അദ്ധ്യായം 2
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ (1950 – 1990)

ആമുഖം
രണ്ടു നൂറ്റാണ്ടുകാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം ഇന്ത്യ 1947 ആഗസ്റ്റ് 15ന് ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും പ്രവേശിച്ചു. ചരിത്രത്തിലെ ആ മഹത്തായ മുഹൂര്‍ത്തം സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള മുഹൂര്‍ത്തം കൂടിയായിരുന്നു. രാഷ്ട്രീയമായി, ഇന്ത്യ പാര്‍ലിമെന്ററി ജനാധിപത്യം സ്വീകരിച്ചു. സാമ്പത്തികമായി, ഇന്ത്യ ഒരു മിശ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചു.
പലതരം സാമ്പത്തിക സംവിധാനങ്ങള്‍ (Types of Economic Systems)
- 1) മുതലാളിത്തം (Capitalism)
- 2) സോഷ്യലിസം (Socialism)
- 3) മിശ്രസമ്പദ്‌വ്യവസ്ഥ (Mixed Economy)
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ (Capitalist Economy)
- മുതലാളിത്തത്തില്‍ കീഴില്‍ അഥവാ കമ്പോള സമ്പദ്‌വ്യവസ്ഥയില്‍, വിപണിയാണ് കേന്ദ്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്.
- ചോദനം, പ്രദാനം എന്നീ കമ്പോള ശക്തികള്‍ വില എന്ന മെക്കാനിസത്തിലൂടെ കേന്ദ്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
- വിപണിയില്‍ ഏതിനെല്ലാമാണോ ചോദനമുള്ളത് ആ സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കപ്പെടും.
സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ (Socialist Economy)
- എന്തെല്ലാം സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കണമെന്നും എങ്ങനെ ഉല്പാദിപ്പിക്കണമെന്നും ഗവണ്‍മെന്റ് തീരുമാനിക്കും.
- സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനരീതിയും വിതരണവും ഗവണ്‍മെന്റ് തന്നെ നിര്‍വ്വഹിക്കുന്നു.
- എല്ലാ ഉല്പാദനോപാധികളും അതിന്റെ ഉപയോഗാധികാരവും ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരിക്കും.
- ഇവിടെ പൊതുമേഖല മാത്രമേ നിലവിലുള്ളൂ.
മിശ്രസമ്പദ്‌വ്യവസ്ഥ (Mixed Economy)
- മിശ്ര സമ്പദ്‌വ്യവസ്ഥ എന്നു പറയുന്നത് മൂതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും ഒരു സങ്കരമാണ്.
- മുതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും നല്ല വശങ്ങള്‍ സ്വീകരിക്കുകയും രണ്ടിന്റേയും ദോഷവശങ്ങള്‍ നിരാകരിക്കുകയുമാണിതില്‍ ചെയ്യുന്നത്.
- പൊതുമേഖലയും സ്വകാര്യമേഖലയും സഹവര്‍ത്തനം നടത്തുന്നു.
- ജനങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങളും സേവനങ്ങളും ഗവണ്‍മെന്റ് പ്രദാനം ചെയ്യും.
- കമ്പോളത്തില്‍നിന്ന് വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കാവശ്യമുള്ളവയുടെ കാര്യം ഗവണ്‍മെന്റ് ശ്രദ്ധിക്കും.
രണ്ടാം ലോകമഹായുദ്ധാനന്തരം സോഷ്യലിസത്തിന് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിരുന്നു. അതിനാല്‍ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ നേതാക്കളില്‍ മിക്കവര്‍ക്കും സോഷ്യലിസ്റ്റ് പക്ഷപാതമുണ്ടായിരുന്നു. അതേ സമയം മുതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും ദോഷവശങ്ങളെ ഒഴിവാക്കാനും അവര്‍ താല്പര്യം കാണിച്ചു. ഇതാണ് ജവാഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കളെ മിശ്രസമ്പദ് വ്യവസ്ഥ എന്ന രീതി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഇന്ത്യാഗവണ്‍മെന്റ് താഴെ പറയുന്ന തീരുമാനങ്ങളെടുത്തു-
- സമ്പദ്‌വ്യവസ്ഥയില്‍ പൊതുമേഖല മേധാവിത്വപരവും നേതൃത്വപരവുമായ ഒരു പങ്കു വഹിക്കും.
- സ്വകാര്യമേഖലയ്ക്ക് സജീവമായൊരു പങ്കുണ്ടാകും; പക്ഷെ, അത് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും.
- സമഗ്രമായി ആസുത്രണം ചെയ്തതായിരിക്കും സമ്പദ്‌വ്യവസ്ഥ.
ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളും (Diorective Principles) 1948 ലെ വ്യവസായ വികസന നിയന്ത്രണനിയമവും ഗവണ്‍മെന്റിന്റെ മിശ്രസമ്പദ് വ്യവസ്ഥാ നയത്തെ പ്രതിഫലിപ്പിക്കുന്നു. 1950-ല്‍ പ്രധാനമന്ത്രി ചെയര്‍മാനായുള്ള പ്ലാനിങ് കമ്മീഷന്‍ നിയമിതമായി.
ആസുത്രണം (Planning)
ഒരു നിശ്ചിത കാലയളവിനുള്ളിൽ, ചില ലക്ഷ്യങ്ങള്‍ നേടാവുന്ന വിധത്തില്‍, മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ വിഭവങ്ങള്‍ പടങ്കിട്ടുനല്‍കുന്ന പ്രക്രിയയ്ക്കാണ് ആസൂത്രണം എന്നു പറയുന്നത്.
ആസൂത്രണത്തിന്റെ സവിശേഷതകള്‍ ബോധപൂര്‍വ്വം നടപ്പാക്കുന്ന ഒരു പ്രക്രിയ
-
മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍
-
ചില ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി
-
പരിമിത വിഭവങ്ങളെ ശരിയായ രീതിയിലും കാര്യക്ഷമമായ രീതിയിലും ഉപയോഗിക്കല്‍
-
സമയബന്ധിതമായിരിക്കും
പ്രശാന്ത ചന്ദ്ര മഹാലനോബിസ്
ഇന്ത്യന്‍ പ്ലാനിങ്ങിന്റെ ശില്പി
പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങള്‍ (Goals of Five Year Plan) ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികള്‍ക്കു പൊതുവായ, വ്യക്തമായ, സുനിശ്ചിതമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവയാണ് –
- 1) സാമ്പത്തിക വളര്‍ച്ച.
- 2) ആധുനികീകരണം.
- 3) സ്വാശ്രയത്വം.
- 4) നീതി.
1) സാമ്പത്തിക വളര്‍ച്ച (Economic Growth)
ഒരു സമ്പദ്‌വ്യവസ്ഥ വളരുമ്പോള്‍, അവിടത്തെ കൃഷിയും വ്യവസായവും സേവനങ്ങളും വളരുന്നു. ഈ മേഖലകളുടേയും പ്രവര്‍ത്തനങ്ങളുടേയും വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (Gross Domestic Product – GDP) വളര്‍ച്ചയില്‍ പ്രതിഫലിച്ചുകാണാം. ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രദേശത്ത് ഒരു കൊല്ലം ഉല്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും പണമുല്യത്തിനാണ് (GDP) എന്നു പറയുന്നത്. GDP യുടെ വളര്‍ച്ചയുടെ നിരക്കാണ് സാമ്പത്തിക വളര്‍ച്ച. കേന്ദ്ര സ്ഥിതിവിവര സംഘടനയുടെ (CSO) കണക്കനുസരിച്ച് ഇന്ത്യയുടെ 2015 – 16 ലെ വളര്‍ച്ചാനിരക്ക് 7.6 ശതമാനമായിരുന്നു. ഇന്ത്യയുടെ GDP, 2015 – 16 -ല്‍ 7.6 ശതമാനം കണ്ട് വളര്‍ന്നു എന്നര്‍ത്ഥം.
ആഭ്യന്തര ഉല്പന്നം (GDP)
ഹിന്ദു വളര്‍ച്ചാനിരക്ക് (Hindu Rate of Growth)
Table 2.1 ഇന്ത്യയുടെ GDP യില്‍ വിവിധ മേഖലകളുടെ സംഭാവന | ||||||
---|---|---|---|---|---|---|
മേഖല | GDP യിലേക്കുള്ള സംഭാവന (ശതമാന കണക്കില്‍) | |||||
1950 – 51 | 1970 – 71 | 1990 – 91 | 2010 – 11 | 2014 – 15 | ||
പ്രാഥമിക മേഖല (കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും) |
59.26 | 48.23 | 34.52 | 14.5 | 16.1 | |
ദ്വിതീയമേഖല (വ്യവസായങ്ങള്‍) |
13.29 | 19.91 | 24.49 | 22.9 | 23.3 | |
തൃതീയമേഖല (സേവനമേഖല, നിര്‍മ്മാണപ്രവര്‍ത്തനം ഉള്‍പ്പെടെ) |
28.03 | 32.18 | 40.58 | 62.6 | 60.6 |
സേവന മേഖല (Service Sector)
ഏതൊരു രാജ്യം വളര്‍ന്നു വികസിതമാകുമ്പോഴും, അവിടെ ഘടനാപരമായ മാറ്റം സംഭവിക്കുന്നുണ്ട്. വികസനം സംഭവിക്കുമ്പോള്‍ GDP യിലേക്കുള്ള കാര്‍ഷികമേഖലയുടെ വിഹിതം കുറയുകയും വ്യവസായ മേഖലയ്ക്ക് പ്രാമുഖ്യം കൈവരികയുമാണുണ്ടാകുന്നത്. വികസനത്തിന്റെ പാരമ്യത്തില്‍ GDP യിലേകുള്ള സേവനമേഖലയുടെ പങ്ക്, മറ്റു രണ്ടു മേഖലകളേക്കാള്‍ വളരെ കൂടിയതായിരിക്കും. 1951-ല്‍ ഇന്ത്യയില്‍ കാര്‍ഷികമേഖലയുടെ വിഹിതം 59 ശതമാനത്തോമുമായിരുന്നു; സേവനമേഖലയുടേത് 28 ശതമാനത്തോളവും. എന്നാല്‍, 1990-01 കാലഘട്ടത്തില്‍ സേവനമേഖലയുടെ വിഹിതം 40.58 ശതമാനമായി ഉയര്‍ന്നു. 2014-15 ല്‍ ഇത് 60.6 ശതമാനമാണ്.
Table 2.2 GDP യുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക് | |
---|---|
കാലഘട്ടം | GDP വളര്‍ച്ചാനിരക്ക് (വാര്‍ഷിക ശരാശരി) |
1900 – 1950 | ഏതാണ്ട് 2 ശതമാനം |
1950 – 51 to 1959 – 60 | 3.59 |
1960 – 61 to 1969 – 70 | 3.95 |
1970 – 71 to 1979 – 80 | 2.94 |
1980 – 81 to 1989 – 90 | 5.79 |
1990 – 91 to 1999 – 2000 | 5.80 |
2000 – 01 to 2009 – 10 | 7.26 |
2015 – 16 | 7.6 |
2) നവീകരണം / ആധുനികീകരണം (Modernisation)
നവീകരണമെന്നാല്‍, ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുക എന്നാണര്‍ത്ഥം. കൃഷിത്തോട്ടങ്ങളിലും ഫാക്ടറികളിലും സേവനരംഗത്തും നവീകരണം നടപ്പാക്കുമ്പോള്‍ ഉല്പാദനക്ഷമത ഉയരുന്നു. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളെല്ലാംതന്നെ സമ്പദ്‌വ്യവസ്ഥയുടെ നവീകരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു.3) സ്വാശ്രയത്വം (Selfreliance)
അന്യരെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് സ്വാശ്രയത്വം ഒരു രാജ്യത്തെ സംബന്ധിച്ചാകുമ്പോള്‍ സ്വാശ്രയത്വമെന്നതിന് സ്വന്തം വിഭവസമ്പത്തിനെ ആശ്രയിച്ച് വികസനം സാധിക്കുക എന്ന അര്‍ത്ഥം വരും, ആദ്യത്തെ ഏഴു പഞ്ചവത്സര പദ്ധതികളുടെ കാലത്ത് ഇന്ത്യ വിദേശീയ സാങ്കേതികവിദ്യകള്‍, വിദേശമൂലധനം തുടങ്ങിയ വിദേശവിഭവങ്ങളെ ആശ്രയിക്കുകയുണ്ടായില്ല. ഇറക്കുമതി ചെയ്യേണ്ട വസ്തുക്കള്‍ക്ക് ബദല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്ന ഒരു നയം ഇന്ത്യ സ്വീകരിച്ചു. കൊളോണിയലിസത്തിനെതിരായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നു ഈ സ്വാശ്രയത്വനയം. ബ്രിട്ടിഷ് വ്യാപാരികളുടെ ഈസ്റ്റിന്ത്യാ കമ്പനിയാണ് ഇന്ത്യയെ രാഷ്ട്രീയമായ അടിമത്തത്തിലെത്തിച്ചതെന്നതിനാല്‍ വിദേശസഹായത്തേയും വിദേശ വിഭവങ്ങളേയും ആശ്രയിക്കാന്‍ ഇന്ത്യയ്ക്ക് മടിയായിരുന്നു.
4) നീതി (Equity)
അസമത്വം ഇല്ലാതാക്കലാണ് നീതി. നീതി യുടെ അഭാവത്തില്‍ വളര്‍ച്ച, നവീകരണം, സ്വാശ്രയത്വം എന്നിവയെല്ലാം നിരര്‍ത്ഥകമായിത്തീരും. ഒരു രാജ്യത്തിലെ സമ്പദ്‌വ്യവസ്ഥ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയെന്നുവരാം; ആധുനികവല്‍ക്കരണം നടപ്പാക്കിയെന്നുവരാം; സ്വാശ്രയത്വം കൈവരിച്ചുവെന്നും വരാം. ഇതൊക്കെയായാലും അവിടത്തെ ജനസംഖ്യയില്‍ വലിയൊരു ഭാഗം ദാരിദ്ര്യത്തില്‍ ആണെങ്കില്‍ അതിനെ അനീതി എന്നു പറയുന്നു. വളര്‍ച്ചയുടെ നേട്ടങ്ങള്‍ ദരിദ്ര ജനങ്ങള്‍ക്കും ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പ്രാഥമിക വിദ്യാഭ്യാസം, ചികിത്സാ സൗകര്യം എന്നിവ ഓരോ പൗരനും ലഭ്യമാക്കേണ്ടതുണ്ട്. ഈ നീതി കൈവരുത്തലാണ് ഇന്ത്യയിലെ ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉളവാക്കിയ ഫലങ്ങള്‍ (Impact of five year plans on Indian Economy) ഈ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നമ്മുടെ ആദ്യത്തെ ഏഴു പഞ്ചവത്സരപദ്ധതികള്‍ (1951 – 1990) എത്രത്തോളം വിജയിച്ചുവെന്ന് പരിശോധിക്കാം. അതിന് കൃഷി, വ്യവസായം, വ്യാപാരം എന്നീ മേഖലകളെ ആധാരമാക്കാം.
കൃഷി (Agriculture)
കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ കാര്‍ഷികരംഗത്തിന് കോട്ടം തട്ടിയിരുന്നു. ജമീന്ദാരി സമ്പ്രദായം ഭൂവുടമസ്ഥതയില്‍ അനീതി വളര്‍ത്തി. ജമീന്ദാര്‍മാര്‍ ഭൂവുടമകളായി മാറി. അതുകൊണ്ടുതന്നെ അവര്‍ക്ക് കൃഷിയിലുള്ള താല്പര്യവും നഷ്ടപ്പെട്ടു. മുലധനമിറക്കി ഉല്പാദനക്ഷമത കൂട്ടാന്‍ അവര്‍ താല്‍പര്യം കാണിക്കാറില്ല. അങ്ങനെ ബ്രിട്ടീഷ് നയം അനീതി വളര്‍ത്തുകയും കാര്‍ഷിക ഉല്‍പാദനക്ഷമത കുറയ്ക്കുകയും ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഗവണ്‍മെന്റ് ഈ പ്രശ്നപരിഹാരത്തിനുവേണ്ട നയങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ തുടങ്ങി.
- ഭൂനയ പരിഷ്ക്കാരം
- ഹരിതവിപ്ലവം.
ഭൂപരിഷ്ക്കാരങ്ങള്‍ (Land Reforms)
ഭൂവിതരണത്തില്‍ നീതി എന്നതായിരുന്നു ഭൂനയ പരിഷ്ക്കാരത്തിന്റെ പ്രധാന ലക്ഷ്യം. കൃഷി ഭൂമി കൃഷിക്കാരന് എന്നതായിരുന്നു ഭൂനയ പരിഷ്ക്കാരത്തിന്റെ മുദ്രാവാക്യം. കൃഷിക്കാരനെ ഭൂവുടമയാക്കിയാല്‍ അയാള്‍ ഭൂമിയില്‍ മൂലധന നിക്ഷേപം നടത്തി ഉല്പാദനം വര്‍ധിപ്പിക്കും.
ഭൂപരിഷ്കാരത്തിലെ നയപരമായ പരിഷ്കാരങ്ങള്‍
-
ജമീന്ദാര്‍മാരെപ്പോലെയുള്ള ഇടനിലക്കാരെ ഒഴിവാക്കുക.
-
മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി നല്‍കുക.
-
കൈവശം വയ്ക്കാവുന്ന കൃഷിഭൂമിക്ക് പരിധിനിശ്ചയിക്കുകയും പരിധിവിട്ടുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്യുക.
-
മിച്ചഭൂമികള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക.
ഹരിതവിപ്ലവം (The Green Revolution)
സ്വാതന്ത്ര്യം നേടുന്ന അവസരത്തില്‍ ഇന്ത്യയുടേത് ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയായിരുന്നു. ജനങ്ങളില്‍ 75 ശതമാനവും ഉപജീവനത്തിന് കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. പഴഞ്ചന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളാണ് നിലവിലുണ്ടായിരുന്നത്. തന്മൂലം കാര്‍ഷിക ഉല്പാദനക്ഷമത വളരെ താഴ്ന്നതായിരുന്നു. ജലസേചന സൗകര്യം വിരളമായിരുന്നതിനാല്‍, കൃഷി എന്നത് കാലവര്‍ഷത്തെ ആസ്പദമാക്കിയുള്ള ഒരു ഭാഗ്യക്കുറിയായിരുന്നു. അമേരിക്കപോലുള്ള രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷ്യ ധാന്യ ഇറക്കുമതിയെയും ഭക്ഷ്യസഹായത്തെയും ആശ്രയിച്ചാണ് ഇന്ത്യ കഴിഞ്ഞിരുന്നത്.
ഡോ. എം. എ. സ്വാമിനാഥന്‍
ഹരിത വിപ്ലവത്തിന്റെ പിതാവ്
ഹരിതവിപ്ലവത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്:
-
അത്യൂല്പാദനശേഷിയുള്ള വിത്തുകള്‍ (HYV).
-
രാസവളങ്ങളും രാസകീടനാശിനികളും.
-
ജലസേചനം.
-
ട്രാക്ടര്‍, പമ്പ്‌സെറ്റ് തുടങ്ങിയ ആധുനികോപകരണങ്ങള്‍.
-
കാര്‍ഷിക ഉല്പന്നങ്ങള്‍ക്കുള്ള വിപണന സൗകര്യം.
-
കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യം.
ഇന്ത്യയുടെ ഭക്ഷ്യോല്പാദനത്തിന്റെ ഗതി (Trends in India’s food grain production) ഹരിതവിപ്ലവം ഇന്ത്യയിലെ ഭക്ഷ്യോല്പാദനത്തില്‍ ഗണ്യമായ വര്‍ധനവ് വരുത്തുകയുണ്ടായി. താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക.
Table 2.3 | |
---|---|
വർഷം | ഭക്ഷ്യോല്‍പാദനം (മില്ല്യന്‍ ടണ്ണില്‍) |
1950 – 51 | 50.8 |
1960 – 61 | 82 |
1970 – 71 | 108.4 |
1980 – 81 | 129.6 |
1990 – 91 | 176.4 |
2000 – 01 | 196.8 |
2010 – 11 | 244.5 |
2013 – 14 | 264.8 |
2014 – 15 | 252.68 |
ഹരിത വിപ്ലവം ഇന്ത്യക്ക്പുറത്ത് – Brief history
ഹരിതവിപ്ലവത്തിന്റെ സദ്ഫലങ്ങള്‍ (Benefits of Green Revolution):
- ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായി.
- വിപണിയില്‍ വിറ്റഴിക്കാന്‍ കൂടുതല്‍ മിച്ചം (മിച്ചമെന്നത്, കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റിയശേഷം വിപണിയില്‍ വില്പനക്കായി ലഭിക്കുന്നത്).
- ഇറക്കുമതിയിലും ഭക്ഷ്യസഹായത്തിലുമുള്ള ആശ്രയത്വം കുറഞ്ഞു.
- ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞത് ദരിദ്ര ജനവിഭാഗത്തിന് അനുഗ്രഹമായി. ഭക്ഷ്യക്ഷാമം സംജാതമായാല്‍ എടുത്തുപയോഗിക്കാന്‍ ധാന്യങ്ങളുടെ ഒരു കരുതല്‍ സ്റ്റോക്ക് ഉണ്ടാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു.
- പൊതുവിതരണ സംവിധാനത്തിലൂടെ (Public Distribution System – PDS) ദരിദ്രര്‍ക്ക് കുറഞ്ഞ വിലയ്ക്കു ധാന്യവിതരണം നടത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു.
ഹരിതവിപ്ലവത്തിന്റെ ദോഷവശങ്ങള്‍ (Deficiencies):
- ധനിക കര്‍ഷകര്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കുമിടയിലുള്ള വിടവ് വര്‍ധിപ്പിച്ചു. ധനിക കര്‍ഷകര്‍ക്കാണ് ഹരിതവിപ്ലവം കൊണ്ട് കൂടുതല്‍ നേട്ടമുണ്ടായത്.
- അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളില്‍ കീടബാധ വര്‍ധിച്ചു.
- രാസവളങ്ങളുടേയും രാസകീടനാശിനികളുടേയും ഉയര്‍ന്ന ഉപയോഗം മണ്ണിനെ വിഷമയമാക്കി.
- ഒന്നാം ഘട്ടത്തില്‍ ഹരിതവിപ്ലവം ഏറെക്കുറെ ഗോതമ്പുവിപ്ലവമായി മാറിയിരുന്നു.
- യന്ത്രസാമഗ്രികളുടെ ഉയര്‍ന്ന ഉപയോഗം തൊഴിലില്ലായ്മക്ക് കാരണമായി.
സബ്സിഡി വിവാദം (The Debate over Subsidy) ആധുനിക കൃഷിരീതിയെ ആധാരമാക്കിയതാണ് പുതിയ കാര്‍ഷിക തന്ത്രം. അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ജലസേചനം എന്നിവ ഉള്‍പ്പെട്ടതാണത്. ഇത് പരമ്പരാഗത കൃഷിരീതിയേക്കാള്‍ ചെലവേറിയതാണ്. അതുകൊണ്ട്. പുതിയ കൃഷി രീതികള്‍ അവലംബിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അത്യുല്പാദനശേഷിയുള്ള വിത്തുകള്‍, രാസവളങ്ങള്‍, പമ്പ് സെറ്റിനുവേണ്ട വൈദ്യുതി എന്നിവ സബ്സിഡി നിരക്കിലാണ് നല്‍കിയത്. ചുരുക്കത്തില്‍ കാര്‍ഷികാവശ്യത്തിനു നല്‍കുന്ന സബ്‌സിഡി ഭാരം വര്‍ധിച്ചു വന്നു.
ഇത് ഉന്നയിക്കുന്ന ചോദ്യം ഇതാണ്. ഈ സബ്സിഡി ന്യായീകരിക്കാവുന്ന ഒന്നാണോ?പിന്തുണയ്ക്കുന്ന വാദഗതികള്‍ (Supporting Arguments):
- 1) സബ്സിഡി കൂടുതല്‍ ആളുകളെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കും.
- 2) പുതിയ കാര്‍ഷിക രീതികള്‍ പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സബ്സിഡി അനിവാര്യമാണ്.
- 3) കൃഷി ലാഭകരമല്ലാത്ത ഒരു ബിസിനസ്സായ ഇന്ത്യയെപ്പോലൊരു രാജ്യത്ത് സബ്സിഡി ഒരു അനിവാര്യ ഘടകമാണ്.
- 4) ആധുനിക കാര്‍ഷിക. നിവേശങ്ങള്‍ (Inputs) വാങ്ങിക്കുന്നതിന് പാവപ്പെട്ട കര്‍ഷകര്‍ക്ക് സഹായകമാകും.
- 5) പാവപ്പെട്ട കര്‍ഷകരും ധനികരും തമ്മിലുള്ള അന്തരം കുറയ്ക്കാനിടയാക്കുന്നു.
- 6) മോശം കാലാവസ്ഥ, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ മൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.
- 7) കൃഷി വ്യാപിപ്പിച്ച് കാര്‍ഷികോല്‍പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സബ്സിഡി സഹായകമാണ്.
എതിരായ വാദമുഖങ്ങള്‍ (Arguments Against):
- 1) സബ്സിഡിയെല്ലാം പോക്കറ്റിലാക്കിയത് സമ്പന്ന കര്‍ഷകരായിരിക്കും.
- 2) രാസവളത്തിനു നല്‍കുന്ന സബ്‌സിഡിയില്‍ വലിയൊരു ഭാഗം രാസവള നിര്‍മ്മാതാക്കള്‍ക്കാണ് ലഭിക്കുന്നത്.
- 3) പൂതിയ സാങ്കേതികവിദ്യ മൂലം കൃഷി ആദായകരമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ സബ്സിഡികള്‍ കൊടുക്കേണ്ടതില്ല.
- 4) സബ്സിഡി മൂലം സര്‍ക്കാരിന് വരുന്ന ഭീമമായ നഷ്ടം, പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ചെലവാക്കേണ്ടിയിരുന്നത്.
- 5) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് കിട്ടത്തക്കവണ്ണം ശരിയായ രീതിയില്‍ സബ്സിഡി അനുവദിക്കുന്നതില്‍ വീഴ്ച.
- 6) കൃഷി ലാഭകരമല്ലെന്നിരിക്കെ, തുടര്‍ന്നും ഈ മേഖലയ്ക്ക് സബ്സിഡി അനുവദിക്കുന്നത് ശരിയല്ല.
- 7) കുറഞ്ഞ വിലയ്ക്ക് കാര്‍ഷികാവശ്യത്തിനുള്ള നിവേശങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്നതിന്റെ യഥാര്‍ത്ഥ മൂല്യം പലപ്പോഴും കര്‍ഷകര്‍ പരിഗണിക്കാത്തതുകൊണ്ട് വിഭവങ്ങള്‍ പാഴായിപ്പോകുന്നു.
വ്യവസായവും വ്യാപാരവും (Industry and Trade) സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സ്ഥിരമായി ജോലി സൃഷ്ടിക്കുന്നതിനും വ്യവസായവല്‍ക്കരണം കൂടിയേ തീരു. നയരൂപീകരണത്തിലും ആസൂത്രണത്തിലും വ്യവസായവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കിയതിന്റെ കാരണവും അതാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പുതന്നെ കോട്ടണ്‍ വ്യവസായവും ചണവ്യവസായവും ഉരുക്കു വ്യവസായവും വികസിച്ചുകഴിഞ്ഞിരുന്നു. ജാംഷഡ്‌പൂരിലും കൊല്‍ക്കത്തയിലും രണ്ടു പ്രധാനപ്പെട്ട ഇരുമ്പ്- ഉരുക്ക് വ്യവസായങ്ങള്‍ അക്കാലത്ത് സ്ഥാപിതമായിരുന്നു. പക്ഷെ, ത്വരിതമായ വളര്‍ച്ചയ്ക്കും വികസനത്തിനും വൃവസായവല്‍ക്കരണത്തിന്റെ വേഗം കൂട്ടേണ്ടിയിരുന്നു.ഇന്ത്യന്‍ വ്യവസായവികസനത്തില്‍ സ്വകാര്യ – പൊതുമേഖലകള്‍ വഹിച്ച പങ്ക് (Public and Private sectors in Indian industrial Development) വ്യവസായവല്‍ക്കരണത്തില്‍ ഗവണ്‍മെന്റിനുള്ള പങ്ക് എന്തായിരിക്കണം? അതുപോലെ അതില്‍ കമ്പോളത്തിനുള്ള പങ്ക് എന്തായിരിക്കണം? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കുമുള്ള പങ്ക് എന്തായിരിക്കണം? ഇത് പ്രത്യയശാസ്ത്രപരമായ ഒരു പ്രശ്നമാണ്; നയപരമായ പ്രശ്നമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിന് മുന്നിട്ടു പ്രവര്‍ത്തിക്കുന്നത് ഗവണ്‍മെന്റാണ്. നേരെമറിച്ച് മുതലാളിത്ത രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിന് മൂന്നിട്ടുനില്‍ക്കുന്നത് കമ്പോളമാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള വ്യവസായവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയത് ഗവണ്‍മെന്റാണ്. അതിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ടായിരുന്നു-
- സോഷ്യലിസ്റ്റ് രൂപത്തിലുള്ള ഒരു സമൂഹം നാം ലക്ഷ്യമായി സ്വീകരിച്ചിരുന്നു. അതു കൊണ്ടുതന്നെ നമ്മുടെ സാമ്പത്തികനയങ്ങള്‍ക്കു വ്യക്തമായൊരു സോഷ്യലിസ്റ്റ് ചായ്‌വുണ്ടായിരുന്നു.
- സ്വാതന്ത്ര്യം നേടിയ അവസരത്തില്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സ്വകാര്യമേഖലയ്ക്ക് ഭീമമായ മൂലധനനിക്ഷേപത്തിനാവശ്യമായ ശേഷിയുണ്ടായിരുന്നില്ല.
- രാജ്യം അതിദരിദ്രമായിരുന്നതിനാല്‍, വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിനുവേണ്ടത്ര വലിയൊരു കമ്പോളം നമുക്കുണ്ടായിരുന്നില്ല.
ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയത് പൊതുമേഖലയാണെങ്കിലും സ്വകാര്യമേഖലയ്ക്കും വലിയൊരു പങ്ക് അനുവദിച്ചുകൊടുത്തിരുന്നു. ഗവണ്‍മെന്റ് അംഗീകരിച്ച വൃവസായനയത്തില്‍ ഗവണ്‍മെന്റിനും കമ്പോളത്തിനുമുള്ള പങ്ക് വ്യക്തമാക്കിയിരുന്നു.
വ്യവസായ നയപ്രമേയം – 1956 (Industrial Policy Resolution) സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യ വ്യവസായവല്‍ക്കരണ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്നത് “ഉന്നത മേധാവിത്വ തത്വം” (Commanding heights Principle) എന്ന നയമായിരുന്നു. ഈ നയമനുസരിച്ച്, സമ്പദ്‌വ്യവസ്ഥയിലെ ഉന്നതമണ്ഡലങ്ങള്‍ ഗവണ്‍മെന്റ് സ്ഥാപിച്ചുനടത്തും. അതായത്, ഇരുമ്പ്, ഉരുക്ക്, മൂലധനവസ്തുക്കള്‍ എന്നിവ പോലുള്ള അടിസ്ഥാനപരവും മര്‍മ്മപ്രധാനവുമായ വ്യവസായങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിച്ചുനടത്തും. ഇന്ത്യയുടെ രണ്ടാം പഞ്ചവല്‍സരപദ്ധതി ഈ ഉന്നത മേധാവിത്വ തത്വം അനുസരിച്ചുള്ളതായിരുന്നു.
1956 ലെ വ്യവസായ നയപ്രമേയം വ്യവസായങ്ങളെ മൂന്നായി തരംതിരിച്ചു –- പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍.
- സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും ഒരുപോലെ നടത്താവുന്ന വ്യവസായങ്ങള്‍. ഇതില്‍ സ്വകാര്യമേഖലയ്ക്ക് ഒരു പൂരക സ്ഥാനമേ ഉണ്ടാകൂ. പുതുതായി സ്ഥാപിക്കുന്ന യൂണിറ്റുകളെല്ലാം പൊതുമേഖലയിലായിരിക്കും.
- ബാക്കിയുള്ള വ്യവസായങ്ങളെല്ലാം തികച്ചും സ്വകാര്യമേഖലയ്ക്കായി വിട്ടു. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിയന്ത്രണത്തിന് വിധേയമായിരിക്കും.
ചെറുകിട വ്യവസായങ്ങള്‍ (Small Scale Industries) ഗവണ്‍മെന്റ് ഗ്രാമവ്യവസായങ്ങളെക്കുറിച്ചും ചെറുകിട വ്യവസായങ്ങളെക്കുറിച്ചും അന്വേഷിക്കാനായി 1955-ല്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു (കാര്‍വെ കമ്മിറ്റി). തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനുമായി ചെറുകിട വ്യവസായങ്ങളെ വളര്‍ത്തണമെന്ന് ഈ കമ്മിറ്റി (Village Small Scale Industies Committee 1955) ) ശുപാര്‍ശ ചെയ്തു. ഒരു സ്ഥാപനത്തിലെ (unit) സ്വത്തുക്കളിലുള്ളു നിക്ഷേപം പരമാവധി എത്രവരെയാകാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെറുകിട വ്യവസായ സ്ഥാപനത്തിന് നിര്‍വചനം നല്‍കിയിട്ടുള്ളത്. നേരത്തെ പരമാവധിയെന്നത് 5 ലക്ഷം രൂപ ആയിരുന്നപ്പോള്‍ ഇന്ന് അത് ഒരു കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുകയും, അവ നടപ്പാക്കുന്നതിന്റെ ഭാഗമായി, പല സാധനങ്ങളുടേയും ഉല്പാദനം ചെറുകിട മേഖലയ്ക്കായി സംവരണം ചെയ്യുകയും ചെയ്തു. അതിനു പുറമെ നികുതിയൊഴിവി്, കുറഞ്ഞ നികുതി, കുറഞ്ഞ പലിശനിരക്കില്‍ വായ്പ, ഗവണ്‍മെന്റ് പര്‍ച്ചേസില്‍ മുന്‍ഗണന തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളും ചെറുകിട മേഖലയ്ക്ക് നല്‍കുകയുണ്ടായി.ചെറുകിട വ്യവസായങ്ങളുടെ പ്രസക്തി (Significance of Small Scale Industry): ചെറുകിട വ്യവസായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ഇനി പരിശോധിക്കാം.
- 1) ചെറിയ തോതിലുള്ള മൂലധനംകൊണ്ട് ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാം.
- 2) മിക്ക ചെറുകിട വ്യവസായ സംരംഭങ്ങളും തൊഴിലാളി കേന്രീകൃതമാകയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
- 3) ചെറുകിട വ്യവസായ സംരംഭങ്ങളില്‍ മിക്കവയും അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളാണ്. അതിനാല്‍ അസംസ്കൃത വസ്തുക്കള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ടതില്ല.
- 4) ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഗ്രാമ പ്രദേശങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും സഹായിക്കുന്നു.
- 5) ചെറുകിട വ്യവസായ സംരംഭങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരമാകാതെ പരിസ്ഥിതി സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നു.
- 6) മിക്ക ചെറുകിട സംരംഭങ്ങളും അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത് കാര്‍ഷികോല്പന്നങ്ങള്‍ തന്നെയായിരിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിന് ഇത് സഹായകരമാണ്.
ചെറുകിട വ്യവസായങ്ങളുടെ ദോഷവശങ്ങള്‍ (Drawbacks of Small-scale Industries):
- 1) ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സബ്സിഡികളും നികുതിയിളവുകളും വന്‍ സാമ്പത്തിക ബാധ്യതകള്‍ ഗവണ്‍മെന്റിന് വരുത്തിവയ്ക്കുന്നു.
- 2) ചെറുകിട വ്യവസായ സംരംഭങ്ങളെ അമിതമായി സംരക്ഷിക്കുന്നത് വന്‍കിട വ്യവസായ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
- 3) മിക്ക ചെറുകിട വ്യവസായ സംരംഭങ്ങളും ആരംഭിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലായതിനാല്‍ വൈദ്യുതിയുടെ അഭാവം ഉണ്ടാകുന്നു.
- 4) ഉല്പാദിപ്പിച്ച സാധനങ്ങള്‍ ശരിയായ രീതിയില്‍ വിറ്റഴിക്കുന്നതിനുള്ള വിപണിയുടെ അഭാവം അനുഭവപ്പെടുന്നു.
- 5) അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വായ്പാ സൗകര്യങ്ങളുടെ കുറവ് എന്നിവ മറ്റു ദോഷവശങ്ങളാണ്.
വ്യാപാരനയം – ഇറക്കുമതിക്ക് ബദല്‍ (Trade Policy – Import substitution) ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കള്‍ക്കു പകരം ഇന്ത്യയില്‍ ഉല്പാദിപ്പിച്ച സാധനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഇറക്കുമതി ബദല്‍ എന്നു പറയുന്നത്. വിദേശരാജ്യങ്ങളോടുള്ളു ആശ്രയത്വം കുറയ്ക്കുക എന്നതാണിതിന്റെ ലക്ഷ്യം. ഇറക്കുമതി ബദല്‍ എന്ന നയം “സംരക്ഷണ നയ ” (Protection Policy) ത്തില്‍ എത്തിക്കുന്നു. വിദേശികളുടെ മത്സരത്തില്‍നിന്ന് ഇന്ത്യന്‍ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നയത്തിനാണ് സംരക്ഷണ നയം എന്നു പറയുന്നത്. വികസിത രാജ്യങ്ങളില്‍ ഉല്പാദിപ്പിക്കുന്ന വില കുറഞ്ഞ സാധനങ്ങളുടെ മത്സരത്തില്‍നിന്നും ശൈശവാവസ്ഥയിലുള്ള ഇന്ത്യന്‍ വ്യവസായങ്ങളെ സംരക്ഷിക്കേണ്ടത് ഒരാവശ്യമായിരുന്നു.
ഈ സംരക്ഷണത്തിനുള്ള കരുക്കള്‍ രണ്ടായിരുന്നു;- താരീഫ്.
- ക്വോട്ട.
വ്യവസായനയം വ്യവസായ വികസനത്തിന് ഉണ്ടാക്കിയ ഫലങ്ങള്‍ (Effect of Policies on Industrial Development)
സദ്ഫലങ്ങള്‍ (Benefits):
- 1) ഇന്ത്യയുടെ GDP യില്‍ വ്യവസായമേഖലയുടെ സംഭാവന 1950-51 ല്‍ 11.8 ശതമാനമായിരുന്നത് 1990-91 ആയപ്പോള്‍ 24.6 ശതമാനമായി ഉയര്‍ന്നു.
- 2) ഈ കാലഘട്ടത്തില്‍ വ്യാവസായികമേഖലയില്‍ പ്രതിവര്‍ഷം 6 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിരുന്നു.
- 3) ഇന്ത്യന്‍ വ്യവസായമേഖല അത്യധികം വൈവിധ്യവല്‍ക്കരിക്കപെട്ടു. സ്വാതന്ത്ര്യം നേടുന്ന അവസരത്തില്‍ നമ്മുടെ വ്യവസായമേഖലയിലെ പ്രധാന ഘടകങ്ങള്‍ ടെക്‌സ്റ്റൈൽസ്, ചണം, ഉരുക്ക് എന്നിവയായിരുന്നു. 1990-91 ആയപ്പോഴേക്കും വ്യവസായഘടന അത്യന്തം വൈവിധ്യവല്‍കൃതമായി. ലോഹവ്യവസായങ്ങള്‍, കെമിക്കല്‍ വ്യവസായങ്ങള്‍, മൂലധനവസ്തുനിര്‍മ്മാണശാലകള്‍, ഔഷധനിര്‍മ്മാണശാലകള്‍, പെട്രോളിയം ശുദ്ധീകരണ വ്യവസായങ്ങള്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയ വ്യവസായങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവന്നു.
- 4) ചെറുകിടവ്യവസായങ്ങളുടെ വികസനത്തിലൂടെ നിരവധി വ്യവസായ സംരംഭകരെ സൃഷ്ടിച്ചു; ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കി.
- 5) സര്‍ക്കാര്‍ സംരക്ഷണത്തിന്റെ ഫലമായി തദ്ദേശീയ വ്യവസായങ്ങള്‍ വളര്‍ന്നു.
പോരായ്മകള്‍ (Deficiencies):
- 1) ലൈസന്‍സിങ് സമ്പ്രദായം ഒരു “ലൈസന്‍സ് — പെര്‍മിറ്റ് രാജ്” സൃഷ്ടിച്ചു. അതിഭീമമായ ഒരു ഉദ്യോഗസ്ഥപടയ്ക്ക് അത് ജന്മം നല്‍കി. അഴിമതിയും ചുവപ്പുനാടയുമായിരുന്നു മുഖമുദ്ര.
- 2) ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങള്‍ ഭീമമായ നഷ്ടത്തിലായി. മത്സരത്തിന്റെ അഭാവംമൂലം മാനേജ്മെന്റില്‍ കാര്യക്ഷമതയില്ലാതായി.
- 3) ചില വ്യവസായങ്ങള്‍ പൊതുമേഖലയ്ക്കായി സംവരണം ചെയ്തതിനാല്‍ പൊതുമേഖലയില്‍ കുത്തക വളര്‍ന്നു. കാര്യക്ഷമമായ സ്വകാര്യമേഖലാസ്ഥാപനങ്ങള്‍ക്ക് സംവരണമേഖലയില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇത് ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്ക് വിനയായിത്തീര്‍ന്നു. 1990-ലെ ഉദാരവല്‍ക്കരണത്തോടെ മത്സരത്തിന്റെ സദ്‌ഫലങ്ങള്‍ അനുഭവവേദ്യമായി.
ഉദാ: ടെലികോം, ഇന്‍ഷുറന്‍സ്, ഓട്ടോ മൊബൈല്‍സ്.
- 4) ഉയര്‍ന്ന ഇറക്കുമതിച്ചുങ്കും വഴി തദ്ദേശീയ വ്യവസായങ്ങള്‍ക്ക് സംരക്ഷണം നല്‍കിയപ്പോള്‍ അത് കാര്യക്ഷമതയില്ലാത്ത വ്യവസായ ശാലകള്‍ക്ക് ജന്മം നല്‍കി. സംരക്ഷണം ആവശ്യമുള്ള കാലം കഴിയുമ്പോള്‍ അതു പിന്‍വലിക്കേണ്ടതായിരുന്നു.
- 5) പൊതുമേഖല ഒരാവശ്യവുമില്ലാത്ത മേഖലകളില്‍ കയറിപ്പറ്റി. ഉദാഹരണം: . ബ്രഡ് നിര്‍മ്മാണം, ഫോട്ടോഗ്രാഫിക്, ഫിലിം നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം. ഖജനാവിലെ പണം ദുര്‍വ്യയം ചെയ്യാനേ ഇതെല്ലാം ഉപകരിച്ചുള്ളൂ.
- 6) വ്യവസായനയം വ്യവസായങ്ങളെ നിയ്യന്ത്രിക്കുന്നതിനു പകരം സ്വകാര്യസംരംഭങ്ങളെയും സംരംഭകരെയുമാണ് നിയന്ത്രിച്ചത്.
സമാപനം (Conclusion)
വ്യവസായനയത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയതിന്റെ ഫലമായി 1991-ല്‍ വ്യവസായനയം ഒരു പുന്ഃപരിശോധനയ്ക്ക് വിധേയമാക്കി.