Plus One Economics Chapter 10: Note in Malayalam
Plus One Economics Chapter 10: Note in Malayalam

Plus One Economics Chapter 10: Note in Malayalam

അദ്ധ്യായം 10:-

വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയും
അയല്‍രാജ്യങ്ങളും.

Plus One Economics Chapter 10

“ഇരുപത്തൊന്നാം നുറ്റാണ്ട്‌ ഏഷ്യന്‍ നൂറ്റാണ്ടായിരിക്കും.”-മന്‍മോഹന്‍സിങ്‌

ആമുഖം

രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തികനയങ്ങള്‍ കാലം കഴിയുന്തോറും മാറിവരാറുണ്ട്‌. കഴിഞ്ഞകാലത്തെ തെറ്റുകളില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നയങ്ങള്‍ മാറ്റുന്നു. അതുപോലെത്തന്നെ മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റു രാജ്യങ്ങളുടെ ജയ പരാജയങ്ങള്‍ നോക്കി പഠിക്കുന്നത്‌ ഗുണകരമായിത്തീരും. അതിനാല്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ വികസനാനുഭവങ്ങളെ താരതമ്യപ്പെടുത്തി നോക്കൂന്നത്‌ നന്നായിരിക്കും.

ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവ അയല്‍ രാജ്യങ്ങളാണെങ്കിലും ഇവയ്ക്കു തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ഇന്ത്യ പുരോഗമനോന്മുഖമായ ആശയങ്ങളോടുകൂടിയ, മതേതരമായ, ഒരു ബഹുകുക്ഷി ജനാധിപത്യ രാജ്യമാണ്‌. ചീനയില്‍ ഏകകക്ഷി രാഷ്ട്രീയ സംവിധാനമാണുള്ളത്‌. പാക്കിസ്ഥാനാകട്ടെ, രാഷ്ട്രീയമായി അത്യന്തം അസ്ഥിരമാണ്‌. അവിടേയും ബഹുകക്ഷി ജനാധിപത്യ സംവിധാനമാണുളളതെങ്കിലും ആ രാജ്യം ഇടയ്ക്കിടെ പട്ടാള സ്വേഛാധിപത്യത്തിന്‍ കീഴില്‍ അമര്‍ന്നുപോകും. മൂന്നു രാജ്യങ്ങള്‍ക്കും പൊതുവായിട്ടുള്ള ഒരു കാര്യം, മൂന്നും വികസ്വരരാജ്യങ്ങളാണെന്നതാണ്‌.

വികസനതന്ത്രങ്ങള്‍: ഒരു പരിപ്രേക്ഷ്യം (Developmental Path – A Snapshot View)

ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവ ഏതാണ്ട്‌ ഒരേ കാലഘട്ടത്തില്‍ സ്വതന്ത്രമാകുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരംഭം കുറിക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും 1947ല്‍ സ്വതന്ത്രമായപ്പോള്‍ ചൈന 1949ല്‍ സ്വതന്ത്രമായി. സാമ്പത്തികവളര്‍ച്ചയ്ക്ക്‌ മൂന്നു രാജ്യങ്ങളും പ്ലാനിങ്‌ തന്ത്രമാണ് അവലംബിച്ചത്‌; മൂന്നു രാജ്യങ്ങളും പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കാനും തുടങ്ങി. പഞ്ചവത്സരപദ്ധതികള്‍ ഇന്ത്യയില്‍ 1951ലും ചൈനയില്‍ 1953 ലും പാക്കിസ്ഥാനില്‍ 1956ലുമാണ്‌ തുടങ്ങിയത്‌. മൂന്നു സമ്പദ് വ്യവസ്ഥകളിലും പ്രധാനപങ്ക്‌ ഗവണ്‍മെന്റിനായിരുന്നു. എന്നാല്‍ മൂന്നു സമ്പദ് വ്യവസ്ഥകളിലും സാമ്പത്തിക നയപരിഷ്‌കരണം (ഉദാരവല്‍ക്കരണം) നടപ്പാക്കിയപ്പോള്‍ അവയില്‍ ഗവണ്‍മെന്റിനുള്ള പങ്കിലും കമ്പോളത്തിനുള്ള പങ്കിലും വലിയ മാറ്റം സംഭവിച്ചു. 1980 കള്‍ വരെ മൂന്നു സമ്പദ് വ്യവസ്ഥകളിലും ഏതാണ്ട് ഒരുപോലെയുള്ള വളര്‍ച്ചാനിരക്കാണുണ്ടായിരുന്നത്‌. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും വളര്‍ച്ചാ നിരക്കിലെ വ്യത്യാസം രൂക്ഷമായിത്തീര്‍ന്നു. മുന്നു രാജ്യങ്ങളിലേയും ഇന്നത്തെ സാമ്പത്തികസ്ഥിതിയുടെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌, നമുക്ക്‌ ചൈനയുടേയും പാക്കിസ്ഥാന്റെയും സാമ്പത്തികനയങ്ങളും വികസന തന്ത്രങ്ങളും ഹൃസ്വമായൊന്ന്‌ പരിശോധിക്കാം. ഇന്ത്യ അവലംബിച്ച സാമ്പത്തികനയങ്ങളും വികസനതന്ത്രങ്ങളും നാം മുന്‍ അധ്യായങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തതാണല്ലോ.

ചൈന (China)

ജനകീയ ചൈന റിപ്പബ്ലിക്‌ (People’s Republic of China) സ്ഥാപിതമായത്‌ 1949 ലാണ്‌. അവര്‍ ഏക കക്ഷി (കമ്യൂണിസ്റ്റ്‌) ഭരണരീതി സ്വീകരിച്ചു. മാവോ സേതുങ്‌ പരമാധികാരിയായി. എല്ലാ ഉല്പാദനോപാധികളും ഗവണ്‍മെന്റിന്റെ നിയ്രന്തണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. കൃഷിക്ക്‌ കമ്യൂണ്‍ സമ്പ്രദായം നടപ്പാക്കി. കമ്യൂണുകളില്‍ ആളുകള്‍ കൂട്ടായാണ്‌ കൃഷി നടത്തിക്കൊണ്ടിരുന്നത്‌. രാജ്യത്തെ വ്യവസായ വല്‍ക്കരിക്കാനായി 1958ല്‍ ഒരു “കുതിച്ചുചാട്ട്‌” (Great Leap Forward – GLF) പരിപാടി നടപ്പാക്കി തുടങ്ങി. 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടം ചീനാചരിത്രത്തിലെ ക്ഷുബ്ധകാലഘട്ടമായിരുന്നു. മഹത്തായ പ്രോലിട്ടേറിയന്‍ സാംസ്‌കാരികവിപ്പവത്തിന്റെ (Great Proletarian Cultural Revolution) കാലഘട്ടമായിട്ടാണിത്‌ അറിയപ്പെടുന്നത്‌. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം നാട്ടിന്‍പുറത്ത്‌ പോയി പണിയെടുക്കാന്‍ നിര്‍ബ്ബന്ധിച്ചു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ആദ്യത്തെ മുന്നു ദശകക്കാലത്ത്‌ ചൈനയുടെ സാമ്പത്തികവളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു, 1958 – 61ലെ ക്ഷാമകാലത്ത് ഏതാണ്ട് രണ്ടരകോടി ആളുകള്‍ മരിച്ചതായാണ്‌ കണക്ക്‌.

1991 ലെ അടവുശിഷ്ട്ര പ്രതിസന്ധിയാണ്‌ ഇന്ത്യയില്‍ സാമ്പത്തികനയഷരിഷ്ക്കരണത്തിന്‌ കാരണമായിത്തീര്‍ന്നത്‌. എന്നാല്‍ അതിനുമുമ്പുതന്നെ, 1980 കളില്‍, രാജീവ്ഗാന്ധി ഗവണ്‍മെന്റിന്റെ കാലത്തുതന്നെ ചില സാമ്പത്തികനയപരിഷ്കാരങ്ങള്‍ക്ക്‌ തുടക്കമിട്ടിരുന്നുവെന്നത്‌ വിസ്മരിക്കാന്‍ പാടില്ല. ചൈനയിലാകട്ടെ മാവോവിന്റെ മരണമാണ്‌ (1978) സാമ്പത്തികനയപരിഷ്കാരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. പുതിയ നേതാവായ ഡെങ്‌ സിയാവോ പിങ്ങിന്റെ കീഴില്‍ ചൈന സാമ്പത്തികനയപരിഷ്കരണം ആരംഭിച്ചു. പഴയ സമ്രഗാധിപത്യ സമ്പദ്‌ വ്യവസ്ഥ പടിപടിയായി ഉപേക്ഷിച്ചു. സ്വകാര്യ മുന്‍കയ്യുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിച്ചു. പഴയ പ്രത്യയശാസ്ത്രപരമായ കടുംപിടുത്തത്തിനു പകരം പ്രായോഗികനയങ്ങള്‍ നടപ്ലാക്കി. ഫലപ്രദമല്ലാത്ത പഴയ സംവിധാനം ഉപേക്ഷിച്ചുകൊണ്ട്‌ ഡെങ്‌ നടത്തിയ പരാമര്‍ശം ഇന്ന്‌ ലോകപ്രസിദ്ധമാണ്‌: “എലിയെ പിടിക്കുന്നിടത്തോളം കാലം, പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നത്‌ പ്രധാനമല്ല.”

ചൈനയില്‍ നടപ്പാക്കിയ പ്രധാന പരിഷ്ക്കാരങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

 • കാര്‍ഷികരംഗത്തെ കമ്യൂണ്‍ സമ്പ്രദായം ഉപേക്ഷിച്ചു; പകരം ഉത്തരവാദിത്വരീതി നടപ്പാക്കി. കമ്യൂണ്‍ സമ്പ്രദായത്തില്‍ കീഴില്‍, ഏതു വിള കൃഷിയിറക്കണമെന്നു നിശ്ചയിക്കാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഉല്പാദനം മുഴുവന്‍ ഗവണ്‍മെന്റ്‌ നിശ്ചയിക്കുന്ന വിലയ്ക്ക്‌ ഗവണ്‍മെന്റിന്‌ വില്‍ക്കേണ്ടതുണ്ടായിരുന്നു. ഉത്തരവാദിത്വരീതിയിന്‍ കീഴില്‍, കൃഷിക്കാര്‍ക്ക്‌ ഏതു വിള വേണമെങ്കിലും കൃഷി ചെയ്യാം. ഉല്പന്നം കുമ്പോളവിലയ്ക്ക്‌ വില്‍ക്കാം.

  ഈ പരിഷ്കാരം മൂലം ചൈനയിലെ കാര്‍ഷികോല്പാദനം ഗണ്യമായി വര്‍ധിച്ചു.

 • സ്വകാര്യമുന്‍കയ്യുകളെയും സ്വകാര്യസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിച്ചു. സ്വകാര്യസംരംഭകര്‍ക്ക്‌ ബിസിനസ്സില്‍ മൂലധനനിക്ഷേപം നടത്താന്‍ സ്വാതന്ത്ര്യം നല്‍കി.

  ഈ നയപരിഷ്‌കാരത്തിന്റെ ഫലമായി ലക്ഷക്കണക്കിന്‌ സംരംഭകര്‍ രംഗത്തെത്തി.

 • പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്‌ സ്വകാര്യമേഖലാസ്ഥാപനങ്ങളുമായി മത്സരിക്കേണ്ടിവന്നു. പല പൊതുമേഖലാസ്ഥാപനങ്ങളും തന്മൂലം പൂട്ടേണ്ടിവന്നു.
 • വിദേശമൂലധനനിക്ഷേപത്തിനുണ്ടായിരുന്ന നിരോധനം നീക്കിയെന്നു മാത്രമല്ല, വിദേശമൂലധനനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

  ഈ നയംമാറ്റം ആയിരക്കണക്കിന്‌ ബഹുരാഷ്ട്ര കമ്പനികളെ ചൈനയിലേക്കാകര്‍ഷിച്ചു. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വിദേശമൂലധനനിക്ഷേപം (FDI) ലഭിക്കുന്ന രാജ്യം ചൈനയായി.

 • നേരിട്ടുള്ള വിദേശമൂലധനനിക്ഷേപത്തെ ആകര്‍ഷിക്കാനായി ചൈനയുടെ വിവിധ ഭാഗങ്ങളില്‍ “പ്രത്യേക സാമ്പത്തിക മേഖലകള്‌” (Special Economic Zones – SEZs) സ്ഥാപിച്ചു.

ഈ പരിഷ്‌കാരങ്ങള്‍ ചീനയുടെ സമ്പദ്‌ വ്യവസ്ഥയെ പാടെ മാറ്റിമറിച്ചു. ഇപ്പോള്‍ ചീനയുടെ GDP യില്‍ 65 ശതമാനവും സ്വകാര്യമേഖലയില്‍നിന്നുള്ളതാണ്‌. കഴിഞ്ഞ 25 കൊല്ലക്കാലത്ത്‌ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ചൈനയുടേതാണ്‌.

ജനസാഖ്യാ വിസ്‌ഫോടനത്തില്‍ നിന്നും രക്ഷനേടാന്‍ ചൈന 1979 ല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഒറ്റ കൂട്ടി സമ്പ്രദായം. ഇത്‌ അമിത ജനസംഖ്യയെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ പദ്ധതി പുതിയ പ്രശ്‌നങ്ങളിലേക്ക്‌ ചൈനയെ കൊണ്ടെത്തിച്ചു. മധ്യവയസ്കരുടെ ഒരു സമൂഹവും മനുഷ്യവിഭവത്തിന്റെ അപര്യാപ്തതയുമായിരുന്നു ഫലം. ഇതിന്റെ വെളിച്ചത്തില്‍ ചൈന ഒറ്റകുട്ടി സമ്പ്രദായം നിര്‍ത്തലാക്കി.

സ്വകാര്യസ്വത്ത്‌

കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍നിന്നകുന്ന്‌ ചൈന സ്വകാര്യസ്വത്ത്‌ എന്ന ആശയം 2007 ല്‍ നടപ്പില്‍ വരുത്തി സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സ്വത്തവകാശം ലഭിക്കുന്നതിനായി ചൈന നിയമനിര്‍മ്മാണം നടത്തി.

പാക്കിസ്ഥാന്‍ (Pakisthan)

ഇന്ത്യയെപ്പോലെത്തന്നെ പാക്കിസ്ഥാനും സമഗ്രമായ പ്ലാനിങ്ങും മിശ്ര സമ്പദ്‌വ്യവസ്ഥയുമാണ്‌ വികസന തന്ത്രമായി സ്വീകരിച്ചിരുന്നത്‌. അതുപോലെ ഇറക്കുമതികള്‍ക്ക്‌ ബദല്‍ കണ്ടെത്താനും, ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കാനും പാക്കിസ്ഥാനും നടപടിയെടുത്തു. 1970കളില്‍ പാക്കിസ്ഥാന്‍ പല വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സാമ്പത്തികനയങ്ങള്‍ക്ക്‌ പല സമാനതകളുമുണ്ടായിരുന്നു.

1980കളില്‍ പാക്കിസ്ഥാന്‍ പതുക്കെ നയം മാറ്റി അവര്‍ ചെറിയ തോതില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങി. സ്വകാര്യമുന്‍കയ്യുകളെയും സ്വകാര്യസംരംഭകരേയും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ വ്യവസായനയങ്ങള്‍ ഉദാരമാക്കി. 1980കളുടെ ഒടുവിലും 1990കളുടെ ആദ്യത്തിലും കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി. വിദേശമുലധനനിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചു; പ്രത്യക്ഷനികുതി കുറച്ചു; സമ്പദ്‌ വ്യവസ്ഥയുടെ പല മേഖലകളിലും സ്വകാര്യ മൂലധനനിക്ഷേപത്തിനും വിദേശ മൂലധനനിക്ഷേപത്തിനും അനുമതി നല്‍കി.

ചൈനയുടെ മുന്നേറ്റം

ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നി മൂന്നു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളിലും പരിഷ്കാരങ്ങള്‍ നടപ്പാക്കുകയുണ്ടായെന്ന്‌ ഇതെല്ലാം വ്യക്തമാക്കുന്നു. മുന്നു സമ്പദ് വ്യവസ്ഥകളും ഉദാരവല്‍കൃതമാക്കപ്പെട്ടു; സ്വകാര്യമുന്‍കയ്യുകളെയും സ്വകാര്യസംരംഭങ്ങളെയും മൂന്നും പ്രോത്സാഹിപ്പിച്ചു; മൂന്നും വിദേശമൂലധനനിക്ഷേപത്തെ സ്വീകരിച്ചു. സാമ്പത്തികനയപരിഷ്കാരങ്ങള്‍ ആരംഭിക്കുന്നതില്‍ ചൈനയ്ക്ക്‌ മുന്‍കയ്യുണ്ടായിരുന്നു എന്നതാണ്‌ ഒരു പ്രധാന വ്യത്യാസം. 1978ല്‍ തന്നെ അവര്‍ സാമ്പത്തിക നയപരിഷിക്കാരം നടപ്പാക്കിത്തുടങ്ങി; ഇന്ത്യയും പാക്കിസ്ഥാനും 1980കളില്‍ തുടക്കം കുറിച്ചുവെങ്കിലും അതിന്‌ വേഗത കൈവന്നത് 1990 കളില്‍ മാത്രമാണ്‌, പല മേഖലകളിലും ചൈന ഇന്ത്യയേക്കാളും പാക്കിസ്ഥാനേക്കാളും മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണം, അവര്‍ക്ക്‌ ലഭിച്ച മുന്‍കയ്യാണ്‌. ഇന്ത്യ കുറച്ചു കൂടി മുന്‍കൂട്ടി സാസ്പത്തികനയപരിഷ്‌കാരങ്ങള്‍ക്ക്‌ തുടക്കമിട്ടിരുന്നു വെങ്കില്‍ ഇതിനകം ഗണ്യമായ പുരോഗതി നേടുമായിരൂന്നുവെന്ന്‌ കരുതുന്ന പണ്ഡിതന്മാരുണ്ട്‌.

നമുക്കിനി ഈ മുന്നു രാജ്യങ്ങളുടേയും വികസന സൂചകങ്ങള്‍ പരിശോധിച്ച്‌ താരതമ്യപഠനം നടത്താം. താഴെ ചേര്‍ക്കുന്ന പട്ടിക അതിനു സഹായിക്കും.

ജനസംഖ്യാപരമായ സൂചകങ്ങള്‍ (Demographic Indicators)

Table 10.1 ജനസംഖ്യാ സൂചകങ്ങള്‍ (2000 – 13)
ജനസംഖ്യാസൂചകം ഇന്ത്യ ചൈന പാക്കിസ്ഥാന്‍
ജനസംഖ്യ (ദശലക്ഷങ്ങള്‍) 1252 1357 18.2
ജനസംഖ്യ വളര്‍ച്ചാനിരക്ക്‌ 1.24 0.49 1.65
ജനസാന്ദ്രത (ഒരു ചതുരശ്രകിലോമീറ്ററിന്) 421 145 236
സ്ത്രീ-പുരുഷ അനുപാതം

(1000 പുരുഷന്)

934 929 947
ഫെര്‍ട്ടിലിറ്റി നിരക്ക്‌ 2.6 1.6 3.3
നഗരവല്‍ക്കരണം 32 53 38

ഈ പട്ടികയില്‍നിന്ന്‌ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം –

 • പാക്കിസ്ഥാനിലെ ജനസംഖ്യ ചൈനയുടെയോ ഇന്ത്യയുടെയോ ജനസംഖ്യയുടെ ഏകദേശം പത്തിലൊന്നാണ്‌. (ശ്രദ്ധിക്കേണ്ട ചില പ്രധാന വസ്തുതകള്‍: നുറുകോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങളേ ലോകത്തിലുള്ളു; 25 കോടിയിലേറെ ജനങ്ങളുള്ള രാജ്യങ്ങള്‍ നാലെണ്ണം മാത്രം; പത്തു കോടിയിലേറെ ജനങ്ങളുള്ള രാജ്യങ്ങള്‍ പതിനൊന്നെണ്ണം മാത്രവുമാണ്‌.)
 • ചൈന ഏറ്റവും വലിയ രാജ്യമാണെങ്കിലും (ജനസംഖ്യയുടെയും ഭൂപ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍) ജനസാന്ദ്രത ഏറ്റവും കുറവാണ്‌ (148/ചതുരശ്ര കി. മീറ്റര്‍). ജനസംഖ്യാവളര്‍ച്ച ഏറ്റവും കൂടുതല്‍ പാക്കിസ്ഥാനിലാണ്‌ (455/ച. കി. മീറ്റര്‍). തൊട്ടുപിന്നില്‍ ഇന്ത്യയാണ്‌ (275/ച. കി. മീറ്റര്‍).
 • ജനസംഖ്യാവളര്‍ച്ചാനിരക്ക്‌ ഏറ്റവും കുറവ്‌ ചൈനയിലും ഏറ്റവും കുടുതല്‍ പാക്കിസ്ഥാനിലുമാണ്‌. ചൈനയില്‍ കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചാനിരക്കിന്‌ കാരണം 1978 ല്‍ അവര്‍ ഏകസന്താനകടുംബം എന്ന മാനദണ്ഡം സ്വീകരിച്ചതാണ്‌. ഏതാനും ദശകങ്ങള്‍ക്കുശേഷം ചൈനയില്‍ ചെറുപ്പക്കാരെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രായമായവര്‍ ഉണ്ടാകും. ഇത്‌ ചൈനയെ പുനര്‍വിചിന്തനത്തിലേക്ക്‌ നയിക്കുകയും ദമ്പതികള്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ടാകാന്‍ അനുവദിക്കുകയും ചെയ്തു.
 • ഏകസന്താനനിയമം ലിംഗാനുപാതം (1000 പുരുഷന്മാര്‍ക്ക്‌ ആനുപാതികമായുള്ള സ്ര്തീകളുടെ എണ്ണം) കുറയുന്നതിന്‌ കാരണമായി. മൂന്ന്‌ രാജ്യങ്ങളിലും ലിംഗാനുപാതം ഏറെക്കുറെ സമാനമാണെന്ന പട്ടികയില്‍നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഈ രാജ്യങ്ങളിലെല്ലാം നിലനില്‍ക്കുന്ന ആണ്‍ കുട്ടികള്‍ക്കുള്ള മുന്‍ഗണനയാണ്‌ ഇതിനുകാരണം.
 • ഒരു സ്ത്രീക്കുണ്ടാകുന്ന കൂട്ടികളുടെ എണ്ണത്തിനാണ്‌ ഫെര്‍ട്ടിലിറ്റി നിരക്ക്‌ എന്നു പറയുന്നത്‌. ഇത്‌ ഏറ്റവുമധികം പാക്കിസ്ഥാനിലും ഏറ്റവും കുറവ്‌ ചൈനയിലുമാണ്‌.
 • ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ഇന്ത്യയിലും ഏറ്റവും കുറവ്‌ ചൈനയിലുമാണ്‌. ചൈനയുടെ വിസ്തീര്‍ണ്ണം വളരെ കൂടിയിരിക്കുന്നതാണിതിന്‌ കാരണം.

GDP യും ബന്ധപ്പെട്ട സൂചകങ്ങളും (GDP and Related Indicators)

സാമ്പത്തിക വളര്‍ച്ചാനിരക്കും GDPക്ക്‌ വിവിധ മേഖലകളുടെ വിഹിതവും വളരെ പ്രധാനമാണെന്ന്‌ നാം കണ്ടുകഴിഞ്ഞു. നമുക്കിനി ഇതു സംബന്ധിച്ച സൂചകങ്ങള്‍ നോക്കാം. താഴെ ചേര്‍ക്കുന്ന പട്ടിക ഇത്‌ വ്യക്തമാക്കും.

Table 10.2 GDP യും ബന്ധപ്പെട്ട സൂചകങ്ങളും
രാജ്യം GDP വളര്‍ച്ചാനിരക്ക്‌
1980 – 90 2015 – 17
ഇന്ത്യ 5.7 7.3
ചൈന 10.3 6.8
പാക്കിസ്ഥാന്‍ 6.3 5.3

ഈ പട്ടികയില്‍നിന്ന്‌ നമുക്ക്‌ താഴെ ചേര്‍ക്കുന്ന നിഗമനങ്ങളിലെത്താം-

 • ജി, ഡി. പി, യില്‍ (PPP) രണ്ടാം സ്ഥാനത്താണ്‌ ചൈന, 22.5 ട്രില്യണ്‍ ഡോളര്‍. ഇന്ത്യയുടെ ജി. ഡി, പി. (PPP) 9.03 ഗടില്യണ്‍ ഡോളറാണ്‌, പാക്കിസ്ഥാന്റേത്‌ 0.94 ട്രില്യണ്‍ ഡോളറും. പാക്കിസ്ഥാന്റെ ജി. ഡി. പി. ഇന്ത്യയുടെ ഏകദേശം 11 ശതമാനമാണെന്നും ഇന്ത്യയുടെ ജി. ഡി. പി. ചൈനയുടെ ഏകദേശം 41 ശതമാനമാണെന്നും നമുക്കു പറയാം.
 • പല വികസിത രാജ്യങ്ങളും 5% വളര്‍ച്ചാനിരക്ക്‌ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ 1980 കളില്‍ ചൈനയ്ക്ക്‌ രണ്ടക്ക വളര്‍ച്ചാനിരക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞു.
 • 1980-൦ 90 കാലഘട്ടത്തില്‍ ചൈന 10.3 ശതമാനം വളര്‍ച്ചാനിരക്കോടെ ഒന്നാമതെത്തി, പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു എന്നത്‌ ശ്രദ്ധിക്കേണ്ട വസ്തുതയാണ്‌.
 • 2015 – 17 കാലഘട്ടത്തില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും വളര്‍ച്ചാനിരക്കുകളില്‍ കുറവൂണ്ടായിട്ടുണ്ട്‌; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ മിതമായ അളവില്‍ വര്‍ധിച്ചു.
 • സാമ്പത്തിക പരിഷ്കരണ പ്രക്രിയകളും രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാനിലെ വളര്‍ച്ചാനിരക്ക്‌ കുറയുന്നതിന്‌ പിന്നിലെ കാരണങ്ങളാണ്‌.

തൊഴിലിന്റെയും മൊത്ത മൂല്യവര്‍ദ്ധനവിന്റെയും മേഖലാ വിഹിതം (Sectoral Share of Employment and Gross Value Added (GVA))

താഴെപ്പറയുന്ന പട്ടികയെ പരാമര്‍ശിച്ച്‌ തൊഴിലിന്റെയും മൊത്തമൂല്യവര്‍ദ്ധനവിന്റെയും മേഖലാവിഹിതം നമുക്ക്‌ ചര്‍ച്ചചെയ്യാം:

Table 10.3 ജി.ഡി.പി., തൊഴില്‍ശക്തി എന്നിവയുടെ മേഖലാതലത്തിലുള്ള പങ്ക്‌ (%) 2018 – 2019
മേഖല GVA യിലേക്കുള്ള സംഭാവന തൊഴില്‍ വിതരണം
ഇന്ത്യ ചൈന പാക്കിസ്ഥാന്‍ ഇന്ത്യ ചൈന പാക്കിസ്ഥാന്‍
കൃഷി 16 7 24 43 26 41
വ്യവസായം 30 41 19 25 28 24
സേവനം 54 52 57 32 46 35
Total 100 100 100 100 100 100
Source: World Development Indicators 2019.

കൃഷി

 • ഭൂപ്രകൃതിയും കാലാവസ്ഥാ സാഹചര്യങ്ങളും കാരണം ചൈനയില്‍ ഏകദേശം 10 ശതമാനം പ്രദേശം മാത്രമാണ്‌ കൃഷിക്ക്‌ അനുയോജ്ചയമായിട്ടുള്ളത്‌.
 • ചൈനയിലെ മൊത്തം കൃഷിയോഗ്യമായ പ്രദേശം ഇന്ത്യയിലെ കൃഷിയോഗ്യമായ പ്രദേശത്തിന്റെ 40 ശതമാനത്തോളം വരും.
 • 1980 കള്‍ വരെ ചൈനയിലെ 80 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു. 2018 – 19 ല്‍ അത്‌ 26 ശതമാനമായി; (GVA യിലേക്കുള്ള സംഭാവന 7 ശതമാനമാണ്‌.
 • ഇന്ത്യയില്‍ GVA യിലേക്കുള്ള കൃഷിയുടെ വിഹിതം 16 ശതമാനമാണ്‌. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ ശക്തിയുടെ അനുപാതം 43 ശതമാനമാണ്‌.
 • പാക്കിസ്ഥാനില്‍ GVA യിലേക്കുള്ള കൃഷിയൂടെ വിഹിതം 24 ശതമാനമാണ്‌. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ശക്തിയുടെ അനുപാതം 41 ശതമാനമാണ്‌.

GVA യിലേക്കുള്ള കൃഷിയുടെ വിഹിതത്തില്‍ പാക്കിസ്ഥാന്‍ ഒന്നാമതാണ്‌. ഇന്ത്യയും ചൈനയും തൊട്ടുപിന്നിലും. കാര്‍ഷികത്തൊഴിലാളികളുടെ വിതരണത്തില്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്‌ ഇത്‌ കൂടുതല്‍.

വ്യവസായം

 • പാക്കിസ്ഥാന്റെ തൊഴില്‍ശക്തിയുടെ 24 ശതമാനം വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ GVA യിലേക്കുള്ള വ്യവസായത്തിന്റെ വിഹിതം 19 ശതമാനമാണ്‌.
 • ഇന്ത്യയില്‍ വ്യാവസായിക തൊഴിലാളികള്‍ 25 ശതമാനമാണ്‌. എന്നാല്‍ അത്‌ GVA യുടെ 30 ശതമാനം പ്രദാനം ചെയ്യുന്നു.
 • ചൈനയില്‍ വ്യാവസായിക തൊഴില്‍ശക്തി 28ശതമാനമാണ്‌. GVA യിലേക്കുള്ള വ്യവസായങ്ങളുടെ വിഹിതം 41 ശതമാനമാണ്‌.

GVA യിലേക്കുള്ള വ്യവസായത്തിന്റെ വിഹിതത്തില്‍ ചൈന ഒന്നാം സ്ഥാനത്താണ്‌, ഇന്ത്യയും .പാക്കിസ്ഥാനും തൊട്ടുപിന്നിലും. തൊഴില്‍ശക്തിയുടെ അനുപാതത്തിലും ഇതേ മാതൃക കാണാം.

സേവനം

 • വികസന പ്രക്രിയയില്‍ രാജ്യങ്ങള്‍ ആദ്യം കൃഷിയില്‍നിന്നും വ്യവസായത്തിലേക്കും പിന്നീട്‌ സേവനങ്ങളിലേക്കും മാറുന്നു.
 • പാക്കിസ്ഥാന്‍ അതിന്റെ തൊഴില്‍ശക്തിയുടെ 35 ശതമാനത്തെ സേവന മേഖലയിലേക്ക്‌ സംഭാവന ചെയ്തു. സ്൩ഥയിലേക്കുള്ള സേവനമേഖലയുടെ വിഹിതം 57 ശതമാനമാണ്‌.
 • ഇന്ത്യ തൊഴില്‍ശക്തിയുടെ 32 ശതമാനത്തെ സേവന മേഖലയിലേക്ക്‌ സംഭാവന ചെയ്തു. GVA യിലേക്കുള്ള സേവനമേഖലയുടെ വിഹിതം 54 ശതമാനമാണ്‌.
 • ചൈന തൊഴില്‍ശക്തിയുടെ 46 ശതമാനത്തെ സേവനമേഖലയില്‍ നിയോഗിച്ചു. GVA ലേക്കുള്ള സേവന മേഖലയുടെ വിഹിതം 52 ശതമാനമാണ്‌.

വ്യത്യസ്തമേഖലകളിലെ ഉല്പന്നവളര്‍ച്ചയുടെ പ്രവണതകള്‍ (Trends in output Growth in Different Sectors)

Table 10.4 ഉല്പന്ന വളര്‍ച്ചയുടെ പ്രവണത വിവിധ മേഖലകളില്‍ 1980 – 2018
രാജ്യം 1980 – 90 2014 – 18
കൃഷി വ്യവസായം സേവനം കൃഷി വ്യവസായം സേവനം
ഇന്ത്യ 3.1 7.4 6.9 3.1 6.9 7.6
ചൈന 5.9 10.8 13.5 3.1 5.3 7.1
പാക്കിസ്ഥാന്‍ 4 7.7 6.8 1.7 4.8 5.0

മനുഷ്യ വികസന സൂചകങ്ങള്‍ (Indicators of Human Development)

ഒരു രാജ്യത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മ അവിടത്തെ മനുഷ്യവികസന സൂചികയില്‍ (HDI) പ്രതിഫലിച്ചു കാണാം. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) യാണ്‌ ഇത്തരമൊരു സൂചിക വികസിപ്പിച്ചെടുത്തത്‌. UNDP 1990 മുതല്‍ കൊല്ലംതോറും മനുഷ്യവികസന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്‌. മനുഷ്യവികസന സൂചികയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ റാങ്ക്‌, നിര്‍ണയിച്ചു കൊണ്ടുള്ളതാണ്‌ ഈ റിപ്പോര്‍ട്ട്‌. ഈ മനുഷ്യവികസന സൂചികയില്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ സ്ഥിതി എന്താണെന്ന്‌ നമുക്ക്‌ പരിശോധരിക്കാം.

Table 10.4 തെരഞ്ഞെടുത്ത ചില മനുഷ്യവികസന സൂചകങ്ങള്‍, 2017-19
ഇനങ്ങള്‍ ഇന്ത്യ ചൈന പാക്കിസ്ഥാന്‍
മനുഷ്യവികസന സൂചിക (മൂല്യം) 0.645 0.761 0.557
മനുഷ്യവികസന സൂചികയിലെ (HDI) റാങ്ക് 130 87 154
ജനനാവസരത്തിലെ ആയുര്‍ദൈര്‍ഘ്യം (വര്‍ഷം) 69.7 76.9 67.3
പ്രായപൂര്‍ത്തിയായവരുടെ സാക്ഷരതാനിരക്ക്‌ (%) 6.5 8.1 5.2
ആളോഹരി GDP (ക്രയശേഷി സമീകരണാടിസ്ഥാനത്തിലുള്ള അമേരിക്കന്‍ ഡോളര്‍)ക്‌ 6681 16057 5005
ദാരിദ്ര്യാനുപാതം (ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ %) 21.9 1.7 24.3
ശിശുമരണനിരക്ക്‌ 29.9 7.4 57.2
പ്രസവാനന്തരമരണനിരക്ക്‌ 133 29 140
സുസ്ഥിര ശുചീകരണ സൗകര്യമൂള്ള ജനങ്ങള്‍ (%) 60 75 60
സുസ്ഥിര ജലവിതരണ സൗകര്യമൂള്ള ജനങ്ങള്‍ (%) 93 96 91
പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ (%) 37.9 8.1 37.6
മനുഷ്യവികസന റിപ്പോര്‍ട്ട്‌

തെരഞ്ഞെടുത്ത ചില മനുഷ്യവികസനസൂചകങ്ങളുടെ താരതമ്യപഠനം ചില പ്രധാന വസ്തുതകള്‍ വെളിപ്പെടുത്തുന്നു-

 • മനുഷ്യ വികസന സൂചികയിലും റാങ്കിലും ചൈന ഇന്ത്യയേക്കാളും പാക്കിസ്ഥാനേക്കാളും മുന്നിട്ടു നില്‍ക്കുന്നു.
 • ശിശുമരണ നിരക്ക്‌, മാത്യമരണ നിരക്ക്‌, പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സാക്ഷരതാനിരക്ക്‌, ആയുര്‍ദൈര്‍ഘ്യം എന്നിവയിലെല്ലാം ചൈന മുന്നിട്ടു നില്‍ക്കുന്നു.
 • ആളോഹരി GDP യിലും പോഷകാഹാരത്തിലും ചൈന മുന്നിലാണ്‌.
 • ശുചീകരണ സൗകര്യത്തില്‍ പാക്കിസ്ഥാനാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.
 • ശുദ്ധജലവിതരണ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മുന്നിട്ടു നില്‍ക്കുന്നു.
 • ദാരിദ്ര്യാനുപാത കാര്യത്തിലും പാക്കിസ്ഥാന്റെ സ്ഥിതി മെച്ചമാണ്‌.

മനുഷ്യവികസന സൂചകങ്ങളെ മാത്രം അടിസ്ഥാനമാക്കി ജീവിതത്തിന്റെ ഗുണമേന്മ സംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്‌ ശരിയല്ല. ജീവിതത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന മറ്റു പല സുചകങ്ങളുമുണ്ട്‌. മനുഷ്യാവകാശങ്ങള്‍, രാഷ്ടീയ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, നിയമവാഴ്ച, പൗരന്മാര്‍ക്കുള്ള വ്യവസ്ഥാപിത സംരക്ഷണം തുടങ്ങിയവയെല്ലാം ജീവിതത്തിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്‌. ജനാധിപത്യവും മതേതരത്വവും പുരോഗമനോന്മുഖമായൊരു ഭരണഘടനയുമുള്ള ഇന്ത്യ ഇത്തരം സൂചകങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിട്ടു നില്‍ക്കുന്നു.

വികസന തന്ത്രങ്ങള്‍ – ഒരു വിലയിരുത്തല്‍ (Development Strategies – An Appraisal )

ചൈന ഒരു ഏകകക്ഷി രാഷ്ട്രമാണ്. വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളോടുകൂടിയ വിവിധ കക്ഷികള്‍ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്‌ ചൈനയിലില്ല. അതുപോലെ പാകിസ്ഥാനില്‍ പട്ടാളം ഇടയ്ക്കിടെ ഭരണം പിടിച്ചെടുക്കുന്നു. ഏകാധിപത്യ ഭരണസംവിധാനങ്ങളില്‍ മനുഷ്യാവകാശസംരക്ഷണം ദുര്‍ലഭമാണ്‌. പല പരിമിതികളുമുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും പത്രസ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശ സംരക്ഷണത്തിന്റേയുമെല്ലാം കാര്യത്തില്‍ വളരെ ഉന്നതസ്ഥാനത്താണ്‌ നില്‍ക്കുന്നത്‌. ജനാധിപത്യം ഇന്നും ഇന്ത്യയില്‍ സജീവമാണെന്ന ഒരൊറ്റ കാര്യം തന്നെ വലിയ നേട്ടമാണ്‌.

സാമ്പത്തികനയപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനുശേഷമുള്ള ചീനയുടെ സാമ്പത്തിക നേട്ടങ്ങള്‍ തീര്‍ച്ചയായും അഭിമാനാവഹമാണ്‌. പക്ഷെ ചീനയുടെ സാമ്പത്തിക തന്ത്രം കൂടുതല്‍ മേത്തരമാണെന്ന നിഗമനത്തിലെത്തുന്നത്‌ തെറ്റായിരിക്കും. ദക്ഷിണ കൊറിയയുടെ കാര്യം നോക്കൂ. 1950കളില്‍ ഇന്ത്യ, ചീന, പാക്കിസ്ഥാന്‍ എന്നിവയുടെ അതേ വികസന നിലവാരം പുലര്‍ത്തിയിരുന്ന ഒരു രാജ്യമായിരുന്നു ദക്ഷിണ കൊറിയ. ഇന്ന്‌ സാമ്പത്തിക സൂചകങ്ങഉുടെ കാര്യത്തില്‍ ചീന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയെയെല്ലാം വെല്ലുന്ന രാജ്യമാണ്‌ ദക്ഷിണ കൊറിയ. അപ്പോള്‍ ദക്ഷിണ കൊറിയന്‍ തന്ത്രമാണ്‌ മേത്തരമെന്നു പറയേണ്ടിവരും. വാസ്തവത്തില്‍, സാമ്പത്തികാനുഭവങ്ങളുടെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളില്‍നിന്നും പഠിക്കാവുന്നതായി ചിലതുണ്ടാകും.

സമാപനം (Conclusion)

പല സാമ്പത്തിക സൂചകങ്ങളുടെയും കാര്യത്തില്‍ ചൈന ഇന്ന്‌ ഇന്ത്യയേക്കാളും പാക്കിസ്ഥാനേക്കാളും മുന്നിലാണ്‌. സാമ്പത്തികവളര്‍ച്ച, ദാരിദ്ര്യ നിവാരണം, അടിസ്ഥാന സൗകര്യവികസനം, വിദേശ വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ചീനയ്ക്കുണ്ടായിരിക്കുന്ന വിജയം തീര്‍ച്ചയായും പ്രശംസനീയമാണ്‌.

ഈ നേട്ടത്തിന്റെ കാരണങ്ങളിലൊന്ന്‌ ചൈന വളരെ മുമ്പേതന്നെ (1978ല്‍) സാമ്പത്തികനയപരിഷ്ക്കാരങ്ങള്‍ ആരംഭിച്ചുവെന്നതാണ്‌. ഇന്ത്യ 1991ലും പാക്കിസ്ഥാന്‍ 1980കളുടെ ഒടുവിലുമാണ്‌ സാമ്പത്തിക നയപരിഷ്ക്കാരത്തിന്‌ മുതിര്‍ന്നത്‌. ഇരുപതുകൊല്ലത്തിലേറെക്കാലം ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നിലനിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ ചൈനയ്ക്ക്‌ ഗണ്യമായ സാമ്പത്തിക പുരോഗതിയുണ്ടായിട്ടുണ്‍. അത്തരത്തിലുള്ള വളര്‍ച്ചാനിരക്കുതന്നെയാണ്‌ ഇപ്പോള്‍ ഇന്ത്യയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. 2004 – 08 കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ 8.7 ശതമാനമായിരുന്നു. അല്പം പതുക്കെയാണെങ്കിലും, പാക്കിസ്ഥാനും മുന്നേറിക്കൊണ്ടിരിക്കുകയാണ്‌. കനത്ത രാഷ്ട്രീയ വില നല്‍കിക്കൊണ്ടാണ്‌ ചീന ഈ വളര്‍ച്ച നേടിയതെന്ന കാര്യം ശ്രദ്ധിക്കേണ്ടത്‌ പ്രധാനമാണ്‌. രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാതെ ഉയര്‍ന്ന തോതില്‍ വളര്‍ച്ച നേടുന്നതിനേക്കാള്‍ നല്ലത്‌ രാഷ്ട്രീയ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവ നിലനിര്‍ത്തിക്കൊണ്ട്‌ മിതമായ തോതില്‍ വളര്‍ച്ച നേടുന്നതാണെന്ന്‌ പല പണ്ഡിതന്മാരും വാദിക്കുന്നു. ബഹുകക്ഷി ജനാധിപത്യം, പത്രസ്വാതന്ത്ര്യം, മനുഷ്യാവകാശസംരക്ഷണം എന്നിവയുടെ അഭാവം ചൈനയുടെ ന്യൂനതയാണ്‌. 1958 – 61 ലെ ക്ഷാമകാലത്ത്‌ ചൈനയില്‍ രണ്ടരകോടിയോളം പേര്‍ മരിക്കാനിടവന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്‌ രാഷ്ട്രീയ പ്രതിപക്ഷത്തിന്റേയും സ്വതന്ത്ര പത്രങ്ങളുടേയും അഭാവമായിരുന്നുവെന്ന്‌ നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍: “പ്രതിപക്ഷത്തിന്റേയും സ്വതന്ത്രപത്രങ്ങളുടേയും അഭാവത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ക്ഷാമമുള്ള കാര്യവും പട്ടിണിമരണം സംഭവിച്ചുകൊണ്ടിരുന്ന വിവരവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടില്ല; അതുകൊണ്ടുതന്നെ ഗവണ്‍മെന്റില്‍നിന്ന്‌ ആശ്വാസ നടപടികളുമുണ്ടായില്ല. ചൈനയിലെ ക്ഷാമം മൂന്നു കൊല്ലം സംഹാരതാണ്ഡവമാടി. ഇങ്ങനെയൊന്ന്‌ സംഭവിക്കുന്നുണ്ടെന്ന്‌ ആരും പരസ്യമായി സമ്മതിച്ചില്ല. ക്ഷാമത്തെ നേരിടാന്‍ നയപരമായ ഒരു പ്രതികരണവുമുണ്ടായില്ല. നേരെമറിച്ച്‌, സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക്‌ കാര്യമായൊരു ക്ഷാമവും അനുഭവിക്കേണ്ടിവന്നില്ല.”

ഇടയ്ക്കിടെയുണ്ടാകുന്ന പട്ടാള സ്വേഛാധിപത്യ ഭരണവും രാഷ്ട്രീയമാണ് അസ്ഥിരതയുമാണ്‌ പാക്കിസ്ഥാന്റെ പ്രധാന പ്രശ്നങ്ങള്‍. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ചൈനയിലേതിനേക്കാളും പാക്കിസ്ഥാനിലേതിനേക്കാളും മേന്മയേറിയതാണ്‌. എന്നാല്‍ സാമ്പത്തികരംഗത്ത്‌ ചൈനയോടൊപ്പമെത്താന്‍ കഴിയണമെങ്കില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ കുറെക്കാലത്തേക്ക്‌ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക്‌ കഴിയേണ്ടതുണ്ട്‌.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *