Plus One Economics Chapter 6: Note in Malayalam
Plus One Economics Chapter 6: Note in Malayalam

Plus One Economics Chapter 6: Note in Malayalam

അദ്ധ്യായം 6:-

ഗ്രാമീണ വികസനം.

Plus One Economics Chapter 6

ആമുഖം

ഗ്രാമങ്ങള്‍ നിറഞ്ഞ നാടാണ്‌ ഇന്ത്യ. ഈ രാജ്യത്ത്‌ ആറുലക്ഷത്തില്‍പരം ഗ്രാമങ്ങളുണ്ട്‌. ജനങ്ങളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. ജനങ്ങളില്‍ ഏതാണ്ട്‌ മൂന്നില്‍ രണ്ടു ഭാഗവും ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. ഇവര്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നു. ഇവരില്‍ മിക്കവരും അതിദരിദ്രരാണ്‌. ഈ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടണമെങ്കില്‍, ഗ്രാമങ്ങള്‍ വികസനം കൈവരിച്ചേ തീരു.

എന്താണ്‌ ഗ്രാമീണ വികസനം? (What is Rural Development ?)

പിന്നോക്കാവസ്ഥയിലുള്ള ഗ്രാമപ്രദേശങ്ങളെ സര്‍ക്കാരിന്റെ കര്‍മ്മപരിപാടികളിലൂടെ വികസിപ്പിച്ചെടുക്കുക എന്നതാണ്‌ ഗ്രാമീണ വികസനത്തിന്റെ ലക്ഷ്യം. ഇതിനവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍:

  • ഗ്രാമപ്രദേശങ്ങളിലെ മനുഷ്യവിഭവ വികസനം; വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയവയിലെ മൂലധന നിക്ഷേപത്തിലൂടെ ഇത്‌ സാധിക്കാം.
  • ഭൂപരിഷ്കാരം.
  • ഗ്രാമപ്രദേശങ്ങളുടെ ഉല്പാദനാത്മക വിഭവങ്ങളുടെ വികസനം.
  • അടിസ്ഥാന സൗകര്യങ്ങളുടെ വികസനം; ഇതില്‍ വൈദ്യുതി, ജലസേചനം, വിപണനം, ഗതാഗത സൗകര്യങ്ങള്‍ (ഹൈവേയിലേക്കുള്ള ഗ്രാമീണ – ശാഖാ റോഡുകള്‍), കാര്‍ഷിക ഗവേഷണ-വിപുലീകരണം, വിവരങ്ങളുടെ വ്യാപനം മുതലായവ ഉള്‍പ്പെട്ടിരിക്കുന്നു.
  • ദരീദ്രര്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ദാരിദ്ര്യ നിവാരണ നടപടികള്‍ സ്വീകരിക്കലും.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വഴി ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. എന്നാല്‍, വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഗ്രാമീണരുടെ കാര്യത്തില്‍ ഇത്‌ പ്രത്യേകിച്ചും. 1991-2012 ല്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച 3 ശതമാനമായി കുറയുകയുണ്ടായി. മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച ജനങ്ങള്‍ക്കും യാതൊരു നേട്ടവും ഉണ്ടായിട്ടില്ല.

കാര്‍ഷിക രംഗത്തുള്ളവര്‍ നാനാതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. അവയില്‍ പ്രധാനം:

  • ഹുണ്ടികക്കാരോടുള്ള കടബാധ്യത.
  • കാര്‍ഷികോല്പന്നങ്ങള്‍ക്ക്‌ കിട്ടുന്ന കുറഞ്ഞ വില.
  • രാസവളം, കീടനാശിനി തുടങ്ങിയ കാര്‍ഷിക നിവേശങ്ങളുടെ ഉയര്‍ന്ന ചെലവ്‌.
  • കാര്‍ഷികോല്പന്നങ്ങള്‍ വിപണികളിലെത്തിക്കാന്‍ വേണ്ടത്ര പണ്ടകശാലകളുടെയും ഗതാഗത സൗകര്യങ്ങളുടെയും അപര്യാപ്തത.
  • കാര്‍ഷികേതരമായ തൊഴിലവസരങ്ങളുടെ അഭാവം.
  • തൊഴിലിന്റെ താത്കാലികവല്‍ക്കരണം.

Table 6.1 GDP യില്‍ കാര്‍ഷിക മേഖലയുടെ വിഹിതം
കൊല്ലം GDP യില്‍ കാര്‍ഷിക മേഖലയുടെ വിഹിതം (ശതമാനത്തില്‍)
1950 – 51 55.4
1980 – 81 38.0
2010 – 12 14.5

അപര്യാപ്തമായ അടിസ്ഥാന സൌകര്യങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴില്‍ താത്കാലിക വല്‍ക്കരണം, വ്യവസായ-സേവന മേഖലകളില്‍ ബദല്‍ തൊഴില്‍ അവസരങ്ങളുടെ അഭാവം എന്നീ കാരണങ്ങളാല്‍ GDP യില്‍ കാര്‍ഷിക മേഖലക്കുള്ള സംഭാവന തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന്‌ പട്ടികയില്‍നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

ഗ്രാമപ്രദേശങ്ങളിലെ വായ്പ വിപണന സൗകര്യങ്ങള്‍ (Credit and Marketing in Rural Areas)

കൃഷിയെ സംബന്ധിച്ചിടത്തോളം വായ്പാ സൗകര്യവും വിപണന സൌകര്യവും വളരെ പ്രധാനമാണ്‌.

വായ്പ

ഇന്ത്യയിലെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ചെറുകിട കര്‍ഷകരാണ്. വളരെ കുറഞ്ഞ വരുമാനം മാത്രമുള്ള ഇവര്‍ എന്നും കട ബാധ്യതയുള്ളവരാണ്‌. വിതയ്ക്കുന്നതിനും കൊയ്യുന്നതിനും ഇടയില്‍ നീണ്ടൊരു ഇടവേളയുളളതിനാല്‍, കൃഷിയാവശ്യങ്ങള്‍ക്കു മാത്രമല്ല, ദൈനംദിനാവശ്യങ്ങള്‍ക്കും കടം വാങ്ങാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതനാകുന്നു. അതിനാല്‍ കുറഞ്ഞ പലിശയ്ക്ക്‌ യഥാസമയം വായ്പ ലഭിച്ചാലേ കര്‍ഷകന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയു,

ദീര്‍ഘകാലമായി ഗ്രാമീണ ഹുണ്ടികക്കാരാണ്‌ കര്‍ഷകര്‍ക്ക്‌ വായ്പ നല്‍കുന്നത്‌. സ്വാതന്ത്ര്യം നേടുന്ന കാലത്തും പിന്നീടും ഈ ഹുണ്ടികക്കാര്‍ കനത്ത പലിശയാണ്‌ കര്‍ഷകരില്‍ നിന്നും വസൂലാക്കി വന്നിരുന്നത്‌. ഈയിടെ ഈ സ്ഥിതിക്ക്‌ അല്പം മാറ്റം വന്നിട്ടുണ്ട്‌.

ഗവണ്‍മെന്‍റ്‌ കൈക്കൊണ്ട താഴെ പറയുന്ന നടപടികളാണ്‌ ഇതിനു കാരണം.

  • 1969-ല്‍ 14 വാണിജ്യബാങ്കുകള്‍ ദേശസാൽക്കരിച്ചത്.
  • 1982-ല്‍ നബാര്‍ഡ്‌ (കാര്‍ഷിക ഗ്രാമ വികസന ബാങ്ക്‌.) സ്ഥാപിച്ചത്‌.
  • സഹകരണ വായ്പാ സംവിധാനം വികസിപ്പിച്ചത്‌.
  • കാര്‍ഷിക വായ്പകള്‍ക്ക്‌ മുന്‍ഗണന നല്‍കിയത്‌.
  • ഹരിതവിപ്ലവം: ഉല്പാദനബന്ധിതമായി ഗ്രാമീണ വായ്പാ സൗകര്യം ഹരിതവിപ്ലവം വഴി വൈവിധ്യവല്‍ക്കരിച്ചത്‌.

ബഹുമുഖ ഗ്രാമീണ വായ്പാസംവിധാനം – പ്രധാന സ്ഥാപനങ്ങള്‍

ഇന്ത്യയക്ക്‌ ഒരു ബഹുമുഖ ഗ്രാമീണ വായ്പാസംവിധാനമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌.

  • നബാര്‍ഡ്‌ (നാഷണല്‍ ബാങ്ക്‌ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ്‌ റൂറല്‍ ഡവലപ്മെന്റ്‌ (NABARD)
  • വാണിജ്യബാങ്കുകള്‍.
  • ഗ്രാമീണ മേഖലാ ബാങ്കുകള്‍.(RRB)
  • സഹകരണ വായ്പാ സ്ഥാപനങ്ങള്‍.
  • ഭൂവികസന ബാങ്കുകള്‍.
  • സ്വയം സഹായസംഘങ്ങള്‍

NABARD

(National Bank for Agriculture and Rural Development)

1982-ല്‍ നബാര്‍ഡ്‌ നിലവില്‍വന്നു (കാര്‍ഷിക ഗ്രാമവികസനത്തിനുള്ള നാഷണല്‍ ബാങ്ക്‌). ഗ്രാമീണ വായ്പകള്‍ അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സര്‍വ്വോന്നത ബാങ്കാണ്‌ നബാര്‍ഡ്‌.

വാണിജ്യബാങ്കുകള്‍ (Commercial Banks)

1969-ല്‍ 14 വാണിജ്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതോടെ സാമൂഹ്യ ബാങ്കിങ്‌ രീതി നിലവില്‍ വന്നു. ബാങ്കുകളുടെ ശാഖകള്‍ ഗണ്യമായി വര്‍ധിച്ചു. പുതിയ ശാഖകളില്‍ മിക്കതും ഗ്രാമപ്രദേശങ്ങളിലായിരുന്നു. ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഒരു ഭാഗം മുന്‍ഗണനാമേഖലകക്കായി നീക്കിവയ്ക്കണമെന്ന്‌ ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടു. മുന്‍ഗണനാമേഖലയില്‍ കൃഷിയും ഉള്‍പ്പെടുത്തി.

ഗ്രാമീണ മേഖലാ ബാങ്കുകള്‍ (Regional Rural Banks)

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടി (20 point programme) യുടെ ഭാഗമായാണ്‌ ഗ്രാമീണ മേഖലാ ബാങ്കുകള്‍ സ്ഥാപിതമായത്‌. ഗ്രാമ പ്രദേശങ്ങളിലെ ചെറുകിട, ഇടത്തരം കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍, ചെറുകിട വ്യവസായ സംരംഭകര്‍ എന്നീ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ മെച്ചപ്പെട്ട സേവന വ്യവസ്ഥകളോടെ എന്നതായിരുന്നു ലക്ഷ്യം. 1975-ല്‍ ഗ്രാമീണ മേഖലാ ബാങ്കുകള്‍ സ്ഥാപിക്കപ്പെട്ടു. ഒരു സംസ്ഥാനത്തെ കുറച്ചു ജില്ലകള്‍ ഉള്‍പ്പെടുന്നതായിരിക്കും ഒരു ഗ്രാമീണ ബാങ്കിന്റെ പ്രവര്‍ത്തന പരിധി. ദേശസാല്‍കൃത ബാങ്കായ കാനറ ബാങ്ക്‌ സ്പോണ്‍സര്‍ ചെയ്ത സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌, സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ സ്പോണ്‍സര്‍ ചെയ്ത നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ എന്നിവയാണ്‌ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണ മേഖലാ ബാങ്കുകള്‍. ഇപ്പോള്‍ കേരള ഗ്രാമീണ്‍ ബാങ്ക്‌ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌.

സഹകരണ വായ്പ സംഘങ്ങള്‍ (Cooperative Credit Societies)

ന്യായമായ പലിശനിരക്കില്‍ ഹൃസ്വകാല വായ്പകള്‍ അനുവദിക്കുന്നവയാണ്‌ സഹകരണ വായ്പാസംഘങ്ങള്‍. കര്‍ഷകരടക്കമുള്ള താഴ്‌ന്ന വരുമാനക്കാരെ ഹുണ്ടികവ്യാപാരികളുടെ പിടിയില്‍നിന്ന്‌ രക്ഷിക്കാന്‍ ഇവയ്ക്കു കഴിയും.

ഭൂവികസന ബാങ്കുകള്‍ (Land Development Banks)

കാര്‍ഷിക മേഖലയിലെ ദീര്‍ഘകാല വായ്പാവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി രൂപീകൃതമായിട്ടുള്ള സഹകരണ മേഖലയിലെ വികസന ബാങ്കുകളാണ്‌ ഭൂവികസന ബാങ്കുകള്‍. കൃഷി മേഖലയിലെ ദീര്‍ഘകാലത്തേക്കുള്ള ആസ്തികള്‍ സ്വായത്തമാക്കുന്നതിനാണ്‌ ഇത്തരം വായ്പകള്‍ ഉപകരിക്കുക. കൂടാതെ ഭൂമിയുടെ വികസനാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്ക്‌ സഹായം നല്‍കുന്നു. തരിശുഭൂമികളുടെ വികസനത്തിനും, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാനും വായ്പകള്‍ നല്‍കുന്നു. അതിനും പുറമെ, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്കും, കരകൌശല വിദഗ്ധര്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ അനുവദിക്കാറുണ്ട്‌. കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക്‌ ഒരു ഭൂവികസന ബാങ്ക്‌ ആണ്‌. നേരത്തെ ഇത്‌ അറിയപ്പെട്ടിരുന്നത്‌ ഭൂപണയ ബാങ്ക്‌ എന്ന പേരിലായിരുന്നു.

സ്വയംസഹായ സംഘങ്ങള്‍ (Self Help Group)

പരസ്പരം സഹായിക്കുന്നതിനും സ്വയം സഹായിക്കുന്നതിനുമായി ഒരു സംഘം വ്യക്തികളാല്‍ രൂപീകൃതമായിട്ടുള്ളതാണ്‌ സ്വയം സഹായ സംഘങ്ങള്‍. പാവപ്പെട്ടവന്‍ താങ്ങാവുന്ന നിരക്കില്‍ വായ്പ ലഭിക്കുന്നതിനായി ഔപചാരിക വായ്പാ വ്യവസ്ഥയിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനായി ഉദയം ചെയ്യപ്പെട്ടവയാണ്‌ ഈ സംഘങ്ങള്‍.

വായ്പാ സമ്പ്രദായത്തില്‍ മതിയായ ഈട്‌ നല്‍കാന്‍ പാവപ്പെട്ടവരായാലും നിര്‍ബ്ദന്ധിതരാകും. എന്നാല്‍, ഇക്കൂട്ടര്‍ക്ക്‌ ഈട്‌ നല്‍കാന്‍ വസ്തുവഹകള്‍ ഉണ്ടായിരിക്കുകയില്ല. മാത്രവുമല്ല ഔപചാരിക വായ്പാ സമ്പ്രദായം സങ്കീര്‍ണ്ണവും ഒരുപാട്‌ നടപടികള്‍ ആവശ്യമായിട്ടുള്ളതുമാണ്‌. ഈ വിടവ്‌ നികത്തുന്നതിനുള്ള ഒരു പോംവഴിയാണ്‌ SHG.

സാധാരണയായി, 10ഓ 25ഓ ആളുകള്‍ അടങ്ങുന്ന ഒരു ചെറു സംഘമാണ്‌ SHG മെമ്പര്‍മാരില്‍നിന്ന്‌ പണം സ്വീകരിച്ച് അവര്‍ നല്ലൊരു സംഖ്യ സ്വരൂപിക്കുന്നു. അതുവഴി മെമ്പര്‍മാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നു. ഇങ്ങനെ സ്വരൂപിച്ച പണം മെമ്പര്‍മാര്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ വായ്പയായി നല്‍കുന്നു. മെമ്പര്‍മാര്‍ പരസ്പരം അറിയുമെന്നതിനാല്‍ ലോണ്‍ തിരിച്ചടവില്‍ മന്ഃപൂര്‍വ്വമുള്ള വീഴ്ചവരുത്തുകയില്ല. സാമ്പത്തിക ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങളിലും SHG വ്യാപൃതമാകുന്നുണ്ട്‌. കരാര്‍ അടിസ്ഥാനത്തില്‍ കൃഷി, ജൈവവള ഉല്പാദനം, പാഴ്വസ്തുക്കളുടെ പുനഃചംക്രമണം, ഭക്ഷ്യ സംസ്കരണം, ഹോട്ടല്‍-കാന്റീന്‍ നടത്തല്‍ തുടങ്ങിയ ഒട്ടനവധി സാമ്പത്തികകാര്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിന്റെ ഒരുപാട്‌ ഉദാഹരണങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും.

ഇന്ത്യയില്‍ ഇന്ന്‌ ഒരുപാട്‌ മൈക്രോഫിനാന്‍സ്‌ സ്ഥാപനങ്ങള്‍ ഉണ്ട്‌. ഇസാഫ്‌, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മുതലായവ ഉദാഹരണങ്ങളാണ്‌. ഈ സ്ഥാപനങ്ങള്‍ ആയിരക്കണക്കിന്‌ SHG കള്‍ക്ക്‌ വന്‍തോതില്‍ വായ്പകള്‍ നല്‍കിവരുന്നുണ്ട്‌. കുറെയേറെ SHG കള്‍ വനിതാ സംഘങ്ങളാണെന്നത്‌ സ്ക്രീ ശാക്തീകരണത്തിന്റെ ചിഹ്നങ്ങളാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

കുടുംബശ്രീ

SHG മാതൃകയിലുള്ള കേരളത്തിലെ വിജയപ്രദമായ സ്ത്രീശാക്തീകരണ പരിപാടിയാണ്‌ കുടുംബശ്രീ, ഇത്‌ 1998 ല്‍ രൂപമെടുത്ത ദാരിദ്ര്യനിവാരണ ദൗത്യമാണ്‌. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയ്‌ ആണ്‌ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. ‘അയൽക്കൂട്ടം’ എന്ന പേരില്‍ അറിയപ്പെടുന്ന അയല്‍ വാസികളുടെ സംഘമായിട്ടാണ്‌ ഇത്‌ പണിതുയര്‍ത്തിയിട്ടുള്ളത്‌. ദാരിദ്ര്യത്തില്‍നിന്ന്‌ സ്ത്രീകളെ മോചിപ്പിക്കുന്നത്‌, സ്ത്രീകളിലുള്ള സംരംഭകത്വ കഴിവുകളെ പരിപോഷിപ്പിക്കുക വഴിയാണ്‌. അല്ലാതെ സഹായം വച്ചുനീട്ടിയിട്ടല്ല. സ്ത്രീകളാല്‍ നടപ്പാക്കിയിട്ടുള്ള ഒരുപാട്‌ വിജയകരമായ പ്രോജക്ടുകള്‍ കേരള കുടുംബശ്രീക്കുണ്ട്‌.

ഗ്രാമീണ ബാങ്കിങ്‌ – വിമര്‍ശനാത്മകമായ വിലയിരുത്തല്‍ (Rural Banking – A Critical Appraisal)

ഗ്രാമങ്ങളിലെ വായ്പാസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ്‌ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. കര്‍ഷകര്‍ക്ക്‌ ഇതുകൊണ്ട്‌ ഗുണം സിദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ കര്‍ഷകര്‍ക്കാവശ്യമായ വായ്പ മുഴുവനും ലഭ്യമാക്കാന്‍ കഴിയുകയുണ്ടായില്ലെന്നത്‌ ഒരു വസ്തുതയാണ്‌. ചെറുകിട കര്‍ഷകരില്‍ വലിയൊരു ഭാഗം ഇപ്പോഴും കഴുത്തറപ്പന്മാരായ ഗ്രാമീണ ഹുണ്ടികക്കാരെയാണ്‌ ആശ്രയിക്കുന്നത്‌.

അതുപോലെതന്നെ ഗ്രാമീണ വായ്പാസംവിധാനം ഫല്രപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. വന്‍തുകകള്‍ വായ്പവാങ്ങി തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ ധാരാളമുണ്ട്‌. തിരിച്ചടയ്ക്കാത്ത കാര്‍ഷിക വായ്പകളെപ്പറ്റി നടത്തിയ പഠനങ്ങളില്‍ വായ്പാകൂടിശ്ലികകളില്‍ അമ്പതു ശതമാനവും മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തതാണെന്ന്‌ കാണുകയുണ്ടായി. വരുമാനത്തിലൊരുഭാഗം സമ്പാദിക്കുക, ആവശ്യത്തിനുമാത്രം വായ്പ വാങ്ങുക, വാങ്ങിയ വായ്പ യഥാസമയം തിരിച്ചടയ്ക്കുക – ഇത്തരമൊരു കാര്‍ഷിക സംസ്കാരം ഇവിടെ വളര്‍ന്നുവരേണ്ടതുണ്ട്‌. ഗ്രാമീണ ഹുണ്ടികക്കാരുടെ പിടിയിലമര്‍ന്ന കഴിയുന്ന ചെറുകിട കര്‍ഷകരെ മോചിപ്പിക്കേണ്ടതുണ്ട്‌. വ്യവസ്ഥാപിത വായ്പാ സ്ഥാപനങ്ങളുടെ പരിധിയില്‍ ഇവരെ കൊണ്ടുവരേണ്ടിയിരിക്കുന്നു.

കാര്‍ഷിക വിപണി സംവിധാനം (Agricultural Market System)

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിച്ചെന്നാല്‍, നിങ്ങള്‍ക്കവിടെ തമിഴ്‌നാട്ടില്‍നിന്നുള്ള കാബേജും കോളിഫ്‌ളവറും തക്കാളിയും, കാശ്മീരില്‍നിന്നുള്ള ആപ്പിളും, നാസിക്കില്‍നിന്നോ കര്‍ണാടകത്തില്‍ നിന്നോ ഉള്ള മുന്തിരിയും അതുപോലെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള നാനാതരം ഫലങ്ങളും പച്ചക്കറികളും കാണാന്‍ കഴിയും. കാര്‍ഷികോല്പന്നങ്ങളെ വയലില്‍ നിന്നും വില്പന കേന്ദ്രങ്ങളിലേക്ക്‌ എത്തിക്കാന്‍ കഴിവുള്ള ഒരു വിപണന ശൃംഖല ഇന്നു നിലവിലുണ്ട്‌. കൃഷിയെ സംബന്ധിച്ചിടത്തോളം ഈ വിപണന ശ്യുംഖല വളരെ പ്രധാനമാണ്‌.

കാര്‍ഷിക വിപണനമെന്നത്‌ ഒട്ടേറെ പ്രകിയകള്‍ ഉള്‍പ്പെട്ടതാണ്‌. സംഭരിക്കല്‍, സൂക്ഷിക്കല്‍, സംസ്കരിക്കല്‍, പാക്കേജിങ്‌, ഗ്രേഡിങ്‌, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിതരണം എന്നിവയിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ വയലില്‍ നിന്നും വില്പന കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനെ കാര്‍ഷിക വിപണന സംവിധാനം എന്നു പറയുന്നു.

കാര്‍ഷികോല്പന്നത്തിന്‌ ന്യായമായ വില ലഭിക്കുന്നില്ല എന്നതാണ്‌ കാര്‍ഷിക രംഗത്തെ പ്രധാനപ്പെട്ടൊരു പ്രശ്നം. കാര്‍ഷികോല്പന്നങ്ങള്‍ക്ക്‌ ശരിയായ വില കിട്ടാത്തതിന്റെ പ്രധാനകാരണം അതിന്റെ പ്രദാന സമ്പ്രദായമാണ്. വ്യാവസായികോല്‍പന്നങ്ങള്‍ ആവശ്യമനുസരിച്ച്‌ ഉല്പാദിപ്പിച്ച്‌ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ കഴിയും. എന്നാല്‍ അരി, ഗോതമ്പ്‌ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ ഒരേസമയം കൊയ്യുന്നു; ഒരേ സമയം വിപണിയില്‍ എത്തുന്നു. അപ്പോള്‍ അവയുടെ വിലയിടിയുന്നു. വിപണിയില്‍ വില വർധിക്കുന്നതു വരെ കാര്‍ഷികോല്‍പന്നങ്ങള്‍ പിടിച്ചുവയ്ക്കാനുള്ള സാമ്പത്തിക ശേഷി കര്‍ഷകര്‍ക്കില്ല. അതേപോലെതന്നെ കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിച്ചു സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവും അവര്‍ക്കില്ല. കൊയ്ത്ത്‌ കഴിഞ്ഞാലുടന്‍ ഉല്പാദിപ്ലിക്കപ്പെട്ട ധാന്യം കിട്ടിയ വിലയ്ക്ക്‌ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ കാര്‍ഷിക വിപണന സൗകര്യം വര്‍ധിപ്പിക്കുന്നത്‌ കര്‍ഷകര്‍ക്ക്‌ വളരെ ഗുണകരമായിത്തീരും.

കാര്‍ഷിക വിപണനം മെച്ചപ്പെടുത്താൻ ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികള്‍ (Measures Taken by Government to Improve Agricultural Marketing)

കാര്‍ഷിക വിപണന സൗകര്യമുണ്ടാക്കാന്‍ ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികളില്‍ പ്രധാനം-

  • റഗുലേറ്റഡ്‌ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചു.
  • റോഡ്‌, റെയില്‍വേ, വെയര്‍ഹാൌസ്‌, ഗോഡൌണ്‍, കോള്‍ഡ്‌ സ്റ്റോറേജ്‌, സംസ്കരണശാലകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു.
  • സഹകരണവിപണനം : സഹകരണസംവിധാനത്തില്‍ ഇടത്തട്ടുകാരുണ്ടാവില്ലു; അത്‌ കര്‍ഷകര്‍ക്ക്‌ വളരെ ഗുണം ചെയ്യും. ഗുജറാത്തിലെ അമൂല്‍ (Anand Milk Union Ltd. – AMUL) സഹകരണവിപണനത്തിന്റെ വലിയൊരു വിജയഗാഥയാ.
  • താങ്ങുവില പ്രഖ്യാപികല്‍ : കാര്‍ഷികോല്പന്നത്തിന്‌ ഒരു കുറഞ്ഞ വിലയെങ്കിലും കിട്ടുമെന്ന്‌ (Minimum Support Price – MSP) ഉറപ്പു നല്‍കലാണിത്‌.
  • കുറഞ്ഞ പലിശയ്ക്ക്‌ വായ്പാസൗകര്യം.

മേല്‍പ്പറഞ്ഞ നടപടികള്‍ക്ക്‌ പുറമെ, ഗവണ്‍മെന്റ്‌ ഒരു പൊതുവിതരണ സംവിധാനവും നടപ്പാക്കി. ദരിദ്രരായവര്‍ക്ക്‌ ന്യായമായ വിലയ്ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ നല്കുന്ന ഒന്നാണിത്‌. പൊതു വിതരണസംവിധാനം (Public Distribution System – PDS) വഴിയുള്ള ധാന്യവിതരണത്തിനായി ഗവണ്‍മെന്റ്‌ ഭക്ഷ്യധാന്യങ്ങളുടെ ഒരു കരുതല്‍ ശേഖരം നിലനിര്‍ത്തുകയും ചെയ്യുന്നു. കര്‍ഷകക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്‌.

Table 6.2
അപ്‌നി മണ്ഡി പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍
ഹഡാസ്പര്‍ മണ്ഡി പൂന
റയതു ബസാര്‍ ആന്ധ്രപദേശിലേയും തെലങ്കാനയിലേയും പഴം-പച്ചക്കറി വിപണികള്‍
ഉഴവര്‍ സന്ധി തമിഴ്നാട്ടിലെ കര്‍ഷക വിപണികള്‍

അടുത്തകാലത്ത്‌ വളര്‍ന്നുവന്നിട്ടുള്ള മറ്റൊരു പ്രവണത ചില്ലറവ്യാപാരത്തിന്റെ പടുകൂറ്റന്‍ ശൃംഖലകളാണ്‌. ബിഗ്‌ ബസാര്‍, റിലയന്‍സ്‌ ഫ്രഷ്‌, സ്പെന്‍സേഴ്സ്‌ തുടങ്ങിയവ ഉദാഹരണം. ഈ ചില്ലറവില്പന ശൃംഖലകള്‍ കര്‍ഷകരില്‍നിന്നും നേരിട്ട്‌ സംഭരണം നടത്തുകയും ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ വില്‍ക്കുകയും ചെയ്യുന്നു.

വൈവിധ്യവല്‍ക്കരണം (Diversification)

കാര്‍ഷികമേഖലയ്ക്ക്‌ ഉയര്‍ച്ച വേണമെങ്കില്‍ വൈവിധ്യവല്‍ക്കരണം കൂടിയേ തീരു. മൂന്നു തരത്തിലുള്ള വൈവിധ്യവല്‍ക്കരണം അഭിലഷണീയമാണ്‌, അവ-

  • വിളകളിലുള്ള വൈവിധ്യ വല്‍ക്കരണം: ഒരൊറ്റ വിളയെ മാത്രം ആശ്രയിക്കുന്നതു മുലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്‌.
  • അനുബന്ധപവര്‍ത്തനങ്ങളിലേക്കുള്ള വൈവിധ്യവല്‍ക്കരണം: പശുക്കളെ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, ഫിഷറീസ്‌ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണങ്ങള്‍.
  • കാര്‍ഷികേതര ജോലികളിലേക്കുള്ള മാറ്റം: കൃഷിയുമായി ബന്ധപ്പെട്ട കാര്‍ഷികേതര ജോലികള്‍ക്ക്‌ വമ്പിച്ച തൊഴില്‍ സാധ്യതകളുണ്ട്‌. ഭക്ഷ്യസംസ്കരണ വ്യവസായം ഒരു ഉദാഹരണം. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവ സംസ്കരിച്ച്‌ മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റാം. വളരെയധികം തൊഴില്‍ സാധ്യതയുള്ള, വളര്‍ന്നുവരുന്ന ഒരു വന്‍ വ്യവസായമാണിത്‌.

കന്നുകാലി വളര്‍ത്തല്‍ (Animal Husbandry)

ഗ്രാമീണരുടെ പ്രധാനപ്പെട്ടൊരു ഉപജീവനമാര്‍ഗ്ഗമാണ്‌ കന്നുകാലിവളര്‍ത്തല്‍. ഇന്ത്യയിലെ ഗ്രാമീണ ജനത ഒരു സമ്മിശ്ര കാര്‍ഷികരീതിയാണ്‌ അവലംബിച്ചുവരുന്നത്‌. പശുക്കള്‍, ആട്‌, കോഴി എന്നിവയെയെല്ലാം വളര്‍ത്തും. ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടക്കം ഏഴുകോടി ഗ്രാമീണരുടെ ബദല്‍ ഉപജീവനമാര്‍ഗമാണിത്‌. കന്നുകാലികളെ വളര്‍ത്തുന്നതിന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്‌-

  • ബദല്‍ ഉപജീവനമാര്‍ഗം
  • വരുമാനത്തില്‍ സുസ്ഥിരത
  • ഭക്ഷ്യസുരക്ഷിതത്വം
  • കുടുംബത്തിനാകെ പോഷകാഹാരം
  • കൃഷിക്കാവശ്യമായ വളം
  • പാചകത്തിനുവേണ്ട ഇന്ധനം

ഇന്ത്യയിലെ കന്നുകാലി വളര്‍ത്തല്‍ പരിപാടിയിലെ ഒരു നാഴികക്കല്ലായിരുന്നു “ഓപ്പറേഷന്‍ ഫ്ളഡ്‌” (1966). പുതിയ കാര്‍ഷിക തന്ത്രം എങ്ങനെ ഹരിതവിപ്ലവത്തിന്നിടയാക്കിയോ, അതുപോലെ ഓപ്പറേഷന്‍ ഫ്ളഡ്‌ ഒരു ധവളവിപ്ലവത്തിനും ഇടയാക്കി. 1960നും 2012നുമിടയില്‍ ഇന്ത്യയിലെ പാല്‍ ഉല്പാദനം അഞ്ചിരട്ടിയിലേറെയായി വര്‍ധിച്ചു.

ഈ സമ്പ്രദായപ്രകാരം എല്ലാ ക്ഷീര കര്‍ഷകരും അവര്‍ ഉല്പാദിപ്പിച്ച പാല്‍ (വ്യത്യസ്ത ഗ്രേഡുള്ളത്‌) സഞ്ചയിപ്പിക്കുകയും സംസ്കരിച്ച ശേഷം നഗരങ്ങളിലേക്ക്‌ സഹകരണ സ്ഥാപനം മുഖേന വിപണനം നടത്തുകയുമാണ്‌ ചെയ്യുന്നത്‌. ഇതു വഴി കര്‍ഷകര്‍ക്ക്‌ ന്യായമായ വിലയും വരുമാനവും ലഭിക്കുന്നു. ഗുജറാത്ത്‌ തുടങ്ങിവെച്ച ഈ വിജയഗാഥ മറ്റു സംസ്ഥാനങ്ങളും പിന്നീട്‌ അനുകരിക്കുകയുണ്ടായി.

ഫിഷറീസ്‌ (Fisheries)

ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്‌ മത്സ്യബന്ധനം. കേരളം, തമിഴ്നാട്‌, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന സമുദ്രോല്പന്ന വിപണന മേഖലകള്‍. മത്സ്യോല്‍പാദനം GDP യുടെ 0.8 ശതമാനമാണുള്ളത്‌, മത്സ്യസമ്പത്തില്‍ 64 ശതമാനത്തോളം ലഭിക്കുന്നത്‌ പുഴ, കുളം, തടാകം, വയലുകള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലസംഭരണികളില്‍നിന്നാണ്‌. ബാക്കി 36 ശതമാനത്തോളം കടലില്‍നിന്നും. മീന്‍പിടുത്തക്കാര്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയിലുള്ളവരാണ്‌. ഇവരെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ചിലത്‌ –

  • വേണ്ടത്ര തൊഴിലില്ലായ്മ
  • താഴ്ന്ന വരുമാനം
  • നിരക്ഷരത
  • തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കുള്ള സാധ്യതക്കുറവ്‌
  • കടബാധ്യത

പഴം-പച്ചക്കറി കൃഷി (Horticulture)

ഇന്ത്യയിലെ മണ്ണ്‌ സമ്പുഷ്ടമാണ്‌; വൈവിധ്യ മേറിയതാണ്‌; കാലാവസ്ഥയും ബഹുവിധമാണ്‌. മണ്ണിനും കാലാവസ്ഥയ്ക്കുമുള്ള ഈ വൈവിധ്യം മൂലം ഇവിടെ എല്ലാതരം ഫലങ്ങളും പച്ചക്കറികളും ഓഷധച്ചെടികളും സുഗന്ധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വാഴകളും പുഷ്പങ്ങളും കൃഷി ചെയ്തുണ്ടാക്കാന്‍ കഴിയുന്നു. ലോകത്തില്‍ ഏറ്റവുമധികം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തുണ്ടാക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്‌. ആകെയുള്ള കാര്‍ഷിക ഉല്പന്ന മൂല്യത്തിന്റെ മുന്നിലൊരുഭാഗവും GDP യുടെ 6 ശതമാനവും ഇതിന്റെ സംഭാവനയാണ്‌. ഇന്ത്യയില്‍ പഴം-പച്ചക്കറി കൃഷികള്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്‌. കാര്‍ഷികരംഗത്തെ ഹരിതവിപ്ലവം പോലെ, പാലുല്പാദന മേഖലയിലെ ധവള വിപ്ലവംപോലെ, പഴം-പച്ചക്കറി മേഖലയില്‍ ഒരു സുവര്‍ണ്ണ വിപ്ലവവും ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വളരെയധികം തൊഴിലവസരം സൃഷ്ടിക്കുന്ന ഒന്നാണ്‌ തോട്ടകൃഷി. ഉദ്യാനകൃഷി, നഴ്‌സറി വളര്‍ത്തല്‍, ടിഷ്യുകള്‍ച്ചര്‍, പഴം സംസ്കരണം തുടങ്ങിയവ സ്ത്രീകള്‍ക്ക്‌ വളരെയധികം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.

Green Revolution – ഭക്ഷ്യ ഉല്പാദനം

White Revolution – പാല്‍

Golden Revolution – പഴം, പച്ചക്കറി

Silver Revolution – മൂട്ട

Grey Revolution – വളങ്ങള്‍

Blue Revolution – മത്സ്യം

Black Revolution – പെട്രോളിയം, ക്രൂഡ്‌ ഓയില്‍

Yellow Revolution – എണ്ണക്കുരു

മറ്റു ബദല്‍ ജീവിതോപാധികള്‍ (Other Alternate Livelihood Options)

ആധുനികലോകത്തില്‍ പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണ്‌ പ്രധാനപ്പെട്ട ബദല്‍ മാര്‍ഗ്ഗം. ഇന്ത്യയില്‍ 1995നും 2005ടനും ഇടയ്ക്കുള്ള കാലത്ത്‌ ഏറ്റവും വേഗത്തില്‍ വളര്‍ന്ന സേവനമേഖല ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും അനുബന്ധ സേവനങ്ങളുമാണ്‌. ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ അത്‌ തൊഴിലവസരം പ്രദാനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളും അനുബന്ധ കമ്പനികളും നഗരങ്ങളിലാണ്‌ കേന്ദ്രീകരിചിരിക്കുന്നതെങ്കിലും അത്‌ ചെറിയ പട്ടണങ്ങളിലേക്കും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും അനുബന്ധസേവനങ്ങളും (Information Technology/Information Technology Enabled Services – IT/ITES) കൃഷിക്കും ഗ്രാമീണ സമൂഹങ്ങള്‍ക്കും പല വിധത്തില്‍ ഗുണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌.

  • കാര്‍ഷികോല്പന്നങ്ങളുടെ വില സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ക്ക്‌ പ്രദാനം ചെയ്യുന്നു.
  • കാര്‍ഷിക നിവേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നു.
  • കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നു.

കര്‍ഷകരുമായി അടുത്തബന്ധം പുലര്‍ത്താന്‍ കമ്പനികള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയേയും അനുബന്ധ സേവനങ്ങളേയുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ITC (ഇന്ത്യന്‍ ടുബാക്കോ കമ്പനി) കര്‍ഷകരുമായി പങ്കാളിത്തത്തില്‍ പല സംസ്ഥാനങ്ങളിലൂം ഇ – ചൗപലുകൾ (E-choupals) (കര്‍ഷകരുമായി ഇന്റര്‍നെറ്റ്‌ വഴി ബന്ധപ്പെടുന്നതിനുള്ള സംവിധാനം) സ്ഥാപിച്ചിട്ടുണ്ട്‌.

ഒട്ടേറെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരിശീലനകേന്ദ്രങ്ങള്‍, ഹാര്‍ഡ്‌ വെയര്‍ സര്‍വ്വീസ്‌ സെന്ററുകള്‍, CAD സെന്ററുകള്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ്‌ ഡിസൈന്‍ കേന്ദ്രങ്ങള്‍), വെബ്‌ ഡിസൈന്‍ ഇന്‍൯സ്റ്റിറ്റ്യൂട്ടുകള്‍, ഇന്റര്‍നെറ്റ്‌ കഫേകള്‍ തുടങ്ങിയവ ചെറിയ പട്ടണങ്ങളില്‍പോലും സ്ഥാപിതമായി കഴിഞ്ഞു. ഇത്‌ ക്രമത്തില്‍ ഗ്രാമങ്ങളിലുമെത്തും. ഈ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളെയാണ്‌ ജോലിക്ക്‌ നിയമിക്കുന്നത്‌. അങ്ങനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും അനുബന്ധസേവനങ്ങളും പ്രധാനപ്പെട്ട ബദല്‍ ജീവിതോപാധിയായി വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്‌.

സുസ്ഥിര വികസനവും ജൈവകൃഷിയും (Sustainable Development and Organic Farming)

ഹരിതവിപ്ലവം ഇന്ത്യയെ ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്തമാക്കി. പക്ഷെ അതൊരു പ്രശ്നവും സൃഷ്ടിച്ചു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന കാര്‍ഷികതന്ത്രം സൃഷ്ടിച്ച ഒരു പ്രശ്നമാണിത്‌. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം സൃഷ്ടിച്ച പ്രശ്നങ്ങള്‍-

  • മണ്ണിന്‌ വളക്കൂറ്‌ നഷ്ടപ്പെട്ടു.
  • മണ്ണും വെള്ളവും വിഷാംശം കലര്‍ന്നതായി.
  • ഭക്ഷ്യോല്പന്നങ്ങളില്‍ കീടനാശിനികള്‍ കലര്‍ന്നു.
  • കര്‍ഷകമിത്രങ്ങളായ കീടങ്ങളെ കീടനാശിനികൾ നശിപ്പിച്ചു.
  • പരിസ്ഥിതിക്ക്‌ ക്ഷതമേല്‍പിച്ചു.

വികസനം സുസ്ഥിരമാകണമെങ്കില്‍ കൃഷിരീതികള്‍ പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നവയായിരിക്കണം. ജൈവവളങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തുന്നവയാണ്‌ ജൈവ കൃഷികള്‍, രാസ കീടനാശിനികളെയെല്ലാം അത്‌ ഒഴിവാക്കുന്നു. അതിനാല്‍ ജൈവകൃഷി പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന ഒന്നാണ്‌. പരിസ്ഥിതി സന്തുലിതവസ്ഥ വീണ്ടെടുക്കാനും നിലനിര്‍ത്താനും ജൈവ കൃഷി സഹായിക്കുന്നു.

ജൈവകൃഷിയുടെ മെച്ചങ്ങള്‍ (Benifits of Organic Farming)

  • ജൈവികമായി ഉല്പാദിപ്പിക്കപ്പെട്ട ഭക്ഷണത്തിന്‌ അത്യധികം പോഷകമുല്യമുണ്ടായിരിക്കും.
  • അത്‌ അധ്വാനപ്രധാനമാണ്‌; തന്മുലം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
  • ജൈവോല്പന്നങ്ങള്‍ക്ക്‌ വമ്പിച്ച അന്താരാഷ്ട്ര വിപണിയുണ്ട്‌. കയറ്റുമതിയിലൂടെ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയും.
  • അത്‌ പരിസ്ഥിതി സൗഹൃദാത്മകവും നിലനില്‍ക്കുന്നതുമാണ്‌.

ജൈവഭക്ഷണത്തിന്‌ ജനപ്രീതി വര്‍ധിച്ചുവരികയാണ്‌. ജൈവകൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെട്ട സാധനങ്ങള്‍കൊണ്ടു തയ്യാറാക്കിയവയാണ്‌ ജൈവഭക്ഷണങ്ങള്‍. പല ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ജൈവഭക്ഷണം വിറ്റുവരുന്നുണ്ട്‌.

ജൈവകൃഷിയുടെ പരിമിതികൾ (Limitations)

  • അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും കാര്‍ഷികവിപണന സംവിധാനങ്ങളും.
  • ജൈവകൃഷിരീതിയെക്കുറിച്ചുള്ള കര്‍ഷകരുടെ അപൂര്‍ണ്ണമായ അറിവും താല്പര്യമില്ലായ്മയും.
  • ആധുനിക കൃഷിരീതിയേക്കാള്‍ ജൈവ കൃഷിയിലൂടെയുള്ള വിളവിന്റെ കുറവ്‌.
  • മറ്റുല്പന്നങ്ങളെ സംബന്ധിച്ച്‌ ജൈവ ഉല്പന്നങ്ങള്‍ പെട്ടെന്ന്‌ കേടുവരുന്നു.

കാര്‍ഷിക മേഖലയിലെ ഗവണ്‍മെന്റ്‌ ഇടപെടലുകള്‍

1. കിസ്സാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ (Kissan Credit Card – KCC)

കര്‍ഷകര്‍ക്ക്‌ ഹൃസ്വകാല വായ്പ ലഭ്യമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഒരു കാല്‍വയ്പാണ്‌ കിസ്സാന്‍ കാര്‍ഡ്‌. ഇതുപ്രകാരം ഓരോ കര്‍ഷകനും ക്യാഷ്‌ ക്രെഡിറ്റ്‌ സൗകര്യമൂള്ള ഒരു പാസ്‌ ബുക്ക്‌ നല്‍കുകയുണ്ടായി.

2. പുനരധിവാസ പാക്കേജ് (Rehabilitation package)

കടബാധ്യതകളാല്‍ ആത്മഹത്യ ചെയ്തവരുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗവണ്‍മെന്റ്‌ കൊണ്ടുവന്ന ഒരു പാക്കേജാണ്‌ ഇത്‌. കേരളം, ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിലാണ്‌ ഇത്‌ ആദ്യം നടപ്പാക്കിയത്‌.

3. കാര്‍ഷിക വായ്പയ്ക്ക്‌ പലിശ ഇളവ്‌

2007-08 കാലഘട്ടത്തിലാണ്‌ ഈ പദ്ധതി കൊണ്ടുവന്നത്‌. ഇതുപ്രകാരം കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക്‌ പലിശ യില്‍ ഇളവ്‌ അനുവദിക്കുന്നു.

4. വായ്പ എഴുതിത്തള്ളൽ

കര്‍ഷകരുടെ തിരിച്ചടവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വായ്പയും പലിശയും തിരിച്ചടക്കാന്‍ കഴിവില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കി കിട്ടുന്നു.

സമാപനം (Conclusion)

വൈവിധ്യവല്‍ക്കരണത്തിലൂടെയും അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും ഗ്രാമീണ മേഖലയ്ക്ക്‌ വളരാന്‍ കഴിയും.

ഗ്രാമപ്രദേശങ്ങളിലെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കണം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുകയും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന്‌ പരമമായ മുന്‍ഗണന നല്‍കണം.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *