Plus One Economics Chapter 5 in Malayalam
Plus One Economics Chapter 5 in Malayalam

Plus One Economics Chapter 5 in Malayalam

അദ്ധ്യായം 5:-

മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില്‍.

Plus One Economics Chapter 5

ആമുഖം

പ്രകൃതി വിഭവങ്ങളാല്‍ അതിസമ്പന്നമായ ഒട്ടേറെ ദരിദ്ര രാഷ്ട്രങ്ങള്‍ ലോകത്തിലുണ്ട്‌. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ടായിട്ടും ത്വരിതമായ സാമ്പത്തികവളര്‍ച്ചയും വികസനവും കൈവരാത്തതിന്റെ കാരണം മനുഷ്യമുലധനം പരിമിതമാണ്‌ എന്നതുകൊണ്ടാണ്‌. നേരെമറിച്ച്‌, പ്രത്യേകിച്ചൊരു പ്രകൃതി വിഭവവുമില്ലാത്ത ഒട്ടേറെ രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും നല്ല, ഏറ്റവും ഉല്പാദനക്ഷമമായ മനുഷ്യ മൂലധനം സുലഭമായിട്ടുണ്ട്‌. അതായത്‌ സാമ്പത്തികവളര്‍ച്ചയിലും വികസനത്തിലും മനുഷ്യവിഭവങ്ങള്‍ അഥവാ മനുഷ്യ, മൂലധനം (Human Capital) നിര്‍ണായകമായ പങ്കുവഹിക്കുന്നു. അതുപോലെ പ്രകൃതി വിഭവങ്ങള്‍, ശുഷ്കമായിട്ടും അതിസമ്പന്നമായി കഴിയുന്ന ഒട്ടേറെ രാജ്യങ്ങളുമുണ്ട്‌. ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കും?

എന്താണ്‌ മനുഷ്യമുലധനം? (What is Human Capital ?)

വിദ്യാഭ്യാസമില്ലാത്ത, പരിശീലനം സിദ്ധിച്ചട്ടില്ലാത്ത, ആരോഗ്യമില്ലാത്ത ഒരു മനുഷ്യനാണെങ്കില്‍ അയാള്‍ ഉല്പാദനക്ഷമതയുള്ളവനല്ല ദേശീയോല്പാദനത്തിന്‌ അയാള്‍ക്കൊരു സംഭാവനയും നല്‍കാനാവില്ല. നേരെമറിച്ച്‌ വിദ്യാഭ്യാസവും പരിശീലനവും ആരോഗ്യവുമുളൂള ഒരു വ്യക്തി, വികലാംഗനായാല്‍ പോലും, ഉല്പാദനക്ഷമതയുള്ള ആളാണ്‌ (ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഒട്ടേറെ വികലാംഗര്‍ക്ക്‌ തൊഴില്‍ നല്‍കുന്നുണ്ട്‌. വിദ്യാഭ്യാസവും പരിശീലനവുമുള്ളവരാകയാല്‍, അവര്‍ക്ക്‌ ഉല്പാദനക്ഷമതയുണ്ട്‌). മനുഷ്യര്‍ക്ക്‌ വിദ്യാഭ്യാസവും പരിശീലനവും സിദ്ധിക്കുമ്പോള്‍ അവര്‍ മനുഷ്യവിഭവം/മനുഷ്യമൂലധനം ആയിത്തീരുന്നു.

മനുഷ്യരെ വിദ്യാഭ്യാസവും പരിശീലനവും നല്‍കി അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ മനുഷ്യ, വിഭവങ്ങളാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ അത്‌ മനുഷ്യവിഭവ സ്വരൂപീകരണമാണ്‌.

മനുഷ്യമുലധനത്തിന്റെ ഉറവിടങ്ങള്‍ (Sources of Human Capital)

താഴെ പറയുന്ന മേഖലകളിലെ മൂലധനനിക്ഷേപത്തിലൂടെയാണ്‌ മനുഷ്യമൂലധനം സൃഷ്ടിക്കപ്പെടുന്നത്‌.-

  • വിദ്യാഭ്യാസം

  • ആരോഗ്യം

  • ജോലിക്കിടയില്‍ പരിശീലനം

  • കുടിയേറ്റം

  • ഇന്‍ഫര്‍മേഷന്‍

1. വിദ്യാഭ്യാസം (Education)

വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്റും രക്ഷകര്‍ത്താക്കളും ഒരുപാട്‌ പണം നിക്ഷേപിക്കൂന്നുണ്ട്‌. വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച, അറിവും വൈദഗ്ധ്യവുമുള്ള ഒരാള്‍ ഇതൊന്നുമില്ലാത്ത ഒരാളേക്കാള്‍ ഉല്പാദനക്ഷമമായിരിക്കും. ഒരു രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും വികസനത്തിനും വിദ്യാസമ്പന്നമായ ഒരു ജനതയ്ക്ക്‌ ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയും. അതുകൊണ്ട്‌ വിദ്യാഭ്യാസത്തിന്‌ പരമപ്രാധാന്യം നല്‍കേണ്ടതുണ്ട്‌.

വിദ്യാഭ്യാസം അഭിലഷണീയവും പ്രയോജനകരവുമാണ്‌. എന്തുകൊണ്ടെന്നാല്‍-

  • അത്‌ ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു.
  • ഉല്പാദനക്ഷമത കൂട്ടുമെന്നതിനാല്‍ വരുമാനവും കൂട്ടും.
  • സാമുഹ്യമായ പദവി ഉയര്‍ത്തും.
  • ലോകത്തെ മനസ്സിലാക്കാനുള്ള ശേഷി കൂടും.
  • പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പുതുമകള്‍ക്കും പ്രേരകമാകും.
  • രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായിക്കും.

2. ആരോഗ്യം (Health)

ആരോഗ്യമുള്ള വര്‍ക്കേ പണിയെടുക്കാന്‍ കഴിയു. അതിനാല്‍ മനുഷ്യമൂലധനത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ്‌ ആരോഗ്യം. ആരോഗ്യസംരക്ഷണത്തിനായി പണം ചെലവാക്കുന്നതു പല വിധത്തിലാണ്‌-

  • പ്രതിരോധ ഔഷധങ്ങള്‍ (കുത്തിവയ്പ്‌)
  • രോഗനിവാരണ ഔഷധങ്ങള്‍ (ചികിത്സ)
  • സോഷ്യല്‍ മെഡിസിന്‍ (ആരോഗ്യസാക്ഷരതാപ്രചരണം)
  • ശുദ്ധജലവിതരണം
  • ശുചീകരണ സൗകര്യ നിര്‍മ്മാണം

3. ജോലിക്കിടയില്‍ പരിശീലനം (On-the-job Training)

തങ്ങളുടെ ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കൂന്നതിനായി കമ്പനികള്‍ ധാരാളം പണം ചെലവാക്കാറുണ്ട്‌. ഇത്‌ രണ്ടുവിധത്തിലൂണ്ട്‌.

  1. പരിചയസമ്പന്നനായ ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ ഫാക്ടറിയില്‍ ജോലിയ്ക്കിടയില്‍വെച്ചുതന്നെ പരിശീലനം നല്‍കുന്നു.
  2. ജീവനക്കാരെ പരിശീലനത്തിനായി പുറത്ത്‌ പറഞ്ഞയയ്ക്കുന്നു. അപ്പോള്‍ ജീവനക്കാരില്‍നിന്ന്‌ ഫാക്ടറിക്ക്‌ വര്‍ധിത ഉദ്പാദനക്ഷമത കൈവരും. ചുരുക്കത്തില്‍ ജോലിയ്ക്കകത്തുവെച്ചു തന്നെയുള്ള തൊഴില്‍ പരിശീലനമാണ്‌ ഓണ്‍-ദ-ജോബ്‌ ട്രെയിനിങ്ങ്‌.

4. കുടിയേറ്റം (Migration)

കൂടിയേറ്റമെന്നത്‌ ഇക്കാലത്തെ പ്രധാനപ്പെട്ടൊരു പ്രവണതയാണ്‌. ലക്ഷക്കണക്കിനു കേരളീയരാണ്‌ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, അമേരിക, യൂറോപ്പ്‌, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പണിയെടുക്കുന്നത്‌. ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്നത്‌ രണ്ട്‌ കാരണങ്ങളാലാണ്‌.-

  1. കേരളത്തില്‍ / ഇന്ത്യയില്‍ തൊഴിലില്ലായ്മ
  2. വിദേശത്ത്‌ കൂടുതല്‍ നല്ല ജോലിക്ക്‌ /ജീവിതത്തിന്‌ ഉള്ള സാധ്യത

കുടിയേറ്റത്തിന്‌ നല്ല ചെലവു വരും. അതായത്‌-

  • യാത്രച്ചെലവ്‌
  • വിദേശത്തെ ജോലിക്കു ഉതകുന്ന വിദ്യാഭ്യാസം
  • മറുനാട്ടിലെ ഉയര്‍ന്ന ജീവിതച്ചെലവ്‌
  • കുടുംബത്തെ തനിച്ചാക്കി പോകുന്നതിന്റെചെലവ്‌
  • അപരിചിതമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്നതിന്റെ മനശാസ്ത്രപരമായ ചെലവ്‌

ഇങ്ങനെ നാനാതരത്തില്‍ ചെലവുവരുമെങ്കിലും ചെലവിനേക്കാള്‍ അധികമാണ്‌ ഗുണമെന്നതിനാല്‍ ജനങ്ങള്‍ കൂടിയേറിപ്പാര്‍ക്കാന്‍ തന്നെ തയ്യാറാകുന്നു.

5.ഇന്‍ഫര്‍മേഷന്‍ (Information)

തക്കതായ കോഴ്‌സുകള്‍, ആ കോഴ്‌സുകള്‍ ലഭ്യമായ സ്ഥാപനങ്ങള്‍, വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും ലഭ്യമായ തൊഴിലവസരങ്ങള്‍, വിവിധ ജോലികള്‍ക്കു ലഭിക്കുന്ന ശമ്പളനിരക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്‌ സുപ്രധാനമാണ്‌. ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിവരുന്ന ചെലവുകളും മനുഷ്യമൂലധനത്തിനായുള്ള നിക്ഷേപമായി കരുതാം.

ഭൗതികമുലധനവും മനുഷ്യമൂലധനവും

സാമ്പത്തിക വളര്‍ച്ച നേടുന്നതിലും വികസനത്തിലും ഭൗതികമുലധനവും മനുഷ്യമൂലധനവും ഒരുപോലെ പ്രധാനമാണ്. രണ്ടിനും തമ്മില്‍ പല സമാനതകളും വിയോജിപ്പും ഉണ്ട്‌.

Table 5.1 ഭൗതികമുലധനവും മനുഷ്യമൂലധനവും
സമാനതകള്‍ വിയോജിപ്പുകള്‍
ബോധപൂര്‍വ്വമായ നിക്ഷേപ തീരുമാനങ്ങളുടെ അനന്തരഫലമാണ്‌ രണ്ടുതരം മൂലധനസ്വരുപീകരണവും. ഭൗതിക മൂലധന സ്വരൂപികരണം ഒരു സാമ്പത്തിക പ്രക്രിയയും സാങ്കേതിക പ്രക്രിയയുമാണ്‌. മനുഷ്യമുലധന സ്വരൂപീകരണമാകട്ടെ ബോധപൂര്‍വ്വമായ തീരുമാനത്തിന്റെയെന്നപോലെ സാമുഹ്യ പ്രക്രിയയുടേയും ഫലമാണ്‌.
രണ്ടുതരം മൂലധനവും ഒരു രാജ്യത്തില്‍ നിന്ന്‌ മറ്റൊരു രാജ്യത്ത്‌ എത്താവുന്നതാണ്‌; രണ്ടിനും ചില ഗതിനിയ്രന്തണങ്ങളുണ്ട്‌. ഭൗതിക മുലധനം സ്പര്‍ശനീയവും വിപണിയില്‍ വില്‍ക്കാവുന്നതുമാണ്‌. മനുഷ്യമൂലധനം സ്പര്‍ശനീയമല്ല; ആ മൂലധനം കൊണ്ടുള്ള സേവനമേ വില്‍ക്കാന്‍ പറ്റു.
രണ്ടുതരം മൂലധനത്തിനും കാലാന്തരത്തില്‍ തേയ്മാനം വരും. ഭൗതിക മുലധനത്തെ അതിന്റെ ഉടമയില്‍നിന്നും വേര്‍പെടുത്തിയെടുക്കാം; മനുഷ്യമുലധനത്തെ വേര്‍പെടുത്തിയെടുക്കാനാവില്ല.
രണ്ടൂതരവും സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും സംഭാവന ചെയുന്നുണ്ട്‌. ഭൗതിക മൂലധനം എപ്പോഴും എങ്ങോട്ടും മാറ്റാന്‍ കഴിയും. മനുഷ്യമൂലധനം മാറ്റുന്നത്‌ അത്ര എളുപ്പമല്ല.
ഭാതിക മുലധനത്തിന്‌ ഉപയോഗിക്കുംതോറും തേയ്മാനം സംഭവിക്കും; മനുഷ്യമുലധനത്തിന്‌ പ്രായം കൂടുമ്പോഴാണ്‌ തേയ്മാനം സംഭവിക്കുന്നത്‌.

മനുഷ്യമൂലധനവും സാമ്പത്തിക വളര്‍ച്ചയും (Human Capital and Economic Growth)

വിദ്യാഭ്യാസം. പരിശീലനം, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍, കുടിയേറ്റം എന്നിവയാണ്‌ മനുഷ്യമൂലധനരുപവല്‍ക്കരണത്തിന്‌ ഇടയാക്കുന്നത്‌. ഇവ ഒരാളുടെ സമ്പാദനശേഷി വര്‍ധിപ്പിക്കുന്നു. സമുഹത്തെപ്പറ്റിയും ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികളെപ്പറ്റിയും ശരിയായ ധാരണയുണ്ടാക്കുന്നതിനുളൂള അറിവു പ്രദാനം ചെയ്യുന്നത്‌ വിദ്യാഭ്യാസമാണ്‌. നാനാതരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും നവികരണങ്ങള്‍ക്കും ഇത്‌ ഉപയോഗപ്പെടുത്തുന്നു.

മനുഷ്യമുലധനരൂപവല്‍ക്കരണം സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുന്നു. ഇവ തമ്മില്‍ ഒരു കാര്യ-കാരണബന്ധം സ്ഥാപിക്കുക വിഷമകരമായേക്കും. എന്നാല്‍, മനുഷ്യമൂലധനരൂുപവല്‍ക്കരണം സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഇടയാക്കുന്നുവെന്നത്‌ വ്യക്തമായ കാര്യമാണ്‌. സാമുഹ്യ -സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും വിശദാംശങ്ങളുടങ്ങിയ താഴെ കാണുന്ന പട്ടിക നോക്കുക.

Table 5.2
വിവരങ്ങള്‍ 1951 1981 1991 2001 2012
യഥാര്‍ത്ഥ ആളോഹരി വരുമാനം (രൂപ) 5708 8594 11535 16172 38037
മരണനിരക്ക്‌ (ജനസംഖ്യയില്‍ 1000ന്‌) 25.1 12.5 9.8 8.1 7
ശിശുമരണനിരക്ക്‌ 146 110 80 63 42
ആയുര്‍ദൈര്‍ഘ്യം (കൊല്ലം) പുരുഷന്മാര്‍ 37.2 54.1 59.7 63.9 64
സ്ത്രീകള്‍ 36.2 54.7 60.9 66.9 67.7
സാക്ഷരതാ നിരക്ക്‌ (ശതമാനം) 16.67 43.57 52.21 65.20 74

ഇതില്‍നിന്ന്‌ ഒരു കാര്യം വ്യക്തമാകുന്നു. മനുഷ്യമൂലധനസ്വരൂപീകരണത്തോടൊപ്പം (സാക്ഷരത-ആരോഗ്യ സൂചകങ്ങളോടൊപ്പം) ആളോഹരിവരുമാനത്തിന്റെ ഗതിയും മുന്നേരുന്നു.

ആഗോളതലത്തിലുള്ള അനുഭവവും ഇതു തന്നെയാണ്‌ കാണിക്കുന്നത്‌. ആഗോളതലത്തില്‍ മനുഷ്യമുലധന രൂപവല്‍ക്കരണം ജീവിതനിലവാരം ഉയര്‍ത്തിയിട്ടുണ്ട്‌. ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

ഇന്ത്യ വളരുന്ന വന്‍സാമ്പത്തിക ശക്തിയും വിജ്ഞാന സമ്പദ് വ്യവസ്ഥയും (India – Emerging Economic Super Power and Knowledge Economy)

ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വേഗം വളരുന്നവയില്‍ രണ്ടാം സ്ഥാനം ഇപ്പോള്‍ ഇന്ത്യയ്ക്കാണ്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഒരു ഏഷ്യന്‍ നുറ്റാണ്ടായിരിക്കുമെന്നും ചൈനയും ഇന്ത്യയുമാണ്‌ അതില്‍ പ്രധാന പങ്കുവഹിക്കുകയെന്നും ഒരഭിപ്രായം ഉണ്ട്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വന്‍സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുവരുമെന്നു പ്രവചിക്കുന്ന പല സാമ്പത്തിക റിപ്പോര്‍ട്ടുകളും ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ്‌ (GOLDMAN SACHS) പ്രസിദ്ധീകരിച്ച “ബ്രിക്ക് റിപ്പോർട്ടി ”ൽ 2032 ആകുമ്പോഴേക്കും ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത്‌ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നു പറയുന്നു. ഈ രിപ്പോര്‍ട്ടനുസരിച്ച്‌ 2000 മുതല്‍ 2050 വരെ മേധാവിത്വം ബ്രിക്ക് രാജ്യങ്ങള്‍ക്കായിരിക്കും (BRAZIL, RUSSIA, INDIA, CHINA – BRIC). ഇപ്പോള്‍ ദക്ഷിണ ആഫ്രിക്കയും കൂടി ഉള്‍പ്പെടുന്നതിനാല്‍ BRIC., BRICS ആയിട്ടുണ്ട്‌.

മനുഷ്യമൂലധനമാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തി. പരിശീലനം സിദ്ധിച്ച സാങ്കേതിക. വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, മാനേജ്മെന്റ്‌ വിദഗ്ധര്‍ എന്നീ മനുഷ്യവിഭവങ്ങളുടെ സമ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്‌. (ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്‌). ഇംഗ്ലീഷ്‌ പരിജ്ഞാനം ഈ രംഗത്ത്‌ ഇന്ത്യയ്ക്കൊരു മുതല്‍ക്കുട്ടുമാണ്‌.

മനുഷ്യ മൂലധനമേന്മകൊണ്ട്‌ ഇന്ത്യ ഇപ്പോള്‍ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. 1991നുശേഷം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും IT ആധാരമായുള്ള സേവനരംഗങ്ങളിലും ഇന്ത്യയ്ക്കുണ്ടായ വളര്‍ച്ചയ്ക്ക്‌ കാരണം ഇന്ത്യയുടെ മനുഷ്യമൂലധനമേനമയാണ്‌. സേവന മേഖലയില്‍ മര്‍മ്മ പ്രധാനമായ നിവേശം അറിവാണ്‌; വിജ്ഞാനമാണ്‌; വിജ്ഞാന കേന്ദ്രീകൃതമായ ഉലപാദനമാണ്‌. ഈ രംഗത്ത്‌ ഇന്ത്യ ഒരു വന്‍ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ചെലവാകട്ടെ താരതമ്യേന കുറവുമാണ്‌.

ലോക ബാങ്ക്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ ഇന്ത്യ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക്‌ മാറണമെന്നാണ്‌ നിര്‍ദേശിക്കുന്നത്‌. യോഗ്യതയുള്ള മനുഷ്യവിഭവം ഇന്ത്യയ്ക്ക്‌ വേണ്ടതിലേറെയുണ്ട്‌. ശാസ്ത്രരംഗത്തും സാങ്കേതികരംഗത്തും അടിസ്ഥാനസൗകര്യങ്ങളുണ്ട്‌; ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവിധാനവുമുണ്ട്‌. ഇന്ത്യയ്ക്ക്‌ സഹായകമാകുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്‌. ഇന്ത്യയുടേത്‌ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വളരുന്നതിന്‌ ഇതെല്ലാം സൗകര്യപ്പെടുത്തുമെന്ന്‌ ലോകബാജ്‌; പറയുന്നു.

മനുഷ്യമൂലധനവും മാനുഷികവികസനവും (Human Capital and Human Development)

  • വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള നിക്ഷേപങ്ങള്‍ മാനുഷിക വികസനത്തിന്‌ വഴി തുറക്കും.
  • വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നു.
  • വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉണ്ടാകുന്ന മേന്മ അതിനുവേണ്ടിത്തന്നെ അഭിലഷണീയമാണ്‌.
  • മൂലധനനിക്ഷേപം മനുഷ്യ ക്ഷേമത്തിന്‌ ഉതകുന്നു.
  • അതുകൊണ്ടാണ്‌ ആധുനിക സമ്പദ്‌ വ്യവസ്ഥകള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഒരുപാട്‌ പ്രാമുഖ്യം കല്പിക്കുന്നത്‌.

മനുഷ്യമുലധനരൂപവല്‍ക്കരണം ഇന്ത്യയില്‍ : വമ്പിച്ച സാധ്യതകള്‍ (Human Capital Formation in India : Great Prospects)

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പരിശീലനം, കുടിയേറ്റം, ഇന്‍ഫര്‍മേഷന്‍ എന്നീ മേഖലകളിലെ മൂലധന നിക്ഷേപത്തിന്റെ അനന്തരഫലമാണ്‌ മനുഷ്യമൂലധനസ്വരുപീകരണം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ പൊതുസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്രഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ്‌ , തദ്ദേശ ഭരണസമിതികള്‍ എന്നിവയെല്ലാം ഈ രംഗങ്ങളില്‍ മൂലധനം നിക്ഷേപിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീരംഗങ്ങളില്‍ കമ്പോള സിദ്ധാന്തം ഫലപ്രദമല്ല. തന്മൂലം ഈ രംഗങ്ങളില്‍ ഗവണ്‍മെന്റ്‌ ഒരു പ്രധാന പങ്കു വഹിക്കുന്നു. സ്വകാര്യമേഖലയ്ക്ക്‌ പങ്കുള്ള മേഖലകളില്‍ തന്നെ, അവര്‍ ഗവണ്‍മെന്റ്‌ നിശ്ചയിച്ച നിലവാരം പുലര്‍ത്തുകയും നിശ്ചിതമായ ‘വില‘ മാത്രം വസൂലാക്കുകയും ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രക സ്ഥാപനങ്ങള്‍ (Regulatory Bodies in Education)

വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ നമുക്ക്‌ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മന്ത്രി കാര്യാലയമുണ്ട്‌, ഇതിനും പുറമേ വേറെയും ചില നിയന്ത്രണ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവയില്‍ ചിലത്‌…

NCERT (വിദ്യഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള നാഷണല്‍ കൌണ്‍സില്‍)

UGC (യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍)

AICTE (സാങ്കേതിക വിദ്യാഭ്യാസത്തിനുതൂള അഖിലേന്ത്യാ കാണ്‍സില്‍ )

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സ്ഥാപനങ്ങള്‍ (Regulatory Bodies in Health Education )

ICMR (മെഡിക്കല്‍ ഗവേഷണത്തിനുള്ള ഇന്ത്യന്‍ കൌണ്‍സില്‍)

  • നേഴ്‌സിങ്ങ്‌ കൗണ്‍സില്‍
  • ഫാര്‍മസി കൗണ്‍സില്‍
  • വിദ്യാഭ്യാസം – മൗലികാവകാശം (Education – Fundamental Right)

    ആറു വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന ഒരു നിയമം 2009 ഡിസംബറില്‍ പാര്‍ലിമെന്റ്‌ പാസാക്കി.

    ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസച്ചെലവിലെ വളര്‍ച്ച (Growth in Government Expenditure on Education)

    വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്റ്‌ ഒരുപാട്‌ പണം ചെലവാക്കുന്നുണ്ട്‌. ഈ ചെലവ്‌ രണ്ടു തരത്തില്‍ പറയാം-

    • സര്‍ക്കാരിന്റെ ആകെ ചെലവിന്റെ ശതമാന കണക്കില്‍. (വിദ്യാഭ്യാസത്തിന്‌ ഗവണ്‍മെന്റ്‌ കല്പിക്കുന്ന പ്രാധാന്യത്തെ ഇത്‌ സൂചിപ്പികുന്നു.)
    • GDP യുടെ ശതമാന കണക്കില്‍. (നമ്മുടെ വരുമാനത്തില്‍ എത്രത്തോളം വിദ്യാഭ്യാസത്തിന്‌ ചെലവഴിക്കുന്നുവെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.)

    ഗവണ്‍മെന്റിന്റെ ചെലവിന്റെ ശതമാനമെന്ന കണക്കിലായാലും GDP യൂടെ ശതമാനമെന്ന കണക്കിലായാലും വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ചെലവ്‌ വര്‍ധിച്ചുവരികയാണ്‌.

    Table 5.3 വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ചെലവ്‌

    വര്‍ഷം GDP ശതമാനം ആകെ ചെലവിന്റെ ശതമാനം
    1952 0.64 7.92
    2002 4.02 13.7
    2012 3.31 11.7

    1952 നും 2012നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചെലവ്‌ സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 7.92 ശതമാനത്തില്‍ “നിന്നും 11.7 ശതമാനമായി ഉയര്‍ന്നു. അതുപോലെ ഈ കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചെലവ്‌ GDP യുടെ 0.64 ശതമാനത്തില്‍നിന്നും 3.31 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖല ചെലവാക്കുന്ന പണംകൂടി കണക്കാക്കിയാല്‍ ഈ കണക്ക്‌ വളരെ ഉയര്‍ന്നുപോകും.

    വിദ്യാഭ്യാസരംഗത്തുള്ള സര്‍ക്കാര്‍ ചെലവിന്റെ വലിയൊരു ഭാഗം പ്രാഥമിക വിദ്യാഭ്യാസത്തിനാണ്‌ ചെലവാക്കുന്നത്‌. കാരണം, ഈ രംഗത്ത്‌ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്‌. എന്നാല്‍, ഉന്നത വിദ്യാഭ്യാസത്തിനായി (കോളേജ്‌, പോളിടെക്നിക്ക്‌, യൂണിവേഴ്‌സിറ്റി) ഗവണ്‍മെന്റ്‌ ചെലവാക്കുന്ന പണം കുറവുമാണ്‌.

    ആളോഹരി വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വലിയ അന്തരം കാണാന്‍ സാധിക്കും. 2009-10 ല്‍ ഹിമാചല്‍പ്രദേശില്‍ വളരെ ഉയര്‍ന്ന ആളോഹരി വിദ്യാഭ്യാസ ചെലവും (₹ 12,500) പഞ്ചാബില്‍ – വളരെ താഴ്‌ന്ന ആളോഹരി വിദ്യാഭ്യാസ ചെലവും (₹ 2,200) ആയിരുന്നു.

    വിവിധ വിദ്യാഭ്യാസ കമ്മീഷനുകള്‍ നിർദ്ദേശിച്ച വിദ്യാഭ്യാസ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്റ്‌ നീക്കിവച്ച പണം അപര്യാപ്തമാണെന്ന്‌ കാണാം. 1964-66 ല്‍ GDP യുടെ 6 ശതമാനം ചെലവാണ്‌ വിദ്യാഭ്യാസ ചെലവുകള്‍ക്കായി വിദ്യാഭ്യാസ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്‌.

    6-14 വയസ്സു വരെയുള്ള കുട്ടികള്‍ക്കായുള്ള 10 വര്‍ഷത്തെ (1998-99 to 2006-2007) ഗവണ്‍മെന്റ്‌ വിദ്യാഭ്യാസ ചെലവ്‌ 1.37 ലക്ഷം കോടി രൂപ ആണെന്ന്‌ താപസ്‌ മജൂംദാര്‍ കമ്മിറ്റി (1998) കണക്കാക്കിയിട്ടുണ്ട്‌.

    വിദ്യാഭ്യാസത്തിനുള്ളു സര്‍ക്കാര്‍ ചെലവ്‌ 2012 ല്‍ GDP യുടെ 3.31 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ടെങ്കിലും, അഭിലഷണീയമായതിനേക്കാള്‍ കുറവാണ്‌. GDP യുടെ 6 ശതമാനം വിദ്യാഭ്യാസത്തിന്‌ ചെലവഴിക്കുന്നതാണ്‌ അഭിലഷണീയമായ തലമായി കണക്കാക്കപ്പെടുന്നത്‌.

    വിദ്യാഭ്യാസ സെസ്‌ (Education Cess )

    2004-05 ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര നികുതികള്‍ക്കെല്ലാം രണ്ടു ശതമാനം വിദ്യാഭ്യാസ സെസ്‌ ചുമത്തുകയുണ്ടായി. ഈ സെസ്‌ വഴി കിട്ടിയ പണം (above ₹ 6,000 crore in 2006-07) പ്രാഥമിക വിദ്യാഭ്യാസത്തിനു മാത്രമായി വിനിയോഗിച്ചു. ഇതിനു പുറമെ ഉന്നത വിദ്യാഭ്യാസത്തിന്‌ ഒട്ടേറെ സ്‌കോളര്‍ഷിപ്പുകളും ബാങ്ക്‌വായ്പകളും അനുവദിക്കുന്നുണ്ട്‌.

    ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ (Educational Achievements in India)

    ശാസ്ത്ര-സാങ്കേതിക-മാനേജ്മെന്റ്‌ രംഗങ്ങളില്‍ പരിശീലനം നേടിയ വിദഗ്ധരെ സംബന്ധിച്ചിടത്തോളം എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്‌. ഇത്‌ വലിയൊരു നേട്ടം തന്നെയാണ്‌. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ യഥാര്‍ത്ഥ നേട്ടം കണക്കാക്കുന്നത്‌ മറ്റു ചില സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്‌. സാക്ഷരതാനിരക്ക്‌, പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം നോക്കേണ്ടതുണ്ട്‌. ഈ വീക്ഷണഗതിവച്ച്‌ വിദ്യാഭ്യാസരംഗത്തെ ഇന്ത്യയുടെ നേട്ടം എന്താണെന്ന്‌ നോക്കാം.

    Table 5.4 ഇന്ത്യയുടെ വിദ്യാഭ്യാസ നേട്ടങ്ങള്‍

    വിവരങ്ങള്‍ 1990 2000 2012
    1. പ്രായപൂര്‍ത്തി സാക്ഷരതാനിരക്ക്‌ (15 വയസ്സിനു മീതെയുള്ളവരുടെ ശതമാനം) (എ) പുരുഷന്മാര്‍ 61.9 68.4 76.7
    (ബി) സ്ത്രീകള്‍ 37.9 45.4 54.9
    2. പ്രൈമറി പൂര്‍ത്തീകരണനിരക്ക്‌ (പ്രസക്ത പ്രായഗ്രൂപ്പിന്റെ ശതമാനം ) (എ) ആണ്‍ 78 85 96
    (ബി) പെണ്‍ 61 69 95
    3. യുവജന സാക്ഷരതാനിരക്ക്‌ (15 വയസ്സിനും 24 വയസ്സിനും ഇടയ്ക്കുള്ളവരുടെ ശതമാനം) (എ) ആണ്‍ 76.6 79.7 88
    (ബി) പെണ്‍ 54.2 64.8 74

    വിദ്യാഭ്യാസരംഗത്ത്‌ നാം നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന്‌ മേല്‍ച്ചേര്‍ത്ത പട്ടിക വ്യക്തമാക്കുന്നു. എങ്കിലും നമുക്കിനിയും ഒട്ടേറെ ദൂരം സഞ്ചരിക്കാനുണ്ട്‌.

    ഭാവിയിലെ വെല്ലുവിളികള്‍ (Challenges for the Future)

    വിദ്യാഭ്യാസരംഗത്ത്‌ നാം പൊതുവേ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും പല രംഗത്തും പോരായ്മകളുണ്ട്‌. ഈ പോരായ്മകള്‍ തന്നെയാണ്‌ ഭാവിയിലെ വെല്ലുവിളികളും. ഈ വെല്ലുവിളികളില്‍ ചിലത്‌-

    • എല്ലാവര്‍ക്കും വിദ്യാഭ്യാസം – ഇനിയും ഒരു വിദുരസ്വപ്നം: ഇന്ത്യയിലിപ്പോഴും വളരെയധികം നിരക്ഷരരുണ്ട്‌. 68 ശതമാനം സാക്ഷരത എന്നു പറഞ്ഞാല്‍ 32 ശതമാനം നിരക്ഷരത എന്നാണര്‍ത്ഥമെന്ന്‌ ഓര്‍ക്കണം.
    • ലിംഗ അസമത്വം – മുമ്പത്തേക്കാള്‍ മെച്ചം; വിദ്യാഭ്യാസരംഗത്തെ ലിഃഗഭേദം രൂക്ഷമാണ്‌. പുരുഷസാക്ഷരത 68.4 ശതമാനമുള്ളപ്പോള്‍ സ്ത്രീകളില്‍ 45.4 ശതമാനത്തിനേ സാക്ഷരതയുള്ളു. ലോകത്തിലെ ഏറ്റവും കുറഞ്ഞ സാക്ഷരതകളിലൊന്നാണിത്‌. പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ നിരക്കിലും യുവജന സാക്ഷരതാ നിരക്കിലുമെല്ലാം ഈ കടുത്ത ആണ്‍-പെണ്‍ ഭേദം പ്രകടമാണ്‌. ആണ്‍-പെണ്‍ സാക്ഷരതാ നിരക്കിലുള്ള വ്യത്യാസം ഇപ്പോള്‍ കുറഞ്ഞു വരുന്നത്‌ ലിംഗ സമത്വത്തിലേക്കുള്ള ഒരു രചനാത്മകമായമാറ്റമാണ്‌.
    • ഉന്നത വിദ്യാഭ്യാസം-കുറഞ്ഞ പങ്കാളിത്തം: ഉന്നതവിദ്യാഭ്യാസം ശുഷ്കമാണ്. ഇന്ത്യയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ ചെറിയൊരു ശതമാനം മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനു മുതിരുന്നുള്ളു. ഈ സ്ഥിതി മാറണം.

    Table 5.5 സാക്ഷരത ഇന്ത്യയില്‍

    കൊല്ലം പുരുഷന്‍ സ്ത്രീ അന്തരം
    1951 27.16 8.86 18.30
    1961 40.40 15.35 25.05
    1971 45.96 21.97 23.99
    1981 56.38 29.76 26.62
    1991 64.13 39.29 24.84
    2001 75.85 54.25 21.70
    2011 82.14 65.46 16.68

    സമാപനം (Conclusion)

    സാമ്പത്തിക വളര്‍ച്ചയിലും മാനുഷിക വികസനത്തിലും മനുഷ്യമൂലധന രൂപവല്‍ക്കരണം മര്‍മ്മ പ്രധാനമായൊരു പങ്കുവഹിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ചെലവ്‌ മനുഷ്യമൂലധനരുപവല്‍ക്കരണത്തില്‍ അതിപ്രധാനമാണ്‌. വിദ്യാഭ്യാസരംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ പുരോഗതി നേടിയിട്ടുണ്ട്‌. എന്നാലും പോരായ്മകളും ബാക്കിയുണ്ട്‌. നിരക്ഷരത, വിദ്യാഭ്യാസ രംഗത്തെ ലിംഗ വിവേചനം, ഉന്നത വിദ്യാഭ്യാസത്തിന്‌ അധികമാരും മുതിരാത്തത്‌ എന്നിവ നാം നേരിടേണ്ട വെല്ലുവിളികളാണ്‌.

    "There is no joy in possession without sharing". Share this page.

    Loading

    Leave a Reply

    Your email address will not be published. Required fields are marked *