Plus One Economics Chapter 3
Plus One Economics Chapter 3

Plus One Economics Chapter 3

അദ്ധ്യായം 3:-

ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം: ഒരു വിലയിരുത്തല്‍.

Plus One Economics Chapter 3

ആമുഖം

1990-91 വരെ അനുവര്‍ത്തിച്ച സാമ്പത്തിക നയ തന്ത്രത്തിന്റെ ഫലമായി വൈവിധ്യവല്‍കൃതമായ വ്യാവസായിക സംവിധാനം പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. തെക്കന്‍ കൊറിയ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ അതിവേഗത്തില്‍ വ്യവസായവല്‍കൃതമായി. ഇതിനുള്ള കാരണം ഈ രാജ്യങ്ങള്‍ അനുവര്‍ത്തിച്ച ഉദാരനയങ്ങളായിരുന്നു.

പരിഷ്കാരങ്ങളുടെ പശ്ചാത്തലം (Background of Reforms)

1950-51 മുതല്‍ 1990-91 വരെയുള്ള കാലഘട്ടത്തിലെ സാമ്പത്തിക തന്ത്രങ്ങളുടെ പോരായ്മകളില്‍ ചിലത്‌.

 • കുത്തക നിയന്ത്രണ നിയമം (MRTP) പോലെയുള്ള നിയമങ്ങള്‍ നല്ല വിഭവശേഷിയുള്ള വന്‍കിട കമ്പനികളെ മുലധനനിക്ഷേപം നടത്തുന്നതില്‍നിന്നും തടഞ്ഞു.
 • വിദേശനാണയ നിയന്ത്രണ നിയമം (FERA) പോലെയുള്ള നിയമങ്ങള്‍ വിദേശമൂലധന നിക്ഷേപത്തെ തടഞ്ഞു.
 • ചില വ്യവസായങ്ങള്‍ പൊതുമേഖലയ്ക്കായി സംവരണം ചെയ്തത്‌ (ഉദാഹരണം; ഉരുക്കു നിര്‍മ്മാണം) ടിസ്കോ പോലുള്ള സ്വകാര്യ മേഖലാകമ്പനികളെ മൂലധനനിക്ഷേപം നടത്തുന്നതില്‍നിന്നും തടഞ്ഞു.
 • അനേകം ഉല്പന്നങ്ങള്‍ ചെറുകിടമേഖലയ്ക്കും കൂടില്‍വ്യവസായങ്ങള്‍ക്കുമായി സംവരണം ചെയ്തതിനാല്‍, ആ മേഖല കളിലെ മൂലധനനിക്ഷേപം ക്ഷയിച്ചു.
 • ഉയര്‍ന്ന നികുതിനിരക്ക്‌ യുക്തിഹീനമായ തലങ്ങള്‍ വരെ എത്തിയിരുന്നു. (1973-74ല്‍ വ്യക്തികളുടെ ആദായനികുതി നിരക്ക്‌ 97.75 ശതമാനം വരെ എത്തിയിരുന്നു). ഇത്‌ നികുതി രംഗത്ത്‌ പലവിധ തട്ടിപ്പും വെട്ടിപ്പും ഉണ്ടാക്കി. തന്മൂലം കള്ളപ്പണം സുലഭമായി.
 • ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാനായി വിദേശവസ്തുക്കള്‍ക്ക്‌ ധാരാളം ഇറക്കുമതി ചുങ്കം ചുമത്തി. ചില സാധനങ്ങള്‍ക്ക്‌ 330 ശതമാനം വരെ ഇറക്കുമതി ചുങ്കമുണ്ടായിരുന്നു. ഇത്‌ ഇന്ത്യന്‍ വ്യവസായങ്ങളെ കാര്യക്ഷമതയില്ലാത്തതാക്കി.
 • പൊതുമേഖലാസ്ഥാപനങ്ങളില്‍ മിക്കതും നഷ്ടത്തിലായിരുന്നു.

ഈ സ്ഥിതിവിശേഷം നമ്മുടെ സാമ്പത്തിക നയത്തിലൊരു പുനരാലോചന ആവശ്യമാക്കി. ഈ പുനരാലോചനയുടെ ഫലമായി പല പരിഷ്ക്കാരങ്ങളും നടപ്പാക്കി.

1991 ലെ പ്രതിസന്ധി (The Crisis of 1991)

ഗള്‍ഫ്‌ മേഖലയിലെ രാഷ്ട്രീയ കുഴപ്പങ്ങള്‍ മൂലം 1991ല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുകയറി. ഇന്ത്യയുടെ ഇറക്കുമതിയും വര്‍ധിച്ചു. എന്നാല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിയെടുക്കുന്നവരില്‍നിന്നുള്ള വരുമാനവും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍നിന്നുള്ള വരുമാനവും കുറഞ്ഞു. നമ്മുടെ വിദേശനാണയ കരുതല്‍ ശേഖരം നൂറുകോടി ഡോളറില്‍ താഴെയായി. കഷ്ടിച്ച്‌ രണ്ടാഴ്ചയിലെ ഇറക്കുമതിക്കുവേണ്ട വിദേശനാണ്യമേ ഇന്ത്യയുടെ കയ്യിലുള്ളൂ എന്നു വന്നു. അന്താരാഷ്ട്രതലത്തിലുള്ള ബാധ്യതകള്‍ അടയ്ക്കുന്നതില്‍ വിഴ്ച പറ്റും എന്ന ഘട്ടം വരെ എത്തി. അടവുശിഷ്ടം വല്ലാതെ വഷളായതിനാല്‍ രൂപയുടെ വിലയിടിക്കേണ്ടി വരുമെന്ന സ്ഥിതി വന്നു. വിദേശമൂലധനം ഇന്ത്യയില്‍നിന്ന്‌ പുറത്തേക്കൊഴുകുമെന്ന നിലയായി. ഉയര്‍ന്ന ഫിസ്‌കല്‍ കമ്മിയും ഉയര്‍ന്ന പെട്രോളിയം വില നിരക്കും നാണ്യപ്പെരുപ്പമുണ്ടാക്കി. മൂഡീസ്‌, സ്റ്റാന്‍ഡേര്‍ഡ്‌ ആന്‍ഡ്‌ പുവര്‍ എന്നിവപോലുള്ള ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ്‌ റേറ്റിങ്ങിനെ സ്പെയ്ക്കുലേറ്റീവ് ഗ്രേഡിലേക്ക്‌ താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകള്‍ ഇന്ത്യയ്ക്ക്‌ വായ്പതരാന്‍ വിസമ്മതിച്ചു തുടങ്ങി. ഇന്ത്യയുടെ കരുതല്‍ സ്റ്റോക്കിലുള്ള സ്വര്‍ണ്ണത്തില്‍ കുറെ വില്‍ക്കാനും ബാക്കിയുള്ളത്‌ ബാങ്ക്‌ ഓഫ്‌ ഉംഗ്ലണ്ടിന്‌ പണയപ്പെടുത്താനും ഇന്ത്യ നിര്‍ബന്ധിതമായി. അതിനുശേഷം ഇന്ത്യ, സഹായത്തിനായി ലോകബാങ്കിനേയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചു. ഇന്ത്യയ്ക്ക്‌ 700 കോടി ഡോളറിന്റെ ഒരു ലോണ്‍ അനുവദിച്ചു. ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഉപാധികളോടെ മാത്രമേ ലോണ്‍ അനുവദിക്കൂ.

അവര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ (Conditionalities) താഴെ പറയുന്നവയാണ്‌:

 • a) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക്‌ ഇതിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്യുക..
 • b) സ്വകാര്യമേഖലയുടെ മേലുള്ള ഗവണ്‍മെന്റ്‌ നിയ്രന്തണങ്ങള്‍ നീക്കുക.
 • c) സമ്പദ് വ്യവസ്ഥയിലെ വ്യത്യസ്ത മേഖലകളിലുള്ള ഗവണ്‍മെന്റിന്റെ പങ്ക്‌ കുറച്ചു കൊണ്ടുവരിക.
 • d) അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുകളയുക.
മേല്‍ സുചിപ്പിച്ച ലോകബാങ്കിന്റെയും IMF ന്റെയും നിബന്ധനകള്‍ പാലിക്കാന്‍ ഇന്ത്യ തയ്യാറാകുകയും പുത്തന്‍ സാമ്പത്തിക നയം (NEP) പ്രഖ്യാപിക്കുകയും ചെയ്തു. 1991 മുതല്‍ ഗവണ്‍മെന്റ്‌ വ്യാപക തോതിലുള്ള സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി.

 • സ്റ്റെബിലൈസേഷന്‍ അഥവാ സുസ്ഥിരവല്‍ക്കരണ നടപടികള്‍ (Stabilisation Measures)

 • സ്രടക്‌ ച്ചറല്‍ അഡ്‌ജസ്റ്റ്‌ മെന്റ്‌ അഥവാ ഘടനാപരമായ നീക്കുപോക്കുകള്‍ (Structural Adjustment Programme – SAP)

സ്റ്റൈബിലൈസേഷന്‍ എന്നാല്‍, വിദേശനാണയ പ്രതിസന്ധി, നാണ്യപ്പെരുപ്പം എന്നിവപോലുള്ള സ്ഥൂല സാമ്പത്തിക അസ്ഥിരാവസ്ഥ പരിഹരിക്കാനുള്ള ഹൃസ്വകാല നടപടികൾ എന്നാണ്‌ അര്‍ത്ഥം. ഉദാഹരണത്തിന്‌, ഫിസ്‌കല്‍ കമ്മി കുറച്ച്‌ നാണ്യപ്പെരുപ്പം നിയന്ത്രി‍ക്കുക അല്ലെങ്കില്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രൂപയുടെ വിലയിടിക്കുക എന്നിങ്ങനെയുള്ളവ.

സ്ട്രെക്ച്ചറൽ അഡ്ജസ്റ്റ്‌മെന്റ്‌ പരിപാടിയില്‍ സമ്പദ്‌ വ്യവസ്ഥയിലെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്‌ പെടുക. വ്യവസായ നയം, തൊഴില്‍ നയം, വ്യാപാരനയം തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍ ഘടനാപരമായ നീക്കുപോക്കുകളാണ്‌.

സാമ്പത്തികനയപരിഷ്ക്കരണങ്ങള്‍ എല്ലാ രംഗത്തും ഒരുപോലെ നടപ്പാക്കി. വ്യവസായ മേഖല, ധനകാര്യമേഖല, നികുതിമേഖല, വ്യാപാര മേഖല, മൂലധനവിപണി എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങള്‍ നടപ്പാക്കപ്പെട്ടു. ഈ പരിഷ്ക്കരണങ്ങള്‍ മുന്നു വിഭാഗങ്ങളില്‍പ്പെടും. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നയങ്ങളാണ്‌. അതായത്‌, വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തിരസ്കരിക്കാം. എന്നാല്‍, അമര്‍ത്യാസെന്‍ പറഞ്ഞതു പോലെ ആഗോളവല്‍ക്കരണം ഒരു പ്രതിഭാസമാണ്‌. ലോകത്തിലാകെ വീശിയടിക്കുന്ന ഒരു തരംഗമാണത്‌. ഉപ്രഗഹവാര്‍ത്താവിനിമയം, ഇന്റര്‍നെറ്റ്‌ എന്നിവ പോലെ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റങ്ങളുണ്ടാക്കിയ ഒരു പ്രതിഭാസമാണത്‌. ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഒരു അനന്തരഫലമാണ്‌ ആഗോളവല്‍ക്കരണമെന്നു പറയാം.

ഉദാരവല്‍ക്കരണം (Liberalisation):

സമ്പദ്‌വ്യവസ്ഥയുടെ, വളർച്ചയ്ക്കുള്ള നിയന്ത്രണങ്ങളിൽ നിന്നെല്ലാം സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുക എന്നതാണ്‌ ഉദാരവല്‍ക്കരണം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ ഇടപെടല്‍ അമിതമായതാണ്‌ ഉദാരവല്‍ക്കരണം ആവശ്യമാക്കിയത്‌. ഇടപെടുന്നത്‌ രചനാത്മകമാണ്‌; എന്നാല്‍ തടസ്സപ്പെടുത്തുന്നത്‌ നിഷേധാത്മകമാണ്‌. തടസ്സപ്പെടുത്തലാണ്‌ ലൈസന്‍സ്‌-പെര്‍മിറ്റ്‌ രാജിന്‌ ഇടയാക്കിയത്‌. അത്‌ അഴിമതിക്കും കാലതാമസത്തിനും കാര്യക്ഷമതയില്ലായ്മയ്ക്കും കാരണമായി. ലൈസന്‍സിങ്‌, ചില വ്യവസായങ്ങള്‍ പൊതുമേഖലയ്ക്ക്‌ സംവരണം ചെയ്യല്‍, സ്വകാര്യ മേഖലയ്ക്ക്‌ സംവരണം, കുത്തക നിയന്ത്രണ നിയമം, വിദേശനാണയ നിയന്ത്രണ നിയമം തുടങ്ങിയ നയങ്ങള്‍ സ്വകാര്യ മൂലധനനിക്ഷേപത്തെയും സാമ്പത്തിക വളര്‍ച്ചയെയും നിരുത്സാഹപ്പെടുത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പഴയ നയങ്ങള്‍ നിയ്യന്ത്രിക്കുന്നതിനു പകരം തടസ്സപ്പെടുത്തലായി മാറി. സാമ്പത്തിക വളര്‍ച്ചയിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക എന്നതായിരുന്നു ഉദാരവല്‍ക്കരണത്തിന്റെ ലക്ഷ്യം. തടസ്സപ്പെടുത്തുന്ന നയം മാറ്റി പകരം മത്സരാത്മകമായ നയം കൊണ്ടുവരലായിരുന്നു അതിന്റെ ഉദ്ദേശ്യം.

വ്യവസായമേഖലയുടെ മേലുള്ള നിയന്ത്രണം നീക്കല്‍ (വ്യവസായമേഖലാ പരിഷ്ക്കാരങ്ങള്‍)

വ്യവസായമേഖലയിലെ പ്രധാന പരിഷ്ക്കാരങ്ങള്‍ ഇവയായിരുന്നു:

 • ലൈസന്‍സിങ്‌ നിര്‍ത്തലാക്കി: പുതിയ നയമനുസരിച്ച്‌ മദ്യ നിര്‍മ്മാണം, സിഗരറ്റ്‌ നിര്‍മ്മാണം, ആപല്‍ക്കരമായ രാസവസ്തുക്കളുടെ നിര്‍മ്മാണം, വ്യാവസായിക സ്ഫോടനവസ്തുക്കളുടെ നിര്‍മ്മാണം, ഔഷധ നിര്‍മ്മാണം തുടങ്ങിയ ചില വ്യവസായങ്ങള്‍ക്കു മാത്രമേ ലൈസന്‍സെടുക്കേണ്ടതുള്ളു. മറ്റു വ്യവസായങ്ങളെയെല്ലാം ലൈസന്‍സിങ്‌ വ്യവസ്ഥയില്‍ നിന്ന്‌ ഒഴിവാക്കി.

 • സംവരണം നിര്‍ത്തലാക്കി: പൊതുമേഖലയ്ക്കായി സംവരണം ചെയ്തിരുന്ന വ്യവസായങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ദേശരക്ഷാഉപകരണ നിര്‍മ്മാണം, അണുശക്തി, റെയില്‍വേ എന്നിവ മാത്രമേ പൊതുമേഖലാവിഭാഗത്തില്‍ ബാക്കി വന്നുള്ളൂ.

 • ചെറുകിടമേഖലയ്ക്കുള്ള സംവരണം നിര്‍ത്തി: ചെറുകിടമേഖലയ്ക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന വ്യവസായങ്ങളുടെ എണ്ണം കുറച്ചു.

 • സ്വകാര്യ കുത്തകനിയമത്തിനും വിദേശ നാണ്യനിയമത്തിനും ഭേദഗതി: സ്വകാര്യ മൂലധന നിക്ഷേപത്തിന്‌ സൗകര്യപ്പെടുന്ന വിധത്തില്‍ കുത്തക നിയന്ത്രണനിയമവും വിദേശനാണയ നിയന്ത്രണ നിയമവും ഭേദഗതി ചെയ്തു.

ധനകാര്യമേഖലാ പരിഷ്ക്കാരങ്ങള്‍ (Financial Sector Reforms)

ബാങ്കിങ്, ഇന്‍ഷുറന്‍സ്‌, ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കിങ്‌, മൂലധനവിപണി (സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌), വിദേശനാണയ വിനിമയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടങ്ങിയതാണ്‌ ധനകാര്യമേഖല.

ധനകാര്യ മേഖലയില്‍ നടപ്പാക്കിയ പ്രധാന പരിഷ്ക്കാരങ്ങള്‍

 • ബാങ്ക്‌, ബ്രാഞ്ച് ലൈസന്‍സിങ്‌ ഉദാരമാക്കി.

 • ICICI, HDFC തുടങ്ങിയ ആധുനിക സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും അനുമതി നല്‍കി.

 • നിക്ഷേപനിരക്കിന്റെയും വായ്പാനിരക്കിന്റെയും നിയന്ത്രണം നിക്കി.

 • CRR, SLRഎന്നിവ കുറച്ചതിനാല്‍ ബാങ്കുകള്‍ക്ക്‌ ബിസിനസ്സിന്‌ ഉപയോഗിക്കാവുന്ന പണം ധാരാളമായി.

 • സ്വകാര്യ മേഖലയില്‍ പുതിയ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും അനുമതി നല്‍കി.

 • മൂലധന വിപണികള്‍ ഉദാരവല്‍ക്കരണം നടപ്പാക്കി.

 • മൂച്ച്വല്‍ ഫണ്ടുകള്‍ ആരംഭിക്കാന്‍ സ്വകാര്യമേഖലയ്ക്കും അനുമതി നല്‍കി.

 • വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക്‌ (മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക്‌) ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കി.

നികുതി പരിഷ്കാരങ്ങള്‍ (Tax Reforms)

ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി നികുതി പരിഷ്കാരങ്ങളും നടപ്പില്‍ വന്നു.

ഫിസ്‌കല്‍ നയം (Fiscal Policy)

പൊതുചെലവ്‌, ഗവണ്‍മെന്റിന്റെ നികുതി, പൊതുകടം എന്നിവ സംബന്ധിച്ച ഗവണ്‍മെന്റ്‌ നയമാണ്‌ ഫിസ്‌കല്‍ നയം.

നികുതി രണ്ടുതരം

പ്രതൃക്ഷനികുതി (Direct Tax): വ്യക്തികളുടെ വരുമാനത്തിനും ബിസിനസ്‌ സ്ഥാപനങ്ങളുടെ ലാഭത്തിനും ചുമത്തുന്ന നികുതിയാണ്‌ പ്രത്യക്ഷനികുതി. ആരില്‍ ചുമത്തപ്പെടുന്നുവോ, അവര്‍ തന്നെയാണ്‌ ഇത്‌ അടയ്ക്കേണ്ടത്‌ എന്നതാണ്‌ ഇതിന്റെ പ്രത്യേകത, ഉദാ: ആദായനികുതി, സ്വത്തുനികുതി.

പരോക്ഷനികുതി (Indirect Tax): നികുതി അടയ്ക്കുന്നത്‌ ഒരാളും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആത്യന്തികമായി അതിന്റെ ആഘാതം ഏല്ക്കേണ്ടിവരുന്നത്‌ മറ്റൊരാളുമാണെങ്കില്‍ അത്‌ പരോക്ഷനികുതിയാണ്‌. ഉദാ: വില്പനനികുതി, എക്സൈസ് ഡ്യൂട്ടി മുതലായവ.

നികുതി പരിഷ്ക്കാരങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്‌-

 • വ്യക്തിഗത ആദായനികുതി കുറച്ചു.
 • കമ്പനി നികുതി (Corporate Tax) കുറച്ചു.
 • എക്സൈസ്‌ ഡ്യൂട്ടി കുറച്ചു.
 • കസ്റ്റംസ്‌ ഡ്യൂട്ടി കുറച്ചു.

ജി.എസ്‌.ടി. (Goods and Services Tax) 2017 ജൂലായ്‌ 1 മുതല്‍ നടപ്പില്‍ വന്നു. (ഇതോടെ VAT, സര്‍വീസ്‌ ടാക്‌സ്‌, എക്സൈസ്‌ ഡ്യൂട്ടി, കസ്റ്റംസ്‌ ഡ്യൂട്ടി എന്നിവയെല്ലാം ഇനി GST യില്‍ ഉള്ളടങ്ങുന്നു ).

നികുതി നിരക്ക്‌ മിതമായാല്‍ നിയമാനുസൃതം നികുതി കൊടുക്കുന്നതിന്‌ അത്‌ പ്രേരകമാകുമെന്നതും നികുതിവെട്ടിപ്പ്‌ കുറയുമെന്നതും ലോകമെങ്ങും കണ്ടിട്ടുള്ള അനുഭവമാണ്‌. എക്സൈസ്‌ ഡ്യൂട്ടി കുറയുമ്പോള്‍ സാധനങ്ങളുടെ വില കുറയും. കസ്റ്റംസ്‌ ഡ്യൂട്ടി കുറയുമ്പോള്‍ വിദേശീയ ഉല്പന്നങളോട്‌ മത്സരിക്കാന്‍ അതു പ്രേരകമാകും.

രാജ്യത്തിനുള്ളില്‍ ഉല്പാദിപ്പിച്ച സാധനങ്ങള്‍ക്ക്‌ ചുമത്തുന്ന നികുതിയാണ്‌ എക്സൈസ്‌ ഡ്യൂട്ടി.

വിദേശ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെമേല്‍ ചുമത്തുന്ന നികുതിയാണ്‌ കസ്റ്റംസ്‌ ഡ്യൂട്ടി.

വിദേശനാണയ പരിഷ്കാരങ്ങള്‍ (Foreign Exchange Reforms)

1991-ല്‍ സുസ്ഥിരവല്‍ക്കരണ നടപടിയെന്ന നിലയില്‍ രൂപയുടെ മുല്യം കുറച്ചു. ഇതിന്‌ മൂല്യന്യൂനീകരണം എന്നു പറയും. അതായത്‌, സ്വദേശനാണയത്തിന്റെ മുല്യം വിമദേശനാണയങ്ങളോടു താരതമ്യപ്പെടുത്തി കുറക്കുന്നതിനാണ്‌ മൂല്യന്യൂനീകരണം എന്നു പറയുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ മൂലധനം വിദേശങ്ങളിലേക്ക് ഒഴുകിപ്പോകുന്നത്‌ തടയാനും, വിദേശത്തുനിന്നുള്ള മൂലധന പ്രവാഹത്തെ പ്രോത്സാഹിപ്പിക്കാനും, കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനും ഇത്‌ സഹായിച്ചു.

വിദേശനാണയ വിനിമയനിരക്ക്‌ റിസര്‍വ്വ്‌ ബാങ്കാണ്‌ നിശ്ചയിക്കാറുള്ളത്‌. ഇതൊരു സുസ്ഥിരനിരക്കായിരുന്നു. ഈ രീതി മാറ്റുകയും നാണയ വിനിമയ നിരക്ക്‌ നിശ്ചയിക്കുന്നത്‌ വിദേശ നാണയ വിപണിയായിത്തീരുകയും ചെയ്തു. വിദേശ കറന്‍സിയുടെ ചോദനവും പ്രദാനവും കണക്കിലെടുത്താണ്‌ ഇപ്പോള്‍ വിനിമയ നിരക്ക്‌ നിര്‍ണയിക്കപ്പെടുന്നത്‌. ഇതിനെ “ഫ്‌ളെക്‌സിബിള്‍ ഏക്‌സ്ചേഞ്ച് റേറ്റ്‌” എന്നു പറയുന്നു.

വിനിമയനിരക്ക്‌ (Exchange Rate)

വിനിമയനിരക്ക് (Exchange Rate) :: ഒരു കറന്‍സി മറ്റു വിദേശ കറന്‍സികളുമായി കൈമാറ്റം ചെയ്യപ്പെടുന്ന നിരക്കാണ്‌ വിനിമയനിരക്ക്‌.

സുസ്ഥിര വിനിമയനിരക്ക് (Fixed Exchange Rate) : വിദേശ നാണയ വിനിമയനിരക്ക്‌ കേന്ദ്രബാങ്കാണ്‌ ശ്ചയിക്കുന്നതെങ്കില്‍ അതിനെ സുസ്ഥിര വിനിമയ നിരക്ക്‌ എന്നു പറയും.

അയവുള്ള / വഴക്കമുള്ള വിനിമയനിരക്ക്‌ (Flexible Exchange Rate) : വിദേശ നാണയ വിപണിയില്‍ വിദേശനാണയത്തിന്റെ ചോദന-പ്രദാന ശക്തികള്‍ക്കനുസൃതതമായി നിരക്ക്‌ നിശ്ചയിക്കപ്പെടുന്ന സമ്പ്രദായമാണ് ഇത്‌.

വ്യാപാര – നിക്ഷേപനയ പരിഷ്കാരം (Trade and Investment Policy Reforms)

വ്യാപാരവും മുലധനനിക്ഷേപവും വര്‍ധിപ്പിക്കാന്‍ താഴെ പറയുന്ന പരിഷ്ക്കാരങ്ങളാണ്‌ നടപ്പാക്കിയത്

 • ഇറക്കുമതിയുടെ അളവിലുള്ള നിയന്ത്രണം (ക്വോട്ട) നീക്കി.

 • ഇറക്കുമതിച്ചുങ്കം കുറച്ചു.

 • ഇറക്കുമതി ലൈസന്‍സിങ്‌ നിര്‍ത്തലാക്കി (അപകട സാധ്യതയുള്ളതും പരിസ്ഥിതി ലോലമായിട്ടുള്ളവയും ഒഴിച്ച്‌).

 • കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ കയറ്റുമതി ച്ചുങ്കം നിര്‍ത്തലാക്കി.

 • വിദേശനാണയ വിനിമയ നിരക്ക്‌, വിദേശ നാണയ കമ്പോളത്തില്‍ നിലവിലുള്ള നിരക്കു തന്നെയെന്നു തീരുമാനിച്ചു.

 • ഇറക്കുമതി ഉദാരവല്‍ക്കരിച്ചു.

സ്വകാര്യവല്‍ക്കരണം (Privatization)

സര്‍ക്കാര്‍ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത, മാനേജ്മെന്റ് സ്വകാര്യ കമ്പനികശിക്ക്‌ നല്കുന്നതിനെയാണ്‌ സ്വകാര്യവല്‍ക്കരണം എന്നു പറയുന്നത്‌. 1980 കളിലും 1990 ലും സ്വകാര്യവല്‍ക്കരണമെന്നത്‌ ഒരു ആഗോളപ്രവണതയായിരുന്നു. ദേശസാല്‍ക്കരണത്തില്‍നിന്നുള്ള ഒരു തിരിച്ചുപോക്കായിരുന്നു അത്‌. ഘടനാപരമായ പുനഃസംഘടനാ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യ സ്വകാര്യവല്‍ക്കരണം ആരംഭിച്ചത്‌. പല രൂപത്തിലുള്ള സ്വകാര്യവല്‍ക്കരണമാണ്‌ ഗവണ്‍മെന്റ്‌ അനുവര്‍ത്തിച്ചു പോന്നത്‌.

അതിലൊന്നാണ്‌ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ്‌. പൊതുമേഖലാസ്ഥാപനത്തില്‍ ഗവണ്‍മെന്റിന്റേതായ നിക്ഷേപം (ഓഹരി) സ്വകാര്യമേഖലയ്ക്ക്‌ വില്‍ക്കുന്നതിനെയാണ്‌ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ്‌ എന്നു പറയുന്നത്‌.

പൊതുമേഖലാ സംരംഭങ്ങളുടെ ലാഭമുണ്ടാക്കാനാവാത്ത അവസ്ഥയും ദിനംപ്രതിയുള്ള ഇവയുടെ ശോഷണവും സ്വകാര്യവല്‍ക്കരണത്തിലേക്ക്‌ വിരല്‍ചുണ്ടി. സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാനുള്ള ഒരു പ്രധാനരീതിയാണ്‌ നിര്‍നിക്ഷേപം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ സ്വകാര്യ സംരംഭകര്‍ക്ക്‌ വില്‍ക്കുന്ന പ്രക്രിയയാണിത്‌. നിര്‍നിക്ഷേപം ആരംഭിച്ചത്‌ 1992-ല്‍, അന്ന്‌ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗായിരുന്നു..

ഡിസ്ഇന്‍വെസ്റ്റ്മെന്റിന്റെ ലക്ഷ്യങ്ങള്‍;

 • മികച്ച മാനേജ്മെന്റ്‌ ടെക്നിക്കുകളിലൂടെ പൊതുമേഖലാസ്ഥാപനത്തിന്റെ മാനേജ്മെന്റ്‌ മെച്ചപ്പെടുത്തുക.

 • ധനപരമായ അച്ചടക്കത്തിലൂടെ പൊതു മേഖലാസ്ഥാപനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുക.

 • വിപണിയില്‍നിന്ന്‌ ധനവിഭവങ്ങള്‍ ശേഖരിക്കാന്‍ കമ്പനികള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുക.

 • സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ റവന്യൂ വരുമാനം കൂട്ടുക.

ഈ പരിഷ്ക്കരണപ്രകിയയുടെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ്‌ നടത്തി. മുന്‍ഗണനാമേഖലയില്‍ പെടാത്ത പല സ്ഥാപനങ്ങളും ഗവണ്‍മെന്റ്‌ പൂര്‍ണ്ണമായും വിറ്റു. മോഡേണ്‍ ബ്രഡ്‌ ഒരു ഉദാഹരണം. ഒരു വിധം നന്നായി പ്രവര്‍ത്തിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്ന ചില പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പ്രവത്തന സ്വാതന്ത്ര്യം നല്‍കി. പെട്രോളിയം, ഉരുക്ക്‌, വൈദ്യുതോല്പാദനം, എഞ്ചിനീയറിങ്‌ തുടങ്ങിയ മേഖലകളില്‍ നന്നായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങള്‍ക്ക്‌ ധനപരവും പ്രവര്‍ത്തനപരവും മാനേജ്മെന്റ്‌ സംബന്ധവുമായ സ്വയംഭരണാധികാരം നല്‍കി. നവരത്ന വിഭാഗത്തില്‍ പെടുത്തിയാണ്‌ ഇവയ്ക്ക്‌ സ്വയംഭരണാധികാരം നല്‍കിയത്‌. (നവരത്നങ്ങള്‍ – ഒമ്പത്‌ രത്നങ്ങള്‍.)

‘നവരത്നങ്ങള്‍ ‘( ഒമ്പത്‌ രത്നങ്ങള്‍.)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC)

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (HPCL)

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (BPCL)

ഓയില്‍ ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍ (ONGC)

സ്റ്റീല്‍ അഥോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡ് (SAIL)

ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (IPCL)

ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌ (BHEL)

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (NTPC)

വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (VSNL)

പിന്നീട്‌ രണ്ടു പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടി നവരത്നഗണത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

ഗ്യാസ്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (GAIL)

മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്‌ (MTNL)

മേല്‍പറഞ്ഞ നവരത്നങ്ങളില്‍ VSNL, IPCL എന്നിവ പിന്നീട്‌ സ്വകാര്യവല്‍ക്കരിക്കപ്പെടുകയുണ്ടായി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന 97 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ “മിനി രത്നങ്ങൾ ” എന്ന പദവി അനുവദിക്കുകയുണ്ടായി.

ആഗോളവല്‍ക്കരണം (Globalization)

ലോകത്തിലെ രാജ്യങ്ങളുടെ ഏകീകരണമാണ്‌ ആഗോളവല്‍ക്കരണം.

ജോസഫ്‌ സ്റ്റിഗ്ലിറ്റ്‌സ്‌

നോബല്‍ സമ്മാന ജേതാവായ ജോസഫ്‌ സ്റ്റിഗ്ലിറ്റ്‌സ്‌ ആഗോളവല്‍ക്കരണത്തെ നിര്‍വചിക്കുന്നത്‌ ഇങ്ങനെയാണ്‌: അടിസ്ഥാനപരമായി പറഞ്ഞാല്‍ ലോകത്തിലെ രാജ്യങ്ങളുടെയും ജനതകളുടെയും കൂടുതലടുത്ത ഏകീകരണമാണ്‌ ആഗോളവല്‍ക്കരണം. ട്രാന്സ്പോര്ടേഷനിലും കമ്യുണിക്കേഷനിലും വൻതോതിലുണ്ടായ ചെലവുകുറവും സാധനങ്ങൾ, സേവനങ്ങൾ, മുലധനം, വിജ്ഞാനം എന്നിവയ്ക്ക്‌ കുറച്ചൊക്കെ ജനതകൾക്കും ഇടയിലുണ്ടായിരുന്ന മതിലുകള്‍ തകർന്നടിഞ്ഞതുമാണ്‌ ഈ ഏകീകരണം കൈവരുത്തിയത്‌.

ഈ നിര്‍വചനത്തില്‍നിന്ന്‌, ആഗോളവല്‍ക്കരണമെന്നാല്‍ അര്‍ത്ഥമാക്കുന്നത്‌ ഇവയെല്ലാമാണെന്ന്‌ പറയാം.

 • രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം.
 • സാധനങ്ങള്‍, സേവനങ്ങള്‍, മൂലധനം, വിജ്ഞാനം, ജനങ്ങള്‍ എന്നിവ ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്‌ സ്വതന്ത്രമായി ഒഴുകല്‍.
 • ട്രാന്‍സ്‌പോര്‍ട്ട്‌ കമ്യൂണിക്കേഷന്‍ ചെലവ്‌ കുറയുന്നതിലൂടെയുള്ള കമ്പോള വികസനം.

അമര്‍ത്യാസെന്‍

അമര്‍ത്യാസെന്‍ പറയുന്നത്‌ “ ആഗോളവല്‍ക്കരണം ഒരു നയമല്ല, പ്രതിഭാസമാണ്‌ ” എന്നാണ്‌. ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍രകരണത്തിന്റെയും അനന്തര ഫലമായി ആഗോളവല്‍ക്കരണത്തെ കാണുന്ന സാമ്പത്തിക കാര്യ വിദഗ്ധരുമുണ്ട്‌.

പുറംകരാര്‍ നല്‍കല്‍ /പുറംവാങ്ങല്‍ (Outsourcing)

പുറം വാങ്ങല്‍ എന്നു പറഞ്ഞാല്‍, പുറമെ നിന്ന്‌ സ്വീകരിക്കുക, പുറമെയുള്ളവരെ ആശ്രയിക്കുക എന്നാണര്‍ത്ഥം. ആഗോളവല്‍ക്കരണ പ്രക്രിയയുടെ ഒരു പ്രധാന അനന്തരഫലമായിരുന്നു ഓട്ട്‌സോഴ്‌സിങ്ങ്‌. വികസിതരാജ്യങ്ങള്‍ അവര്‍ക്കാവശ്യമായ പലതരം സേവനങ്ങള്‍ക്കും ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ അക്കൌണ്ടിങ്ങ്, ലീഗല്‍ സര്‍വ്വീസ്‌ എഡിറ്റിങ്‌, അനിമേറ്റിങ്‌ എന്നിങ്ങനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ആസ്പദമാക്കിയുള്ള പലസേവനങ്ങളും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വളരെ കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കാന്‍ കഴിയും. കാരണം, വൈദഗ്ധ്യമേറിയ മനുഷ്യവിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ നമുക്കുണ്ടെന്നതിനു പുറമെ അതിവിടെ വളരെ കുറഞ്ഞ വേതനത്തിന്‌ ലഭിക്കുകയും ചെയ്യും. അതു കാരണം വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ പുറം വാങ്ങലിനാശ്രയിക്കുന്ന പ്രധാന രാജ്യം ഇന്ത്യയാണ്‌. ഇന്ത്യക്കാര്‍ക്ക്‌ അനായാസമായി ഇംഗ്ലീഷ്‌ സംസാരിക്കാന്‍ കഴിയുമെന്നതിനാല്‍ ബിസിനസ്സ്‌ പ്രോസസ്‌ ഓട്ട്‌സോഴ്‌സിങ്‌ സര്‍വ്വീസുകള്‍ക്ക്‌ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഉദാരവല്‍ക്കരണം നടപ്പാക്കിയശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കിയത്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ആസ്പദമാക്കിയുള്ള സേവനങ്ങളുടെ മേഖലയിലും ഉണ്ടായ കണ്ണഞ്ചിക്കുന്ന വളര്‍ച്ചയാണ്‌. അടുത്ത കാലത്ത്‌ ഈ മേഖല ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക്‌ തൊഴില്‍ നല്കിയിട്ടുണ്ട്‌.

ലോക വ്യാപാര സംഘടന (World Trade Organisation – WTO) :

വ്യാപാരവും താരിഫും സംബന്ധിച്ച പൊതു കരാര്‍ (General Agreement on Tariffs Trade = GATT) 23 രാജ്യങ്ങളുമായി ഒരു ബഹുമുഖ വേദിയായി സ്ഥാപിതമായത്‌ 1948ലാണ്‌. അന്താരാഷ്ട്ര വ്യാപാരരംഗത്തുള്ള തടസ്സങ്ങള്‍ കഴിയുന്നത്ര ദൂരീകരിച്ച്‌ വ്യാപാരം വളര്‍ത്തുക എന്നതായിരുന്നു ‘ഗാട്ടി’ന്റെ മുഖ്യലക്ഷ്യം.

1995ല്‍ ഗാട്ടിനു പകരം ലോക വ്യാപാര സംഘടന (WTO) നിലവില്‍ വന്നു. ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

 • അന്താരാഷ്ട്ര വിപണിയില്‍ എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം.
 • രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ദ്വിമുഖ വ്യാപാരത്തേക്കാള്‍ എല്ലാ രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ വ്യാപാരം പ്രോത്സാഹിപ്പിക്കല്‍.
 • സ്വേഛാപരമായ വ്യാപാര നിയ്രന്തണങ്ങള്‍ നീക്കി നിയമാധിഷ്ഠിതമായൊരു വ്യാപാര സംവിധാനം ഉണ്ടാക്കല്‍.
 • ബാങ്കിങ്ങ്‌, ഇന്‍ഷുറന്‍സ്‌ പോലുള്ള സേവന വ്യാപാരങ്ങളെയും വ്യാപാരത്തില്‍ ഉള്‍പ്പെടുത്തി.
 • വ്യാപാരരംഗത്ത്‌ താരിഫിനു പുറമെയുള്ള പ്രതിബന്ധങ്ങള്‍ നീക്കി. ഉദാഹരണം: ക്വോട്ട പാടില്ല.
 • അന്താരാഷ്ട്ര വ്യാപാരത്തിന്റെ പരിധിയില്‍ വ്യാപാരബദ്ധമായ ബൗദ്ധിക സ്വത്തവകാശവും (Trade Related Intellectual Property Rights = TRIPS) വ്യാപാരബദ്ധ നിക്ഷേപനടപടികളും (Trade Related Investment Measures = TRIMS) പെടുത്തി.

സാമ്പത്തിക നയപരിഷ്ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: ഒരു വിലയിരുത്തല്‍ (Indian Economy During Reforms : An Assessment)

ഇന്ത്യയില്‍ സാമ്പത്തിക നയപരിഷ്ക്കാരം നടപ്പാക്കി തുടങ്ങിയത്‌ 1991 ലാണ്‌. അതിനാല്‍ സാമ്പത്തിക നയപരിഷ്ക്കാരങ്ങളെ വിലയിരുത്താന്‍ സമയമായിരിക്കുന്നു.

ജി.ഡി.പി. (GDP)

GDP യുടെ വളര്‍ച്ചാനിരക്കാണ്‌ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌. താഴെ ചേര്‍ക്കുന്ന പട്ടിക കാണുക.

Table 3.1
കാലഘട്ടം GDP വളര്‍ച്ചാനിരക്ക്‌ (ശതമാനത്തില്‍)
1980 – 1990 5.79
1990 – 2000 5.7
2000 – 2010 7.26
2015 – 2016 7.6
ഉറവിടം: CSO

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി GDP വളര്‍ച്ചാനിരക്കില്‍ ഗണനീയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന്‌ മേല്‍ ചേര്‍ത്ത പട്ടിക വ്യക്തമാക്കുന്നു. പത്താം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ വളര്‍ച്ചാനിരക്ക്‌ 7.9 ശതമാനമെന്ന റെക്കോര്‍ഡ്‌ സൃഷ്ടിച്ചു. ഇക്കാലത്ത്‌ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാനപ്പെട്ട സമ്പദ്‌ വ്യവസ്ഥകളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു.

സേവന-വ്യവസായ മേഖലകളാണ്‌ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറിയത്‌. എന്നാല്‍, കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക്‌ വളരെ താഴ്ന്നിരിക്കുന്നു. ഉയര്‍ന്ന GDP വളര്‍ച്ച തീര്‍ച്ചയായും ഒരു നേട്ടമാണ്‌.

സാമ്പത്തിക മാന്ദ്യം (Economic Slowdown)

2008 ലെ ധനകാര്യ പ്രതിസന്ധിയെ തുടര്‍ന്ന്‌ ആഗോള സമ്പദ്‌ വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുകയുണ്ടായി. ആഗോള GDP ഗണ്യമായി കുറഞ്ഞു. 1930 കളിലുണ്ടായ മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷം (Great Depression) ഉണ്ടായിട്ടുള്ള ഏറ്റവും മോശമായ ഒന്നായിരുന്നു ഈ സാമ്പത്തിക സങ്കോചം (Economic contraction). ഇതിനെ ഗ്രേറ്റ്‌ ഡിപ്രഷന്‍ എന്നാണ്‌ വിളിക്കുന്നത്‌. ഈ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ഇന്ത്യയുടെ GDP യില്‍ സങ്കോചമുണ്ടായിരുന്നില്ല. എന്നിരുന്നാലും വളര്‍ച്ചാ നിരക്ക്‌ മന്ദഗതിയിലായി. 2005 – 08 കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ 9 ശതമാനമായിരുന്നു. 2008-09 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ 6.7 ശതമാനമായി കുറഞ്ഞു. എന്നാല്‍, 2009-10 ല്‍ വളര്‍ച്ചാനിരക്ക്‌ 8.6 ശതമാനത്തിലേക്കും 2010-11 ല്‍ 9.3 ശതമാനത്തിലേക്കും എത്തിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌ ഏറെ അഭിമാനത്തിന്‌ ഇട നല്‍കുന്നു. എന്നാല്‍, അത്‌ വീണ്ടും കുറയുന്ന പ്രവണത കാണിച്ചു തുടങ്ങി. (2011 – 12 ല്‍ 6.2 ശതമാനവും, 2012-13 ല്‍ 5 ശതമാനവും). ആഗോള സമ്പദ്വ്യവസ്ഥ 2008 ലെ ധനകാര്യ പ്രതിസന്ധിയില്‍ നിന്ന്‌ ഒരു പരിധിവരെ കരകയറിയിട്ടുണ്ട്‌ യൂറോപ്യന്‍ കട പ്രതിസന്ധിയും. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സങ്കോചം ഒരു പരിധിവരെ ഇന്ത്യയെയും ബാധിക്കുകയുണ്ടായിട്ടുണ്ട്‌. കൂടാതെ, ഉയര്‍ന്ന തലത്തിലുള്ള പണപ്പെരുപ്പവും കൂടിയ പലിശനിരക്കും ഇന്ത്യയുടെ വളര്‍ച്ച മുരടിക്കാനുള്ള കാരണങ്ങളാണ്‌.

എന്നാല്‍, ഇന്ന്‌ ഇന്ത്യ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിരിക്കുന്നു. 2015-16 ലെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ 7.6 ശതമാനമാണ്‌. ഇത്‌ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ്‌.

സാമ്പത്തികനയപരിഷ്ക്കാരങ്ങളും ദാരിദ്ര്യവും (Reforms and Poverty)

ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത്‌ സാമ്പത്തിക നയ പരിഷ്ക്കാരങ്ങള്‍ എത്രത്തോളം വിജയിച്ചു എന്നറിയാന്‍ പരിശോധിക്കേണ്ടത്‌ ദാരിദ്ര്യത്തിന്മേല്‍ അതെത്രത്തോളം ആഘാതമേല്‍പിച്ചു എന്നതാണ്‌. സാമ്പത്തിക നയപരിഷ്ക്കാരങ്ങളുടെ ഫലമായുണ്ടായ ഉയര്‍ന്ന തോതിലുള്ള സാമ്പത്തിക വളര്‍ച്ചമൂലം ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്‌.

ഇന്ത്യയില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നുണ്ടെന്നത്‌ തീര്‍ച്ചയാണ്‌. ദാരിദ്യയത്തില്‍ ഏറ്റവുമധികം കുറവുണ്ടായത്‌ 1993-1994 മുതല്‍ 1999-2000 വരെയുള്ള കാലഘട്ടത്തിലാണെന്നും കാണാം.

വിദേശ മൂലധനനിക്ഷേപം (Foreign Investment)

സാമ്പത്തിക നയ പരിഷ്ക്കരണ കാലഘട്ടത്തില്‍ ഇന്ത്യയിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വമ്പിച്ച വര്‍ധനയുണ്ടായതായി കാണാം. നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപവും (Foreign Direct Investment – FDI) പോര്‍ട്ട്‌ ഫോളിയോ വിദേശ മൂലധന നിക്ഷേപവും (Foreign Portfolio Investment – FPI) ഇക്കാലത്ത്‌ കുതിച്ചുകയറി. താഴെ ചേര്‍ക്കുന്ന പട്ടിക കാണുക.

Table 3.2
കൊല്ലം FDI (ദശലക്ഷം ഡോളര്‍) FPI (ദശലക്ഷം ഡോളര്‍) ആകെ (ദശലക്ഷം ഡോളര്‍)
1990 – 1991 97 6 103
1995 – 1996 2144 2748 4892
2000 – 2001 4029 2760 6789
2005 – 2006 7751 12492 20243
ഉറവിടം : റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഹാന്‍ഡ്‌ ബൂക്ക്‌.

ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധന നിക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. 2015 ല്‍ 55,560 മില്യണ്‍ ഡോളറാണ്‌ FDI ആയി ഇന്ത്യക്ക്‌ ലഭിച്ചത്‌. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ഏതൊരു രാജ്യത്തേക്കാളും കൂടുതലാണിത്‌.

വിദേശ നാണയ കരുതല്‍ ശേഖരം (Foreign Exchange Reserves)

ഇന്ത്യയുടെ വിദേശ നാണയ കരുതല് ശേഖരം 1991ല്‍ 600 കോടി ഡോളറായിരുന്നു വെങ്കില്‍ 2016 ജൂണ്‍ മാസത്തില്‍ അത്‌ 36,300 കോടി ഡോളറായി ഉയര്‍ന്നു. ഇന്ന്‌ ലോകത്തില്‍ ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ.

സാമ്പത്തിക വളര്‍ച്ചയും തൊഴിലും (Growth and Employment)

പരിഷ്‌കാരങ്ങള്‍ക്കനുസൃതമായി രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്‌ വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. മറ്റൊരര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക്‌ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വളര്‍ച്ച ഒരു പരാജയം തന്നെയായിരുന്നു. അതുകൊണ്ട്‌ നമ്മുടെ വളര്‍ച്ചയെ ജോലിരഹിത വളര്‍ച്ച (jobless growth) എന്ന്‌ വിളിക്കപ്പെടാറുണ്ട്‌.

കയറ്റുമതി (Export)

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആസ്പദമാക്കിയുള്ള സേവനങ്ങള്‍, എഞ്ചിനീയറിങ്‌ സാമഗ്രികള്‍, ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്ടുകള്‍. ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഓഷധങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയുന്ന രാജ്യമാണ്‌ ഇന്ത്യ. 1990-97 ല്‍ ഇന്ത്യയുടെ കയറ്റുമതിയുടെ മുല്യം 18.14 ബില്ല്യന്‍ ഡോളര്‍ മാത്രമായിരുന്നു. ജൂണ്‍ 2016 ല്‍ അത്‌ 22170 ബില്ല്യന്‍ ഡോളറായി.

സമ്പാദ്യവും നിക്ഷേപവും (Savings and Investment)

അടുത്ത കാലത്ത്‌ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ വര്‍ധിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ സമ്പാദ്യനിരക്കും നിക്ഷേപനിരക്കും വര്‍ധിച്ചതാണ്‌. സാമ്പത്തിക നയപരിഷ്ക്കരണത്തിന്റെ കാലഘട്ടത്തിലും, കഴിഞ്ഞ നാലഞ്ചു കൊല്ലത്തിനിടയില്‍ പ്രത്യേകിച്ചും ഇന്ത്യയുടെ സമ്പാദ്യനിരക്ക്‌ കുതിച്ചു കയറി. താഴെ ചേര്‍ക്കുന്ന പട്ടിക കാണുക.

Table 3.3
കൊല്ലം സമ്പാദ്യ നിരക്ക്
1990 – 1991 22.9
1995 – 96 23.6
2004 – 05 23.8
2007 – 2008 34.0
2012 – 2013 30.1
ഉറവിടം: Economic Survey

സാമ്പത്തികനയപരിഷ്ക്കാരങ്ങള്‍ ആരഭിച്ചതിനുശേഷം ഇന്ത്യയുടെ സമ്പാദ്യനിരക്ക്‌ 50 ശതമാനത്തിലേറെ വര്‍ധിച്ചതായി ഇതില്‍നിന്നു മനസ്സിലാക്കാം. ഇതൊരു മികച്ച പ്രകടനമാണ്. സമ്പാദ്യനിരക്ക്‌ വര്‍ദ്ധിച്ചതിന്റെ ഫലമായി നിക്ഷേപനിരക്ക്‌ 2012-13ല്‍ 30.1 ശതമാനമായി വര്‍ധിച്ചു. കൂടുതല്‍ നിക്ഷേപമെന്നാല്‍ കൂടുതല്‍ വളര്‍ച്ച എന്നാണര്‍ത്ഥം.

സാമ്പത്തിക നയപരിഷ്ക്കാരങ്ങളും കൃഷിയും (Reforms and Agriculture)

സാമ്പത്തികനയപരിഷ്ക്കാരങ്ങളും GDP യുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും കൃഷിക്ക്‌ ഒരു ഗുണവും ചെയ്തിട്ടില്ല. സാമ്പത്തികനയപരിഷ്ക്കരണ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക്‌ കഷ്ടിച്ചു മുന്നു ശതമാനം മാത്രമായിരുന്നു. കാര്‍ഷികരംഗത്ത്‌ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക്‌ കാരണം:

 • കാര്‍ഷികമേഖലയിലെ പൊതു മൂലധന നിക്ഷേപം കുറഞ്ഞു – പ്രത്യേകിച്ച്‌ ജലസേചനം, വൈദ്യുതി, ഗ്രാമീണ റോഡുകള്‍ എന്നിവയ്ക്കുള്ള നിക്ഷേപം.

 • കാര്‍ഷികോലല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതിനാല്‍ ഇറക്കുമതി വര്‍ധിച്ചു. ഇത്‌ കര്‍ഷകര്‍ക്ക്‌ ഹാനികരമായി.

 • കാര്‍ഷികനിവേശങ്ങളുടെ വില വര്‍ധിച്ചതിനാല്‍ കാര്‍ഷികോല്പാദനത്തിന്റെ ചെലവേറി. എന്നാല്‍ കാര്‍ഷികോല്പന്നങ്ങളുടെ വില വര്‍ധിച്ചില്ല.

 • ഭക്ഷ്യവിളകൃഷി ഉപേക്ഷിച്ച്‌ നാണ്യവിളകള്‍ കൃഷി ചെയ്യാനും ആഭ്യന്തര വിപണിക്കെന്നതിനേക്കാള്‍ വിദേശ വിപണിക്കായി ഉല്പാദനം നടത്താനും കൃഷിക്കാര്‍ മുതിര്‍ന്നു.

സാമ്പത്തികനയപരിഷ്ക്കാരങ്ങളും വ്യവസായവും (Reforms and Industry)

കുറഞ്ഞ വിലക്കുള്ള ഇറക്കുമതി, അടിസ്ഥാനസൗകര്യ തടസ്സങ്ങള്‍, നിക്ഷേപത്തിലെ കുറവ്‌ എന്നിവ മുലമുള്ള സാമ്പത്തിക പ്രതിസന്ധി വ്യവസായമേഖലയില്‍ മന്ദഗതിയുണ്ടാക്കി. വിലകുറവിലുള്ള ഇറക്കുമതി ആഭ്യന്തര ഉല്പന്നങ്ങള്‍ക്ക്‌ പകരം വെയ്ക്കാന്‍ ഇടയാക്കി.

1991-നു ശേഷം വ്യാവസായികമേഖലയുടെ പ്രവര്‍ത്തനം മതിപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍, വ്യവസായമേഖല ചാക്രിക ഏറ്റക്കുറച്ചിലുകള്‍ക്ക്‌ വിധേയമാണ്‌. 1995-1999 ല്‍ വ്യവസായരംഗത്ത്‌ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക്‌ കണ്ടിരുന്നുവെങ്കിലും 2000-2004 ല്‍ അത്‌ കുറഞ്ഞുവന്നു. എന്നാല്‍ 2004നുശേഷം വളര്‍ച്ചാനിരക്ക്‌ വീണ്ടും വര്‍ധിച്ചിട്ടുണ്ട്. 2004-2008 ല്‍ വ്യവസായരംഗത്തെ വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ 9 ശതമാനമായിരുന്നു.

ഉരുക്ക്‌, അലുമിനിയം, സിങ്ക്‌, പെട്രോളിയം ശുദ്ധീകരണം, രാസവസ്തുക്കള്‍, എഞ്ചിനീയറിങ്‌, ഓട്ടോപ്പാര്‍ട്സ്‌, ഔഷധങ്ങള്‍ തുടങ്ങിയ പല മേഖലകളിലും ഇന്ത്യയ്ക്ക്‌ മറ്റു രാജ്യങ്ങളോടു മത്സരിക്കാമെന്നായിട്ടുണ്ട് . അടുത്തകാലത്ത്‌ പല ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളെ ഏറ്റെടുക്കുകയുണ്ടായി. ഉദാഹരണത്തിന്‌, ടാറ്റാ സ്റ്റീല്‍, കോറസ്‌ കമ്പനി സ്വന്തമാക്കി; ടാറ്റാ മോട്ടോഴ്‌സ്‌, ഫോര്‍ഡിന്റെ ജാഗോര്‍ കാറും ലാന്‍ഡ്‌ റോവറും വാങ്ങി; ടാറ്റാ ടി, ടെറ്റ്‌ലി ടീ വാങ്ങി, ഹിന്‍ഡാല്‍കൊ, നൊവേലിസ്‌ വാങ്ങി.

നിക്ഷേപം ഒഴിവാക്കല്‍ (Disinvestment)

സര്‍ക്കാര്‍ എല്ലാ വര്‍ഷവും നിക്ഷേപം ഒഴിവാക്കലിന്‌ ഒരു ലക്ഷ്യം/ഉന്നം (target) വയ്ക്കുന്നുണ്ട്‌. 1991-92 ല്‍ ഈ ലക്ഷ്യം ഏകദേശം 2,500 കോടി രൂപക്കുള്ളതായിരുന്നു. എന്നാല്‍, ലക്ഷ്യൃമിട്ടതിനേക്കാളും 3,040 കോടി രൂപയോളം അധികം ഈ മാര്‍ഗത്തിലൂടെ സമാഹരിക്കാന്‍ ഗവണ്‍മെന്റിനു സാധിക്കുകയുണ്ടായി. 2016 -17- ല്‍ ഇത്‌ 56,500 കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ക്ക്‌ കുറഞ്ഞ വിലമതിക്കുകയും (under value) സ്വകാര്യ മേഖലയ്ക്ക്‌ വില്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന്‌ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. അതുവഴി ഗവണ്‍മെന്റിന്‌ ഭീമമായ നഷ്ടമാണുണ്ടായതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ സ്വരൂപിച്ച പണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനോ രാജ്യത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്നതിനു പകരം ഗവണ്‍മെന്റിന്റെ വരുമാനക്കമ്മി നികത്തുന്നതിനു വേണ്ടിയാണ്‌ വിനിയോഗിച്ചതെന്നും ആക്ഷേപമുണ്ട്‌.

സാമ്പത്തികുനയപരിഷ്ക്കാരങ്ങളും ഫിസ്ക്കല്‍ നയങ്ങളും (Reforms and Fiscal Policies)

നികുതി വെട്ടിപ്പ്‌ തടയാനും പൊതുവരുമാനം (Public revenue) വര്‍ധിപ്പിക്കാനുമായി ഗവണ്‍മെന്റ്‌ കുറഞ്ഞ നികുതിനയം അവതരിപ്പിച്ചു. എന്നാല്‍, അത്‌ ഉദ്ദേശിച്ച ഫലം കണ്ടില്ല. നികുതിയും GDP യും തമ്മിലുള്ള അനുപാതത്തില്‍ നിന്ന്‌ നികുതി പിരിവിന്റെ മികവ്‌ അളക്കാന്‍ കഴിയും. സാമ്പത്തികനയ പരിഷ്കരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അത്‌ കുറയുകയാണുണ്ടായത്‌. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ നിക്ഷേപകര്‍ക്ക്‌ നികുതി ആനുകൂല്യങ്ങള്‍ നല്‍കപ്പെടുകയുണ്ടായി. നികുതി വരുമാനം വര്‍ധിപ്പിക്കുക എന്നതിന്‌ അത്‌ വിലങ്ങുതടിയായി. വികസനക്ഷേമ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ചെലവഴിക്കലിനെ അത്‌ ദോഷകരമായി ബാധിക്കുകയും ചെയ്തു.

Table 3.4
വര്‍ഷം നികുതി – GDP അനുപാതം
1990 – 1991 5.79
2000 – 2001 5.7
2006 – 2007 7.26
2007 – 2008 7.6
2013 – 2014 7.6
ഉറവിടം; റിസര്‍വ്വ്‌ ബാങ്കിന്റെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്സ് ഹാന്‍ഡ്‌ ബുക്ക്‌ – എക്കണോമിക്‌ സർവ്വേ.

സമാപനം (Conclusion)

സാമ്പത്തികനയപരിഷ്ക്കരണം സമ്മിശ്ര ഫലമാണുളവാക്കിയതെന്ന്‌ നാം കണ്ടു. പല മേഖലകളിലും അഭിമാനാവഹമായ നേട്ടങ്ങള്‍ കൈവരിച്ചു. എന്നാല്‍, കോട്ടങ്ങളും ഇല്ലാതില്ല.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *