അദ്ധ്യായം 4:-
ദാരിദ്ര്യം.
ആമുഖം
ഏതൊരു മനുഷ്യനും ജീവിക്കാന്‍ അനിവാര്യമായ ചില വസ്തുക്കളുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഇവയില്‍ പെടുന്നു. ഈ ഏറ്റവും കുറഞ്ഞ ഉപഭോഗ വസ്തുക്കള്‍ നേടാനാകാത്ത അവസ്ഥയ്ക്കാണ് ദാരിദ്യം എന്നു പറയുന്നത്. ഇവ നേടാന്‍ കഴിയാത്തതിന്റെ കാരണം വേണ്ടത്ര വരുമാനമില്ലാത്തതോ സ്വത്തില്ലാത്തതോ ആകാം. ഇന്ത്യയുടെ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമായിരുന്നു.
ദാരിദ്ര്യം എന്നാല്‍ എന്താണ്? (What is Poverty ?) ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടതായ വരുമാനം ആളുകള്‍ക്ക് ഇല്ലാത്ത ഒരു സാഹചര്യമാണ് ദാരിദ്യം എന്നത്.
ആരാണ് ദരിദ്രര്‍ ? (Who are the poor ?) ലോകത്തില്‍ ഏറ്റവുമധികം ദരിദ്രരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ദരിദ്രരുണ്ട്. ചേരികളില്‍ ജീവിക്കുന്നവര്‍, തെരു വുകച്ചവടക്കാര്‍, പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, വീട്ടുവേലക്കാര്‍, അസംഘടിത തൊഴിലാളികള്‍, ഭിക്ഷക്കാര്‍ തുടങ്ങിയവരാണ് നഗരങ്ങളിലെ ദരിദ്രര്‍. മണ്ണുകൊണ്ടു ചുമര്‍ വച്ച് ഓലമേഞ്ഞതാണ് ഇവരുടെ പാര്‍പ്പിടങ്ങള്‍, പലര്‍ക്കും ഈ പരിമിത സൗകര്യം പോലും ഉണ്ടായെന്നു വരില്ല.
കൊല്ലത്തില്‍ അല്പം ദിവസം മാത്രം പണികിട്ടുന്ന ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളാണ് ഗ്രാമങ്ങളിലെ ദരിദ്രരിലധികവും. തൊഴില്‍രഹിതര്‍, പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, നിരക്ഷരര്‍, ജോലിയൊന്നും ഇല്ലാത്ത അനാരോഗ്യമുള്ളവര്‍ തുടങ്ങിയവരും ഗ്രാമീണ ദരിദ്രരില്‍ പെടുന്നു.നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രരുടെ പൊതുവേയുള്ള ചില സവിശേഷതകള്‍
- നിരക്ഷരത, അനാരോഗ്യം, പോഷകാഹാരക്കുറവ്.
- നിരക്ഷരത, അനാരോഗ്യം, പോഷകാഹാരക്കുറവ്.
- കടബാധ്യത.
- തൊഴിലില്ലായ്മ, തൊഴില്‍ ദൗര്‍ലഭ്യം.
- അസംഘടിത വിഭാഗം.
- വൈദ്യുതി, ശുദ്ധജലം, ശുചീകരണ സൗകര്യം എന്നിവയുടെ അഭാവം.
- ലിംഗവിവേചനം (സ്ത്രീകള്‍ക്ക് കൂടുതല്‍ ദുരിതം).
- ഭൂമിപോലെയുള്ള ആസ്തികളുടെ അഭാവം ദരിദ്രരിലധികവും സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ളവര്‍.
- പട്ടികജാതിക്കാരിലും പട്ടികവര്‍ഗ്ഗക്കാരിലും ഭൂരിപക്ഷവും ദരിദ്രര്‍.
ദരിദ്രരെ വേര്‍തിരിച്ചു നിര്‍ണയിക്കുന്നതെങ്ങനെ ? (How are Poor Identified ?) ദാരിദ്ര്യത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനുമുമ്പി, ദരിദ്രര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്, ദാദാബായ് നവറോജി ദാരിദ്ര്യരേഖ ഉപയോഗിച്ചാണ് ഇന്ത്യയിലെ ദാരിദ്ര്യം കണക്കാക്കിയത്. ഒരു തടവുകാരന് എന്തെല്ലാം കൊടുക്കുന്നുവെന്ന് അദ്ദേഹം നോക്കി. അതിനുശേഷം അതിന്റെ നിലവിലുള്ള വില കണക്കാക്കി. അങ്ങനെ അദ്ദേഹം “ജയില്‍ ജീവിതച്ചെലവ് ” ( Jail Cost of living) നിര്‍ണയിച്ചു.
ജയില്‍ ജീവിതച്ചെലവ് ( Jail Cost of Living)
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ദാദാബായ് നവറോജി ദാരിദ്ര്യരേഖ എന്ന ആശയം ചര്‍ച്ച ചെയ്യുകയുണ്ടായി. ജയില്‍ ജീവിതച്ചെലവ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യരേഖ കണക്കാക്കിയത്. ഒരു തടവുകാരന്റെ ഭക്ഷണവിവരപട്ടിക അടിസ്ഥാനപ്പെടുത്തി അതിന്റെ വില പരിഗണിച്ചാണ് അദ്ദേഹം ദാരിദ്ര്യരേഖ കണക്കാക്കിയത്.
ഒരു സമൂഹത്തില്‍ ആകെയുള്ളവരുടെ മൂന്നിലൊന്നു -കുട്ടികളായിരിക്കുമെന്നും അവരില്‍ പകുതിയോളം ആഹാരം വളരെ നാമമാത്രമായി ഉപയോഗിക്കുന്നവരാണെന്നും ബാക്കിവരുന്ന പകുതിയോളം പേര്‍ പ്രായപൂര്‍ത്തിയായവര്‍ കഴിക്കുന്നതിന്റെ പകുതി ആഹാരം മാത്രമേ കഴിക്കുകയുള്ളൂ എന്നും സങ്കല്പിച്ചാണ് ഇത്തരത്തിലൊരു ദാരിദ്ര്യരേഖ അദ്ദേഹം തയ്യാറാക്കിയത്.അപ്പോള്‍,
\( \Bigl( \frac{1}{6} × Nil \Bigr)\) + \( \Bigl( \frac{1}{6} × Half \Bigr)\) + \( \Bigl( \frac{1}{6} × Full \Bigr)\) = \( \frac{3}{4} \)
ജയില്‍ ജീവിതച്ചെലവിന്റെ \( \frac{3}{4} \) ആണ് ദാരിദ്ര്യരേഖ.ദരിദ്രരില്‍ പല ഉപവിഭാഗങ്ങളുണ്ട്:
- പരിപൂര്‍ണ ദരിദ്രര്‍ (Absolutely poor)
- തികച്ചും/അതീവ ദരിദ്രര്‍ (Very poor)
- ദരിദ്രര്‍ (Poor)
ദരിദ്രരല്ലാത്തവരിലും പല ഉപവിഭാഗങ്ങളുണ്ട്:
- മധ്യവര്‍ഗം (Middle Class)
- ഉപരി മധ്യവര്‍ഗം (Upper Middle Class)
- സമ്പന്നര്‍ (Rich)
- അതീവ സമ്പന്നര്‍ (Very Rich)
- പരിപൂര്‍ണ സമ്പന്നര്‍ (Absolutely Rich)
ദാരിദ്ര്യം തരംതിരിക്കല്‍ (Categorising Poverty) ഇന്ത്യയില്‍ ദാരിദ്ര്യത്തിന്. പല തരംതിരിവുകളുണ്ട്. അവ,
- എല്ലായ്‌പ്പോഴും / നിത്യ ദരിദ്രര്‍ (Always Poor): സ്ഥിരമായും ദാരിദ്ര്യത്തില്‍ കഴിയുന്നു.
- സാധാരണ ദരിദ്രര്‍ (Usually Poor) : ഇവര്‍ക്ക് ചെറിയ വരുമാനമുണ്ടായിരിക്കും. അത് ചെറിയ ഒരളവുവരെ ദാരിദ്ര്യത്തില്‍നിന്ന് തല്ക്കാലം കരകയറ്റും. ഉദാ; കാഷ്വല്‍ വര്‍ക്കേഴ്‌സ്
- ദീര്‍ഘകാലമായുള്ള ദരിദ്രര്‍ (Chronic Poor): നിത്യ ദരിദ്രരും സാധാരണ ദരിദ്രരും ഉള്ളൂടങ്ങുന്ന വിഭാഗമാണിത്.
- ഇടക്കാല ദരിദ്രര്‍ (Churning Poor): ഇടയ്ക്കിടെ ദാരിദ്ര്യമനുഭവിക്കുന്നവര്‍. ഉദാ: കാലിക തൊഴിലാളികള്‍ (Seasonal Workers).
- യാദ്യച്ഛിക ദരിദ്രര്‍ (Occassionally Poor): സാധാരണയായി ദരിദ്രരല്ലെങ്കിലും ഇടയ്ക്കിടെ ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്ന൨൪.
- ഇടക്കാലത്തേക്കും വല്ലപ്പോഴുമുള്ള ദരിദ്രര്‍ ഉള്ളടങ്ങുന്നതാണ് അല്പായുസ്സുള്ള/ക്ഷണികമായ ദരിദ്രര്‍ (Transient Poor).
- ഒരിക്കലും ദരിദ്രരല്ലാത്തവരാണ് അദരിദ്രര്‍ (Non-poor).
ദാരിദ്ര്യരേഖ (The Poverty Line) ജനങ്ങളെ ദരിദ്രരെന്നും ദരിദ്രരല്ലാത്തവരെന്നും വേര്‍തിരിക്കുന്ന സാങ്കല്പികരേഖയാണിത്. വരുമാന വിതരണത്തിന്റെ ഒരു തലത്തില്‍ വച്ചാണ് ദരിദ്രരെയും ദരിദ്രരല്ലാത്തവരെയും വേര്‍തിരിക്കുന്നത്. ഈ വരുമാനതലത്തിനു താഴെയുള്ളവര്‍ ദരിദ്രരും മീതെയുള്ളവര്‍ ദരിദ്രരല്ലാത്തവരുമാണ്.
ദാരിദ്ര്യം അളക്കുന്നതിന് പല മാര്‍ഗങ്ങളുണ്ട്. മിനിമം കലോറി ഇന്‍ടെയ്ക്കിന്റെ പണമൂല്യത്തിന്റെ (ആളോഹരി ചെലവ്) അടിസ്ഥാനത്തില്‍ ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നതാണ് ഒരു രീതി. ഗ്രാമീണർക്ക് 2400 ഉം നഗരവാസികള്‍ക്ക് 2100 കലോറിയുമാണ് ഏറ്റവും കുറഞ്ഞ കലോറിയായി നിശ്ചയിച്ചിരിക്കുന്നത്. (നഗരവാസികളേക്കാള്‍ ഗ്രാമവാസികള്‍ക്ക് കൂടുതല്‍ കായികാദ്ധ്വാനം വേണ്ടിവരുമെന്നതിനാലാണ് അവരുടെ കലോറി ഉയര്‍ന്ന തോതില്‍ നിശ്ചയിച്ചിരിക്കുന്നത്.) ഈ തോതില്‍ കലോറി അകത്തു ചെല്ലണമെങ്കില്‍ ആവശ്യമായിവരുന്ന ചെലവ് നാണയതോതില്‍ കണക്കാക്കുന്നു. 2011-2012 ല്‍ ഇത് ഗ്രാമീണരെ സംബന്ധിച്ചിടത്തോളം മാസത്തില്‍ ഒരാള്‍ക്ക് 816 രൂപയും നഗരപ്രദേശങ്ങളില്‍ ഒരാള്‍ക്ക് മാസത്തില്‍ വേണ്ടത് 1000 രൂപയുമായിരുന്നു. വരുമാനത്തിന്റെ ഭാഷയില്‍ പറയുന്ന ദാരിദ്ര്യരേഖ ഇതാണ്. എന്നാല്‍ ദരിദ്രരെ തിരിച്ചറിയുന്നതിന് ഗവണ്‍മെന്റ് ഉപയോഗിക്കുന്നത് മാസത്തോതിലുള്ള പ്രതിശീര്‍ഷ ചെലവ് (Monthly Per Capita Ex-penditure – MPCE) ആണ്. അല്ലാതെ കുടുംബങ്ങളുടെ (households) വരുമാനമല്ല. ഈ വരുമാന വിതാനത്തിനു (MPCE) താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്കു താഴെയാണെന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ഉപവിഭാഗങ്ങളില്‍പെടുന്ന ദരിദ്രരേയും ഒരേപോലെ പരിഗണിക്കുന്നുവെന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ ന്യൂനത, തരംതിരിച്ചു തിട്ടപ്പെടുത്തുന്നില്ല.ഡോളര്‍ ദാരിദ്ര്യരേഖ
ലോകബാങ്ക് ഡോളര്‍ കണക്കിലാണ് ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നത്. ദിവസം രണ്ടു ഡോളറിനു താഴെ വരുമാനമുള്ളവരെ ദരിദ്രരായും ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെ പരമ ദരിദ്രരായും കണക്കാക്കുന്നു.
ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം (The Number of Poor in India) ദരിദ്രരുടെ എണ്ണത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആള്‍ക്കാരുമായുള്ള അനുപാതമായി കണക്കാക്കുമ്പോള്‍, അതിനെ തലയെണ്ണം അനുപാതം (Head count ratio) വിളിക്കുന്നു.
ഇന്ത്യയില്‍ ദാരിദ്ര്യം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പ്ലാനിങ് കമ്മീഷനാണ്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ (NSS) ശേഖരിക്കുന്ന ഉപഭോഗച്ചെലവിന്റെ അടിസ്ഥാനത്തിലാണിത് കണക്കാക്കുന്നത്. ദരിദ്രരുടെയും ദരിദ്രരല്ലാത്തവരുടെയും എണ്ണത്തിലുള്ള അനുപാതവും ദാരിദ്രത്തിന്റെ പ്രവണതയും താഴെ കാണുന്ന പട്ടികയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. Table 4.1 ഇന്ത്യയിലെ ദാരിദ്രത്തിന്റെ മതിപ്പുകണക്ക് ഹെഡ് കൗണ്ട് റേഷ്യോ: ഗ്രാമീണം, നാഗരികം, ആകെ (ശതമാന കണക്കില്‍) |
|||
---|---|---|---|
കൊല്ലം | ഗ്രാമീണം | നാഗരികം | ആകെ |
1973 – 74 | 56.4 | 49.0 | 54.9 |
1977 – 78 | 53.1 | 45.2 | 51.3 |
1983 | 45.7 | 40.8 | 44.5 |
1987 – 88 | 39.1 | 38.2 | 38.9 |
1993 – 94 | 37.3 | 32.4 | 36.0 |
1999 – 00 | 27.1 | 23.6 | 26.1 |
- 1970കളുടെ മധ്യത്തില്‍ ദാരിദ്ര്യം 54 ശതമാനമായിരുന്നത് 2000 ആയപ്പോഴേക്കും പകുതിയോളം കുറഞ്ഞ് 26 ശതമാനത്തിലെത്തി.
- ഗ്രാമീണ ദാരിദ്ര്യം എപ്പോഴും നാഗരിക ദാരിദ്ര്യത്തേക്കാള്‍ കൂടുതലായിരുന്നു.
- 1927-78 മുതല്‍ 1983 വരെയുള്ള കാലത്താണ് ദാരിദ്ര്യത്തില്‍ ആദ്യമായി ഗണ്യമായ ഇടിവുണ്ടായത്.
- 1993-99നും 1999-2000നും ഇടയ്ക്കുള്ള കാലത്താണ് ദാരിദ്ര്യത്തില്‍ ഏറ്റവുമധികം കുറവുണ്ടായത് . ഈ കാലയളവില്‍ ദാരിദ്ര്യം ഏതാണ്ട് 10 ശതമാനം കുറഞ്ഞു.
എന്താണ് ദാരിദ്ര്യത്തിനു കാരണം? (What Causes Poverty ?)
പശ്ചാത്തലം (Background)
- ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ദരിദ്രയാക്കി. ഇന്ത്യയെ ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്കു വേണ്ട അസംസ്കൃതവസ്തുക്കളുടെ ഉറവിടമായും ബ്രിട്ടീഷ് നിര്‍മ്മിത വസ്തുക്കള്‍ക്കുള്ള വിപണിയായും രൂപാന്തരപ്പെടുത്തി. ഇന്ത്യയുടെ കരകൗശല വ്യവസായത്തെയാകെ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു. ഈ “വ്യവസായ നശീകരണനയം” ആയിരക്കണക്കിനാളുകളെ തൊഴില്‍രഹിതരും ദരിദ്രരുമാക്കി.
- ജമീന്ദാരി സമ്പ്രദായം ഒരു വിഭാഗം വന്‍കിട ജമീന്ദാര്‍മാരെ ഭൂവുടമകളാക്കിത്തീര്‍ത്തു. കുടിയാന്മാര്‍, കീഴ്കുടിയാന്മാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരെല്ലാം ചൂഷണം ചെയ്യപ്പെട്ടു. ഇത് ജനങ്ങളെയാകെ ദാരിദ്ര്യത്തിലാഴ്ത്തി.
- സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ ഭൂപരിഷ്ക്കരണം നടപ്പാക്കിയെങ്കിലും അപൂര്‍വ്വം ചില സംസ്ഥാനങ്ങളില്‍ മാത്രമേ അത് വിജയകരമായുള്ളു. മിക്ക സംസ്ഥാനങ്ങളിലും നിക്ഷിപ്ത താല്പര്യക്കാര്‍ ഭൂനയപരിഷ്ക്കരണത്തെ പരാജയപ്പെടുത്തി.
- ഇന്ത്യയിലെ ഗ്രാമീണ ദരിദ്ര ജനങ്ങളില്‍ വലിയൊരു ഭാഗം ചെറുകിട-സീമാന്ത കൃഷിക്കാരാണ്. അവരുടെ ഭൂമി ഫലഭൂയിഷ്ഠമല്ല. മഴയെമാത്രം ആശ്രയിച്ചാണിവര്‍ കൃഷി നടത്തുന്നത്. കാലം ചെല്ലുന്തോറും ഈ ഭൂമി കള്‍ വിഭജനത്തിനും പുനര്‍വിഭജനത്തിനും വിധേയമായി തുണ്ടുഭൂമികളായി മാറുന്നു. ഈ തുണ്ടുഭൂമികളില്‍നിന്നുള്ള വരുമാനം കൊണ്ട് ഒരാള്‍ക്ക് ജീവിക്കാനാവില്ല. ഫലമോ ദാരിദ്ര്യവും.
- പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ വിദ്യാഭ്യാസവും വൈദഗ്ധ്യവും കുറവായിരുന്നു. അതിനാല്‍ ജനങ്ങളില്‍ വലിയൊരു ഭാഗം ദരിദ്രരായിത്തീര്‍ന്നു.
- നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ പ്രധാനകാരണം ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണ്. ഗ്രാമങ്ങളിലെ ദരിദ്രരും തൊഴില്‍രഹിതരും തൊഴില്‍ തേടി നഗരങ്ങളില്‍ എത്തുന്നു. പക്ഷെ അവര്‍ക്ക് ചില കാലത്ത് മാത്രം, വല്ല പണിയും കിട്ടും. തുച്ഛമായ വരുമാനംകൊണ്ട് അവര്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്നു.
കാരണങ്ങള്‍ (Causes) ഇന്ത്യയിലെ ദാരിദ്ര്യത്തിന് അനേകം മാനങ്ങളുണ്ട്. സാമുഹ്യ, സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങള്‍, സാമൂഹ്യബഹിഷ്ക്കരണം (Social Exclusion), തൊഴിലില്ലായ്മ, കടബാധ്യത, സ്വത്തിന്റെ വിതരണത്തിലുള്ള അസമത്വം മുതലായവയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇന്ത്യയിലെ ദരിദ്രര്‍ ജാതി-മത ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. ദാരിദ്രത്തിന്റെ പ്രധാന കാരണങ്ങള്‍:
കുറഞ്ഞ വരുമാനം (Low Income): വളരെ പരിമിതമായ വരുമാനം മാത്രമുള്ളതിനാല്‍ ജീവിതത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള കഴിവുപോലും ജനങ്ങള്‍ക്കില്ലാതാവുന്നു.
ആസ്‌തിയില്ലായ്മ (Lack of Assets): വരുമാനമുണ്ടാക്കാന്‍ ആവശ്യമായ ഭൗതികമോ പ്രകൃതിദത്തമോ മാനുഷികമോ ധനപരമോ ആയ ആസ്തികളൊന്നും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ദരിദ്രരാകുന്നു. വിദഗ്ധനായ, വിദ്യാസമ്പന്നനായ ഒരാള്‍ക്ക് ജീവിക്കാന്‍ വേണ്ടവരുമാനമുണ്ടാക്കാന്‍ കഴിയും. ഭൂമിപോലെ എന്തെങ്കിലും ആസ്തിയുള്ള ഒരാള്‍ക്കും വരുമാനമുണ്ടാക്കാം. ഇതൊന്നും ഇല്ലാത്തവര്‍ ദരിദ്രരായി അവശേഷിക്കുന്നു.
തൊഴിലില്ലായ്മ (Unemployment): തൊഴിലില്ലായ്മയും വേണ്ടത്ര തൊഴില്‍ കിട്ടാത്തതും വരുമാനത്തില്‍ കുറവുണ്ടാക്കും. അത് ദാരിദ്ര്യത്തിനും കാരണമാകും.
അസമത്വം (Inequality): സാമൂഹ്യമായ കടുത്ത അസമത്വം ദാരിദ്ര്യത്തിന് കാരണമാണ്. പട്ടികജാതിക്കാരിലും പട്ടികവര്‍ഗ്ഗക്കാരിലും മഹാഭൂരിപക്ഷവും അതിദരിദ്രരാണ്. ലിംഗഭേദ അസമത്വത്തിന്റെ ഫലമായി ദാരിദ്രത്തിന്റെ ഭാരം മുഴുവന്‍ പേറുന്നത് സ്ത്രീകളാണ്.
ഒറ്റപ്പെടല്‍; ഗതികേട് (Isolation and Powerlessness): ദരിദ്രരില്‍ വലിയൊരു ഭാഗം മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആണ്. പട്ടികവര്‍ഗ്ഗക്കാരാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.
ചൂഷിതർ (Vulnerability): അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരെ ചൂഷണം ചെയ്യുക എളുപ്പമാണ്. ഇവര്‍ക്ക് മിനിമം വേതനം ലഭിക്കാറില്ല; പലപ്പോഴും ജോലി നഷ്ടപ്പെടും.
കുറഞ്ഞ സാമ്പത്തിക വളര്‍ച്ച (Unsatisfactory Economic Growth): ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷമുള്ള മൂന്നു ദശകങ്ങളിലെ സാമ്പത്തിക വളര്‍ച്ച വളരെ താഴ്‌ന്ന തോതിലായിരുന്നു.
ജനസംഖ്യാ സ്‌ഫോടനം (Population Explosion): ജനസംഖ്യാ സ്ഫോടനം ദാരിദ്ര്യമുളവാക്കുമെന്നു മാത്രമല്ല, രുക്ഷകരമാക്കുകയും ചെയ്യും. ദരിദ്ര ജനങ്ങള്‍ കൂടുതല്‍ സന്തതികളെ ജനിപ്പിക്കുന്നു; അതവരുടെ ദാരിദ്ര്യം വര്‍ധിപ്പിക്കുന്നു.
കൃഷിയുടെയും വ്യവസായവല്‍ക്കരണത്തിന്റെയും പിന്നോക്കാവസ്ഥ (Backward agriculture and low level of Industrialization): ഈ രണ്ടു ദൗര്‍ബല്യങ്ങള്‍ ചേര്‍ന്നപ്പോള്‍ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലായി. 1950 മുതല്‍ 1980 വരെ ഇതായിരുന്നു സ്ഥിതി. ഇത് ജനങ്ങളെ ദരിദ്രരാക്കി.
നാണ്യപ്പെരുപ്പം (Inflation): ദാരിദ്ര്യരേഖയ്ക്കു തൊട്ടുമീതെ കഴിയുന്നവരെ ദാരിദ്ര്യരേഖക്കു താഴെയാക്കാന്‍ നാണ്യപ്പെരുപ്പത്തിനു കഴിയും. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില വര്‍ധിക്കുമ്പോള്‍ പാവങ്ങളെയാണത് ദാരിദ്ര്യത്തിലേക്കു തള്ളിയിടുക.
ദാരിദ്ര്യനിവാരണത്തിനുള്ള നയങ്ങളും പരിപാടികളും (Policies and Programmes for Poverty Alleviation) വികസിത രാജ്യങ്ങള്‍ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയിലൂടെയും വികസനത്തിലൂടെയും ദാരിദ്ര്യത്തെ തുടച്ചുനീക്കുന്നതില്‍ വിജയിച്ചു. ആസൂത്രണത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഇന്ത്യയും സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് തൊഴിലുണ്ടാകും;അപ്പോള്‍ വരുമാനമുണ്ടാകും. സാമ്പത്തിക വളര്‍ച്ച യുടെ ഗുണങ്ങള്‍ ദരിദ്രരിലും എത്തിച്ചേരും. “കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം” (Trickle Down Theory) എന്ന പേരിലാണിത് അറിയപ്പെടുന്നത്. പക്ഷെ, പുരോഗതി മന്ദഗതിയിലായിരുന്നു.
ദാരിദ്ര്യനിവാരണത്തിനായി ഭൂപരിഷ്ക്കരണ നയം, വര്‍ദ്ധിത നികുതി നയം, സുഖഭോഗ വസ്തുക്കള്‍ക്കുള്ള കനത്ത നികുതി, ഭക്ഷ്യ വസ്തുക്കള്‍ക്കും അവശ്യവസ്തുക്കള്‍ക്കുമുള്ള സബ്സിഡികള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ ഉച്ച ഭക്ഷണം എന്നീ നയങ്ങള്‍ നടപ്പിലാക്കി. ഇതെല്ലാം ചില സദ്ഫലങ്ങളുളവാക്കിയെങ്കിലും ദാരിദ്ര്യ നിവാരണത്തിന് മതിയാകുന്നവയായിരുന്നില്ല ഇവ. അതുകൊണ്ട് മൂന്നാം പദ്ധതിയുടെ അവസാനത്തോടെ ഗവണ്‍മെന്റ് “ഉദ്ധാരണ സിദ്ധാന്തം” (Pull up Theory) നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ദാരിദ്ര്യനിവാരണത്തിനായി ഗവണ്‍മെന്റ് ഒരു ത്രിമുഖ സമീപനം അവലംബിച്ചു. അതിങ്ങനെയാണ്-- സാമ്പത്തിക വളര്‍ച്ചയെ ആശ്രയിക്കല്‍ (വളര്‍ച്ചോന്മുഖ സമീപനം).
- ആസ്തികളും തൊഴിലും ഉണ്ടാക്കുന്നതിലൂടെ വരുമാനം ഉണ്ടാക്കുക.
- ജനങ്ങള്‍ക്ക് മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ എങ്കിലും ഉണ്ടാക്കി കൊടുക്കുക.
വളര്‍ച്ചോന്മുഖ സമീപനം കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 1950 കളിലെയും 1960കളിലെയും പ്ലാനിങ്ങിന്റെ കേന്ദ്രബിന്ദു ഇതായിരുന്നു. നിര്‍ഭാഗ്യവശാല്‍ 1950 മുതല്‍ 1980 വരെയുള്ള സാമ്പത്തിക വളര്‍ച്ചാനിരക്കും ആളോഹരി വരുമാനത്തിന്റെ വളര്‍ച്ചയും നാമമാത്രമായിരുന്നു.
മൂന്നാം പദ്ധതി മുതല്‍ (1961-66) കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തില്‍ നിന്നും ഉദ്ധാരണ സിദ്ധാന്തത്തിലേക്ക് (pull up theory) ശ്രദ്ധാകേന്ദ്രം മാറി. ആസ്തികള്‍ വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴിലുണ്ടാക്കുകയും അങ്ങനെ അവരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. സാമ്പത്തിക വളര്‍ച്ചയുടെ ഗുണവശങ്ങള്‍ പാവപ്പെട്ടവരിലേക്ക് കിനിഞ്ഞിറങ്ങുന്നതിനായി കാത്തുനില്ക്കാതെ പ്രത്യേക ദാരിദ്ര്യ നിവാരണ പരിപാടികളിലൂടെ ദരിദ്രരെ ദാരിദ്ര്യ രേഖക്കു മുകളിലേക്ക് ഉയര്‍ത്തിവിടുകയാണ് അഭികാമ്യമായിട്ടുള്ളത്. ജനങ്ങള്‍ക്ക് ചുരുങ്ങിയ തോതിലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു 5ാംപദ്ധതി മുതല്‍ നടപ്പാക്കിപ്പോന്ന മൂന്നാമത്തെ സമീപനം, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, വാര്‍ത്താവിനിമയം, വൈദ്യുതി, പോഷകാഹാരവ്യവസ്ഥ, പാര്‍പ്പിടം, ജലവിതരണം എന്നീ മേഖലകളില്‍ പൊതുചെലവ് വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളെ നമുക്ക് മൂന്നായി തരം തിരിക്കാം.I സ്വയം തൊഴില്‍ പദ്ധതികളും തൊഴില്‍ ദാന പദ്ധതികളും
II ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍
III സാമൂഹ്യ സുരക്ഷാ പദ്ധതികള്‍
I സ്വയം തൊഴില്‍ പദ്ധതികളും തൊഴില്‍ ദാന പദ്ധതികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഇന്ത്യ സ്വീകരിച്ച സ്വയംതൊഴില്‍ – തൊഴില്‍ദാന പദ്ധതികളില്‍ പ്രധാനപ്പെട്ട ചില പരിപാടികള്‍ താഴെ ചേര്‍ക്കുന്നു:
1. സ്വര്‍ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (SGSY) 1980 ഒക്ടോബര്‍ 2 ന് നിലവില്‍ വന്ന IRDP എന്ന പരിപാടിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് സ്വര്‍ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന എന്നത്.
സംയോജിത ഗ്രാമ വികസന പരിപാടി (IRDP) എന്നറിയപ്പെട്ടിരുന്ന പരിപാടി തന്നെയാണിത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള പരിപാടിയാണിത്. ഇതനുസരിച്ച് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും. ഈ പരിപാടിയില്‍ വളരെയധികം ചോര്‍ച്ചയും അഴിമതിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സഹായം ലഭിക്കേണ്ടവര്‍ സ്വയം സഹായ ഗ്രപ്പുകൾ (Self Help Groups) രൂപീകരിക്കണം. ആദ്യഘട്ടത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ സമ്പാദ്യം ശേഖരിച്ച്, തങ്ങള്‍ക്കിടയില്‍ സഹായമാവശ്യമുള്ള വര്‍ക്ക് സഹായം നല്‍കണം. കുറച്ചുകാലം കഴിഞ്ഞാല്‍ ബാങ്കുകള്‍ വഴി ഗ്രൂപ്പുകള്‍ക്ക് സഹായം കിട്ടുന്ന സംവിധാനമുണ്ടാകും. ആര്‍ക്ക് വായ്പ കൊടുക്കണമെന്നും മറ്റും ഗ്രൂപ്പിനു തന്നെ തീരുമാനിക്കാം. തൊഴില്‍ പ്രദാനം ചെയ്യുന്ന പദ്ധതികളിലാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി: SGSY നിലവില്‍ വന്നത് 1999 ഏപ്രില്‍ 1 നാണ്. ഇപ്പോള്‍ ഈ പദ്ധതി NRLM (National Rural Livelihoods Mission) എന്നാണറിയപ്പെടുന്നത്. നഗര ദരിദ്രർക്കായി NULM (National Urban Livelihoods Mission) പദ്ധതി ആവിഷ്ക്കരിച്ചു.2. പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗാർ യോജന (PMRY) അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണിത്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴിലുകള്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റില്‍ നിന്നും ധനസഹായം നല്‍കുന്ന ഒന്നാണിത്.
3. ഗ്രാമീണ തൊഴിലൂല്പാദന പരിപാടി (REGP) ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുളളതായിരുന്നു ഇത്. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ (KVIC) മുഖേനയാണിത് നടപ്പാക്കിയിരുന്നത്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ബാങ്കുകളില്‍നിന്ന് ലോണ്‍ അനുവദിക്കാറുണ്ട്.
4. സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY) സ്വയംതൊഴില്‍ ചെയ്യുന്ന ഏര്‍പ്പാടും വേതനത്തിന് ജോലി ചെയ്യുന്ന പരിപാടിയും ഉള്‍പ്പെട്ടതാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ് ലക്ഷ്യം.
5. ജവഹര്‍ റോസ്ഗാർ യോജന (JRY) ഗ്രാമീണമേഖലയിലെ തൊഴില്‍രഹിതര്‍ക്ക് പ്രയോജനപദമാംവണ്ണം തൊഴില്‍ നല്‍കുന്നതിന് JRY ലക്ഷ്യമിടുന്നു.
6. നെഹ്‌റു റോസ്ഗര്‍ യോജന (NRY) JRYയുടെ നഗരപ്രദേശങ്ങള്‍ക്കുള്ള പദ്ധതിയാണ് NRY. ഇതുപ്രകാരം നഗരപ്രദേശങ്ളിലുള്ള തൊഴിലില്ലാത്തവര്‍ക്ക് പ്രയോജനപദമാംവണ്ണം തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ്.
7. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (NREGP) ഇന്ത്യന്‍ പാര്‍ലിമെന്റ് 2005ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കിയതാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (NREGP). തൊഴിലെടുക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഈ പരിപാടി പ്രകാരം തൊഴില്‍ നല്‍കും.. ഓരോ സംസ്ഥാനത്തിലും നിലവിലുള്ള മിനിമം വേതന നിയമമനുസരിച്ചാണ് വേതനം നല്‍കുക. കൊല്ലത്തില്‍ 100 ദിവസത്തെ തൊഴില്‍ ഇത് ഉറപ്പു നല്‍കുന്നു. ഇപ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (NREGP) എന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി (MGNREGP) എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. 2013-14 ല്‍ 5 കോടി കുടുംബങ്ങള്‍ക്ക് ഈ പദ്ധതിപ്രകാരം തൊഴില്‍ അവസരം കൈവന്നിട്ടുണ്ട്.
ജോലിക്കു കൂലി (NFWP), ഭക്ഷണം, സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന (SGRY) എന്നിവയാണ് പ്രധാനപ്പെട്ട മറ്റു തൊഴില്‍ദാന പരിപാടികള്‍.II ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ വികസിതമായ തൊഴിലവസരങ്ങള്‍ ലഭ്യമായാല്‍ പോലും പാവങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാന്‍ കഴിവുണ്ടാകില്ല. അതിനാല്‍ അഞ്ചാം പദ്ധതി മുതല്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാനസാകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പരിപാടി നടപ്പാക്കിത്തുടങ്ങി.
ദരിദ്രജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷിതത്വമുണ്ടാകാന്‍ ഗവണ്‍മെന്റ് താഴെ പറയുന്ന പരിപാടികള്‍ നടപ്പാക്കി. അവ –1. പൊതുവിതരണ സമ്പ്രദായം (Public Distribution System – PDS) പൊതുവിതരണ സമ്പ്രദായം വഴി, ന്യായവില ഷോപ്പുകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നു.
2. സംയോജിത ശിശു വികസന പദ്ധതി (Integrated Child Development Scheme – ICDS) ഈ പദ്ധതിപ്രകാരം അമ്മമാര്‍ക്കും ആറ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യ സഹായം നല്‍കുന്നു.
3. സ്കൂളുകളില്‍ ഉച്ചഭക്ഷണം (Mid Day Meals at School – MDMS) ഈ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ പാകും ചെയ്ത ഭക്ഷണം സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നു.
4. അന്നപൂര്‍ണ്ണ സ്‌കീം (AS) വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരാണ് ഈ പദ്ധതിയില്‍ വരുന്നത്. 10 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ഇക്കൂട്ടര്‍ക്ക് നല്‍കുന്നു.
5. അന്ത്യോദയ അന്നയോജന (AAY) വളരെ പാവപ്പെട്ട കുടുംബങ്ങളെയാണ് AAY ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, ഭക്ഷ്യ വസ്തുക്കള്‍ വളരെ വിലകുറച്ച് ഈ വിഭാഗത്തിന് നല്‍കുന്നു.
പ്രധാനമന്ത്രി ഗ്രാമ സടക് യോജന (PMGSY, Pradhan Mantri Grama Sadak Yojana), പ്രധാനമന്ത്രി ഗ്രാമോദയ യോജന (PMGY, Pradhan Mantri Gramodaya Yojana), വാത്മീകി അംബേദ്കര്‍ ആവാസ് യോജന എന്നീ പദ്ധതികളും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികളാണ്.III സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അനൗപചാരിക തൊഴില്‍ മേഖലയിലുള്ളവര്‍ക്കുള്ള സാമുഹ്യ സുരക്ഷാപദ്ധതികള്‍:
1. ആം ആദ്മി ബീമ യോജന (Aam Admi Bima Yojana) : അനൌപചാരിക തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി.
2. ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്കീം (Indira Gandhi National Old Age Pension Scheme) : 65 വയസ്സില്‍ കൂടുതലുള്ള BPL കുടുംബങ്ങളിലെ വ്യക്തികള്‍ക്ക്; 2007ല്‍ തുടങ്ങിയ ഈ പദ്ധതി പ്രകാരം പ്രതിമാസം ₹ 500 നല്‍കി വരുന്നു. ഗ്രാമവികസന മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
3. രാഷ്രീയ സ്വാസ്ത്യ ബീമ യോജന (Rashtriya Swasthya Bima Yojana) : BPL വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. 2008 – ലാണ് ഇതിന് തുടക്കം കുറിച്ചത് ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നും പേരുണ്ട്.
4. അടല്‍ പെന്‍ഷന്‍ യോജന (Atal Pension Yojana) : പതിനെട്ട് വയസ്സു മുതല്‍ നാല്പതു വയസ്സുവരെയുള്ള അസംഘടിത മേഖലയിലുള്ള ജനങ്ങള്‍ക്ക് നല്കുന്ന പെന്‍ഷന്‍ പദ്ധതിയാണിത്.
5. ജനശ്രീ ബീമ യോജന (Janasree Bima Yojana) : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണിത്.
6. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (Pradhan Mantri Jeevan Jyoti Bima Yojana) ) : കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഒരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. ഒരു വര്‍ഷം കേവലം 330 രൂപ പ്രീമിയമായി നല്‍കിയാല്‍ രണ്ടുലക്ഷം രൂപയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു ബാങ്ക് അക്കൗണ്ടുള്ള 18-50 പ്രായവിഭാഗത്തിലുള്ള വര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
7. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (Pradhan Mantri Suraksha Bima Yojana) : 12 രൂപ മാത്രം പ്രീമിയം നല്‍കിയാല്‍ അപകടമരണത്തിനും അംഗവൈകല്യത്തിനും രണ്ടുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്.
8. ദേശീയ സാമൂഹിക സഹായ പദ്ധതി (National Social Assistance Programme) : ആരും പരിചരിക്കാനോ പരിരക്ഷിക്കാനോ ഇല്ലാത്ത പ്രായംചെന്ന പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്റ് പ്രോഗ്രാം എന്ന പേരില്‍ ഒരു പദ്ധതിയുണ്ട്. വിധവകളും പാവപ്പെട്ടവരായ സ്ത്രീകളും ഈ പദ്ധതിയിന്‍കീഴില്‍ വരുന്നുണ്ട്.
ദാരിദ്ര്യനിവാരണ പരിപാടികള്‍: ഒരു വിമര്‍ശനാത്മക പഠനം (Povverty Alleviation Programme – A critical Assessment) ദാരിദ്ര്യനിവാരണ പരിപാടികളില്‍ അനുഭവപ്പെട്ടുവരുന്ന ചില പോരായ്മകള്‍ ഇവയാണ്.
- വിവിധ പരിപാടികള്‍ക്കായി അനുവദിക്കുന്ന പണം തീര്‍ത്തും അപര്യാപ്തമാണ്. ദാരിദ്ര്യത്തിന്റെ വലുപ്പം നോക്കുമ്പോള്‍ ഇന്നനുവദിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ പണം നീക്കിവയ്ക്കേണ്ടതുണ്ട്.
- പരിപാടികള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന ഏജന്‍സികള്‍, അല്ലെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍, കാര്യശേഷിയില്ലാത്തവരും അഴിമതിക്കാരുമാണ്.
- പരിപാടികളില്‍ ആദ്യന്തം ചോര്‍ച്ച കാണുന്നു. ഗവണ്‍മെന്റ് 100 ക. ചെലവാക്കുമ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താവിന്റെ കൈകളിലെത്തുന്നത് എട്ടു രൂപ മാത്രമാണെന്ന് രാജീവ് ഗാന്ധി ഒരിക്കല്‍ പാര്‍ലിമെന്റില്‍ പറയുകയുണ്ടായി. ഇത്തരത്തിലുള്ള ചോര്‍ച്ച ദാരിദ്ര്യനിവാരണ പരിപാടികളെ നിഷ്ഫലമാക്കുന്നു.
- ദാരിദ്ര്യനിവാരണ പരിപാടി പ്രകാരമുള്ള സഹായങ്ങളില്‍ പലതും അനര്‍ഹരായവരുടെ കൈകളിലെത്തുന്നുണ്ട്.
സമാപനം (Conclusion) ദാരിദ്ര്യം ക്രമമായി കുറഞ്ഞുവരണമെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചാനിരക്ക് കൈവരിക്കേണ്ടതുണ്. ഈ വളര്‍ച്ചാനിരക്ക് ദരിദ്രരേയും ഉള്‍ക്കൊള്ളുന്നതാകണം; വളര്‍ച്ചയുടെ സദ്ഫലം അവര്‍ക്കും അനുഭവവേദ്യമാകണം. സ്വയം തൊഴില്‍ പദ്ധതികള്‍, തൊഴിലുറപ്പു പദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പരിപാടി കള്‍ എന്നിവ അതിപ്രധാനമാണ്. ഇവ കാര്യക്ഷമതയോടെ നടപ്പാക്കണം; ഇതിനനുവദിക്കുന്ന പണം പാഴായിപ്പോകുകയോ ചോര്‍ന്നുപോകുകയോ അരുത്. അതേ സമയം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് നിലനിര്‍ത്താനും കഴിയണം. കാരണം, ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞാലേ ദാരിദ്ര്യനിവാരണ പരിപാടികള്‍ക്കുവേണ്ട ധനം സമാഹരിക്കാന്‍ കഴിയൂ.