Plus One Economics – Chapter 18: Note in Malayalam
Plus One Economics – Chapter 18: Note in Malayalam

Plus One Economics – Chapter 18: Note in Malayalam

അദ്ധ്യായം 18

സൂചകാങ്കങ്ങൾ.

ആമുഖം (Introduction)

നമുക്കു സൂചകാങ്കങ്ങളുമായി (Index numbers) ഇടപെടാം. സവിശേഷമായ ശരാശരികളാണ് സൂചകാങ്കങ്ങൾ.

കാലം, ഭൂമിശാസ്ത്രപരമായ സ്ഥാനം, അല്ലെങ്കിൽ മറ്റു സവിശേഷതകൾ എന്നിവയെ ബന്ധപ്പെടുത്തി, അന്യോന്യം ബന്ധമുള്ള ഒരു കൂട്ടം ചരങ്ങളിൽ, അല്ലെങ്കിൽ ഒരു ചരത്തിൽ, ഉണ്ടായ മാറ്റങ്ങൾ കാണിക്കുന്നതിന് രൂപകല്പന ചെയ്ത ഒരു സവിശേഷമായ മാപമാണ് സൂചകാങ്കം- സ്പീഗൽ

താഴെ പറയുന്ന സംഗതികൾ ശ്രദ്ധിക്കുക:
പഠനത്തിനായി മോഹൻ വിദേശത്തായിരുന്നു. നാലുകൊല്ലത്തെ പഠനം പൂർത്തിയാക്കി മോഹൻ നാട്ടിൽ തിരിച്ചെത്തി. ഒരു ദിവസം മോഹൻ അടുത്തുള്ള ചന്തയിലേക്ക് പോയി. നിത്യോപയോഗ സാധനങ്ങളുടെ വിലകളിൽ മാറ്റം വന്നതായി മോഹനു മനസ്സിലായി. ചിലതിന് വില കൂടിയിരിക്കുന്നു, ചിലതിന് വില കുറഞ്ഞിരിക്കുന്നു. വിലകളിൽ വന്ന മാറ്റത്തെക്കുറിച്ച് മോഹൻ അമ്മയോടു പറഞ്ഞു. വിലകളിൽ വന്ന മാറ്റം രണ്ടു പേരെയും അമ്പരപ്പിച്ചു. ഇതുപോലെ വ്യാവസായികോല്പന്നങ്ങളുടെ വിലയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചിലതിന് വില കൂടുകയാണ്. ചിലതിന് വില കുറയുകയും.
കേരളത്തിലെ കർഷകത്തൊഴിലാളിയുടെ ദിവസക്കൂലി 1980 ൽ 50 രൂപയായിരുന്നു. ഇന്ന് കിട്ടുന്ന കൂലി ഒരു ദിവസത്തിന് 500 രൂപയാണ്. ഇതിനർത്ഥം അയാളുടെ ജീവിതനിലവാരം 10 ഇരട്ടി വർധിച്ചു എന്നാണോ ? മുമ്പത്തെപ്പോലെ ഭേദപ്പെട്ട രീതിയിൽ ജീവിക്കണമെങ്കിൽ ഇന്ന് അയാൾക്ക് എത്ര രൂപ കൂലി കിട്ടണം?
സെൻസെക്സ് 30,000 പോയന്റ് കടന്നു; ഒറ്റ ദിവസം 800 പോയന്റ് വർധനവുണ്ടായി എന്നെല്ലാം നാം പത്രങ്ങളിൽ വായിക്കാറുണ്ട്. എന്താണ് സെൻസെക്സ് ?
ഏതാനും മാസങ്ങൾക്കുള്ളിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില 25% വർധിച്ചു. പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂടുന്നതുകൊണ്ടാണ് നാണ്യപ്പെരുപ്പം (inflation) ഉണ്ടാകുന്നതെന്ന് സർക്കാർ പറയുന്നു. എങ്ങനെയാണ് നാണ്യപ്പെരുപ്പം അളക്കുക ?
നിത്യജീവിതത്തിൽ നാം കേൾക്കുന്ന നിരവധി ചോദ്യങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തത്. പരസ്പരം ബന്ധപ്പെട്ട ഈ ചരങ്ങളുടെ സവിശേഷതകൾ വിശദീകരിക്കാൻ ശരാശരി പോലുള്ള ഏക അളവുകൾ പര്യാപ്തമല്ല. അപ്പോൾ, അന്യോന്യം ബന്ധപ്പെട്ട ഒരു കൂട്ടം ചരങ്ങളിൽ ഉള്ള മാറ്റങ്ങൾ അളക്കുന്നതിന് സവിശേഷ ഉപകരണങ്ങൾ വേണ്ടിവരുന്നു. ഇതിനുവേണ്ടി രൂപ കല്പന ചെയ്തിട്ടുള്ള സവിശേഷമായ ശരാശരികളാണ് സൂചകാങ്കങ്ങൾ (index numbers).

എന്താണ് സൂചകാങ്കങ്ങൾ ? (What is an index number?)

അന്യോന്യം ബന്ധപ്പെട്ട ഒരു കൂട്ടം ചരങ്ങളിൽ ഉള്ള വൈപുല്യത്തിന്റെ മാറ്റങ്ങൾ അളക്കുന്നതിനുള്ള സാംഖ്യിക ഉപകരണമാണ് സൂചകാങ്കങ്ങൾ (index numbers).
സൂചകാങ്കങ്ങൾ സാധാരണയായി ആവിഷ്കരിക്കുക ശതമാനത്തിലാണ്. ഒരു നിശ്ചിത കാലഘട്ടത്തിലെ മാറ്റങ്ങളുടെ ഫലം അത് അളക്കുന്നു. രണ്ടു കാലഘട്ടങ്ങൾ ഉണ്ടായിരിക്കും. പ്രസക്ത (Current) കാലഘട്ടവും ആധാര കാലഘട്ടവും (Base period). ഏതു കാലഘട്ടമാ യാണോ താരതമ്യം ചെയ്യുന്നത് ആ കാലഘട്ടത്തെ ആധാര കാലഘട്ടം (Base period) എന്നും ഏതു കാലഘട്ടത്തിനുവേണ്ടിയാണോ താരതമ്യം ചെയ്യുന്നത് ആ കാലഘട്ടത്തെ പ്രസക്ത കാലഘട്ടം (Current period) എന്നും പറയുന്നു. ആധാര കാലഘട്ടത്തിലെ മൂല്യത്തിന് സൂചകാങ്കം 100 എന്ന് നൽകുന്നു. 2000 ത്തെ അപേക്ഷിച്ച് 2008 ൽ വിലയിൽ എത്ര മാറ്റമുണ്ടായി എന്ന് അറിയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇവിടെ 2000 ആധാര കാലഘട്ടമാകുന്നു. ഏതു കാലഘട്ടത്തിലെയും സൂചകാങ്കം ഇതിന് ആനുപാതികമായിരിക്കും. ഉദാഹരണത്തിന്, സൂചകാങ്കം 300 സൂചിപ്പിക്കുന്നത് വില ആധാര കാലഘട്ടത്തക്കാൾ മൂന്നിരട്ടിയാണെന്നാണ്.

സവിശേഷതകൾ (Characteristics)

 • സൂചകാങ്കങ്ങൾ സവിശേഷമായ ശരാശരികളാണ്.

 • അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൂട്ടം ചരങ്ങളിലുള്ള അറ്റ് മാറ്റത്തെ (Net change) സൂചകാങ്കങ്ങൾ അളക്കുന്നു.

 • ഒരു കാലഘട്ടത്തിനുമേലുള്ള മാറ്റങ്ങളുടെ സ്വാധീനം സൂചകാങ്കങ്ങൾ അളക്കുന്നു.

സൂചകാലങ്ങളുടെ ഉപയോഗങ്ങൾ (Uses of Index Numbers)

 • ഉചിതമായ നയങ്ങൾ രൂപപ്പെടുത്തുന്നതിന് അവ സഹായിക്കുന്നു.

 • അവ താത്പര്യങ്ങളും പ്രവണതകളും വെളിപ്പെടുത്തുന്നു.

 • സൂചകാങ്കങ്ങൾ നാണയമൂല്യം കുറയ്ക്കുന്നതിൽ (deflating) വളരെ പ്രയോജനപ്രദമാണ്.

 • അവ പണത്തിന്റെ ക്രയശേഷി (purchasing power) അളക്കുന്നതിനു സഹായിക്കുന്നു.

സൂചകാങ്കങ്ങളുടെ നിർമ്മാണം (Construction of Index Numbers)

സൂചകാങ്കങ്ങൾ നിർമ്മിക്കുന്നതിന് രണ്ടു രീതികളുണ്ട്. അവ –
 1. സഞ്ചിത രീതി (Aggregative Method)
 2. ശരാശരി ആപേക്ഷിക രീതി (Method of Averaging Relatives)

സഞ്ചിത രീതി (Aggregative Method)

ഈ വിഭാഗത്തിൽ രണ്ടുവിധത്തിലുള്ള സൂചകാങ്കങ്ങൾ ഉണ്ട്.
 • (i) സിമ്പിൾ അഗ്രഗേറ്റീവ് വില സൂചിക (Simple Aggregative Price Index)
 • (ii) ഭാരിത അഗ്രഗേറ്റീവ് വില സൂചിക (Weighted Aggregative Price Index)

(i) സിമ്പിൾ അഗ്രഗേറ്റീവ് വില സൂചിക (Simple Aggregative Price Index)

സിമ്പിൾ അഗ്രഗേറ്റീവ് വില സൂചികയ്ക്കുള്ള സമവാക്യം താഴെ കൊടുക്കുന്നു.

അപ്പോൾ,
P01 = പ്രസക്ത വർഷത്തിന്റെ സൂചകാങ്കം
Σp1 = മുഴുവൻ ഉപഭോഗസാധനങ്ങളുടെയും പ്രസക്ത വർഷ വിലകളുടെ ആകെ തുക
Σp0 = മുഴുവൻ ഉപഭോഗസാധനങ്ങളുടെയും ആധാര വർഷ വിലകളുടെ ആകെ തുക

ഘട്ടങ്ങൾ (Steps)

 1. Σp1 ലഭിക്കുന്നതിന് മുഴുവൻ ഉപഭോഗ സാധനങ്ങളുടെയും പ്രസക്ത വർഷ വിലകൾ കൂട്ടുക.
 2. Σp0 ലഭിക്കുന്നതിന് മുഴുവൻ ഉപഭോഗ സാധനങ്ങളുടെയും ആധാരവർഷ വിലകൾ കൂട്ടുക.
 3. Σp1 നെ Σp0 കൊണ്ട് വിഭജിക്കുകയും ഹരണ ഫലത്തെ (quotient) 100 കൊണ്ട് ഗുണിക്കുകയും ചെയ്യുക.

Eg.1
താഴെ കൊടുത്ത ദത്തത്തിൽനിന്നും 2020 – ന്റെ അടിസ്ഥാനത്തിൽ (ആധാരത്തിൽ) 2021-ലെ സൂചകാങ്കം നിർമ്മിക്കുക.
Table 18.1
ഉപഭോഗസാധനങ്ങൾ യൂണിറ്റ് വില ക.യിൽ
2020 2021
ഗോതമ്പ് ക്വിന്റൽ 250 200
അരി ക്വിന്റൽ 300 400
പയർവർഗ്ഗങ്ങൾ ക്വിന്റൽ 400 500
പാൽ ലിറ്റർ 2 3
വസ്ത്രം മീറ്റർ 3 5

Solution:
Table 18.2
ഉപഭോഗസാധനങ്ങൾ യൂണിറ്റ് വില ക.യിൽ
2020 (p0) 2021(p1)
ഗോതമ്പ് ക്വിന്റൽ 250 200
അരി ക്വിന്റൽ 300 400
പയർവർഗ്ഗങ്ങൾ ക്വിന്റൽ 400 500
പാൽ ലിറ്റർ 2 3
വസ്ത്രം മീറ്റർ 3 5
Σp0 = 955 Σp1 = 1108

2021 ന്റെ സൂചകാങ്കം അല്ലെങ്കിൽ
\( \mathbf{ P_{01}\,=\frac{Σp_{1}}{Σp_{0}}}×100 \)
\( \mathbf{ =\,\frac{1108}{955}}×100 \)
= 116.02
ഇതിനർത്ഥം, 2011 ൽ ഉപഭോഗസാധനങ്ങളുടെ വിലകൾ 2010 ലെ വിലകളെയപേക്ഷിച്ച് 16.02% ഉയർന്നതാണെന്നാണ്.

(ii) ഭാരിത അഗ്രഗേറ്റീവ് വില സൂചിക (Weighted Aggregative Price Index)

മുകളിൽ ചർച്ച ചെയ്ത സൂചകാങ്കങ്ങൾ സൂചകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ ഇനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നു. പ്രയോജനകരമായ സൂചകാങ്കങ്ങളുടെ നിർമ്മിതിക്ക്, മൊത്തം പ്രതിഭാസത്തിനകത്ത്, ഓരോ ഉപഭോഗ വസ്തുവിനും അതിന്റെ പ്രാധാന്യമനുസരിച്ച് ഭാര മേല്പിക്കേണ്ടുന്നതിന്റെ ആവശ്യമുണ്ട്. ഇതു സൂചകാങ്കത്തെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കും.
ഭാരിത സൂചകാങ്കങ്ങളിൽ ഓരോ ഇനത്തിനും അതിന്റെ പ്രാധാന്യമനുസരിച്ച് ഭാരിതം (weight) നൽകിയശേഷം വില സൂചിക കാണുന്നു. അടിസ്ഥാന വർഷത്തെ അളവുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഭാരിത അഗ്രഗേറ്റീവ് വില സൂചിക കാണുന്ന രീതി “ലാസ്പിയറുടെ വില സൂചിക” എന്നറിയപ്പെടുന്നു. തന്നാണ്ടു വർഷത്തിലെ അളവുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഭാരിത അഗ്രഗേറ്റീവ് വില സൂചിക കാണുന്ന രീതിക്ക് “പാഷെയുടെ വില സൂചിക” എന്നു വിളിക്കുന്നു.

ലാസ്പിയറുടെ വില സൂചിക (Laspeyre’s Price Index)

ലാസ്പിയറുടെ വില സൂചിക സമവാക്യം-
Eq18-2

ഘട്ടങ്ങൾ (Steps)

 1. P1Q0 മൂല്യം കിട്ടാൻ തന്നാണ്ടിലെ ഓരോ സാധനത്തിന്റെയും വിലയെ അടിസ്ഥാന വർഷത്തെ അളവുകൊണ്ട് ഗുണിക്കുകയും അതിനുശേഷം അവയെല്ലാം കൂട്ടിനോക്കി ΣP1Q0കാണുകയും ചെയ്യുക
 2. P0Q0 കിട്ടാൻ ആധാര വർഷത്തെ ഓരോ സാധന ത്തിന്റെയും വിലയെ ആധാരവർഷത്തിലെ അള വുകൊണ്ട് ഗുണിക്കുകയും തുടർന്ന് അവ കൂട്ടി നോക്കി ΣP0Q0 കാണുകയും ചെയ്യുക.
 3. \( \mathbf{\frac{Σp_{1}q_{0}}{Σp_{0}q_{0}}}×100 \) എന്ന സൂത്രവാക്യം ഉപയോഗിക്കുക.

Eg:
ലാസ്പിയേർസ് രീതി ഉപയോഗിച്ച് താഴെ കൊടുത്ത ദത്തത്തിൽനിന്നും വിലയുടെ സൂചകാങ്കം നിർമ്മിക്കുക.
Table 18.3
ഉപഭോഗസാധനങ്ങൾ 2010 2020
വില അളവ് വില അളവ്
A 2 8 4 5
B 4 10 6 9
C 3 14 5 13
D 2 19 2 10

Solution:
Table 18.4
ഉപഭോഗസാധനങ്ങൾ 2010 2020 p1q0 p0q0
വില p0 അളവ് q0 വില p1 അളവ്
A 2 8 4 5 32 16
B 4 10 6 9 60 40
C 3 14 5 13 70 42
D 2 19 2 10 38 38
Σp1q0 = 200 Σp0q0 = 136

ലാസ്പിയേർസ് രീതി
\( \mathbf{P_{01}\,=\,\frac{Σp_{1}q_{0}}{Σp_{0}q_{0}}}×100 \)
= \( \mathbf{\frac{200}{136}}×100 \)
= 147.05

പാഷെയുടെ വില സൂചിക (Paasche’s Price Index)

പാഷെയുടെ വില സൂചിക സമവാക്യം –
Eq18-2

ഘട്ടങ്ങൾ (Steps)

 1. P1q1 മൂല്യം കിട്ടാൻ തന്നാണ്ടിലെ ഓരോ സാധനത്തിന്റെയും വിലയെ തന്നാണ്ടിലെ അളവുകൊണ്ട് ഗുണിക്കുകയും അതിനുശേഷം അവയെല്ലാം കൂട്ടിനോക്കി ΣP1q0 കാണുകയും ചെയ്യുക.
 2. P0q1 കിട്ടാൻ അടിസ്ഥാന വർഷത്തെ ഓരോ സാധനത്തിന്റെയും വിലയെ തന്നാണ്ടിലെ അളവു കൊണ്ട് ഗുണിക്കുകയും അതിനു ശേഷം അവയെല്ലാം കൂട്ടിനോക്കി ΣP0q1 കാണുകയും ചെയ്യുക.
 3. \( \mathbf{P_{01}\,=\,\frac{Σp_{1}q_{1}}{Σp_{0}q_{1}}}×100 \) എന്ന സൂത്രവാക്യം ഉപയോഗിക്കുക.

Eg:
താഴെ കൊടുത്ത ഡാറ്റ ഉപയോഗിച്ചുകൊണ്ട് പാഷെ രീതിയിലുള്ള വില സൂചിക നിർമ്മിക്കുക.
Table 18.5
ഉപഭോഗസാധനങ്ങൾ 2010 2020
വില അളവ് വില അളവ്
A 2 8 4 5
B 4 10 6 9
C 3 14 5 13
D 2 19 2 10

Solution:
Table 18.6
ഉപഭോഗസാധനങ്ങൾ 2010 2020 p1q1 p0q1
വില p0 അളവ് q0 വില p1 അളവ് q1
A 2 8 4 5 20 10
B 4 10 6 9 54 36
C 3 14 5 13 65 39
D 2 19 2 10 20 20
Σp1q1 = 159 Σp0q1 = 105

പാഷെ രീതി
\( \mathbf{P_{01}\,=\,\frac{Σp_{1}q_{1}}{Σp_{0}q_{1}}}×100 \)
\( \mathbf{=\,\frac{159}{105}}×100 \)
= 151.42

2. ശരാശരി ആപേക്ഷിക രീതി (Method of Averaging Relatives)

ഒരു സാധനം മാത്രമുള്ളപ്പോൾ വില സൂചിക ആ സാധനത്തിന്റെ തന്നാണ്ടു വിലയ്ക്കായും അടിസ്ഥാന വർഷ വിലയുടെയും അനുപാതമായിരിക്കും, ഇത് ശതമാനത്തിലാണ് പ്രകടിപ്പിക്കുന്നത്. കുറെയധികം സാധനങ്ങൾ ഉണ്ടെങ്കിൽ ശരാശരി ആപേക്ഷിക രീതി ആപേക്ഷികങ്ങളുടെ ശരാശരി പരിഗണിക്കുന്നു.
വില ആപേക്ഷികങ്ങളെ അടിസ്ഥാനമാക്കി രണ്ടു രീതിയിലുള്ള സമവാക്യങ്ങൾ ഉപയോഗിക്കുന്നു.
 1. സിമ്പിൾ ശരാശരി ആപേക്ഷിക വില സൂചിക (Simple Average Price Relative Index)
 2. ഭാരിത ശരാശരി ആപേക്ഷിക വില സൂചിക (Weighted Average Price Relative Index)

1. സിമ്പിൾ ശരാശരി ആപേക്ഷിക വില സൂചിക (Simple Average Price Relative Index)

ഈ രീതിയിൽ വില സൂചിക കാണാൻ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കുന്നു.

അപ്പോൾ,
P1 = തന്നാണ്ടു വർഷത്തെ സാധനത്തിന്റെ വില
P0 = അടിസ്ഥാന വർഷത്തെ സാധനത്തിന്റെ വില
\( \mathbf{\frac{P_{1}}{P_{0}}}×100 \) = സാധനത്തിന്റെ ആപേക്ഷിക വില
n = സാധനങ്ങളുടെ എണ്ണം

താഴെ കൊടുത്തിരിക്കുന്ന ഡാറ്റയ്ക്ക് 2019 വർഷം അടിസ്ഥാനമായെടുത്ത് 2020ലേക്കുള്ള സൂചിക ശരാശരി ആപേക്ഷിക രീതിയനുസരിച്ച് നിർമ്മിക്കുക.
Table 18.7
ഉപഭോഗസാധനങ്ങൾ വില 2019 ൽ വില 2020 ൽ
A 30 50
B 40 60
C 80 90
D 110 120
E 20 20

Solution:
Table 18.8
ഉപഭോഗസാധനങ്ങൾ വില 2019 ൽ P0 വില 2020 ൽ P1 \( \left(\mathbf{\frac{P_{1}}{P_{0}}×100} \right) \)
A 30 50 166.6
B 40 60 150.0
C 80 90 112.5
D 110 120 109.1
E 20 20 100.0
\( \mathbf{ Σ{\frac{P_{1}}{P_{0}}×100}} \) = 638.2

P01 = \( \frac{1}{n}\left(\mathbf{\frac{ΣP_{1}}{ΣP_{0}}×100} \right) \)
= \( \frac{638.2}{5}\)
= 127.6

2. ഭാരിത ശരാശരി ആപേക്ഷിക വില സൂചിക (Weighted Average Price Relative Index)

ഈ വിലസൂചികയിൽ ഭാരിതം (weight) നിശ്ചയിക്കുന്നത് അടിസ്ഥാന കാലഘട്ടത്തിൽ മൊത്തം ചെലവിലുള്ള ഓരോ സാധനത്തിന്റെ ചെലവിന്റെ അനുപാതം അഥവാ ശതമാനം നോക്കിയാണ്. ഇത് വില ആപേക്ഷികങ്ങളുടെ ഭാരിത മാധ്യമാണ്. പൊതുവെ പറഞ്ഞാൽ, അടിസ്ഥാന വർഷ ഭാരിതം / ഭാരം (Base period weight) തന്നെയാണ് തന്നാണ്ടു ഭാരമായും പരിഗണിക്കുന്നത്.
ഭാരിത ശരാശരി ആപേക്ഷിക വില സൂചിക കാണുന്നതിനുള്ള സമവാക്യം –
Eq18-2
ഇവിടെ, W = ഭാരം (Weight)
താഴെ കൊടുത്ത ഡാറ്റയ്ക്ക് ഭാരിത ശരാശരി ആപേക്ഷിക വില സൂചിക കാണുക.
Table 18.9
സാധനങ്ങൾ ഭാരം വില 2015 വില 2022
A 10 100 165
B 8 200 220
C 14 40 60
D 9 20 30
E 10 10 15

Solution:
Table 18.10
സാധനങ്ങൾ ഭാരം വില 2015 (P0) വില 2022 (P1) വില ആപേക്ഷികം
\(\mathbf{\frac{P_{1}}{P_{0}}×100} \)
\( \mathbf{W\,×\,\frac{P_{1}}{P_{0}}×100} \)
A 10 100 165 165 1650
B 8 200 220 110 880
C 14 40 60 150 2100
D 9 20 30 150 1350
E 10 10 15 150 1500
ΣW = 51 \( \left(\mathbf{ΣW\,×\,\frac{P_{1}}{P_{0}}×100}\right) \)
= 7480

P01 = \( \frac{ΣW \left(\mathbf{\frac{ΣP_{1}}{ΣP_{0}}×100} \right)} {ΣW}\)
= \( \mathbf{\frac{7480} {51}}\)
= 146.6

ചില പ്രധാനപ്പെട്ട സൂചകാങ്കങ്ങൾ:- ഉപഭോക്തൃവില സൂചകാങ്കങ്ങൾ (Consumer price index (CPI) numbers)

അർത്ഥം: ഉപഭോക്തൃവില സൂചകാങ്കങ്ങൾ, ജീവിതച്ചെലവ് സൂചകാങ്കങ്ങൾ, ചില്ലറവില്പനവില സൂചകാങ്കങ്ങൾ, ജീവിതമൂല്യ സൂചകാങ്കങ്ങൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവ ചില്ലറ വിലകളുടെ ശരാശരി മാറ്റങ്ങൾ അളക്കുന്നു. വ്യാവസായിക തൊഴിലാളികൾക്കുവേണ്ടിയുള്ള CPI, പൊതുവെയുള്ള നാണ്യപ്പെരുപ്പത്തിന്റെ ഏറ്റവും അനുയോജ്യമായ സൂചകമായി പരിഗണിക്കപ്പെടുന്നു.
ഈ പ്രസ്താവന പരിഗണിക്കുക. 1982ൽ വ്യവസായ തൊഴിലാളികളുടെ CPI 100 രൂപയും ജനുവരി 2007 ൽ 545 രൂപയുമാണ്. ഈ പ്രസ്താവനയുടെ അർത്ഥമെന്ത് ? 1982ൽ വ്യവസായ ത്തൊഴിലാളികൾ ഒരു പ്രത്യേക തരം വസ്തു ഒരു നിശ്ചിത അളവ് വാങ്ങിക്കുന്നതിന് 100 രൂപ ചെലവാക്കി എന്നാണ്. എന്നാൽ ഇപ്പോൾ 2007 ൽ ഇതേ അളവ് വസ്തു വാങ്ങിക്കുന്നതിന് 545 രൂപ ചെലവാക്കണം. ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവർ ഇതു വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യുന്നത് പ്രശ്നമായിരിക്കില്ല. തൊഴിലാളികൾക്ക് അത്രയും അളവ് വസ്തു വാങ്ങുന്നതിനായിട്ടുള്ള ശേഷി (capacity) ഉണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ളത്.
ഉപഭോക്തൃ വിലസൂചകങ്ങൾക്കുള്ള ആവശ്യം ഉയരുന്നത്, വിവിധ തട്ടുകളിലുള്ള ആളുകളുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പൊതു വിലനില വാരത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലത്തെക്കുറിച്ച്, ഒരു ധാരണ നൽകുന്നതിൽ പൊതു സൂചകാങ്കങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ്. വ്യത്യസ്ത വർഗ്ഗത്തിൽപ്പെട്ട ആളുകൾ വിവിധ രീതിയിലുള്ള ഉപഭോഗവസ്തുക്കൾ ഉപഭോഗം ചെയ്യുന്നു; അതുതന്നെ വ്യത്യസ്ത അനുപാതത്തിലും. ഉപഭോഗശീലങ്ങൾ സ്ഥലം പ്രതി വ്യത്യസ്തമാകും. അവയുടെ പ്രാധാന്യം കിടക്കുന്നത്, മിക്കപ്പോഴും ഉയർന്ന കൂലിക്കുള്ള ആവശ്യം ജീവിതച്ചെലവ് സൂചകത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നതിലാണ്. ഈ സൂചകവുമായി ചേർന്ന് കൂലിയും വേതനവും മറ്റും ക്രമീകരിക്കപ്പെടുന്നു.

ഉപഭോക്തൃവില സൂചകാങ്കങ്ങളുടെ നിർമാണം (Construction of Consumer Price Index Numbers)

$$ \mathbf{CPI\,=\,\frac{ΣWR}{ΣW}} $$,
അപ്പോൾ, W = വെയ്റ്റുകളുടെ മൂല്യം
$$\mathbf{R\,=\,\frac{Σp_{1}}{Σp_{0}}}×100 $$
താഴെകൊടുത്തിരിക്കുന്ന ദത്തങ്ങളുപയോഗിച്ച് ഉപഭോക്തൃ വില സൂചകാങ്കം നിർമ്മിക്കുക.
Table 18.11
ഇനം ഭാരം ശതമാനത്തിൽ അടിസ്ഥാന വർഷം 2015 വില പ്രസക്ത വർഷം 2021 വില
ഭക്ഷണം 30 140 150
ഇന്ധനം 20 30 40
വസ്ത്രം 15 70 80
വാടക 15 30 40
പലവക 20 40 50

Solution:
Table 18.12
ഇനം ഭാരം ശതമാനത്തിൽ (W) അടിസ്ഥാന വർഷം 2015 വില (P0) പ്രസക്ത വർഷം 2021 വില (P1) \(\mathbf{R\,=\,\frac{p_{1}}{p_{0}}}×100\) WR
ഭക്ഷണം 30 140 150 107.14 3213.00
ഇന്ധനം 20 30 40 133.33 2666.60
വസ്ത്രം 15 70 80 114.29 1714.35
വാടക 15 30 40 133.33 1999.95
പലവക 20 50 50 100.00 2000.00
ΣW = 100 ΣWR = 11593.90

\(\mathbf{CPI\,=\,\frac{ΣWR}{ΣW}}\)
= \(\mathbf{\frac{11593.90}{100}}\)
= 115.94
മുകളിൽ കൊടുത്തിരിക്കുന്ന വസ്തുതകളിൽ നിന്നും വ്യക്തമാകുന്നത് ജീവിത നിലവാരം 15.94% വരെ ഉയർന്നു എന്നാണ്. 2015 ൽ ഒരു തൊഴിലാളി 100 രൂപ ചെലവാക്കുന്നു, ഇപ്പോൾ 2021 ൽ 115.94 രൂപ ഇതേ സാധനം ഇതേ അളവിൽ വാങ്ങുന്നതിന് ചെലവാക്കുന്നു.

മൊത്തവില (Wholesale Price Index Numbers – WPI)

മൊത്തവില സൂചകാങ്കങ്ങൾ പൊതുവില നിലവാരത്തിലുണ്ടാകുന്ന മാറ്റത്തെ പ്രതിനിധീകരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രത്യേകിച്ച് ഒരു വിഭാഗം ഉപഭോക്താവിനെക്കുറിച്ച് പരാമർശിക്കാതെ വില്ക്കപ്പെടുന്ന എല്ലാ സാധനങ്ങളുടെയും വിലയിലുണ്ടാകുന്ന മാറ്റമാണ് ഇത് കാണിക്കുന്നത്.
1993-94 അടിസ്ഥാന വർഷത്തെ (അടിസ്ഥാന വർഷം 100 ആയിരിക്കും) WPI 2006 ഏപ്രിലിൽ 191.4 ആയി എന്ന പ്രസ്താവനയുടെ അർത്ഥം എന്താണ് ? ഇതിന്റെ അർത്ഥം ഈ കാലയളവിൽ പൊതുവില നിലവാരം 91.4 ശതമാനം കണ്ട് വർധിച്ചുവെന്നാണ്.
ഇന്ത്യയിൽ, മൊത്തവില സൂചകാങ്കത്തിന്റെ നിർമ്മിതിയുടെ കാര്യത്തിൽ, 1993-94 ആധാര വർഷമായെടുത്തിരിക്കുന്നു. വിവിധ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ഇനം ഉപഭോഗവസ്തുക്കൾ സൂചകം ഉൾക്കൊള്ളുന്നു; ഇവയ്ക്കുള്ള ക്വട്ടേഷനുകൾ വ്യത്യസ്ത മാർക്കറ്റുകളിൽ നിന്നാണ് ശേഖരിക്കപ്പെടുന്നത്. ഏറിയകൂറും, വിവിധ ഉപഭോഗവസ്തുക്കൾക്കു ഭാരം ഏല്പിക്കപ്പെടുന്നു. മൊത്തവില സൂചകാങ്കങ്ങളുടെ ഗണനത്തിന് ഭാരിത സമാന്തര മാധ്യം (Weighted arithmetic mean) ഉപയോഗിക്കപ്പെടുന്നു.

വ്യവസായികോൽപ്പന്നത്തിന്റെ ഇൻഡക്സ് നമ്പർ (Index of Industrial Production)

ഒരു രാജ്യത്തെ വ്യാവസായിക ഉല്പാദനത്തിന്റെ വിതാനത്തിലുള്ള മാറ്റങ്ങൾ അളക്കുന്നതിനുള്ള സൂചകമാണ് വ്യാവസായികോല്പാദനത്തിന്റെ സൂചകം. പൊതു – സ്വകാര്യമേഖലയിലെ മൊത്തം ഉല്പാദനവും ഇതിൽ ഉള്ളടങ്ങുന്നു. പരിമാണ ആപേക്ഷികങ്ങളുടെ ഭാരിത ശരാശരിയാണ് ഈ സൂചകം. സമവാക്യം-
$$ \mathbf{IIP_{01}\,=\,\frac{Σq_{1}×W}{ΣW}\,×\,100} $$ ഇന്ത്യയിൽ 1993 – 94 അടിസ്ഥാന വർഷമായെടുത്ത് എല്ലാ മാസവും ഈ സൂചിക കണക്കാക്കാറുണ്ട്.

കാർഷികോല്പാദനത്തിന്റെ ഇൻഡക്സ് നമ്പർ (Index of Agricultural Production)

പരിമാണ് ആപേക്ഷികത്തിന്റെ (quantity relatives) വെയ്റ്റഡ് ആവരേജാണ് ഈ ഇൻഡക്സ് നമ്പർ. ഇന്ത്യയിൽ പിൻതുടർന്നു വരുന്ന അടിസ്ഥാന കാലഘട്ടം 1981-82ൽ അവസാനിച്ച ത്രൈവാർഷികമാണ്. കാർഷികോല്പാദനത്തിന്റെ ഇൻഡക്സ് നമ്പർ 2003-2004ൽ 179.5 ആയിരുന്നു. കാർഷികോല്പാദനം 1979-80, 1980-81, 1981-82 എന്നീ മൂന്നു വർഷങ്ങളുടെ ശരാശരിയേക്കാൾ 79.5 ശതമാനം കണ്ട് വർധിച്ചിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ഇൻഡക്സിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് നൽകിയിട്ടുള്ള വെയിറ്റേജ് 62.92 ശതമാനമാണ്.
അടുത്ത കാലത്ത് വ്യവസായികൾ ഉപയോഗിക്കുന്നത് ഉല്പാദക വില സൂചിക (PPI) എന്നൊരു സൂചികയാണ്. നിലവിലുള്ള മൊത്ത വില സൂചികയിൽനിന്നും (WPI), PPI യിലേക്ക് (ഉല്പാദക വില സൂചിക) മാറേണ്ട കാലമായെന്നാണ് വിദഗ്ധന്മാർ പറയുന്നത്. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉല്പാദകരുടെ വീക്ഷണഗതിയിലൂടെ കണക്കാക്കുന്നതാണ് ഉല്പാദക വില സൂചികയിലെ സംഖ്യ. നികുതി, വ്യാപാര ലാഭം, ട്രാൻ സ്പോർട്ട് ചെലവ് തുടങ്ങിയ അടിസ്ഥാന വിലകൾ മാത്രമേ അതിൽ പരിഗണിക്കുന്നുള്ളൂ.

മനുഷ്യ വികസന സൂചിക (Human Development Index – HDI)

ഒരു രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് മനസ്സിലാക്കാൻ വ്യാപകമായി ഉപയോഗിച്ചു വരുന്ന, പ്രയോജനകരമായ, മറ്റൊരു സൂചിക മനുഷ്യ വികസന സൂചികയാണ് (HDI). മൂന്നു വിഭേദകങ്ങൾ ഉൾപ്പെട്ടതാണ് മനുഷ്യ വികസന സൂചിക – ആയുർ ദൈർഘ്യം, വിജ്ഞാനം, ജീവി തനിലവാരം എന്നിവയാണവ. ആയുർദൈർഘ്യ പ്രതീക്ഷാസൂചിക, വിദ്യാഭ്യാസ സൂചിക, ജീവിത നിലവാര സൂചിക എന്നീ മൂന്നു സൂചികകളുടെ തുല്യ പ്രധാന ശരാശരിയാണ് മനുഷ്യ വികസന സൂചിക.

സെൻസെക്സ് (SENSEX)

നിങ്ങൾ പലപ്പോഴും താഴെ ചേർക്കുന്നതു പോലെയുള്ള വാർത്തകൾ വായിച്ചുവെന്നുവരും.
“സെൻസെക്സ് 30,000 പോയിന്റ് കടന്നു; വ്യാപാരാവസാനത്തിൽ 29,850ൽ ക്ലോസ് ചെയ്തു; നിക്ഷേപക സമ്പത്ത് 19,500 കോടി കണ്ട് ഉയർന്നു. സെൻസെക്സ് അതിന്റെ ചരിത്രത്തിൽ ആദ്യമായാണ് 30,000 കടക്കുന്നത്; 30,000 ന്റെ തൊട്ട് 29,950ൽ താഴെ ക്ലോസ് ചെയ്തു; ഇത ഉയർന്നു ക്ലോസ് ചെയ്യുന്നതും പുതിയ റെക്കോർഡാണ്.
സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സുകൾ രാജ്യ ത്തിന്റെ സാമ്പത്തിക താപമാപിനികളാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അത്. ഇൻഡക്സ് ഉയരുമ്പോൾ, ഓഹരി വിലകൾ ഉയരുന്നു; തൽഫലമായി ഓഹരിയുടമകളുടെ സമ്പത്തും വളരുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസി റ്റീവ് ഇൻഡക്സിന്റെ ചുരുക്കപ്പേരാണ് ‘സെൻസെക്സ്’ എന്നത്.
താഴെ കൊടുത്ത വാർത്താശകലം ശ്രദ്ധിക്കുക:
“അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി 538 സെൻസെക്സ് പോയിന്റുകൾ നഷ്ടമായി. നിക്ഷേപ [\w (investor wealth) 24,532 കോടി അല്ലെങ്കിൽ 6.7% ഒലിച്ചുപോയി”.
ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഗുണകരമല്ല എന്ന് സൂചിപ്പിക്കുന്നു.

നിഫ്റ്റി (NIFTY)

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയാണ് 50 ഓഹരികളുള്ള നിഫ്റ്റി. 2008 ജനുവരിയിൽ നിഫ്റ്റി 6800 മാർക്ക് കടന്നു. ചരി ത്രത്തിലെ ഏറ്റവും ഉയർന്ന സൂചികയാണിത്. ഇപ്പോൾ ഇത് 10800 ന്റെ ചുറ്റുവട്ടത്ത് നിൽക്കുന്നു (2018 ജൂൺ 23). നിഫ്റ്റി സമ്പദ് വ്യവസ്ഥയുടെ 23 വിഭാഗങ്ങളുടെ (വൈവിധ്യമുള്ള) 50 സ്റ്റോക്ക് ഇൻഡക്സുകളെ പ്രതിനിധീകരിക്കുന്നു.

സൂചകാങ്കങ്ങളുടെ നിർമ്മിതിയിലുള്ള പ്രശ്നങ്ങൾ (Issues in the Construction of Index Numbers)

 1. സൂചകാങ്കങ്ങളുടെ ഉദ്ദേശ്യം :

  എല്ലാ ഉദ്ദേശ്യങ്ങൾക്കും കൂടിയുള്ള സൂചകാങ്കങ്ങൾ നമുക്കില്ല. അതിനാൽ, തുടക്കത്തിൽത്തന്നെ, ഒരു സൂചകാങ്കം നിർമ്മിക്കുന്നതിന്റെ ഉദ്ദേശ്യം നാം നിർണ്ണയിക്കണം.
 2. ആധാരകാലഘട്ടത്തിന്റെയും (Base Period) പ്രസക്ത കാലഘട്ടത്തിന്റെയും (Current Period)തെരഞ്ഞെടുപ്പ് :

  ഏതു കാലഘട്ടത്തോടാണ് താരതമ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത്, ആ കാലഘട്ടത്തെ ഒരു സൂചകാങ്കത്തിന്റെ ആധാരകാല ഘട്ടം എന്ന് സൂചിപ്പിക്കുന്നു. അതൊരു വർഷമാകാം, മാസമാകാം, അല്ലെങ്കിൽ ഒരു നിമിഷമാകാം. ഈ കാലത്തേക്കുള്ള സൂചകാങ്കം എല്ലായ്പ്പോഴും 100 ആയിട്ടാണെടുക്കുക. ഏതു കാലഘട്ടത്തിനുവേണ്ടിയാണോ സൂചകാങ്കങ്ങൾ നിർമ്മിക്കുന്നത് ആ കാലഘട്ടം പ്രസക്ത കാല ഘട്ടമെന്നറിയപ്പെടുന്നു.
 3. ഇനങ്ങളുടെ എണ്ണത്തിന്റെ തെരഞ്ഞെടുപ്പ് :

  സൂചകാങ്കങ്ങളുടെ നിർമ്മിതിയിൽ എല്ലാ ഇനങ്ങളും ഉൾപ്പെടുത്തുക അസാധ്യമാണ്. വില സൂചകാങ്കങ്ങളുടെ നിർമ്മിതിയിൽ, ആർക്കു വേണ്ടിയാണോ സൂചകാങ്കങ്ങൾ നിർമ്മിക്കപ്പെടുന്നത്, അവരുടെ അഭിരുചികൾ, ശീലങ്ങൾ, ആചാരങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇനങ്ങൾ നാം ഉൾക്കൊള്ളിക്കണം. ദരിദ്രർ, ഇടത്തരക്കാർ, ധനികർ എന്നിവരുടെ കാര്യത്തിൽ ഈ ഇനങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
 4. വില സംബന്ധിച്ച് ക്വട്ടേഷനുകൾ (Price quotations):

  വില സംബന്ധിച്ച ക്വട്ടേഷനുകൾ ബന്ധപ്പെട്ട ഉപഭോഗസാധനങ്ങളുടെ വ്യാപാരത്തിൽ വളരെയധികം അറിയപ്പെടുന്ന ഇടങ്ങളിൽനിന്നു മാത്രമേ ശേഖരിക്കാൻ പാടുള്ളൂ. വിവരം എത്തിക്കുന്നതിന് ഏജന്റുമാരെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്താവുന്നതാണ്.
 5. ഭാരങ്ങളുടെ (weights) തെരഞ്ഞെടുപ്പ് :

  വാങ്ങിയിട്ടുള്ള എല്ലാ ഉപഭോഗ സാധനങ്ങളും തുല്യ പ്രാധാന്യം ഉള്ളവ ആയിരിക്കില്ല. ചിലത് മറ്റുള്ളവയേക്കാൾ കൂടുതൽ പ്രാധാന്യം ഉള്ളവ ആകും. ഇനങ്ങൾക്ക് ആപേക്ഷിക പ്രാധാന്യം കൊടുക്കുന്നതിന്, വാങ്ങിയ ഉപഭോഗസാധനങ്ങളുടെ തൂക്കങ്ങൾ, ഇനങ്ങളുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ, അവയോടൊപ്പം ചേർത്തിരിക്കും.
 6. ഒരു ശരാശരിയുടെ തെരഞ്ഞെടുപ്പ് :

  സൂചകാങ്കങ്ങൾ സവിശേഷമായ ശരാശരികളാണ്. അതിനാൽ സൂചകാങ്കത്തിന്റെ നിർമ്മിതിയിൽ ഉപയോഗിക്കപ്പെടുന്ന ശരാശരിയുടെ കാര്യം നാം തീരുമാനിക്കണം. വളരെ സാധാരണയായി ഉപയോഗിച്ചുവരുന്ന ശരാശരി സമാന്തര മാധ്യമാണ് (arithmetic mean).
 7. സൂത്രവാക്യത്തിന്റെ തെരഞ്ഞെടുപ്പ് :

  സൂചകാങ്കങ്ങൾ നിർമ്മിക്കുന്നതിന് വളരെയധികം സൂത്രവാക്യങ്ങളുണ്ട്. സൈദ്ധാന്തികമായി ഫിഷറുടെ സൂത്രവാക്യം (Fisher’s formula) ആണ് സൂചകാങ്കങ്ങളുടെ നിർമ്മിതിക്ക് ഏറ്റവും മാതൃകാപരമായി പരിഗണിക്കപ്പെട്ടുവരുന്നത്.

സാമ്പത്തിക ശാസ്ത്രത്തിലെ സൂചകാങ്കങ്ങൾ / സൂചികകൾ (Index Numbers in Economics)

സാമ്പത്തിക ശാസ്ത്രത്തിൽ സൂചകാങ്കങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. മൊത്തവില സൂചകാങ്കങ്ങൾ (Wholesale Price Index (WPI) Numbers), ഉപഭോക്തൃ വില സൂചകാങ്കങ്ങൾ (Consumer Price Index (CPI) Number), വ്യാവ സായികോല്പാദന സൂചകം (Index of Industrial Production – IIP) തുടങ്ങിയവ അവയിൽ ചിലതാണ്. ഇവ ഉചിതമായ സാമ്പത്തിക നയരൂപീകരണത്തിന് വളരെ സഹായകമാണ്.

ഉപഭോക്തൃ വില സൂചിക അല്ലെങ്കിൽ ജീവിത നിലവാര സൂചിക (Cost of living index numbers)

വേതനങ്ങൾ നിശ്ചയിക്കുന്നതിനും, വരുമാന നയങ്ങൾ രൂപപ്പെടുത്തുന്നതിനും, വില നയങ്ങളിലും റെന്റ് കൺസ്ട്രോളിനും, ടാക്സേഷനുകളിലും പൊതു സാമ്പത്തിക നയ രൂപീകരണത്തിലും വളരെ പ്രയോജനകരമാണ്.

മൊത്തവില സൂചിക (The Wholesale Price Index – WP)

ദേശീയ വരുമാനം, മൂലധന സമാഹരണം തുടങ്ങിയ സ്ഥൂല സാമ്പത്തിക (Macro economic aggregates) സമാഹൃതങ്ങളിന്മേൽ വിലകളിൽ മാറ്റമുണ്ടാകുമ്പോൾ സംഭവിക്കുന്ന ഫലങ്ങൾ ദൂരീകരിക്കുന്നതിനു ഏറെ സഹായകരമാണ്.
 • നാണയപ്പെരുപ്പത്തിന്റെ നിരക്ക് കൃത്യമായ ഇടവേളകളിൽ അളക്കുന്നതിന് മൊത്തവില സൂചകാങ്കങ്ങൾ പ്രയോജനപ്പെടുത്തുന്നു. നാണയപ്പെരുപ്പം എന്നതുകൊണ്ട് പൊതുവെ അർത്ഥമാകുന്നത് വിലയിൽ പൊതുവെ തുടർച്ചയായി വർധനവ് എന്നാണ്. നാണയപ്പെരുപ്പം അങ്ങേയറ്റമാകുമ്പോൾ പണത്തിന് വിനിമയ മാധ്യമം (Medium of Exchange), കണക്കുകൾക്കുള്ള യൂണിറ്റ് (unit of account) എന്ന നിലയ്ക്കുള്ള പാരമ്പര്യ ധർമ്മം ഇല്ലാതാവുന്നു. അതിന്റെ അന്തിമഫലം പണത്തിന്റെ മൂല്യം കുറയും എന്നതാണ്. നാണയപ്പെരുപ്പനിരക്ക് ആഴ്ചക്കണക്കിൽ താഴെ കൊടുക്കുന്നു.
  \(\mathbf{\frac{X_{t}-X_{t-1}}{X_{t-1}}\,×\,100}\)
 • ഇവിടെ, Xt യും Xt-1 ഉം tth, (t – 1)th ആഴ്ചകളിലെ WPI യെ കുറിക്കുന്നു.
  പണത്തിന്റെ ക്രയശേഷി (Purchasing power) കണക്കാക്കുന്നതിന് അല്ലെങ്കിൽ യഥാർത്ഥ വേതനം (real wage) കണക്കാക്കുന്നതിന് നാം ഉപഭോക്തൃ സൂചകാങ്കങ്ങൾ ഉപയോഗിക്കുന്നു.

  പണത്തിന്റെ ക്രയശേഷി = \(\mathbf{\frac{1}{CPI}}\)

  യഥാർത്ഥ വേതനം = \(\mathbf{\frac{Money Wage}{CPI} \,×\,100}\)
  നാണയപ്പെരുപ്പം പണത്തിന്റെ മൂല്യത്തെ എങ്ങനെ കുറയ്ക്കുന്നു, ക്രയശേഷിയിൽ അതിന്റെ പ്രത്യാഘാതം എന്താണ് എന്നിവ ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം.
  2006 ജനുവരിയിലെ CPI (1982 = 100) 542 ആണെങ്കിൽ അതിന്റെ തുല്യമായ, 2006 ൽ അതിനു ഒരു രൂപയ്ക്കു തുല്യമായത് കിട്ടാൻ –
  \(\mathbf{\frac{100}{542}}\) രൂപ = 0.18 ആണ് അതിന്റെ അർത്ഥം 2006 ൽ അതിന്റെ വില 18 പൈസ എന്നാണ്. ഉപഭോക്താവിന്റെ പണം വേതനം (money wage) 10,000 രൂപയാണെങ്കിൽ അയാളുടെ യഥാർത്ഥ വേതനം (real wage)
  \(\mathbf{\frac{10000}{542}\,×\,100}\) രൂപ = 0.1845 രൂപയായിരിക്കും.
  അതിന്റെ അർത്ഥം 1982 ലെ 1845 രൂപയ്ക്ക് 2006 ജനുവരിയിലെ 10,000 രൂപയുടെ ക്രയശേഷി ഉണ്ടായിരുന്നു എന്നാണ്. അവന് / അവൾക്ക് 1982 ൽ കിട്ടിയിരുന്നത് 4000 രൂപയായിരുന്നെങ്കിൽ വില വർധനവു കാരണം ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാകുമായിരുന്നു. 1982 ലെ ജീവിത നിലവാരം തുടരണമെങ്കിൽ 2006 ജനുവരിയിൽ അവന് /അവൾക്ക് 21,680 രൂപ കിട്ടണം. ഇത് കണക്കാക്കുന്നത് ആധാരവർഷത്തെ ശമ്പളത്തെ (4000 രൂപ) \(\mathbf{\frac{542}{100}}\)എന്ന ഘടകംകൊണ്ട് ഗുണിക്കുക വഴിയാണ്.
  അതായത്,
  \(\mathbf{\frac{4000\,×\,542}{100}}\) = 21680 രൂപ

  സൂചകാങ്കങ്ങൾ എവിടെനിന്നാണ് കിട്ടുക? (Where can we get index numbers ?)

  മൊത്തവില സൂചകാങ്കങ്ങൾ (Wholesale Price Index (WPI) Number), ഉപഭോക്തൃ സൂചകാങ്കങ്ങൾ (Consumer Price Index (CPI) Number), വ്യാവസായികോല്പാദനത്തിന്റെ സൂചകം (Index of Industrial Production – IIP), വിദേശ വ്യാപാരത്തിന്റെ സൂചകങ്ങൾ (Index of Foreign Trade), പ്രധാന വിളകളുടെ സൂചകാങ്കങ്ങൾ (Index Number of yield of principal crops) തുടങ്ങിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സൂചകാങ്കങ്ങൾ ഇന്ത്യൻ ഗവണ്മെന്റ് തയ്യാറാക്കുന്ന സാമ്പത്തിക സർവ്വെ (Economic Survey) യിൽനിന്ന് ലഭിക്കുന്നു.

  സമാപനം (Conclusion)

  അന്യോന്യം ബന്ധപ്പെട്ട ഒരു കൂട്ടം ചരങ്ങളിൽ ഉള്ള മാറ്റങ്ങൾ അളക്കുന്നതിനുള്ള സാംഖ്യിക ഉപകരണമാണ് സൂചകാങ്കങ്ങൾ. വില, അളവ്, വ്യാപ്തി തുടങ്ങിയവയ്ക്ക് സുചകാങ്കങ്ങൾ തയ്യാറാക്കാനാകും. ഇതിനുള്ള വ്യത്യസ്ത രീതികളെപ്പറ്റിയും സൂത്രവാക്യങ്ങളെപ്പറ്റിയും നമ്മൾ ചർച്ച ചെയ്തു. അത്തരം സൂത്രവാക്യങ്ങൾ വ്യാഖ്യാനിക്കേണ്ടത് വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം. ഇനങ്ങൾ എല്ലാം ഉൾപ്പെടുത്തിയിരിക്കണം. ആധാരവർഷങ്ങൾ വളരെ പ്രധാനമാണ്. നയ രൂപീകരണത്തിൽ സൂചകാങ്കങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.
  വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന സൂചകാങ്കങ്ങൾ മൊത്തവില സൂചകാങ്കങ്ങൾ, ഉപഭോക്തൃ സൂചകാങ്കങ്ങൾ, വ്യാവസായികോല്പാദനത്തിന്റെ സൂചകം, കാർഷികോല്പാദനത്തിന്റെ സൂചിക എന്നിവയാണ്.

  "There is no joy in possession without sharing". Share this page.

  Loading

  Leave a Reply

  Your email address will not be published. Required fields are marked *