗപചാരിക മേഖലയിലുള്ള പണിക്കാരുടെ സ്ഥിതി മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുകയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്‌. പണിയെടുക്കുന്നവരുടെ അനൗപചാരികവല്‍ക്കരണം ആരോഗ്യകരമായൊരു പ്രവണതയല്ല. ILO (International Labour Organisation) പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മിനിമം വേതനം, സേവന വ്യവസ്ഥകള്‍, ബാലവേല തുടങ്ങിയവയ്ക്ക്‌ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. അനൗപചാരിക മേഖലയില്‍പ്പെട്ട ചില വിഭാഗം തൊഴിലാളികള്‍ക്ക്‌ സാമൂഹ്യ സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്ന ചില നടപടികള്‍ കേന്ദ്രഗവണ്‍മെന്റും സംസ്ഥാനഗവണ്‍മെന്റുകളും സ്വീകരിച്ചുവരുന്നുണ്ട്‌. ഈ രംഗത്ത്‌ ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നു.

തൊഴിലില്ലായ്മ (Unemployment)

Unemployment

പണിയെടുക്കാന്‍ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ്‌ തൊഴിലില്ലായ്മ എന്ന്‌ പറയുക. തൊഴിലില്ലായ്മ എന്നതിന്‌ പല നിര്‍വ്വുചനങ്ങളുമുണ്ട്‌. അര ദിവസത്തില്‍ ഒരു മണിക്കൂര്‍പ്പോലും തൊഴില്‍ കിട്ടാത്ത ആളാണ്‌ തൊഴില്‍രഹിതനെന്ന്‌ ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

തൊഴിലില്ലായ്മയെക്കുറിച്ചുള്ള ദത്തങ്ങളുടെ ഉറവിടങ്ങള്‍

  1. ഇന്ത്യയില്‍ തൊഴിലില്ലായിമയുടെ കണക്കെടുക്കുന്നത്‌ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷനാണ്‌ (NSSO).
  2. ഇന്ത്യയിലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍
  3. എംപ്ലോയിമെന്റ്‌ എക്സ്ചേഞ്ചുകളുടെ റിപ്പോര്‍ട്ടിലും തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളുണ്ട്‌.

തൊഴിലില്ലായ്മയുടെ സ്വഭാവം സംബന്ധിച്ച വിവരങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകളില്‍നിന്ന്‌ ലഭിക്കുന്നു.

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീര്‍ണ്ണമാണ്. തൊഴിലില്ലായ്മ പലതരമുണ്ട്‌. പ്രത്യക്ഷ തൊഴിലില്ലായ്മ (Open Unemployment), പ്രഛന്ന തൊഴിലില്ലായ്മ (Disguised Unemployment), കാലിക തൊഴിലില്ലായ്മ (Seasonal Unemployment) എന്നിങ്ങനെ അത്‌ പലതരത്തിലുണ്ട്‌.

പ്രത്യക്ഷ തൊഴിലില്ലായ്മ (Open Unemployment):

Open Unemployment

ഒരാള്‍ പണിയെടുക്കാന്‍ സന്നദ്ധനാവുകയും പണിയൊന്നും കിട്ടാതിരിക്കുകയുമാണെങ്കില്‍ അത്‌ പ്രത്യക്ഷ തൊഴിലില്ലായ്മയാണ്‌. ആളുകള്‍ ഏതെങ്കിലും ഒരു സ്ഥലത്ത്‌, ആരെങ്കിലും പണിക്ക്‌ വിളിക്കുന്നതും കാത്ത്‌ നില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ പ്രത്യക്ഷ തൊഴിലില്ലായ്മയ്ക്ക്‌ തെളിവാണ്. അതുപോലെ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത്‌ ജോലിക്കുവേണ്ടി കാത്ത്‌ കഴിയുന്നവരും പ്രത്യക്ഷ തൊഴിലില്ലായ്മ അനുഭവിക്കുന്നവരാണ്‌.

പ്രഛന്ന തൊഴിലില്ലായ്മ (Disguised Unemployment):

disguised unemployment

ഇന്ത്യയെ പോലുള്ള വികസ്വര സമ്പദ് വ്യവസ്ഥ കളിലെ കാര്‍ഷിക മേഖലയില്‍ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത്‌. കൃഷിക്ക്‌ ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക്‌ നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ്‌ പ്രഛന്ന തൊഴിലില്ലായ്മ. അതായത്‌ കൃഷിക്ക്‌ നിയോഗിച്ചവരില്‍ കുറെപ്പേരെ പിന്‍വലിച്ചാലും ഉത്പാദനത്തില്‍ കൂറവുവരില്ല. ഇന്ത്യയില്‍ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ്‌.

കാലിക തൊഴിലില്ലായ്മ (Seasonal Unemployment):

seasonal unemployment

കാലാവസ്ഥയനുസരിച്ച്‌ കുറച്ചുകാലംമാത്രം ഉണ്ടാകുന്നതാണ്‌ കൃഷിപ്പണി. വിതയ്ക്കുന്ന കാലത്തും കൊയ്യുന്ന കാലത്തും മാത്രമേ പണിത്തിരക്കുണ്ടാകൂ. വിതയ്ക്കുന്നതിനും കൊയ്യുന്നതിനും ഇടയിലുള്ള കാലത്ത്‌ പണിക്കുള്ള സാധ്യത പരിമിതമാണ്‌. അതിനാല്‍, ഇന്ത്യയിലെ കര്‍ഷകത്തൊഴിലാളികള്‍ കൊല്ലത്തില്‍ ശരാശരി ആറു മാസക്കാലം തൊഴില്‍രഹിതരായി കഴിയുന്നു. ഇത്തരത്തില്‍ കാലികമായ തൊഴിലില്ലായ്മ ഉണ്ടാകുമ്പോള്‍ ആളുകള്‍ തൊഴില്‍ തേടി നഗര പ്രദേശങ്ങളിലേക്ക്‌ കുടിയേറുന്നു.

ഗവണ്‍മെന്റും തൊഴിലവസരസൃഷ്ടിയും (Government and Employment Generation)

തൊഴിലില്ലായ്മ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്നു. ഇന്ത്യാഗവണ്‍മെന്റ്‌ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പല നടപടികളും സ്വീകരിച്ചുവരുന്നുണ്ട്‌. ഇന്ത്യയിലെ ദാരിദ്ര്യം സംബന്ധിച്ച അധ്യായത്തില്‍ ഗവണ്‍മെന്റിന്റെ വിവിധ തൊഴില്‍ദാന പദ്ധതികള്‍ നമ്മള്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. അവയില്‍ ഏറ്റവും പ്രധാനം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാണ്‌ (NREGS).

തൊഴിലുറപ്പു പദ്ധതി

പാര്‍ലിമെന്റ്‌ 2005 ല്‍ പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമപ്രകാരമുള്ളതാണ്‌ ഈ പദ്ധതി. ഇതനുസരിച്ച്‌ ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ കൊല്ലത്തില്‍ 100 ദിവസത്തെ കൂലിപ്പണിക്ക്‌ ഗവണ്‍മെന്റ്‌ ഉറപ്പുനല്‍കുന്നു. കായികാധ്വാനത്തിന്‌ തയ്യാറുള്ള ആര്‍ക്കും ഈ പദ്ധതി പ്രകാരം പണിക്കുവേണ്ടി പേര്‍ രജിസ്റ്റര്‍ ചെയ്യാം. ആയിരക്കണക്കിന്‌ ദരിദ്രകുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഫലം അനുഭവിച്ചുവരുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോലുള്ള തൊഴില്‍ദാന പദ്ധതികള്‍ക്ക്‌ പല പോരായ്മകളുമുണ്ട്‌. അഴിമതി, കാര്യക്ഷമതയില്ലായ്മ, ചോര്‍ച്ച എന്നിവയൊക്കെ അതില്‍പെടും. പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക്‌ കാര്യക്ഷമതയില്ല. എന്നാലും ഇത്തരം പദ്ധതികള്‍ പ്രധാനമാണ്‌. കാരണം ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കള്‍ ദരിദ്രരാണ്‌.

വികസിത രാജ്യങ്ങളില്‍ തൊഴിലുണ്ടാക്കാന്‍ ഗവണ്‍മെന്റുകള്‍ ഇടപെടാറില്ല. കാരണം, വികസിത രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വളരെക്കുറവാണ്‌. തൊഴിലില്ലാത്തവര്‍ക്ക്‌ അവിടെ സാമുഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ സംരക്ഷണം നല്‍കും. തൊഴിലില്ലാത്തവര്‍ക്ക്‌ അവര്‍ അലവന്‍സ്‌ നല്‍കും. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ സമഗ്രമായ സാമുഹ്യ സുരക്ഷിതത്വപദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ട ഭീമമായ തുകകള്‍ സംഭരിക്കാനാവില്ല. അതിനാല്‍ മിനിമം വേതനം നിശ്ചയിക്കല്‍, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ നടപടികളിലൂടെ ഗവണ്‍മെന്റ്‌ തൊഴില്‍ രംഗത്ത്‌ ഇടപെടുന്നു. അതിനും പുറമെ ജനങ്ങളെ പണിയെടുക്കാന്‍ യോഗ്യരാക്കുന്ന പല പരിപാടികളും ഗവണ്‍മെന്റ്‌ നടപ്പാക്കുന്നുണ്ട്‌. പ്രൈമറി വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാര്‍പ്പിട സൗകര്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, പോഷകാഹാരം തുടങ്ങിയവയ്ക്കായി ഗവണ്‍മെന്റ്‌ കൂടുതല്‍ പണം ചെലവാക്കുന്നത്‌ അതിനാണ്‌. ഇത്തരം പരിപാടികള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിയിരിക്കുന്നു.

സമാപനം (Conclusion)

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇന്ത്യയുടെ GDP യില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഉണ്ടായെങ്കിലും അതിനനുസരിച്ച്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‌, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍, സര്‍ക്കാര്‍ മുന്‍കൈയെടുക്കാന്‍ ഇത്‌ സമ്മര്‍ദത്തിന്‌ വഴിയൊരുക്കുന്നുണ്ട്‌.

ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്‌. പുതുതായി ഉദയം ചെയ്യുന്ന ജോലികള്‍ കൂടുതലായും സേവനമേഖലയിലാണ്‌. പുറം ജോലി കരാര്‍ സേവനം ഇന്ന്‌ സര്‍വസാധാരണമായിട്ടുണ്ട്‌. ഈ മാറ്റങ്ങളെല്ലാംതന്നെ വ്യക്തിഗത തൊഴിലാളികള്‍ക്ക്‌ അനുഗുണമായി ഭവിച്ചിട്ടുണ്ട്‌.

എന്നാല്‍ വികസിത രാജ്യങ്ങളെപ്പോലെ തൊഴിലാളികള്‍ക്ക്‌ സമഗ്രമായ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ നമുക്ക്‌ സാധിച്ചിട്ടില്ല. അസംഘടിത മേഖലയിലും മറ്റു മേഖലകളിലും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ്‌ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്‌. തൊഴിലില്ലായ്മ ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, സാമുഹ്യപ്രശ്നം കൂടിയാണ്‌.

സംഗ്രഹം

  • സാമ്പത്തിക, പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്‌ തൊഴിലാളികള്‍.
  • ഇന്ത്യയില്‍ പണിയെടുക്കാന്‍ കഴിവുള്ളവര്‍ 40 കോടിയോളം വരും.
  • ഇന്ത്യയിലെ പണിക്കാരില്‍ 93 ശതമാനവും അസംഘടിതമേഖലയിലാണ്‌ പണിയെടുക്കുന്നത്‌ (അനൗപചാരിക മേഖലയില്‍). സംഘടിതമേഖലയില്‍ 7 ശതമാനമേയുള്ളൂു (ഔപചാരിക മേഖല)].
  • പണിക്കാരില്‍ 50 ശതമാനത്തിലേറെ സ്വയംതൊഴില്‍ കണ്ടെത്തിയവരാണ്‌. സ്ഥിരം ശമ്പളക്കാരും കൂലിപ്പണിക്കാരുമാണ്‌ ശേഷിച്ചവര്‍.
  • സേവനമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്‌.
  • തൊഴില്‍ രംഗത്ത്‌ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്‌.
  • 1992 ന്‌ ശേഷം ജി.ഡി.പിയുടെ വളര്‍ച്ചാനിരക്ക്‌ ചീറിക്കയറിയെങ്കിലും തൊഴിലവസര വളര്‍ച്ചാനിരക്ക്‌ ഇടിയുകയാണുണ്ടായത്‌.
  • പണിക്കാരുടെ അനൗപചാരികവല്‍ക്കരണം അനഭിലഷണീയമായ ഒരു പ്രവണതയാണ്‌.
  • ഇന്ത്യയില്‍ കാലിക തൊഴിലില്ലായ്മയും പ്രഛന്ന തൊഴിലില്ലായ്മയും ഗുരുതരമായ പ്രശ്നങ്ങളാണ്‌.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *