Plus One Economics Chapter 1 in Malayalam
Plus One Economics Chapter 1 in Malayalam

Plus One Economics Chapter 1 in Malayalam

അദ്ധ്യായം 1 :-

സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.

Plus One Economics Chapter 1

ആമുഖം

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികശക്തിയാണ്‌ ഇന്ത്യ. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറിയ പങ്കും യുവാക്കളാണ്‌. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളിലേക്ക്‌ നമുക്ക്‌ ഒരു അവലോകനം ചെയ്യാം.

കൊളോണിയല്‍ ഭരണകാലത്തെ അതിപരിമിതമായ സാമ്പത്തിക വികസനം (Low level of Economic development under colonial rule)

18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധംവരെ ഇന്ത്യ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തിന്‍ കീഴിലായിരുന്നു.

  • ബ്രിട്ടീഷ്‌ ഭരണത്തിനുമുമ്പ്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏറെക്കുറെ വികസിതവും സ്വയംപര്യാപ്തവുമായിരുന്നു.
  • ഇന്ത്യയിലെ മുഖ്യ സാമ്പത്തിക പ്രവര്‍ത്തനം കൃഷിയായിരുന്നു.
  • പരുത്തി, സില്‍ക്ക്‌, ലോഹങ്ങള്‍, രത്നക്കല്ലുകള്‍, മാര്‍ബിള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൌശല പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യ അക്കാലത്ത്‌ ലോക പ്രസിദ്ധമായിരുന്നു. ഡാക്ക മസ്ലിന്‍, കാലിക്കോ, കാശ്മീര്‍ ഷാള്‍ തുടങ്ങിയ പ്രസിദ്ധമായ തുണിത്തരങ്ങള്‍ക്ക്‌ ലോകത്തിലെല്ലായിടത്തും വിപണിയുണ്ടായിരുന്നു.

ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയത്തിന്‌ രണ്ടു ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു-

ദ്വിമുഖ ലക്ഷ്യങ്ങള്‍ (Two -fold Objectives)

  • 1) ബ്രിട്ടീഷ്‌ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ക്കുള്ള ഉറവിടമായി ഇന്ത്യയെ ഉപയോഗിക്കുക.
  • 2) ബ്രിട്ടീഷ്‌ നിര്‍മ്മിത വസ്തുക്കള്‍ക്കുള്ള ഒരു വിപണിയായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുക.

  • ദ്വിമുഖ ലക്ഷ്യങ്ങള്‍ ബ്രിട്ടീഷ്‌ താല്പര്യങ്ങള്‍ക്ക്‌ അനുഗുണവും ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക്‌ ഹാനികരവുമായിരുന്നു.
  • ഇന്ത്യന്‍ കുടില്‍ വ്യവസായങ്ങളെ ഈ നയം പാടെ നശിപ്പിച്ചു.
  • ആയിരക്കണക്കിന്‌ ഇന്ത്യക്കാരുടെ ഉപജീവനമാര്‍ഗത്തെ ദോഷകരമായി ബാധിച്ചു.
  • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്തംഭനാവസ്ഥയിലാക്കി.
  • ഇന്ത്യയുടെ GDP യില്‍ മേല്‍ഗതിയുണ്ടായില്ല.
  • ഇന്ത്യയുടെ ദേശീയവരുമാനമോ ആളോഹരി വരുമാനമോ കണക്കാക്കാന്‍ ബ്രിട്ടന്‍ മുതിര്‍ന്നില്ല.
  • ദാദാഭായ്‌ നവറോജി, വില്യം ഡിഗ്‌ബി, ഫിന്‍ഡ്ലേ ഷിറാസ്‌, വി.കെ.ആര്‍.വി. റാവു, ആര്‍. സി. ദേശായ്‌ എന്നിവരായിരുന്നു ദേശീയ വരുമാനം കണക്കാക്കിയവരില്‍ പ്രമുഖര്‍. ഇങ്ങനെ തയ്യാറാക്കപ്പെട്ട കണക്കുകളില്‍ വി.കെ.ആര്‍.വി. റാവുവിന്റെ കണക്ക്‌ മികച്ചതായി കണക്കാക്കപ്പെടുന്നു.

വി.കെ.ആര്‍.വി. റാവു

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ 2 ശതമാനത്തിലും താഴെയായിരുന്നു. ആളോഹരി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്കാകട്ടെ ഏതാണ്ട്‌ 0.5 ശതമാനമായിരുന്നു.

കാര്‍ഷിക മേഖല (Agricultural Sector)

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയുടേത്‌ ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയിരുന്നു. ജനങ്ങളില്‍ 85 ശതമാനവും ഉപജീവനത്തിന്‌ കൃഷിയെയാണ്‌ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചിരുന്നത്‌. ഒരു തൊഴിലെന്നതിനേക്കാള്‍ കൃഷി ഒരു ജീവിതരീതിയായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കൃഷി ചെയുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം വര്‍ധിച്ചതുകൊണ്ടുമാത്രം കാര്‍ഷികോല്പാദനത്തില്‍ നിസ്സാരമായ വര്‍ധനയുണ്ടായി. എന്നാല്‍, കാര്‍ഷിക മേഖല സ്തംഭനാവസ്ഥയിലായിരുന്നു; മാത്രമല്ല, പലപ്പോഴും സ്ഥിതി വഷളാവുകയും ചെയ്തു. കുറഞ്ഞ ഉല്പാദനക്ഷമത മൂലം കര്‍ഷകരുടെ വരുമാനം വളരെ കുറവായിരുന്നു.

കൃഷിയിലെ സ്തംഭനാവസ്ഥ (Stagnation of Agriculture)

  • ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ച നയങ്ങളും കാര്‍ഷിക സംവിധാനവും കാര്‍ഷികരംഗത്തെ സ്തംഭനാവസ്ഥയിലാക്കി.
  • കര്‍ഷകരെ കടക്കെണിയില്‍ വീഴ്ത്തുകയും ഭൂരഹിത കര്‍ഷക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
  • പോഷകാഹാരക്കുറവ്‌, ക്ഷാമം, പകര്‍ച്ചവ്യാധികള്‍ എന്നിവ മൂലം ഒട്ടേറെപ്പേര്‍ മരിച്ചു.
  • കര്‍ഷകരില്‍നിന്ന്‌ നികുതി പിരിച്ചെടുക്കുക എന്നത്‌ നാമമാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ അടിസ്ഥാന നയം. നികുതിയടയ്ക്കാൻ വേണ്ടി അനേകം പേര്‍ ഭൂമി കിട്ടിയ വിലയ്ക്ക്‌ വില്‍ക്കാന്‍ നിര്‍ബന്ധിതരായി.
  • നികുതിപിരിക്കല്‍ കൂടുന്തോറും ഭക്ഷ്യധാന്യ വില ഇടിഞ്ഞുകൊണ്ടിരുന്നു.
  • ഗ്രാമീണ കടബാധ്യത പെരുകിയതോടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തളര്‍ന്നു.
  • കര്‍ഷകന്റെ കയ്യില്‍ ഒന്നും അവശേഷിക്കാത്തവിധം എല്ലാം പിടിച്ചുവാങ്ങുന്ന ബ്രിട്ടീഷ്‌ നയം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സ്തംഭനാവസ്ഥയിലാക്കി.
  • കാര്‍ഷികോല്പാദനക്ഷമത കുറഞ്ഞതിനാല്‍ കര്‍ഷകരുടെ വരുമാനവും കുറവായിരുന്നു.

കാര്‍ഷികരംഗത്തെ സ്തംഭനാവസ്ഥ – കാരണങ്ങള്‍

  • 1) ചൂഷണാത്മകമായ ലാന്‍ഡ്‌ സെറ്റില്‍മെന്റ്‌ സമ്പ്രദായം
  • 2) വളരെ മോശമായ സാങ്കേതികവിദ്യകള്‍
  • 3) വളരെ കുറച്ചുമാത്രം വളം ചേര്‍ക്കല്‍
  • 4) ജലസേചന സൗകര്യത്തിന്റെ അഭാവം
  • 5) കൃഷിയുടെ വാണിജ്യവല്‍ക്കരണം
  • 6) 1947ലെ ഇന്ത്യാ വിഭജനം

കാര്‍ഷിക സ്തംഭനാവസ്ഥയ്ക്കുള്ള ഏറ്റവും പ്രധാന കാരണം, ചൂഷണാത്മകമായ ലാന്‍ഡ്‌ സെറ്റില്‍മെന്റ്‌ സമ്പ്രദായമായിരുന്നു.

  • ലാന്‍ഡ്‌ സെറ്റില്‍മെന്റ്‌ സമ്പ്രദായത്തില്‍ പ്രധാനം, ജമീന്ദാരി സമ്പ്രദായമായിരുന്നു. ഇതാദ്യം നടപ്പിലാക്കിയത്‌ ബംഗാള്‍ പ്രവിശ്യയിലാണ്‌.
  • ജമീന്ദാരി സമ്പ്രദായത്തില്‍ ഭൂവുടമ ജമീന്ദാരാണ്‌. ജമീന്ദാര്‍ നികുതിയടയ്ക്കണം; നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജമീന്ദാര്‍ക്ക്‌ ഭൂമി നഷ്ടപ്പെടും.
  • കടുത്ത ചൂഷകരായ ജമീന്ദാര്‍മാര്‍ കര്‍ഷകരില്‍നിന്ന്‌ ഭീമമായ തോതില്‍ പാട്ടം പിരിച്ചെടുത്തു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി അവര്‍ ഒന്നുംതന്നെ ചെയ്തില്ല. വിളവ്‌ നന്നായാലും നശിച്ചാലും കൃഷിക്കാരന്‍ പാട്ടം കൊടുത്തേ മതിയാവു എന്നതായിരുന്നു സ്ഥിതി. ഇത്‌ കര്‍ഷകര്‍ക്കും ഗ്രാമീണ ജനതയ്ക്കും ദുരിതം വരുത്തിവെച്ചു.
  • മോശമായ സാങ്കേതികവിദ്യ, ശുഷ്കമായ വളപ്രയോഗം, ജലസേചന സൗകര്യത്തിന്റെ അഭാവം എന്നിവയും കാര്‍ഷിക മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക്‌ കാരണമായി.
  • ടെറസ്‌ ഫാമിങ്ങിനുള്ള നിക്ഷേപം, വെള്ളപ്പൊക്ക നിയന്ത്രണം, അഴുക്കുചാല്‍, മണ്ണിലെ ഉപ്പ്‌ നീക്കം ചെയ്യല്‍ എന്നിവയിലുള്ള പോരായ്മകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക്‌ ദോഷമുണ്ടാക്കി.
  • കര്‍ഷകര്‍, ഭക്ഷ്യവിളകളില്‍നിന്ന്‌ നാണ്യവിളകളിലേക്ക്‌ മാറിയത്‌ കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിനിടയാക്കി. അതാകട്ടെ, ഭക്ഷ്യക്ഷാമത്തിനു കാരണമായിത്തീര്‍ന്നു.
  • ബംഗാളിലും ഒറീസ്സയിലും 1866 ലുണ്ടായ ഭക്ഷ്യക്ഷാമം അവിടങ്ങളിലെ നെല്‍കൃഷിപ്പാടങ്ങള്‍ മുഴുവനും കൂടുതല്‍ ആദായകരമായ നീലം (Indigo) കൃഷിക്ക്‌ ഉപയോഗപ്പെടുത്തിയതുമൂലമായിരുന്നു.
  • 1947-ല്‍ ഉണ്ടായ ഇന്ത്യാവിഭജനം കാര്‍ഷിക മേഖലക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇന്ത്യയിലെ ഫലപുഷ്ടമായതും ജലസേചന സൗകര്യമുള്ളതുമായ, കൃഷിഭൂമിയില്‍ വലിയൊരു ഭാഗം പാക്കിസ്ഥാന്റെ ഭാഗമായി. തന്മൂലം ഇന്ത്യയിലെ കാര്‍ഷികോല്പാദനം കുറഞ്ഞു. ചണയുല്പാദനമേഖലകളിലധികവും പാക്കിസ്ഥാനില്‍ ആയതിനാല്‍ ഇന്ത്യന്‍ ചണവ്യവസായം പ്രതിസന്ധിയിലായി. ചണവ്യവസായത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന കുത്തക അങ്ങനെ നഷ്ടപ്പെടുകയും ചെയ്തു.

ലാന്‍ഡ്‌ സെറ്റില്‍മെന്റ്‌ സമ്പ്രദായം 1793 — 1850

പെര്‍മനന്റ്‌ സെറ്റില്‍മെന്റ്‌ (ജമീന്ദാരി സമ്പ്രദായം): 1793-ല്‍ കോണ്‍വാലീസ്‌ പ്രഭു ബംഗാള്‍ പ്രവിശ്യയില്‍ ആദ്യമായി നടപ്പാക്കിയ ഭൂവ്യവസ്ഥയാണ്‌ ജമീന്ദാരി സമ്പ്രദായം. ഈ വ്യവസ്ഥ പ്രകാരം ജമീന്ദാര്‍മാര്‍ ഭൂമിയുടെ സ്ഥിരം ഉടമകളായി. ജമീന്ദാര്‍മാര്‍ കൊല്ലം തോറും ഒരു നിശ്ചിത സംഖ്യ നികുതിയായി നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. കര്‍ഷകരാകട്ടെ, കൂടിയാന്മാരുടെ പദവിയിലേക്ക്‌ താഴ്ത്തപ്പെട്ട. ഭൂമിയില്‍ അവര്‍ക്ക്‌ പരമ്പരാഗതമായുണ്ടായിരുന്ന അവകാശങ്ങളെല്ലാം നഷ്ടപ്പെട്ടു. കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ജമീന്ദാര്‍മാര്‍ക്ക്‌ എന്തും ചെയ്യാമെന്ന അവസ്ഥ സംജാതമായി..

രയറ്റ് വാരി സമ്പ്രദായം: 1820-ല്‍ തോമസ്‌ മണ്‍റോ മ്രദാസ്‌ പ്രവിശ്യയില്‍ നടപ്പാക്കിയ ഭൂവ്യവസ്ഥയാണിത്‌. ഈ സമ്പ്രദായപ്രകാരം ഗവണ്‍മെന്റ്‌ ഗ്രാമങ്ങളില്‍ നിന്ന്‌ നേരിട്ടു നികുതി പിരിക്കാന്‍ തുടങ്ങി. ഇത്‌ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടാക്കി. ഓരോ ഗ്രാമവും അടച്ചുതീര്‍ക്കേണ്ട നികുതിയാണ്‌ ആദ്യം നിശ്ചയിക്കുക. അതിനുശേഷം ഓരോ കര്‍ഷകനും അടയ്ക്കേണ്ട തുക എത്രയെന്നു നിശ്ചയിക്കും. ഇങ്ങനെ നിലവില്‍വന്ന രീതിക്കാണ്‌ റയറ്റ്‌ വാരി സംവിധാനം എന്നു പറയുന്നത്‌ (കൃഷി നടത്തുന്ന ആളാണ്‌ റയറ്റ്‌ അഥവാ കര്‍ഷകന്‍). കൃഷിഭൂമിയുടെ ഗുണവും കൃഷിയുടെ സ്വഭാവവും മാനദണ്ഡമാക്കിയാണ്‌ നികുതി നിശ്ചയിക്കുന്നത്‌.

മഹൽവാരി സമ്പ്രദായം: ഈ സമ്പ്രദായം വെല്ലസ്ലി പ്രഭു ബംഗാള്‍ മാതൃകയില്‍ ഉത്തരേന്ത്യയില്‍ നടപ്പാക്കി. ഓരോ ഗ്രാമത്തില്‍നിന്നും നേരിട്ട്‌ നികുതി പിരിവ്‌ നടത്തുന്ന ഒരു വ്യവസ്ഥയാണിത്‌. ഇതിന്‌ ഗ്രാമത്തലവനെ (പ്രധാന്‍) യാണ്‌ ചുമതലപ്പെടുത്തിയത്. ഗ്രാമത്തിന്‌ നല്‍കിയിരുന്ന പേര്‍ മഹൽ എന്നാണ്‌. ഓരോ ഗ്രാമത്തെ അടിസ്ഥാനമാക്കിയുളള നികൂതിപിരിവിന്‌ അതിനാല്‍ മഹല്‍വാരി സമ്പ്രദായം എന്ന പേര്‍ വന്നു.

വ്യവസായ മേഖല (Industrial Sector)

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വ്യവസായ മേഖല അവികസിതമായിരുന്നു. ബ്രിട്ടീഷുകാരുടെ സാമ്പത്തികനയം രണ്ടു വിധമായിരുന്നു.

  • 1) ബ്രിട്ടീഷ്‌ വ്യവസായത്തിനാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ക്കുള്ള ഉറവിടമായി ഇന്ത്യയെ മാറ്റുക.
  • 2) ബ്രിട്ടീഷ്‌ വ്യാവസായികോല്‍പന്നങ്ങളുടെ വിപണിയായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുക.

വ്യവസായ മേഖലയിലുണ്ടായ പ്രത്യാഘാതം (Impact on Industrial Sector)

  • ഇന്ത്യന്‍ കരകൌശലമേഖലയെ പാടെ നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളെ തൊഴില്‍രഹിതരാക്കുകയും ചെയ്തു.
  • ജനങ്ങള്‍ തദ്ദേശീയോല്പന്നങ്ങളേക്കാള്‍ വില കുറഞ്ഞ വിദേശനിര്‍മ്മിത സാധനങ്ങളിലേക്ക്‌ മാറാന്‍ തുടങ്ങി. കാരണം, ബ്രിട്ടനില്‍ യന്ത്ര സഹായത്തോടെ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ കരകൗശല രീതിയില്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങളേക്കാള്‍ വില വളരെ കുറവായിരുന്നു.
  • ബ്രിട്ടീഷ്‌ വ്യാവസായികോല്‍പന്നങ്ങള്‍ക്ക്‌ ഇന്ത്യ നല്ലൊരു വിപണിയായിത്തീര്‍ന്നു.
  • വ്യവസായ മേഖലയിലെ വളര്‍ച്ചാനിരക്ക്‌ കുറവായിരുന്നു.
  • പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, ഇന്ത്യയില്‍ ആധുനിക വ്യവസായങ്ങള്‍ വികസിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ പരുത്തി-ചണ വ്യവസായങ്ങളും പിന്നീട്‌ ഉരുക്ക്‌, രാസവളങ്ങള്‍, റയോണ്‍, റബര്‍ വ്യവസായങ്ങളും വളര്‍ന്നു.
  • ഇന്ത്യന്‍ വ്യാപാരികളുടേയും വ്യവസായികളുടേയും നേതൃത്വത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒട്ടേറെ കോട്ടണ്‍ മില്ലുകള്‍ സ്ഥാപിതമായി.
  • ചണവ്യവസായത്തില്‍ കാര്യമായ മൂലധന നിക്ഷേപം നടത്തിയത്‌ ബ്രിട്ടീഷ്‌ ബിസിനസ്സുകാരായിരുന്നു. ചണവ്യവസായം ബംഗാളിലാണ്‌ കേന്ദ്രീകരിക്കപ്പെട്ടത്.
  • 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇരുമ്പ്‌ ഉരുക്ക്‌ വ്യവസായങ്ങള്‍ വികസിതമായി.
  • ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു 1907-ലെ ടാറ്റ അയേണ്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്പനിയുടെ (ടിസ്‌കോ) സ്ഥാപനം. ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിന്റെ ആചാര്യനായിരുന്ന ജംഷഡ്ജി ടാറ്റ 1907-ല്‍ ബീഹാറിലെ ജാംഷഡ്പുരിലാണ്‌ ടിസ്‌കോ സ്ഥാപിച്ചത്‌. ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിന്‌ ഗണ്യമായ സംഭാവന നല്‍കിയത്‌ ടിസ്‌കോ ആയിരുന്നു.
  • രണ്ടാം ലോകമഹായുദ്ധാനന്തരം സിമന്റ്‌ , പഞ്ചസാര, കടലാസ്‌ വ്യവസായങ്ങളും സ്ഥാപിതമായി.
  • ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മൂലധനവസ്തുക്കളുടെ നിര്‍മ്മിതിക്കുള്ള വ്യവസായങ്ങള്‍ വികസിച്ചില്ല. ഏതു രാജ്യത്തായാലും വ്യവസായ വല്‍ക്കരണത്തിന്റെ നിര്‍ണായകം യന്ത്രങ്ങള്‍, കരുക്കള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന മൂലധനവ്യവസായങ്ങളുടെ (Capital Goods Industries) വികസനത്തിലാണ്‌. ബ്രിട്ടീഷുകാര്‍ ഈ മൂലധന വസ്തുക്കളുടെ നിര്‍മ്മിതിക്കുള്ള വ്യവസായമേഖലയെ അവഗണിച്ചത്‌ ഇന്ത്യയുടെ വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി.
  • ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പന്ന (GDP) ത്തിനുള്ള വ്യവസായമേഖലയുടെ സംഭാവന ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വളരെ കുറവായിരുന്നു. 1951-ല്‍ ഇന്ത്യ സാമ്പത്തിക ആസൂത്രണത്തിലേക്കു പ്രവേശിച്ച അവസരത്തില്‍ ഇന്ത്യയുടെ GDP ക്ക്‌ വ്യവസായ മേഖലയില്‍നിന്നുള്ള സംഭാവന കേവലം പതിമൂന്നു ശതമാനം മാത്രമായിരുന്നു.

ജംഷഡ്ജി ടാറ്റ

വിദേശ വ്യാപാരം (Foreign Trade)

ഇന്ത്യ കോളനിഭരണത്തിന്‍ കീഴിലായതോടെ, കൊളോണിയല്‍ വ്യാപാര നയങ്ങള്‍ ഇന്ത്യയുടെ വ്യാപാരത്തിന്റെ വലുപ്പം മാത്രമല്ല ഘടനയും സ്വഭാവവുമെല്ലാം ക്ഷയിപ്പിച്ചു.

ബ്രിട്ടീഷ്‌ ആധിപത്യത്തിനുമുമ്പ്‌ ഇന്ത്യ മൂല്യ വര്‍ധിതനിര്‍മ്മിതോല്പന്നങ്ങളാണ്‌ (finished goods) കയറ്റിയയച്ചിരുന്നതെങ്കില്‍, ബ്രിട്ടീഷ്‌ വാഴ്ചക്കാലത്ത്‌ ഇന്ത്യ പ്രാഥമികോല്പന്നങ്ങൾ (raw materials) കയറ്റുമതി ചെയ്യുന്നതുമായ നിര്‍മ്മിതോല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായ രാജ്യമായി മാറി. അസംസ്കൃത പരുത്തി, സില്‍ക്ക്‌, കമ്പിളിരോമങ്ങള്‍, നീലം എന്നിവ കയറ്റുമതി ചെയ്യുമ്പോള്‍, പരുത്തിത്തുണി, കമ്പിളിവസ്ത്രങ്ങള്‍, സില്‍ക്ക്‌ തുണിത്തരങ്ങള്‍, ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ലഘു യന്ത്രങ്ങള്‍ എന്നിവയ്ക്ക്‌ ഇന്ത്യ വിപണിയായി. ഇന്ത്യന്‍ വ്യാപാരത്തെ ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയതിനാലാണ്‌ ഇന്ത്യയുടെ വ്യാപാരഘടനയില്‍ ഇത്തരത്തിലൊരു മാറ്റം വന്നുചേര്‍ന്നത്‌. ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ പകുതിയും ബ്രിട്ടനുമായിട്ടാകുംവിധം ബ്രിട്ടീഷ്‌ വ്യാപാരനയം രൂപപ്പെടുത്തി. ചൈന, സിലോണ്‍ (ശ്രീലങ്ക), പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ പകുതിയായി കുറഞ്ഞു. സൂയസ്‌ കനാല്‍ തുറന്നു കൊടുത്തത്‌, ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിന്‌ സഹായകമായി.

കൊളോണിയല്‍ വാഴ്ചക്കാലത്തെ ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ പ്രത്യേക സവിശേഷതകള്‍ (Special features of India’s foreign trade during the colonial rule)

  • ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയുടെ വ്യാപാരം വര്‍ധിക്കുകയുണ്ടായി; ഇതുമൂലം വലിയൊരു കയറ്റുമതി മിച്ചം (Export surplus) ഇന്ത്യക്ക് കൈവരിക്കാനായി. വിരോധാഭാസമെന്നു പറയട്ടെ, ഈ കയറ്റുമതി മിച്ചം കൊണ്ട്‌ ഇന്ത്യയ്ക്കൊരു ഗുണവുമുണ്ടായില്ല. വാസ്തവത്തില്‍ അത്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ വലിയ ദ്രോഹം ചെയ്തു. കാരണം, ആഭ്യന്തര വിപണിയില്‍ പല അവശ്യസാധനങ്ങള്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍, തുണി, മണ്ണെണ്ണ മുതലായവയ്ക്ക്‌ കടുത്ത ക്ഷാമമുണ്ടാക്കി.
  • കയറ്റുമതി മിച്ചം മുഴുവനും ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ചെലവിനാണ്‌ ഉപയോഗിച്ചത്‌. ബ്രീട്ടീഷുകാരുടെ യുദ്ധച്ചെലവുപോലും ഈ മിച്ചം കൊണ്ടാണ്‌ നടത്തിയത്‌.
  • ഇന്ത്യ പ്രാഥമികോല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും നിര്‍മ്മിതോല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യമായിത്തീര്‍ന്നു. ഇന്ത്യയുടെ സമ്പത്ത്‌ ബ്രിട്ടനിലേക്ക് ഒഴുകിപ്പോയി എന്നതായിരുന്നു ഇതിന്റെ അനന്തരഫലം.

ജനസംഖ്യാ പരിവര്‍ത്തന സിദ്ധാന്തം (The theory of Demographic Transition)

ഫ്രാങ്ക് നോട്ടെസ്റ്റീൻ എന്ന വിദഗ്ധന്‍ ആവിഷ്ക്കരിച്ചതാണ്‌ ജനസംഖ്യാ പരിവര്‍ത്തന സിദ്ധാന്തം. സാമ്പത്തികവികസനവും ജനസംഖ്യാ വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഒന്നാണ്‌ ഈ സിദ്ധാന്തം. ഇതു പ്രകാരം ഏതൊരു രാജ്യത്തിന്റെയും ജനസംഖ്യ, മൂന്നുഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ആദ്യ ഘട്ടം: കാര്‍ഷിക സമ്പദ്‌ വ്യവസ്ഥയുള്ള അവികസിത രാജ്യമായിരിക്കും ആദ്യഘട്ടത്തില്‍. ജനനനിരക്കും മരണനിരക്കും വളരെ ഉയര്‍ന്നിരിക്കുന്ന സ്ഥിതി. സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ കുറവ്‌. ജനസംഖ്യ വര്‍ധിക്കുന്നില്ല. ദേശീയവരുമാനവും പ്രതിശീര്‍ഷവരുമാനവും കുറവായിരിക്കും.

രണ്ടാം ഘട്ടം: വികസ്വര സമ്പദ്‌ വ്യവസ്ഥയിലായിരിക്കും ഈ ഘട്ടം സംഭവിക്കുന്നത്‌. മരണനിരക്ക്‌ കുറയുന്നു; എന്നാല്‍, ജനനനിരക്ക്‌ തുടര്‍ച്ചയായി കൂടുന്നു. ഇത്‌ രാജ്യത്തെ ജനസംഖ്യാവിസ്‌ഫോടനത്തിലെത്തിക്കുന്നു (Population explosion). ദേശീയ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നു. എന്നാല്‍, പ്രതിശീര്‍ഷവരുമാനത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല.

മുന്നാംഘട്ടം: വികസിത സമ്പദ് വ്യവസ്ഥയിലാണ്‌ ഈ ഘട്ടം സംഭവിക്കുന്നത്‌. ജനനിരക്കും മരണ നിരക്കും കുറയുന്നു. ജനസംഖ്യാ വര്‍ധനവ്‌ മന്ദഗതിയിലാകുന്നു. വ്യവസായവല്‍ക്കരണവും നഗര വല്‍ക്കരണവും ജീവിതനിലവാരം ഉയര്‍ത്തുന്നു. അണുകുടുംബങ്ങളായിരിക്കും ഉണ്ടാകുക. നാലാമതൊരു ഘട്ടം കൂടിയുണ്ടെന്ന്‌ സാമ്പത്തിക വിദഗ്ദ്ധര്‍ ചുണ്ടിക്കാട്ടുന്നു. അവിടെ ജനസംഖ്യ സ്ഥിരത കൈവരിക്കുമെന്ന്‌ അവര്‍ അവകാശപ്പെടുന്നു.

1921 വരെ ഇന്ത്യ ഒന്നാം ഘട്ടത്തിലായിരുന്നു. 1921 ന്‌ ശേഷം രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചു. മൂന്നാംഘട്ടത്തിലെത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഇപ്പോള്‍ ജനനനിരക്കും മരണനിരക്കും കുറഞ്ഞു കൊണ്ടിരിക്കുന്നു. മൂന്നാം ഘട്ടത്തിലേക്ക്‌ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യ.

ജനസംഖ്യാസ്ഥിതി (Demographic Conditions)

1881 – ലാണ്‌ ഇന്ത്യയിലെ ജനസംഖ്യ കണകാക്കാനുള്ള ഒന്നാമത്തെ സെന്‍സസ് നടത്തിയത്‌. 1881 – നു ശേഷം ദശവാര്‍ഷികസെന്‍സസ്‌ പതിവായിത്തീര്‍ന്നു. 1921 – വരെ ജനസംഖ്യാപരിവര്‍ത്തനത്തിന്റെ ഒന്നാംഘട്ടത്തിലായിരുന്ന (അതായത്‌, ജനനനിരക്കും മരണനിരക്കും വളരെ ഉയര്‍ന്നിരിക്കുന്ന സ്ഥിതിയില്‍) ഇന്ത്യ 1921 നു ശേഷം രണ്ടാം ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു (അതായത്‌, ഉയര്‍ന്ന ജനനനിരക്കും കുറയുന്ന മരണ നിരക്കും എന്ന സ്ഥിതി).

ബ്രിട്ടീഷ്‌ ഭരണകാലത്തെ പ്രധാനപ്പെട്ട ജനസംഖ്യാ സൂചികകളും സാമൂഹ്യവികസന സൂചികകളും

  • സാക്ഷരതാശതമാനം വളരെ കുറവായിരുന്നു – ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 16% (ഇപ്പോള്‍ 71.2%).
  • പെണ്‍സാക്ഷരത വളരെ കുറവായിരുന്നു – ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 7% (ഇപ്പോള്‍ 60.6%).
  • പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല
  • പൊതുജനാരോഗ്യ സംവിധാനത്തിന്റെ അഭാവം മൂലം രോഗബാധ വ്യാപകമായിരുന്നു.
  • മരണനിരക്ക്‌ വളരെ ഉയര്‍ന്നിരുന്നു.
  • ശിശുമരണ നിരക്ക്‌ ഭീതിജനകമായിരുന്നു – ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1,000 ന്‌ 218 (ഇന്ന്‌ 1,000 ന്‌ 43.19).
  • ആയുര്‍ദൈര്‍ഘ്യം വളരെ കുറവായിരുന്നു – ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 32 വയസ്സ്‌ (ഇന്ന്‌ 69.66 വയസ്സ്‌)

തൊഴില്‍പരമായ ഘടന (Occupational Structure)

തൊഴില്‍പരമായ ഘടന എന്നു പറഞ്ഞാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ ജോലിയെടുക്കുന്നവരുടെ എണ്ണം എന്നാണര്‍ത്ഥം. തൊഴില്‍ മേഖലകളെ പൊതുവെ മൂന്നായി തരംതിരിക്കാം.

  • 1) പ്രാഥമികം (കാര്‍ഷികമേഖല)
  • 2) ദ്വിതീയം (വ്യവസായ മേഖല)
  • 3) ത്രിതീയം (സേവനമേഖല)
കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, വനവത്കരണം, മത്സ്യബന്ധനം, ഖനനം, കരിങ്കല്‍ ക്വാറികള്‍ എന്നിവ പ്രാഥമിക മേഖലയില്‍ വരുന്നു.

ചെറുതും വലുതുമായ എല്ലാ നിര്‍മ്മാണ വ്യവസായങ്ങളും ദ്വിതീയ മേഖലയില്‍ വരുന്നു.

ഗതാഗതം, വാര്‍ത്താവിനിമയം, വ്യാപാരം, വാണിജ്യം, ബാങ്കിംഗ്‌, ഇന്‍ഷുറന്‍സ്‌, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയവ തൃതീയ മേഖലയില്‍ വരുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയിലെ തൊഴില്‍പരമായ ഘടന ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നു പോന്നു. തൊഴില്‍ ശക്തിയില്‍ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ചാണ്‌ കഴിഞ്ഞിരുന്നത്‌. നിര്‍മ്മാണവ്യവസായങ്ങളിലും സേവനവ്യവസായങ്ങളിലുമുണ്ടായിരുന്നവര്‍ പരിമിതമായിരുന്നു.

താഴെ ചേര്‍ക്കുന്ന ഡയഗ്രം ഇത്‌ വ്യക്തമാക്കും.

Slope of Indiference Curve

Diagram

ദേശീയ തലത്തില്‍ തൊഴില്‍പരമായ ഘടന ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നുവെങ്കിലും, ചില മേഖലകളില്‍ ഘടനയ്ക്ക്‌ മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. ത്വരിതഗതിയില്‍ വ്യവസായവല്‍ക്കരണം നടന്ന പ്രദേശങ്ങളില്‍ കൃഷിയിലുള്ള ആശ്രയത്വം കുറഞ്ഞു. ബംഗാള്‍, മഹാരാഷ്ട്ര, മ്രദാസ്‌ പ്രവിശ്യ (ഇന്നത്തെ തമിഴ്‌നാട്‌, കേരളം, കര്‍ണാടകം, ആന്ധ്ര എന്നിവ ഉള്‍പ്പെട്ടത്‌) എന്നിവിടങ്ങളില്‍ വ്യവസായവല്‍ക്കരണം മുലം വ്യവസായ-സേവന രംഗങ്ങളില്‍ തൊഴില്‍ വര്‍ധിച്ചു; ഈ പ്രദേശങ്ങളില്‍ കൃഷിയിലുള്ള ആശ്രയത്വം കുറഞ്ഞുവന്നു. എന്നാല്‍, ഒറീസ, രാജസ്ഥാന്‍, പഞ്ചാബ്‌ തുടങ്ങിയ കാര്‍ഷികമേഖലകളില്‍ കൃഷിയിലുള്ള ആശ്രയത്വം വര്‍ധിക്കുകയാണുണ്ടായത്‌.

അടിസ്ഥാന സൗകര്യങ്ങള്‍ (Infrastructure)

കൊളോണിയല്‍ ഭരണകാലത്ത്‌ ഇന്ത്യയിലെ അടിസ്ഥാനസാകര്യങ്ങള്‍ വികസിപ്പിച്ചു. അതിന്‌ ബ്രിട്ടീഷുകാര്‍ക്ക്‌ അവരുടേതായ സ്വാര്‍ത്ഥ ലക്‌ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റെയില്‍വേ, കമ്പിത്തപാല്‍, ജലഗതാഗതം തുടങ്ങിയവയുടെ വികസനം ഇന്ത്യയുടെ പില്‍ക്കാലിത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ സഹായകമായി.

ബ്രിട്ടീഷുകാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിന്റെ ഒരു ഏകദേശരൂപം

  1. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ 1950-ല്‍ റെയില്‍വേ ഗതാഗതം നടപ്പാക്കി. ഇതിന്റെ പ്രധാന ഫലങ്ങള്‍ മൂന്നായിരുന്നു.
    • (a) ജനങ്ങള്‍ക്ക്‌ ദീര്‍ഘദൂരയാത്രകള്‍ക്ക്‌ സൗകര്യം ലഭിച്ചു. അത്‌ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രതിബന്ധങ്ങള്‍ നീക്കം ചെയ്തു.
    • (b) ഉല്പാദനക്രേന്ദ്രങ്ങളെയും വിപണികളെയും തമ്മില്‍ ബന്ധിപ്പിച്ചു. അത്‌ വ്യാപാരാഭിവൃദ്ധിക്കിടയാക്കി.
    • (c) കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിന്‌ അതിടയാക്കി. ഇന്ത്യയുടെ ഭക്ഷ്യസ്വയംപര്യാപ്തതയെ അത്‌ പ്രതികൂലമായി ബാധിച്ചു.
  2. ആഭ്യന്തരവ്യാപാരവും കടല്‍ഗതാഗതവും വികസിതമായി.
  3. കമ്പിത്തപാല്‍ വികസിതമായി (1837).
  4. തുറമുഖങ്ങള്‍ വികസിതമായി.

ഇന്ത്യയിലെ വ്യാപാരം വര്‍ദ്ധിപ്പിച്ച്‌ അതില്‍ നിന്ന്‌ കൂടുതല്‍ മെച്ചമുണ്ടാക്കാനായിട്ടാണ്‌ ബ്രിട്ടീഷുകാര്‍ റെയില്‍വെ വികസനത്തിനും തുറമുഖവികസനത്തിനും പ്രാധാന്യം നല്‍കിയത്‌. പട്ടാളത്തെ ഒരു ദിക്കില്‍നിന്ന്‌ മറ്റൊരു ദിക്കിലേക്ക്‌ വേഗം എത്തിക്കാന്‍ കഴിയുന്നതിനുവേണ്ടിയാണ്‌ റോഡുകള്‍ വികസിപ്പിച്ചത്‌. ചുരുക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൊളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു.

ഇന്ത്യയിലെ വ്യാപാരം വര്‍ദ്ധിപ്പിച്ച്‌ അതിനിന്ന്‌ കൂടുതല്‍ മെച്ചമുണ്ടാക്കാനായിട്ടാണ്‌ ബ്രിട്ടീഷുകാര്‍ റെയില്‍വെ വികസനത്തിനും തുറമുഖവികസനത്തിനും പ്രാധാന്യം നല്‍കിയത്‌. പട്ടാളത്തെ ഒരു ദിക്കില്‍നിന്ന്‌ മറ്റൊരു ദിക്കിലേക്ക്‌ വേഗം എത്തിക്കാന്‍ കഴിയുന്നതിനുവേണ്ടിയാണ്‌ റോഡുകള്‍ വികസിപ്പിച്ചത്‌. ചുരുക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൊളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു.

ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഇന്ത്യയ്ക്ക്‌ ഗണ്യമായ ഗുണം ചെയ്തു. ലോകത്തിലെ, പ്രമുഖ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരില്‍ ഒന്ന്‌ ഇന്ന്‌ ഇന്ത്യയായിരിക്കുന്നതിന്റെ കാരണം അതാണ്‌. ഇംഗ്ലീഷ്‌ ഭാഷ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവാണ്‌ ഈ വിജയത്തിനാധാരമായ പ്രധാന ഘടകം. 1932-ല്‍ ടാറ്റ എയര്‍ ലൈന്‍സ്‌ സ്ഥാപിതമായി. ഇത്‌ വ്യോമയാന മേഖലയിലെ വികസനത്തിന്റെ ആദ്യപടിയായി മാറി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ദേശത്തിന്റെ വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കുകയുണ്ടായി.

സമാപനം (Conclusion)

ബ്രിട്ടീഷ്‌ ഭരണം ഇന്ത്യയെ നയിച്ചത്‌ തൊഴിലില്ലായ്മയിലേക്കും ഭക്ഷ്യ ദൗര്‍ലഭ്യത്തിലേക്കുമായിരുന്നു. സമ്പദ്‌ സമൃദ്ധിയും സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്ന ഇന്ത്യന്‍ ജനതയ്ക്ക്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം സമ്മാനിച്ചത്‌ ദാരിദ്ര്യവും അര്‍ദ്ധ-അടിമത്വവും അരാജകത്വവുമായിരുന്നു.

ബ്രിട്ടീഷ്‌ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും ഇന്ത്യന്‍ വ്യവസായത്തേയും നശിപ്പിച്ചു കളഞ്ഞു. ഇംഗ്ലണ്ടിലെ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന കൊളോണിയല്‍ നയത്തിലധിഷ്ഠിതമായിരുന്നു വിദേശ വ്യാപാരം.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *