Chapter 1
നിര്‍വ്വചനങ്ങള്‍
ഒരു സബ്ജക്റ്റ് വളരുമ്പോള്‍ അതിന്റെ പരിധിയും വിസ്തൃതമാകുന്നു. തല്‍ഫലമായി നിര്‍വ്വചനങ്ങള്‍ക്ക് മാറ്റമുണ്ടാകുകയും അവ വിശാലമാകുകയും ചെയ്യുന്നു. വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വിവിധ കാലങ്ങളിലായി ഇക്കണോമിക്സിന് നൽകിയിരിക്കുന്ന വിവിധതരം നിര്‍വ്വചനങ്ങളാണ് കാലഗണനാക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നത്.
(a) ധനനിര്‍വ്വചനം -( Wealth Definition – 1776) ആഡംസ്മിത്ത്
“The study of nature and Causes of Nations Wealth”. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമ്പത്തിന്റെ ഉല്പാദനവും അതിന്റെ ഉപയോഗവുമായി ബന്ധപ്പെട വിഷയമാണ് ഇത് .
(b) ക്ഷേമനിര്‍വ്വചനം – (Welfare Definition – 1890) ആല്‍ഫ്രഡ് മാര്‍ഷല്‍
സധാരണ ബിസിനസ്സ് ജീവിതത്തിലെ മനുഷ്യരെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. അതിനാല്‍ ഒരു വശത്തു സമ്പത്തിനെക്കുറിച്ചുള്ള പഠനവും മറ്റൊരു വശത്ത്, അതായത് കുടുതല്‍ പ്രാധാന്യമുള്ള വശത്ത്, മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന്റെ ഒരു ഭാഗവുമാണിത്.
(c) ദൗർലഭ്യം നിര്‍വ്വചനം – (Scarcity Definition – 1932) ലയണല്‍ റോബിന്‍സ്
മനുഷ്യന്റെ ആവശ്യങ്ങളും ബദല്‍ ഉപയോഗങ്ങളുള്ള ദുര്‍ലഭ വിഭവങ്ങളും തമ്മിലുള്ള ബന്ധമെന്ന നിലയില്‍ മനുഷ്യന്റെ പെരുമാറ്റത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ് സാമ്പത്തികശാസ്ത്രം – An Essay on the Nature and Significanceof Economics.
(d) വളര്‍ച്ചാ നിര്‍വ്വചനം – (Growth Definition – 1964 )- പോള്‍ എ. സാമുവല്‍സണ്‍
ഒരു സമൂഹത്തിലെ വ്യക്തികള്‍ക്കിടയിലോ ഗ്രുപ്പുകള്‍ക്കിടയിലോ, പണം ഉപയോഗിച്ചോ അല്ലാതെയോ, ദുര്‍ലഭവും ഒന്നിലധികം ഉള്ളതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് വിവിധങ്ങളായ സാധന സേവനങ്ങള്‍ ഉലല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചും അവയുടെ വിതരണത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രം പഠിക്കുന്നു.
സാമ്പത്തിക ശാസ്ത്രത്തിന്റെ പഠനമേഖല
ഒരു സമൂഹത്തിലെ വ്യക്തികള്‍ക്കിടയിലോ ഗ്രുപ്പുകള്‍ക്കിടയിലോ, പണം ഉപയോഗിച്ചോ അല്ലാതെയോ, ദുര്‍ലഭവും ഒന്നിലധികം ഉള്ളതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് വിവിധങ്ങളായ സാധന സേവനങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതിനെക്കുറിച്ചും അവയുടെ വിതരണത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രം പഠിക്കുന്നു. സാമ്പത്തികശാസ്ത്രത്തിന്റെ പഠനമേഖല ചെറിയൊരു സമൂഹത്തെ ഉദാഹരണമായെടുത്ത് പരിശോധിച്ചാല്‍ ഒരു സമ്പദ്‌വ്യവസ്ഥ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം. ഓരോ വ്യക്തിക്കും നിത്യജീവിതത്തില്‍ ധാരാളം സാധനങ്ങളും സേവനങ്ങളും ആവശ്യമുണ്ട്. ഓരോ വ്യക്തിയും ഉല്പാദന പ്രക്രിയയില്‍ പങ്കുചേരുകയും സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ഉല്പാദന പ്രക്രിയയില്‍ നിന്ന് ലഭിക്കുന്ന വരുമാനം അയാളുടെ മുഴുവന്‍ ആവശ്യങ്ങളെയും തൃപിതിപ്പെടുത്തുവാന്‍ മതിയാവില്ല. ഇതുപോലെതന്നെയാണ് ഒരു സമ്പദ്‌വ്യവസ്ഥയുടെ കാര്യവും .
ലയണല്‍ റോബിന്‍സ് സാമ്പത്തിക ശാസ്‌ത്രത്തെ നിര്‍വചിച്ചിരിക്കുന്നത് നാം നേരത്തെ കണ്ടു.
“മനുഷ്യന്റെ ആവശ്യങ്ങളും ബദല്‍ ഉപയോഗങ്ങളുള്ള ദൂര്‍ലഭ വിഭവങ്ങളും തമ്മിലുള്ള ബന്ധമെന്ന നിലയില്‍ മനുഷ്യന്റെ പെരുമാറ്റത്തെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം”.
മനുഷ്യന്റെ ആവശ്യങ്ങൾ പരിധിയില്ലാത്തതും വിഭവങ്ങൾ പരിമിതവുമാണ്. അതിനാൽ അപൂർവമായ വിഭവങ്ങളുടെ സാന്നിധ്യത്തിൽ നമ്മുടെ ആവശ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനും മുൻഗണന നൽകുന്നതിനുമുള്ള പഠനമാണ് സാമ്പത്തിക ശാസ്ത്രം. അതിനാൽ, സമ്പത്തിന്റെ ഉൽപാദനം, ഉപഭോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട അറിവിന്റെ ഒരു ശാഖയാണ് ഇക്കണോമിക്സ്. ഒരു സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ആളുകൾ പരിധിയില്ലാത്ത ആവശ്യങ്ങൾ എങ്ങനെ നിറവേറ്റുന്നു എന്ന് പഠിക്കുന്ന ഒരു സാമൂഹിക ശാസ്ത്രമാണിത്.
വ്യക്തികള്‍ക്കോ സമൂഹത്തിനോ വിഭവദൗർലഭ്യം മൂലം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. ഇതിനു സമാനമായ പ്രശ്നങ്ങള്‍ സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് കാരണം.
-
വിഭവങ്ങള്‍ ദുര്‍ലഭമാണ്
-
വിഭവങ്ങള്‍ക്ക് ഒന്നിലധികം ഉപയോഗങ്ങളുണ്ട്
-
സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ അനന്തമാണ്
-
എല്ലാ ആവശ്യങ്ങളും തുല്യപ്രാധാന്യമുള്ളവയല്ല
ഇവതന്നെയാണ് ലയണല്‍ റോബിന്‍സ് നല്‍കിയ നിര്‍വചനത്തിന്റെ അടിസ്ഥാനവും. ദൂര്‍ലഭവും ഒന്നിലധികം ഉപയോഗങ്ങളുള്ളതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ ആവശ്യമായ സാധനസേവനങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമായ സാധനസേവനങ്ങള്‍ വേണം സമ്പദ്‌വ്യവസ്ഥ ഉല്പാദിപ്പിക്കാന്‍. അതായത് ആവശ്യമുള്ള അനേക സാധന സേവനങ്ങളില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ടത് സമ്പദ്‌വ്യവസ്ഥ തെരഞ്ഞെടുക്കണം. അങ്ങനെ വിഭവങ്ങഉടെ ദൗര്‍ലഭ്യം തെരഞ്ഞെടുക്കലിന്റെ പ്രശ്നത്തിലേക്ക് (problem of choice) സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നു. അതായത് സാമ്പത്തികശാസ്ത്രം തെരഞ്ഞെടുക്കലിനെക്കുറിച്ച് പഠിക്കുന്നു.
സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക പ്രവര്‍ത്തനങ്ങളും
സമ്പദ്‌വ്യവസ്ഥയിലെ വലിയ തോതിലുള്ള പരസ്പര ബന്ധിതമായ ഉല്പാദന ഉപഭോഗ പ്രവർത്തനങ്ങളാണ് ദുർലഭ വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ തീരുമാനിക്കാൻ സഹായിക്കുന്നത്. ഇതിനെ ഇക്കണോമിക് സിസ്റ്റം എന്നും വിളിക്കുന്നു.
ജനങ്ങളുടെ ആവശ്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ തൃപ്തിപ്പെടുത്തുവാനായി ഉപയോഗിക്കപ്പെടുന്ന സാധനങ്ങളും സേവനങ്ങളുമടങുന്ന സിസ്റ്റത്തെ സമ്പദ്‌വ്യവസ്ഥ എന്നു പറയാം. ഉല്പ്പാദക യൂണിറ്റുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വയെല്ലാം ഇതിലൂള്‍പ്പെടുന്നു.
ഇവിടെ ചിന്തിക്കേണ്ട ഒരു പ്രധാന കാര്യം വ്യക്തികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഉദ്ദേശ്യത്തോടെ ആയിരിക്കണമെന്നില്ല എന്നതാണ്. അതിനാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ സാമ്പത്തികം, സാമ്പത്തികേതരം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
വരുമാനം സൃഷ്ടിക്കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയുമാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രൊഫ.ബോള്‍ഡിങ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നാല് സ്റ്റെപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഉല്പാദനം, ഉപഭോഗം, വിതരണം, വിനിമയം എന്നിവയാണവ. അവ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്ന് അറിയപ്പെടുന്നു.
വരുമാനത്തിനുവേണ്ടിയല്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സാമ്പത്തികേതര പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ വീട്ടില്‍ അമ്മ ഭക്ഷണം പാചകം ചെയ്യുകയും അത് നമുക്ക് വിളമ്പിത്തരുകയും ചെയ്യുന്നു. ഇത് ഒരു സാമ്പത്തികേതര പ്രവര്‍ത്തനമാണ്. എന്നാല്‍ വരുമാനത്തിനുവേണ്ടി അവര്‍ മറ്റുള്ളവര്‍ക്ക് ഈ ഭക്ഷണം വില്ക്കുകയാണെങ്കില്‍ അവരുടേത് ഒരു സാമ്പത്തികപ്രവര്‍ത്തനമാ ണെന്നു പറയാം.
സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ക്രേന്ദപ്രശ്നങ്ങള്‍
ഉല്പാദനം (production), ഉപഭോഗം (consumption), വിതരണം (distribution) കൈമാറ്റം ചെയ്യല്‍ (exchange) എന്നിവയാണ് അടിസ്ഥാന പരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. ഈ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സമ്പദ്വ്യവസ്ഥകള്‍ ദാര്‍ലഭ്യത്തെ (scarcity) നേരിടേണ്ടതായി വരുന്നു. വിഭവങ്ങളുടെ ദൗര്‍ലഭ്യം തെരഞ്ഞെടുക്കലിന്റെ പ്രശ്‌നത്തിലേക്ക് (problem of choice) നയിക്കുന്നു.
വിഭവങ്ങള്‍ പരിമിതവും അവയ്ക്ക് ഒന്നിലധികം ഉപയോഗങ്ങളുമുള്ളതിനാല്‍ വിഭവങ്ങളെ ശരിയായി പടങ്കിട്ടുനല്‍കണം. വിഭവങ്ങളെ പങ്കിട്ടു നല്‍കുമ്പോള്‍, സമ്പദ്വ്യവസ്ഥ താഴെത്തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം നല്‍കണം.
- എന്ത് ഉല്പാദിപ്പിക്കണം? ഏതളവില്‍ ? (What to produce in what quantities?)
- എങ്ങനെ ഉല്പാദിപ്പിക്കണം? (How are these goods produced ?)
- ആര്‍ക്കുവേണ്ടി ഉല്പാദിപ്പിക്കണം ? (for whom are these goods produced?)
എന്ത് ഉല്പാദിപ്പിക്കണം? ഏതളവില്‍ ? (What to produce in what quantities?)
ഓരോ സമ്പദ്‌വ്യവസ്ഥയ്ക്കും അനന്തമായ സാധനങ്ങളും സേവനങ്ങളും ആവശ്യമുണ്ട്. അവ ഭക്ഷണ സാധനങ്ങളാവാം, വിദ്യാഭ്യാസ സ്ഥാപനങ്ങളാവാം, പ്രതിരോധത്തിനാവശ്യമായ ആയുധങ്ങളാവാം, മെഷീനറി പോലെയുള്ള നിക്ഷേപ സാധനങ്ങളാവാം, ആരോഗ്യ സംരക്ഷണസ്ഥാപനങ്ങളാവാം. ഈ സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുവാന്‍ വിഭവങ്ങള്‍ ആവശ്യമുണ്ട്. വിഭവങ്ങള്‍ പരിമിതമാണ്. അതിനാല്‍ സമ്പദ്‌വ്യവസ്ഥയ്ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുവാന്‍ കഴിയില്ല. അതിനാല്‍, ഒരു നിശ്ചിത സമയത്ത് ഏതെല്ലാം സാധനങ്ങളും സേവനങ്ങളും ഏതേതളവില്‍ ഉല്പാദിപ്പിക്കണമെന്ന തീരുമാനം സമ്പദ്വ്യവസ്ഥ എടുക്കണം. ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം വിഭവങ്ങള്‍ പരിമിതമായതു കൊണ്ട് ഏതെങ്കിലും ഒരു സാധനം കൂടുതലായി ഉല്പാദിപ്പിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊന്നിന്റെ ഉല്പാദനം കുറയും എന്നതാണ്.
എങ്ങനെ ഉല്പാദിപ്പിക്കണം? (How are these goods produced ?)
ഏതു സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കണമെന്നും അത് ഏതളവില്‍ വേണമെന്നും തീരുമാനിച്ചാല്‍ പിന്നീടുണ്ടാകുന്ന ചോദ്യം അവ എങ്ങനെ ഉല്പാദിപ്പിക്കണം? എന്നതാണ്. അതായത് സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാന്‍ എത്ര അളവ് വിഭവങ്ങള്‍ മാറ്റിവയ്ക്കണം. ഇത് ഉല്പാദനത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെ (technology) ആശ്രയിച്ചിരിക്കുന്നു. സാങ്കേതികവിദ്യകള്‍ രണ്ടുതരമുണ്ട്. തൊഴില്‍ നിബിഡ സാങ്കേതിക വിദ്യയും മൂലധന നിബിഡസാങ്കേതിക വിദ്യയും. തൊഴില്‍ നിബിഡ സാങ്കേതികവിദ്യയില്‍ (labour intensive tecnology)) കൂടുതല്‍ തൊഴില്‍ ശക്തിയും കുറവ് മൂലധനത്തേയും ഉപയോഗിക്കുമ്പോള്‍ മൂലധന നിബിഡ സാങ്കേതിക വിദ്യയില്‍ (capital intensive technology)യില്‍ കൂടുതല്‍ മൂലധനവും കുറവ് തൊഴില്‍ ശക്തിയുമാവും ഉപയോഗിക്കുക. ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് ആ സമ്പദ്‌വ്യവസ്ഥയിലെ തൊഴില്‍ ശക്തിയുടെയും മൂലധനത്തിന്റെയും ലഭ്യതയേയും വിലയേയും ആശ്രയിച്ചിരിക്കുന്നു.
ആര്‍ക്കുവേണ്ടി ഉല്പാദിപ്പിക്കണം ? (for whom are these goods produced?)
ഉല്പാദിപ്പിക്കപ്പെട്ട സാധനങ്ങളും സേവനങ്ങളും ആര്‍ക്ക് എത്രമാത്രം ഉപഭോഗം ചെയ്യാന്‍ ലഭിക്കുന്നു എന്നതിനെ ഈ ചോദ്യം വിശദീകരിക്കുന്നു. അതായത് ദേശീയ വരുമാനത്തെ ഉല്‌പാദക ഘടകങ്ങള്‍ക്കിടയില്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് -പ്രവര്‍ത്തനപരമായ വിതരണത്തെക്കുറിച്ച് (functional distribution) -ഈ ചോദ്യം പരാമര്‍ശിക്കുന്നു.
ഇവ കൂടാതെ ഏതൊരു സമ്പദ്‌വ്യവസ്ഥയും താഴെത്തന്നിരിക്കുന്ന പ്രശ്നങ്ങളെയും അഭിമുഖീകരരിക്കേണ്ടതായി വരും.
- കാര്യക്ഷമതയുടെ പ്രശ്നം (problem of efficiency)
- വിഭവങ്ങള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുന്ന പ്രശ്നം (Problem of full employment of resources)
- വിഭവങ്ങളുടെ വളര്‍ച്ചാ പ്രശ്നം (Problem of growth of resources)
ഉല്പ്പാദന സാധ്യതയുടെ അതിര്‍ – ഉല്പാദന സാധ്യതാ വക്രം ( Production Possibility Frontier (PPF) Production Possibility Curve (PPC) )
ഒരു സമ്പദ്‌വ്യവസ്ഥയിലെ വിഭവങ്ങള്‍ പരിമിതമാണ്. അവയ്ക്ക് ഒന്നിലധികം ഉപയോഗങ്ങളുമുണ്ട്. എന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ അനന്തവുമാണ്. അതിനാല്‍ ഓരോ സമ്പദ്‌വ്യവസ്ഥയും അതിന്റെ പരിമിതമായ വിഭവങ്ങളെ വിവിധ സാധന സേവനങ്ങള്‍ ഉല്പാദിപ്പിക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടതുണ്ട്.
“ഒരു നിശ്ചിത സമയത്ത് നിശ്ചിത സാങ്കേതികവിദ്യയും ലഭ്യമായ വിഭവങ്ങളും ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാധന സേവനങ്ങളുടെ ഏല്ലാ സംയോഗങ്ങളേയും കൂടി ഉല്പാദന സാധ്യതാ സംയോഗം (Production Pssibility Set)) എന്ന് പറയുന്നു”.
Table 1.1 ഉല്പാദന സാധ്യതാ സംയോഗം. | ||
സാധ്യതകള്‍ | സാധനം 1 | സാധനം 2 |
---|---|---|
A | 0 | 14 |
B | 1 | 12 |
C | 2 | 9 |
D | 3 | 5 |
E | 4 | 0 |
വിഭവങ്ങള്‍ മുഴുവന്‍ സാധനം 2 ഉല്പാദിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആ സമ്പദ്‌വ്യവസ്ഥയില്‍ 14 യൂണിറ്റ് സാധനം 2 ഉല്പാദിപ്പിക്കാന്‍ കഴിയും. സാധനം 1ന്റെ അളവ് പൂജ്യം. അപ്പോള്‍ A എന്ന ബിന്ദുവിലെ സംയോഗം (0, 14). ഇനി സാധനം 1 ഒരു യൂണിറ്റ് ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ സാധനം 2ന്റെ ഉല്പാദനം 12 യൂണിറ്റിലേക്ക് കുറയുന്നു. അതിനാല്‍ 8 എന്ന ബിന്ദുവിലെ സംയോഗം (1, 12). E എന്ന സംയോഗം കണക്കിലെടുക്കുക. അവിടെ മുഴുവന്‍ വിഭവങ്ങളും സാധനം 1 ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അതിനാല്‍ E എന്ന ബിന്ദുവിലെ സംയോഗം (4, 0). ഇങ്ങനെ ലഭിച്ച സംയോഗങ്ങളെ എല്ലാംകൂടി നാം ഉല്പാദന സാധ്യതാ സംയോഗം (Production Possibility Set) എന്ന് വിളിക്കുന്നു. ഇങ്ങനെ രൂപീകരിച്ച സംയോഗങ്ങളെ ഒരു ഗ്രാഫില്‍ അടയാളപ്പെടുത്താന്‍ കഴിയും. അതിനായി “X” അക്ഷത്തില്‍ സാധനം 1, “Y” അക്ഷത്തില്‍ സാധനം 2 എന്നിവയുടെ അളവുകള്‍ എടുക്കുക. A, B, C, D, E എന്നീ സംയോഗങ്ങള്‍ രേഖപ്പെടുത്തുക. അവയെ യോജിപ്പിക്കുക. അപ്പോള്‍ AE എന്ന കര്‍വ് ലഭിക്കുന്നു. ഇതിനെ ഉല്പാദന സാധ്യതാ അതിര് എന്നു വിളിക്കുന്നു.
ഉല്പാദന സാധ്യതാ സംയോഗങ്ങളുടെ (Production Possibility Set) ഗ്രാഫിനെഉല്പാദന സാധ്യതാ അതിര് (Production Possibility Frontier) എന്നു വിളിക്കുന്നു. വിഭവങ്ങള്‍ പൂര്‍ണ്ണ മായും കാര്യക്ഷമമായും ഉപയോഗിച്ചുകൊണ്ട് നിശ്ചിതസാങ്കേതികവിദ്യ ഉപയോഗിച്ച് നിശ്ചിത സമയത്ത് ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ടു സാധനങ്ങളുടെ സംയോഗങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന കര്‍വ് ആണ് ഉല്പാദന സാധ്യതാ അതിര്. ചിത്രത്തില്‍ കര്‍വ് ABCDE ആണ് ഉല്പാദന സാധ്യതാ അതിര്.
ചിത്രത്തില്‍ F എന്ന ബിന്ദു പരിഗണിക്കുക.
F എന്ന ബിന്ദു ഉല്പാദന സാധ്യതാ അതിരിനുള്ളിലാണ് കിടക്കുന്നത്. ഉല്പാദന സാധ്യതാ അതിരിനുള്ളിലെ ഏതൊരു ബിന്ദുവും അപൂര്‍ണ്ണവിഭവ വിനിയോഗത്തെയോ (Under Employment of Resources) കാര്യക്ഷമമല്ലാത്ത ഉല്പാദനത്തെയോ സൂചിപ്പിക്കുന്നു. കര്‍വിനുള്ളിലെ ബിന്ദുവില്‍ നിന്നും കര്‍വിലെ ബിന്ദുവിലേക്കു മാറുമ്പോള്‍ ഈ രണ്ടു സാധനങ്ങളില്‍ ഒന്നിന്റേതെങ്കിലൂമോ ഇവ രണ്ടിന്റേതുമോ ഉല്പാദനം കൂട്ടാന്‍ കഴിയും. അതിനാല്‍ കര്‍വിനുള്ളിലെ ബിന്ദുക്കള്‍ കാര്യക്ഷമമല്ല.
പട്ടിക 1:1 ശ്രദ്ധിയ്ക്കുക.
ഇവിടെ ഏതെങ്കിലും ഒരു സാധനത്തിന്റെ ഉല്പാദനം കൂട്ടാന്‍ ശ്രമിച്ചാല്‍ മറ്റേ സാധനത്തിന്റെ ഉല്പാദനം കുറയുന്നതായി നമുക്കു കാണാം. പട്ടികയില്‍ A, എന്ന ബിന്ദുവിലെ സംയോഗം (0, 14) എന്നതാണ്. A യില്‍ നിന്നും B യിലേക്ക് പോകുമ്പോള്‍ B എന്ന ബിന്ദുവിലെ സംയോഗം (1, 12). അവിടെ സാധനം 1 ന്റെ അളവ് കൂടുന്നു. സാധനം 2 ന്റെ അളവ് കുറയുന്നു. രണ്ടു സാധനങ്ങള്‍ ഉലപാദിപ്പിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയില്‍ ഒരു സാധനത്തിന്റെ ഉല്പാദന അളവ് ഒരു യൂണിറ്റ് കൂടി വര്‍ദ്ധിപ്പിക്കേണ്ടപ്പോള്‍ മറ്റേ സാധനത്തിന്റെ അളവ് ഏത്ര യൂണിറ്റ് ത്യജിക്കേണ്ടി വരുന്നു എന്നതിനെ അധിക സാധനത്തിന്റെ അവസരച്ചെലവ് (Opportunity Cost of an Additional Unit of Good- Marginal Opportunity Cost (MOC)) എന്ന് പറയുന്നു.
ഒരു സമ്പദ്‌വ്യവസ്ഥയില്‍ അനന്തമായ ഉല്പാദന സാധ്യതകളുണ്ട്. A, B, C, D എന്നിവ അവയില്‍ ചിലതുമാത്രമാണ്. ഈ ഉല്പാദന സാധ്യതകളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം ഒരു സമയം സമ്പദ്വ്യവസ്ഥയ്ക്ക് തെരഞ്ഞെടുക്കാം. അപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രപശ്നങ്ങളില്‍ ഒന്നാമത്തേത് – എന്തുല്പാദിപ്പിക്കണം ഏതളവില്‍ – എന്നത് പരിഹരിക്കപ്പെടുന്നു. സമ്പദ്‌വ്യവസ്ഥ ‘C’ എന്ന സംയോഗം തെരഞ്ഞെടുത്താല്‍ ആ സമ്പദ്‌വ്യവസ്ഥയില്‍ 2 യുണിറ്റ് സാധനം 1, 9 യൂണിറ്റ് സാധനം 2 എന്നിവ ഉല്പാദിപ്പിക്കാം.
മുകളിൽ നൽകിയ ചിത്രം ശ്രദ്ധിക്കുക.
ചിത്രത്തില്‍ ‘S’ എന്ന ബിന്ദു പരിഗണിക്കുക. ഈ ബിന്ദു ഇപ്പോഴുള്ളൂ PPC യുടെ വെളിയിലാണ്. S എന്ന ബിന്ദുവിലെ സംയോഗം (4, 9) എന്നതാണ്. ഇവിടെ ഈ സംയോഗത്തിലെ രണ്ടു സാധനങ്ങടെയും അളവ് PPC-ലെ ഓരോ ബിന്ദുവിനേക്കാളും തുല്യമോ കൂടുതലോ ആണ്. നിലവിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ഈ സംയോഗത്തിന്റെ ഉല്പാദനം നടക്കില്ല. അതായത് കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ സംയോഗം ഉല്പാദിപ്പിക്കാന്‍ കഴിയൂ. അതായത് PPC കര്‍വിനു മുകളിലെ ഏതൊരു ബിന്ദുവും വിഭവ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ PQ എന്ന PPC , RS ലേക്ക് മാറുന്നത് വിഭവവളര്‍ച്ചയെ സൂചിപ്പിക്കുന്നു.
PQ എന്ന ഉല്പാദന സാധ്യതാ വക്രത്തിലെ എല്ലാ ബിന്ദുക്കളും കാണിക്കുന്നത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തെയാണ്. ഉല്പാദന സാധ്യതാ വക്രത്തിന്റെ PQവില്‍ നിന്ന് RS ലേക്കുള്ള ഷിഫ്റ്റ് വ്യക്തമാക്കുന്നത് വിഭവങ്ങളുടെ വളര്‍ച്ചയാണ്.
ഈ പട്ടികയിലെ അധികസാധനത്തിന്റെ അവസര ചെലവ് കണ്ടെത്തിനോക്കാം.
Table 1.2 | |
സാധനം 1 | സാധനം 2 |
---|---|
0 | 14 | 1 | 12 |
2 | 9 |
3 | 5 |
4 | 0 |
Table 1.3 | ||
സാധനം 1 (X) | സാധനം 2 (Y) | \(\mathbf {MOC = {{{\frac{ΔY}{ΔX}} }} }\) |
---|---|---|
0 | 14 | — |
1 | 12 | 2 ÷ 1 = 2 |
2 | 9 | 3 ÷ 1 = 3 |
3 | 5 | 4 ÷ 1 = 4 |
4 | 0 | 5 ÷ 1 = 5 |
ഈ പട്ടികയിലെ അധികസാധനത്തിന്റെ അവസര ചെലവ് കണ്ടെത്തിനോക്കാം.
Table 1.4 | ||
സാധ്യതകള്‍ | ബാഗ് | കുട |
---|---|---|
A | 0 | 15 |
B | 1 | 14 |
C | 2 | 12 |
D | 3 | 9 |
E | 4 | 5 |
F | 5 | 0 |
Table 1.5 | |||
സാധ്യതകള്‍ | ബാഗ് (X) | കുട (Y) | \(\mathbf {MOC = {{{\frac{ΔY}{ΔX}} }} }\) |
---|---|---|---|
A | 0 | 15 | — |
B | 1 | 14 | 1 ÷ 1 = 1 |
C | 2 | 12 | 2 ÷ 1 = 2 |
D | 3 | 9 | 3 ÷ 1 = 3 |
E | 4 | 5 | 4 ÷ 1 = 4 |
F | 5 | 0 | 5 ÷ 1 = 5 |
ഈ പട്ടികയിലെ അധികസാധനത്തിന്റെ അവസര ചെലവ് കണ്ടെത്തിനോക്കാം.
Table 1.6 | ||
സാധ്യതകള്‍ | ബാഗ് | കുട |
---|---|---|
A | 0 | 10 |
B | 1 | 8 |
C | 2 | 6 |
D | 3 | 4 |
E | 4 | 2 |
F | 5 | 0 |
Table 1.7 | |||
സാധ്യതകള്‍ | ഗോതമ്പ് (X) | അരി (Y) | \(\mathbf {MOC = {{{\frac{ΔY}{ΔX}} }} }\) |
---|---|---|---|
A | 0 | 10 | — |
B | 1 | 8 | 2 ÷ 1 = 2 |
C | 2 | 6 | 2 ÷ 1 = 2 |
D | 3 | 4 | 2 ÷ 1 = 2 |
E | 4 | 2 | 2 ÷ 1 = 2 |
F | 5 | 0 | 2 ÷ 1 = 2 |
MOC യും PPC കര്‍വിന്റെ ആകൃതിയും MOC വർദ്ധിക്കുമ്പോൾ PPC ടെ ആകൃതി ഒറിജിനോട് കോൺകേവ് രൂപത്തിലായിരിക്കും. MOC കുറയുമ്പോൾ PPC ടെ ആകൃതി ഒറിജിനോട് കോൺവെക്സ് രൂപത്തിലായിരിക്കും. MOC സ്ഥിരമായിരിക്കുമ്പോൾ PPC ടെ ആകൃതി മുകളിൽ നിന്ന് താഴോട്ട് ചെരിഞ്ഞു താഴുന്ന നേർ രേഖ രൂപത്തിലായിരിക്കും.
Table 1.8 MOC യും PPC കര്‍വിന്റെ ആകൃതിയും | ||
MOC | Production Possibility Curve | ആകൃതി |
---|---|---|
വർദ്ധിക്കുന്നു | ഒറിജിനുമായി കോണ്‍കേവ് | |
കുറയുന്നു | ഒറിജിനുമായി കോണ്‍വെക്സ് | |
സ്ഥിരമായിരിക്കുന്നു | താഴേക്കുചായുന്ന നേര്‍രേഖ |
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സംഘാടനം (Organisation of Economic Activities) സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രപ്രശ്നങ്ങളെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കമ്പോളത്തിലെ സ്വത്രന്തമായ ഇടപെടലുകളിലൂടെയോ ഗവണ്‍മെന്റിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ഇടപെടലുകളിലൂടെയോ പരിഹരിക്കാം.
കേന്ദ്രീകൃതമായി ആസുത്രണം ചെയ്ത സമ്പദ്‌വ്യവസ്ഥ (Centrally Planned Economy) – സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത സമ്പദ്‌വ്യവസ്ഥയില്‍ ഗവണ്‍മെന്റോ പ്ലാനിംഗ് അഥോറിറ്റിയോ ആണ് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. ഉല്പാദനത്തെ സംബന്ധിച്ചോ വിതരണത്തെ സംബന്ധിച്ചോ ഉപഭോഗത്തെ സംബന്ധിച്ചോ ഉള്ള നിര്‍ണ്ണായക തീരുമാനങ്ങളെല്ലാമെടുക്കുക ഗവണ്‍മെന്റ് അഥവാ പ്ലാനിംഗ് അഥോറിറ്റി ആയിരിക്കും. സമൂഹത്തിന് പൊതുവെ ഗുണകരമെന്നു വിലയിരൂത്തപ്പെടുന്ന സാധന സംയോഗങ്ങളോ വിതരണരീതിയോ ആവും ഗവണ്‍മെന്റ് സ്വീകരിക്കുക.
ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സവിശേഷതകളാണ്;
- വിഭവങ്ങളുടെ കൂട്ടായുള്ള ഉടമസ്ഥത
- കേന്ദ്രീകൃത സാമ്പത്തികാസുത്രണം
- മത്സരത്തിന്റെ അഭാവം
- പരമാവധി സാമൂഹ്യക്ഷേമം
കമ്പോള സമ്പദ്‌വ്യവസ്ഥ (Market Economy) – മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം കമ്പോള സമ്പദ്‌വ്യവസ്ഥയാണ്. കമ്പോള സമ്പദ്‌വ്യവസ്ഥയില്‍ (മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍) എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നത് കമ്പോളമാണ്. സാമ്പത്തികശാസ്ത്രത്തില്‍ കമ്പോഉമെന്നത് വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ നടത്തുന്ന സാധന സേവനങ്ങളുടെ സ്വതന്ത്രമായ കൈമാറ്റത്തെ സഹായിക്കുന്ന ക്രമീകരണം എന്നാണര്‍ത്ഥം.
കമ്പോള സമ്പദ്‌വ്യവസ്ഥ ലയ്‌സസ് ഫെയര്‍ ഇക്കോണമി എന്നും അറിയപ്പെടുന്നു. അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നര്‍ത്ഥം. ഇവിടെ വ്യക്തികളും ഉല്പാദക യൂണിറ്റുകളും ഏതെങ്കിലും കേന്ദ്ര തീരുമാനമോ നിര്‍ദ്ദേശങ്ങളോ ഇല്ലാതെ സ്വന്തം താല്പര്യത്തിനനുസരിച്ച് നീങ്ങുന്നു.
മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ വിഭവങ്ങള്‍ ഭൂരിഭാഗവും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും. ഇവിടെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഡിമാന്റ്, സപ്ലൈ ശക്തികള്‍ നിര്‍ണ്ണയിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ്, അതായത് വിലസംവിധാന (Price Mechanism) ത്തിന്റെ അടിസ്ഥാനത്തില്‍ ലാഭം ഉണ്ടാക്കുക എന്നതാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം.
ഡിമാന്റ് – സപ്ലൈശക്തികള്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിര്‍ണ്ണയിക്കുന്ന പ്രക്രിയയാണ് വില മെക്കാനിസം എന്നു പറയുന്നത്.
ഉദാഹരണമായി കമ്പോളത്തില്‍ ഗോതമ്പിനുള്ള ഡിമാന്റ് കൂടുന്നുവെന്ന് കരുതുക. ഗോതമ്പിന്റെ സപ്ലൈയിക്ക് മാറ്റമില്ലെങ്കില്‍ ഗോതമ്പിന്റെ വില ഉയരും. ഇത് ഉല്പാദകര്‍ക്കുള്ള ഒരു സൂചനയാണ്. അപ്പോള്‍ ഉല്പാദകര്‍ കുടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കും. അതിനാല്‍ വില ഒരു സൂചനയായി പ്രവര്‍ത്തിക്കുന്ന.
മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ പ്രധാന സവിശേഷതകളാണ്,
- സ്വകാര്യസ്വത്ത്
- മത്സരം
- വില മെക്കാനിസം
- ലെയ്സെ ഫെയര്‍ നയം
- ഉപഭോക്താവിന്റെ പരമാധികാരം
- ലാഭം ലക്ഷ്യം
മിശ്ര സമ്പദ്‌വ്യവസ്ഥ (Mixed Economy)
ഇന്ന് ലോകത്തിലെ മിക്ക സമ്പദ്‌വ്യവസ്ഥകളും മിശ്ര സമ്പദ്‌വ്യവസ്ഥകളാണ് (Mixed Economy). ഒരു മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ സ്വകാര്യസംരംഭകര്‍ക്കൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളും കാണും. ഇവിടെ ക്രേന്ദസാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുക ഗവണ്‍മെന്റും സ്വകാര്യമേഖലയും ചേര്‍ന്നാണ്. അതായത് ഒരേ സമയം പ്ലാനിങ്ങും വില മെക്കാനിസവും കേന്ദ്ര സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പങ്കു വഹിക്കുന്നു.
മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സവിശേഷതകളാണ്;
- സ്വകാര്യമേഖലയും പൊതുമേഖലയും നിലനില്ക്കുന്നു
- സാമ്പത്തികാസൂത്രണവും വിലമെക്കാനിസവും നിലനില്ക്കുന്നു
- മത്സരം നില്ക്കുന്നു. അതേ സമയം ഗവണ്‍മെന്റിന്റെ നിയന്ത്രണവും ഇടപെടലുമുണ്ട്.
- സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭമാകുമ്പോള്‍, പൊതുമേഖല ഈന്നല്‍ കൊടുക്കുന്നത് സാമൂഹ്യക്ഷേമത്തിനാണ്.
Table 1.9 | |||
സാമ്പത്തികവ്യവസ്ഥ | കളിക്കാര്‍ | പരിഹാരം | ലക്ഷ്യം |
---|---|---|---|
മൂതലാളിത്തം | സ്വകാര്യഉടമസ്ഥത | വിലമെക്കാനിസം | ലാഭം |
സോഷ്യലിസം | പൊതുമേഖല | പ്ലാനിങ്ങ് | സാമുഹ്യക്ഷേമം |
മിശ്ര സമ്പദ്‌വ്യവസ്ഥ | സ്വകാര്യമേഖലയും പൊതുമേഖലയും | വില മെക്കാനിസവും പ്ലാനിങ്ങും | ലാഭവും സാമൂഹ്യ സേവനവും |
കമ്പോള സമ്പദ്‌വ്യവസ്ഥയും ക്രേന്ദികൃത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള താരതമ്യപഠനം
Table 1.10 | |
കമ്പോള സമ്പദ്‌വ്യവസ്ഥ | ക്രേന്ദികൃത സമ്പദ്‌വ്യവസ്ഥ |
കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുക കമ്പോളത്തിലൂടെ വില മെക്കാനിസം വഴിയാണ്. | കേന്ദ്ര സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക പ്ലാനിംഗ് അതോറിറ്റി അഥവാ ഗവണ്‍മെന്റ് കേന്ദ്രീകൃതാസൂത്രണത്തിലൂടെയാണ്. |
---|---|
സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാവൂ. | പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാവൂ. |
ഉല്പാദനത്തെ നിയന്ത്രിക്കൂന്ന ചാലകശക്തി ലാഭമാണ്. | ‘ക്ഷേമ’ത്തെ മുന്‍ നിറുത്തിയാണ് സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുക. |
പോസിറ്റീവ് സാമ്പത്തികശാസ്ത്രവും നോര്‍മേറ്റീവ് സാമ്പത്തിക ശാസ്ത്രവും (Positive and Normative Economics) സാമ്പത്തികശാസ്ത്ര വിശകലനരീതികള്‍ രണ്ടുതരമുണ്ട്.
1. പോസിറ്റീവായ സാമ്പത്തിക ശാസ്ത്രവിശകലന രീതി
ഒരു സാമ്പത്തിക പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ എന്താണ്? (What is..?) എന്നു മാത്രം പറഞ്ഞാല്‍ അത് പോസിറ്റീവായ സാമ്പത്തിക ശാസ്ത്ര വിശകലന രീതിയാണ്.
2. നോര്‍മേറ്റീവായ സാമ്പത്തിക ശാസ്ത്ര വിശകലന രീതി
ഒരു സാമ്പത്തിക ശാസ്ത്ര പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ അത് എങ്ങനെയായിരിക്കണം (What it ought to be) എന്നുകൂടി പരിശോധിക്കുന്നുണ്ടെങ്കില്‍ അത് നോര്‍മേറ്റീവ് വിശകലന രീതിയാണ്. അതായത് ഒരു മെക്കാനിസം സമുഹത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നൊരു അഭിപ്രായ പ്രകടനം കൂടിയുണ്ടെങ്കില്‍ അത് നോര്‍മേറ്റീവ് വിശകലന രീതിയാണ്.
Table 1.11 പോസിറ്റീവ് സാമ്പത്തികശാസ്ത്രവും നോര്‍മേറ്റീവ് സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള താരതമ്യപഠനം | |
പോസിറ്റീവ് സാമ്പത്തിക ശാസ്ത്രം | നോര്‍മേറ്റീവ് സാമ്പത്തിക ശാസ്ത്രം |
എന്താണ് (What is ?) എന്ന ചോദ്യത്തിനുത്തരമായി വിശകലനം നടത്തുന്നു. | എന്തായിരിക്കണം (What it ought to be) എന്ന ചോദ്യത്തിനുത്തരമായി വിശകലനം നടത്തുന്നു. |
---|---|
ഗുണദോഷ വിചിന്തനമില്ല. | ഗൂണദോഷ വിചിന്തനമുണ്ട്. |
സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തികശാസ്ത്രവും (Micro Economics and Macro Economics) സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തികശാസ്ത്രവും പരമ്പരാഗതമായി സാമ്പത്തികശാസ്ത്രത്തെ രണ്ടു പ്രധാന ശാഖകളായി തിരിച്ച് പഠനം നടത്താറുണ്ട്. അവ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രമെന്നും സ്ഥൂല സാമ്പത്തിക ശാസ്ത്രവുമെന്നുമാണ്.
മൈക്രോ എന്ന വാക്കിനര്‍ത്ഥം ചെറുത് എന്നാണ്. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തില്‍ സമ്പദ്‌വ്യവസ്ഥയിലെ ചെറിയ ചെറിയ യൂണിറ്റുകളുടെ (ഉല്പാദക യൂണിറ്റ്, ഉപഭോക്താവ്) പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്നു, ഉദാ, എത്ര അളവ് സാധനം ഉല്പാദിപ്പിക്കണം; ഉല്പാദക ഘടകങ്ങള്‍ എത്ര അളവ് വാങ്ങണം, ഉല്പന്നത്തിന്റെ വില എന്തായിരിക്കണം, ഒരു ഉപഭോക്താവിനെ സംബന്ധിച്ച് തന്റെ വരുമാനം കൊണ്ട് എത്ര അളവ്വ് സാധനം വാങ്ങണം എന്നിങ്ങനെ. മൈക്രോ എക്കണോമിക്സിനെ വില സിദ്ധാന്തം (Price Theory) എന്നും വിളിക്കുന്നു.
മാക്രോ എന്ന വാക്കിനര്‍ത്ഥം വലുത് എന്നാണ്. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തില്‍ നാം സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മൊത്തത്തില്‍ പഠിക്കുന്നു. ഉദാ: മൊത്തം ഉല്പന്നം, ദേശീയവരുമാനം, പൊതുവിലനിലവാരം. ഇവിടെ നാം ഈ സാമ്പത്തികശാസ്ത്ര വേരിയബിളുകള്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നുവെന്നും. ഇതില്‍ കാലത്തിനനുസരിച്ച് എന്തു മാറ്റമാണുണ്ടാവുക എന്നും പഠിക്കുന്നു. ഇത് അഗ്രഗേറ്റ് ഏക്കണോമിക്ന് എന്ന പേരിലും വരുമാന സിദ്ധാന്തം (Income Theory) എന്ന പേരിലും അറിയപ്പെടുന്നു.
മൈക്രോ ഇക്കണോമിക്സിന്റെയും മാക്രോ ഇക്കണോമിക്സിന്റെയും പഠനത്തിന്റെ വ്യാപ്തി വിവേചിച്ചറിയുന്നതിനായി ഇക്കണോമിക്സില്‍ നാം സാധാരണയായി ഉപയോഗിക്കുന്ന ഉപമയാണിത്. മാക്രോ ഇക്കണോമിക്സ് ഒരു വനത്തെക്കുറിച്ചുള്ള പഠനമാണെങ്കില്‍ മൈക്രോ ഇക്കണോമിക്സിനെ മരങ്ങളെക്കുറിച്ചുള്ള പഠനത്തോട് താരതമ്യം ചെയ്യാം. അതിനാല്‍ മൈക്രോ ഇക്കണോമിക്സ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ഹൃസ്വവീക്ഷണമാണ് നല്കുന്നതെന്ന് പറയാം. എന്നാല്‍ മാക്രോ ഇക്കണോമിക്സ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമാണ് നല്കുന്നത്.