Plus Two Economics – Chapter 6: Note in Malayalam
Plus Two Economics – Chapter 6: Note in Malayalam

Plus Two Economics – Chapter 6: Note in Malayalam

Chapter 6 :-

മത്സര,രഹിത കമ്പോളങ്ങൾ

ആമുഖം ( Introduction )

കഴിഞ്ഞ അധ്യായങ്ങളിൽ സമ്പൂർണ കിടമത്സര കമ്പോളത്തെക്കുറിച്ച് നാം പഠിച്ചു. ഈ അധ്യായത്തിൽ കുത്തക , കുത്തക മത്സരം , ഒലിഗോപൊളി എന്നീ മത്സരരഹിത കമ്പോളങ്ങളിൽ വില ഉല്പന്ന നിർണയം എങ്ങനെയെന്ന് ചർച്ചചെയ്യാം.

ചരക്കു വിപണിയിലെ ലളിത കുത്തക കമ്പോളം ( Simple Monopoly in the Commodity Market )

ഒന്ന് എന്നർത്ഥം വരുന്ന “ മോണോ ” എന്ന ഗ്രീക്കു വാക്കും വില്പനക്കാരൻ എന്നർത്ഥം വരുന്ന “ പോളി ” എന്ന ഗ്രീക്കു വാക്കും ചേർന്നാണ് മോണോ പോളി എന്ന വാക്ക് ഉത്ഭവിച്ചത്. അതിനാൽ മോണോ പോളി അഥവാ കുത്തക എന്നാൽ ഒറ്റ വില്പനക്കാരൻ എന്നാണർത്ഥം തൊട്ടടുത്ത പ്രതിസ്ഥാപന വസ്തുക്കൾ ഇല്ലാത്ത ഒരു സാധനത്തിന്റെ പ്രദാനം മുഴുവനും ഒരേ ഒരു വില്പനക്കാരൻ അഥവാ സ്ഥാപനം നിയന്ത്രിക്കുന്ന കമ്പോളമാണ് കുത്തക അഥവാ കുത്തക കമ്പോളം. കുത്തക കമ്പോളത്തിന്റെ പ്രധാന സവിശേഷതകൾ താഴെ കൊടുക്കുന്നു.

  1. ഒരേ ഒരു ഉല്പാദകൻ
  2. പ്രതിസ്ഥാപന വസ്തുക്കളുടെ അഭാവം
  3. പുതിയ സ്ഥാപനങ്ങൾക്ക് കമ്പോളത്തിൽ പ്രവേശിക്കാൻ തടസ്സമുണ്ട്
  4. കുത്തകക്കാരന് ഉല്പന്നത്തിന്റെ പ്രദാനത്തിൽ പൂർണ നിയന്ത്രണമുണ്ട്
  5. കുത്തക കമ്പോളത്തിൽ ഒരു സ്ഥാപനം മാത്രമുള്ളതിനാൽ സ്ഥാപനവും വ്യവസായവും ഒന്നുതന്നെയാണ്
  6. ഉല്പാദകൻ വില നിർണയിക്കുന്നവൻ ആണ്

നിത്യജീവിതത്തിൽ കുത്തക കമ്പോളം വളരെ വിരളമാണ്. ഇന്ത്യൻ റയിൽവേ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നിവ കുത്തക കമ്പോളങ്ങൾക്ക് ഉദാഹരണങ്ങളാണ്.

കുത്തക സ്ഥാപനത്തിന്റെ കമ്പോള ചോദന വക്രം ( Market Demand Curve of a Monopoly Firm )

[കമ്പോള ചോദന വക്രം ശരാശരി വരുമാന വക്രം തന്നെയാണ്] കുത്തക കമ്പോളത്തിൽ സ്ഥാപനവും വ്യവസായവും ഒന്നുതന്നെയായതുകൊണ്ട് സ്ഥാപന ചേദന വക്രവും കമ്പോള ചോദന വക്രവും ഒന്നുതന്നെയാണ്. കുത്തക സ്ഥാപനത്തിന്റെ ചോദന വക്രത്തിന് ഡയഗ്രം 6.1 ൽ കാണുന്നതുപോലെ നെഗറ്റീവ് ചരിവാണ്.

market demand curve of monopoly

Diagram 6.1 കുത്തകയുടെ ചോദന വക്രം

കുത്തക സ്ഥാപനത്തിന്റെ ചോദന വക്രം തന്നെയാണ് ആ സ്ഥാപനത്തിന്റെ ശരാശരി വരുമാന വക്രം. ഇത് ഇടത്തുനിന്ന് വലത്തേക്ക് താഴോട്ട് ചരിഞ്ഞിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് കുത്തക സ്ഥാപനത്തിന് ഉയർന്ന വിലയ്ക്ക് കുറച്ച് അളവും കുറഞ്ഞ വിലയ്ക്ക് കൂടുതൽ അളവും ഉല്പന്നം വില്ക്കാൻ കഴിയുന്നുവെന്നാണ്. ഡയഗ്രം 6.1 ൽ കുത്തകക്കാരൻ തന്റെ ഉല്പന്നത്തിന് P0 വില നിശ്ചയിച്ചാൽ അയാൾക്ക് q0 അളവ് സാധനം വില്ക്കാൻ കഴിയുന്നു. വില P1 ആയി കുറഞ്ഞാൽ ഉല്പന്നത്തിന്റെ അളവ് q1 ആയി വർധിക്കുന്നു.

ഉദാഹരണം 6. 1: q = 10 – P ഒരു കുത്തക സ്ഥാപനത്തിന്റെ ചോദന ധർമമാണെന്ന് കരുതുക. ഇവിടെ q അളവും P വിലയുമാണ്. ഈ സമവാക്യത്തെ Pയുടെ രൂപത്തിൽ എഴുതാം.

q = 10 – P

∴ P = 10 – q

P = 10 – q എന്ന് ലഭിക്കുന്നു. ഇനി q ന് 0 മുതൽ 7 വരെ മൂല്യങ്ങൾ കൊടുക്കുക. അപ്പോൾ വില 10 ൽനിന്ന് കുറഞ്ഞ് 3 വരെ ആകുന്നത് പട്ടിക 6.1 ൽ കാണാം.

കുത്തക കമ്പോളത്തിൽ ഒരൊറ്റ ഉല്പാദകൻ മാത്രമുള്ളതുകൊണ്ട് അതിന്റെ പ്രദാനം പൂർണമായും ആ സ്ഥാപനം നിയന്ത്രിക്കുന്നു. ആയതിനാൽ കുത്തകക്കാരന് വിലയെ സ്വാധീനിക്കാൻ കഴിയുന്നു. പക്ഷേ കുത്തകക്കാരന് വിലയും പ്രദാനവും ഒരേസമയം നിയന്ത്രിക്കാനാവില്ല. വിൽക്കുന്നതിന്റെ അളവ് കുത്തകക്കാരൻ തീരുമാനിച്ചാൽ വില കമ്പോളം തീരുമാനിക്കും. അതുപോലെ, കുത്തകക്കാരൻ വില തീരുമാനിച്ചാൽ വില്പനയുടെ അളവ് കമ്പോളം നിർണയിക്കും.

കുത്തക കമ്പോളത്തിൽ വിവിധ വിലയ്ക്ക് പ്രദാനം ചെയ്യുന്ന സാധനത്തിന്റെ അളവാണ് കമ്പോള ചോദന വക്രം പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് കുത്തകക്കാരന്റെ പ്രദാന വക്രം കമ്പോള ചോദന വക്രത്തെ പ്രതിനിധീകരിക്കുന്നു. സമ്പൂർണ കിടമത്സര കമ്പോളത്തിന് വിപരീതമായി കുത്തക കമ്പോളത്തിൽ കുത്തകക്കാരന് വിലയെ നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് കുത്തക സ്ഥാപനത്തെ “ വില നിശ്ചയിക്കുന്നവൻ ” (price maker) എന്നു വിളിക്കുന്നു. കാരണം, കുത്തകക്കാരന് വില വർധിപ്പിച്ച് കുറച്ച് വില്ക്കുകയോ വില കുറച്ച് കൂടുതൽ വില്ക്കുകയോ ചെയ്യാം.

കുത്തകയിലെ TR, AR & MR

മൊത്തം വരുമാനം ( Total Revenue – TR )

ഒരു ഉല്പാദക യൂണിറ്റ് ഉല്പാദിപ്പിച്ച ഉല്പന്നങ്ങൾ കമ്പോളത്തിൽ വില്പന നടത്തി ലഭിക്കുന്ന ആകെ തുകയാണ് മൊത്തം വരുമാനം. ഉല്പന്നത്തിന്റെ അളവിനെ വില കൊണ്ട് ഗുണിച്ചാണ് TR കാണുന്നത്. ( TR = p × q ). കുത്തക സ്ഥാപനത്തിന്റെ TR വക്രം ഒരു നേർരേഖയല്ല. ഇത് ചോദന ധർമത്തിന്റെ അഥവാ ചോദന വക്രത്തിന്റെ ആകൃതിയെ ആശ്രയിച്ചിരിക്കുന്നു. TR വക്രം ഡയഗ്രം 6.2 ൽ കാണുന്നതുപോലെ തലതിരിഞ്ഞ പരാബോള ആയിരിക്കും.

tr curve.gif

Diagram 6.2

ശരാശരി വരുമാനം (Average Revenue – AR )

വിറ്റ ഉല്പന്നത്തിന്റെ ഓരോ യൂണിറ്റിൽ നിന്നുള്ള വരുമാനമാണ് AR. TR നെ വിറ്റ ഉല്പന്നത്തിന്റെ അളവുകൊണ്ട് ഹരിച്ചാൽ AR ലഭിക്കും.

AR = \( \mathbf{\frac {TR} {q}} \) = \( \mathbf{\frac {p × q} {q}} \) = p

കുത്തക കമ്പോളത്തിൽ AR = p ആണ്. അതുകൊണ്ട് AR വക്രവും കമ്പോള ചോദന വക്രവും ഒന്നുതന്നെയായിരിക്കും. പട്ടിക 6.1 ൽ AR ഉം P യും തുല്യമാണെന്ന് കാണാവുന്നതാണ്.

Table 6.1
q P = 10 – q TR = P × q AR = \(\mathbf{\frac{TR}{q}}\)
0 10 0
1 9 9 9 9
2 8 16 8 7
3 7 21 7 5
4 6 24 6 3
5 5 25 5 1
6 4 24 4 -1
7 3 21 3 -3

average revenue

Diagram 6.3

TR വക്രത്തിൽ നിന്ന് AR കാണുന്ന വിധം ( Derivation of AR from TR curve )

TR വക്രത്തിൽ TR നിന്ന് AR കാണുന്ന വിധം ഡയഗ്രം 6.4 ന്റെ സഹായത്തോടെ വിവരിക്കാം.

ar from tr

Diagram 6.4

ഈ ഡയഗ്രത്തിൽ x- അക്ഷത്തിൽ ഉല്പന്നത്തിന്റെ അളവും y- അക്ഷത്തിൽ TR ഉം രേഖപ്പെടുത്തിയിരിക്കുന്നു. TR ആണ് മൊത്തവരുമാന വക്രം. ഉല്പന്നത്തിന്റെ അളവ് b ആയിരിക്കുമ്പോഴുള്ള AR കണ്ടെത്തണമെന്ന് വിചാരിക്കുക. b എന്ന ബിന്ദുവിൽനിന്ന് TR വക്രത്തിലേക്ക് ഒരു ലംബരേഖ വരയ്ക്കുക. ഇത് TR ൽ a എന്ന ബിന്ദുവിൽ ഖണ്ഡിക്കുന്നു. ഇനി ഒറിജിനിൽനിന്ന് a യിലേക്ക് ഒരു രേഖ വരയ്ക്കുക. Oa എന്ന രേഖയുടെ ചെരിവായിരിക്കും AR. അതുകൊണ്ട്, AR = \({\frac{ab}{Ob}}\).

സീമാന്ത വരുമാനം ( Marginal Revenue – MR )

ഒരു അധിക യൂണിറ്റ് ഉല്പന്നം വില്ക്കുമ്പോൾ മൊത്തം വരുമാനത്തിലുള്ള മാറ്റമാണ് സീമാന്ത വരുമാനം. ഇത് TR ന്റെ മാറ്റത്തിന്റെ നിരക്കാണ്. ബീജഗണിതരൂപത്തിൽ ,

AR = \(\mathbf{\frac{ΔTR}{Δq}}\)

ഇവിടെ , ΔTR = TR ലെ മാറ്റം , Δq = വില്പനയിലെ മാറ്റം.

അഥവാ

MRn = TRn – TRn – 1 ഇവിടെ MRn = n ഇവിടെ ഉല്പന്ന അളവിലെ MR , TRn = n ഉല്പന്ന അള വിലെ TR , TRn – 1 = n ഉല്പന്ന അളവിന് തൊട്ട് മുമ്പുള്ള TR.

കുത്തക കമ്പോളത്തിൽ TR , MR എന്നിവ തമ്മിലുള്ള ബന്ധം ( Relationship between TR and MR )

TR ന്റെ മാറ്റത്തിന്റെ നിരക്കാണ് MR . ജ്യാമിതീയ രീതി പ്രകാരം TR വക്രത്തിന്റെ ചെരിവാണ് MR വക്രം. ഏതൊരു വക്രത്തിലെയും ഒരു ബിന്ദുവിലെ ചെരിവ് ആ വക്രത്തിലെ സ്പർശരേഖയുടെ ചെരിവാണ്.

tr and mr

Diagram 6.5

ഡയഗ്രം 6.5 ൽ L1 , L2 , L3 , L4 , എന്നിവ TR വക്രത്തിലെ സ്പർശരേഖകളാണ്. TR വക്രത്തിലെ a എന്ന ബിന്ദുവിലെ MR , L1 എന്ന സ്പർശരേഖയുടെ ചെരിവാണ്. b എന്ന ബിന്ദുവിലെ MR , L2 എന്ന സ്പർശരേഖയുടെ ചെരിവാണ്.

L1 നെക്കാൾ ചെരിവ് കുറവ് L2 വിനാണ്. അതുകൊണ്ട് , a എന്ന ബിന്ദുവിലെ MR നെക്കാൾ കുറവാണ് b എന്ന ബിന്ദുവിലെ MR. L1 , L2 എന്നീ സ്പർശ രേഖകളുടെ ചെരിവ് പോസിറ്റീവായതുകൊണ്ട് MR ഉം പോസിറ്റീവാണ്. C എന്ന ബിന്ദുവിൽ സ്പർശരേഖ x- അക്ഷത്തിന് സമാന്തരമാണ്. L3 യുടെ ചെരിവ് പൂജ്യമാണ്. ആയതിനാൽ MR പൂജ്യമാണ്. MR വക്രം x- അക്ഷത്തിൽ ഖണ്ഡിക്കുന്നു. d എന്ന ബിന്ദുവിലെ സ്പർശരേഖ L4 ന്റെ ചെരിവ് നെഗറ്റീവായതുകൊണ്ട് MR നെഗറ്റീവാണ്.

കുത്തക കമ്പോളത്തിലെ TR ഉം MR ഉം തമ്മിലുള്ള ബന്ധം താഴെ കൊടുക്കുന്നു :

  • ( 1 ) TR വർധിക്കുമ്പോൾ MR പോസിറ്റീവ് ആണ്
  • ( 2 ) TR പരമാവധി ആകുമ്പോൾ MR പൂജ്യമാകുന്നു
  • ( 3 ) TR കുറയുമ്പോൾ MR നെഗറ്റീവാകുന്നു

AR ഉം MR ഉം തമ്മിലുള്ള ബന്ധം ( Relationship between AR and MR )

AR MR ഉം തമ്മിലുള്ള ബന്ധം താഴെ പറയുന്നു .

  • ( 1 ) MR വക്രം AR വക്രത്തിനു താഴെ സ്ഥിതി ചെയ്യുന്നു
  • ( 2 ) AR വക്രത്തിന്റെ ചെരിവ് കൂടുതലാണെങ്കിൽ AR ഉം MR ഉം തമ്മിലുള്ള അകലം കൂടുതലായിരിക്കും
  • ( 3 ) AR വക്രത്തിന്റെ ചെരിവ് കുറവാണെങ്കിൽ ( പരന്നത് ) AR ഉം MR ഉം തമ്മിലുള്ള അകലം കുറവായിരിക്കും
  • ( 4 ) MR വക്രവും AR വക്രവും താഴേക്ക് ചെരിഞ്ഞിരിക്കുന്നു
  • ( 5 ) MR പൂജ്യമോ നെഗറ്റീവോ ആകാം. എന്നാൽ AR ഒരിക്കലും പൂജ്യമോ നെഗറ്റീവോ ആകുകയില്ല
ar and mr

Diagram 6.6

ഡയഗ്രം 6.6 Part ( a ) യിൽ AR വക്രത്തിന്റെ ചെരിവ് കുറവായതിനാൽ AR , MR വക്രങ്ങൾ തമ്മിലുള്ള ലംബദൂരം കുറവായിരിക്കും. ഡയഗ്രം 6.6 Part ( b ) യിൽ AR വക്രം കൂടുതൽ ചെരിഞ്ഞതായതുകൊണ്ട് , MR വക്രം AR വക്രത്തിനേക്കാൾ വളരെ താഴെ ആണെന്ന് കാണാം.

MR ഉം വില ഇലാസ്തിക ചോദനവും ( MR and Price Elasticity of Demand )

MR ഉം വില ഇലാസ്തിക ചോദനവും തമ്മിലുള്ള ചില പ്രധാനപ്പെട്ട ബന്ധങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  • ( 1 ) MR പോസിറ്റീവായിരിക്കുമ്പോൾ വില ഇലാസ്തിക ചോദനം ഒന്നിനേക്കാൾ കൂടുതലായിരിക്കും ( e > 1 ). പട്ടിക 6.2 ൽ അളവ് 10 യൂണിറ്റിൽ താഴെ വരെ
  • ( 2 ) MR നെഗറ്റീവായിരിക്കുമ്പോൾ വില ഇലാസ്തിക ചോദനം ഒന്നിനെക്കാൾ കുറവായിരിക്കും ( e < 1 ). പട്ടിക 6.2 ൽ അളവ് 10 യൂണിറ്റിന് മുകളിൽ
  • ( 3 ) MR പൂജ്യമായിരിക്കുമ്പോൾ വില ഇലാസ്തിക ചോദനം ഒന്നായിരിക്കും. പട്ടിക 6.2 ൽ അളവ് 10 യൂണിറ്റായപ്പോൾ e = 1 ആണ്. ( എന്നാൽ പട്ടികയിൽ MR പൂജ്യമല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം . )
Table 6.2
q P MR ഇലാസ്തിക |eD| = \(\mathbf{-\frac{b×p}{q}}\)
0 10
1 9 9 9
2 8 7 4
3 7 5 2.33
4 6 3 1.5
5 5 1 1
6 4 -1 .67
7 3 -3 .43
8 2 -5 .25

കുത്തക സ്ഥാപനത്തിന്റെ ഹ്രസ്വകാല സന്തുലിതാവസ്ഥ (Short Run Equilibrium of the Monopoly Firm)

ഏതൊരു കുത്തകസ്ഥാപനത്തിന്റെയും പ്രധാന ലക്ഷ്യം ലാഭം പരമാവധിയാക്കുക എന്നതാണ്.

ഇനി നമുക്ക് ഉല്പന്നത്തിന്റെ അളവും അത് വിൽക്കുന്ന വിലയും നിശ്ചയിക്കുന്നതിനായി ലാഭം പരമാവധിയാക്കുന്ന പ്രവർത്തനരീതി വിവരിക്കാം. ഉല്പാദിപ്പിച്ച സാധനങ്ങൾ മുഴുവനും സംഭരിക്കാതെ വില്പനക്കു വയ്ക്കുന്നു എന്നാണ് നാം ഇവിടെ അനുമാനിക്കുന്നത്. ഒരു കുത്തക സ്ഥാപനം താഴെ പറയുന്ന രണ്ടു സാഹചര്യങ്ങളിൽ അതിന്റെ ലാഭം പരമാവധിയാക്കുന്നു.

  • (1) ചെലവ് പൂജ്യമായ ലളിത സാഹചര്യം
  • (2) ചെലവ് ധനാത്മകമായ സാഹചര്യം

( 1 ) ചെലവ് പുജ്യമായ ലളിത സാഹചര്യം (The simple case of zero cost)

ഉല്പാദന ചെലവ് പൂജ്യമായ ഒരു കുത്തക സാഹചര്യമാണിത് (TC = 0). ഇത് വളരെ അപൂർവമായ സ്ഥിതിയാണ്. മറ്റ് ഗ്രാമങ്ങളിൽനിന്ന് വളരെ അകലെയുള്ള ഒരു ഗ്രാമത്തിലെ ഒരു വ്യക്തിയുടെ പറമ്പിൽ ഒരു ശുദ്ധജല കിണർ ഉണ്ടെന്ന് കരുതുക. ആ ഗ്രാമത്തിലെ മറ്റുള്ള എല്ലാ താമസക്കാരും ഈ കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വില നല്കാതെ ഒരു ഗ്രാമവാസിയേയും ഈ കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ കിണറിന്റെ ഉടമസ്ഥൻ അനുവദിക്കുകയില്ല. അപ്പോൾ ഈ കിണറിന്റെ ഉടമ ഒരു കുത്തകക്കാരനാണ്. വെള്ളം ആവശ്യമുള്ളവർ കിണറ്റിൽ നിന്ന് ഉടമസ്ഥന്റെ അനുവാദത്തോടെ എടുക്കാവുന്നതാണ്. വെള്ളത്തിന് ഉല്പാദനച്ചെലവില്ല. ഉല്പാദനച്ചെലവ് പൂജ്യമായ ഇത്തരം കുത്തക കമ്പോളത്തിൽ ഉല്പന്നത്തിന്റെ വില, അളവ് എന്നിവ നിർണയിക്കുന്ന രീതി വിശകലനം ചെയ്യാം.

ലാഭം പരമാവധി ആകുമ്പോഴാണ് കുത്തക കമ്പോളം സന്തുലിതാവസ്ഥ കൈവരിക്കുന്നത്. മൊത്തം വരുമാനവും മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസമാണ് ലാഭം ( π = TR – TC ) , അപ്പോൾ ഉല്പാദനച്ചെലവ് പൂജ്യമായ കുത്തക കമ്പോളത്തിലെ ലാഭം:

π = TR – TC = TR – 0 = TR

TC പൂജ്യമായതുകൊണ്ട് ഇവിടെ പരമാവധി ലാഭം മൊത്തം വരുമാനമാണ്. അതുകൊണ്ട്, TR പരമാവധിയാകുമ്പോൾ ലാഭം പരമാവധിയാകുന്നു. ഡയഗ്രം 6.7 ൽ TR ഏറ്റവും ഉയർന്നിരിക്കുന്നത് ഉല്പന്ന അളവ് Oq ആകുമ്പോഴാണ്. അതുകൊണ്ട് സന്തുലിത അളവ് Oq ആണ്. കുത്തക കമ്പോളത്തിൽ വിലയും AR ഉം തുല്യമാണ്. ഒരു കുത്തക സ്ഥാപനത്തിന്റെ AR വക്രം വിപണി ചോദന വക്രം തന്നെയായിരിക്കും. Oq ഉല്പന്ന അളവിലെ വില OP ആണ്.

ലാഭം: π = TR – TC ( TR = AR × q )

OP x Oq = Area OqaP

Oq ന് മുമ്പും Oq ന് ശേഷവും ലാഭം പരമാവധിയായിരിക്കുകയില്ല. ലാഭം പരമാവധിയായിരിക്കുമ്പോൾ MR പൂജ്യമായിരിക്കും. ഉല്പാദനച്ചെലവ് പൂജ്യമായ കുത്തക കമ്പോളത്തിൽ ഡയഗ്രത്തിൽ q അളവിൽ MR പൂജ്യവും TR പരമാവധിയുമാണ്.

zero cost equilibrium

Diagram 6.7

ചെലവ് പൂജ്യമായ കുത്തക കമ്പോളത്തിന്റെ സന്തുലിത അളവ്, വില പൂജ്യമാകുമ്പോഴുള്ള കമ്പോള ചോദനത്തിന്റെ പകുതി ആയിരിക്കും.

q = 20 – 2P എന്ന ചോദന ധർമ്മത്തിൽ വില പൂജ്യമാകുമ്പോൾ അളവ് 20 യൂണിറ്റുകളാണ്. അതായത്,

q = 20 – 2P = 20 – 2 × 0 = 20

അപ്പോൾ സന്തുലിത അളവ് 20 ന്റെ പകുതി 10 യൂണിറ്റാണ്. 10 യൂണിറ്റിലെ ലാഭം പരമാവധിയാകുന്ന വില 5 ആണ്. അതായത്,

P = 10 – .5q

= 10 – .5 × 10

= 10 – 5

= 5

ലാഭം, π = TR – TC

= Pq – TC

= .5 × 10 – 0

= 50

പൂർണ കിടമത്സര കമ്പോളവുമായി താരതമ്യം (Comparison with Perfect Competition)

ചെലവ് പൂജ്യമായ കുത്തക കമ്പോളവും ചെലവ് പൂജ്യമായ പൂർണ കിടമത്സര കമ്പോളവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ പൂർണ കിടമത്സര കമ്പോളത്തിലെ വില കുറവും ഉല്പന്ന അളവ് കൂടുതലും തന്മൂലം ലാഭം കുറവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കാം.

പൂർണ കിടമത്സര കമ്പോളത്തിൽ ചെലവ് പൂജ്യമായ എണ്ണമറ്റ് ശുദ്ധജല കിണർ ഉടമകൾ ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു സ്ഥാപനം വില കുറച്ച് കൂടുതൽ വിറ്റ് ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കരുതുക. വില കുറഞ്ഞ സ്ഥാപനത്തിൽനിന്ന് ഉപഭോക്താക്കൾ വെള്ളം ശേഖരിക്കും. അപ്പോൾ മറ്റ് സ്ഥാപനങ്ങളും വില കുറയ്ക്കാൻ ശ്രമിക്കുന്നു; കൂടുതൽ വില്ക്കാമെന്ന പ്രതീക്ഷയോടെ. അങ്ങനെ അവസാനം വില കുറഞ്ഞ് കുറഞ്ഞ് പൂജ്യം വരെ എത്താം. വില കുറയ്ക്കുമ്പോൾ കൂടുതൽ വില്ക്കാൻ കഴിയുന്നു. ഇത് കമ്പോള പ്രദാനം വർധിപ്പിക്കുന്നു.

കുത്തക കമ്പോളത്തിലെ വിലയെക്കാൾ കുറഞ്ഞ വിലയും കൂടുതൽ അളവ് ഉല്പന്നവും പൂർണ കിടമത്സര കമ്പോളത്തിലാകുന്നു. അതുപോലെ ലാഭം ഏറ്റവും കൂടുതൽ കുത്തകയിലായിരിക്കും. കുത്തക സ്ഥാപനം അമിതലാഭം നേടുന്നു. പൂർണ കിടമത്സര കമ്പോളത്തിൽ സ്ഥാപനങ്ങൾ സാധാരണ ലാഭം മാത്രം നേടുന്നു. ഇവിടെ കുറഞ്ഞ വിലയായതുകൊണ്ട് ലാഭം കുറവായിരിക്കും.

( 2 ) ചെലവ് ധനാത്മകമായ സാഹചര്യം (In case of positive costs)

ധനാത്മക ഉല്പാദന ചെലവുള്ള കുത്തക സന്തുലിതാവസ്ഥ രണ്ട് തരത്തിൽ വിശകലനം ചെയ്യാം. അവ

  • (a) TR – TC സമീപനം
  • (b) MR – MC സമീപനം

(a) മൊത്തം വരുമാനം മൊത്തം ചെലവ് സമീപനം (TR – TC approach):

ഉല്പാദക യൂണിറ്റിന് ലാഭം ഏറ്റവും കൂടുതൽ ലഭിക്കുമ്പോഴാണ് സന്തുലിതാവസ്ഥയിൽ എത്തുന്നത്. π = TR – TC ആണെന്ന് നമുക്കറിയാം. TR – TC സമീപനം അനുസരിച്ച് കുത്തക സ്ഥാപനം സന്തുലിതാവസ്ഥയിൽ എത്തുന്നത് മൊത്തം ചെലവിനെക്കാൾ മൊത്തം വരുമാനം ഉയർന്നിരിക്കുകയും അവ തമ്മിലുള്ള വ്യത്യാസം പരമാവധിയായിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. അതായത്,

  • ( 1 ) TC യെക്കാൾ TR കൂടുതലായിരിക്കണം
  • ( 2 )TR ഉം TC യും തമ്മിലുള്ള വ്യത്യാസം പരമാവധി ആയിരിക്കണം
ഡയഗ്രം 6.8 ൽ TR മൊത്തം വരുമാന വക്രവും TC മൊത്തം ചെലവു വക്രവും π ലാഭ വക്രവുമാണ്. q1 , q2 എന്നീ ഉല്പന്ന അളവുകളിൽ TR ഉം TC യും തുല്യമാണ്. a , c എന്നീ ബിന്ദുക്കളിൽ TR വക്രവും TC വക്രവും ഖണ്ഡിക്കുന്നു. ഈ അളവുകളിൽ ലാഭം പൂജ്യമാണ്. ലാഭ വക്രം π , x – അക്ഷത്തിൽ ഖണ്ഡിക്കുന്നു. q1 അളവിന് മുമ്പും , q2 അളവിന് ശേഷവും TR നെക്കാൾ കൂടുതലാണ് TC. ഈ അവസ്ഥകളിൽ സ്ഥാപനം നഷ്ടത്തിലാണ്. അതുകൊണ്ട് ലാഭ വക്രം നെഗറ്റീവ് ഭാഗത്താണ്.

tr tc approach

Diagram 6.8

q1 ഉല്പന്നതലത്തിനും q2 ഉല്പന്നതലത്തിനും ഇടയിൽ TC യെക്കാൾ കൂടുതലാണ് TR. അപ്പോൾ ലാഭ വക്രം പോസിറ്റീവ് ഭാഗത്താണ്. ഉല്പന്ന അളവ് q ആകുമ്പോൾ TR ഉം TC യും തമ്മിലുള്ള വ്യത്യാസം പരമാവധിയാകുന്നു. q അളവിൽ ലാഭ വക്രം വർധിച്ച് പരമാവധിയിൽ എത്തുന്നു. അതുകൊണ്ട് ഉല്പാദനചെലവ് പോസിറ്റീവായ കുത്തക സ്ഥാപനത്തിന് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന സന്തുലിത അളവ് q ആണ്.

പ്രശ്നം 6.1: പട്ടിക പ്രകാരം ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

Table 6.4
q P TC
0 10 5
1 9 12
2 8 16
3 7 17
4 6 19
5 5.5 20
6 4 20
7 3 21
8 2.5 23
9 2 25

  • (1) വിവിധ ഉല്പന്ന തലങ്ങളിലെ TR, ലാഭം എന്നിവ കാണുക.
  • (2) സന്തുലിത അളവ് എത്ര ?
  • (3) സന്തുലിത വില എത്ര ?
  • (4) സന്തുലിത അളവിലെ ലാഭം എത്ര ?
  • (5) ലാഭം പരമാവധിയായിരിക്കുമ്പോഴുള്ള TR ഉം TC ഉം എത്രയാണ് ?

ഉത്തരം:

  • Table 6.5
    q P TR TC π
    0 10 5 -5
    1 9 9 12 -3
    2 8 16 16 0
    3 7 21 17 4
    4 6 24 19 5
    5 5.5 27.5 20 7.5
    6 4 24 20 4
    7 3 21 21 0
    8 2.5 20 23 -3
    9 2 18 25 -7

  • (2) 5 യൂണിറ്റ്
  • (3) 5.5
  • (4) 7.5
  • (5) TR = 27.5, TC = 20

(b) സീമാന്ത വരുമാനം സീമാന്ത ചെലവ് സമീപനം (MR – MC Approach):

MR – MC സമീപനം അനുസരിച്ച് കുത്തക സ്ഥാപനം സന്തുലിതാവസ്ഥയിൽ എത്തുന്നത് രണ്ട് വ്യവസ്ഥകൾ പാലിക്കുമ്പോഴാണ്. അവ:

  • (1) സീമാന്ത വരുമാനവും സീമാന്ത ചെലവും തുല്യമായിരിക്കണം (MR = MC).
  • (2) MC വക്രം MR വകത്തെ താഴെനിന്ന് ഖണ്ഡിക്കണം.

ഡയഗ്രം 6.9 ൽ MR, MC, AR, AC വക്രങ്ങൾ കൊടുത്തിരിക്കുന്നു. കുത്തക സ്ഥാപനത്തിന് പരമാവധി ലാഭം ലഭിക്കുന്ന സന്തുലിത ഉല്പന്ന അളവ് q വാണ്. q അളവിൽ MR ഉം MC യും തുല്യമാണ്. E എന്ന ബിന്ദുവിൽ MC വക്രം MR വക്രത്തെ ഛേദിക്കുന്നു. MC വക്രം MR വക്രത്തെ താഴെ നിന്ന് ഖണ്ഡിക്കണം. കുത്തകയിൽ വിലയും AR ഉം തുല്യമായതുകൊണ്ട് സന്തുലിത അളവിലെ AR ആണ് സന്തുലിത വില. അപ്പോൾ q അളവിലെ ശരാശരി വരുമാനം OP ആണ് സന്തുലിത വില.

mr mc approach

Diagram 6.8 കുത്തക സന്തുലിതാവസ്ഥ

MR – MC സമീപനം

ലാഭം: π = TR – TC

= AR × q – AC × q

= OP × Oq – OT × Oq

= OPRq – OTSq

= TPRS

നിറം കൊടുത്ത കൊടുത്ത ഭാഗമാണ് പരമാവധി ലാഭം.

പ്രശ്നം 6.2: താഴെ പറയുന്നവയ്ക്ക് പട്ടികയുടെ അടിസ്ഥാനത്തിൽ ഉത്തരം എഴുതുക.

Table 6.6
q P TC
0 12 10
1 11 17
2 10 18
3 9 22
4 8 27
5 7 38

  • (1) വിവിധ ഉല്പന്ന തലങ്ങളിലെ TR , AR , MR , MC , AC , ലാഭം എന്നിവ കാണുക.
  • (2) സന്തുലിത അളവ് എത്ര ? എന്തുകൊണ്ട് ?
  • (3) സന്തുലിത വില എത്ര ?
  • (4) സന്തുലിത അളവിലെ ലാഭം എത്ര ?
  • (5) സന്തുലിത അളവിലെ MR ഉം MC യും എത്ര ?
  • (6) സന്തുലിത അളവിലെ AR എത്ര ?
  • (7) ലാഭം പരമാവധിയായിരിക്കുന്ന ഉല്പന്നത്തിലെ TR ഉം TC ഉം എത്രയാണ് ?

  • Table 6.7
    q P TR TC MR MC AR AC Profit
    0 12 0 10 -10
    1 11 11 17 11 7 11 17 -6
    2 10 20 18 9 1 10 9 2
    3 9 27 22 7 4 9 7.33 5
    4 8 32 27 5 5 8 6.75 5
    5 7 35 38 3 11 7 7.6 -3

  • (2) MR = MC = 5 ആയതുകൊണ്ട് സന്തുലിത അളവ്, q = 4 ആണ്.
  • (3) സന്തുലിത വില 8
  • (4) π = 5
  • (5) MR = 5
  • (6) AR =8
  • (7) TR = 32 , TC = 27

കുത്തകയും പൂർണ കിടമത്സര കമ്പോളവും താരതമ്യം (Comparison of Monopoly with Perfect Competition)

പൂർണ കിടമത്സര കമ്പോളത്തിലെ സന്തുലിത ഉല്പന്നം കുത്തക കമ്പോളത്തിലെ സന്തുലിത ഉല്പന്നത്തേക്കാൾ കൂടുതലായിരിക്കും. കുത്തകക്കാരനു കുറഞ്ഞ അളവ് ഉല്പന്നം ഉയർന്ന വിലയ്ക്ക് വില്ക്കാൻ സാധിക്കുന്നതുകൊണ്ട് കുത്തക കമ്പോളത്തിലെ വില എപ്പോഴും പൂർണ കിടമത്സരകമ്പോളത്തിലെ വിലയേക്കാൾ കൂടുതലായിരിക്കും. മാത്രമല്ല, കുത്തക സ്ഥാപനത്തിന്റെ ലാഭം പൂർണ കിടമത്സരകമ്പോളത്തിലെ ലാഭത്തിനേക്കാൾ വളരെ ഉയർന്നതായിരിക്കും.

ദീർഘകാലാടിസ്ഥാനത്തിൽ (In the long run)

പൂർണ കിടമത്സര കമ്പോളത്തിൽ ഹ്രസ്വകാലയളവിൽ ചില സ്ഥാപനങ്ങൾ അമിതലാഭം നേടുകയോ ചില സ്ഥാപനങ്ങൾ നഷ്ടത്തിലാവുകയോ ചെയ്യാം. ഏതെങ്കിലും സ്ഥാപനം അമിതലാഭം എടുക്കുകയാണങ്കിൽ പുതിയ സ്ഥാപനങ്ങൾ ആ വ്യവസായത്തിലേക്ക് കടന്നുവരുകയും അമിത ലാഭം ഇല്ലാതാകുകയും ചെയ്യുന്നു. എന്നാൽ ഏതെങ്കിലും സ്ഥാപനം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ആ സ്ഥാപനം ഉല്പാദനം നിർത്തി പോകും. അതുകൊണ്ട്, ദീർഘകാലയളവിൽ പൂർണ കിടമത്സര കമ്പോളത്തിൽ എല്ലാ സ്ഥാപനങ്ങളും സാധാരണ ലാഭം മാത്രം നേടുന്നു.

കുത്തക കമ്പോളത്തിൽ പുതിയ സ്ഥാപനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ട് കുത്തകക്കാരൻ ഹ്രസ്വകാലയളവിലും ദീർഘകാലയളവിലും അമിത ലാഭം നേടുന്നു.

Table 6.8 പൂർണ കിടമത്സര കമ്പോളവും കുത്തക കമ്പോളവും – ഒരു താരതമ്യ പഠനം
പൂർണ കിടമത്സരം (Perfect competition) കുത്തക (Monopoly)
ഉല്പാദകൻ വില സ്വീകരിക്കുന്നവൻ ആണ് ഉല്പാദകൻ വില നിശ്ചയിക്കുന്നവൻ ആണ്
ധാരാളം ഉല്പാദകർ ഒരു ഉല്പാദകൻ
ഏകജാതീയ ഉല്പന്നങ്ങൾ പകരം ഉല്പന്നങ്ങൾ ഇല്ല
പൂർണ പ്രവേശന സ്വാതന്ത്ര്യം പ്രവേശന സ്വാതന്ത്ര്യം ഇല്ല
തിരശ്ചീന ചോദന വക്രം താഴേക്ക് ചെരിഞ്ഞ ചോദന വക്രം
പൂർണ ഇലാസ്തിക ചോദനം കുറഞ്ഞ ഇലാസ്തിക ചോദനം
മൊത്തം വരുമാന വക്രം ഒറിജിനിൽനിന്ന് ആരംഭിച്ച് മുകളിലേക്ക് നേർരേഖയായിരിക്കും മൊത്തം വരുമാന വക്രം തലതിരിഞ്ഞ പരാബോളയാണ്

കുത്തക സ്ഥാപനങ്ങൾക്കെതിരെയുള്ള ചില വിമർശന ചിന്തകൾ (Critical Views on Monopoly)

കുത്തക സ്ഥാപനങ്ങൾക്കെതിരെ ധാരാളം വിമർശനങ്ങൾ നില നിൽക്കുന്നു. അവ താഴെ കൊടുക്കുന്നു.

  1. കുത്തക സ്ഥാപനങ്ങൾ അവയുടെ ഉല്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നു.
  2. കുത്തക സ്ഥാപനങ്ങൾ ഉപഭോക്താവിന്റെ ചെലവിൽ നേട്ടമുണ്ടാക്കുന്നു.
  3. കുത്തക സ്ഥാപനങ്ങൾ ദീർഘകാലയളവിൽ പോലും ഉയർന്ന ലാഭം ഉണ്ടാക്കുന്നു.
  4. ഉപഭോക്താക്കൾ കുറഞ്ഞ അളവ് സാധനങ്ങൾക്ക് കൂടുതൽ വില നല്കേണ്ടിവരുന്നു.
ശുദ്ധ കുത്തക സ്ഥാപനങ്ങൾക്ക് ഇന്ന് യഥാർത്ഥലോകത്ത് നിലനില്ക്കാൻ പ്രയാസമാണ്. ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ വീക്ഷണത്തിൽ കുത്തക സ്ഥാപനങ്ങൾ ഇന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക മികവോടെ എല്ലാ സാധനങ്ങൾക്കും കൂടുതൽ കൂടുതൽ പ്രതിസ്ഥാപന വസ്തുക്കൾ അനുദിനം കമ്പോളത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. മത്സരത്തിനുള്ള പ്രധാന കാരണം ഇതാണ്. അതുകൊണ്ട്, സ്ഥാപനങ്ങൾക്ക് ഹ്രസ്വകാലയളവിൽ കുത്തകയായി പ്രവർത്തിക്കാമെങ്കിലും ദീർഘ കാലയളവിൽ കുത്തക നില നിർത്തിക്കൊണ്ടുപോകാൻ കഴിയുകയില്ല.

ഈ പോരായ്മകളുണ്ടെങ്കിലും കുത്തകയ്ക്ക് ചില ഗുണങ്ങളുമുണ്ട്. കുത്തക ഉയർന്ന ലാഭം നേടുന്നതുകൊണ്ട് ഗവേഷണത്തിനും വികസനത്തിനും ധാരാളം പണം ചെലവഴിക്കാൻ അവയ്ക്ക് കഴിയുന്നു. ഇത് ഗുണമേന്മയുള്ള നല്ല സാധനങ്ങൾ ഉല്പാദിപ്പിക്കാൻ കുത്തക സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. മാത്രമല്ല, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കുത്തകകൾക്ക് കഴിയുന്നു. സാമൂഹിക കുത്തകകൾ പൊതുജനക്ഷേമം ഉറപ്പുവരുത്തുന്നു.

മറ്റു അപരിപൂർണ്ണ കിടമത്സര വിപണികൾ (Other Non-Perfectly Competitive Markets)

കുത്തകാധിഷ്ഠിതമായ മത്സരം (Monopolistic Competition)

സമ്പൂർണ കിടമത്സരവും പൂർണ കുത്തകയും പ്രായോഗിക തലത്തിൽ അപൂർവമാണ്. കുത്തകയുടെയും കിടമത്സരത്തിന്റെയും സ്വഭാവ സവിശേഷതകളുള്ള കമ്പോളങ്ങളാണ് ദൈനംദിന ജീവിതത്തിൽ നാം കാണാറുള്ളത്. ഇത്തരം കമ്പോളമാണ് കുത്തകാധിഷ്ഠിതമായ മത്സരം അഥവാ കുത്തക മത്സരം.

ഇത് കുത്തകയുടെയും മത്സരത്തിന്റെയും ഒരു സങ്കലനമാണ്. വ്യത്യസ്തങ്ങളായ സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുകയും വില്ക്കുകയും ചെയ്യുന്ന ധാരാളം സ്ഥാപനങ്ങളുള്ള ഒരു കമ്പോളത്തെയാണ് കുത്തക മത്സരം എന്നു പറയുന്നത്. ഉദാഹരണമായി, ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപു, ബിസ്ക്കറ്റ് തുടങ്ങിയ ഉപഭോഗ വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ എഡ്വേർഡ് ചേമ്പർലിൻ ” കുത്തക മത്സരത്തിന്റെ സിദ്ധാന്തം ” (Theory of Monopolistic Competition – 1956) എന്ന പുസ്തകത്തിലൂടെയാണ് ഈ ആശയം ജനകീയമാക്കിയത്.

കുത്തക മത്സരത്തിന്റെ സവിശേഷതകൾ (Features of Monopolistic Competition)

  • (1) ധാരാളം ഉല്പാദകരും വാങ്ങുന്നവരും. എന്നാൽ അവരുടെ എണ്ണം കിടമത്സരത്തിലെക്കാളും കുറവായിരിക്കും.
  • (2) ഉല്പന്ന വിഭേദനം (product differentiation) ഉണ്ടായിരിക്കും. ഓരോ സ്ഥാപനത്തിന്റെയും ഉല്പന്നം ഒരു ബ്രാൻഡ് പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥാപനത്തിന്റെ ഉല്പന്നങ്ങൾക്കും മറ്റ് സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളിൽനിന്നും നിറം, ഗുണം, മണം, രുചി തുടങ്ങിയവയിൽ വ്യത്യാസം ഉണ്ടായിരിക്കും.
  • (3) ഉല്പാദകർക്ക് വിപണിയിൽ പ്രവേശിക്കാനും പുറത്തു പോകുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
  • (4) വില്പനച്ചെലവുകൾ ഉണ്ടായിരിക്കും. പരസ്യം, പ്രചരണം; കൂപ്പണുകൾ, സമ്മാനങ്ങൾ തുടങ്ങിയ വില്പന തന്ത്രങ്ങൾക്ക് വരുന്ന ചെലവാണ് വില്പനച്ചെലവ്.
  • (5) വിലവ്യത്യാസമുണ്ടായിരിക്കും. വില വിഭേദനം ഉള്ളതുകൊണ്ട് ഓരോ സ്ഥാപനത്തിന്റെയും ഉല്പന്നത്തിന്റെ വിലയിൽ ചെറിയ വ്യത്യാസം ഉണ്ടായിരിക്കും.

കുത്തകാധിഷ്ഠിത മത്സരത്തിലെ ചോദന വക്രം (Demand Curve under Monopolistic Competition)

കുത്തകാധിഷ്ഠിത മത്സരത്തിൽ ചോദന വക്രം ഇടത്തുനിന്നും വലത്തോട്ട് താഴേക്ക് ചെരിഞ്ഞതായിരിക്കും. അതുകൊണ്ട് ഉല്പാദകർക്ക് വിലകുറച്ചുകൊണ്ട് കൂടുതൽ സാധനങ്ങൾ വില്ക്കാൻ സാധിക്കും.

Demand Curve under Monopolistic Competition

Diagram 6.9

ചോദന വക്രം കുത്തകയെ അപേക്ഷിച്ച് കുറേക്കൂടി പരന്നതായിരിക്കും. ഇത് ഉയർന്ന ഇലാസ്തിക ചോദനത്തെ സൂചിപ്പിക്കുന്നു. ഇവിടെ ചോദന വക്രവും AR വക്രവും ഒന്നു തന്നെയാണ്.

കുത്തക മത്സരത്തിലെ സന്തുലിതാവസ്ഥ (Equilibrium under Monopolistic Competition)

കുത്തക മത്സരത്തിലെ വില, ഉല്പന്ന അളവ് എന്നിവയുടെ നിർണയ വ്യവസ്ഥകൾക്ക് (Equilibrium) ഹ്രസ്വകാലയളവിലും ദീർഘകാലയളവിലും ചെറിയ വ്യത്യാസമുണ്ട്. കുത്തക മത്സരത്തിലെ സന്തുലിതാവസ്ഥ :

  • (1) ഹ്രസ്വകാല സന്തുലിതാവസ്ഥ
  • (2) ദീർഘകാല സന്തുലിതാവസ്ഥ
എന്നിങ്ങനെ രണ്ട് തരത്തിൽ വിവരിക്കാം.

ഹ്രസ്വകാല സന്തുലിതാവസ്ഥ (Short-run Equilibrium)

ഹ്രസ്വകാലയളവിൽ കുത്തക മത്സര കമ്പോളത്തിലെ ഉല്പാദക യൂണിറ്റ് സന്തുലിതാവസ്ഥയിൽ എത്തുന്നത് രണ്ട് വ്യവസ്ഥകൾ പാലിക്കുമ്പോഴാണ്.

  • (1) MR = MC
  • (2) MC വക്രം ഉയർന്നിരിക്കണം. MC വക്രം MR വക്രത്തെ താഴെനിന്ന് ഖണ്ഡിക്കണം.
പൂർണ കിടമത്സരവുമായി താരതമ്യം ചെയ്യുമ്പോൾ കുത്തക മത്സരത്തിൽ സന്തുലിത അളവ് കുറവും സന്തുലിത വില കൂടുതലും ആയിരിക്കും. എന്നാൽ കുത്തക കമ്പോളവുമായി കുത്തക മത്സരകമ്പോളം താരതമ്യം ചെയ്യുമ്പോൾ കുത്തക മത്സരകമ്പോളത്തിലെ സന്തുലിത അളവ് കൂടുതലും സന്തുലിത വില കുറവുമായിരിക്കും.

ദീർഘകാല സന്തുലിതാവസ്ഥ (Long run Equilibrium)

കുത്തക മത്സരത്തിലെ ദീർഘകാല സന്തുലിതാവസ്ഥയെ ഗ്രൂപ്പ് സന്തുലിതാവസ്ഥ (Group equilibrium) എന്നു പറയുന്നു. കുത്തക മത്സരകമ്പോളത്തിലേക്ക് ഉല്പാദക സ്ഥാപനങ്ങൾക്ക് കടന്നുവരാനും പോകാനും പൂർണ സ്വാതന്ത്ര്യമുണ്ട്. ഹ്രസ്വകാലയളവിൽ ഏതെങ്കിലും സ്ഥാപനം ഗുണാത്മക (positive) ലാഭം നേടുന്നുണ്ടെങ്കിൽ പുതിയ സ്ഥാപനങ്ങൾ ആ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നു. തത്ഫലമായി ഉല്പന്നത്തിന്റെ അളവിൽ വികാസം സംഭവിക്കുകയും ലാഭം പൂജ്യമാകുന്നതുവരെ വിപണിയിലെ വില താഴുകയും ചെയ്യുന്നു. ഇപ്പോൾ പുതിയ സ്ഥാപനങ്ങൾ വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. നേരെമറിച്ച്, ഏതെങ്കിലും സ്ഥാപനം ഹ്രസ്വകാലയളവിൽ നഷ്ടത്തിലാണെങ്കിൽ ആ സ്ഥാപനം ഉല്പാദനം നിർത്തി വിപണിയിൽ നിന്ന് പുറത്തുപോകുന്നു. ഇപ്പോൾ ഉല്പന്ന അളവിൽ കുറവുണ്ടാകുകയും അത് വില വർധിക്കാനിടയാക്കുകയും ചെയ്യുന്നു. ലാഭം പൂജ്യമാകുമ്പോൾ പ്രവേശനവും പുറത്തുപോകലും നിലയ്ക്കുന്നു. ഇത് ദീർഘകാല സന്തുലിതാവസ്ഥയായി വർത്തിക്കുന്നു. കുത്തകമത്സരത്തിൽ ദീർഘകാലയളവിൽ എല്ലാ സ്ഥാപനങ്ങളും സാധാരണ ലാഭം മാത്രം നേടുന്നു.

ഒലിഗോപൊളി (Oligopoly)

ഒലിഗോപൊളിയിൽ സ്ഥാപനങ്ങൾ പെരുമാറുന്നതെങ്ങനെ ?(How do Firms behave in Oligopoly?)

ഒരേ തരത്തിലുള്ള അല്ലെങ്കിൽ അല്പം വ്യത്യാസമുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തമ്മിൽ മത്സരിക്കുന്ന ഒരു കമ്പോള സാഹചര്യമാണ് ഒലിഗോപൊളി. കാർ, മോട്ടോർ സൈക്കിൾ, സ്കൂട്ടർ, മൊബൈൽ ഫോൺ, മുതലായവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളാണ് ഒലിഗോപൊളി സ്ഥാപനങ്ങൾ.

ഒലിഗോപൊളിയിലെ ഒരു പ്രത്യേക സാഹചര്യമാണ് ഡ്യുവാപൊളി. രണ്ട് ഉൽപാദകർ അഥവാ വിൽപനക്കാർ മാത്രമുള്ള ഒരു കമ്പോളത്തെയാണ് ഡ്യുവാപൊളി എന്ന് പറയുന്നത്. രണ്ട് സ്ഥാപനങ്ങൾ വിൽക്കുന്ന സാധനങ്ങൾ സമാന സ്വഭാവമുള്ളവയാണെന്നും അവയ്ക്ക് അടുത്ത പ്രതിസ്ഥാപന വസ്തുക്കൾ ഇല്ലെന്നുമാണ് ഇവിടെ അനുമാനിക്കുന്നത്.

ഒരു ഒലിഗോപൊളിയിൽ ഓരോ സ്ഥാപനത്തിനും കമ്പോളത്തിലെ മൊത്ത പ്രദാനത്തിലും വിലയിലും സ്വാധീനം ചെലുത്താൻ കഴിയും. ഒരു ഡ്യുവോപൊളിയുടെ കാര്യമെടുക്കുക. രണ്ട് സ്ഥാപനങ്ങളും വലുപ്പത്തിൽ തുല്യമാണ്. അവയിൽ ഒരെണ്ണം ഉൽപന്നം ഇരട്ടിയാക്കാൻ തീരുമാനിക്കുകയാണങ്കിൽ, കമ്പോളത്തിൽ ഉൽപന്നത്തിന്റെ മൊത്തം പ്രദാനം ഉയരുകയും ഇത് വില കുറയാൻ കാരണമാകുകയും ചെയ്യും. ഇത് ഒരേ വ്യവസായത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ലാഭത്തെ ബാധിക്കും. സ്വന്തം ലാഭം സംരക്ഷിക്കുന്നതിനായി മാറിയ കമ്പോള സാഹചര്യങ്ങളിൽ എത്രത്തോളം ഉൽപാദിപ്പിക്കണമെന്ന് മറ്റു സ്ഥാപനങ്ങൾ തീരുമാനിക്കും. അതിനാൽ, ഒരു വ്യവസായത്തിലെ ഉൽപന്നത്തിന്റെ അളവ്, വിലയുടെ അളവ്, ലാഭത്തിന്റെ അളവ് എന്നിവ സ്ഥാപനങ്ങൾ എങ്ങനെ പരസ്പരം ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് നാം പറയുന്നു.

ഒരു അസാധാരണ സാഹചര്യത്തിന്റെ ഉദാഹരണത്തിൽ, ലാഭം പരമാവധിയാക്കുന്നതിനായി പരസ്പരം രഹസ്യധാരണയിലെത്താൻ സ്ഥാപനങ്ങൾ തീരുമാനിച്ചേക്കാം. ഇവിടെ സ്ഥാപനങ്ങൾ ഒരു തരത്തിലുള്ള കുത്തക സൃഷ്ടിക്കുന്നു. അവർ ഒരു സഖ്യമായി (cartel) പ്രവർത്തിക്കുന്നു. വിലകൾ സ്വയം നിശ്ചയിച്ചു കൊണ്ടും പരസ്പരം മത്സരിക്കാതെയും ലാഭം വർധിപ്പിക്കാമെന്ന ധാരണയിലെത്തുന്ന വ്യത്യസ്ത സ്ഥാപനങ്ങളുടെ സംഘമാണ് കാർട്ടൽ. ഈ സ്ഥാപനങ്ങൾ ഒരൊറ്റ കുത്തകയെ പോലെ പെരുമാറുന്നു. അവർ ഒരേ അളവിലും ഒരേ വിലയിലും ഉൽപന്നങ്ങൾ വിതരണം ചെയ്യും.

പരസ്പരം മത്സരിക്കുന്നതിനായി സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയും എന്നതാണ് മറ്റൊരു സാധ്യത. ഉദാഹരണത്തിന്, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു സ്ഥാപനം മറ്റു സ്ഥാപനങ്ങളുടെ വിലയേക്കാൾ അല്പം വില കുറച്ചേക്കാം. മറ്റു സ്ഥാപനങ്ങൾക്കും ഇതുപോലെ ചെയ്യാം. അങ്ങനെ കമ്പോള വില താഴുന്നു. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുകയും അതിനിടയിൽ സ്ഥാപനങ്ങൾ അവരുടെ വില മറ്റുള്ളവരുടെ വിലയേക്കാൾ കുറച്ചു കൊണ്ടുവരുകയും ചെയ്യുന്നു. സീമാന്ത ചെലവിൽ എത്തുന്നതുവരെ തുടർച്ചയായി വില കുറയാൻ ഇത് കാരണമാകുന്നു. സീമാന്ത ചെലവിൽ താഴെ വില പോകില്ല. കാരണം സീമാന്തചെലവിനേക്കാൾ കുറഞ്ഞ വിലയിൽ ഒരു സ്ഥാപനവും വിതരണം ചെയ്യില്ല. അതിനാൽ, സമ്പൂർണ കിടമത്സരത്തിന്റെ അതേ ഫലമാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്. യഥാർത്ഥ ലോക സാഹചര്യത്തിൽ എല്ലാ പ്രായോഗിക കാര്യങ്ങളിലും സ്ഥാപനങ്ങൾക്കിടയിലുള്ള ഇത്തരം സഹകരണം പ്രതീക്ഷിക്കാൻ കഴിയില്ല. നേരെ മറിച്ച്, മറ്റുള്ള സ്ഥാപനങ്ങളേക്കാൾ വിലകുറച്ചുകൊണ്ട് വില താഴ്ത്തികൊണ്ടുവരുന്നത് അവരുടെ സ്വന്തം താൽപര്യത്തിനെതിരാണെന്ന് സ്ഥാപനങ്ങൾ മനസ്സിലാക്കും. അതുകൊണ്ട് കുത്തകയുടെയും സമ്പൂർണ കിടമത്സരത്തിന്റെയും രണ്ടറ്റങ്ങൾക്കുമിടയിൽ ഒലിഗോപൊളിയിലധിഷ്ഠിതമായ സന്തുലിതാവസ്ഥ കാണാൻ കഴിഞ്ഞേക്കാം.

Table 6.10
സവിശേഷതകൾ പൂർണ കിടമത്സരം കുത്തക കുത്തക മത്സരം ഒലിഗോപൊളി
(1) ഉല്പാദക സ്ഥാപനങ്ങളുടെ എണ്ണം വളരെയധികം ഒന്ന് കുറച്ചധികം കുറച്ച് (a few)
(2) ഉല്പന്ന സ്വഭാവം ഏകജാതീയം ഏകജാതീയം (തൊട്ടടുത്ത പ്രതിസ്ഥാപന വസ്തുക്കളില്ല) വിഭേദകം ഏകജാതീയമോ വിഭേദകമോ
(3) പ്രവേശന സ്വാതന്ത്ര്യം ഉണ്ട് ഇല്ല ഉണ്ട് ഉണ്ട്
(4) വില ഒരേ വില വളരെക്കൂടുതൽ കൂടുതൽ കൂടുതൽ
(5) വില്പനച്ചെലവ് ഇല്ല ഇല്ല ഉണ്ട് ഉണ്ട്
(6) ഇലാസ്തികത പൂർണ ഇലാസ്തിക ചോദനം കുറഞ്ഞ ഇലാസ്തിക ചോദനം കൂടിയ ഇലാസ്തിക ചോദനം വിവിധം
(7) ചോദന വക്രം തിരശ്ചീന രേഖ താഴേക്ക് ചെരിഞ്ഞ് , പരപ്പ് കുറവ് താഴേക്ക് ചെരിഞ്ഞ്, പരപ്പ് കൂടുതൽ നിർണയിക്കാൻ കഴിയില്ല (kinked)

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *