Chapter 7 :-
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിനൊരാമുഖം.
സ്ഥൂല സാമ്പത്തികശാസ്ത്രം : അർത്ഥവും നിർവചനവും ( Macroeconomics : Meaning and Definition ) സ്ഥൂല സാമ്പത്തിക ശാസ്ത്രം മൊത്ത സാമ്പത്തിക ശാസ്ത്രം അഥവാ വരുമാന സിദ്ധാന്തം എന്നും അറിയപ്പെടുന്നു. സാമ്പത്തികശാസ്ത്രത്തിൽ സൂക്ഷ്മം ( Micro ) , സ്ഥൂല ( Macro ) എന്നീ പദങ്ങൾ ആവിഷ്കരിച്ചത് 1933 ൽ റാഗ്‌നർ ഫ്രിഷ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. GNP , മൊത്തം തൊഴിലവസരങ്ങൾ , മൊത്തം സമ്പാദ്യം , മൊത്തം നിക്ഷേപം , പൊതുവിലനിലവാരം തുടങ്ങിയ സഞ്ചയങ്ങളാണ് സ്ഥൂല സാമ്പത്തികശാസ്ത്രം കൈകാര്യം ചെയ്യുന്നത്. കെ . ഇ . ബോൾഡിങ് സ്ഥൂല സാമ്പത്തികശാസ്ത്രത്തിനു നൽകുന്ന നിർവചനം ഇങ്ങനെയാണ് :
“സ്ഥൂല സാമ്പത്തികശാസ്ത്രം ഒറ്റപ്പെട്ട അളവുകളെയല്ല , ആ അളവുകളുടെ സഞ്ചയത്തെയാണ് കൈകാര്യം ചെയ്യുന്നത് ; വ്യക്തിഗത വരുമാനങ്ങളെയല്ല , ദേശീയവരുമാനത്തെയാണ് കൈകാര്യം ചെയ്യുന്നത്. ഒറ്റപ്പെട്ട വിലകളെയല്ല മൊത്തം വിലനിലവാരത്തെയാണ് കൈകാര്യം ചെയ്യുന്നത്. വ്യക്തിഗത ഉല്പാദനത്തെയല്ല ദേശീയ ഉല്പാദനത്തെയാണ് കൈകാര്യം ചെയ്യുന്നത് “.
സാമ്പത്തിക പ്രതിനിധികൾ ( Economic Agents )
സാമ്പത്തിക തീരുമാനങ്ങളെടുക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ആണ് സാമ്പത്തിക പ്രതിനിധികൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അവർ ഉപഭോക്താക്കളോ ഉൽപാദകരോ ആവാം. അവ ഗവൺമെന്റ് ബിസിനസ് സ്ഥാപനങ്ങൾ , ബാങ്കുകൾ തുടങ്ങിയ അസ്തിത്വങ്ങളുമാവാം.
ആഡം സ്മിത്ത്
Adam Smith
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ വ്യാപ്തി ( Scope of Macroeconomics ) സാമ്പത്തിക ശാസ്ത്രത്തിന്റെ പഠന മേഖലകൾ താഴെ കൊടുത്തിരിക്കുന്നു.
- ( 1 ) ദേശീയ വരുമാന സിദ്ധാന്തം
- ( 2 ) തൊഴിൽ സിദ്ധാന്തം
- ( 3 ) പണപ്പെരുപ്പ സിദ്ധാന്തം
- ( 4 ) വ്യാപാര ചക്രങ്ങൾ
- ( 5 ) പണപരവും സാമ്പത്തികവുമായ നയങ്ങൾ
- ( 6 ) സാമ്പത്തിക വളർച്ചാ സിദ്ധാന്തം
- ( 7 ) അന്താരാഷ്ട്ര വ്യാപാര സിദ്ധാന്തം .
സ്ഥല സാമ്പത്തികശാസ്ത്രത്തിന്റെ പ്രാധാന്യം ( Importance of Macroeconomics )
- ( 1 ) സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനരീതി മനസ്സിലാക്കാൻ സഹായിക്കുന്നു
- ( 2 ) വിവിധ സമ്പദ് വ്യവസ്ഥകളുടെ താരതമ്യ പഠനത്തിന് സഹായിക്കുന്നു
- ( 3 ) സാമ്പത്തികാസൂത്രണത്തിനും പ്രവചനത്തിനും
- ( 4 ) വളർച്ച , വികസനം എന്നിവ പഠിക്കുന്നതിന് സഹായിക്കുന്നു
- ( 5 ) സമ്പദ് വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ പഠിക്കാൻ സഹായിക്കുന്നു
- ( 6 ) സാമ്പത്തിക നയങ്ങളും പദ്ധതികളും രൂപീകരിക്കാൻ സഹായിക്കുന്നു
സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ ആവിർഭാവം ( Emergence of Macroeconomics ) സാമ്പത്തിക ശാസ്ത്രത്തിന്റെ ഉത്ഭവവും അതിനുണ്ടായ പ്രചാരവും തേടി പോയാൽ നാം ചെന്നെത്തുന്നത് സാമ്പത്തിക ജ്ഞനായ ജോൺ മൊർഡ് കെയിൻസിലും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ” The General Theory of Employment , Interest and Money ” ( 1936 ) എന്ന ഗ്രന്ഥത്തിലുമാണ് . സമ്പദ് വ്യവസ്ഥയെ ഒന്നാകെ വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സമീപനം കെയിൻസിനു മുമ്പു തന്നെ ഉണ്ടായിരുന്നുവെങ്കിലും സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചത് കെയിൻസാണ്. അദ്ദേഹത്തിന്റെ സ്ഥൂല സമീപനം കെയിൻസിയൻ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു.
ജോൺ മെയ്‌നാർഡ് കെയ്ൻസ്
John Maynard Keynes
സ്ഥൂല സാമ്പത്തികശാസ്ത്രം മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ( Macroeconomics in Capitalist Economies ) ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ മാതൃക പരിഗണിച്ചുകൊണ്ടാണ് സ്ഥൂല സാമ്പത്തികശാസ്ത്ര വിഷയങ്ങൾ തുടർന്നുള്ള പാഠഭാഗങ്ങളിൽ പഠന വിധേയമാക്കുന്നത്. ലോകത്തിലെ സമ്പദ് വ്യവസ്ഥകളിൽ ബഹുഭൂരിപക്ഷവും മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ്. എന്നാൽ അവയെല്ലാം മുതലാളിത്ത സമ്പദ് വ്യവസ്ഥകളുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ.
മുതലാളിത്ത സമ്പദ് വ്യവസ്ഥകൾ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ , കമ്പോളങ്ങൾ സ്വകാര്യവ്യക്തികൾ മുൻകൈയെടുത്തു നടത്തുന്ന സംരംഭങ്ങൾ , മത്സരം , ലാഭേച്ഛ ഇവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ , സർക്കാർ സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്നില്ല. എന്നാൽ നിയന്ത്രണാത്മകമായൊരു പങ്ക് വഹിക്കുന്നു. മാതൃകാപരമായ മുതലാളിത്ത സമ്പദ് വ്യവസ്ഥകളിൽ മിക്ക സാധനങ്ങളും സേവനങ്ങളും സ്വകാര്യ സംരംഭകരോ സ്ഥാപനങ്ങളോ ഉൽപാദിപ്പിക്കുന്നവയാണ്. അവർ വിപണിയിൽ നിന്ന് തൊഴിലാളികളെ കൂലിക്കെടുക്കുന്നു. അവരുടെ അധ്വാനത്തിനു പ്രതിഫലമായി കൂലി നൽകുന്നു. നിക്ഷേപത്തിനു വേണ്ട മൂലധനം സംരംഭകർ തന്നെ നല്കുന്നു ; അല്ലെങ്കിൽ ബാങ്കുകളെപ്പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വാങ്ങുന്നു. അതിനു പുറമേ മൂലധന വിപണിയിൽ നിന്നും മുലധനം ശേഖരിക്കാൻ കഴിയും. മൂലധനം ഉപയോഗിക്കുന്നതിനുള്ള പ്രതിഫലം പലിശയാണ്. ഉല്പാദനം നടത്താൻ ഭൂമി വേണം ; അല്ലെങ്കിൽ പ്രകൃതിവിഭവങ്ങൾ വേണം. ഭൂമിക്കുള്ള പ്രതിഫലത്തിന് പാട്ടം എന്നു പറയുന്നു. സംരംഭകൻ തന്റെ ഉല്പന്നങ്ങൾ ഉല്പാദനച്ചെലവിനേക്കാൾ കൂടിയ വിലയ്ക്ക് വിപണിയിൽ വിൽക്കുമ്പോൾ , അയാൾ മിച്ചം ഉണ്ടാക്കുന്നു. ഈ മിച്ചം അഥവാ ലാഭമാണ് സംരംഭകന്റെ സംരംഭകത്വത്തിനുള്ള പ്രതിഫലം. സംരംഭകർ അല്ലെങ്കിൽ സ്ഥാപനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നത് ലാഭേച്ഛ മൂലമാണ്.സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകൾ ( Sectors of the Economy )
( 1 ) സ്ഥാപനങ്ങൾ ( Firms ) സംരംഭകർ അഥവാ സ്ഥാപനങ്ങൾ മുതലാളിത്ത സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നാണ്. അവർ സമ്പത്തുണ്ടാക്കുന്നു. തൊഴിലവസരം സൃഷ്ടിക്കുന്നു ; ഗവൺമെന്റിന് നികുതിയടയ്ക്കുന്നു. അങ്ങനെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും നിർണായകമായൊരു പങ്കു വഹിക്കുന്നു.
( 2 ) ഗാർഹിക മേഖല ( Households ) ഒരു സമ്പദ് വ്യവസ്ഥയിലെ രണ്ടാമത്തെ പ്രധാന മേഖല ഗാർഹിക മേഖലയാണ് അഥവാ കുടുംബങ്ങൾ. കുടുംബം എന്നു പറയുമ്പോൾ അത് ഒരു വ്യക്തിയോ ഉപഭോഗസംബന്ധമായ തീരുമാനങ്ങൾ യോജിച്ചു കൈക്കൊള്ളുന്ന ഒരു സംഘമോ ആകാം. ഒരു സമ്പദ് വ്യവസ്ഥയിലെ സഞ്ചിത ചോദനയിലെ പ്രധാന ഘടകം ഗാർഹിക ഉപഭോഗ ചോദനമാണ്. കുടുംബങ്ങൾ സമ്പാദിക്കുന്നു ; നികുതികൾ കൊടുക്കുന്നു ; ഉപഭോഗാവശ്യങ്ങൾക്ക് പണം ചെലവാക്കുന്നു. കുടുംബങ്ങൾക്ക് വരുമാനമുണ്ടാകുന്നത് വേതനമായോ ശമ്പളമായോ ആകാം.
( 3 ) ഗവൺമെന്റ് ( Government ) മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ മറ്റൊരു പ്രധാന ഘടകം ഗവൺമെന്റാണ്. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റ് സജീവമായി പങ്കാളിയാകുന്നില്ല. എന്നാൽ നിയന്ത്രണാത്മകമായൊരു പങ്കുവഹിക്കുന്നു. ഗവൺമെന്റ് നിയമനിർമ്മാണം നടത്തുകയും നടപ്പാക്കുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ മറ്റൊരു പ്രധാന പങ്ക് സാമൂഹ്യവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ്.
( 4 ) ബാഹ്വമേഖല ( External Sector ) ആധുനിക സമ്പദ് വ്യവസ്ഥകളെല്ലാം തന്നെ തുറന്ന സമ്പദ് വ്യവസ്ഥകളാണ്. തുറന്ന സമ്പദ് വ്യവസ്ഥകൾക്ക് ശിഷ്ടലോകവുമായി സാമ്പത്തിക ബന്ധങ്ങളുണ്ടായിരിക്കും. അവ വ്യാപാരത്തിലേർപ്പെടുന്നു.
ബാഹ്യമേഖലയുമായുള്ള വ്യാപാരം താഴെ പറയുന്ന വിധത്തിലാകാം.- ( i ) മാതൃരാജ്യം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് സാധനങ്ങൾ വിൽക്കുന്നതിനെ കയറ്റുമതികൾ ( exports ) എന്നു പറയുന്നു.
- ( ii ) മാതൃരാജ്യം ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനെ ഇറക്കുമതികൾ ( imports ) എന്നു പറയുന്നു.
- ( iii ) വിദേശരാജ്യങ്ങളിൽനിന്ന് മാതൃരാജ്യത്തേയ്ക്കുള്ള മൂലധനത്തിന്റെ ഒഴുക്കും ( inflow ) അല്ലെങ്കിൽ മാതൃരാജ്യത്തുനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കും ( outflow ).
അടഞ്ഞ സമ്പദ് വ്യവസ്ഥ ( Closed Economy ) ലോകത്തിലെ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ബന്ധമില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയ്ക്ക് അടഞ്ഞ സമ്പദ് വ്യവസ്ഥയെന്നു പറയുന്നു. ഇത്തരമൊരു സമ്പദ്വ്യവസ്ഥയിൽ കയറ്റുമതി , ഇറക്കുമതി , വിദേശ നിക്ഷേപം ഇവ അനുവദിക്കില്ല. വിദേശത്തുനിന്ന് കടം വാങ്ങുകയോ വിദേശത്തേക്ക് വായ്പ നൽകുകയോ ചെയ്യില്ല.
തുറന്ന സമ്പദ്വ്വവസ്ഥ ( Open Economy ) ലോകത്തിലെ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങൾ പുലർത്തിപ്പോരുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് തുറന്ന സമ്പദ്വ്യവസ്ഥ എന്നു പറയുന്നു.