Plus One Economics Chapter 9 : Note in Malayalam
Plus One Economics Chapter 9 : Note in Malayalam

Plus One Economics Chapter 9 : Note in Malayalam

അദ്ധ്യായം 9:-

പരിസ്ഥിതിയും സുസ്ഥിരവികസനവും.

Plus One Economics Chapter 9

ആമുഖം

ഒരു സമ്പദ് വ്യവസ്ഥ വികസിക്കുന്നതോടൊപ്പം അതിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തികവളര്‍ച്ച തൊഴിലവസരം സൃഷ്ടിക്കുന്നു; അതു വരുമാനം വര്‍ധിപ്പിക്കുന്നു; അങ്ങനെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നു. വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലമായി സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കുന്നു. അങ്ങനെ വളര്‍ച്ചയും വികസനവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്‌. സാമ്പത്തിക വളര്‍ച്ച പ്രശ്നങ്ങള്‍ സൃഷ്ടിക്കുകകൂടി ചെയ്യുന്നുണ്ട്‌. വളര്‍ച്ചയ്ക്ക്‌ വ്യവസായവല്‍ക്കരണം ആവശ്യമാണ്‌. പക്ഷെ വ്യവസായവല്‍ക്കരണം മൂലം പരിസ്ഥിതിക്ഷയം, വനനശീകരണം, നഗരജനബാഹുല്യം തുടങ്ങിയ പ്രശ്നങ്ങളും ഉത്ഭവിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന വികസനം നിലനില്‍ക്കുന്ന ഒന്നല്ല. ഇന്നത്തെ വികസനരീതി നിലനില്‍ക്കുന്ന തരമല്ലെന്നു വിശ്വസിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാരുണ്ട്‌. നമ്മുടെ ലക്ഷ്യം നിലനില്‍ക്കുന്ന വികസനമായിരിക്കണം. നിലനില്‍ക്കുന്ന വികസനമെന്നു പറഞ്ഞാല്‍ വികസനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള വികസനമെന്നാണര്‍ത്ഥം. അത്‌ പരിസ്ഥിതിക്കിണങ്ങുന്നതായിരിക്കും.

ഇന്നത്തെ ലോകത്തെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്‌ പരിസ്ഥിതിക്ഷയം ആണ്‌. അത്‌ പല പുതിയ പ്രശ്നങ്ങളേയും സൃഷ്ടിക്കുന്നു. ഓസോണ്‍ പാളിയുടെ ശോഷണം, ആഗോളതാപനം തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ഷയം മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്‌. അതിനും പുറമെ വികസന വിരുദ്ധമായൊരു സ്ഥിതിവിശേഷം അത്‌ സംജാതമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍, പരിസ്ഥിതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമുതല്‍ നാം പരിശോധിക്കേണ്ടതുണ്ട്‌. അതിനുശേഷം ഇന്ത്യയുടെ പാരിസ്ഥിതിക സ്ഥിതിവിശേഷം നമുക്ക്‌ നോക്കാം. അവസാനം, നിലനില്‍ക്കുന്ന വികസനം സാധ്യമാകുന്നതിന്‌ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ നമുക്കവലോകനം ചെയ്യാം.

എന്താണ്‌ പരിസ്ഥിതി? (What is Environment ?)

പരിസ്ഥിതിയുടെ നിര്‍വചനം

ഭൂമിയിലെ എല്ലാ വിഭവങ്ങളുടെയും സഞ്ചയത്തിനാണ്‌ പരിസ്ഥിതി എന്നു പറയുക. ചില വിദഗ്ദര്‍ അതിന്‌ “ഭുഗോളപൈതൃകം” (Planetary Inheritance) എന്ന നിര്‍വ്വചനം നൽകിയിട്ടുണ്ട്. ഈ ഭുമിയിലെ ജൈവവും അജൈവവുമായ എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടതാണ്‌ പരിസ്ഥിതി.

  • ജൈവ ഘടകങ്ങള്‍ എന്നു പറഞ്ഞാല്‍ സസ്യങ്ങള്‍, കാട്‌, ജലജീവികള്‍, സൂക്ഷ്മ ജീവികള്‍, വിരകള്‍, കീടങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവനുള്ള സകലതും ഉള്‍പ്പെടും.
  • അജൈവഘടകങ്ങള്‍ എന്നതില്‍ വായു, വെള്ളം, വെയില്‍, മണ്ണ്‌ തുടങ്ങിയവയെല്ലാം പെടുന്നു.

ജൈവവും അജൈവവുമായ ഈ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്‌. ഇവയിലോരോന്നിനും അതിന്റേതായ ധര്‍മ്മങ്ങളുണ്ട്‌.

പരിസ്ഥിതിയുടെ ധര്‍മ്മങ്ങള്‍ (Functions of the Environment)

പരിസ്ഥിതി ഒട്ടേറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്‌. അവയെ പൊതുവെ നാലായി തരം തിരിക്കാം-

  • വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നു: മനുഷ്യരുപയോഗിക്കുന്ന എല്ലാ വിഭവങ്ങളും പരിസ്ഥിതി പ്രദാനം ചെയ്യുന്നവയാണ്‌. അവയെ രണ്ടായി തരംതിരിക്കാം-
    1. പുതുക്കാവുന്ന വിഭവങ്ങള്‍
    2. പുതുക്കാനാകാത്ത വിഭവങ്ങള്‍

    പുതുക്കാവുന്ന വിഭവങ്ങള്‍ എന്നു പറഞ്ഞാല്‍ ഉപയോഗിച്ചാലും തീരാത്തവ എന്നര്‍ത്ഥം. ഉപയോഗിക്കും തോറും പുനരുല്പാദിപ്പിക്കപ്പെടുകൊണ്ടിരിക്കുന്ന വിഭവങ്ങള്‍. ജലം, വായു, വെയില്‍, മത്സ്യസമ്പത്ത്‌, സസ്യങ്ങള്‍ തുടങ്ങിയവ ഉദാഹരണം.

    പുതുക്കാനാവാത്ത വിഭവങ്ങള്‍ എന്നു പറഞ്ഞാല്‍, ഉപയോഗിക്കുന്നതോടെ ഇല്ലാതാകുന്ന വിഭവങ്ങള്‍ എന്നാണര്‍ത്ഥം. കല്‍ക്കരി, പെട്രോളിയം, ധാതുക്കള്‍ തുടങ്ങിയവ ഉദാഹരണം.

  • പാഴ് വസ്തുക്കളെ ദഹിപ്പിക്കുന്നു: പാഴ് വസ്തുക്കളെ സ്വാംശീകരിക്കാനുള്ള കഴിവ്‌ പരിസ്ഥിതിക്കുണ്ട്‌. നാം വലിച്ചെറിയുന്ന പല ജൈവ വസ്തുക്കളെയും ജീര്‍ണ്ണിച്ച്‌ മണ്ണില്‍ വിലയം പ്രാപിക്കുന്നു. അത്‌ വളമായി രൂപാന്തരപ്പെടുന്നു.
  • ജീവനെ നിലനിര്‍ത്തുന്നു: മനുഷ്യജീവനെ താങ്ങുന്നതും നിലനിര്‍ത്തുന്നതും ഭൂമി, ജലം, വനം, സസ്യങ്ങള്‍ തുടങ്ങിയ ജൈവസംവിധാനമാണ്‌. പരിസ്ഥിതി പ്രദാനം ചെയ്യുന്ന ജൈവ വൈവിധ്യമാണ്‌ ജീവിതം സാധ്യമാക്കുന്നത്‌.
  • സൗന്ദര്യാനുഭൂതി: ബാഹ്യാന്തരീക്ഷത്തില്‍ നിന്നു നോക്കിയാല്‍ ഈ ഭൂമി മനോഹരമായൊരു നീലഗോളമായി കാണപ്പെടും. മലകള്‍, നദികള്‍, പക്ഷികള്‍, മൃഗങ്ങള്‍, പൂക്കള്‍ എല്ലാം മനംകവരുന്ന കാഴ്ചകള്‍.

മേല്‍പറഞ്ഞ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിസ്ഥിതിക്ക്‌ കഴിയണമെങ്കില്‍, അമിതചൂഷണത്തിലൂടെ അതിനെ ജീര്‍ണിപ്പിക്കാതെ നോക്കേണ്ടതുണ്ട്‌. ബാഹ്യമായ ഇടപെടലുകളെ താങ്ങാനുള്ള ശേഷിയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും നാം മനസ്സിലാക്കണം.

താങ്ങാനുള്ള ശേഷിയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും (Carrying Capacity and Absorptive Capacity)

പരിസ്ഥിതിക്ക്‌ ബാഹ്യമായ ഇടപെടലുകള്‍ താങ്ങാനുള്ള ശേഷിക്ക്‌ ഒരു പരിധിയുണ്ട്‌. വിഭവങ്ങളുടെ ഉപയോഗം ആ പരിധിക്കകത്താണെങ്കില്‍, ഉപയോഗം തുടര്‍ന്നുപോകാന്‍ കഴിയും. നേരെമറിച്ച്‌ ആ പരിധി ലംഘിച്ചാല്‍ പരിസ്ഥിതി ജീര്‍ണിക്കുകയും പ്രതിസന്ധികള്‍ സംജാതമാകുകയും ചെയ്യും.

ജീര്‍ണിക്കുന്നവയെ ഉള്‍ക്കൊള്ളാനുള്ള പരിസ്ഥിതിയുടെ ശേഷിക്കും പരിധിയുണ്ട്‌. ആ പരിധിയെ ലംഘിക്കുന്ന വിധത്തില്‍ മലിനീകരണം സംഭവിച്ചാല്‍, അല്ലെങ്കില്‍ പാഴ്വസ്തുക്കള്‍ കുന്നുകൂടിയാല്‍, പരിസ്ഥിതി നശിക്കുന്നു. പല നദികളും ഉണങ്ങി വരണ്ടു പോയതും കുളങ്ങളും തടാകങ്ങളും നശിച്ചതും, മണ്ണു വിഷമയമായതും പരിസ്ഥിതിക്ക്‌ ഉള്‍ക്കൊള്ളാനാകുന്നതിലേറെ ചുഷണം ഉണ്ടായതുകൊണ്ടാണ്‌. മനുഷ്യരാശി ഇന്ന്‌ വിനാശകരമായൊരു പാരിസ്ഥിതിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആഗോളതാപനവും ഓസോണ്‍ ശോഷണവുമാണ്‌ ഇന്നത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണികള്‍.

ആഗോളതാപനം (Global Warming)

ഭൗമാന്തരീക്ഷത്തിന്റെ ശരാശരി താപനിലയിലുള്ള വര്‍ധനയ്ക്കാണ്‌ ആഗോളതാപനം എന്നു പറയുന്നത്‌. ഹരിതഗൃഹവാതകങ്ങള്‍ (Green House Gases – GHGs) നിരന്തരം അന്തരീക്ഷത്തിലേക്ക്‌ വിസര്‍ജിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌ ഭനമാന്തരീക്ഷത്തിന്‌ ചൂട്‌ വര്‍ധിക്കുന്നത്‌. ചൂടിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള വാതകങ്ങൾക്കാണ്‌ ഹരിതഗൃഹവാതകം എന്നു പറയുന്നത്‌. കാര്‍ബണ്‍ ഡയോക്സൈഡ്‌, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന്റെ പ്രധാനകാരണം കല്‍ക്കരി, പെട്രോളിയം തുടങ്ങിയ കുഴിച്ചെടുക്കുന്ന ഇന്ധനങ്ങള്‍ കത്തിക്കുന്നതും ചാണകംപോലുള്ള ജൈവവസ്തുക്കള്‍ കത്തിക്കുന്നതുമാണ്‌. വനനശീകരണം പ്രശ്നത്തെ കൂടുതല്‍ വഷളാക്കുന്നു. കാരണം, കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്യുന്നത്‌ പ്രധാനമായും മരങ്ങളാണ്‌. ഇരുപതാംനൂറ്റാണ്ടില്‍ അന്തരീക്ഷതാപം 1.1°C (ഫാരൻഹീറ്റ്‌) കണ്ട്‌ വര്‍ധിച്ചിട്ടുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആഗോളതാപനത്തിന്റെ ഭവിഷ്യത്തുകള്‍

  • ധ്രുവ പ്രദേശത്തെ മഞ്ഞുമലകള്‍ ഉരുകിയെന്നു വരും.
  • കടലിലെ ജലനിരപ്പ്‌ ഉയര്‍ന്നേക്കും.
  • തീരപ്രദേശങ്ങള്‍ വെളളത്തിലാണ്ടുപോയേക്കും.
  • കുടിവെള്ളവിതരണം തകരാറിലാകും.
  • പല ജീവജാലങ്ങളും വംശനാശഭീഷണി നേരിടും.
  • അതിരൂക്ഷമായ കൊടുങ്കാറ്റുകള്‍ ഉണ്ടായേക്കും.
  • ഉഷ്ണമേഖലാ രോഗങ്ങള്‍ വര്‍ധിച്ചേക്കും

അന്തരീക്ഷതാപനില ഉയര്‍ന്നാല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകളാണിവ. ഈ ആപത്തിനെ നേരിടണമെങ്കില്‍ ആഗോളതലത്തില്‍ സഹകരണവും പ്രവര്‍ത്തനവും വേണം. ആഗോളതാപനമെന്ന പ്രശ്നത്തിന്‌ ഒരു പരിഹാരം കണ്ടെത്താനായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചൊരു സമ്മേളനം ഐക്യരാഷ്ട്രസമിതിയുടെ ആഭിമുഖ്യത്തില്‍ 1997 ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ ചേരുകയുണ്ടായി. ഈ സമ്മേളനത്തിലെ ചര്‍ച്ചകളുടെ ഫലമായി “ക്യോട്ടോ പ്രോട്ടോക്കോള്‍” എന്നറിയപ്പെടുന്ന ഒരു കരാറില്‍ എത്തിച്ചേര്‍ന്ന. വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒന്നാണ്‌ ഈ പ്രോട്ടോക്കോള്‍.

കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചു നടന്ന യു.എന്‍. ഉച്ചകോടി (കോപ്പന്‍ഹേഗന്‍ ഉച്ചകോടി)

ആഗോളതാപവ്യതിയാനവും തന്മൂലം കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇന്ന്‌ ലോകത്തെ മുഴുവന്‍ ഗ്രസിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്‌. ഈ പ്രശ്നം പരിഹരിക്കുന്നതിന്‌ ആഗോള തലത്തില്‍ രാജ്യങ്ങളുടെ സഹകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ആഗോളതാപവര്‍ധനവ്‌ ഉയര്‍ത്തുന്ന വര്‍ധിച്ച ഉല്‍ക്കണ്ഠകളുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ നടത്തിയ ഒരു സംഘടിത ആലോചനായോഗമാണ്‌ യുനൈറ്റഡ്‌ നേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്നത്‌. ഡെന്‍മാര്‍ക്കിലെ കോപ്പഹേഗനില്‍ 2009ഡിസംബര്‍ 7 മുതല്‍ 18 വരെയാണ്‌ ഈ യോഗം നടന്നത്‌.

വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലെലൂന്നായിട്ടാണ്‌ കോപ്പന്‍ഹേഗന്‍ സമ്മേളനം കാലാവസ്ഥാവ്യതിയാനത്തെ കണ്ടത്‌. ഭൗമാന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ധനവ്‌ നിയന്ത്രണാധീനമാക്കുന്നതിന്‌ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന്‌ യോഗം ആവര്‍ത്തിച്ചു. 2″C ല്‍ അധികം എവിടെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും ഗരരവത്തോടെ വീക്ഷിക്കുന്നതിനും പ്രത്യക്ഷനടപടികള്‍ എടുക്കുന്നതിനും കോപ്പന്‍ഹേഗന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

നിര്‍ഭാഗ്യവശാല്‍ എല്ലാ രാജ്യങ്ങള്‍ക്കും സമ്മതമായ ഒരു ഉടമ്പടിയിലെത്താന്‍ ഈ യോഗത്തിനു കഴിഞ്ഞില്ല. അമേരിക്ക, ചൈന, ഇന്ത്യ, ബ്രസീല്‍, സൗത്ത്‌ ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ പിന്‍ബലത്തോടെ തയ്യാറാക്കിയ കോപ്പന്‍ഹേഗന്‍ കരാറിന്‌ ഐക്യകണ്ഠേന പിന്തുണ ലഭിച്ചില്ലെങ്കിലും ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ പ്രധാന രാജ്യങ്ങള്‍ക്കിടയിലും ഈ വിഷയം നിരന്തരമായ ഒരു ചര്‍ച്ചാവിഷയമാക്കാന്‍ കഴിഞ്ഞു.

നിയമപരമായ നിലനില്പില്ലെന്ന വിമര്‍ശനം കോപ്പന്‍ഹേഗന്‍ കരാറിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ അളവു കുറയ്ക്കുന്നതിന്‌ വേണ്ടി നിയമ സാധുതയുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ല എന്നത്‌ മറ്റൊരു ആരോപണമാണ്‌. പല രാജ്യങ്ങളും കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ ബഹിര്‍ ഗമനത്തെ നിയന്ത്രിക്കണമെന്ന തീരുമാനത്തോട്‌ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട്‌. ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തീവ്രത 2020 ഓടെ 2005 ലെ നിലയില്‍ നിന്ന്‌ ഇരുപതു മുതല്‍ ഇരുപത്തിയഞ്ചു ശതമാനം വരെ കുറയ്ക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.

പാരീസ്‌ കരാര്‍ (Paris Agreement)

2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ഫ്രാന്‍സിലെ പാരീസില്‍ വെച്ച്‌ “യുണൈറ്റഡ്‌ നേഷന്‍സ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌ കോണ്‍ഫറന്‍സ്‌ – 2015” നടത്തുകയുണ്ടായി. 1997 ക്യോട്ടോ പ്രോട്ടോകോളില്‍ സംബന്ധിച്ച അംഗങ്ങളുടെ 11-ാം സെക്ഷന്‍ കോണ്‍ഫറന്‍സ്‌ ആയിരുന്നു അത്‌.

കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ടുവരുന്നതിനുള്ള പാരീസ്‌ ഉടമ്പടി ചര്‍ച്ചയാണ്‌ അവിടെ നടന്നത്‌. അതില്‍ പങ്കെടുത്ത 196 പ്രതിനിധികളും ഒരു സമവായത്തിലെത്തുകയുണ്ടായി.

പാരീസ്‌ ക്ലൈമറ്റ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 196 പ്രതിനിധികളും ഇദംപ്രഥമമായി, നിയമ പ്രതിബദ്ധതയോടെ ആഗോള കാലാവസ്ഥാ ഉടമ്പടിയ്ക്ക്‌ അംഗീകാരം നല്‍കുകയുണ്ടായി.

ആഗോളതാപനം 2°C നും വളരെ താഴെ നിലനിര്‍ത്തിക്കൊണ്ട്‌ അപകടകാരിയായ കാലാവസ്ഥാ വ്യതിയാനത്തെ ഒഴിവാക്കുന്നതിന്‌ ലോകമെമ്പാടും ശരിയായ ദിശയിലേക്ക്‌ നയിച്ചു കൊണ്ടുവരുന്നതിന്‌ ഒരു ആഗോള കര്‍മ്മപദ്ധതിക്ക്‌ പാരീസ്‌ ഉടമ്പടി രുപരേഖയുണ്ടാക്കി.

ഓസോണ്‍ ശോഷണം (Ozone Depletion)

ഭൂമിയുടെ ഉപരിതലത്തില്‍നിന്ന്‌ ഏതാണ്ട്‌ പന്ത്രണ്ട് നാഴിക ഉയരത്തില്‍ ഭൂമിക്കൊരു ആവരണം പോലെ സ്ഥിതിചെയ്യുന്നതാണ്‌ ഓസോണ്‍ പാളി. സൂര്യരശ്മിയിലുള്ള അള്‍ട്രാവയലറ്റ്‌ രശ്മികള്‍ ഭൂമിയിലെത്താതെ തടഞ്ഞിടുന്നത്‌ ഈ ഓസോണ്‍ പാളിയാണ്‌. ഭൂമിയുടെ സംരക്ഷണകവചമാണ്‌ ഓസോണ്‍ പാളിയെന്നു പറയാം. മനുഷ്യരുടെ നാനാവിധ പ്രവര്‍ത്തനങ്ങള്‍ മൂലം ഭൂമിയില്‍നിന്ന്‌ ഉയരുന്ന ക്ലോറിന്‍ അടങ്ങിയ സംയുക്തങ്ങളുടെ ഫലമായി ഈ പാളിക്ക്‌ നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. നമ്മുടെ എയര്‍കണ്ടീഷണര്‍, റെഫ്‌റിജറേറ്റര്‍, സ്‌പ്രേ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍ (CFC) അന്തരീക്ഷത്തിലെത്തി ഓസോണിനെ നശിപ്പിക്കുന്നു. 1979നും 1990നും ഇടയ്ക്കുള്ള കാലത്ത്‌ ഓസോണ്‍പാളിയുടെ അഞ്ചുശതമാനം ക്ഷയിച്ചിട്ടുണ്ടെന്ന്‌ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓസോണ്‍പാളിയില്‍ ഇത്രയേറെ ശോഷണം സംഭവിക്കുന്നത്‌ വലിയ ഭവിഷത്തുകക്കിടയാക്കും.

ozone depletion

ഓസോണ്‍ ശുഷ്ക്കിക്കുമ്പോള്‍ അള്‍ട്രാ വയലറ്റ്‌ രശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. തല്‍ഫലമായി-

  • സൂക്ഷ്മജീവികള്‍ക്ക്‌ നാശം സംഭവിക്കും.
  • ചര്‍മ്മ അര്‍ബുദം പിടിപെട്ടേക്കും.
  • ജലജീവികള്‍ക്ക്‌ നാശം സംഭവിക്കും.

ഗുരുതരമായ ഈ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച്‌ ഇപ്പോള്‍ അന്താരാഷ്രടതലത്തില്‍ നല്ല ബോധമുണ്ട്‌. കാനഡയിലെ മോണ്‍ട്രിയലില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലെ കൂടിയാലോചനകളുടെ ഫലമായി മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ അംഗീകരിക്കപ്പെട്ടു. ഓസോണ്‍ ശോഷണത്തിന്‌ കാരണമാകുന്ന സംയുക്തങ്ങള്‍ ഉപയോഗിക്കുന്നതിനെ ഈ പ്രോട്ടോക്കോള്‍ നിരോധിക്കുന്നു. ഇപ്പോള്‍ ക്ലോറോഫ്ളൂറോ കാര്‍ബണുപകരം ഹൈഡ്ഡോ ഫ്ളൂുറോ കാര്‍ബണാണ്‌ (HFC) ഉപയോഗിക്കുന്നത്‌. ഇത്‌ ഓസോണ്‍ പാളിക്ക്‌ ഹാനിവരുത്തില്ല.

വ്യവസായവല്‍ക്കരണം, ജനസംഖ്യാസ്ഫോടനം പരിസ്ഥിതി നാശം (Industrialisation, Population Explosion and Environmental Damage)

മാനവനാഗരികതയ്ക്ക്‌ ഏതാണ്ട്‌ 10,000 കൊല്ലത്തെ പഴക്കമുണ്ട്‌, എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നത്‌ ഒരു സമീപകാല പ്രതിഭാസമാണ്‌. പതിനെട്ടാം നൂറ്റാണ്ടുവരെ ആഗോള സമ്പദ് വ്യവസ്ഥ ഒരു കാര്‍ഷിക സമ്പദ്‌വ്യവസ്ഥയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന്‌ വ്യവസായവല്‍ക്കരണത്തിന്റെ ഒരു വേലിയേറ്റം തന്നെയുണ്ടായി. മനുഷ്യന്റെ ഉപഭോഗത്തിനായി നാനാതരം വ്യാവസായികോല്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.ഉല്പാദന-ഉപഭോഗങ്ങള്‍ ഭീമമായ തോതില്‍ പെരുകിയതോടെ ഭൂമിയിലെ വിഭവങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടു. വ്യവസായവല്‍കൃത രാജ്യങ്ങളിലെ ഉപഭോഗ തോത്‌ വികസ്വരരാജ്യങ്ങളിലേതിനേക്കാള്‍ എത്രയോ അധികമാണ്‌. വികസ്വര രാജ്യങ്ങളിലെ ജനസംഖ്യ അതിഭീമമാകയാല്‍ അതും വിഭവസമ്പത്തിന്റെമേല്‍ കടുത്ത സമ്മര്‍ദമേല്പിക്കുന്നു. അപ്പോള്‍ പാരിസ്ഥിതികമായ നാശത്തിന്റെ പ്രധാന കാരണങ്ങള്‍ രണ്ടാണെന്നു പറയാം-

  1. വികസിതരാജ്യങ്ങളിലെ വര്‍ധിച്ചു വരുന്ന ഉപഭോഗം.
  2. വികസ്വരരാജ്യങ്ങളിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യ.
പരിസ്ഥിതി സംരക്ഷണം സാധ്യമാകണമെങ്കില്‍, ഈ രണ്ടു പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ടതുണ്ട്‌.

ഇന്ത്യയിലെ പരിസ്ഥിതിയുടെ അവസ്ഥ (State of India’s Environment)

പ്രകൃതിയാല്‍ അനുഗൃഹീതമായ രാജ്യമാണ്‌ ഇന്ത്യ. നമുക്ക്‌ വേണ്ടതിലേറെ പ്രകൃതിവിഭവങ്ങളുണ്ട്‌. സമ്പന്നമായൊരു പരിസ്ഥിതിയാണ്‌ ഇന്ത്യയ്ക്കുള്ളത്‌. അതില്‍-

  • നൂറുകണക്കിനു നദികളുണ്ട്‌.
  • ഇടതുൂര്‍ന്നുവളരുന്ന വനങ്ങളുണ്ട്‌.
  • ധാരാളം ധാതുവിഭവങ്ങളുണ്ട്‌.
  • സുദീര്‍ഘമായ കടല്‍ത്തീരമുണ്ട്‌.
  • അനേകം മലനിരകളുണ്ട്‌.
  • സമ്പുഷ്ടമായ മണ്ണുണ്ട്‌.
  • ജൈവവൈവിധ്യത്താല്‍ അനുഗൃഹീതമാണ്‌.

ചിപ്കൊ & അപ്പികൊ പ്രസ്ഥാനം (Chipko & Appiko Movement)

ഹിമാലയത്തിലെ വനങ്ങളെ സംരക്ഷിക്കുന്നതിനു ലക്ഷ്യമിട്ട ഒരു പ്രസ്ഥാനമായിരുന്നു ചിപ്കൊ പ്രസ്ഥാനം. അപ്പികൊ എന്ന പേരില്‍ സമാനമായ മറ്റൊരു പ്രസ്ഥാനം കര്‍ണാടകയിലും രൂപമെടുത്തിരുന്നു (സിര്‍സി ജില്ലയിലെ സല്‍ക്കാനി വനങ്ങളില്‍). 160-ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളും മരങ്ങളെ കെട്ടിപ്പിടിച്ച്‌ നിന്നതു വഴി മരംവെട്ടുകാരെ ആട്ടിപ്പായിക്കാന്‍ സാധിച്ചു. മരങ്ങള്‍ ശാസ്ത്രീയമായി മാത്രമേ മുറിക്കുകയുള്ളൂ എന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിരിഞ്ഞു പോകുകയുണ്ടായി. ഈ പ്രസ്ഥാനം 12,000 മരങ്ങളെയാണ്‌ രക്ഷപ്പെടുത്തിയത്‌.

നമുക്കുള്ള പ്രകൃതിവിഭവങ്ങള്‍ക്ക്‌ അറ്റമില്ല. ലോകത്തിലെ ഇരുമ്പയിര്‍ നിക്ഷേപത്തില്‍ 20 ശതമാനം ഇന്ത്യയിലാണ്‌. ബോക്സൈറ്റ്‌, ചെമ്പ്‌, ക്രോമേറ്റ്‌, ഈയം, മാംഗനീസ്‌, തുത്തനാകം, സ്വര്‍ണ്ണം തുടങ്ങിയ ധാതുക്കളും ഇവിടെയുണ്ട്‌. ഡക്കാന്‍ പീഠഭൂമിയിലെ കറുത്ത മണ്ണ്‌ പരുത്തികൃഷിക്ക്‌ ഏറ്റവും അനുയോജ്യമായതാണ്‌. ലോകത്തിലെ ഏറ്റവും ഫലപുഷ്ടമായ മേഖലകളിലൊന്നാണ്‌ സിന്ധു-ഗംഗാ സമതലം. തഴച്ചുവളരുന്ന കാടുകള്‍ ജനങ്ങള്‍ക്ക്‌ ഉപജീവനമാര്‍ഗ്ഗവും ജീവജാലങ്ങള്‍ക്ക്‌ സംരക്ഷണവും നല്‍കുന്നു. നീണ്ടൊരു കടല്‍ത്തീരത്തിനുപുറമെ നൂറു കണക്കിനു നദികളും തടാകങ്ങളും നമുക്കുണ്ട്‌. ജല ജീവികളാല്‍ സമ്പന്നമാണിവ. അതിവിപുലമായ, വൈവിധ്യമേറിയ ഈ പ്രകൃതിവിഭവങ്ങള്‍ ഇന്ത്യയ്‌ക്കൊരനുഗ്രഹമാണ്‌.

എന്നാല്‍ ഇന്ത്യയുടെ പരിസ്ഥിതി അന്യൂനമാണെന്നോ സുസ്ഥിരമാണെന്നോ ഇതിനര്‍ത്ഥമില്ല. നമ്മുടെ ഭീമമായ ജനസംഖ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത്‌ ഒരു പ്രശ്നമാണ്‌. നമുക്കു വിഭവസമ്പത്തേറെയുണ്ടെങ്കിലും നമ്മുടെ ജനസംഖ്യയുടെ വലുപ്പത്തോട്‌ താരതമ്യപ്പെടുത്തുമ്പോള്‍ അത്‌ ശുഷ്ക്കമാണ്‌.

താഴെപറയുന്ന വസ്തുതകളെപ്പറ്റി ചിന്തിച്ചു നോക്കൂ;

  • ലോകത്തിലെ ജനസംഖ്യയില്‍ 16 ശതമാനം ഇന്ത്യയിലാണ്‌.
  • ലോകത്തിലെ കന്നുകാലി സമ്പത്തില്‍ 20 ശതമാനം ഇന്ത്യയിലാണ്‌.
  • ലോകത്തിന്റെ ഭൂമി ശാസ്ത്രപരമായ വിസ്തീര്‍ണ്ണത്തില്‍ 2.5 ശതമാനമേ ഇന്ത്യയിലുള്ളു.
  • ഇന്ത്യയിലെ ആളോഹരി വനഭുമി 0.08 ഹെക്ടര്‍ മാത്രമാണ്‌. ഇത്‌ 0.47 ഹെക്ടര്‍ ആകേണ്ടതായിരുന്നു.

ഇന്ത്യയുടെ വിഭവസമ്പത്തും ജനസംഖ്യയും (കന്നുകാലി സംഖ്യയും) പൊരുത്തപ്പെട്ടുപോകുന്നില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഈ പൊരുത്തക്കേട്‌ പരിസ്ഥിതിയുടെ മേല്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ സംജാതമാകുന്നു വെന്നതാണതിന്റെ ഫലം; വായു മലിനമാകുന്നു; വെള്ളം മലിനമാകുന്നു; മണ്ണ്‌ ഒലിച്ചുപോകുന്നു; വനം നശിക്കുന്നു; വന്യ ജീവികള്‍ വംശനാശഭീഷണി നേരിടുന്നു. മുന്‍ഗണന നല്‍കി പരിഹരിക്കേണ്ട ചില പ്രശ്നങ്ങള്‍ ഗവണ്‍മെന്റും പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളും കണ്ടെത്തിയിട്ടുണ്ട്‌. അവ-

  • മണ്ണിനുണ്ടാകുന്ന അപചയം.
  • ജൈവവൈവിധ്യത്തിനേല്‍ക്കുന്ന അപചയം.
  • വായുമലിനീകരണം.
  • ജലമലിനീകരണം.
  • പാഴ്വസ്തുക്കള്‍ സൃഷ്ടിക്കുന്ന മലിനീകരണം.

മണ്ണിന്റെ അപചയം (Land Degradation)

ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുന്ന ഒന്നാണ്‌ മണ്ണിനുണ്ടാകുന്ന അപചയം. യഥാസമയം തടയിടാത്ത പക്ഷം അതു നമ്മുടെ ഭക്ഷ്യോല്പാദനത്തേയും ഭക്ഷ്യലഭ്യതയേയും ബാധിക്കും.

land degradation

മണ്ണിന്‌ അപചയമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

  • വനനശീകരണം.
  • കൃഷിക്കായി വനഭൂമി കയ്യേറല്‍.
  • മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാതിരിക്കല്‍.
  • വിളപരിവര്‍ത്തനം നടത്താതിരിക്കല്‍.
  • രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിതോപയോഗം.
  • വനങ്ങള്‍ക്ക്‌ താങ്ങാവുന്നതിലേറെ മരങ്ങള്‍ ഇന്ധനാവശ്യത്തിനായും കന്നുകാലികള്‍ക്ക്‌ തീറ്റയ്ക്കായും മുറിക്കല്‍.
  • പുനം കൃഷി (Shifting cultivation – കൃഷിമാറ്റം) (വനത്തിന്റെ ഒരു ഭാഗത്ത്‌ തീയിട്ട്‌ നശിപ്പിച്ച്‌ അവിടെ കൃഷിയിറക്കുകയും മണ്ണ്‌ ഫലപുഷ്ടിയില്ലാത്തതാകുന്നതോടെ മറ്റൊരിടത്തേക്ക്‌ നീങ്ങി കൃഷിയാരംഭിക്കുകയും ചെയ്യുന്നതാണ്‌ പുനം കൃഷി).
  • ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണം.
  • വളക്കൂറുള്ള മേല്‍മണ്ണ്‌ ഇഷ്ടിക നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കല്‍.

മണ്ണു നശിക്കുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാകുന്നതോടെ അതിന്റെ പരിഹാരമാര്‍ഗ്ഗവും വ്യക്തമാകും. മണ്ണിന്റെ അപചയം തടയാനുള്ള നമ്മുടെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ സുസ്ഥിര വികസനത്തിനുള്ള കഴിവും.

വായുമലിനീകരണം (Air Pollution)

ഇന്ത്യയിലെ വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന ജന സംഖ്യയും നഗരവല്‍ക്കരണവും പരിസ്ഥിതിയുടെ മേല്‍ കനത്ത സമ്മര്‍ദമാണ്‌ ചെലുത്തിക്കൊണ്ടിരിക്കുന്നത്‌. വ്യവസായവല്‍ക്കരണം, വൈദ്യുതിയുടെ ഉപയോഗം, മോട്ടോര്‍ വാഹന ഗതാഗതം എന്നിവ എടുത്തുവച്ചതുപോലെയാണ്‌ വളരുന്നത്‌. ഇത്‌ നഗരങ്ങളിലെ വായുവിനെ മലിനമാക്കുന്നു. ഇന്ത്യയില്‍ പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങളുണ്ട്‌.

BS – III വാഹനങ്ങള്‍ നിരോധിച്ചു

(BS – III Vehicles Banned)

വാഹനത്തില്‍നിന്ന്‌ പുറത്തുവിടുന്ന വായു മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ മാലിന്യ പ്രസാരണ വിസര്‍ജ്ജന നിലവാരത്തിനനുസൃതമായാണ്‌.

BS അഥവാ ഭാരത്‌ സ്റ്റേജ്‌, യൂറോപ്യന്‍ നിയ്രന്തണോപാധികളുടെ അടിസ്ഥാനത്തില്‍ 2000-മാണ്ടിലാണ്‌ കൊണ്ടുവന്നത്‌. അതിനുശേഷം പടിപടിയായി കടുത്ത നിബന്ധനകളിലേക്ക്‌ കടക്കുകയുണ്ടായി. ഏപ്രില്‍ 2017 മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും BS – IV നിബന്ധന നടപ്പാക്കിയതാണ്‌ ഏറ്റവും ഒടുവിലത്തേത്‌.

പുറത്തോട്ടു തള്ളുന്ന വിസര്‍ജ്ജ്യങ്ങള്‍ (കാര്‍ബണ്‍ മോണോക്സൈഡ്‌ മുതലായവ) BS – III ഇരുചക്ര വാഹനങ്ങള്‍ക്ക്‌ 1.00/Km ആയി, പരിമിതപ്പെടുത്തിയിരുന്നു. BS – IV നിബന്ധനപ്രകാരം പ്രസാരണം / വിസര്‍ജ്ജനം 0.75/Km ല്‍ താഴെ മാത്രമേ വരാന്‍ പാടുള്ളു. വാഹന- വായുമലിനീകരണം കുറച്ചു കൊണ്ടുവരിക എന്നതാണ്‌ ലക്ഷ്യം.

air pollution

ചിലതരം വാതകങ്ങളും ധൂളികളും അന്തരീക്ഷത്തിലേക്ക്‌ വിസര്‍ജിക്കുമ്പോഴാണ്‌ വായുമലിനീകരണം സംഭവിക്കുന്നത്‌. വ്യവസായശാലകളില്‍ നിന്നും മോട്ടോര്‍വാഹനങ്ങളില്‍നിന്നുമാണിവ പ്രധാനമായും അന്തരീക്ഷത്തിലെത്തുന്നത്‌. കാര്‍ബണ്‍ മോണോക്സൈഡ്‌, കാര്‍ബണ്‍ ഡയോക്സൈഡ്‌, സള്‍ഫര്‍ ഡയോക്സൈഡ്‌ എന്നീ വാതകങ്ങളും ഈയം ധൂളികള്‍ പോലെ പറന്നുനടക്കുന്ന ധൂളികളുമാണ്‌ പ്രധാനമായും മലിനീകരണ കാരണമാകുന്നത്‌. പലതരം രോഗങ്ങള്‍ക്കും അകാലമൃത്യുവിനും വായു മലിനീകരണം കാരണമായിത്തീരുന്നു.

ജലമലിനീകരണം (Water Pollution)

ജലമലിനീകരണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ഉല്‍ക്കണ്ഠാജനകമാണ്‌. ഇന്ത്യയിലെ ഉപരിതല ജലത്തില്‍ വലിയൊരു ഭാഗവും ഭൂഗര്‍ഭജലത്തില്‍ ഒരു ഭാഗവും മലിനമായിട്ടുണ്ട്‌. മലിനജലത്തിന്റെ ഉപയോഗം വയറിളക്കം, വിരകള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു.

water pollution

ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പത്തുശതമാനം ജലജന്യമാണ്‌. ജലമലിനീകരണത്തിന്‌ പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്‌-

  1. വീടുകളില്‍നിന്നുള്ള പാഴ്ജലം
  2. വ്യാവസായിക പാഴ്ജലം
  3. കൃഷിഭൂമിയില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ജലം
കാനകളിലെ വെള്ളവും വ്യവസായശാലകളിലെ പാഴ്ജലവും തോടുകളിലേക്കും പുഴകളിലേക്കും തുറന്നുവിടുന്നു. ആധുനിക കൃഷിരീതികളില്‍ അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ജലത്തിന്റെ മലിനീകരണത്തിന്‌ കാരണമാകുന്നുണ്ട്‌. രാസവസ്തുക്കള്‍, തുകല്‍ ഉല്പന്നങ്ങള്‍, ടെക്സ്ടൈല്‍സ്‌, സിമന്റ്‌ എന്നിവ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളും വെള്ളത്തെ മലിനമാക്കുന്നു. ജലജന്യമായ പല രോഗങ്ങള്‍ക്കും കാരണം വീടുകളിലെ അഴുക്കുവെള്ളമാണ്‌.

ജനസംഖ്യ വര്‍ധിക്കുകയും നഗരവല്‍ക്കരണം സംഭവിക്കുകയും ചെയ്യുമ്പോള്‍ വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുന്നു. ശുദ്ധജലത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവും വര്‍ധിക്കുന്നുണ്ട്‌. ജല മലിനീകരണം തടയാന്‍ കര്‍ശനമായ നിയന്ത്രണ നടപടികള്‍ ആവശ്യമായിരിക്കുകയാണ്‌. ജലം ഒരു അമുല്യവിഭവമാണ്‌. വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ വെള്ളത്തിന്‌ വില വസൂലാക്കാവുന്നതാണ്‌. മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങളെ കര്‍ശന നിയന്ത്രണത്തിന്‌ വിധേയമാക്കണം. പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ മലിനീകരണ നിയന്ത്രണ സംവിധാനം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്‌.

പരിസ്ഥിതി സംരക്ഷണ നടപടികള്‍ (Environment Protection)

ഇന്ത്യയില്‍ പരിസ്ഥിതി നേരിടുന്ന ഭീഷണികള്‍ ഗുരുതരമാണെന്നതില്‍ സംശയമില്ല, ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ മുന്‍ഗണന നല്‍കിവരുന്നുണ്ട്‌. പരിസ്ഥിതി സംബന്ധമായ കാര്യങ്ങള്‍ക്കായി ഇപ്പോള്‍ ഒരു കാര്യാലയമുണ്ട്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുണ്ട്‌. പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന ഒട്ടേറെ സര്‍ക്കാരേതര സംഘടനകളും പ്രവര്‍ത്തനരംഗത്തുണ്ട്‌. ഹിമാലയത്തിലെ കാടുകള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന “ചിപ്പ്‌കോ” പ്രസ്ഥാനവും (Chipko Movement) കര്‍ണാടകത്തിലെ “ആപ്പികോ” പ്രസ്ഥാനവും (Appiko Movement) എടുത്തുപറയേണ്ട രണ്ടു പരിസ്ഥിതി പ്രസ്ഥാനങ്ങളാണ്‌. ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിന്‌ ഗണ്യമായ സംഭാവനകള്‍ നല്‍കുന്നവയാണ്‌ സന്നദ്ധ സംഘടനകള്‍. പരിസ്ഥിതി സംബന്ധമായ അവബോധം തൃണമുലതലത്തില്‍ എത്തിയാല്‍ മാത്രമേ പരിസ്ഥിതി സംരക്ഷണം ഫലദായകമാകൂ. പാരിസ്ഥിതികമായ വെല്ലുവിളികളെ നേരിടാന്‍ ജനപങ്കാളിത്തം ആവശ്യമാണ്‌. നില നില്‍ക്കുന്ന വികസനത്തിനും അതു കൂടിയേ തീരൂ.

സുസ്ഥിര വികസനം (Sustainable Development)

സുസ്ഥിരവികസനം എന്നു പറഞ്ഞാല്‍, പാരിസ്ഥിതികസൌഹൃദം പുലര്‍ത്തുന്ന വികസനം എന്നാണര്‍ത്ഥം. സുസ്ഥിരവികസനം ഒരിക്കലും പരിസ്ഥിതിക്ക്‌ ഹാനിയുണ്ടാക്കില്ല; ഭാവിതലമുറകളുടെ വികസന സാധ്യതകള്‍ക്ക്‌ പ്രതിബന്ധമാകില്ല. “ഭാവിതലമുറകള്‍ക്ക്‌ അവയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷിക്ക്‌ വിഘാതമാകാത്ത വിധത്തില്‍ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനം” എന്നാണ്‌ ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി വികസന സമ്മേളനം (UN Conference on Environment Development – UNCED) സുസ്ഥിരവികസനത്തിന്‌ നിര്‍വ്വചനം നല്‍കിയിരിക്കുന്നത്‌.

വികസനത്തെ സുസ്ഥിരമല്ലാതാക്കുന്ന പ്രധാനഘടകങ്ങള്‍

  • 1) പുതുക്കാനാകാത്ത വിഭവങ്ങളെ നശിപ്പിക്കുന്ന ആധുനിക ഉല്പാദന സാങ്കേതികവിദ്യകള്‍.
  • 2) വന്‍തോതില്‍ മാലിന്യം സൃഷ്ടിക്കുന്ന ഇന്നത്തെ ഉല്പാദന സംവിധാനം.
  • 3) വികസിത രാജ്യങ്ങളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗജ്വരം; അതിനെ അനുകരിക്കുന്ന വികസ്വരരാജ്യങ്ങളുടെ ഉപഭോഗരീതി.
  • 4) വികസ്വരരാജ്യങ്ങളിലെ വര്‍ധിക്കുന്ന ജനസംഖ്യ.

ഈ നാലു ഘടകങ്ങളും ചേരുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം ഭൗമപരിസ്ഥിതിക്ക്‌ താങ്ങാനാകാത്ത സ്ഥിതി വരുന്നു. പരിസ്ഥിതിയുടെ പുനരുല്പാദനശേഷിയെ വെല്ലുന്നതാണ്‌ ഇന്നത്തെ വിഭവചൂഷണം, അതുപോലെ പരിസ്ഥിതിയുടെ സ്വാംശീകരണശേഷിയേക്കാളേറെ പാഴ്വസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇതെല്ലാം പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നു.

വിഭവശോഷണത്തിന്റെ കാരണങ്ങളിലൊന്ന്‌ വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ ദാരിദ്ര്യമാണ്‌. പുനംകൃഷിക്കും വനം കയ്യേറ്റത്തിനും പലപ്പോഴും കാരണമായിത്തീരുന്നത്‌ ദാരിദ്ര്യമാണ്‌. ഈ വീക്ഷാഗതിവച്ചുകൊണ്ട്‌ എഡ്വേര്‍ഡ്‌ ബാര്‍ബര്‍ സുസ്ഥിരവികസനത്തെ ഇങ്ങനെ നിര്‍വചിക്കുന്നു, “തൃണമൂലതലത്തിലുള്ള ദരിദ്രരുടെ ഭൗതിക ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രത്യക്ഷമായും ഉപകരിക്കുന്ന വികസനം.” മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദരിദ്രരെ പരമ ദാരിദ്ര്യത്തില്‍നിന്ന്‌ കരകയറ്റാന്‍ ലക്ഷ്യമിടുന്ന ഒന്നാണ്‌ സുസ്ഥിര വികസനം. അതിനവര്‍ക്ക്‌ ഭദ്രമായ ഉപജീവനമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കണം. അപ്പോള്‍ പരിസ്ഥിതിക്ക്‌ ക്ഷതമേല്പിക്കുന്നതും വിഭവശോഷണവും കുറയും.

പരിസ്ഥിതി എന്നത്‌ ഭൗമപൈതൃകമാണെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഊന്നി പറയുന്നു. മുന്‍തലമുറകളില്‍നിന്ന്‌ നമുക്ക്‌ പൈതൃകമായി ലഭിച്ചതാണ്‌ ഇന്നത്തെ പരിസ്ഥിതി; അതിനാല്‍ ഈ പരിസ്ഥിതിയെ യാതൊരുവിധ ക്ഷതവുമേല്‍പിക്കാതെ അടുത്ത തലമുറകള്‍ക്ക്‌ കൈമാറാന്‍ നാം ബാധ്യസ്ഥരാണ്‌. ബ്രന്‍ഡ്‌ ലാന്‍ഡ്‌ കമ്മീഷന്‍ സുസ്ഥിരവികസനത്തിന്റെ ഈ വശം പ്രത്യേകം ഊന്നിപ്പറയുന്നു.

പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളില്‍ വൈദഗ്ധ്യം നേടിയ സാമ്പത്തികശാസ്ത്രജ്ഞന്മാരെ പാരിസ്ഥിതിക സമ്പദ് വിദഗ്ധര്‍ (Environmental Economists) എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. സുസ്ഥിരവികസനത്തിനായി കൈക്കൊള്ളേണ്ട നടപടികള്‍ എന്തെല്ലാമാണെന്ന്‌ അവര്‍ നിര്‍ദേശിക്കാറുണ്ട്‌. പ്രസിദ്ധ പാരിസ്ഥിതിക സമ്പദ് വിദഗ്ധനായ ഹെര്‍മാന്‍ഡാലി സുസ്ഥിരവികസനത്തിനു കൈക്കൊള്ളേണ്ട നടപടികളായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കുന്നു.

  • ജനസംഖ്യ പരിമിതപ്പെടുത്തുക: ജനസംഖ്യാ പെരുപ്പംമൂലം ഉണ്ടാകുന്ന പ്രകൃതിവിഭവചൂഷണത്തിന്റെ സമ്മര്‍ദം കുറക്കാന്‍ ഇതു സഹായിക്കും.
  • നിവേശങ്ങള്‍ തീര്‍ത്തും ഫലപ്രദമാക്കുന്ന സാങ്കേതികവിദ്യ സ്വീകരിക്കുക.
  • പുതുക്കാവുന്ന വിഭവങ്ങള്‍ നിലനില്‍ക്കാനാവുന്ന വിധത്തില്‍ മാത്രം ചുഷണം ചെയ്യുക: അതായത്‌ പുതുക്കാവുന്ന വിഭവങ്ങളാണെങ്കിലും അവയുടെ പുനരുല്പാദനശേഷിയെ ലംഘിക്കൂന്ന ചൂഷണം പാടില്ലെന്നര്‍ത്ഥം.
  • പുതുക്കാനാകാത്ത വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക: പുതുക്കാവുന്ന ബദല്‍വിഭവങ്ങളുടെ സൃഷ്ടിയുടെ തോതിനേക്കാള്‍ താഴെ മാത്രമേ പുതുക്കാനാകാത്ത വിഭവങ്ങളുടെ ഉപയോഗം ഉണ്ടാകാവു.
  • മലിനീകരണം മൂലം കാര്യക്ഷമതയ്ക്കുണ്ടാക്കുന്ന ഹാനി നികത്തുക.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ക്ക്‌ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ കൂടുതല്‍ അംഗീകാരം നല്‍കിത്തുടങ്ങിയിട്ടുണ്ട്‌.

സുസ്ഥിരവികസനത്തിനുള്ള തന്ത്രങ്ങള്‍ (Strategies for Sustainable Development)

സുസ്ഥിരവികസനം സാധ്യമാകണമെങ്കില്‍ ചില തന്ത്രങ്ങള്‍ ബോധപൂര്‍വ്വം അംഗീകരിക്കേണ്ടതുണ്ട്‌. പാരിസ്ഥിതിക വിഭവങ്ങളുടെ ആവശ്യം പരിമിതപ്പെടുത്തിക്കൊണ്ട്‌ പാരിസ്ഥിതികശോഷണം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം ഈ തന്ത്രങ്ങള്‍. ഊര്‍ജ്ജത്തിന്‌ പാരമ്പര്യേതര ഉറവിടങ്ങള്‍ കണ്ടെത്തുക, പരമ്പരാഗതമായ അറിവുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ജൈവകൃഷി അവലംബിക്കുക തുടങ്ങിയവയാണ്‌ ഈ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങള്‍.

ഊര്‍ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തല്‍ (Use of Non – Conventional Sources of Energy)

താപവൈദ്യുതി, ജല വൈദ്യുതി എന്നിവ പോലുള്ള പരമ്പരാഗതമായ ഊര്‍ജ ഉറവിടങ്ങള്‍ പരിസ്ഥിതിക്ക്‌ വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്‌.

  • കല്‍ക്കരിയോ മറ്റോ കത്തിച്ച്‌ ഉല്പാദിപ്പിക്കുന്ന ഒന്നാണ്‌ താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങള്‍ വളരെയധികം കാര്‍ബണ്‍ ഡയോക്സൈഡ്‌ അത്തരീക്ഷത്തിലേക്ക്‌ വിസര്‍ജ്ജിക്കുന്നുണ്ട്‌. ഇതൊരു ഹരിതഗൃഹവാതകമാണ്‌. ആഗോളതാപനം വര്‍ധിക്കാന്‍ ഇത്‌ കാരണമാകുന്നു.
  • ജലവൈദ്യുതോല്പാദനത്തിന്‌ വന പ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കണം, ഇത്‌ വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനടിയിലാകുന്നതിനും കാരണമാകും. സുസ്ഥിരവികസനം സാധിക്കണമെങ്കില്‍ ഊര്‍ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടതുണ്ട്‌.

ഗ്രാമപ്രദേശങ്ങളില്‍ ഗോബര്‍ ഗ്യാസും എല്‍.പി. ജിയും (L. P. G, Gobar Gas in Rural Areas)

ഗാമപ്രദേശങ്ങളില്‍ വിറക്‌, ഉണക്ക ചാണകം തുടങ്ങിയ ഇന്ധനങ്ങളാണ്‌ ഉപയോഗിച്ചു വരുന്നത്‌. ഇത്തരം ഇന്ധനങ്ങള്‍ ഊര്‍ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലിനീകരണത്തിനും കാരണമാകുന്നു. സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന്‌ ഗ്രാമപ്രദേശങ്ങളില്‍ ഗോബര്‍ ഗ്യാസിന്റേയും എല്‍. പി.ജിയുടേയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കലാണ്‌.

LPG

ഈര്‍ജ്ജക്ഷമതയുള്ള, ശുദ്ധമായ ഒരു ഇന്ധനമാണ്‌ എല്‍.പി.ജി. (Liquified (ലിക്വിഫൈഡ്‌) പെട്രോളിയം ഗ്യാസ്‌).

gobar gas plant

ചാണകം ഉപയോഗിച്ച്‌ ഉല്പാദിപ്പിക്കുന്ന ഗോബര്‍ ഗ്യാസ്‌ പുതുക്കാവുന്ന ഒരു ഉറവിടമാണ്‌. ഗ്യാസ്‌ ഉല്പാദനത്തിനുശേഷം ബാക്കി വരുന്ന “സ്ലറി” ഒന്നാന്തരമൊരു ജൈവവളവുമാണ്‌.

നഗരപ്രദേശങ്ങളില്‍ സി.എന്‍.ജി. (C. N. G in Urban Areas)

CNG

പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടിന്‌ ഇപ്പോള്‍ വലിയ തോതില്‍ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ്‌ CNG (Compressed Natural Gas). വായുമലിനീകരണം കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. ദല്‍ഹിയില്‍ ഇതിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്‌.

കാറ്റില്‍നിന്ന്‌ ഊര്‍ജം (Wind Energy)

Wind Energy

പുതുക്കാവുന്ന ഊര്‍ജങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ്‌ കാറ്റില്‍നിന്നുള്ള ഊര്‍ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിപ്പിക്കാവുന്ന ഊര്‍ജമാണിത്‌. ഇന്ത്യയില്‍ കാറ്റില്‍നിന്ന്‌ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനു പുറമെ, കാറ്റില്‍നിന്ന്‌ ഊര്‍ജം ഉല്പാദിപ്പിക്കാനുള്ള ടര്‍ബൈന്‍ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ്‌ ഇന്ത്യ. പരിസ്ഥിതിയുമായി ഇണങ്ങിപ്പോകുന്ന ഊര്‍ജോല്‍പാദനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌.

സൗരോര്‍ജം (Solar Energy)

Solar Energy

ഊര്‍ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ്‌ സൂര്യന്‍. ഉഷ്ണമേഖലാരാജ്യമായ ഇന്ത്യയില്‍ വെയില്‍ സുലഭമാണ്‌. ഈ വെയില്‍ സൗരോര്‍ജമായി രൂപാന്തരപ്പെടുത്താന്‍ കഴിയുന്നപക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചുചാട്ടമാകും അത്‌. സൗരോര്‍ജം ഫോട്ടോ വോള്‍ട്ടായിക്‌ സെല്ലുകളില്‍ സംഭരിക്കാം. പാചകം, വെള്ളം ചൂടാക്കല്‍, വിളക്ക്‌ കത്തിക്കല്‍ എന്നിവയ്ക്കെല്ലാം സൗരോര്‍ജം ഉപയോഗിക്കാവുന്നതാണ്‌. പുതുക്കാവുന്നതും യതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്തതുമാണ്‌ സൗരോര്‍ജം.

മിനി ജലവൈദ്യുത പദ്ധതികള്‍ (Mini – Hydel Projects)

Mini-Hydel Projects

വന്‍കിട അണക്കെട്ടുകളില്‍ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ്‌ ഊര്‍ജത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടം. പക്ഷെ വന്‍കിട അണക്കെട്ടുകള്‍ കാടുകളെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരിസ്ഥിതിക സൌഹൃദം പുലര്‍ത്തുന്ന ഒന്നല്ല അത്‌. ഈ പ്രശ്നം പരിഹരിക്കാന്‍ മിനി ജലവൈദ്യുത പദ്ധതികള്‍ക്ക്‌ കഴിയും. ചെറിയ പുഴകളിലാണിത്‌ നിര്‍മ്മിക്കുക; ,പ്രാദേശികാവശ്യങ്ങള്‍ക്കു വേണ്ടത്ര വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഇവയ്ക്കു കഴിയും. പരിസ്ഥിതിക്കൊരു ക്ഷതവുമേല്പിക്കില്ലെന്നതാണ്‌ ഇത്തരം പദ്ധതികളുടെ മേന്മ. വന്‍കിട പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്‌ വളരെ ചെറിയ മൂലധനനിക്ഷേപമേ ആവശ്യമുള്ളൂ.

പരമ്പരാഗത അറിവുകളും പ്രയോഗങ്ങളും (Traditional Knowledge and Practices)

traditional knowledge

ആധുനികയുഗത്തിലെ വന്‍കിട വ്യവസായ വല്‍ക്കരണത്തിനുമുമ്പുള്ള കാലത്ത്‌ മനുഷ്യജീവിതം പാരിസ്ഥിതിക സൌഹൃദം പുലര്‍ത്തുന്ന ഒന്നായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും പരമ്പരാഗതമായ അറിവുകളാണ് ഉപയോഗപ്പെടുത്തി വന്നിരുന്നത്‌. ഉദാഹരണത്തിന്‌ ചികിത്സകള്‍ക്ക്‌ നാനാതരം സസ്യങ്ങള്‍ ഉപയോഗിച്ചുവന്നു. ഇന്ത്യയില്‍ ഔഷധഗുണമുള്ള 15000 ഇനം സസ്യങ്ങളുണ്ടെന്നാണ്‌ പറയുന്നത്‌. ചില പ്രത്യേക രോഗങ്ങള്‍ക്ക്‌ ഇവയില്‍ ചിലത്‌ വളരെ ഫലപ്രദമായി കാണുന്നുണ്ട്‌. ആയുര്‍വ്വേദത്തില്‍ തന്നെ പല ചികിത്സാരീതികളുണ്ട്. ഈ ചികിത്സാരീതികള്‍ സംബന്ധിച്ച പരമ്പരാഗതമായ അറിവുകള്‍ പ്രയോഗിക്കാതെയായാല്‍ അവ എന്നെന്നേക്കുമായി നഷ്ടപ്പെടും. അങ്ങനെ സംഭവിക്കാനിടവരാതെ നോക്കേണ്ടതുണ്ട്‌.

ഈ അടുത്ത കാലത്ത്‌ ചില പാരമ്പര്യരീതികള്‍ പുനരുദ്ധരിക്കപ്പെട്ടിടുണ്ട്‌. ഉദാഹരണത്തിന്‌ സോപ്പ്‌, ഷാംപു, ക്രീം തുടങ്ങിയവയുടെ ഉല്പാദനത്തിന്‌ പലവിധ ഔഷധസസ്യങ്ങളും ഉപയോഗിച്ചുവരുന്നു.

ജൈവകൃഷി (Organic Farming)

organic farming

അത്യുല്പാദനശേഷിയുള്ള വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ജലസേചനം എന്നിവ ആധാരമാക്കിയുള്ള പുതിയ കാര്‍ഷികതന്ത്രമാണ്‌ ഹരിതവിപ്ലവത്തിന്ന്‌ ഹരിശ്രീ കുറിച്ചത്‌. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഹരിതവിപ്ലവം പ്രധാന നാഴികക്കല്ലായിരുന്നുവെന്നതില്‍ സംശയമില്ല. ഭക്ഷ്യ ധാന്യകാര്യത്തില്‍ നമുക്ക്‌ സ്വയംപര്യാപ്തതയുളവാക്കിയത്‌ അതാണ്‌. പക്ഷെ പാരിസ്ഥിതിക തലത്തില്‍ അത്‌ പല പ്രത്യാഘാതങ്ങളും ഉളവാക്കിയെന്നുകുടി പറയേണ്ടതുണ്ട്‌. രാസവളത്തിന്റേയും കീടനാശിനിയുട്രേയും വ്യാപകമായ ഉപയോഗം മണ്ണിനെ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളില്‍ വിഷാംശം കലര്‍ന്നു. തോട്‌, പുഴ, കുളം എന്നീ ജലസംഭരണികള്‍ മാത്രമല്ല, ഭൂഗര്‍ഭജലം പോലും വിഷമയമായി. രാസവളവും കീട നാശിനികളും നിയന്ത്രണമില്ലാതെ ഉപയോഗിച്ചുവന്നതിനാല്‍ കൃഷി സുസ്ഥിരമല്ലാതായി. ഈ സാഹചര്യത്തിലാണ്‌ ഒരു സുസ്ഥിരബദലായി ജൈവകൃഷി ആരംഭിച്ചത്‌. ജൈവകൃഷിയിലെ രണ്ടു പ്രധാന ഘടകങ്ങള്‍-

  1. ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്‌
  2. ജൈവവസ്തുക്കള്‍കൊണ്ടുള്ള കീടനിയന്ത്രണം
ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ്‌ ജൈവ കമ്പോസ്റ്റ്‌. ചാണകം, കോഴിക്കാഷ്ഠം, പച്ചിലകള്‍ എന്നിവ നല്ല ജൈവവളങ്ങളാണ്‌. ജൈവ കമ്പോസ്റ്റ്‌ ഉപയോഗിച്ച്‌ ഉല്പാദിപ്പിക്കുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക്‌ രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാര്‍ഷികോല്പന്നങ്ങളേക്കാള്‍ ഗൂണമേന്മ കൂടുതലുണ്ടാകും.

രാസവളത്തിനു പകരം ജൈവവളം ഉപയോഗിക്കുന്നതുപോലെ, രാസകീടനാശിനികള്‍ക്ക്‌ പകരം ജൈവകീടനാശിനികളും ഉപയോഗിക്കാം. പല സസ്യങ്ങളും ഉപയോഗിച്ച്‌ കീടനാശിനികള്‍ നിര്‍മ്മിക്കാന്‍ കഴിയും. വേപ്പ്‌, പുകയില എന്നിവ നല്ല ജൈവകീടനാശിനികളാണ്‌. പലതരം വിളകള്‍ ഉള്‍പ്പെടുത്തിയ സമ്മിശ്രകൃഷി, വിളകള്‍ മാറി മാറി കൃഷി ചെയ്യുന്നരീതി എന്നിവ കീട നിയന്ത്രണത്തിന്‌ ഫലപ്രദമാണ്‌. കൃഷിയിടത്തില്‍ പലതരം പക്ഷികളും ജീവികളുമുണ്ടെങ്കില്‍, അവയും കീടനിയന്ത്രണത്തിന്‌ സഹായകമാകും. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ്‌ കീടങ്ങള്‍. എലികളെ പിടിക്കുന്ന പാമ്പുകള്‍ കര്‍ഷകന്റെ മിത്രമാണ്‌. പ്രകൃതിയെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തിയാല്‍, അതുതന്നെ കര്‍ഷകന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. ഭാഗ്യവശാല്‍, കാര്‍ഷിക പ്രശ്നങ്ങള്‍ക്കുള്ള പ്രകൃതിദത്തമായ പരിഹാരങ്ങളെക്കുറിച്ചുള്ള അവബോധം കര്‍ഷകര്‍ക്കിടയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌.

നിലനില്‍ക്കാത്ത വികസനവും പാരിസ്ഥിതികമായ ക്ഷയവും ലോകമനസ്സാക്ഷിയെ തട്ടിയുണര്‍ത്തിയിട്ടുണ്ട്‌. ഇന്ന്‌ സുസ്ഥിരവികസനമെന്നത്‌ ഒരു മന്ത്രമായിത്തീര്‍ന്നിരിക്കുന്നു. പല രാജ്യങ്ങളിലും നാനാതരം സുസ്ഥിരവികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്‌. എന്നാല്‍ നമുക്കിനിയും വളരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

സമാപനം (Conclusion)

ആധുനിക വ്യാവസായികസംവിധാനത്തിന്‌ ജന്മം നല്‍കിയത്‌ വ്യവസായ വിപ്ലവമാണ്‌. നാനാതരം വ്യാവസായികോല്പന്നങ്ങളും സേവനങ്ങളും നാം ഇന്ന്‌ ഉപയോഗിച്ചുവരുന്നു. ഇവ നമ്മുടെ ജീവിത നിലവാരം ഉയര്‍ത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. പക്ഷെ അതിന്‌ അതിന്റേതായ ദോഷങ്ങളുമുണ്ട്‌. അനിയന്ത്രിതമായ വ്യവസായവല്‍ക്കരണവും മതിയും കൊതിയും തീരാത്ത ജീവിതശൈലിയും പരിസ്ഥിതിക്ക്‌ കനത്ത ആഘാതമേല്പിക്കുന്നു. മാനവ നാഗരികത നിലനില്‍ക്കണമെങ്കില്‍ സുസ്ഥിരവികസന തന്ത്രങ്ങളെ നാം അവലംബിച്ചേ തീരു.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *