Plus Two Economics – Chapter 9: Note in Malayalam
Plus Two Economics – Chapter 9: Note in Malayalam

Plus Two Economics – Chapter 9: Note in Malayalam

അദ്ധ്യായം 9:-

പണവും ബാങ്കിങ്ങും.

Plus Two Economics Chapter 9 Money and Banking

ആമുഖം ( Introduction )

പണത്തിന്റെ കണ്ടുപിടുത്തം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി കരുതപ്പെടുന്നു . ആധുനിക സമ്പദ് യവസ്ഥയുടെ പേരു തന്നെ പണ സമ്പദ് വ്യവസ്ഥ എന്നാണ് . പണമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവില്ല . എന്നാൽ പണമേയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനമാണ് . പ്രാചീന കാലത്ത് സാമ്പത്തിക ജീവിതം അതിലളിതമായിരുന്നു . മനുഷ്യന്റെ ആവശ്യങ്ങൾ പരിമിതമായിരുന്നു ; കുടുംബവും സമൂഹവും സ്വയം പര്യാപ്തം . അപ്പോൾ കൈമാറ്റത്തിന്റെ ആവശ്യം വരുന്നില്ല . കാലക്രമത്തിൽ മനുഷ്യന്റെ ആവശ്യങ്ങൾ പെരുകി . ഒരാൾക്കാവശ്യമുള്ളതെല്ലാം ഉല്പാദിപ്പിക്കുക അസാധ്യമായിത്തീർന്നു . ഇത് വൈദഗ്ധ്യ വൽക്കരണത്തിനിടയാക്കി . തൽഫലമായി വിനിമയം ആവിർഭവിച്ചു . മനുഷ്യൻ സാധനത്തിനു പകരം സാധനം കൈമാറാൻ തുടങ്ങി . ഇത് ബാർട്ടർ സമ്പ്രദായം എന്നറിയപ്പെടുന്നു .

ബാർട്ടർ സമ്പ്രദായം ( Barter System )

സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയെ ബാർട്ടർ സമ്പ്രദായം എന്നു പറയുന്നു . ഉദാഹരണമായി , ഒരു ചാക്ക് നെല്ല് കൊടുത്ത് ഒരു പശുവിനെ വാങ്ങുക , അല്ലെങ്കിൽ നെല്ല് കൊടുത്ത് പച്ചക്കറികളും മറ്റു ഭക്ഷ്യധാന്യങ്ങളും വാങ്ങുക . ഇത്തരത്തിൽ സാധന കൈമാറ്റം നിലനിന്നിരുന്ന സമ്പദ് വ്യവസ്ഥയെ C – C (Commodities exchanged for Commodities ) സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നു .

ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മകൾ ( Difficulties of Barter System )

( 1 ) ഇരുവരുടെയും ആവശ്യങ്ങൾ പൊരുത്തപ്പെടാതെ വരുക ( Absence of double coincidence of wants ) :

സാധന കൈമാറ്റ രീതി സുഗമമായി നടക്കണമെങ്കിൽ വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും ആവശ്യങ്ങൾ പൊരുത്തപ്പെടണം . ഉദാഹരണമായി , ഒരാൾക്ക് വിൽക്കാൻ തുണിയുണ്ടായിരിക്കുകയും അരി വാങ്ങേണ്ടതുണ്ടെന്നു വരികയും ചെയ്താൽ അരി വില്ക്കാനും തുണി വാങ്ങാനും താത്പര്യമുള്ള ഒരാളെ കണ്ടത്തണം . എന്നാൽ അപരന് അരി വിൽക്കാനുണ്ടാകുകയും പച്ചക്കറി വാങ്ങേണ്ട ആവശ്യമുണ്ടാകുകയും ചെയ്താൽ ഇരട്ട പൊരുത്തം പ്രശ്നമാകുന്നു .

( 2 ) ഒരു പൊതു അളവിന്റെ അഭാവം ( Absence of common measure of value ) :

ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങളുടെ മൂല്യം അളക്കാനുള്ള ഒരു പൊതു മാനദണ്ഡം ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം . ഓരോ സാധനങ്ങളും കൈമാറ്റം ചെയ്യുന്നത് വ്യത്യസ്ത അളവുതോതിലാണ് .

( 3 ) മൂല്യശേഖരത്തിന്റെ അഭാവം ( Lack of store of value ) :

ബാർട്ടർ സമ്പ്രദായത്തിൽ ഒരാളുടെ സ്വത്ത് അഥവാ ധനം സംഭരിച്ചുവെക്കുന്നത് സാധനങ്ങളുടെ രൂപത്തിലാണ് . മിക്ക സാധനങ്ങളും ഈടുള്ളവയല്ലാത്തതുകൊണ്ട് അവ ദീർഘകാലം ശേഖരിച്ച് വെക്കാൻ കഴിയുകയില്ല . മാത്രമല്ല ഇവ സൂക്ഷിച്ച് വെക്കാൻ ഒരുപാട് സ്ഥലസൗകര്യം ആവശ്യമാണ് . ഇതാണ് ബാർട്ടർ സമ്പ്രദായത്തിന്റെ മറ്റൊരു ന്യൂനത .

( 4 ) മാറ്റിവയ്ക്കപ്പെട്ട് കൊടുക്കലുകൾക്ക് ഒരു മാനദണ്ഡമില്ല ( Lack of standard of deferred payment ) :

വായ്പ വാങ്ങുന്നതിനും തിരിച്ചു നല്കുന്നതിനും ഒരു അടിസ്ഥാനമില്ല . എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് . ഉദാഹരണമായി ഒരു പശുവിനെ കടം വാങ്ങിയാൽ അത് തിരിച്ചുകൊടുക്കുമ്പോൾ അതിന്റെ മൂല്യത്തിൽ മാറ്റമുണ്ടാകുന്നു . ചിലപ്പോൾ മൂല്യശോഷണമോ മൂല്യവർധനവോ സംഭവിക്കാം .

( 5 ) വിഭജന പ്രശ്നം ( Problem of divisibility ):

ചില സാധനങ്ങൾ വിഭജിക്കാൻ പറ്റില്ല എന്നതാണ് ബാർട്ടർ സമ്പ്രദായത്തിന്റെ മറ്റൊരു പ്രശ്നം . ഉദാഹരണമായി , ഒരു പശുവിന് ഒരു ചാക്ക് നെല്ലാണ് വിനിമയ നിരക്ക് എന്ന് കരുതുക . അപ്പോൾ അര ചാക്ക് നെല്ലാണ് ആവശ്യമെങ്കിൽ പശുവിനെ മുറിക്കുക സാധ്യമായ കാര്യമല്ല .

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന തിനുവേണ്ടി മനുഷ്യൻ പുതിയ മാർഗം തേടി . അത് പണത്തിന്റെ ഉത്ഭവത്തിന് കാരണമായി .

പണം എന്നാൽ എന്ത് ? ( What is Money ? )

പണത്തിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ നിരവധി നിർവചനങ്ങൾ നല്കിയിട്ടുണ്ട് . പണത്തിന്റെ നിയമപരമായ നിർവചന പ്രകാരം പൊതു സ്വീകാര്യതയുള്ള എന്തിനെയും പണമായി കരുതാം . പണത്തിന്റെ ധർമാത്മകമായ നിർവചന പ്രകാരം വാക്കറിന്റെ അഭിപ്രായത്തിൽ ” പണം എന്താണോ ചെയ്യുന്നത് അതാണ് പണം ” . “ ഒരു വിനിമയ മാധ്യമം , മൂല്യമാപനം , മൂല്യശേഖരം , വിളംബിത കെടുതികൾ മാനദണ്ഡം എന്ന നിലയിൽ പൊതുവേ സ്വീകരിക്കുന്ന എന്തിനെയും പണം ” എന്ന് നിർവചിക്കാം .

പണത്തിന്റെ ധർമ്മങ്ങൾ ( Functions of Money )

പണം പ്രയോജനകരമായ പല ധർമ്മങ്ങളും നിർവഹിക്കുന്നുണ്ട് . ഈ ധർമ്മങ്ങളെ പൊതുവെ മൂന്നായി തരംതിരിക്കാം . അവ

I. പ്രാഥമിക ധർമ്മങ്ങൾ ( Primary Functions ):

  • 1. വിനിമയ മാധ്യമം ( A medium of exchange )
  • 2. മൂല്യമാപനം ( A measure of value )

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

  • 3.മൂല്യശേഖരം ( A store of value )
  • 4.മാറ്റിവയ്ക്കപ്പെട്ട അടവുകൾക്ക് ഒരു സ്റ്റാൻഡേർഡ് ( A standard of deferred payments )
  • 5. മൂല്യത്തിന്റെ മാറ്റം ( A transfer of value )

III. യാദൃശ്ചിക ധർമ്മങ്ങൾ ( Contingent Functions ) :

  • 6. വായ്പയ്ക്കുള്ള അടിസ്ഥാനം ( Basis of credit )
  • 7. ദ്രവത്വം ( Liquidity )
  • 8. ദേശീയ വരുമാനത്തിന്റെ വിതരണം ( Distribution of national income )
  • 9. സോൾവൻസിയുടെ ജാമ്യക്കാരൻ ( Guarantor of solvency )

I. പ്രാഥമിക ധർമ്മങ്ങൾ ( Primary Functions ):

  • 1. വിനിമയ മാധ്യമം Medium exchange ) : ബാർട്ടർ സംവിധാനത്തിൽ , ഏതെങ്കിലുമൊരു ചരക്കിനു പകരം മറ്റൊരു ചരക്ക് നൽകുകയാണ് ചെയ്യുന്നത് . ആധുനികകാലത്ത് , സാധനങ്ങളും സേവനങ്ങളും പണം കൊടുത്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു . അങ്ങനെ പണം കൈമാറ്റത്തിനുള്ള മാധ്യമമായിത്തീരുന്നു .
  • 2. മൂല്യമാപനം ( A measure of value ) : സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം അളക്കാൻ പണം ഉപയോഗിക്കുന്നു . സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം പണത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കുന്നതാണ് വില . ഓറഞ്ചിന് കിലോ ഗ്രാമിന് 50 രൂപയാണ് വില എന്നു നാം പറയുമ്പോൾ നാം ഓറഞ്ചിന്റെ മൂല്യത്തെ പണത്തിന്റെ ഭാഷയിൽ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ പണം ഒരു ഗണിത മാത്ര ( unit of account ) യാകുന്നു .

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

  • 3. മൂല്യശേഖരം ( A store of value ) : സമ്പത്ത് പണത്തിന്റെ രൂപത്തിൽ ശേഖരിക്കാം . അങ്ങനെ പണം ഒരു ആസ്തിയാകുന്നു ; അല്ലെങ്കിൽ മൂല്യത്തിന്റെ ഒരു സംഭരണിയാകുന്നു . ജനങ്ങൾ കൈവശം വയ്ക്കുന്ന കറൻസിയും ബാങ്കുകളിലെ ഡിമാൻഡ് ഡെപ്പോസിറ്റും മൂല്യസംഭരണികൾക്കുള്ള ഉദാഹരണങ്ങളാണ് .
  • 4. മാറ്റിവയ്ക്കപ്പെട്ട അടവുകൾക്ക് ഒരു സ്റ്റാൻഡേർഡ് ( A standard of deferred payments ) : കുറച്ചുകാലത്തിനുശേഷമുള്ള അടവാണ് മാറ്റിവയ്ക്കപ്പെട്ട അടവ് . മറ്റൊരുതരത്തിൽ പറഞ്ഞാൽ , ഭാവിയിലെ അടവുകളാണ് മാറ്റിവയ്ക്കപ്പെട്ട അടവുകൾ . ഭാവിയിലെ അടവ് ഉൾപ്പെട്ട കരാറിൽ , കണക്കിന്റെ യൂണിറ്റ് പണമാണ് .
  • 5. മൂല്യത്തിന്റെ മാറ്റം ( A transfer of value ) : സാധനങ്ങൾ , സ്വത്ത് തുടങ്ങിയവ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ , ആ സാധനത്തിന്റെ മൂല്യം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് മാറുന്നു . അതുപോലെ ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിലേക്കുള്ള മാറ്റത്തിന് പണം സൗകര്യപ്പെടുത്തുന്നു . അങ്ങനെ മൂല്യമാറ്റത്തിന് പണം സഹായിക്കുന്നു .

III. യാദൃശ്ചിക ധർമ്മങ്ങൾ ( Contingent Functions ) :

  • 6. വായ്പയ്ക്കുള്ള അടിസ്ഥാനം ( Basis of credit ) : ആധുനിക സമ്പദ് വ്യവസ്ഥയും ബിസിനസ്സും വായ്പാധിഷ്ഠിതമാണ് . വായ്പയ്ക്കുള്ള അടിസ്ഥാനം പണമാണ് .
  • 7. ദ്രവത്വം ( Liquidity ) : ദ്രവത്വം അഥവാ ലിക്വിഡിറ്റി എന്നതിന് ഏതു സമയത്തും എടുത്തുപയോഗിക്കാവുന്ന ക്രയശേഷി എന്നാണർത്ഥം . എല്ലാ ആസ്തികളും ലിക്വിഡല്ല , പെട്ടെന്നെടുത്തു ഉപയോഗിക്കാവുന്നതല്ല ; എല്ലാതരം കൈമാറ്റങ്ങളിലും സ്വീകരിക്കാവുന്നതല്ല . എല്ലാ ആസ്തികളിലും വച്ച് ഏറ്റവും ലിക്വിഡ് ആയത് പണമാണ് . ( എളുപ്പം പണമാക്കി മാറ്റാവുന്നവയാണ് ലിക്വിഡ് ആയിട്ടുള്ളത് .)
  • 8. ദേശീയ വരുമാനത്തിന്റെ വിതരണം ( Dis tribution of national income ) : വരുമാനത്തിനുള്ള വിവിധ ഘടകങ്ങളുടെ സംഭാവന പണത്തിന്റെ ഭാഷയിലാണ് പറയുക . ഘടകപ്രതിഫലങ്ങളും പണത്തിന്റെ ഭാഷയിൽ പറയുന്നു . അങ്ങനെ ദേശീയവരുമാനത്തിന്റെ വിതരണത്തിന് പണം സൗകര്യപ്പെടുത്തുന്നു .
  • 9. സോൾവൻസിയുടെ ജാമ്യക്കാരൻ ( Guarantor of solvency ) : കടം വീട്ടാനുള്ള ഒരാളുടെ ശേഷിക്കാണ് സോൾവൻസി എന്നു പറയുന്നത് . കടം വീട്ടുന്നതിൽ ഒരാൾ പരാജയപ്പെട്ടാൽ അയാൾ പാപ്പരാകുന്നു . പണം സോൾവൻസിക്ക് ഉറപ്പുനൽകുന്നു .

ഇത് ഡിജിറ്റലൈസേഷന്റെ യുഗമാണ് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുകൊണ്ടിരിക്കുന്നു . ലോകം പണരഹിതമായ ഒരു സംവിധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . ഇടപാടുകൾ ഡിജിറ്റൽ വിവരങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു . ഇവിടെ , കറൻസി നോട്ടുകളിലൂടെയും നാണയങ്ങളിലൂടെയുമുള്ള ഇടപാടുകൾക്ക് പകരം , ഡിജിറ്റൽ വിവരങ്ങൾ ഇടപാടുകൾക്കായി ഉപയോഗിക്കുന്നു . ഇതാണ് പണത്തിന്റെ ഇലക്ട്രോണിക് പ്രാതിനിധ്യം .

ഇന്ത്യയിൽ ഇടപാടുകളുടെ ഡിജിറ്റലൈസേഷൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു . ജാം ത്രിത്വം ( JAM Trinity ) – ജൻധൻ അക്കൗണ്ടുകൾ , ആധാർ , മൊബൈൽ – സാമ്പത്തിക ഉൾപ്പെടുത്തൽ ( സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കൽ ) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ് . ഇ – വാലറ്റ് , നാഷണൽ ഫൈനാൻഷ്യൽ സ്വിച്ച് ( NFS ) മുതലായവ പണരഹിതസ്ഥിതി കൈവരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട് . മൊബൈൽ ഫോണുകളുടെയും സ്മാർട്ട് ഫോണുകളുടെയും വ്യാപനം സാമ്പത്തിക ഉൾപ്പെടുത്തലിൽ ( financial inclusion ) വളരെ സഹായകരമായിട്ടുണ്ട് . ഇന്ത്യയിൽ 2020 മെയ് വരെ 36 കോടി ജൻധൻ അക്കൗണ്ടുകളുണ്ട് . കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ , പാവപ്പെട്ടവരെ സഹായിക്കാനായി സർക്കാർ ഈ അക്കൗണ്ടുകളിലേക്ക് പണം കൈമാറി .

സെൻട്രൽ ബാങ്ക് ( Central Bank )

ഓരോ രാജ്യത്തിനും ഒരു കേന്ദ്ര ബാങ്ക് ഉണ്ട് . ഒരു രാജ്യത്തിന്റെ മോണിറ്ററി സിസ്റ്റത്തിന്റെ ഏറ്റവും ഉയർന്ന അതോറിറ്റിയാണ് സെൻട്രൽ കേന്ദ്ര ബാങ്ക് . ഒരു രാജ്യത്തിന്റെ മോണിറ്ററി സംവിധാനത്തിന്റെ പരമോന്നത ( apex ) സ്ഥാപനമാണ് സെൻട്രൽ ബാങ്ക് . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് . 1935 ലാണ് RBI നിലവിൽ വന്നത് .

ധർമ്മങ്ങൾ ( Functions )

എല്ലാ രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകൾക്ക് പൊതുവായ ചില ധർമങ്ങളുണ്ട് . അവ –

( 1 ) നോട്ട് ഇറക്കൽ ( Issue of Currency ) :

കേന്ദ്ര ബാങ്കാണ് കറൻസി അതോറിറ്റി കറൻസി നോട്ട് അച്ചടിക്കുന്നതിനും ഇറക്കുന്നതിനുമുള്ള അധികാരം കേന്ദ്ര ബാങ്കിൽ നിക്ഷിപ്തമാണ് . ഇന്ത്യയിൽ ഒരു രൂപ നോട്ട് ഒഴികെയുള്ള മുഴുവൻ കറൻസിയും അച്ചടിക്കുന്നത് RBI ആണ് . 1 രൂപ നോട്ടും കോയിനുകളും അടിച്ചിറക്കാനുള്ള ഉത്തര വാദിത്തം ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഫിനാൻസ് ഡിപ്പാർട്ടുമെന്റിനാണ് .

( 2 ) ബാങ്കുകളുടെ ബാങ്ക് ( Bankers’ Bank ) :

സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളുടെ ബാങ്കായി പ്രവർത്തിക്കുന്നു . വാണിജ്യ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് കേന്ദ്ര ബാങ്കാണ് . അത്യാവശ്യ ഘട്ടങ്ങളിൽ വാണിജ്യ ബാങ്കുകളെ സഹായിക്കുന്നത് കേന്ദ്ര ബാങ്കാണ് . ഈ കാരണങ്ങൾ കൊണ്ട് കേന്ദ്ര ബാങ്കിനെ ബാങ്കുകളുടെ ബാങ്ക് എന്ന് വിളിക്കുന്നു .

( 3 ) ഗവൺമെന്റിന്റെ ബാങ്കർ ( Banker to the Government ) :

ഗവൺമെന്റിന്റെ ബാങ്കർ സെൻട്രൽ ബാങ്കാണ് . ഗവൺമെന്റിന്റെ എല്ലാ ബാങ്കിങ് ബിസിനസ്സും സെൻട്രൽ ബാങ്കാണ് നിർവ്വഹിക്കുന്നത് . ഗവൺമെന്റിനു വേണ്ടി പണം സ്വീകരിക്കുന്നതും പണം നല്കുന്നതും സെൻട്രൽ ബാങ്കാണ് . ഗവൺമെന്റിന്റെ ഏജന്റായും പണസംബന്ധമായ കാര്യങ്ങളിൽ ഗവൺമെന്റിനെ ഉപദേശിക്കുന്നതും സെൻട്രൽ ബാങ്കാണ് .

( 4 ) പണപ്രദാനത്തിന്റെ നിയന്ത്രകൻ ( Controller of Money Supply ) :

കേന്ദ്ര ബാങ്കിന്റെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മമാണ് പണപ്രദാനത്തിന്റെ നിയന്ത്രകൻ എന്നത് . സമ്പദ് വ്യവസ്ഥയിലെ പണപ്രദാനത്തിന്റെയും വായ്പയുടെയും മൊത്തം വലിപ്പം നിയന്ത്രിക്കുന്നത് കേന്ദ്ര ബാങ്കാണ് . ബാങ്ക് റേറ്റ് , കരുതൽ ധനാനുപാതം തുടങ്ങിയവയിൽ മാറ്റം വരുത്തിക്കൊണ്ട് പണത്തിന്റെ പ്രദാനം നിയന്ത്രിച്ച് സാമ്പത്തിക സ്ഥിരത കൈവരുത്തുന്നു .

( 5 ) വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ ( Custodian of Foreign Exchange ) :

രാജ്യത്തിന്റെ വിദേശ നാണയത്തിന്റെ കരുതൽ ശേഖരത്തിന്റെ സൂക്ഷിപ്പുകാരൻ സെൻട്രൽ ബാങ്കാണ് . കൂടാതെ രാജ്യത്തിന്റെ സ്വർണത്തിന്റെ കരുതൽ ശേഖരവും സെൻട്രൽ ബാങ്കാണ് സൂക്ഷിക്കുന്നത് .

( 6 ) അവസാനത്തെ ആശ്രയമെന്ന നിലക്ക് വായ്പ നല്കുന്നവൻ ( Lender of the Last Resort ) :

വാണിജ്യ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ റിസർവ് ബാങ്ക് ( RBI ) നിർണ്ണായകമായ ഒരു പങ്കുവഹിക്കുന്നു . വാണിജ്യ ബാങ്കുകൾ അവസാനത്തെ ആശ്രയമെന്ന നിലക്ക് സഹായത്തിനായി റിസർവ് ബാങ്കിനെ സമീപിക്കുന്നു . സാമ്പത്തിക പ്രതിസന്ധികളിൽ വാണിജ്യ ബാങ്കുകൾക്ക് സാമ്പത്തിക സഹായം നല്കുന്നതിനാൽ റിസർവ് ബാങ്കിനെ അവസാനത്തെ ആശ്രയമെന്ന നിലക്ക് വായ്പ നല്കുന്നവൻ എന്നു പറയുന്നു .

( 7 ) ദേശീയ തലത്തിൽ ഇടപാട് തീർക്കുന്നവൻ ( National Clearing House ) :

വാണിജ്യ ബാങ്കുകൾ പരസ്പരം നടത്തുന്ന അവകാശ വാദങ്ങൾ തീർക്കുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള ക്ലിയറിങ് ഹൗസായി സെൻട്രൽ ബാങ്ക് പ്രവർത്തിക്കുന്നു . വാണിജ്യ ബാങ്കുകളുടെ ക്യാഷ് റിസർവ് സെൻട്രൽ ബാങ്കിന്റെ അധീനത്തിലാകയാൽ സെൻട്രൽ ബാങ്ക് മുഖേനയുള്ള സെറ്റിൽമെന്റും ക്ലിയറിങ്ങും എളുപ്പമാണ് .

( 8 ) റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ( Publication of Report ) :

സെൻട്രൽ ബാങ്കിന്റെ മറ്റൊരു പ്രധാന ധർമം ബാങ്കിങ് , കറൻസി , ഫിനാൻസ് , സ്ഥൂല സമ്പദ് വ്യവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണമാണ് . ധനപരവും സാമ്പത്തികവുമായ പ്രധാന സൂചകങ്ങളുടെ റിപ്പോർട്ടുകൾ ഇന്ത്യയിൽ റിസർവ് ബാങ്ക് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കുന്നുണ്ട് .

വാണിജ്യ ബാങ്കുകൾ ( Commercial Banks )

സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക , ബാങ്കിംഗ് സംവിധാനത്തിൽ വാണിജ്യ ബാങ്കുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട് . അവ പ്രധാനമായും നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ നൽകുകയും ചെയ്യുന്നു . നിക്ഷേപ നിരക്കും വായ്പാനിരക്കും തമ്മിലുള്ള വ്യത്യാസമാണ് സ്‌പ്രെഡ്ഡ് . ഇതാണ് ബാങ്കുകളുടെ ലാഭത്തിന്റെ പ്രധാന ഉറവിടം .

ധർമ്മങ്ങൾ ( Functions )

വാണിജ്യ ബാങ്കുകളുടെ ധർമങ്ങളെ താഴെ കൊടുത്തിരിക്കുന്നതുപോലെ വിവരിക്കാം .

I. പ്രാഥമിക ധർമങ്ങൾ ( Primary Functions ) :

( 1 )നിക്ഷേപം സ്വീകരിക്കൽ ( Accepting deposits ) :

വാണിജ്യ ബാങ്കുകളുടെ പരമ്പരാഗതവും ഏറ്റവും പ്രധാനവുമായ ധർമം നിക്ഷേപം സ്വീകരിക്കലാണ് . വാണിജ്യ ബാങ്കുകൾ സാധാരണയായി പൊതുജനങ്ങളിൽ നിന്ന് മൂന്നു തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നു . അവ

  • a ) സമ്പാദ്യനിക്ഷേപങ്ങൾ
  • b ) കറന്റ് നിക്ഷേപം
  • c ) ടൈം ഡെപ്പോസിറ്റ്

( 2) വായ്പ നൽകൽ ( Giving credit ) :

വാണിജ്യ ബാങ്കുകൾ പണം ആവശ്യമുള്ളവർക്ക് , ജാമ്യത്തിന്മേൽ , വായ്പകൾ നൽകുന്നു . ക്യാഷ് ക്രഡിറ്റ് , കോൾ ലോൺ , ഓവർ ഡ്രാഫ്റ്റ് എന്നീ രൂപങ്ങളിലാണ് വായ്പ നൽകുക . ഭൗതിക ആസ്തികളുടെ ജാമ്യത്തിന്മേൽ പണമായി വായ്പ നൽകുന്നതാണ് ക്യാഷ് ക്രഡിറ്റ് . ആവശ്യപ്പെടുമ്പോൾ തിരിച്ചടയ്ക്കേണ്ട വായ്പകളാണ് കോൾ ലോൺ . ഇടപാടുകാർക്ക് അനുവദിക്കുന്ന ഒരു സൗകര്യമാണ് ഓവർ ഡ്രാഫ്റ്റ് . ഇടപാടുകാരുടെ അക്കൗണ്ടിൽ അവശേഷിക്കുന്ന ബാലൻസിനേക്കാൾ വലിയൊരു തുക വാങ്ങാൻ ഇടപാടു കാർക്ക് ഇത് സൗകര്യമുണ്ടാക്കുന്നു .

( 3 ) ബിൽ ഓഫ് എക്സ്ചേഞ്ച് കിഴിച്ചുകൊടുക്കൽ ( Discounting bills of exchange ) :

ബിൽ ഓഫ് എക്സ്ചേഞ്ച് കൈവശമുള്ള ഒരാൾക്ക് പണം ആവശ്യമാണെങ്കിൽ , അയാൾക്ക് അതുകൊണ്ട് ഒരു വാണിജ്യ ബാങ്കിനെ സമീപിക്കാം . ബാങ്ക് ബിൽ ഓഫ് എക്സ് ഡിസ്കൗണ്ട് ചെയ്ത് പണം നൽകും .

( 4 ) വായ്പ സൃഷ്ടിക്കൽ ( Credit creation ) :

ബാങ്കുകൾക്ക് വായ്പയുണ്ടാക്കാം . ഒരാൾ ഒരു ബാങ്കിൽ ചെന്ന് ചോദിക്കുന്നു . ബാങ്ക് തക്കതായ ജാമ്യത്തിന്മേൽ വായ്പ അനുവദിക്കുന്നു . എന്നാൽ വായ്പത്തുക വായ്പ വാങ്ങിയ ആൾക്ക് നേരിട്ട് പണമായി നൽകില്ല . അതിനുപകരം അത് ബാങ്കിൽ തന്നെ , വായ്പ വാങ്ങിയ ആളുടെ പേരിൽ നിക്ഷേപിക്കുന്നു . അങ്ങനെ ഓരോ വായ്പയും ഓരോ നിക്ഷേപങ്ങളുമുണ്ടാക്കുന്നു .

( 5 ) നിക്ഷേപം ( Investment ) :

വായ്പകൾ നൽകിക്കഴിഞ്ഞാൽ ബാങ്കിൽ മിച്ചധനമുണ്ടാകും . ഈ മിച്ചധനം നിക്ഷേപിക്കുന്നു . ബാങ്കുകൾ അവരുടെ ഫണ്ടിന്റെ ഒരു ഭാഗം അംഗീകൃത സെക്യൂരിറ്റികളിൽ നിക്ഷേപിക്കണമെന്ന് നിയമമുണ്ട് അതിനാൽ നിക്ഷേപിക്കൽ വാണിജ്യ ബാങ്കുകളുടെ ഒരു പ്രധാന ധർമമായിത്തീരുന്നു . ബാങ്കുകൾ സാധാരണയായി ഗവണ്മെന്റ് സെക്യൂരിറ്റികളിലും മറ്റ് അംഗീകൃത സെക്യൂരിറ്റികളിലുമാണ് തങ്ങളുടെ ഫണ്ട് നിക്ഷേപിക്കാറുള്ളത് .

II. ദ്വിദീയ ധർമ്മങ്ങൾ( Secondary Functions ):

ബാങ്കുകളുടെ ദ്വിതീയ ധർമങ്ങളെ ഏജൻസി ധർമങ്ങളെന്നും പലവക ധർമങ്ങളെന്നും രണ്ടായി തരം തിരിക്കാം .

( a )ഏജൻസി ധർമ്മങ്ങൾ ( Agency functions ) :

ഇടപാടുകാരുടെ ഏജന്റ് എന്ന നിലയ്ക്ക് ബാങ്ക് നിർവഹിക്കുന്ന ധർമങ്ങളാണിവ . ഈ ധർമങ്ങളുടെ നിർവഹണത്തിന് ബാങ്ക് ഒരു കമ്മീഷൻ വസൂലാക്കും .

  • i. ധനമാറ്റം ( Transfer of funds ) ഡ്രാഫ്റ്റ് , മെയിൽ ട്രാൻസ്ഫർ , ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ വഴി ബാങ്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ധനം മാറ്റുന്നു .
  • ii. ധനം പിരിച്ചെടുക്കൽ ( Collection of money ) ബാങ്കുകൾ ഇടപാടുകാർക്കു വേണ്ടി ചെക്ക് , ഡ്രാഫ്റ്റ് തുടങ്ങിയ കരു വഴി ധനം പിരിച്ചെടുക്കുന്നു .
  • iii. ഓഹരികൾക്കുള്ള ഡിവിഡന്റ് കടപ്പത്രങ്ങൾക്കുള്ള പലിശ എന്നിവ പിരിച്ചെടുക്കുന്നു .
  • iv. ബില്ലുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയവ . ഓഹരികൾ , കടപ്പത്രങ്ങൾ എന്നിവ പോലുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ വാങ്ങലും വിൽക്കലും നടത്തുന്നു .
  • v. മരണപത്ര വ്യവസ്ഥകൾ നടപ്പാക്കുന്നു .

( b )പലവക ധർമങ്ങൾ ( Miscellaneous Functions ) :

  • i. ധനമാറ്റം ( Transfer of funds ) ഡ്രാഫ്റ്റ് , മെയിൽ ട്രാൻസ്ഫർ , ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ വഴി ബാങ്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ധനം മാറ്റുന്നു .
  • ii. ധനം പിരിച്ചെടുക്കൽ ( Collection of money ) ബാങ്കുകൾ ഇടപാടുകാർക്കു വേണ്ടി ചെക്ക് , ഡ്രാഫ്റ്റ് തുടങ്ങിയ കരു വഴി ധനം പിരിച്ചെടുക്കുന്നു .
  • iii. ഓഹരികൾക്കുള്ള ഡിവിഡന്റ് കടപ്പത്രങ്ങൾക്കുള്ള പലിശ എന്നിവ പിരിച്ചെടുക്കുന്നു .
  • iv. ബില്ലുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയവ . ഓഹരികൾ , കടപ്പത്രങ്ങൾ എന്നിവ പോലുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ വാങ്ങലും വിൽക്കലും നടത്തുന്നു .
  • v. മരണപത്ര വ്യവസ്ഥകൾ നടപ്പാക്കുന്നു .
  • ( i )വിദേശ നാണയം വാങ്ങലും വിൽക്കലും .
  • ( ii )ട്രാവലേഴ്സ് ചെക്ക് , ഗിഫ്റ്റ് ചെക്ക് തുടങ്ങിയവ പുറപ്പെടുവിക്കൽ .
  • ( iii )അമൂല്യവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കൽ .
  • ( iv )ലെറ്റേഴ്സ് ഓഫ് ക്രഡിറ്റ് പുറപ്പെടുവിക്കൽ .
  • ( v )ATM കാർഡ് , ക്രെഡിറ്റ് കാർഡ് , ഡെബ്റ്റ് കാർഡ് , എന്നിവ നൽകൽ .
  • ( vi )പബ്ലിക് ഇഷ്യൂ നടത്തുമ്പോൾ ഓഹരി പോലെയുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റികളുടെ അണ്ടർറൈറ്റിങ് ( പബ്ലിക് ഇഷ്യുവിൽ വിൽക്കപ്പെടാതിരിക്കുന്ന സെക്യൂരിറ്റികളുടെ ഒരു ഭാഗം വാങ്ങാൻ ഏൽക്കുന്നതിനാണ് അണ്ടർ റൈറ്റിങ് എന്നു പറയുന്നത് ) .
  • ( vii )ടെലി ബാങ്കിങ് .
  • ( viii ) ഇന്റർനെറ്റ് ബാങ്കിങ് .

III വികസനാത്മക ധർമങ്ങൾ ( Development Functions ):

  • ( i )ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ .
  • ( ii )തൊഴിൽരഹിതർക്ക് തൊഴിൽ കണ്ടെത്താൻ വായ്പ .
  • ( iii )ഗ്രാമീണ വികസനത്തിന് വായ്പ .

വാണിജ്യ ബാങ്കുകൾ നിർവഹിക്കുന്ന ഈ സേവനങ്ങളിൽനിന്ന് , ആധുനിക സമ്പദ് വ്യവസ്ഥകളിൽ ബാങ്കുകൾ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് വ്യക്തമാകും .

ബാങ്കിങ്ങ് സമ്പ്രദായം വഴിയുള്ള പണം സൃഷ്ടിക്കൽ ( Money Creation by the Banking System )

വിശദീകരിച്ചതുപോലെ ബാങ്കിംഗ് ഇടപാടുകളുടെ പ്രത്യേകമായ സവിശേഷത കാരണമാണ് ബാങ്കുകൾക്ക് വായ്പ സൃഷ്ടിക്കാൻ കഴിയുന്നത് . അതായത് എല്ലാ നിക്ഷേപകരും ഒരേ സമയം ബാങ്കിൽ വന്ന് അവരുടെ നിക്ഷേപം ആവശ്യപ്പെടുന്നില്ല . സൃഷ്ടിക്കൽ പ്രക്രിയയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ അക്കൗണ്ടിങ്ങിന്റെയും ബാലൻസ് ഷീറ്റിന്റെയും അടിസ്ഥാന കാര്യങ്ങൾ നമുക്ക് ഹ്രസ്വമായി പഠിക്കാം .

ഏതൊരു ബിസിനസ്സിന്റെയും ആസ്തികളുടെയും ബാധ്യതകളുടെയും റെക്കോർഡാണ് ബാലൻസ് ഷീറ്റ് . ആസ്തികൾ ബാലൻസ് ഷീറ്റിന്റെ ഇടതുവശത്തും ബാധ്യതകൾ വലതുവശത്തും രേഖപ്പെടുത്തുന്നു . ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സമ്പ്രദായമാണിത് . അക്കൗണ്ടിങ്ങ് നിയമങ്ങൾ അനുസരിച്ച് ബാലൻസ് ഷീറ്റിന്റെ ഇരുവശങ്ങളും സന്തുലിതമായിരിക്കണം . അതായത് , ആസ്തികളും ബാധ്യതകളും സന്തുലിതമായിരിക്കണം . അങ്ങനെ ആസ്തികൾ എല്ലായ്പ്പോഴും ബാധ്യതകൾക്ക് തുല്യമായിരിക്കുന്നു .

ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള എന്തും മറ്റുള്ള സ്ഥാപനത്തിന് നൽകേണ്ടതായിട്ടുള്ള എന്തും അതിന്റെ ആസ്തികളാണ് . നമുക്ക് ഒരു ബാങ്കിന്റെ ബാലൻസ് ഷീറ്റ് പരിഗണിക്കാം . ഒരു ബാങ്കിന്റെ കെട്ടിടങ്ങളും മറ്റ് സ്ഥിര സ്വത്തുക്കളും അതിന്റെ ആസ്തികളാണ് . ബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് അത് നൽകിയ വായ്പകളാണ് . ഒരു ബാങ്ക് ഒരു ഉപഭോക്താവിന് 1,000 രൂപ വായ്പ നൽകിയിട്ടുണ്ടെങ്കിൽ , ഈ തുക ബാങ്കിന്റെ ആസ്തിയാണ് . കാരണം ഈ പണം വായ്പയെടുത്തയാൾ തിരികെ ബാങ്കിന് നൽകണം . ബാങ്കിന്റെ മറ്റൊരു ആസ്തി യാണ് അതിന്റെ കരുതൽ ധനം . വാണിജ്യബാങ്കുകൾ അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പണമായി സൂക്ഷിക്കുകയും ( ക്യാഷ് റിസർവ് റേഷ്യോ – CRR ) മറ്റൊരു ഭാഗം ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയും ( സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ – SLR ) ചെയ്യണമെന്ന് സെൻട്രൽ ബാങ്കിംഗ് ചട്ടങ്ങൾ അനുശാസിക്കുന്നു . CRR – ഉം SLR – ഉം വാണിജ്യ ബാങ്കുകളുടെ കരുതൽധനമാണ് .

അതുകൊണ്ട് ,

ആസ്തികൾ = കരുതൽ ധനം + വായ്പകൾ

ഒരു സ്ഥാപനം മറ്റുള്ളവർക്ക് നൽകേണ്ടതായിട്ടുള്ള എന്തും അതിന്റെ ബാധ്യതയാണ് . ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം പ്രധാന ബാധ്യത അത് നിക്ഷേപകർക്ക് നൽകാനുള്ള നിക്ഷേപമാണ് .

അതുകൊണ്ട് ,

ബാധ്യതകൾ = നിക്ഷേപങ്ങൾ

നേരത്തെ വിശദീകരിച്ചതു പോലെ , അക്കൗണ്ടിങ്ങ് നിയമങ്ങൾ അനുസരിച്ച് ആസ്തികളും ബാധ്യതകളും സന്തുലിതമായിരിക്കണം . എന്നാൽ ആസ്തികൾ ബാധ്യതകളേക്കാൾ കൂടുതലോ കുറവോ ആകാം . ആസ്തികൾ ബാധ്യതകളേക്കാൾ കൂടുതലാണെങ്കിൽ അത് അറ്റ മൂല്യമായി ( net worth ) കണക്കാക്കപ്പെടുന്നു .

അതുകൊണ്ട് ,

അറ്റമൂല്യം = ആസ്തികൾ – ബാധ്യതകൾ

ഒരു സാങ്കല്പിക ബാങ്കിന്റെ ബാലൻസ് ഷീറ്റ് ( Balance Sheet of a Fictional Bank )

100 രൂപ നിക്ഷേപമുള്ള ഒരു സാങ്കല്പികബാങ്കിനെ നമുക്ക് പരിഗണിക്കാം . ‘A’ ബാങ്കിൽ നിക്ഷേപിച്ച പണമാണ് ഈ നിക്ഷേപം . ബാങ്ക് ഈ 100 രൂപ റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിച്ചുവെന്ന് നാം സങ്കൽപ്പിക്കുകയാണെങ്കിൽ , ബാങ്കിന്റെ ബാലൻസ് ഷീറ്റ് ചുവടെ കാണിച്ചിരിക്കുന്നതുപോലെയായിരിക്കും .

പട്ടിക 9.1 ഒരു സാങ്കല്പിക ബാങ്കിന്റെ ബാലൻസ് ഷീറ്റ്
ആസ്തികൾ ബാധ്യതകൾ
റിസർവ്

( കരുതൽ ധനം )

100 നിക്ഷേപങ്ങൾ 100
അറ്റമൂല്യം 0
ആകെ 100 ആകെ 100

പണം ഒന്നും തന്നെ പ്രചാരത്തിലില്ലെന്ന് കരു തിയാൽ ഇവിടെ മൊത്തം പണപ്രദാനം 100 രൂപയാണ് . നമുക്ക് ഇതൊരു സമവാക്യത്തിന്റെ രൂപത്തിൽ എഴുതാം .

M1 = കറൻസി + നിക്ഷേപങ്ങൾ = 0 + 100 = 100

വായ്പ സൃഷ്ടിക്കുന്നതിനുള്ള പരിധിയും പണ ഗുണകവും . ( Limits to Credit Creation and Money Multiplier )

തത്വത്തിൽ എല്ലാ വായ്പകളും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അവ വീണ്ടും കൂടുതൽ വായ്പകൾ നൽകാനായി ഉപയോഗിക്കുന്നുവെന്നും നാം കരുതുകയാണെങ്കിൽ ബാങ്കുകൾക്ക് പരിധിയില്ലാതെ വായ്പ സൃഷ്ടിക്കാൻ കഴിയും . എന്നാൽ പ്രായോഗികമായി , വായ്പ സൃഷ്ടിക്കുന്നതിന് വ്യക്തമായ പരിധികളുണ്ട് . ബാങ്കുകൾക്ക് അനന്തമായ വായ്പ സൃഷ്ടിക്കാൻ കഴിയില്ല . കാരണം , അവർക്ക് ലഭിക്കുന്ന എല്ലാ നിക്ഷേപങ്ങളും വായ്പയായി നൽകാൻ കഴിയില്ല . നിക്ഷേപത്തിന്റെ ഒരു ഭാഗം അവർ പണമായി സൂക്ഷിക്കണം . ഇതിനെ ക്യാഷ് റിസർവ് റേഷ്യോ എന്നു പറയുന്നു .

കരുതൽ ധനാനുപാതം ( CRR ) :

ക്യാഷ് റിസർവ് റേഷ്യോ ( കരുതൽ ധനാനുപാതം ) = ഒരു ബാങ്ക് കരുതൽ ധനമായി കൈവശം സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ശതമാനം .

വാണിജ്യ ബാങ്കുകൾ അവയുടെ ഡിമാൻഡ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം RBI കരുതൽധനമായി സൂക്ഷിക്കുന്ന പണമാണ് CRR.

ഈ CRR നിശ്ചയിക്കുന്നത് സെൻട്രൽ ബാങ്കാണ് . CRR റിക്വയേർഡ് റിസർവ് റേഷ്യോ ( Required Reserve Ratio ) എന്നും അറിയപ്പെടുന്നു .

നിയമാനുസൃത ദ്രവത്വ അനുപാതം ( SLR ) :

നിക്ഷേപകരിൽനിന്നുള്ള പണത്തിന്റെ ആവശ്യം ബാങ്കുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട് . ദ്രവത്വത്തിന്റെ ഈ മാനേജ്മെന്റ് ബാങ്കിങ്ങിൽ വളരെ പ്രധാനമാണ് . ദ്രവത്വം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപത്തിന്റെ ഒരു ശതമാനം ദ്രവ ആസ്തികളിൽ നിക്ഷേപിക്കാൻ ബാങ്കുകൾ നിയമം മൂലം നിർബന്ധിതമാവുന്നു . ഇതാണ് നിയമാനുസൃത ദ്രവത്വ അനുപാതം – സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ( SLR ) .

സാങ്കല്പിക ബാങ്കിന്റെ ഉദാഹരണവുമായി നമുക്ക് തുടരാം . A യുടെ 100 രൂപ നിക്ഷേപത്തോടെയാണ് ബാങ്ക് ആരംഭിക്കുന്നതെന്ന് കരുതുക . CRR 20 ശതമാണ് . ഇതിനർത്ഥം വായ്പ നൽകാൻ നമ്മുടെ ബാങ്കിന് 80 രൂപയുണ്ട് . അത് ബാങ്ക് B യ്ക്ക് വായ്പ നൽകുന്നു . അടുത്ത റൗണ്ടിൽ ഇത് ബാങ്കിന്റെ ബാലൻസ് ഷീറ്റിലെ ബാധ്യതകളായി ദൃശ്യമാകുന്നു . അങ്ങനെ മൊത്തം നിക്ഷേപം 180 രൂപയായി . CRR പ്രകാരം ബാങ്ക് ഈ 180 രൂപയുടെ 20 ശതമാനം പണമായി സൂക്ഷിക്കണം . അങ്ങനെ ബാങ്ക് 36 രൂപ കരുതൽ ധനമായി സൂക്ഷിക്കുന്നു . വീണ്ടും ബാങ്ക് 64 രൂപ ( 100 – 36 = 64 ) വായ്പ നൽകുന്നു . പിന്നീട് അത് ബാലൻസ് ഷീറ്റിലെ നിക്ഷേപമായി മാറുന്നു . സൃഷ്ടിച്ചുകൊണ്ട് ഈ പ്രക്രിയ സ്വയം ആവർത്തിക്കുന്നു . ആവശ്യമായ എല്ലാ കരുതൽ ശേഖരവും 100 രൂപയിൽ എത്തുമ്പോൾ മാത്രമേ ഇത് അവസാനിക്കുകയുള്ളൂ . നിക്ഷേപം 500 രൂപയാകുമ്പോൾ ഈ നിലയിലെത്തും ( 500 രൂപ നിക്ഷേപത്തിൽ കരുതൽധനം 100 രൂപയിലെത്തും ) .

പണഗുണകം ( Money Multiplier ) :

ബാങ്കിങ്ങ് സംവിധാനത്തിൽ പണം പെരുകുന്ന പ്രക്രിയയെ പണഗുണകം ( Money Multiplier ) എന്നു വിളിക്കുന്നു . ഇത് താഴെപ്പറയുന്ന പട്ടികയിൽ കാണിച്ചിരിക്കുന്നു .

പട്ടിക 9.2 പണ ഗുണക പ്രക്രിയ ( Process of Money Multiplier )
കോളം 1 കോളം 2 കോളം 3 കോളം 4
റൗണ്ട് ബാങ്ക്

നിക്ഷേപം

ആവശ്യമുള്ള

കരുതൽ

ധനം

ബാങ്ക്

നൽകിയ

വായ്പ

1 100 20 80
2 180 36 64
Last 500 100 400

പട്ടികയിൽ , ആദ്യത്തെ കോളം ഓരോ റൗണ്ടും രണ്ടാമത്തെ കോളം ഓരോ റൗണ്ടിന്റെയും തുടക്കത്തിൽ ബാങ്കിലുള്ള നിക്ഷേപവും കാണിക്കുന്നു . മൂന്നാമത്തെ കോളം കരുതൽ ധനത്തെ കാണിക്കുന്നു . ഓരോ റൗണ്ടിലും ബാങ്ക് നൽകിയ വായ്പ നാലാമത്തെ കോളത്തിൽ കാണിച്ചിരിക്കുന്നു .

പട്ടിക 9.3 ബാങ്കിന്റെ ബാലൻസ് ഷീറ്റ്
ആസ്തികൾ ബാധ്യതകൾ
കരുതൽ ധനം 100 നിക്ഷേപങ്ങൾ

(100 + 400)

ആകെ
500
വായ്പകൾ 400
ആകെ 100 500

പണപ്രദാനത്തിന്റെ പുതിയ സമവാക്യം :

M1 = കറൻസി + നിക്ഷേപം

= 0 + 500 = 500

കരുതൽധനത്തിന്റെ ആവശ്യകത പണഗുണകത്തിന്റെ പരിധി നിശ്ചയിക്കുന്നുവെന്ന് ഈ ഉദാഹരണത്തിൽനിന്ന് വ്യക്തമാണ് . CRR 20 ശതമാനം ആയിരിക്കുമ്പോൾ ബാങ്കിന് 400 രൂപയ്ക്ക് മുകളിൽ വായ്പ നൽകാൻ കഴിയില്ല . ഇതിൽനിന്ന് പണഗുണകത്തിനുള്ള സമവാക്യം നമുക്ക് ലഭിക്കുന്നു .

പണഗുണകം = \( \mathbf{\frac{1}{CRR}} \)

നമ്മുടെ ഉദാഹരണത്തിൽ , പണഗുണകം ,

= \( \mathbf{\frac{1}{20\%}} \)

= \( \mathbf{\frac{1}{0.2}} \)

= 5

ഇതിനർത്ഥം 100 രൂപയുടെ കരുതൽധനം 500 രൂപയുടെ നിക്ഷേപം സൃഷ്ടിക്കുന്നു .

ഹൈ പവേഡ് മണി ( High Powered Money – H )

ഒരു രാജ്യത്തിന്റെ കേന്ദ്ര ധനകാര്യ സ്ഥാപനത്തിന്റെ ബാധ്യതകൾക്കാണ് ഹൈ പവേഡ് മണി എന്നു പറയുന്നത് . ഹൈ പവേഡ് മണിയെ ധനപരമായ അടിത്തറ അല്ലെങ്കിൽ പണ സംബന്ധമായ അടിത്തറ എന്നും പറയുന്നു . ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റി ആ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയ പണമാണ് ഹൈ പവേഡ് മണി .

ഒരു സമ്പദ് വ്യവസ്ഥയിലെ ( 1 ) കറൻസി ( പൊതു ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നോട്ടുകൾ , നാണയങ്ങൾ , വാണിജ്യ ബാങ്കുകളുടെ വോൾട്ട് ക്യാഷ് ) , ( 2 ) വാണിജ്യ ബാങ്കുകളുടെയും ഗവൺമെന്റിന്റെയും RBI യുടെ കൈവശമുള്ള നിക്ഷേപങ്ങൾ എന്നിവ ചേർന്നതാണ് ഹൈ പവേഡ് മണി. ഹൈ പവേഡ് മണി എന്നാൽ കറൻസിയും റിസർവും കൂടിയതാണ് .

H = CU + R

ഇവിടെ ,

H = ഹൈ പവേഡ് മണി

CU = കറൻസി

R = റിസർവ് മണി

പണപ്രദാനം നിയന്ത്രിക്കുന്നതിനുള്ള നയഉപകരണങ്ങൾ ( Policy Tools to Control Money Supply )

സമ്പദ് വ്യവസ്ഥയിലെ പണപ്രദാനത്തെ നിയന്ത്രിക്കുക എന്ന ഏറ്റവും പ്രധാന ജോലി റിസർവ് ബാങ്കിനുണ്ട് . സാമ്പത്തികവും ധനപരവുമായ സാഹചര്യങ്ങൾ മാറുമ്പോൾ RBI-യ്ക്ക് പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് . പണച്ചുരുക്കത്തിലും സാമ്പത്തിക മാന്ദ്യത്തിലും പണപ്രദാനം വർദ്ധിപ്പിക്കണം . പണപ്പെരുപ്പത്തിലും സാമ്പത്തികാഭിവൃദ്ധിയിലും പണപ്രദാനം ചുരുക്കേണ്ടതാണ് .

പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പരിമാണാത്മകവും ഗുണാത്മകവുമായ ഉപകരണങ്ങൾ RBI ഉപയോഗിക്കുന്നു . പരിമാണ നിയന്ത്രണങ്ങളിൽ , CRR , SLR പോളിസി നിരക്കുകളായ റിപ്പോ , റിവേഴ്സ് റിപ്പോ എന്നിവയും പരസ്യവിപണി പ്രവർത്തനങ്ങളുമാണ് പണപ്രദാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉപയോഗിക്കുന്നത് . ഗുണാത്മക നിയന്ത്രണത്തിൽ RBI കേന്ദ്ര ബാങ്ക് എന്ന നിലയിലുള്ള അതിന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് വായ്പകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വാണിജ്യബാങ്കുകളെ പ്രേരിപ്പിക്കുകയും അതുവഴി പണപ്രദാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു . ഇതിനെ ധാർമിക പ്രേരണ ( Moral Suasion ) എന്നു വിളിക്കുന്നു . അതായത് , RBI അതിന്റെ ധാർമ്മികാധികാരം ഉപയോഗിച്ചുകൊണ്ട് ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നു .

1. കരുതൽ അനുപാതം ( Reserve Ratios ) :

പണത്തിന്റെ പ്രദാനം നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു ഉപകരണമാണ് കരുതൽ അനുപാതം . CRR , SLR എന്നിവയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി പണപ്രദാനം നിയന്ത്രിക്കാൻ കഴിയുന്നു . നാണ്യപ്പെരുപ്പകാലത്ത് SLR എന്നിവ വർധിപ്പിച്ച് വായ്പയുടെ ലഭ്യത കുറച്ച് പണപ്രദാനം കുറയ്ക്കുന്നു . നേരെ മറിച്ച് പണച്ചുരുക്ക കാലത്ത് CRR , SLR എന്നിവയുടെ നിരക്ക് കുറച്ച് പണപ്രദാനം വർധിപ്പിക്കുന്നു .

2. പരസ്യവിപണി പ്രവർത്തനങ്ങൾ ( Open Market Operations – OMO ) :

RBI സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏർപ്പാടിനാണ് പരസ്യവിപണി പ്രവർത്തനങ്ങൾ ( OMOs ) എന്നു പറയുന്നത് . ഇടപാടുകൾ നടത്തപ്പെടുന്ന സെക്യൂരിറ്റികൾ മുഖ്യമായും ഗവൺമെന്റ് ബോണ്ടുകളാണ് . RBI ഗവൺമെന്റിൽ നിന്നും സെക്യൂരിറ്റികൾ വാങ്ങുമ്പോൾ അത് ഗവൺമെന്റിന് പണം നൽകുകയും അങ്ങനെ പണ പ്രദാനം വർധിക്കുകയും ചെയ്യുന്നു . നേരെമറിച്ച് , RBI വാണിജ്യബാങ്കുകളെപ്പോലുള്ള സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ ഇത്തരം സ്ഥാപനങ്ങളിൽനിന്നും തിരിച്ച് RBI ലേക്ക് പണം ഒഴുകുന്നു . ഇത് പണപ്രദാനം കുറയ്ക്കുന്നു .

രണ്ടു തരത്തിലുള്ള പരസ്യവിപണി പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രാധാന്യമുള്ളതാണ് . നേരിട്ടുള്ള ഇടപാടുകളും റിപ്പോ ഇടപാടുകളും . നേരിട്ടുള്ള ഇടപാടുകൾ സ്ഥിര ഇടപാടുകളാണ് ; അവ തിരിച്ചുപിടിക്കാൻ കഴിയില്ല . ഉദാഹരണമായി , RBI സെക്യൂരിറ്റികൾ വാങ്ങുമ്പോൾ അത് പണ പ്രദാനം വർധിപ്പിക്കുന്ന ഒരു സ്ഥിര ഇടപാടായിരിക്കും . RBI ൽ നിന്നും വാണിജ്യബാങ്കുകളിലേക്കും സാമ്പത്തിക വ്യവസ്ഥയിലേക്കും പണം ഒഴുകുന്നതുകൊണ്ട് പണപ്രദാനം വർധിക്കുന്നു . അതുപോലെ , നേരിട്ടുള്ള ഇടപാടുകളിലൂടെ RBI സെക്യൂരിറ്റികൾ വിൽക്കുമ്പോൾ അത് പണപ്രദാനം കുറയ്ക്കുന്ന ഒരു സ്ഥിര ഇടപാടായിരിക്കും . എന്നാൽ റിപ്പോ ഇടപാടുകൾ വ്യത്യസ്തമാണ് . റിപ്പോ ഇടപാടുകളിൽ സെക്യൂരിറ്റികൾ വിൽക്കുന്നത് പിന്നീട് തിരിച്ചു വാങ്ങാമെന്ന ഉടമ്പടിയിലും സെക്യൂരിറ്റികൾ വാങ്ങുന്നത് പിന്നീട് തിരിച്ചു വിൽക്കാമെന്ന ഉടമ്പടിയിലുമാണ് . പിന്നീടുള്ള ഒരു തീയതിയിൽ ഒരു നിശ്ചിത വിലയിൽ തിരിച്ചുവാങ്ങാമെന്ന ഉടമ്പടിയിൽ സെൻട്രൽ ബാങ്ക് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ അതിനെ തിരിച്ചുവാങ്ങൽ കരാർ ( Repurchase Agreement ) അല്ലെങ്കിൽ റിപ്പോ എന്നുപറയുന്നു .

3. റീപ്പോ റേറ്റും റിവേഴ്‌സ് റിപ്പോ റേറ്റും ( Repo Rate and Reverse Repo Rate ) :

നേരത്തെ ഇന്ത്യയിൽ പോളിസി നിരക്ക് ബാങ്ക് നിരക്ക് എന്നാണ് അറിയപ്പെട്ടിരുന്നത് . ഇപ്പോൾ പോളിസി നിരക്കുകൾ റിപ്പോ നിരക്കും , റിവേഴ്സ് റിപ്പോ നിരക്കുമാണ് . RBI വാണിജ്യബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക് . വാണിജ്യബാങ്കുകൾ അവരുടെ അധികമുള്ള പണം RBI ൽ കരുതൽ ധനമായി സൂക്ഷിക്കുന്നതിനുള്ള നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക് . സാമ്പത്തികാഭിവൃദ്ധിയിലും പണപ്പെരുപ്പത്തിലും സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നു . സമ്പദ് വ്യവസ്ഥയിലെ പണപ്രദാനവും വായ്പയും കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . നേരെമറിച്ച് , സാമ്പത്തിക മാന്ദ്യത്തിലും പണച്ചുരുക്കത്തിലും പണപ്രദാനവും വായ്പയും വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നു .

RBI പണപ്രദാനത്തെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് താഴെ ചുരുക്കി വിവരിക്കുന്നു :

പട്ടിക 9.4 പണ ഗുണക പ്രക്രിയ ( Process of Money Multiplier )
ഉപാധികൾ പണപ്പെരുപ്പം പണച്ചുരുക്കം
റിപ്പോ റേറ്റ് വർധിപ്പിക്കുന്നു കുറയ്ക്കുന്നു
CRR വർധിപ്പിക്കുന്നു കുറയ്ക്കുന്നു
SLR വർധിപ്പിക്കുന്നു കുറയ്ക്കുന്നു
പരസ്യവിപണി പ്രവർത്തനം സെക്യൂരിറ്റികൾ വിൽക്കുന്നു സെക്യൂരിറ്റികൾ വാങ്ങുന്നു

പണത്തിന്റെ ചോദനവും പ്രദാനവും : ഒരു വിശദമായ alog ( Demand and Supply of Money : A Detailed Discussion )

ചുരുങ്ങിയ സമയത്തിനുള്ളിൽ പണമാക്കി മാറ്റാനുള്ള ഒരു ആസ്തിയുടെ കഴിവാണ് ദ്രവത്വം ( liquidity ) . ഭൂമി ഒരു നല്ല ആസ്തിയാണ് . എന്നാൽ അതിന് ദ്രവത്വം കുറവാണ് . പണമാണ് ഏറ്റവും ദ്രവത്വമുള്ള ആസ്തി . അതുകൊണ്ട് ദ്രവരൂപത്തിലുള്ള പണം കൈവശം വെയ്ക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു . ഇതിന് ദ്രവത്വാഭിലാഷം ( liquidity preference ) എന്നു പറയുന്നു . എന്നാൽ പണം കൈവശം വെയ്ക്കുന്നതിന് ഒരു ചെലവുണ്ട് . നമ്മൾ പണം കൈവശം വയ്ക്കുമ്പോൾ , ആ പണം ഒരു ബാങ്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ നമുക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിഫലം ( പലിശ ) നാം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് . അതു കൊണ്ട് , പണം കൈവശം വെയ്ക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം ( അവസരാത്മക ചെലവ് ) നാം പരിഗണിക്കേണ്ടതുണ്ട് . അതിനാൽ , എന്തുകൊണ്ടാണ് ആളുകൾ പണം കൈവശം വയ്ക്കുന്നത് ? എന്തെല്ലാ മാണ് പ്രേരകങ്ങൾ ? എന്ന ചോദ്യം പ്രസക്തമാണ് .

ജോൺ മൊർഡ് കെയിൻസിന്റെ അഭിപ്രായത്തിൽ കൈമാറ്റ പ്രേരകം , മുൻകരുതൽ പ്രേരകം , ഊഹക്കച്ചവട പ്രേരകം എന്നിവയ്ക്കാവശ്യമായ ആകെ പണമാണ് പണത്തിന്റെ ചോദനം .

പണം കൈവശം സൂക്ഷിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ പൊതുവെ രണ്ട് പ്രേരകങ്ങളായി തരം തിരിച്ചിരിക്കുന്നു .

  • ( 1 ) കൈമാറ്റ പ്രേരകം
  • ( 2 ) ഊഹക്കച്ചവട പ്രേരകം

( 1 ) കൈമാറ്റ പ്രേരകം ( Transaction Motive ) :

ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പണം കയ്യിൽ കരുതേണ്ടിവരുന്നു . ഇങ്ങനെ പണം കയ്യിൽ കരുതുന്നത് അവരുടെ ദൈനംദിന ഇടപാടുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് . ദൈനംദിന ഇടപാടുകൾ നടത്തുന്നതിനുവേണ്ടി ജനങ്ങൾ പണം കൈവശം വയ്ക്കുന്നതിനെയാണ് കൈമാറ്റ പ്രേരകം അഥവാ കൈമാറ്റ ചോദനം എന്നു പറയുന്നത് . അതായത് , നിത്യേന സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനു വേണ്ടി ജനങ്ങൾ പണം കൈവശം സൂക്ഷിക്കുന്നതിനെയാണ് പണത്തിന്റെ കൈമാറ്റ ചോദനം എന്നു പറയുന്നത് .

ദൈനംദിന ചെലവുകൾക്കായി നാം എത മാത്രം പണം കയ്യിൽ കരുതണം ? ഇത് കൈമാറ്റത്തിന്റെ മൂല്യത്തെ അല്ലെങ്കിൽ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു . ഇടപാടുകളുടെ വലിപ്പം കൂടുംതോറും പണത്തിന്റെ കൈമാറ്റ ചോദനവും കൂടും . എന്നിരുന്നാലും ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു സമ്പദ് വ്യവസ്ഥയുടെ പണത്തിന്റെ കൈമാറ്റ ചോദനം ആ സമ്പദ് വ്യവസ്ഥയുടെ ഇടപാടുകളുടെ മൊത്തം മൂല്യത്തിന്റെ ഒരു ഭാഗമാണ് . പണത്തിന്റെ കൈമാറ്റ ചോദനത്തെ സമവാക്യരൂപത്തിൽ എഴുതാം :

MTd = kT

ഇവിടെ , MTd പണത്തിന്റെ കൈമാറ്റ ചോദനം

T = കൈമാറ്റത്തിന്റെ / ഇടപാടുകളുടെ മൊത്തം മൂല്യം അഥവാ വലിപ്പം

k = ഒരു അധിഭിന്നം

k എന്നത് കൈമാറ്റ ചോദനവും കൈമാറ്റ ത്തിന്റെ മൊത്ത മൂല്യവും തമ്മിലുള്ള അനുപാതമാണ് \(\Bigl(\mathbf{k\,=\frac{M_{T}^{d}}{T}}\Bigr)\) .

മറ്റൊരുവിധത്തിൽ പറഞ്ഞാൽ , k എന്നത് പണത്തിന്റെ പര്യയന പ്രവേഗത്തിന്റെ അഥവാ പ്രചാര വേഗത്തിന്റെ വ്യുൽക്രമമാണ് . ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു നിശ്ചിത അളവ് പണം കൈമറിയുന്ന എണ്ണത്തെയാണ് പണത്തിന്റെ പര്യയന പ്രവേഗം ( velocity of circulation ) എന്നു പറയുന്നത് .

v = \( \mathbf{\frac{1}{k}} \) എന്നത് പ്രവേഗത്തിന്റെ വ്യുൽക്രമമായതുകൊണ്ട് ,

MTd = kT

∴ \( \mathbf{\frac{1}{k}} \)MTd = T

vMTd = T (v = \( \mathbf{\frac{1}{k}} \) ആയതുകൊണ്ട് )

MTd = \( \mathbf{\frac{T}{v}} \)

ഇവിടെ , T യും v യും പ്രവാഹ ചരങ്ങളാണ് . MTd എന്നത് ഒരു ശേഖര ചരമാണ് . vMTd പണ കൈമാറ്റത്തിന്റെ മൊത്തം മൂല്യമാണ് . മാത്രമല്ല ഈ സമവാക്യം പണത്തിന്റെ കൈമാറ്റ ചോദനം ഇടപാടുകളുടെ മൂല്യത്തോട് പോസിറ്റീവായും പ്രവേഗത്തോട് ( velocity ) നെഗറ്റീവായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്നു .

ഒരു വർഷത്തെ പണത്തിന്റെ മൊത്തം കൈമാറ്റ ചോദനവും GDP യും തമ്മിലുള്ള ബന്ധം പഠിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നതാണ് . എല്ലാ അന്തരാള സാധന സേവനങ്ങളുടെയും കൈമാറ്റവും ഉൾപ്പെടുന്നതുകൊണ്ട് നാമമാത്ര GDP യെക്കാളും കൂടുതലായിരിക്കും ഒരു സമ്പദ് വ്യവസ്ഥയിലെ ഒരു വർഷത്തെ മൊത്തം കൈമാറ്റത്തിന്റെ വലിപ്പം . എന്നിരുന്നാലും , കൈമാറ്റ മൂല്യവും നാമമാത്ര GDP യും തമ്മിൽ ഒരു പോസിറ്റീവ് ബന്ധം നിലനില്ക്കുന്നു . GDP യിൽ വർധനവുണ്ടാകുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആകെ കൈമാറ്റ് മൂല്യം വർധിക്കുക എന്നാണ് . അങ്ങനെയെങ്കിൽ GDP വർധിക്കുന്നതിനനുസരിച്ച് പണത്തിന്റെ കൈമാറ്റ ചോദനവും വർധിക്കുന്നു . ആയതിനാൽ പണകൈമാറ്റ ചോദന സമവാക്യത്തെ താഴെ കൊടുത്തിരിക്കുന്നതുപോലെ മാറ്റി എഴുതാം .

MTd = kPY

ഇവിടെ , P പൊതുവില നിലവാരം

Y = യഥാർത്ഥ GDP

ഈ സമവാക്യം സൂചിപ്പിക്കുന്നത് ഒരു സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ കൈമാറ്റ ചോദനം യഥാർത്ഥ വരുമാനത്തോടും വില നിലവാരത്തോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് .

ഒരു സമ്പദ് വ്യവസ്ഥയിൽ ഒരു വർഷം 500 കൊണ്ട് 2,000 യുടെ ഇടപാടുകൾ നടത്തിയെന്ന് കരുതുക . ഇവിടെ പണത്തിന്റെ കൈമാറ്റ ചോദനം ,MTd = 500 യും കൈമാറ്റ മൂല്യം , T = 2,000 യുമാണ് . k എന്നത് കൈമാറ്റ ചോദനവും കൈമാറ്റ മൂല്യവും തമ്മിലുള്ള അനുപാതമായതുകൊണ്ട് ,

\(\mathbf{k\,=\frac{M_{T}^{d}}{T}}\)

= \( \mathbf{\frac{500}{2000}} \)

= \( \mathbf{\frac{1}{4}} \)

പണത്തിന്റെ പ്രവേഗം , k യുടെ വ്യുൽക്രമമായതുകൊണ്ട് v = \( \mathbf{\frac{1}{k}} \) = \( \mathbf{\frac{1}{\frac{1}{4}}} \) = 4 . വെലോസിറ്റി 4 എന്നതുകൊണ്ടർത്ഥമാക്കുന്നത് 500 കൊണ്ട് 4 പ്രാവശ്യം ഇടപാടുകൾ നടത്തിയെന്നാണ് . പ്രവേഗവും പണകൈമാറ്റ ചോദനവും അറിയാമെങ്കിൽ കൈമാറ്റ മൂല്യം എത്രയെന്ന് നമുക്ക് കണ്ടുപിടിക്കാവുന്നതാണ് . അതായത് , T = vMTd = 4 × 500 = 2,000 . ഇത് സൂചിപ്പിക്കുന്നത് ഒരു വർഷം 2,000 രൂപയുടെ സാധന – സേവന കൈമാറ്റം നടന്നുവെന്നാണ് .

( 2 ) ഊഹക്കച്ചവട പ്രേരകം ( Speculative Motive :

ഭൂമി , സ്വർണം , ഷെയറുകൾ , കടപ്പത്രങ്ങൾ , ബോണ്ടുകൾ തുടങ്ങിയ ആസ്തികളുടെ രൂപത്തിൽ ജനങ്ങൾ തങ്ങളുടെ സ്വത്ത് കൈവശം വയ്ക്കുന്നു ; ഭാവിയിൽ ഇത്തരം ആസ്തികളുടെ വില ഉയരുമെന്ന് അവർ പ്രതീക്ഷിക്കുന്നു . ആസ്തികളുടെ വില കുറയുമ്പോൾ അവ വാങ്ങുന്നതിനുവേണ്ടി ജനങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കകയും വില കൂടുമ്പോൾ ലാഭം നേടുന്നതിനുവേണ്ടി അവ വിൽക്കുകയും ചെയ്യുന്നു . ഇതിനെയാണ് ഊഹക്കച്ചവടം എന്നു പറയുന്നത് . ഊഹക്കച്ചവടം ചെയ്യുന്നതിന് പണം കൈവശം വെക്കുന്നതിനുള്ള ജനങ്ങളുടെ സ്ഥാപനങ്ങളുടെ അഭിലാഷത്തെയാണ് പണത്തിന്റെ ഊഹക്കച്ചവട ചോദനം എന്നു പറയുന്നത് .

എളുപ്പത്തിനുവേണ്ടി ഭൂമി , സ്വർണം , ചരക്കുകൾ , ഷെയറുകൾ , കടപ്പത്രങ്ങൾ തുടങ്ങിയ ധനാസ്തികളെയെല്ലാം ഒരുമിച്ച് “ ബോണ്ടുകൾ ” എന്ന ഒറ്റ ഗണത്തിൽ പെടുത്താം . ഒരു പ്രത്യേക കാലയളവിൽ തിരിച്ച് ലഭിക്കാവുന്ന ഭാവിയിൽ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകുന്ന പേപ്പറുകളാണ് ബോണ്ടുകൾ . പൊതുജനങ്ങളിൽനിന്ന് പണം കടം വാങ്ങുന്നതിനായി ഗവൺമെന്റോ സ്ഥാപനങ്ങളോ ഇറക്കുന്ന ഇത്തരം പേപ്പറുകൾ കമ്പോളത്തിൽ വ്യാപാരം ചെയ്യാവുന്നതാണ് .

ബോണ്ടിന്റെ പ്രസന്റ് വാല്യു ( ഇപ്പോഴത്തെ മൂല്യം ) ( Present Value of Bond )

നിലവിലെ പലിശനിരക്കിൽ ബോണ്ടിൽ നിന്നു ലഭിക്കുന്ന അതേ വരുമാനം ലഭിക്കാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട തുകയെ ബോണ്ടിന്റെ പ്രസന്റ് വാല്യു ( ഇപ്പോഴത്തെ മൂല്യം ) എന്നു പറയുന്നു . ഒരു ബോണ്ടിന്റെ ആകർഷണീയത അതിന്റെ വില്പന വിലയേയും പ്രസന്റ് വാല്യുവിനേയും ആശ്രയിച്ചിരിക്കുന്നു . ഒരു ബോണ്ടിന്റെ പ്രസന്റ് വാല്യു താഴെ കൊടുക്കുന്ന രീതിയിൽ കണക്കാക്കുന്നു .

PV = \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)}} \) + \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^2}} \) +…+ \( \mathbf{\frac{x+y}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^n}} \)

ഇവിടെ ,

x = കൂപ്പൺ നിരക്ക് പ്രകാരം ബോണ്ടിൽ നിന്നുള്ള വാർഷിക വരുമാനം

y = ബോണ്ടിന്റെ മുഖവില

r = വിപണിയിലെ പലിശനിരക്ക്

n = ബോണ്ടിന്റെ കാലാവധി

ഉദാഹരണമായി , ഒരു സ്ഥാപനം 10 % പലിശ നിരക്കും രണ്ടുവർഷത്തെ കാലാവധിയുള്ളതുമായ 100 രൂപ മുഖവിലയുള്ള ഒരു ബോണ്ട് പുറത്തിറക്കുന്നുവെന്ന് വിചാരിക്കുക . സേവിങ്സ് ബാങ്ക് അക്കൗണ്ടിനു ബാധകമായ പലിശ നിരക്ക് 5 % ആണെന്ന് കരുതുക . നിക്ഷേപ തീരുമാനം എടുക്കുന്നതിനായി ആളുകൾ ബോണ്ടിൽ നിന്നുള്ള വരുമാനവും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നുള്ള പലിശയും താരതമ്യം ചെയ്യുന്നു . ഒരു വർഷം കഴിയുമ്പോൾ 10 രൂപയാകുവാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ നിക്ഷേപിക്കണമെന്നാണ് ഇവിടെ പ്രസ ക്തമായ ചോദ്യം .

ഇത് താഴെ പറയുന്ന രീതിയിൽ കണ്ടുപിടിക്കാം :

ഈ തുക x ആണെന്ന് കരുതുക .

അപ്പോൾ X\( {\Bigl({1\,+\frac{5}{100}}\Bigr)} \) = 10

അല്ലെങ്കിൽ X = \( {\frac{10}{\Bigl({1\,+\frac{5}{100}}\Bigr)}} \) = 9.52

വിപണിനിരക്കായ 5 % പ്രകാരം ഡിസ്കൗണ്ട് ചെയ്യുമ്പോഴുള്ള 10 രൂപയുടെ പ്രസന്റ് വാല്യു ആണ് 9.52 രൂപ .

രണ്ടുവർഷം കഴിയുമ്പോൾ 110 രൂപ ആകുവാൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട തുക ആണെന്ന് കരുതുക . അങ്ങനെയെങ്കിൽ ബോണ്ടിൽ നിന്നുള്ള പ്രത്യായങ്ങളുടെ പ്രസന്റ് വാല്യു താഴെ പറയുന്ന രീതിയിൽ കാണാം :

PV = X + Y = \( {\frac{10}{\Bigl({1\,+\frac{5}{100}}\Bigr)}} \) + \( {\frac{10+100}{\Bigl({1\,+\frac{5}{100}}\Bigr)^2}} \)

= \( {\frac{10}{1.05}} \) + \( {\frac{110}{(1.05)^2}} \)

= \( {\frac{10}{1.05}} \) + \( {\frac{110}{1.1025}} \)

= 9.52 + 99.77 = 109.29

ഇതിനർത്ഥം നിങ്ങൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 109.29 രൂപ നിക്ഷേപിച്ചാൽ , അത് ബോണ്ടിൽ നിന്ന് ലഭിക്കുന്ന അതേ വരുമാനം ലഭ്യമാക്കും . അഥവാ ബോണ്ടിന്റെ പ്രസന്റ് വാല്യു 109.29 രൂപയാണെന്നർത്ഥം . എന്നാൽ , ബോണ്ടിന്റെ മുഖവില 100 രൂപ മാത്രമാണ് . അതുകൊണ്ട് ബോണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിനേക്കാൾ കൂടുതൽ ആകർഷകമാകയാൽ ആളുകൾ ബോണ്ട് വാങ്ങാൻ താല്പര്യപ്പെടുന്നു . ബോണ്ടിനുള്ള വർധിച്ച ആവശ്യം ബോണ്ടിന്റെ വില ഉയർത്തുന്നു . ബോണ്ടിന്റെ വില അതിന്റെ പ്രസന്റ് വാല്യൂവിന് ഒപ്പമെത്തുന്നതുവരെ ഉയരുന്നു . വില പ്രസന്റ് വാല്യൂവിനേക്കാൾ അധിക മാവുമ്പോൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ അപേക്ഷിച്ച് ബോണ്ട് ആകർഷകമല്ലാതാവുന്നു . ആളുകൾ ബോണ്ട് വില്ക്കാൻ തുടങ്ങുകയും ബോണ്ടിന്റെ വില അതിന്റെ പ്രസന്റ് വാല്യൂവിന് ഒപ്പമെത്തുന്നതുവരെ താഴുകയും ചെയ്യുന്നു . അതിനാൽ മത്സരാധിഷ്ഠിതമായ വിപണിയിൽ ഒരു ബോണ്ടിന്റെ വില സന്തുലിതാവസ്ഥയിൽ അതിന്റെ പ്രസന്റ് വാല്യൂവിന് തുല്യമായിരിക്കും .

ഉദാഹരണം : ഒരു കമ്പനി 10 % പലിശനിരക്കും മൂന്നു വർഷം കാലാവധിയുമുള്ള 100 രൂപ മുഖവിലയുള്ള ബോണ്ട് പുറത്തിറക്കുന്നു . വിപണിയിലെ പലിശ നിരക്ക് 6 % ആണ് . ബോണ്ടിന്റെ പ്രസന്റ് വാല്യു കണ്ടുപിടിക്കുക .

ഉത്തരം : പ്രസന്റ് വാല്യു

PV = \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)}} \) + \( \mathbf{\frac{x}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^2}} \) + \( \mathbf{\frac{x+y}{\Bigl(\mathbf{1\,+\frac{r}{100}}\Bigr)^n}} \)

ഇവിടെ ,

x = \( 100\,×{\frac{10}{100}} \)= 10

y = 100

r = 6%

n = 3

അതിനാൽ,

PV = \( {\frac{10}{\Bigl({1\,+\frac{6}{100}}\Bigr)}} \) + \( {\frac{10}{\Bigl({1\,+\frac{6}{100}}\Bigr)^2}} \) + \( {\frac{10+100}{\Bigl({1\,+\frac{6}{100}}\Bigr)^3}} \)

= 9.4339 + 8.8999 + 92.3593

= 110.69

പലിശനിരക്കും പണത്തിന്റെ ഊഹാധിഷ്ഠിത ചോദനവും തമ്മിലുള്ള വിപരീത ബന്ധം ( Inverse Relation Between Speculative Demand for Money and Rate of Interest )

ഭാവിയിലെ കമ്പോള പലിശനിരക്കിലെ മാറ്റത്തെക്കുറിച്ച് വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലാണ് പ്രതീക്ഷിക്കുന്നത് . പലിശനിരക്ക് കൂടുതലാണെങ്കിൽ ഭാവിയിൽ അത് കുറയുമെന്നും തന്മൂലം ബോണ്ടിന്റെ വില ഉയരുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു . അതുകൊണ്ട് ആളുകൾ ഭാവിയിൽ മൂലധന ലാഭം നേടുന്നതിനുവേണ്ടി പണം മുഴുവനും ബോണ്ടിൽ നിക്ഷേപിക്കുന്നു . അങ്ങനെ ഉയർന്ന പലിശനിരക്കിൽ പണത്തിന്റെ ഊഹക്കച്ചവട ചോദനം വളരെ കുറഞ്ഞിരിക്കുന്നു . പലിശനിരക്ക് താഴ്ന്നിരിക്കുമ്പോൾ ഭാവിയിൽ അത് ഉയരുമെന്നും വീണ്ടും ബോണ്ടു വില കുറയുമെന്നും പ്രതീക്ഷിക്കുന്നു . അതു കൊണ്ട് , അവർ മൂലധന നഷ്ടം ഒഴിവാക്കാനായി അവരുടെ കൈവശമുള്ള ബോണ്ടുകൾ പണമാക്കി മാറ്റുന്നു . ഇത് പണത്തിന്റെ ഊഹക്കച്ചവട ചോദനം വർധിക്കുന്നതിന് കാരണമാകുന്നു . അതിനാൽ പണത്തിന്റെ ഊഹക്കച്ചവട ചോദനവും പലിശനിരക്കും വിപരീതതലത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പണത്തിന്റെ ഊഹക്കച്ചവട ചോദനത്തെ ഗണിതരൂപത്തിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ പ്രസ്താവിക്കാം.

Msd = \( {\frac{r_{max}\,-\,r}{r\,-\,r_{min}}} \)

ഇവിടെ ,

Msd = പണത്തിന്റെ ഊഹക്കച്ചവട ചോദനം , r = കമ്പോള പലിശ നിരക്ക് , rmax = r ന്റെ ഏറ്റവും ഉയർന്ന പരിധി , rmin = r ന്റെ ഏറ്റവും താഴ്ന്ന പരിധി. rmax , rmin എന്നിവ പോസിറ്റീവ് സ്ഥിരകങ്ങളാണ് . ഈ സമവാക്യത്തിൽ r, rmax ൽ നിന്ന് rmin ലേക്ക് കുറയുമ്പോൾ Msd യുടെ മൂല്യം പൂജ്യത്തിൽ നിന്ന് ∞ യിലേക്ക് ഉയരുന്നുവെന്ന് വ്യക്തമാണ് .

ലിക്വിഡിറ്റി ട്രാപ് / ദ്രവത്വകെണി ( Liquidity Trap )

പലിശനിരക്ക് ഏറ്റവും താഴ്ന്ന വിതാനത്തിലെത്തുമ്പോൾ പണത്തിന്റെ ഊഹക്കച്ചവടം ചോദനം പരിപൂർണ ഇലാസ്തികതയിലാകുന്ന സാഹചര്യത്തെയാണ് ലിക്വിഡിറ്റി ട്രാപ് എന്നുവിളിക്കുന്നത് .

Liquidity- Preference

Diagram 9.1 പണത്തിന്റെ ഊഹക്കച്ചവടം ചോദനം

ഡയഗ്രം 9.1 ൽ LP വക്രമാണ് പണത്തിന്റെ ഊഹക്കച്ചവട ചോദന വക്രം. ഊഹക്കച്ചവട ചോദന വക്രം വിപരീതാവസ്ഥയിലുള്ള ചെരിവോടുകൂടിയ താണ് . r = rmax ആകുമ്പോൾ പണത്തിന്റെ ഊഹകച്ചവട ചോദനം പൂജ്യമാകുന്നു . കാരണം എല്ലാവരും പണം ബോണ്ടുകളാക്കി മാറ്റുന്നു . ഭാവിയിൽ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുക വഴി മൂലധന നേട്ടം ഉണ്ടാകുമെന്ന് കരുതുകയും ചെയ്യുന്നു . r = rmin ആകുമ്പോൾ സമ്പദ് വ്യവസ്ഥ ദ്രവത്വകെണിയിൽ എത്തുന്നു . എല്ലാവരും പലിശനിരക്കിലുള്ള ഉയർച്ചയെയും ബോണ്ട് വിലയിലുള്ള താഴ്ചയെയും കുറിച്ച് ഉറപ്പുള്ള പ്രതീക്ഷ നിലനിർത്തുന്നു. ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ ഊഹക്കച്ചവട ചോദനം പൂർണ ഇലാസ്തിക ചോദനമാകുന്നു ( e = ∞ ) . ഭാവിയിൽ പലിശനിരക്ക് ഉയരുമെന്ന് കരുതി എല്ലാവരും അവരുടെ പണം കൈവശം വയ്ക്കുന്നു.

പണത്തിന്റെ മൊത്തം ചോദനം ( Total Demand for Money )

ഒരു സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ മൊത്തം ചോദനം Md എന്നത് കൈമാറ്റ ചോദനവും ( MTd ) ഊഹക്കച്ചവട ചോദനവും ( Msd ) ചേർന്നതാണ് . കൈമാറ്റ ചോദനം യഥാർത്ഥ GDP യോടും വിലനിലവാരത്തോടും നേരിട്ടുള്ള അനുപാതത്തിലും ഊഹക്കച്ചവട ചോദനം കമ്പോള പലിശനിരക്കിനോട് വിപരീതരീതിയിലും ബന്ധപ്പെട്ടിരിക്കുന്നു . സമ്പദ് വ്യവസ്ഥയിലെ മൊത്തം ചോദനത്തെ താഴെ കൊടുത്ത സമവാക്യത്തിലൂടെ സ്വാംശീകരിക്കാവുന്നതാണ്:

Md = MTd + Msd

Md = KPY = \( \mathbf{{\frac{r_{max}\,-\,r}{r\,-\,r_{min}}}} \)

പണത്തിന്റെ പ്രദാനം വിവിധ അളവുകൾ ( Supply of Money : Various Measures )

പണത്തിന്റെ ഏറ്റവും ദൃശ്യമായ രൂപങ്ങൾ പ്രചാരത്തിലുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് . ഇന്ത്യയിൽ കറൻസി നോട്ടുകൾ ഇറക്കുന്നത് നമ്മുടെ സെൻട്രൽ ബാങ്കായ RBI യും നാണയങ്ങൾ ഇറക്കുന്നത് ഗവൺമെന്റുമാണ് . ഇടപാടുകളിൽ ചെക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നു . ഇപ്പോൾ നെറ്റ് ബാങ്കിങ്ങും ഇലക്ട്രോണിക് സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചെക്ക് , ഇ – പെയ്മെന്റ് മുതലായവ സേവിങ്ങ്സ് അക്കൗണ്ടിലെയോ കറന്റ് അക്കൗണ്ടിലെയോ ബാലൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതു കൊണ്ട് , സേവിങ്ങ്സ് അക്കൗണ്ടിലെയും കറന്റ് അക്കൗണ്ടിലേയും നിക്ഷേപങ്ങളേയും പണമായി കണക്കാക്കുന്നു.

നിങ്ങൾ 2000 രൂപയുടെ കറൻസി നോട്ടുമായി ഒരു സൂപ്പർമാർക്കറ്റിലേക്ക് പോയാൽ , ആ നോട്ടു കൊണ്ട് നിരവധി സാധനങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും. എന്നാൽ ആ പേപ്പർ നോട്ടിന് തനതായ വിലയില്ല. ആദ്യകാലങ്ങളിൽ സ്വർണ്ണം , വെള്ളി , ചെമ്പ് തുടങ്ങിയ വിലപിടിച്ച ലോഹങ്ങളിൽ നിർമ്മിച്ച നാണയങ്ങൾ നമുക്കുണ്ടായിരുന്നു. ഈ ലോഹങ്ങൾ വില പിടിച്ചതായിരുന്നതിനാൽ അവ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തി . എന്തു കൊണ്ടാണ് ജനങ്ങൾ യാതൊരു സന്ദേഹവുമില്ലാതെ കറൻസി നോട്ടുകൾ സ്വീകരിക്കുന്നത് ? ലളിതമായ ഉത്തരം ഇഷ്യു ചെയ്യുന്ന അതോറിറ്റി അവയ്ക്ക് ഉറപ്പുനൽകുന്നു എന്നതാണ് . ഇന്ത്യയിൽ ഓരോ കറൻസി നോട്ടിലും അതിൽ അച്ചടിച്ചിരിക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യം അതിന്റെ കൈവശക്കാരന് നൽകാനുള്ള റിസർവ് ബാങ്ക് ഗവർണറുടെ എഴുതപ്പെട്ട വാഗ്ദാനമുണ്ട് . അതു കൊണ്ട് കറൻസി നോട്ടുകൾക്ക് സ്വർണ്ണം , വെള്ളി എന്നിവയെപ്പോലെ സഹജമായ മൂല്യമില്ലെങ്കിലും ഇടപാടുകളിൽ അവ വ്യാപകമായി സ്വീകരിച്ചുവരുന്നു . എന്തു കൊണ്ടെന്നാൽ അവ ലീഗൽ ടെണ്ടറാണ്. ആർക്കും അവയെ നിരാകരിക്കാൻ കഴിയില്ല. ലീഗൽ ടെൻഡർ മണിയെ ഫിയറ്റ് മണി എന്നു പറയുന്നു . ചെക്കുകൾ ഇടപാടുകളിൽ നിരസിക്കാമെന്നതുകൊണ്ട് അവ ലീഗൽ ടെൻഡർ അല്ല.

ഫിയറ്റ് മണി ( Fiat Money ) എന്നത് ലീഗൽ ടെൻഡർ എന്ന നിലയിൽ ഗവൺമെന്റ് പ്രഖ്യാപിക്കുന്ന കറൻസിയാണ് . റിസർവ് ബാങ്ക് ( issuing authority ) നൽകുന്ന ഗ്യാരണ്ടിയിൽ നിന്ന് സംജാതമാകുന്നതാണ് ഫിയറ്റ് മണിയുടെ മൂല്യം. മുൻകാലങ്ങളിൽ ഒട്ടുമിക്ക കറൻസികളും സ്വർണം , വെള്ളി മുതലായ ഭൗതിക വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു . എന്നാൽ ഫിയറ്റ് മണി പൂർണമായും സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്.

നൈസർഗികമൂല്യം ( Intrinsic Value ) എന്നത് വിപണിവില പരിഗണിക്കാതെ നിർണയിക്കപ്പെടുന്ന കമ്പനി , സ്റ്റോക്ക് , കറൻസി , ഉല്പന്നം എന്നിവയുടെ യഥാർത്ഥ മൂല്യമാകുന്നു . എന്നാൽ , സ്വർണം , വെള്ളി എന്നീ നാണയങ്ങൾക്കുള്ളതുപോലെ കറൻസി നോട്ടുകൾക്കും നാണയങ്ങൾക്കും നൈസർഗിക മൂല്യം ഉണ്ടായിരിക്കുകയില്ല.

ലീഗൽ ടെൻഡർ ( Legal Tender ) എന്നത് ധനപരമായ ബാധ്യതകൾ നിറവേറ്റുവാനുള്ള നിയമ വ്യവസ്ഥയാൽ അംഗീകരിക്കപ്പെട്ട അടവുകളുടെ നിയമപരമായ മാധ്യമമാണ്. നാണയങ്ങളും ബാങ്ക് നോട്ടുകളും ലീഗൽ ടെൻഡറാണ് ; ചെക്കുകളും മറ്റു അടവുകളും സാധാരണയായി ലീഗൽ ടെൻഡർ അല്ല.

നിയമപരമായ നിർവചനങ്ങൾ : സങ്കുചിതവും വിശാലവുമായ പണം ( Legal Definitions : Narrow and Broad Money )

1977 ഏപ്രിൽ മുതൽ ഭാരതീയ റിസർവ് ബാങ്ക് പണപ്രദാനത്തിന്റെ വ്യത്യസ്തങ്ങളായ നാലുതരം അളവുകൾ പ്രസിദ്ധീകരിച്ചുവരുന്നു . ഈ അളവുകൾ M1, M2, M3, M4 എന്നീ സംജ്ഞകളാൽ അറിയപ്പെടുന്നു . ഇവ താഴെ കൊടുത്തിരിക്കുന്നതുപോലെ നിർവചിച്ചിരിക്കുന്നു.

M1 = CU + DD

M2 = M1 + പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കുകളിലെ സേവിങ്സ് ഡെപ്പോസിറ്റുകൾ

M3 = M1 + വാണിജ്യ ബാങ്കുകളുടെ അറ്റ ടൈം ഡെപ്പോസിറ്റുകൾ

M4 = M3 + മൊത്തം പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ( ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകൾ ഒഴികെ )

ഇവിടെ , CU പൊതുജനങ്ങളുടെ കൈവശമുള്ള കറൻസിയാണ് . DD വാണിജ്യ ബാങ്കുകളുടെ കൈവശമുള്ള പൊതു ജനങ്ങളുടെ ഡിമാൻഡ് ഡെപ്പോസിറ്റുകളാണ്. ഇവയിൽ , M1, M2 എന്നിവ സങ്കുചിത പണവും ( Narrow money ) , M3, M4 എന്നിവ വിശാല പണവുമാണ് ( Broad money ). പണപ്രദാനത്തിന്റെ ഈ നാല് അളവുകളിൽ ഏറ്റവും ദ്രവത്വമുള്ളത് M1 നും ദ്രവത്വം ഏറ്റവും കുറവുള്ളത് M4 നുമാണ് . RBI പണപ്രദാനത്തെക്കുറിച്ച് പറയു മ്പോൾ അവരുദ്ദേശിക്കുന്നത് M3 യാണ് . ഇതിനെ മൊത്തം പണവിഭവം എന്നു പറയുന്നു.

നോട്ടുനിരോധനം ( Demonetisation )

2016 നവംബർ 8 – ന് പ്രധാനമന്ത്രി 500 രൂപയുടേയും 1,000 രൂപയുടേയും കറൻസി നോട്ടുകളുടെ നിരോധനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തി. അന്ന് അർധരാത്രി മുതൽ ഈ കറൻസി നോട്ടുകൾ ലീഗൽ ടെൻഡർ അല്ലാതായി. ഈ ആകസ്മിക നീക്കത്തിന് ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടായിരുന്നു . കള്ളപ്പണം പിടിച്ചെടുക്കു കള്ളനോട്ട് ഇല്ലാതാക്കുക , കള്ളനോട്ടും കണക്കിൽ പെടാത്ത പണവും വഴി ധനസഹായം ലഭിച്ചിരുന്ന തീവ്രവാദത്തെ നേരിടുക എന്നിവയായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 2016 ഡിസംബർ 31 വരെ തങ്ങളുടെ കൈവശമുള്ള 500 , 1,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ പൊതുജനങ്ങൾക്ക് സമയം നൽകിയിരുന്നു . കൂടാതെ 4,000 രൂപവരെയുള്ള പഴയ കറൻസികൾ പുതിയ കറൻസിയാക്കാൻ പൊതുജനങ്ങളെ അനുവദിച്ചിരുന്നു. ഡിസംബർ 12 വരെ നിരോധിച്ച നോട്ടുകൾ പെട്രോൾ പമ്പുകളിലും ആശുപത്രികളിലും നികുതികളും ബില്ലുകളും അടയ്ക്കുന്നതിനും സ്വീകരിച്ചിരുന്നു . നിരോധിച്ച നോട്ടുകൾക്കു പകരം 500 രൂപ യുടേയും 2000 രൂപയുടേയും പുതിയ കറൻസി നോട്ടുകൾ കൊണ്ടുവന്നു.

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയിൽ വലിയ പ്രശ്നങ്ങളും ജനങ്ങൾക്ക് താൽക്കാലികമായ ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു . പണം ലഭിക്കുന്നതിനായി മണിക്കൂറുകളോളം എ.ടി.എമ്മുകളുടെ മുൻപിൽ ജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നു . അപര്യാപ്തമായ പണലഭ്യത സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കുകയും അത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു . ഈ ഹ്രസ്വകാല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തീർച്ചയായും വലുതായിരുന്നു . എന്നാൽ നോട്ടുനിരോധനത്തിന്റെ ദീർഘകാല നേട്ടങ്ങൾ ക്രിയാത്മകമായിരിക്കുമെന്നും മറ്റൊരു കാഴ്ചപാടുണ്ട് . ഉയർന്ന നികുതി GDP അനുപാതത്തിൽ പ്രതിഫലിക്കുന്നതുപോലെ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ പുരോഗതിയുണ്ടായി. കൂടുതൽ ആളുകൾ നികുതിയടക്കാൻ തുടങ്ങി . ഏറ്റവും പ്രധാനമായി , ബാങ്കുകളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങളുണ്ടാകുകയും അതുവഴി ബാങ്കിംഗ് സംവിധാനത്തിൽ ലഭ്യമായിരുന്ന മൊത്തം ഫണ്ടുകൾ വർധിക്കുകയും ചെയ്തു. ഇത് കൂടുതൽ പണം നൽകാൻ ബാങ്കുകളെ പ്രാപ്തമാക്കി. ഉയർന്ന വായ്പയുടെ ലഭ്യത വ്യവസായത്തിനും തൊഴിലിനും വളർച്ചയ്ക്കും ഗുണകരമാണ് . നോട്ടുനിരോധനത്തിന്റെ മറ്റൊരു അനുകൂലഫലം അത് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ ത്വരിതപ്പെടുത്തി എന്നതാണ് . ഡിജിറ്റൽ ഇടപാടുകൾ വ്യക്തവും സുതാര്യവുമാണ്.

നോട്ടുനിരോധനത്തിന്റെ ആത്യന്തികപ്രഭാവം നിർണയിക്കാൻ സമയമെടുക്കും. ഡിജിറ്റൽ ഇടപാടുകളും നികുതി നിയമങ്ങളുടെ പാലനവും വർധിക്കുകയാണെങ്കിൽ അതൊരു നേട്ടമാകും. നോട്ടുനിരോധനം കൊണ്ട് അഴിമതി ഇല്ലാതാക്കാം എന്നത് അപ്രായോഗികമായ ആശയമാണ്. അഴിമതി എന്നത് സങ്കീർണവും ബഹുവിധ മാനങ്ങളുള്ള ഒരു പ്രശ്നമാണ്.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *