Plus Two Economics Chapter 11: Note in Malayalam
Plus Two Economics Chapter 11: Note in Malayalam

Plus Two Economics Chapter 11: Note in Malayalam

അദ്ധ്യായം 11:-

ഗവൺമെന്റ് ധർമ്മങ്ങളും വ്യാപ്തിയും.

Plus Two Economics Chapter 11 The Government Functions and Scope

ആമുഖം ( Introduction )

എല്ലാ ആധുനിക സമ്പദ് വ്യവസ്ഥകളിലും ഗവൺമെന്റുകൾ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് . മുതലാളിത്ത സമ്പദ് വ്യവസ്ഥകളിൽ പോലും മൊത്തം ചെലവിന്റെ ഒരു പ്രധാന ഘടകം പൊതു ചെലവാണ് . പൊതുചെലവുകൾ ബജറ്റിലൂടെയാണ് വെളിപ്പെടുത്തുന്നത് . ഈ അധ്യായത്തിൽ നമുക്ക് ആദ്യം ഗവൺമെന്റ് ബജറ്റിന്റെ ഘടകങ്ങൾ ചർച്ചചെയ്യാം . ഇത് വിവിധ വരുമാന സ്രോതസ്സുകളെക്കുറിച്ചും ചെലവുകളുടെ ഇനങ്ങളെക്കുറിച്ചും നമുക്ക് അറിവുനൽകും . തുടർന്ന് വരുമാനവും ചെലവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള വിവിധതരം ബജറ്റുകളെ ക്കുറിച്ച് നമുക്ക് ചർച്ചചെയ്യാം : മിച്ച ബജറ്റ് , സന്തുലിത ബജറ്റ് , കമ്മി ബജറ്റ് . വിവിധതരം കമ്മികളും അവയുടെ പ്രാധാന്യവും ഇവിടെ പരിശോധിക്കാം . തുടർന്ന് ധനനയം ചർച്ചചെയ്യും . ഉയർന്ന കമ്മി ഗുരുതരമായ പ്രത്യാഘാതങ്ങളോടു കൂടിയ ഉയർന്ന കടത്തിലേക്ക് നയിക്കുന്നു . അതിനാൽ , കടം സംബന്ധിച്ച വിഷയം ചർച്ച ചെയ്തു കൊണ്ട് ഉപസംഹരിക്കാം .

ഗവൺമെന്റ് ബജറ്റ് അർത്ഥവും അതിന്റെ ഘടകങ്ങളും ( Government Budget Meaning and its Components )

ഭരണഘടന നിബന്ധന പ്രകാരം ( ആർട്ടിക്കിൾ 112 ) വർഷംതോറും ഗവൺമെന്റ് അതിന്റെ പ്രതീക്ഷിത വരവുചെലവുകളെക്കുറിച്ചുള്ള ഒരു പ്രസ്താവന പാർലമെന്റിൽ അവതരിപ്പിക്കുന്നു . ഇതാണ് ബജറ്റ് . ഗവൺമെന്റിന്റെ വരവുചെലവുകളുടെ വാർഷിക ധനകാര്യ പ്രസ്താവനയാണ് ഇത് . ഇന്ത്യയിലെ ധനകാര്യ വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് .

ബജറ്റിനെ റവന്യൂ ബജറ്റ് , മൂലധന ബജറ്റ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു .

I. റവന്യൂ ബജറ്റ് ( Revenue Budget )

റവന്യൂ വരുമാനവും റവന്യൂ ചെലവും ഉൾക്കൊ ള്ളുന്നതാണ് റവന്യൂ ബജറ്റ് അഥവാ റവന്യൂ അക്കൗണ്ട് .

II. മൂലധന ബജറ്റ് ( Capital Budget )

മൂലധന വരുമാനവും മൂലധന ചെലവും അട ന്നതാണ് മൂലധന ബജറ്റ് അഥവാ മൂലധന അക്കൗണ്ട് .

ഗവൺമെന്റ് ബജറ്റിന്റെ ലക്ഷ്യങ്ങൾ ( Objectives of Government Budget )

എല്ലാ സർക്കാരുകളും അവരുടെ ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു . ഇതിനായി ഗവൺമെന്റുകൾ ചില ധർമങ്ങൾ വഹിക്കുന്നു . ഈ ധർമങ്ങളും അവയുമായി ബന്ധപ്പെട്ട ചെലവുകളുടെ ഇനങ്ങളും മനസ്സിലാക്കാൻ ശ്രമിക്കാം .

1. വിനിയോഗ കര്‍ത്തവ്യം. ( Allocation Function ) :

പൊതു വസ്തുക്കൾ എല്ലാവർക്കും ലഭ്യമാക്കുകയും അവയ്ക്കുവേണ്ടി വിഭവങ്ങൾ ക്രമീകരിക്കുകയും ഫലപ്രദമായ രീതിയിൽ അവ വിഭജനം നടത്തുകയും ചെയ്യുക എന്നതാണ് വിനിയോഗ ധർമം എന്നതു കൊണ്ടർത്ഥമാക്കുന്നത് . ഈ ധർമത്തക്കുറിച്ച് പറയുമ്പോൾ സാധനങ്ങളെ പൊതുവസ്തു , സ്വകാര്യ വസ്തുക്കൾ എന്നിങ്ങനെ രണ്ടായി തരംതിരിക്കേണ്ടതുണ്ട് .

ആളുകൾ അവരുടെ ആവശ്യകതകളിൽ ഭൂരി ഭാഗവും വിപണിയിൽ നിന്ന് വാങ്ങുന്നു . എന്നാൽ വിപണിക്ക് നൽകാൻ കഴിയാത്ത ചില ചരക്കുകളും സേവനങ്ങളുമുണ്ട് . ദേശീയ പ്രതിരോധം , പോലീസ് , ജുഡീഷ്യൽ സേവനങ്ങൾ , പൊതു പാർക്കുകൾ , പൊതുഭരണം തുടങ്ങിയ വസ്തുക്കളും സേവനങ്ങളും പൊതുവസ്തുക്കൾ ( public goods ) എന്നറിയപ്പെടുന്നു .

വിപണയിൽ നിന്ന് വാങ്ങുന്ന വസ്തുക്കളാണ് സ്വകാര്യ വസ്തുക്കൾ ( private goods ഭക്ഷ്യ വസ്തുക്കൾ , വാഹനങ്ങൾ , വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങളും , മെഡിക്കൽ സേവനങ്ങൾ , നിയമപരമായ സേവനങ്ങൾ , സിനിമകൾ പോലുള്ള വിനോദം തുടങ്ങിയ സേവനങ്ങളും വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കളാണ് . സ്വകാര്യവസ്തുക്കൾ പ്രതിയോഗികളുള്ളതാണ് ( rivalrous ) , അതായത് , ചിലർ ഇവ ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ഇവയുടെ ഉപഭോഗം കുറയ്ക്കും . എന്നാൽ പൊതുവസ്തുക്കൾ അങ്ങനെയല്ല . അവ എല്ലാവർക്കും ലഭ്യമാണ് .

സ്വകാര്യവസ്തുക്കളും പൊതുവസ്തുക്കളും തമ്മിലുള്ള മറ്റൊരു വ്യത്യാസം പൊതുവസ്തുക്കൾ ഒഴിവാക്കാവുന്നവയല്ല ( non – excludable ) എന്നതാണ് . അതായത് ഈ വസ്തുക്കളുടെ ഉപഭോഗത്തിൽനിന്ന് ആരെയും ഒഴിവാക്കാൻ കഴിയില്ല . സ്വകാര്യ വസ്തുക്കൾ ഒഴിവാക്കാവുന്നവയാണ് . ഉദാഹരണമായി , ഒരു സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റ് എടുക്കുന്നവരെ മാത്രമേ അനുവദിക്കുകയുള്ളൂ . ടിക്കറ്റെടുക്കാത്തവരെ ഒഴിവാക്കുന്നു . എന്നാൽ പ്രവേശനം സൗജന്യമായ ഒരു പൊതുപാർക്കിലെ സാഹചര്യം ഇതല്ല . പൊതുവസ്തുക്കൾക്ക് നിശ്ചിത ഫീസ് ചുമത്തുന്നത് പ്രയാസമാണ് . സൗജന്യമായി ലഭിക്കുന്ന വസ്തുക്കൾക്ക് ജനങ്ങൾ പണം നൽകില്ല . പണം നൽകാതെ ഉപയോഗിക്കുന്ന ഇക്കൂട്ടരെയാണ് സൗജന്യക്കാർ ( free riders ) എന്നു വിളിക്കുന്നത് . ഇത്തരം സൗജന്യ യാത്രികരെ പൊതുവസ്തുക്കൾ ഉപയോഗിക്കുന്നതിൽനിന്ന് ഒഴിവാക്കാൻ കഴിയില്ല . അതുകൊണ്ടാണ് അത്തരം വസ്തുക്കൾ ഗവൺമെന്റ് സൗജന്യമായി നൽകുന്നത് .

എന്നിരുന്നാലും , പൊതുവ്യവസ്ഥയും പൊതു ഉൽപാദനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു . പൊതുമേഖലയോ സ്വകാര്യമേഖലയോ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ഗവൺമെന്റ് സൗജന്യമായി നൽകുമ്പോൾ അതിനെ പൊതുവ്യവസ്ഥ ( public provision ) എന്നു പറയുന്നു . ഇത്തരം പൊതുവ്യവസ്ഥക്കുള്ള ധനസഹായം ഗവൺമെന്റിന്റെ വരുമാനത്തിൽനിന്നാണ് നൽകുന്നത് . ഗവൺമെന്റ് ചരക്കുകൾ ഉൽപ്പാദിപ്പിക്കുമ്പോൾ അതിന്റെ പൊതു ഉൽപാദനം ( public production ) എന്നു പറയുന്നു .

2. പുനർവിതരണ ധർമം ( Redistribution Function ) .

വരുമാനത്തിലും സ്വത്തിലുമുള്ള അസമത്വം കുറയ്ക്കാൻ ഗവൺമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് പുനർവിതരണ ധർമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .

വരുമാനത്തിന്റെ ന്യായമായ വിതരണം സാധ്യമാക്കാൻ എല്ലാ ഗവൺമെന്റുകളും ശ്രമിക്കുന്നു . സ്വകാര്യമേഖലയ്ക്കായി ( സ്ഥാപനങ്ങളും കുടുംബങ്ങളും ) ലഭിക്കുന്ന ദേശീയ വരുമാനത്തിന്റെ ഭാഗമാണ് സ്വകാര്യ വരുമാനം . സ്വകാര്യവരുമാനത്തിൽനിന്ന് കുടുംബങ്ങൾക്കു ലഭിക്കുന്നതാണ് വ്യക്തിഗത വരുമാനം . വ്യക്തിഗത വരുമാനത്തിൽനിന്ന് നികുതികൾ അടയ്ക്കേണ്ടതുണ്ട് . അതിനാൽ , വ്യക്തിഗത വരുമാനത്തിൽ നിന്നും നികുതികൾ കുറച്ചതാണ് വിനിയോഗയോഗ്യ വരുമാനം (disposable income ). പൊതുമേഖലയ്ക്ക് ലഭിക്കുന്ന ഭാഗമാണ് പൊതുവരുമാനം .

വ്യക്തിഗത വരുമാനത്തിലെ വലിയ അസമത്വങ്ങൾ ന്യായയുക്തമല്ല . അതിനാൽ , വരുമാനത്തിന്റെ ന്യായമായ വിതരണം സാധ്യമാക്കുന്നതിന് ഗവൺമെന്റ് സമ്പന്നരുടെ മേൽ ഉയർന്ന നിരക്കിൽ നികുതി ചുമത്തുകയും ഈ പണം വിവിധ കർമ്മപദ്ധതികളിലൂടെ പാവപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു . ഉദാഹരണത്തിന് , ഇന്ത്യയിൽ ജൻധൻ അക്കൗണ്ടുകളി ലൂടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ( Direct Benefit Transfer – DBT ) വഴി ഗവൺമെന്റ് പാവപ്പെട്ടവരിലേക്ക് പണം കൈമാറുന്നു . ഇതാണ് പുനർവിതരണധർമ്മം .

3. സ്ഥിരതാ ധർമം ( Stabilization Function ) .

വില സ്ഥിരത , സാമ്പത്തിക സ്ഥിരത തുടങ്ങിയവ നിലനിർത്തുന്നതിനുള്ള ഗവൺമെന്റിന്റെ നടപടി കളാണ് സ്ഥിരതാ ധർമം എന്നറിയപ്പെടുന്നത് .

സാമ്പത്തിക വളർച്ച രേഖീയമല്ല , അത് ചാക്രികമാണ് . കമ്പോള സമ്പദ് വ്യവസ്ഥകളിൽ കാലികമായി അഭിവൃദ്ധിയും മാന്ദ്യവുമുണ്ടാകുന്നു . അഭിവൃദ്ധിയുള്ള സാഹചര്യങ്ങളിൽ മൊത്തം ചോദനം മൊത്തം പ്രദാനത്തേക്കാൾ ഉയർന്നതായിരിക്കും . ഇത് പണപ്പെരുപ്പത്തിന് കാരണമാകുന്നു . നേരെ മറിച്ച് , സാമ്പത്തിക മാന്ദ്യത്തിൽ മൊത്തം ചോദനം കുറവായിരിക്കുകയും അത് പണച്ചുരുക്കത്തിന് കാരണമാകുകയും ചെയ്യുന്നു . അത്തരം ചാക്രിക അസ്ഥിരതയിൽ അതിനെ സ്ഥിരപ്പെടുത്താൻ ഗവൺമെന്റിന് ഇടപെടേണ്ടതുണ്ട് . സാമ്പത്തിക മാന്ദ്യത്തിൽ മൊത്തം ചോദനം വർദ്ധിപ്പിക്കുന്നതിനായി ഗവൺമെന്റ് നികുതികൾ വെട്ടിക്കുറയ്ക്കകയും പൊതുചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു . സാമ്പത്തിക ഉണർച്ചയിൽ ധനനയം ലക്ഷ്യമിടുന്നത് പൊതുചെലവ് കുറയ്ക്കുന്നതിനും നികുതി നിരക്ക് ഉയർത്തുന്നതിനുമായിരിക്കും . സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ധർമത്തെ ഗവൺമെന്റിന്റെ സ്ഥിരതാധർമം എന്നു പറയുന്നു .

വരുമാനങ്ങളുടെ വർഗീകരണം ( Classification of Receipts ) .

I. റവന്യൂ വരുമാനങ്ങൾ ( Revenue Receipts )

ഗവൺമെന്റിനു ബാധ്യതകളുണ്ടാക്കുകയോ ഗവൺമെന്റിന്റെ ആസ്തികൾ ക്ഷയിപ്പിക്കുകയോ ചെയ്യാത്ത വരുമാനങ്ങളാണ് റവന്യൂ വരുമാനങ്ങൾ . വരുമാനത്തെ ( A ) നികുതി വരുമാനമെന്നും ( B ) നികുതിയേതര വരുമാനമെന്നും രണ്ടായി തിരിച്ചിരിക്കുന്നു .

ഗവൺമെന്റിന് വിവിധ സ്രോതസ്സുകളിൽ നിന്നും വരുമാനം ലഭിക്കുന്നു . ഈ സാതസ്സുകളെ സാമാന്യമായി രണ്ടായി തരംതിരിക്കാം . റവന്യൂ വരുമാനവും മൂലധന വരുമാനവും .

A) നികുതി വരുമാനം ( Tax Revenue )

നികുതികളിൽനിന്നുള്ള വരുമാനമാണ് നികുതി വരുമാനം . നികുതികളെ സാമാന്യമായി രണ്ടായി തരം തിരിക്കാം .

  • ( 1 ) ആദായ നികുതി ( വ്യക്തികളുടെ മേൽ ചുമത്തുന്നത് , കോർപറേറ്റ് നികുതി വ്യവസായ സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്നത് എന്നിവ പോലുള്ള പ്രത്യക്ഷനികുതികൾ
  • ( 2 ) ചരക്കുസേവന നികുതി ( GST ) , കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ പരോക്ഷ നികുതികൾ.

പ്രത്യക്ഷ നികുതികൾ ( Direct taxes )

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ ചുമത്തുന്ന നികുതികളാണ് പ്രത്യക്ഷ നികുതികൾ , അസമത്വങ്ങൾ കുറയ്ക്കുന്നതിനും സാമൂഹ്യനീതി കൈവരിക്കുന്നതിനുമുള്ള ഒരു പ്രധാന ധനനയ ഉപകരണമാണ് പ്രത്യക്ഷ നികുതി . വ്യക്തിഗത ആദായനികുതി വർധമാനമാണ് ( progressive ) അതായത് , വരുമാനം വർധിക്കുന്നതിനനുസരിച്ച് നികുതി നിരക്കും ഉയരുന്നു . കോർപറേറ്റ് നികുതി ആനുപാതികമാണ് . കോർപറേറ്റ് ലാഭത്തിന്റെ ഒരു നിശ്ചിത അനുപാതം ഗവൺമെന്റ് നികുതിയായി എടുക്കുന്നു .

നികുതികൾ ( Indirect taxes )

സാധന സേവനങ്ങൾക്ക് മേൽ ചുമത്തുന്ന നികുതികളാണ് പരോക്ഷ നികുതികൾ ചരക്കു സേവന നികുതി പോലുള്ള പരോക്ഷ നികുതികൾ ആനുപാതിക നികുതികളാണ് . അവശ്യ വസ്തുക്കളെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു . പെട്രോളിയം ഉൽപ്പന്നങ്ങൾ ഉയർന്ന നികുതി ചുമത്തുന്നവയാണ് . ഉയർന്ന വരുമാനം സ്വരൂപിക്കുന്നതിനുള്ള ഒരു എളുപ്പമാർഗമാണിത് . ലഹരിവസ്തുക്കളായ ആൽക്കഹോളും പുകയിലയും ഭാരിച്ച നികുതി ചുമത്തപ്പെടുന്നവയാണ് .

( B ) നികുതിയേതര വരുമാനം ( Non – tax Revenue )

നികുതികൾക്ക് പുറമെയുള്ള സ്രോതസ്സുകളിൽനിന്നുള്ള വരുമാനത്തെയാണ് നികുതിയേതര വരുമാനം എന്നു പറയുന്നത് .

നികുതിയേതര വരുമാനത്തിൽ ഗവൺമെന്റിനു ലഭിക്കുന്ന പലിശയും ലാഭവിഹിതവും ഫീസ് പിഴകൾ മുതലായവയും ഉൾപ്പെടുന്നു . കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങൾക്കും സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും വായ്പകൾ നൽകുന്നു . ഈ വായ്പകൾക്ക് ലഭിക്കുന്ന പലിശ ഗവൺമെന്റിന്റെ നികുതിയേതര വരുമാനമാണ് . അതുപോലെ , ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതവും നികുതിയേതര വരു മാനങ്ങളിൽപ്പെടുന്നു . ഗവൺമെന്റ് നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ഗ്രാന്റും ( grants – in – aid ) നികുതിയേതര വരുമാനത്തിന്റെ ഒരു ഭാഗമാകുന്നു .

II. മൂലധന വരുമാനങ്ങൾ ( Capital Receipts )

ഗവൺമെന്റിന് ബാധ്യതകളുണ്ടാക്കുന്നതും ഗവൺമെന്റിന്റെ ആസ്തി കുറയ്ക്കുന്നതുമായ വരുമാനങ്ങളാണ് മൂലധന വരുമാനങ്ങൾ . ഗവൺമെന്റിന്റെ വരു മാനത്തിന്റെ ഒരു പ്രധാന ഉറവിടം അതെടുക്കുന്ന വായ്പകളാണ് . ഈ വായ്പകൾ പലിശസഹിതം തിരിച്ചടയ്ക്കേണ്ടതുണ്ട് . വരുമാനത്തിന്റെ മറ്റൊരു ഉറവിടം ആസ്തികൾ വിറ്റുകിട്ടുന്ന പണമാണ് . ഉദാരവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ബിസിനസ്സ് നടത്തുന്നതിൽനിന്നും ഗവൺമെന്റുകൾ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ് . ഇത് സ്വകാര്യവൽക്കരണത്തിലേക്ക് നയിച്ചു . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ഭാഗം ഓഹരികൾ ഗവൺമെന്റുകൾ വിറ്റുകൊണ്ടിരിക്കുന്നു . ഓഹരി വിറ്റഴിക്കലിലൂടെയുള്ള ( disinvestment ) ഈ വരുമാനമാണ് 1991 മുതലുള്ള ഗവൺമെന്റിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഉറവിടം . കടമെടുക്കുന്നത് ഗവൺമെന്റിന്റെ ബാധ്യത വർധിപ്പിക്കുന്ന ഓഹരി വിറ്റഴിക്കൽ ഗവൺമെന്റിന്റെ ആസ്തികൾ കുറയ്ക്കന്നു . അതിനാൽ , ഗവൺമെന്റിന്റെ ബാധ്യതകൾ വർദ്ധിപ്പിക്കുകയോ ആസ്തികൾ കുറയ്ക്കുകയോ ചെയ്യുന്ന എല്ലാ വരുമാനങ്ങളേയും മൂലധന വരുമാനങ്ങൾ എന്നു നമുക്ക് പറയാം .

ഗവൺമെന്റ് ബജറ്റിന്റെ ഘടകങ്ങളെ താഴെ കാണിച്ചിരിക്കുന്ന വിധത്തിൽ ഒരു ചാർട്ടിലൂടെ സംഗ്രഹിക്കാം .

Components of Budget

ചെലവുകളുടെ വർഗീകരണം ( Classification of Expenditure )

പൊതുചെലവുകളെ സാമാന്യമായി റവന്യൂ ചെല വുകളെന്നും മൂലധന ചെലവുകളെന്നും തരംതിരിക്കാം . പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു വർഗീ കരണം പദ്ധതി ചെലവുകൾ , പദ്ധതിയേതര ചെലവു കൾ എന്നിങ്ങനെയാണ് .

1. റവന്യു ചെലവുകൾ ( Revenue Expenditure )

ആസ്തികൾ ഉണ്ടാക്കുകയോ ബാധ്യതകൾ കുറയ് ക്കുകയോ ചെയ്യാത്ത ചെലവുകളാണ് റവന്യൂ ചെല വുകൾ . പതിവ് ക്രമത്തിൽ വരുന്ന ചെലവുകളാണ് റവന്യൂ ചെലവുകൾ . ഗവൺമെന്റ് ജോലിക്കാർക്കുള്ള ശമ്പളം , പെൻഷൻ , പലിശയടവ് തുടങ്ങിയവ റവന്യൂ ചെലവുകളാണ് .

റവന്യൂ ചെലവുകളെ താഴെ പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു ;

  • (a)പദ്ധതി റവന്യൂ ചെലവുകൾ
  • (b) പദ്ധതിയേതര റവന്യൂ ചെലവുകൾ

(a)പദ്ധതി റവന്യൂ ചെലവുകൾ ( Plan revenue expenditure )

അടുത്ത വർഷത്തേക്കുള്ള പദ്ധതിയിലെ പ്രോജ കളും സ്കീമുകളും നടപ്പാക്കുന്നതിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള നിർദിഷ്ട ചെലവുകളാണ് പദ്ധതി ചെലവുകൾ . ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു .

  • കേന്ദ്ര പദ്ധതികൾ
  • സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദ്ധതികൾക്കുള്ള ധനസഹായം
q അടുത്ത വർഷത്തെ പദ്ധതിയേതര പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള നിർദിഷ്ട ചെലവുകളാണ് പദ്ധതിയേതര റവന്യൂ ചെലവുകൾ . ചെലവിന്റെ മറ്റൊരു പ്രധാന ഘടകമാണ് പദ്ധതിയേതര ചെലവുകൾ . ഗവൺമെന്റിന്റെ പൊതുവായ സാമ്പത്തിക സാമൂഹ്യ സേവനങ്ങൾ എന്നീ ചെലവുകൾ ഇതിൽ ഉള്ളടങ്ങുന്നു . പലിശ അടവ് , ദേശസുരക്ഷ സേവനങ്ങൾ , സബ്സിഡികൾ , ശമ്പളം , പെൻഷൻ മുതലായവയാണ് പ്രധാന ഇനങ്ങൾ .

ആദ്യകാലങ്ങളിലെ ബജറ്റ് പ്രമാണങ്ങളിൽ ചെലവുകളെ പദ്ധതി ചെലവുകളെന്നും പദ്ധതിയേതര ചെലവുകളെന്നുമാണ് തരംതിരിച്ചിരുന്നത് . പദ്ധതി ചെലവുകൾ കേന്ദ്രഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു . പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ് ഈ ചെലവുകൾ വന്നിരുന്നത് . പഞ്ചവത്സര പദ്ധതികൾ നിർത്തലാക്കിയതിനാൽ ഇപ്പോൾ ഇത് പ്രസക്തമല്ല .

മുൻകാല വായ്പകൾക്കുള്ള പലിശയടവുകളാണ് ഇന്ത്യയിൽ റവന്യൂ ചെലവുകളിലെ ഏറ്റവും വലിയ ഇനം . ഇത് നിശ്ചിത ആവശ്യത്തിനുള്ള ചെലവുകളാണ് . പ്രതിരോധ ചെലവുകളാണ് രാജ്യരക്ഷാ ചെലവുകൾ റവന്യൂ ചെലവുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇനം . സബ്സിഡികളും ഗവൺമെന്റിന്റെ റവന്യൂ ചെലവുകളിലെ പ്രമുഖ ഭാഗമാവുന്നു . സൗജന്യമോ വിലകുറഞ്ഞതോ ആയ ഭക്ഷ്യ ധാന്യങ്ങൾ , സൗജന്യ വിദ്യാഭ്യാസം , കർഷകർക്ക് സൗജന്യ വൈദ്യുതി , സൗജന്യമോ ചെലവു കുറഞ്ഞതോ ആയ ആരോഗ്യ സേവനങ്ങൾ മുതലായവയ്ക്ക് വരുന്ന ചെലവുകളാണ് സബ്സിഡികൾ .

2. മൂലധന ചെലവുകൾ ( Capital Expenditure )

പ്രത്യക്ഷ ഉൽപ്പാദനക്ഷമതയുള്ള ചെലവുകളാണ് മൂലധന ചെലവുകൾ . മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന എല്ലാ ചെലവുകളും മൂലധന ചെലവുകളാണ് . റോഡുകൾ , റെയിൽവേ വിമാനത്താവളങ്ങൾ , തുറമുഖങ്ങൾ , വൈദ്യുത നിലയങ്ങൾ മുതലായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമ്പോൾ ഗവൺമെന്റുകൾക്ക് ഭീമമായ ചെലവുകൾ ഉണ്ടാകുന്നു . ഇത്തരം മൂലധന ചെലവുകൾ ഉൽപ്പാദന വർദ്ധനവിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകുന്നു . കേന്ദ്രം , സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന വായ്പകളേയും മൂലധന ചെലവുകളായി കണക്കാക്കുന്നു . കാരണം ഈ വായ്പകൾ തിരിച്ചടയ്ക്കേണ്ടവയാണ് . ആദ്യകാലങ്ങളിൽ മൂലധന ചെലവുകളേയും പദ്ധതി ചെലവുകളെന്നും പദ്ധതിയേതര ചെലവുകളെന്നുമായി തരംതിരിച്ചിരുന്നു . എന്നാൽ ആസൂത്രണം നിർത്തലാക്കിയതിനുശേഷം ഈ വർഗീകരണം ഇപ്പോൾ അപ്രസക്തമായിത്തീർന്നു .

ബജറ്റിനെ രണ്ട് കാഴ്ചപ്പാടുകളിൽ കൂടി കാണാൻ കഴിയും : ഒന്ന് , അക്കൗണ്ടിങ്ങ് കാഴ്ചപ്പാടും രണ്ട് സാമ്പത്തിക കാഴ്ചപ്പാടും . അക്കൗണ്ടിങ്ങിന്റെ കാഴ്ചപ്പാടിൽ ബജറ്റ് എന്നത് അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പ്രതീക്ഷിത വരവുചെലവുകളുടെ ധനകാര്യ പ്രസ്താ വനയാണ് . സാമ്പത്തിക കാഴ്ചപ്പാടിൽ , സാമൂഹ്യ നീതി , സാമ്പത്തിക സ്ഥിരത തുടങ്ങിയ ചില ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ധനനയ ഉപകരണമാണ് ബജറ്റ് .

2003 ൽ പാസ്സാക്കിയ ഒരു പ്രമുഖ നിയമമാണ് FRBM Act ( Fiscal Responsibility and Budget Management Act – സാമ്പത്തിക ഉത്തരവാദിത്തവും ബജറ്റ് മാനേജ്മെന്റും സംബന്ധിച്ച നിയമം ). അസ്ഥായിയായ ധനക്കമ്മി കുറയ്ക്കുന്നതിലൂടെ ധനകാര്യ സ്ഥിരത കൈവരിക്കുന്നതിനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത് . FRBM അനു ശാസിക്കുന്ന മൂന്ന് നയപ്രസ്താവനകൾ ബജറ്റിനോടൊപ്പം അവതരിപ്പിക്കുന്നു . ഒന്നാമത്തേത് ധനകാര്യ സൂചകങ്ങൾക്കായി മൂന്നുവർഷത്തേക്കുള്ള നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന ഇടക്കാല ധനനയ പ്രസ്താവനയാണ് . രണ്ടാമത്തേത് ഗവൺമെന്റിന് മുൻഗണനകൾ നിശ്ചയിക്കുന്ന ധനനയ ഉപായങ്ങളുടെ പ്രസ്താവനയാണ് . മൂന്നാമത്തേത് GDP വളർച്ചാനിരക്ക് , ബാഹ്യ ധനപരമായ മിച്ചം തുടങ്ങിയ സ്ഥല സാമ്പത്തിക സാധ്യതകൾ വിലയിരുത്തുന്ന സ്ഥല സാമ്പത്തിക ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രസ്താവനയാണ് .

സന്തുലിത , മിച്ച , കമ്മി ബജറ്റുകൾ ( Balanced , Surplus and Deficit Budgets ) .

പൊതുചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാവുമ്പോൾ ബജറ്റ് ഒരു കമ്മി ബജറ്റാണ് .

വരുമാനം ചെലവുകളേക്കാൾ കൂടുതലാവുമ്പോൾ ആ ബജറ്റ് മിച്ച ബജറ്റാണ്

വരുമാനവും ചെലവുകളും തുല്യമാകുമ്പോൾ അത് സന്തുലിത ബജറ്റാണ് .

ആധുനിക കാലത്ത് ഗവൺമെന്റുകൾ നിരവധി ധർമങ്ങൾ നിർവഹിക്കുന്നതിനാൽ ബജറ്റുകൾ മിക്കതും കമ്മിയിലാണ് .

ഗവൺമെന്റ് കമ്മിയുടെ അളവുകൾ ( Measures of Government Deficit ) .

കമ്മി ബജറ്റുകൾ ഇക്കാലത്ത് സാധാരണമാണ് . കമ്മി നിയന്ത്രണാധീനമാണെങ്കിൽ അതുകൊണ്ട് യാതൊരു ദോഷവുമില്ല . എന്നിരുന്നാലും , കമ്മി പരിധിയിൽ കൂടുതലായാൽ അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും . അതു കൊണ്ട് കമ്മിയുടെ വിവിധ അളവുകളെക്കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ് .

1. റവന്യൂ കമ്മി ( Revenue Deficit )

ഗവൺമെന്റിന്റെ റവന്യൂ വരുമാനത്തേക്കാൾ കൂടുതൽ റവന്യൂചെലവ് ഉണ്ടാകുകയാണെങ്കിൽ അതിനെ റവന്യൂ കമ്മി ( Revenue Deficit ) എന്നുപറയുന്നു .

റവന്യൂ കമ്മി = റവന്യൂ ചെലവ് – റവന്യൂ വരുമാനം

2. ധനക്കമ്മി ( Fiscal Deficit )

ഗവൺമെന്റിന്റെ മൊത്തം ചെലവ് വായ്പയൊഴികെയുള്ള മൊത്തം വരുമാനത്തേക്കാൾ കൂടുതലാണങ്കിൽ അതിനെ ധനക്കമ്മി ( Fiscal Deficit ) എന്നു പറയുന്നു .

ധനക്കമ്മി = മൊത്തം ചെലവ് – വായ്പഒഴികെയുള്ള മൊത്തം വരുമാനം

ഇതിനെ താഴെപ്പറയുന്ന വിധത്തിൽ എഴുതാം .

മൊത്തം ധനക്കമ്മി = മൊത്തം ചെലവ് – ( മൊത്തം വരുമാനം + ബാധ്യതയുണ്ടാക്കാത്ത മൂലധന വരുമാനം )

നേരത്തെ വിശദീകരിച്ചതുപോലെ , വായ്പകൾ ബാധ്യതയുണ്ടാക്കുന്ന മൂലധന വരുമാനങ്ങളാണ് . വായ്പ വീണ്ടെടുക്കൽ , ഓഹരി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം എന്നിവ കടബാധ്യതയുണ്ടാക്കാത്ത മൂലധന വരുമാനങ്ങൾക്ക് ഉദാഹരണങ്ങളാണ് . മൊത്ത ധനക്കമ്മി നികത്തുന്നത് വായ്പയെടുക്കുന്നതിലൂടെയാണ് . രാജ്യത്തിനുള്ളിൽനിന്ന് ലഘു സമ്പാദ്യ പദ്ധതികൾ വഴിയും റിസർവ് ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതിലൂടെയും ആഭ്യന്തര വായ്പകൾ സ്വരൂപിക്കാവുന്നതാണ് . ബാഹ്യ വായ്പകൾ വിദേശത്തുനിന്നാണ് സ്വരൂപിക്കുന്നത് . ആയതിനാൽ ,

മൊത്തം ധനക്കമ്മി = ആഭ്യന്തരവായ്പ + RBIൽ നിന്നുള്ള വായ്പ വിദേശത്തുനിന്നുള്ള വായ്പ

സമ്പദ് വ്യവസ്ഥയുടെ സ്ഥൂലമായ ആരോഗ്യ സ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന വളരെ നിർണായകമായ സ്ഥൂല സാമ്പത്തിക സൂചകമാണ് മൊത്തം ധനക്കമ്മി . ധനക്കമ്മിയുടെ ഒരു ഭാഗമാണ് വരുമാനക്കമ്മി . റവന്യൂ കമ്മി ഉയർന്നതാണെങ്കിൽ ചെലവിന്റെ ഒരു പ്രധാന ഭാഗം പതിവ് ഉൽപാദനേതര ചെലവുകളിലാണെന്ന് ഇത് സൂചിപ്പിക്കുന്നു . ഉയർന്ന വരുമാനകമ്മി സാമ്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു .

ഉയർന്ന ധനക്കമ്മി സൂചിപ്പിക്കുന്നത് ഗവൺമെന്റ് അതിന്റെ വരുമാനത്തിനപ്പുറം ചെലവഴിക്കുന്നു എന്നാണ് . താങ്ങാനാകാത്ത ധനക്കമ്മി ഉയർന്ന പണപ്പെരുപ്പത്തിനും സ്ഥൂല സാമ്പത്തിക അസ്ഥിരതക്കും കാരണമാകും .

3. പ്രാഥമിക കമ്മി ( Primary Deficit )

കുമിഞ്ഞു കൂടിയ കടത്തിന്റെ പലിശ ഗവൺമെന്റ് ചെലവിന്റെ ഒരു പ്രധാന ഭാഗമാണ് . അതിനാൽ പലിശ ചെലവ് വഹിച്ചതിനു ശേഷമുള്ള വായ്പയിലെ ബാലൻസ് ( ധനക്കമ്മി ) പ്രധാനമാണ് . വായ്പയെടുക്കുന്നതിൽ ഭൂരിഭാഗവും പലിശയടവുകൾക്കായി മാറ്റി വെയ്ക്കുകയാണെങ്കിൽ സമ്പദ് വ്യവസ്ഥ മോശം സ്ഥിതിയിലാണ് . അത് കടക്കെണിയിലേക്ക് നയിച്ചേക്കാം .

പ്രാഥമിക കമ്മി = മൊത്തം ധനക്കമ്മി – അറ്റ പലിശ ബാധ്യതകൾ

കേന്ദ്രം സംസ്ഥാനങ്ങൾക്ക് വായ്പ നൽകുമ്പോൾ അതിന് സംസ്ഥാനങ്ങളിൽനിന്ന് പലിശ ലഭിക്കുന്നു . പലിശ ബാധ്യതകൾ കണക്കാക്കുന്നതിനായി കേന്ദ്രം ഈ അന്തർസംസ്ഥാന വരവുകൾ പലിശയടവുകളിൽനിന്ന് കുറയ്ക്കുന്നു .

PROBLEM 11.1 താഴെ കൊടുത്തിരിക്കുന്ന ബജറ്റ് വിവരങ്ങളിൽ നിന്ന് ( 1 ) റവന്യൂ കമ്മി , ( 2 ) ധനക്കമ്മി ( 3 ) പ്രാഥമിക കമ്മി എന്നിവ കാണുക .

[table id=3 /]

  • (1) റവന്യൂ കമ്മി = റവന്യൂ ചെലവ് – റവന്യൂ വരുമാനം = 9000 – 5773 = ₹3227
  • (2) ധനക്കമ്മി = മൊത്തം ചെലവ് – ( മൊത്തം വരുമാനം + ബാധ്യതയുണ്ടാക്കാത്ത മൂലധന വരുമാനം )

    ബാധ്യതയുണ്ടാക്കാത്ത മൂലധന വരുമാനം = മൂലധന വരുമാനം – കടബാധ്യത

    = 4443 – 4140 = 303

    ധനക്കമ്മി = 10216 – (5773 – 303)

    = 10216 – 6076 = ₹4140 കോടി

  • (3) പ്രാഥമിക കമ്മി = മൊത്തം ധനക്കമ്മി – അറ്റ പലിശ ബാധ്യതകൾ = 4140 – 2195 = ₹1945 കോടി

ധനനയം ( Fiscal Policy )

പൊതുചെലവുകൾ , നികുതി ചുമത്തൽ , കടം വാങ്ങൽ എന്നിവയെ സംബന്ധിച്ചുള്ള ഗവൺമെന്റിന്റെ നയത്തെ ധനനയം എന്നു പറയുന്നു .

” The General Theory of Employment , Interest and Money ” എന്ന തന്റെ മഹത്തായ കൃതിയിലൂടെ ജെ.എം. കെയ്ൻസ് ധനനയത്തെ ജനപ്രിയമാക്കി . സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടത്തിൽ ധനനയത്തിലൂടെ ഗവൺമെന്റ് സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കണം എന്നതാണ് കെയിൻസിന്റെ പ്രധാന വാദം . നികുതി ചുമത്തൽ , പൊതു ചെലവ് വാവായ്പയെടുക്കൽ എന്നിവ സംബന്ധിച്ച് ഗവൺമെന്റിന്റെ നയമാണ് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ കമ്മി ബജറ്റിലൂടെ ധനസഹായം ചെയ്തുകൊണ്ടുള്ള പൊതുചെലവ് പദ്ധതികളെ കെയ്ൻസ് പിൻതാങ്ങി .

മൂന്ന് മേഖലകളുള്ള സമ്പദ് വ്യവസ്ഥയിലെ സന്തുലിത വരുമാന നിർണയം ( Determination of Equilibrium Income in a Three Sector Economy )

കുടുംബങ്ങൾ , ഉല്പാദക യൂണിറ്റുകൾ , ഗവൺമെന്റ് എന്നിവയാണ് ഒരു സമ്പദ് വ്യവസ്ഥയിലെ മൂന്ന് മേഖലകൾ ദ്വിമേഖലാ മാതൃകയിലേക്ക് ഗവൺമെന്റുകൂടി പ്രവേശിക്കുമ്പോൾ അത് തിമേഖലാ മാതൃകയാകുന്നു .

സമ്പദ് വ്യവസ്ഥയിൽ ഗവൺമെന്റ് പ്രവേശിക്കുമ്പോൾ മൊത്തം ചോദനം കൂടുകയോ കുറയുകയോ ചെയ്യാം . അതെല്ലാം ഗവൺമെന്റ് എത്രത്തോളം സാധന സേവനങ്ങൾ വാങ്ങുന്നു എന്നതിനെയും ഒറ്റത്തവണ നികുതിയേയും ( lump – sum tax – T ) അല്ലെങ്കിൽ ആനുപാതിക നികുതിയേയും ( proportional tax – tY ) മാറ്റ അടവിനെയും ( transfer payment – TR ) ആശ്രയിച്ചിരിക്കും . ഈ ചരങ്ങളെല്ലാം വരുമാനത്തിന്റെ / ഉൽപന്നത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു . വ്യത്യസ്ത സാഹചര്യങ്ങളിൽ മൂന്ന് മേഖല കളുള്ള സമ്പദ് വ്യവസ്ഥയിലെ സന്തുലിത വരുമാന നിർണയത്തെക്കുറിച്ച് ചർച്ചചെയ്യാം .

  • (1) ഒറ്റത്തവണ നികുതി ചുമത്തുമ്പോഴുള്ള സന്തുലിയ വരുമാന നിർണയം
  • (2) ആനുപാതിക നികുതി ചുമത്തുമ്പോഴുള്ള സന്തുലിത വരുമാന നിർണയം

1. ഒറ്റത്തവണ നികുതി ചുമത്തുമ്പോഴുള്ള സന്തുലിത ( Determination of Equilibrium Level of Income in case of Lump – sum Taxes )

തിമേഖലാ സമ്പദ് വ്യവസ്ഥയിൽ മൊത്തം ചോദനം ( AD ) എന്നത് ഉപഭോഗ ചോദനം ( C ) , നിക്ഷേപ ചോദനം ( I ) , ഗവൺമെന്റ് ചോദനം ( G ) എന്നിവ ചേർന്നതാണ് . അതിനാൽ ഗവൺമെന്റുള്ള അടഞ്ഞ സമ്പദ് വ്യവസ്ഥയിലെ മൊത്തം ചോദനം , AD = C + I + G ആയിരിക്കും . മൊത്തം ചോദനത്തിന്റെ വിവിധ ഘടകങ്ങളെ ചുരുക്കി വിവരിക്കാം .

( 1 ) ഉപഭോഗ ചോദനം ( Consumption demand – C )

ഉപഭോഗ ചോദനം കുടുംബങ്ങളുടെ ജനങ്ങളുടെ വിനിയോഗ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു . മൊത്തം വരുമാനത്തിൽനിന്ന് ഒറ്റത്തവണ നികുതി കുറയ്ക്കുകയും മാറ്റ അടവുകൾ കൂട്ടുകയും ചെയ്താൽ വിനിയോഗ വരുമാനം ( Y ) ലഭിക്കും . അതായത് ,

YD = Y – T + TR

വരുമാനം എത്രയായാലും ഒരേ തുക നികുതിയായി പിരിച്ചെടുത്താൽ അതിനെ ഒറ്റത്തവണ നികുതി എന്നു പറയുന്നു . ഈ നികുതി വരുമാനത്തെ ആശ്രയിച്ചിരിക്കുന്നില്ല . ഒറ്റത്തവണ നികുതി വരുമാനത്തിലുണ്ടാകുന്ന മാറ്റത്തെ ബാധിക്കുകയില്ല . വരുമാനം എത്രയായാലും നികുതി നിരക്കിൽ മാറ്റമുണ്ടാവില്ല . അതുപോലെ , ഗവൺമെന്റ് ഒരു നിശ്ചിത തുക കുടുംബങ്ങൾക്ക് മാറ്റ അടവുകളായി നല്കുന്നു . മാറ്റ അടവുകൾ സ്ഥിരമാണെന്ന് സങ്കല്പിക്കുന്നു ( TR = TR )

ഗവൺമെന്റുള്ള സമ്പദ് വ്യവസ്ഥയിൽ ഉപഭോഗ ധർമ്മത്തെ C = f(YD) എന്നു പ്രസ്താവിക്കാം .

കുടുംബ മേഖലയുടെ ഉപഭോഗ ചോദനം സ്വതന്ത്ര ഉപഭോഗ ചെലവും വിനിയോഗ വരുമാനത്തെ ആശ്രയിച്ചിരിക്കുന്ന ഉപഭോഗ ചെലവും ചേർന്നതായതുകൊണ്ട് ഉപഭോഗ സമവാക്യം

C = C + cYD

YD = Y – T + TR = TR ആയതുകൊണ്ട് സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ ചോദനം / ചെലവ് ,

C = C + c(Y – T + TR)

( 2 ) നിക്ഷേപ ചോദനം ( Investment demand – I )

ദ്വിമേഖലാ മാതൃകയിലെ പോലെ തിമേഖലാ മാതൃകയിലും നിക്ഷേപ ചോദനത്തിന്റെ അളവ് സ്ഥിരമാണെന്ന് സങ്കല്പ്പിക്കുന്നു . അതുകൊണ്ട് , I = I

( 3 ) ഗവൺമെന്റ് ചോദനം ( Government demand – G )

എല്ലാ സമ്പദ് വ്യവസ്ഥയിലും ഗവൺമെന്റ് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നു . ഇതിന്റെ ചെലവ് സ്ഥിരമാണെന്ന് സങ്കല്പ്പിക്കുന്നു . അതിനാൽ , G = G

മൊത്തം ചോദനം ,

AD = C + I + G

AD = C +c(Y – T + TR) + I + G

AD = C + cY – cT + cTR + I + G

AD = A + cY ആണ് AD വക്രം / സമവാക്യം .

ഇവിടെ ,

Y = C – c(Y – T + TR + I + G)

ഗവൺമെന്റുള്ള അടഞ്ഞ സമ്പദ് വ്യവസ്ഥയിൽ ഉല്പാദിപ്പിക്കപ്പെട്ട അന്തിമ സാധന സേവനങ്ങളുടെ മൊത്തം പ്രദാനവും മൊത്തം ചോദനവും തുല്യമാകുമ്പോഴാണ് ( AS = Y ) ഉല്പന്ന കമ്പോളം സന്തുലിതാവസ്ഥയിൽ എത്തുന്നത് .

സന്തുലിതാവസ്ഥയിൽ :

AS = Y = AD
Y = C – c(Y – T + TR) + I + G

സന്തുലിത വരുമാനം കാണാൻ ഈ സമവാക്യം Yയ്ക്ക് നിർദ്ധാരണം ചെയ്യുക .

Y = C + cY – cT + cTR + I + G

Y – cY = C – cT + cTR + I + G

Y(1 – c) = C – cT + cTR + I + G

സന്തുലിത വരുമാനം Y* ആയാൽ ,

Y* = \( \mathbf{\frac{\overline {C} \,-\, cT\, +\, c\overline {TR} +\overline {I}+\overline{G}}{1\,-\,c}} \) = \( \mathbf{\frac{\overline{A}}{1\,-\,c}} \)

Equilibrium
Diagram 11.1

ഡയഗ്രം 11.1 ൽ 45° ലൈൻ AS = AD സമത്വ രേഖയാണ് . AD = A + cY ആണ് മൊത്തം ചോദന വക്രം . AD വകത്തിന്റെ വെർട്ടിക്കൽ ഇന്റർസെപ്റ്റ് A ചെരിവ് ‘c’ യുമാണ് ( MPC ) എന്ന ബിന്ദുവിൽ AS = AD ആകുന്നു . അപ്പോൾ , സന്തുലിത വരുമാനം / ഉല്പന്നം Y* ആകുന്നു .

EXAMPLE 11.1 : ഉപഭോഗ ധർമ്മം , C = 20 + .8YD, I = I = 20 , T = T = 10 , TR = TR = 5 ,G = G = 10 ആണെന്ന് കരുതുക . അപ്പോൾ , മൊത്തം ചോദന ധർമ്മം :

AD = C + I + G

= 20 + .8 ( Y – 10 + 5 ) + 20 + 10

= 50 + .8Y – 8 + 4 = 46 + .8Y

സന്തുലിതാവസ്ഥയിൽ : AS = AD or Y = AD

Y = 46 + .8Y

Y – .8Y = 46

സന്തുലിത വരുമാനം , Y* = \( \mathbf{\frac{46}{.2}} \) = 230

PROBLEM 11.2: ഒരു സമ്പദ് വ്യവസ്ഥയുടെ C = 100 കോടി , T = 10 കോടി , TR = 4 കോടി , I = 40 കോടി , G = 20 കോടി , MPC = .75 ആയാൽ സന്തുലിത വരുമാനം കാണുക .

സന്തുലിത വരുമാനം , Y*

Y* = \( \mathbf{\frac{\overline {C} \,-\, cT\, +\, c\overline {TR} +\overline {I}+\overline{G}}{1\,-\,c}} \)

= \( \mathbf{\frac{100 \,-\, .75 \,×\, 10\, +\, .75 \,× \,4 \,+ \,40\,+\, 20}{1\,-\,.75}} \)

= \( \mathbf{\frac{160 \,-\, .75\, +\, 3 }{.25}} \)

= \( \mathbf{\frac{155.5}{.25}} \)

= 622 കോടി

ഗവൺമെന്റ് ചെലവിലെ മാറ്റം ( Change in Government Expenditure ) .

ഗവൺമെന്റ് ചെലവിൽ മാറ്റമുണ്ടാകുമ്പോൾ ADയെ എങ്ങനെ ബാധിക്കുന്നുവെന്നു നമുക്ക് നോക്കാം . നികുതികൾ സ്ഥിരമായി നില നിർത്തിക്കൊണ്ട് ഗവൺമെന്റ് വാങ്ങൽ വർധിച്ചാൽ മൊത്തം ചോദനം വർധിക്കും . തന്മൂലം AD രേഖ AD1 ൽ നിന്ന് AD2 ആയി ഡയഗ്രം 11.2 ൽ കാണുന്നതുപോലെ മുകളിലേക്ക് ഷിഫ്റ്റ് ചെയ്യും . പുതിയ സന്തുലിത തലം E1 നിന്ന് E2 വിലേക്ക് നീങ്ങുന്നു . അതിനാൽ ഗുണക പ്രഭാവത്തിന്റെ ഫലമായി സന്തുലിത ഉല്പന്നം Y*1 ൽ നിന്ന് Y*2 ആയി വർധിക്കുന്നു .

Change in Government Expenditure
Diagram 11.2

ഗവൺമെന്റ് ചെലവ് ഗുണകം ( Government Expenditure Multiplier ) .

വരുമാന മാറ്റവും ( ΔY ) ഗവൺമെന്റ് ചെലവി ലുണ്ടാകുന്ന മാറ്റവും ( ΔG ) തമ്മിലുള്ള അനുപാ ഓട്ടോണമസ് ഗവൺമെന്റ് ചെലവ് ഗുണകം എന്നു പറയുന്നു .

ഗവൺമെന്റ് ചെലവ് ഗുണകം = \( \mathbf{\frac{ΔY}{ΔG}} \) = \( \mathbf{\frac{1}{1\,-\,c}} \)

PROBLEM 11.3 : MPC = ,8 ആയാൽ , ഗവൺമെന്റ് ചെലവ് ഗുണകം എത്ര ?

\( \mathbf{\frac{ΔY}{ΔG}} \) = \( \mathbf{\frac{1}{1\,-\,c}} \)

= \( \mathbf{\frac{1}{1\,-\,.8}} \)

= \( \mathbf{\frac{1}{.2}} \)

= 5

ഗവൺമെന്റ് ചെലവ് ഗുണകം 5 ആണെന്നതിന്റെ അർത്ഥം ഗവൺമെന്റ് ₹1 വർധിപ്പിച്ചാൽ വരുമാനം ₹5 കണ്ട് വർധിക്കുമെന്നാണ് .

PROBLEM 11.4 : ഗവൺമെന്റ് ചെലവ് 100 രൂപയിൽ നിന്ന് 200 രൂപയായി വർധിപ്പിച്ചപ്പോൾ ദേശീയ വരുമാനം 1,500 രൂപയിൽ നിന്ന് 1,900 രൂപ യായി വർധിച്ചുവെങ്കിൽ ഗുണകം എത്ര ?

\( \mathbf{\frac{ΔY}{ΔG}} \) = \( \mathbf{\frac{400}{100}} \)

= 4

PROBLEM 11.5 ഒരു സമ്പദ് വ്യവസ്ഥയുടെ MPC .75 ആയിരിക്കെ ഗവൺമെന്റ് ചെലവ് 100 രൂപകണ്ട് വർധിപ്പിച്ചുവെങ്കിൽ മൊത്തം വരുമാനത്തിലുള്ള വർധനവ് എത്ര ?

ΔY = \( \mathbf{\frac{ΔG}{1\,-\,MPC}} \) = \( \mathbf{\frac{100}{1\,-\,.75}} \)

= \( \mathbf{\frac{100}{.25}} \)

= 400

നികുതികളിലെ മാറ്റങ്ങൾ ( Changes in Taxes ) .

നികുതികളിലെ മാറ്റങ്ങൾ മൊത്തം ചോദനത്തെയും സന്തുലിത വരുമാനത്തെയും ബാധിക്കുന്നു . നികുതി വെട്ടിക്കുറച്ചാൽ വരുമാനത്തിന്റെ ഓരോ തലത്തിലേയും വിനിയോഗ വരുമാനത്തെ വർധിപ്പിക്കുന്നു . AD വക്രം നികുതിയിലുള്ള കുറവിന്റെ ‘c’ മടങ്ങ് മുകളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു . അതുപോലെ നികുതി വർധിപ്പിച്ചാൽ AD വക്രം നികുതി വർധനവിന്റെ ‘c’ മടങ്ങ് താഴേക്ക് ഷിഫ്റ്റ് ചെയ്യുന്നു ( cT ) ഇത് ഡയഗ്രം 11.3 ൽ കൊടുത്തിരിക്കുന്നു . നികുതിയിൽ ΔT അളവ് കുറവ് വരുത്തുമ്പോൾ വരുമാനം ΔY അളവ് വർധിക്കുന്നു . E1 ബിന്ദുവിൽ വരുമാനം Y*1 ആണ് . നികുതി കുറച്ചതിന്റെ ഫലമായി AD വക്രം AD1 ൽ നിന്ന് AD2 ആയി മുകളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു . അപ്പോൾ സന്തുലിത വരുമാനം Y*1 ൽ നിന്ന് Y*2 ആയി വർധിക്കുന്നു .

Decrease in Government Tax
Diagram 11.3

നികുതി ഗുണകം ( Tax Multiplier ) .

വരുമാനത്തിലെ മാറ്റത്തോട് ( ΔY ) നികുതിയിലുള്ള മാറ്റത്തിന്റെ ( ΔT ) അനുപാതമാണ് നികുതി ഗുണകം . നികുതി ഗുണകം നെഗറ്റീവാണ് . എന്തു കൊണ്ടെന്നാൽ , ഒറ്റത്തവണ നികുതിയുടെ അളവ് കുറച്ചാൽ സന്തുലിത വരുമാനം കൂടും . ഒറ്റത്തവണ നികുതിയുടെ അളവ് കൂട്ടിയാൽ സന്തുലിത വരുമാനം കുറയും .

നികുതി ഗുണകം = \( \mathbf{\frac{ΔY}{ΔT}} \) = \( \mathbf{\frac{-\,c}{1\,-\,c}} \)

EXAMPLE 11.6 ഉദാഹരണം 11.1 ൽ ഒറ്റത്തവണ നികുതി 10 ആണ് . ഇത് 5 ആയി കുറച്ചാൽ ,

AD = C + I + G

= 20 + .8 ( Y – 5 + 5 ) + 20 + 10

= 50 + .8Y – 4 + 4

= 50 + .8Y

സന്തുലിത വരുമാനം ,Y*2 = \( \mathbf{\frac{50}{.2}} \)

= 250 രൂപ

ഉദാഹരണം 11.1 ലെ സന്തുലിത വരുമാനം 230 രൂപയായിരുന്നു . ഒറ്റത്തവണ നികുതി 5 രൂപയായി കുറച്ചപ്പോൾ സന്തുലിത വരുമാനം 250 രൂപയായി വർധിച്ചു . ഇവിടെ വരുമാനത്തിലെ വർധനവ് 20 രൂപയും നികുതിയിലെ കുറവ് 5 രൂപയുമാണ് . അപ്പോൾ , നികുതി ഗുണകം 4 ആണ് . അതായത് ,

നികുതി ഗുണകം = \( \mathbf{\frac{ΔY}{ΔT}} \) = \( \mathbf{\frac{20}{5}} \) = 4

സന്തുലിത ബജറ്റ് ഗുണകം ( Balanced Budget Multiplier )

ഗവൺമെന്റ് ചെലവ് ഗുണകത്തിന്റെയും നികുതി ഗുണകത്തിന്റെയും ആകെ തുകയാണ് സന്തുലിത ബജറ്റ് ഗുണകം . അതായത് ,

സന്തുലിത ബജറ്റ് ഗുണകം = \( \mathbf{\frac{ΔY}{ΔG}} \) + \( \mathbf{\frac{ΔY}{ΔT}} \)

\( \mathbf{\frac{ΔY}{ΔG}} \) = \( \mathbf{\frac{1}{1\,-\,c}} \) ഉം \( \mathbf{\frac{ΔY}{ΔT}} \) = \( \mathbf{\frac{-\,c}{1\,-\,c}} \) ഉം ആണെന്ന് നമുക്കറിയാം . അപ്പോൾ ഇവയുടെ തുക .

Balanced Budget Multiplier

സന്തുലിത ബജറ്റ് ഗുണകം ഒന്ന് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ് ? . നികുതിയിലുണ്ടാകുന്ന വർധനവ് മൂലം ഗവൺമെന്റിന് ലഭിക്കുന്ന വരുമാനം മുഴുവനും ചെലവഴിച്ചാൽ സമ്പദ് വ്യവസ്ഥയിലുള്ള വരുമാനത്തിന്റെ വർധനവ് ഗവൺമെന്റ് ചെലവിന് കൃത്യം തുല്യമായിരിക്കും ( G = T ) എന്നാണ് ഇത് സൂചിപ്പിക്കുന്നത് . അതായത് , ഗവൺമെന്റ് ചെലവ് വർദ്ധിപ്പിക്കുന്നതിന്റെ അതേ അനുപാതത്തിൽ വരുമാനവും വർദ്ധിക്കും .

EXAMPLE 11.7: സമ്പദ് വ്യവസ്ഥയുടെ MPC .8 ആയിരിക്കെ , ഗവൺമെന്റ് 10 നികുതി ചുമത്തി ലഭിച്ച തുക മുഴുവനും ചെലവഴിക്കുന്നുവെന്ന് കരുതുക ( ΔG = ΔT = 10 ) അപ്പോൾ ഗവൺമെന്റ് ചെലവു മൂലം ജനങ്ങളുടെ വരുമാനത്തിലുള്ള വർധനവ് , ΔY

ΔY = \( \mathbf{\frac{ΔG}{1\,-\,c}} \)
ΔY = \( \mathbf{\frac{10}{1\,-\,.8}} \)
ΔY = \( \mathbf{\frac{10}{.2}} \)
= 50

10 നികുതി ചുമത്തിയപ്പോൾ ജനങ്ങളുടെ വരുമാനത്തിലുള്ള കുറവ് , ΔY

ΔY = \( \mathbf{\frac{-cΔT}{1\,-\,c}} \)
ΔY = \( \mathbf{\frac{-.8×10}{1\,-\,.8}} \)
ΔY = \( \mathbf{\frac{-8}{.2}} \)
= – 40

വരുമാനത്തിലെ അറ്റ വർധനവ് ( 50 – 40 ) 10 രൂപയാണ് . ഇത് കൃത്യമായും ഗവൺമെന്റ് ചെലവിനും നികുതിക്കും തുല്യമാണ് .

മാറ്റ അടവ് ഗുണകം ( Transfer Payment Multiplier )

വരുമാനത്തിലെ മാറ്റവും ( ΔY ) മാറ്റഅടവിലെ മാറ്റവും ( ΔTR ) തമ്മിലുള്ള അനുപാതമാണ് മാറ്റ അടവ് ഗുണകം .

മാറ്റ അടവ് ഗുണകം = \( \mathbf{\frac{ΔY}{ΔTR}} \) = \( \mathbf{\frac{c}{1\,-\,c}} \)

മാറ്റ് അടവ് ഗുണകം ഓട്ടോണമസ് ചെലവ് ഗുണകത്തെക്കാൾ കുറവാണ് . കാരണം മാറ്റ അടവിൽ ഉണ്ടാകുന്ന ഏതു വർധനയുടെയും ഒരംശം സമ്പാദ്യമായി മാറുന്നു .

EXAMPLE 11.8: മാറ്റ് അടവിൽ 10 ൽ നിന്ന് 15 ആയി വർധിച്ചപ്പോൾ സന്തുലിത വരുമാനം 200 ൽനിന്ന് 230 ആയി വർധിച്ചുവെങ്കിൽ മാറ്റ അടവ് ഗുണകം , \( \mathbf{\frac{ΔY}{ΔTR}} \) = \( \mathbf{\frac{30}{5}} \) = 6 ആകുന്നു . ഒരു സമ്പദ്വ്യവസ്ഥയുടെ MPC .8 ആയാൽ മാറ്റ അടവ് ഗുണകം \( \mathbf{\frac{ΔY}{ΔTR}} \) = \( \mathbf{\frac{c}{1\,-\,c}} \) = \( \mathbf{\frac{.8}{.2}} \) = 4

EXAMPLE 11.9: ഒരു സമ്പദ് വ്യവസ്ഥയുടെ MPS .25 ആയാൽ മാറ്റ അടവ് ഗുണകം 1 – c = MPS ആയതുകൊണ്ട് മാറ്റ അടവ് ഗുണകം = \( \mathbf{\frac{c}{MPS}} \) = \( \mathbf{\frac{.75}{.25}} \) = 3

ആനുപാതിക നികുതിയും ഉപഭോഗ ധർമ്മവും ( Proportional Tax and Consumption Function )

വരുമാനം മാറുന്നതിനനുസരിച്ച് മാറുന്ന നികുതിയാണ് ആനുപാതിക നികുതി . ഇവിടെ ഗവൺമെന്റ് വരു മാനത്തിന്റെ ഒരു നിശ്ചിത ശതമാനം നികുതിയായി ചുമത്തുന്നു . ഈ നികുതി വരുമാനത്തിന്റെ തലം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു . അതിനാൽ ആനുപാതിക നികുതിയുടെ കാര്യത്തിൽ T എന്നത് tY ആയിത്തീരുന്നു ( T = tY ) ഇവിടെ ‘t’ നികുതി നിരക്കാണ് . അപ്പോൾ ഉപഭോഗ ധർമ്മം .

C = C – c(Y – tY + TR )

= C + cY – ctY + cTR

C = C + cTR + c( 1 – t ) Y

ഇതാണ് ആനുപാതിക നികുതിയുടെ കാര്യത്തിൽ ഉപഭോഗ ധർമ്മം .

ഇനി നമുക്ക് ആനുപാതിക നികുതി ചുമത്തുമ്പോഴുള്ള AD സമവാക്യം രൂപീകരിക്കാം .

AD = C + I + G ആണെന്ന് നമുക്കറിയാം .

AD = C + cTR + c(1 – t )Y + I + G

AD = C + cTR + I + G + c(1 – t )Y

AD = A + c(1 – t )Y

ഇവിടെ , A + cTR + I + G, എല്ലാ ഓട്ടോണമസ് ഘടകങ്ങളുടെയും തുക . ഒറ്റത്തവണ നികുതി യിലെ AD യോട് താരതമ്യപ്പെടുത്തുമ്പോൾ ഈ AD ഷെഡ്യൂളിന് ഉയർന്ന വെർട്ടിക്കൽ ഇന്റർസെപ്റ്റം കുറഞ്ഞ ചായ്‌വ്വുമാണ് ഉണ്ടാവുക . ഡയഗ്രം 11.4 ൽ AD1 ഒറ്റത്തവണ നികുതി ചുമത്തുമ്പോഴുള്ള AD വക്രവും AD2 ആനുപാതിക നികുതി ചുമത്തുമ്പോഴുള്ള AD വക്രവുമാണ് . AD1 ന്റെ വെർട്ടിക്കൽ ഇന്റർസെപ്റ്റ് A1 ഉം ചെരിവ് ‘c’ യുമാണ് . AD അപേക്ഷിച്ച് AD ഉയർന്ന ലംബദവും കുറവുമാണെന്ന് വ്യക്തമാണ് . AD2 ന്റെ വെർട്ടിക്കൽ ഇന്റർസെപ്റ്റ് A2 ഉം ചെരിവ് ‘c (1 – T)’ യുമാണ് . AD1 അപേക്ഷിച്ച് AD2ന് ഉയർന്ന ലംബദഛേദവും ചായ്‌വ് കുറവുമാണെന്ന് വ്യക്തമാണ് .

Proportional Tax and Consumption Function
Diagram 11.4

2. ആനുപാതിക നികുതി ചുമത്തുമ്പോഴുള്ള സന്തുലിത വരുമാന നിർണയം ( Determination of Equilibrium Level of Income in case of Proportional Tax )

ആനുപാതിക നികുതി ചുമത്തുന്ന സാഹചര്യത്തിൽ സന്തുലിത വരുമാന സമവാക്യം നമുക്ക് രൂപീകരിക്കാം .

AD = C + I + G

= C +c(Y – tY + TR) + I + G

സന്തുലിതാവസ്ഥയിൽ , AS = Y = AD

Y = C + c(Y – tY + cTR) + I + G

അവസാനം , സന്തുലിത വരുമാനം Y* ആയാൽ ,

Y* = \( \mathbf{\frac{\overline {C} \,+\, c\overline {TR} +\overline {I}+\overline{G}}{1\,-\,c(1\,-\,t)}} \) = \( \mathbf{\frac{\overline{A}}{1\,-\,c(1\,-\,t)}} \)

ഇവിടെ A = C + cTR) + I + G

ഡയഗ്രം 11.5 ൽ AS = C + I + G സന്തുലിത രേഖയാണ് . AD = A + c (1 – t)Y ആനുപാതിക നികുതിയുടെ കാര്യത്തിൽ AD വക്രമാണ് . E എന്ന ബിന്ദുവിൽ AD യും AS ഉം തുല്യമാണ് . സന്തുലിത വരുമാനം Y* ഉം മൊത്തം ചോദനം AD* ഉം ആണ് .

Proportional Tax and Equilibrium
Diagram 11.5

EXAMPLE 11.9 : C = 20 , MPC = .8 , t = .1 , TR = TR = 5 , I = I = 20 , G = G = 10 ആണെന്ന് കരുതുക . അപ്പോൾ , സന്തുലിതാവസ്ഥ :

Y = \( \mathbf{\frac{\overline{A}}{1\,-\,c(1\,-\,t)}} \) ,

A = C + cTR) + I + G

= \( \mathbf{\frac{20\,+\,.8\,×\,5\,+\,20\,+\,10}{1\,-\,.8(1\,-\,.1)}} \) ,

= \( \mathbf{\frac{50\,+\,4 }{1\,-\,.8\,×\,.9}} \) ,

= \( \mathbf{\frac{54 }{1\,-\,.72}} \) ,

= \( \mathbf{\frac{54 }{.28}} \) ,

= 192.86

സന്തുലിത വരുമാനത്തിൽ ഗവൺമെന്റിന് ലഭിക്കുന്ന ആകെ നികുതി

T = tY* = 0.1 × 192.86 = 19.29

ആനുപാതിക നികുതി ചുമത്തുമ്പോഴുള്ള ഓട്ടോണമസ് ചെലവ് ഗുണകം : ( Autonomous Expenditure Multiplier in the Case of Proportional Taxes )

ആനുപാതിക നികുതി ചുമത്തുമ്പോൾ ഓട്ടോണമസ് ചെലവ് ഗുണകം :

\( \mathbf{\frac{{ΔY}}{Δ\overline{A}}} \) = \( \mathbf{\frac{{1}}{1\,-\,c(1\,-\,t)}} \)

ആനുപാതിക നികുതികളുടെ കാര്യത്തിൽ ഓട്ടോണമസ് ചെലവ് ഗുണകം , ഓട്ടോണമസ് ചെലവിലെ മാറ്റത്തോടുള്ള ( ΔA ) വരുമാന മാറ്റത്തിന്റെ ( ΔY ) അനുപാതമാണ് . ഈ ഗുണകം MPC യെയും നികുതി നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു .

EXAMPLE 11.10 : MPC = .8 , t = .1 ആയാൽ ആനുപാതിക നികുതിയുടെ കാര്യത്തിൽ ഓട്ടോണമസ് ചെലവ് ഗുണകം :

\( \mathbf{\frac{{ΔY}}{Δ\overline{A}}} \) = \( \mathbf{\frac{{1}}{1\,-\,c(1\,-\,t)}} \)

= \( \mathbf{\frac{{1}}{1\,-\,.8(1\,-\,.1)}} \)

= \( \mathbf{\frac{{1}}{1\,-\,.8\,×\,.9}} \)

= \( \mathbf{\frac{{1}}{1\,-\,.72}} \)

= \( \mathbf{\frac{{1}}{.28}} \)

= 3.57

ആനുപാതിക നികുതികളിലെ കുറവ് ഫലത്തിൽ MPC യിലെ വർധനയായി മാറുന്നു . ആനുപാതിക നികുതികളിൽ കുറവുണ്ടാകുമ്പോൾ AD വക്രം മേലോട്ട് ആടും അതുപോലെ ആനുപാതിക നികുതിയിൽ ഉയർച്ചയുണ്ടാകുമ്പോൾ AD കീഴോട്ട് ആടും . ഡയഗ്രം 11.6 ൽ ആനുപാതിക നികുതി ആയിരിക്കുമ്പോഴുള്ള മൊത്ത ചോദന വക്രമാണ് AD1 . ആനുപാതിക നികുതി t1 ൽ നിന്ന് t2 ആയി വെട്ടി കുറച്ചാൽ മൊത്ത ചോദന വകം AD1 ൽ നിന്ന് AD2 ആയി മുകളിലേക്ക് ആടും ( t2 < t1 ) . സന്തുലിത ബിന്ദു E1 ൽ നിന്ന് E2 ലേക്ക് നീങ്ങുന്നു . അപ്പോൾ സന്തുലിത വരുമാനം Y*1 ൽ നിന്ന് Y*2 ആയി വർധിക്കുന്നു .

Result of Proportional  Tax on Equilibrium
Diagram 11.6

EXAMPLE 11.11 : ഉദാഹരണം 11.9 ൽ ആനുപാതിക നികുതി 10 % ( t = .1 ) ആയിരുന്നു . ഇത് 8 % ( t = 0.08 ) ആയി കുറയ്ക്കുന്നുവെന്നു കരുതുക . അപ്പോൾ , പുതിയ സന്തുലിത വരുമാനം Y*2 ,

\( \mathbf{\frac{{\overline{A}}}{1\,-\,c(1\,-\,t)}} \)

= \( \mathbf{\frac{{54}}{1\,-\,.8(1\,-\,.08)}} \)

= \( \mathbf{\frac{{54}}{1\,-\,.8\,×\,.92}} \)

= \( \mathbf{\frac{{54}}{1\,-\,.736}} \)

= \( \mathbf{\frac{{54}}{.264}} \)

= 204.55

ഇവിടെ , t = .1 ൽ നിന്ന് t = .08 ആയി കുറച്ചപ്പോൾ , സന്തുലിത വരുമാനം 192.9 ൽ നിന്ന് 204.55 ആയി വർധിച്ചിരിക്കുന്നു .

ഓട്ടോമാറ്റിക് സ്റ്റെബിലൈസർ ( Automatic Stabiliser )

സമ്പദ് വ്യവസ്ഥയിൽ യാതൊരുവിധ പ്രേരണയുമില്ലാതെ സ്വയം പ്രവർത്തിക്കുന്ന നയങ്ങളെ ഓട്ടോമാറ്റിക് സ്റ്റെബിലൈസർ എന്നു പറയുന്നു . ആനുപാതിക നികുതി ഒരു ഓട്ടോമാറ്റിക് സ്റ്റെബിലൈസർ പോലെ പ്രവർത്തിക്കുന്നു . ആനുപാതിക നികുതിയിൽ GDP യിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി വരുമാനം കൂടുകയോ കുറയുകയോ ചെയ്യും . ഗവൺ മെന്റ് നല്കുന്ന തൊഴിലില്ലായ്മ പെൻഷൻ പോലെ യുള്ള മാറ്റ് അടവുകൾ ഓട്ടോമാറ്റിക് സ്റ്റെബിലൈസർ പോലെ പ്രവർത്തിക്കുന്നു . ഇത്തരത്തിലുള്ള ഓട്ടോ മാറ്റിക് സ്റ്റെബിലൈസറുകളെ വിവേചനരഹിത wmmwo ( non – discretionary fiscal policy ) എന്നു വിളിക്കുന്നു .

വിവേചന ധനനയം ( Discretionary Fiscal Policy )

സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കി നിർത്താൻ ഗവൺമെന്റ് ബോധപൂർവം നടപ്പാക്കുന്ന ധനനയത്തെയാണ് വിവേചന ധനനയം എന്നു പറയുന്നത് . സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്ന ഏക ലക്ഷ്യത്തോടെ ഗവൺമെന്റ് ചെയ്യുന്ന നിക്ഷേപം , പൊതു ചെലവ് തുടങ്ങിയ പ്രവർത്തനങ്ങൾ വിവേചന ധനനയങ്ങളാണ് . ഉദാഹരണമായി , പുതിയ നികുതികൾ ഏർപ്പെടുത്തുക , പൊതുകടം വർധിപ്പിക്കുക തുടങ്ങിയവ .

കടം ( Debt )

ഗവൺമെന്റ് ബജറ്റിൽ കമ്മിയുണ്ടെങ്കിൽ അത് നികത്തേണ്ടതാണ് . കമ്മികൾ നികത്തുന്നതിന് മൂന്ന് മാർഗ്ഗങ്ങളുണ്ട് ;

  • a. നികുതി ചുമത്തൽ
  • b. വായ്പയെടുക്കൽ
  • c. കറൻസി അച്ചടിക്കൽ
കറൻസി അച്ചടിക്കുന്നതിലൂടെ പണപ്പെരുപ്പം അധികരിച്ചേക്കാം . നികുതി ചുമത്തുന്നതിന് അതിന്റേതായ പരിധിയുണ്ട് . അതുകൊണ്ട് ഗവൺമെന്റ് സെക്യൂരിറ്റികൾ പുറപ്പെടുവിച്ചുകൊണ്ട് വായ്പയെടുക്കുന്നതിനെയാണ് മിക്കവാറും ഗവൺമെന്റുകൾ ആശ്രയിക്കുന്നത് . വായ്പയെടുക്കുന്നത് കടം കുമിഞ്ഞുകൂടാൻ കാരണമാകുന്നു എന്നതാണ് ഒരു പ്രശ്നം . മുതലിന്റെ തിരിച്ചടവും പലിശയടവുകളും ഇതിൽ ഉൾപ്പെടുന്നു . ഇന്ത്യയിൽ പലിശയടവാണ് ഗവൺമെന്റ് ബജറ്റിലെ ഏറ്റവും വലിയ ചെലവിനം സുരക്ഷിതമായ പരിധിയിൽ കൂടുതൽ പൊതുകടം വർദ്ധിക്കുകയാണെങ്കിൽ സമ്പദ് വ്യവസ്ഥ കടക്കെണിയിലായേക്കാം . അതുകൊണ്ട് കടവും GDP യും തമ്മിലുള്ള അനുപാതം ഒരു പ്രധാന സ്ഥൂല സാമ്പത്തിക സൂചകമാണ് . ഈ അനുപാതം താഴ്ന്നുപോയാൽ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗും താഴോട്ടു പോകും .

ഗവൺമെന്റ് കടത്തിന്റെ ഉചിതമായ തുക ( Appropriate Amount of Government debt )

സ്വകാര്യകടവും പൊതുകടവും തമ്മിൽ വേർതിരിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു . ഗവൺമെന്റ് പരമാധികാരിയാണ് . അതുകൊണ്ട് , ഗവൺമെന്റിന് വിപുലമായ വിഭവങ്ങൾ ലഭ്യമാണ് . നികുതികൾ ചുമത്താനോ അത്യാവശ്യമെങ്കിൽ കറൻസി അച്ചടിക്കാനോ അതിനു കഴിയും . വിഭവങ്ങൾ സ്വരൂപിക്കുന്നതിന് സാമ്പ്രദായികമല്ലാത്ത മാർഗങ്ങളെയും അതിന് ആശ്രയിക്കാം . വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതു സാധ്യമല്ല . എന്നാൽ ഉയർന്ന തോതിലുള്ള കടം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ് .

വായ്പയെടുക്കുന്നതിലൂടെയുള്ള ( ഗവൺമെന്റ് ബോണ്ടുകൾ ) കടം തിരിച്ചടയ്ക്കേണ്ടതാണ് . 20 വർഷത്തേക്കുള്ള ഗവൺമെന്റ് ബോണ്ടിന്റെ കാര്യമെടുക്കുക . ഇപ്പോൾ സ്വരൂപിച്ച പണം 20 വർഷത്തിനുശേഷം തിരിചടയ്ക്കേണ്ടതുണ്ട് . അതിനാൽ കടബാധ്യത ഭാവി തലമുറയിലേക്ക് മാറ്റപ്പെടുന്നു . ഭാവിതലമുറയ്ക്ക് ബാധ്യതയുണ്ടാക്കുന്നത് മോശമായ പ്രവൃത്തിയാണ് .

ഉയർന്ന തോതിലുള്ള കടത്തിനെതിരെയുള്ള ഒരു പ്രധാന വാദം അത് ‘ ക്രൗഡിങ്ങ് ഔട്ട് ‘ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നാണ് . ഗവൺമെന്റ് വലിയ തുക കടം വാങ്ങുന്നത് സ്വകാര്യ നിക്ഷേപത്തിൽ കുറവുവരാൻ കാരണമാകുന്നു എന്നാണ് ക്രൗഡിങ്ങ് ഔട്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . സമ്പദ് വ്യവസ്ഥയിൽ ലഭ്യമാകുന്ന മൊത്തം സമ്പാദ്യം പരിമിതമാണ് . ഈ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഗവൺമെന്റ് കടം വാങ്ങുകയാണെങ്കിൽ സ്വകാര്യമേഖലയ്ക്ക് മൂലധന നിക്ഷേപം നടത്താൻ കുറച്ചു വിഭവങ്ങളെ അവശേഷിക്കുകയുള്ളൂ . ഈ ക്രൗഡിങ്ങ് ഔട്ട് നിക്ഷേപ സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു .

നികുതി വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായുള്ള ഉയർന്ന വിനിയോഗയോഗ്യ വരുമാനം മൊത്തം ചോദനം വർധിക്കാൻ കാരണമാകും എന്നതാണ് നികുതി വെട്ടി കുറയ്ക്കുന്നതിന് അനുകൂലമായ വാദം . ഉയർന്ന ചോദനം ഉയർന്ന ഉൽപ്പാദനം ആവശ്യമാക്കുകയും അതുവഴി ഉയർന്ന വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു . ഇത് പലപ്പോഴും പ്രാവർത്തികമായിരുന്നു . എന്നാൽ ഇതിന്റെ ഫലമെന്തെന്നാൽ , നികുതി വെട്ടിക്കുറച്ചതിലൂടെ ഉണ്ടാകുന്ന കടം തീർക്കാൻ ജനങ്ങളുടെ മേൽ പിന്നീട് ഗവൺമെന്റുകൾക്ക് നികുതി ചുമത്തേണ്ടി വരും എന്നതാണ് . ഇത് ഭാവിയിൽ ഉയർന്ന നികുതികൾ ക്ഷണിച്ചുവരുത്തും . ജനങ്ങൾ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല ; അല്ലെങ്കിൽ , അതിലുപരിയായി , നികുതി ഭാരം മുഴുവൻ ഭാവിതലമുറയ്ക്കായിരിക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു എന്നതാണ് വാദമുഖം .

റിക്കാർഡിയൻ തുലനം ( The Ricardian Equivalence )

പ്രസിദ്ധ ക്ലാസ്സിക്കൽ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് റിക്കാർഡോ രസകരമായ ഒരു വാദഗതി മുന്നോട്ടുവച്ചു . ഗവൺമെന്റ് ചെലവിന്റെ അനന്തരഫലങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് റിക്കാർഡോ വാദിച്ചു . ഗവൺമെന്റ് വലിയ തോതിൽ കടമെടുക്കുന്നത് ഭാവിയിൽ ഉയർന്ന നികുതികളിലേക്ക് നയിക്കുമെന്ന് അവർക്കറിയാം . മാത്രമല്ല , ഉയർന്ന ഗവൺമെന്റ് കടം ഭാവി തലമുറകൾക്ക് അധിക ബാധ്യതയുണ്ടാക്കുമെന്നും അവർക്കറിയാം . ഭാവി തലമുറകൾ അവരുടെ മക്കളും പേരക്കുട്ടികളുമായതിനാൽ ഭാവിയിലെ കടത്തേക്കുറിച്ച് അവർ ആശങ്കാകുലരായിരിക്കും . ഇത് ഉയർന്ന സമ്പാദ്യത്തിലേക്ക് നയിക്കും . ഗവൺമെന്റ് വായ്പയെടുക്കുന്നതിനനുസരിച്ച് ജനങ്ങൾ കൂടുതൽ സമ്പാദിക്കുമെന്ന് റിക്കാർഡോ വാദിക്കുന്നു . അതിനാൽ , ഗവൺമെന്റിന്റെ വായ്പയെടുക്കലിന് തുല്യമായിരിക്കും ജനങ്ങളുടെ സമ്പാദ്യം . അതുകൊണ്ട് മൊത്തം ദേശീയ സമ്പാദ്യത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല . ഇതിനെ റിക്കാർഡിയൻ തുലനം എന്നു വിളിക്കുന്നു . ഗവൺമെന്റ് ചെലവുകൾക്ക് പണം കണ്ടെത്തുന്നതിൽ നികുതി ചുമത്തുന്നതും വായ്പയെടുക്കുന്നതും തുല്യ ഫലമുണ്ടാക്കുന്നു എന്ന് ഈ സിദ്ധാന്തം കരുതുന്നതിനാലാണ് അതിനെ തുലനം ( equivalence ) എന്നു പറയുന്നത് .

കമ്മിയെയും കടത്തെയും കുറിച്ചുള്ള മറ്റ് വീക്ഷണങ്ങൾ ( Other perspectives on Deficit and Debt )

ഉയർന്ന ബജറ്റ് കമ്മി പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നതാണ് കമ്മിയ്ക്കെതിരായ ഏറ്റവും ശക്തമായ വാദം . ഉയർന്ന കമ്മി അധിക ചോദനത്തിലേക്ക് നയിക്കുന്നു . ഈ ചോദന വർധനവിന് അനുസൃതമായി പ്രദാനത്തിലും വർധനവുണ്ടായില്ലെങ്കിൽ വിലകൾ ഉയരും . എന്നിരുന്നാലും സമ്പദ് വ്യവസ്ഥയിൽ അധികമായ വിഭവശേഷിയുണ്ടെങ്കിൽ ചോദനവർധനവിന്റെ അളവിനു തുല്യമായി സ്ഥാപനങ്ങൾക്ക് പ്രദാനവും വർധിപ്പിക്കാൻ കഴിയും . ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കില്ല . പൂർണ്ണമായ വിഭവശേഷിയിൽ കമ്മികളും അധിക ചോദനവും പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാം .

നേരത്തെ തന്നെ സംക്ഷിപ്തമായി വിശദീകരിച്ച മറ്റൊരു വാദമുഖമാണ് ക്രൗഡിങ്ങ് ഔട്ട് പ്രതിഭാസം . കുമ്മി നികത്താൻ ഗവൺമെന്റ് അമിതമായി കടമെടുക്കുമ്പോൾ സ്വകാര്യമേഖലയ്ക്ക് ഉൽപ്പാദനക്ഷമമായ നിക്ഷേപം നടത്താൻ വേണ്ടത് പണം ലഭിക്കാതെ വരുന്നു . ഇത് സമ്പദ് വ്യവസ്ഥയിൽ മൊത്തം മൂലധന സ്വരൂപണത്തെ സ്വാധീനിക്കുകയും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു . മാത്രമല്ല , ഉൽപ്പാദനക്ഷമമായ സ്വകാര്യമേഖലയ്ക്കുള്ള മൂലധനത്തിന്റെ ചെലവ് ( പലിശ ) ഉയരുന്നു . ഉയർന്ന തോതിലുള്ള ഗവൺമെന്റ് കടംവാങ്ങലും കമ്മിയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ ധനകാര്യ വിപണികളിൽ ഗവൺമെന്റ് ബോണ്ടുകളുടെ വരുമാനം ( പലിശ ) വർദ്ധിക്കുന്നതിലേക്കു നയിക്കുന്നതായി കാണാൻ കഴിയും . സാമ്പത്തിക വളർച്ചയുടെ കാഴ്ചപാടിൽ ഉയർന്ന പലിശനിരക്കുകൾ ഒരു പ്രതികൂല ഘടകമാണ് .

കടം വാങ്ങലും കമ്മിയുമായി ബന്ധപ്പെട്ട വിഷയം കമ്മിയുടെ ശരിയായ അനുപാതത്തിലേക്കും ഗുണമേന്മയിലേക്കും ചുരുങ്ങുന്നു . കമ്മി നിയന്ത്രണാധീനവും സ്ഥായിയായതുമാണെങ്കിൽ യാതൊരു പ്രശ്നവുമില്ല . ഒരു പ്രധാന വശം കമ്മിയുടെ ഗുണമേന്മയാണ് . അതായത് , എന്തുദ്ദേശ്യത്തിനുവേണ്ടിയാണ് പണം ഉപയോഗിക്കുന്നത് എന്നതാണ് കടം വാങ്ങിയ പണം ഫലവത്തായി ഉപയോഗിക്കുകയാണെങ്കിൽ , ഉദാഹരണത്തിന് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുക , അത് ഭാവിയിൽ ഉയർന്ന ഉൽപ്പാദനത്തിലേക്ക് നയിച്ചേക്കാം . ഉയർന്ന സാമ്പത്തിക വളർച്ചകളുടെ തിരിച്ചടവ് സാധ്യമാക്കുകയും കമ്മി കുറയ്ക്കുകയും ചെയ്യുന്നു . സമ്പദ് വ്യവസ്ഥ വളരുന്നതിനനുസരിച്ച് കടവും GDP യും തമ്മിലുള്ള അനുപാതം കുറയുകയും കടം താങ്ങാവുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായിത്തീരുന്നു . ചുരുക്കത്തിൽ , വായ്പയെടുക്കൽ പരിധിക്കുള്ളിലുള്ളതും , അത് ഉൽപാദനക്ഷമവും ആയിരിക്കണം ; കടം സ്ഥായിയാതുമായിരിക്കണം .

കമ്മി കുറയ്ക്കൽ ( Deficit Reduction )

പൊതുചെലവ് കുറച്ചും പുതിയ നികുതികൾ ചുമത്തിയും ഗവൺമെന്റിന് കമ്മി കുറയ്ക്കാൻ കഴിയും . ഇന്ത്യയിൽ ഗവൺമെന്റ് കമ്മി കുറയ്ക്കാൻ ശ്രമിക്കുന്നത് താഴെ കൊടുത്തിരിക്കുന്ന മാർഗങ്ങളിലൂടെയാണ് .

  • ( 1 )പ്രത്യക്ഷ നികുതികൾ കാര്യക്ഷമമായി പിരിച്ചെടുക്കുക . ( റവന്യൂ വരുമാനം വർധിപ്പിക്കുക – raising revenue ) .
  • ( 2 ) ഗവൺമെന്റ് പാലവുകൾ കുറയ്ക്കുക .
  • ( 3 ) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക ( പൊതു നിക്ഷേപം ഒഴിവാക്കൽ – disinvestment ) .
നികുതി ചുമത്തുന്നതിലൂടെ വരുമാനം സ്വരൂപിക്കുന്നതിലെ പ്രശ്നം ഉയർന്നതോതിൽ നികുതി ചുമത്തുന്നത് നികുതി വെട്ടിക്കുന്നതിലേക്ക് നയിക്കുന്നു എന്നതാണ് . ഇത് വരുമാനം വർദ്ധിപ്പിക്കുന്നതിനുപകരം കുറച്ചേക്കാം . അടുത്ത കാലത്തായി ഓഹരി വിറ്റഴിക്കലിലൂടെയാണ് ഇന്ത്യ വരുമാനം സ്വരൂപിച്ചുകൊണ്ടിരിക്കുന്നത് . എന്നാൽ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാവുന്ന വരുമാനത്തിന് പരിധികളുണ്ട് . ചെലവു ചുരുക്കുന്നതിന് അടുത്തിടെയായി വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട് . എന്നാൽ വിദ്യാഭ്യാസം , ആരോഗ്യസുരക്ഷ , ഭക്ഷ്യ സബ്സിഡി തുടങ്ങിയ മേഖലകളിലെ ചെലവു ചുരുക്കുന്നത് അഭികാമ്യമല്ല . അതിനാൽ സേവനങ്ങളുടെ കാര്യക്ഷമമായ നിർവഹണത്തിലൂടെ ചെലവ് ചുരുക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . ഉദാഹരണത്തിന് ഇന്ത്യയിൽ ജാം ( JAM ) ത്രീത്വം – ജൻധർ , ആധാർ , മൊബൈൽ – ആവശ്യക്കാർക്ക് സേവനം എത്തിക്കുന്നതിനുള്ള വളരെ ചെലവുകുറഞ്ഞ മാർഗ്ഗമായി മാറിയിരിക്കുന്നു . പണം ഇപ്പോൾ ജൻധൻ അക്കൗണ്ടുകളിലേക്ക് തൽക്ഷണം കൈമാറ്റം ചെയ്യപ്പെടുന്നു . ചെലവു ചുരുക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമായി ഈ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ( Direct Benefit Transfer – DBT ) ഉയർന്നു വന്നിട്ടുണ്ട് . ഇത് ആത്യന്തികമായി കമ്മി കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു .

കോവിഡ് 19 ” ആത്മനിർഭർ പാക്കേജി “ന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാർ ആയിരക്കണക്കിന് കോടി രൂപ ജൻധൻ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു . സാങ്കേതിക വിദ്യ ഇത് സാധ്യമാക്കി . ‘PM കിസാന് ‘( പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ) കീഴിലുള്ള കർഷകർക്ക് പണം കൈമാറുന്നതും DBT വഴിയാണ് . നമ്മൾ കൂടുതൽ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ , കൂടുതൽ ചെലവു ചുരുക്കലും കമ്മി കുറയ്ക്കലും സാധ്യമാണ് .

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *